കള്ളപ്പണപ്പട്ടികയില്‍ മെസ്സിയും പ്ലാറ്റീനിയും


പാരിസ്: ‘പാനമ പേപ്പേഴ്സ്’ കള്ളപ്പണത്തിന്‍െറ കണക്കുകളില്‍ കായികലോകത്തെ താരബിംബങ്ങളും. ബാഴ്സലോണയുടെ അര്‍ജന്‍റീന ഇതിഹാസം ലയണല്‍ മെസ്സി, മുന്‍ യുവേഫ പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റീനി എന്നിവരടക്കം ബ്രസീല്‍, ഉറുഗ്വായ്, ബ്രിട്ടന്‍, തുര്‍ക്കി, സെര്‍ബിയ, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഫുട്ബാളര്‍മാരുടെയും സംഘാടകരുടെയും കള്ളപ്പണ ഇടപാടുകളും പുറത്തുവിട്ടവയില്‍ ഉള്‍പ്പെടുന്നു.
നികുതി വെട്ടിപ്പിന്‍െറ പേരില്‍ മെസ്സിയും ഏജന്‍റ് കൂടിയായ പിതാവ് ജോര്‍ജ് മെസ്സിയും സ്പെയിനില്‍ നിയമനടപടി നേരിടുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. ഇരുവരും ഉടമസ്ഥരായുള്ള മെഗാ സ്റ്റാര്‍ എന്‍റര്‍പ്രൈസസ് എന്ന കമ്പനിയിലാണ് കോടികള്‍ നിക്ഷേപം നടന്നത്. സ്പെയിനില്‍ നിലവിലുള്ള നികുതിവെട്ടിപ്പ് കേസില്‍ പരാമര്‍ശിക്കാത്ത സ്ഥാപനമാണിത്.
ഫിഫയില്‍നിന്ന് സസ്പെന്‍ഷനിലായ മുന്‍ ഫ്രഞ്ച് ഫുട്ബാളര്‍ മിഷേല്‍ പ്ളാറ്റീനിയാണ് മറ്റൊരു പ്രമുഖന്‍. യുവേഫ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട 2007ലാണ് പ്ളാറ്റീനി ‘മൊസാക് ഫൊന്‍സെക’യെ ക ള്ളപ്പണ നിക്ഷേപത്തിന് വഴിയൊരുക്കാന്‍ സമീപിച്ചത്. ഇപ്പോഴും സജീവമായി രംഗത്തുള്ള ബ്ളാനി എന്‍റര്‍പ്രൈസസിന്‍െറ പൂര്‍ണ ഉടമസ്ഥത പ്ളാറ്റീനിക്കാണ്.  അഴിമതിക്കേസില്‍ അമേരിക്കയില്‍ നിയമനടപടി നേരിടുന്ന മുന്‍ ഫിഫ വൈസ് പ്രസിഡന്‍റ് യൂജിനോ ഫിഗ്വേര്‍ഡോ, ഫിഫ എത്തിക്സ് കമ്മിറ്റിയിലെ യുവാന്‍ പെഡ്രോ ഡാമിയാനി എന്നിവരുടെ കോടികളുടെ അവിഹിത ഇടപാടുകളും പുറത്തുവിട്ടു. അതേസമയം, എത്തിക്സ് കമ്മിറ്റി അംഗങ്ങളുടെ ഇടപാടിനെക്കുറിച്ച് ഫിഫ അന്വേഷണവും പ്രഖ്യാപിച്ചു.
ലെസ്റ്റര്‍ സിറ്റി താരം ലിയനാര്‍ഡോ ഉലോവ, മാഞ്ചസ്റ്ററിനും റയലിനും കളിച്ച അര്‍ജന്‍റീനക്കാരന്‍ ഗബ്രിയേല്‍ ഇവാന്‍ ഹെയിന്‍സ്, മുന്‍ ചിലി താരം ഇവാന്‍ സമറാനോ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.