മുംബൈ: സ്പാനിഷ് ഫുട്ബാൾ ക്ലബ് റയൽ മഡ്രിഡിെൻറ കടുത്ത ആരാധകനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയെന്ന കാര്യം പരസ്യമാണ്. റയലിനോടുള്ള ആരാധന മുത്ത് ഇൗയടുത്ത് നടന്ന റയലും ബാഴ്സലോണയും തമ്മിലുള്ള ‘എൽക്ലാസികോ’ കാണാൻ വേണ്ടി താരം സ്പെയിനിലേക്ക് പറന്നിരുന്നു. ഇപ്പോൾ റയലിെൻറ മുൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫുട്ബാളിലെ രാജാവെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് രോഹിത്. ബംഗ്ലാദേശ് ഓപണിങ് ബാറ്റ്സ്മാൻ തമീം ഇഖ്ബാലുമായി നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റ്ഷോക്കിടെയിലാണ് തെൻറ റൊണാൾഡോ ആരാധന ഹിറ്റ്മാൻ തുറന്നുപറഞ്ഞത്.
റൊണാൾഡോയെക്കുറിച്ച് ചോദിച്ചപ്പോൾ രോഹിത് വാചാലനായി ‘ആരാണ് റൊണാൾഡോയെ ഇഷടപ്പെടാത്തത്. അദ്ദേഹം രാജാവാണ്. തെൻറ കരിയറിൽ അദ്ദേഹം എത്തിപ്പിടിച്ചതെല്ലാം അതുല്യമാണ്. അദ്ദേഹത്തിെൻറ നേട്ടങ്ങളെ നാം അഭിനന്ദിച്ചേ മതിയാകൂ’ രോഹിത് പറഞ്ഞു.
‘അത്തരമൊരു സാഹചര്യത്തിൽ നിന്നും ഉയർന്നുവരികയെന്നത് എളുപ്പമുള്ള കാര്യമല്ല. തുടക്ക കാലത്ത് റെണാൾഡോയുടെ പാത അത്യന്തം ദുഷ്കരമായിരുന്നു. കരിയറിെൻറ തുടക്കത്തിൽ കഷ്ടപ്പാടനുഭവിക്കുകയും അതിെൻറ അവസാനത്തിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്ത് വലിയ നേട്ടങ്ങൾ സാധ്യമാക്കുകയും ചെയ്ത ആളുകളെ ഞാനെന്നും അഭിനന്ദിക്കും’- രോഹിത് കൂട്ടിച്ചേർത്തു. നേരത്തെ മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സണുമായി നടത്തിയ സംഭാഷണത്തിനിടെ അർജൻറീന നായകൻ ലയണൽ മെസിയേക്കാൾ മികച്ച താരമായി റെണാൾഡോയെ ഹിറ്റ്മാൻ തെരഞ്ഞെടുത്തിരുന്നു.
2003ൽ പോർചുഗീസ് ക്ലബായ സ്പോർടിങ് ലിസ്ബണിൽ നിന്ന് ഒരുകൗമാരക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ തുകക്ക് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുനൈറ്റഡിൽ എത്തിയ അന്ന് മുതൽ ഫുട്ബാൾ ലോകത്തെ വിസ്മയിപ്പിക്കാൻ തുടങ്ങിയതാണ് ക്രിസ്റ്റ്യാനോ.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള പുരസ്കാരം അഞ്ചുതവണ സ്വന്തമാക്കിയ റൊണാൾഡോ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ ഏക താരം കൂടിയാണ്. 2018ൽ റയലിനോടൊപ്പം വൻകര കീഴടക്കിയ ശേഷം ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവൻറസിലേക്ക് കൂടുമാറിയിരിക്കുകയാണ് താരം. കരിയറിൽ മൂന്ന് പ്രീമിയർ ലീഗ്, രണ്ട് ലാലിഗ, ഒരു സീരി ‘എ’ കിരീടവും പോർചുഗീസ് താരം സ്വന്തമാക്കി.
ദേശീയ ജഴ്സിയിലും മിന്നിത്തിളങ്ങുന്ന താരം ഇതുവരെ 99 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്. ഇറാെൻറ ഇതിഹാസ താരം അലി ദായി (109 ഗോൾ) മാത്രമാണ് എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ സൂപ്പർ താരത്തിന് മുന്നിലുള്ളത്. ഈ സീസണിൽ സീരി എയിൽ മികച്ച ഗോൾവേട്ടക്കാരനായാൽ പ്രീമിയർ ലീഗ്, ലാലിഗ, സീരി എ എന്നീ മൂന്ന് ലീഗുകളിലും ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാനും താരത്തിനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.