കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീമിെൻറ ഉടമസ്ഥതയിൽനിന്ന് സചിൻ ടെണ്ടുൽകർ പിന്മാറി. കൈവശമുണ്ടായിരുന്ന 20 ശതമാനം ഓഹരികൾ വിറ്റതായി സചിൻ തന്നെയാണ് അറിയിച്ചത്. ടീമിെൻറ 80 ശതമാനം ഓഹരികൾ കൈവശമുള്ള ഐ ക്വസ്റ്റ്, സിനിമതാരം ചിരഞ്ജീവി, നിർമാതാവ് അല്ലു അരവിന്ദ് എന്നിവരുൾപ്പെടുന്ന ഗ്രൂപ്പാണ് സചിെൻറ ഓഹരി കൂടി സ്വന്തമാക്കിയത്. അഞ്ചാം സീസണിന് പന്തുരുളാൻ ദിവസങ്ങൾ ശേഷിക്കെയാണ് സചിെൻറ പിന്മാറ്റം. അതേസമയം, സചിെൻറ ഓഹരി ഉൾപ്പെടെ ലുലു ഗ്രൂപ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ ടീം മാനേജ്മെൻറ് തള്ളി.
2014ലെ ഐ.എസ്.എൽ ആദ്യ സീസൺ മുതൽ സചിന് ഒാഹരിയുണ്ടായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. കേരളത്തോടുള്ള സചിെൻറ സ്നേഹവും മാസ്റ്റർ ബ്ലാസ്റ്റർ എന്ന വിളിപ്പേരിെൻറ ഭാഗവും കടംകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന് ടീമിന് പേരുനൽകിയത്.
ബ്രസീൽ ടീമിനെ ഓർമിപ്പിക്കുന്ന മഞ്ഞ ജഴ്സിക്കൊപ്പം മഞ്ഞയിൽ കളിച്ചാടൂ എന്ന ടാഗ്ലൈനുമായാണ് സചിൻ ടീമിനെ അവതരിപ്പിച്ചത്. ടീമിെൻറ 40 ശതമാനം ഓഹരി സചിനും 60 ശതമാനം പ്രസാദ് പോട്ട്ലുരിയുടെ പി.വി.പി വെഞ്ച്വേഴ്സിനുമായിരുന്നു. 2015ൽ പി.വി.പി വെഞ്ച്വേഴ്സ് ഓഹരികൾ വിറ്റു. തുടർന്ന് സചിെൻറ 20 ശതമാനം ഉൾപ്പെടെ 80 ശതമാനം ഓഹരികൾ നിമ്മഗഡ പ്രസാദ്, നാഗാർജുന, ചിരഞ്ജീവി, നിര്‍മാതാവ് അല്ലു അരവിന്ദ് എന്നിവർ വാങ്ങുകയായിരുന്നു.
അതേസമയം, സചിെൻറ ഓഹരി ഉൾപ്പെടെ എം.എ. യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ് ഏറ്റെടുക്കുമെന്ന വാർത്തകൾ ടീം മാനേജ്മെൻറ് തള്ളി. സചിന് നല്കിയ പിന്തുണക്കു നന്ദിയറിയിച്ച ടീം മാനേജ്മെൻറ് ഓഹരി മറ്റാര്‍ക്കും നല്‍കുന്നില്ലെന്നും വ്യക്തമാക്കി. നേരത്തേ, സചിൻ വിറ്റ ഓഹരികൾ ലുലു ഗ്രൂപ് വാങ്ങുമെന്ന് വാർത്തകൾ വന്നിരുന്നു.
ഹൃദയത്തിൽ എന്നും ബ്ലാസ്റ്റേഴ്സ്; പിന്തുണയുമായി കൂടെയുണ്ടാകും –സചിൻ
കൊച്ചി: ഓഹരികള്‍ കൈമാറിയെങ്കിലും മഞ്ഞപ്പടക്കു പിന്തുണയുമായി കൂടെയുണ്ടാകുമെന്ന് സചിന് ടെണ്ടുൽകർ. ഓഹരി വിറ്റതുമായി ബന്ധപ്പെട്ട വിശദീകരണക്കുറിപ്പിലാണ് സചിെൻറ ഉറപ്പ്. പ്രകടനത്തില്‍ ടീം ഇപ്പോള്‍ മികച്ച നിലയിലാണ്. ആരാധകരുടെ പിന്തുണയോടെ മികച്ച വിജയങ്ങള്‍ നേടി ഇനിയും മുന്നേറാനുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് എനിക്കേറെ അഭിമാനമുണ്ട്. എെൻറ ഹൃദയത്തില്‍ ടീമിനെപ്പോഴും സ്ഥാനമുണ്ടായിരിക്കും. നാലു വര്‍ഷമായി ബ്ലാസ്റ്റേഴ്സ് ജീവിതത്തിെൻറ അവിഭാജ്യ ഭാഗമാണ്.
ടീമിെൻറ ലക്ഷക്കണക്കിന് ആരാധകരുടെ എല്ലാ വികാരങ്ങളിലൂടെ ഞാനും കടന്നുപോയിരുന്നു. ബ്ലാസ്റ്റേഴ്സുമായുള്ള കൂട്ടുകെട്ട് കളിയോടുള്ള അഭിനിവേശം വീണ്ടും ജ്വലിപ്പിക്കാന്‍ സഹായിച്ചു. കേരളത്തിെൻറ കഴിവ് ദേശീയ തലത്തിലേക്കെത്തിക്കുന്നതിൽ എനിക്കും ഭാഗമാകാന്‍ കഴിഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തേക്കോ അതിനപ്പുറത്തേക്കോ ടീമിനെ സജ്ജമാക്കേണ്ടത് ആവശ്യമാണ്. അക്കാര്യം ടീമംഗങ്ങളുമായും സഹ ഉടമസ്ഥരുമായും ചർച്ചചെയ്തശേഷമാണ് പിന്മാറാൻ തീരുമാനിച്ചതെന്നും സചിൻ വ്യക്തമാക്കി.
സചിന് നന്ദിയറിയിച്ച് മഞ്ഞപ്പട
സചിൻ ടെണ്ടുൽകർക്ക് നന്ദിയറിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. കേരള ഫുട്ബാളിന് നല്കിയ സേവനങ്ങള്‍ക്ക് സചിനു നന്ദി പറയുന്നു. നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ എന്നുമുണ്ടാകും. സചിെൻറ തീരുമാനത്തെ ബഹുമാനിച്ച് മുന്നോട്ടുപോകും. എല്ലാ സംരംഭങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. കേരള ഫുട്ബാളിന് നല്കിയ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതിനൊപ്പം ബ്ലാസ്റ്റേഴ്സിെൻറ അംബാസഡറായി തുടരണമെന്ന് അഭ്യര്‍ഥിക്കുന്നതായി മഞ്ഞപ്പട ആരാധകസംഘം ഫേസ്ബുക്കില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.