പെഗസസ്​ വാങ്ങിയത് 200 കോടി ഡോളറിന്‍റെ ഇസ്രായേൽ ആയുധ ഇടപാടിന്‍റെ ഭാഗമെന്ന്​ വെളിപ്പെടുത്തൽ

ന്യൂഡൽഹി: പെഗസസ്​ ചാരവൃത്തിക്കേസിൽ മോദി സർക്കാറിനെ വീണ്ടും കുരുക്കി പുതിയ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദി 2017ൽ നടത്തിയ ഇസ്രായേൽ സന്ദർശനത്തിനൊപ്പം തീരുമാനിച്ച 200 കോടി ഡോളറിന്‍റെ ആയുധ ഇടപാടിൽ ഉൾപ്പെടുത്തി ചാര ഉപകരണമായ പെഗസസ്​ വാങ്ങിയെന്ന്​ 'ന്യൂയോർക്ക്​ ടൈംസ്​' റിപ്പോർട്ട്​ ചെയ്​തു. ഒരു വർഷം നീണ്ട അന്വേഷണത്തിനു​ ശേഷമാണ്​ ന്യൂയോർക്ക്​ ടൈംസ്​ വാർത്ത പ്രസിദ്ധീകരിച്ചത്​. പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസസ്​ ഇടപാടിൽ നേരിട്ട്​ പങ്കാളിയാണെന്ന്​ വിശദീകരിക്കുന്നതാണ്​ റിപ്പോർട്ട്​.

2017 ജൂലൈയിലാണ്​ മോദി ഇസ്രായേൽ സന്ദർശിച്ചത്​. ഫലസ്തീൻ ജനതയോട്​ ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ തന്നെയാണ്​ അന്നാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേലിൽ എത്തിയതെന്ന്​ ന്യൂയോർക്ക്​ ടൈംസ്​ ചൂണ്ടിക്കാട്ടി.

മോദിയുടെ സന്ദർശനത്തിനൊപ്പമാണ്​ മിസൈലും പെഗസസും അടക്കമുള്ള ആയുധ ഇടപാടിന്​ തീരുമാനിച്ചത്​. മാസങ്ങൾക്കു​ ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലേക്കും അപൂർവ സന്ദർശനം നടത്തി. 2019ൽ ഫലസ്തീൻ മനുഷ്യാവകാശ സംഘടനക്ക്​ നിരീക്ഷക പദവി നിഷേധിക്കുന്നതിന്​ ഇസ്രായേലിനെ ഇന്ത്യ യു.എൻ സാമ്പത്തിക-സാമൂഹിക സമിതിയിൽ പിന്തുണച്ചതും റിപ്പോർട്ടിൽ എടുത്തു പറഞ്ഞു.

അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ്​ ഇൻവെസ്റ്റിഗേഷൻ നേരത്തെ പെഗസസ്​ വാങ്ങി വർഷങ്ങളോളം പരീക്ഷിച്ച കാര്യവും റിപ്പോർട്ടിലുണ്ട്​. ആഭ്യന്തര നിരീക്ഷണത്തിന്​ ഉപയോഗിക്കാൻ വേണ്ടിയായിരുന്നു ഇത്​. എന്നാൽ പെഗസസ്​ ഉപയോഗിക്കേണ്ടതില്ലെന്ന്​ കഴിഞ്ഞ വർഷം എഫ്​.ബി.ഐ തീരുമാനിച്ചു.

ഇ​സ്രായേലിൽ നിന്ന്​ കിട്ടിയ ചാര ഉപകരണം കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി അടക്കം രാഷ്ട്രീയ പ്രതിയോഗികളെയും സുപ്രീംകോടതി ജഡ്ജിമാരെയും 40ഓളം മാധ്യമ പ്രവർത്തകരെയും തെരഞ്ഞെടുപ്പു കമീഷൻ അംഗങ്ങളെയും മറ്റും നിരീക്ഷിക്കാനും വിവരം ചോർത്താനും ഉപയോഗിച്ചുവെന്ന ആരോപണത്തിനു നടുവിലാണ്​ മോദിസർക്കാർ.

ഇന്ത്യ പെഗസസ്​ വാങ്ങിയതായി മോദിസർക്കാറോ ഇസ്രായേൽ ഭരണകൂടമോ ഇതുവരെ സമ്മതിച്ചിട്ടില്ല. പെഗസസ്​ ദുരുപയോഗിച്ചിട്ടില്ലെന്നല്ലാതെ, വാങ്ങിയിട്ടില്ലെന്ന്​ സർക്കാർ സുപ്രീംകോടതിലോ പാർലമെന്‍റിലോ പറഞ്ഞിട്ടില്ല. സർക്കാറിന്‍റെ ചാരവൃത്തിയെക്കുറിച്ച്​ വിശദാന്വേഷണത്തിന്​ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ വിദഗ്​ധ സമിതി തെളിവു ശേഖരണം നടത്തി വരുന്നതിനിടയിലാണ്​ പുതിയ റിപ്പോർട്ട്​. 

Tags:    
News Summary - India Bought Pegasus as Part of Larger 2 Billion Dollar Deal with Israel in 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.