ബെർലിൻ: ഒന്നുകിൽ മരണം, അല്ലെങ്കിൽ പക്ഷാഘാതം എന്ന് വിധിച്ചിടത്തുനിന്ന് അപകടത്തിെൻറ 101ാം ദിവസം മൈതാനത്തിറങ്ങി 90 മിനിറ്റും കളിച്ച് വിസ്മയിപ്പിച്ച് റഫേൽ സിഷോസ്. കഴിഞ്ഞദിവസം ജർമൻ ബുണ്ടസ്ലിഗയിൽ എഫ്.സി കൊളോണും ലിപ്സിഷും ഏറ്റുമുട്ടിയപ്പോഴായിരുന്നു ഈ അവിശ്വസനീയ തിരിച്ചുവരവ്.
കൊളോൺ പ്രതിരോധതാരമായ സിഷോസിന് ഫെബ്രുവരി 22ന് ഹെർത ബെർലിനെ നേരിടുന്നതിനിടെയാണ് പരിക്കേറ്റത്. ഉയർന്നുചാടി പന്തെടുക്കാനുള്ള ശ്രമത്തിനിടെ എതിർ ടീം അംഗവുമായി കൂട്ടിയിടിച്ച് വീണ സിഷോസ് അബോധാവസ്ഥയിൽ കിടന്നത് ഏഴു ദിവസം. ഗ്രൗണ്ടിൽനിന്ന് നേരിട്ട് ആശുപത്രിയിലെത്തിച്ച താരത്തെ 10 ശസ്ത്രക്രിയകൾക്കെങ്കിലും വിധേയമാക്കി.
കഴുത്തെല്ല് തകർന്നനിലയിൽ തിരിച്ചുവരവ് സാധ്യമല്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ രക്ഷപ്പെട്ടാൽതന്നെ ഇനിയുള്ള ജീവിതം വീൽചെയറിൽ എന്നുറപ്പിച്ചു. എന്നാൽ, വൈദ്യശാസ്ത്രത്തെയും വിസ്മയിപ്പിച്ചാണ് സിഷോസ് ചൊവ്വാഴ്ച കളത്തിൽ തിരിച്ചെത്തിയത്. ‘അദ്ദേഹം മഹാഭാഗ്യവാനാണ്. സമാനമായി പരിക്കേറ്റ നിരവധി കായികതാരങ്ങൾ ശരീരം തളർന്ന് ജീവിക്കുന്നിടത്താണ് ഈ തിരിച്ചുവരവ്’ -സിഷോസിനെ പരിശോധിച്ച ഡോക്ടർ പീർ എയ്സലിെൻറ പ്രതികരണമാണിത്.
‘ഈ കളിയുടെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു സിഷോസിെൻറ തിരിച്ചുവരവ്. ജോലി അവൻ ഭംഗിയായി ചെയ്തു’ -കൊളോൺ കോച്ച് മാർക്കസ് ഗിസ്ഡോൾ പറയുന്നു. മത്സരത്തിൽ കൊളോൺ 4-2ന് തോൽവി വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.