ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരാഴ്ചത്തെ യു.എ.ഇ സന്ദർശനം അവസാനിക്കുമ്പോൾ ബാക്കിനിൽക്കുന്നത് നേട്ടങ്ങൾ മാത്രം. കേരളവും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. യു.എ.ഇയിലെ വ്യാപാര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പ്രമുഖരുമായി ചർച്ച നടത്തിയതിലൂടെ കേരളത്തിലേക്ക് നിരവധി നിക്ഷേപകരെ ക്ഷണിക്കാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു. ശനിയാഴ്ച നടന്ന ഇൻവസ്റ്റേഴ്സ് മീറ്റ് ഇതിന്റെ ഉദാഹരണമായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യവും കേരളത്തിന് ഗുണം ചെയ്യും.
അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞാണ് മുഖ്യമന്ത്രി നേരെ യു.എ.ഇയിൽ എത്തിയത്. സാധാരണ ഇവിടെ എത്തിയാലും അധിക ദിവസം തങ്ങാറില്ല. എന്നാൽ, ഇക്കുറി ഒരാഴ്ചയോളം ദുബൈയിലും അബൂദബിയിലുമുണ്ടായിരുന്നു.
ചർച്ചകൾ പ്രധാനമായും യു.എ.ഇയിലെ വ്യാപാര പ്രമുഖരുമായിട്ടായിരുന്നു എന്നത് ശ്രദ്ദേയമാണ്. അബൂദബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യമാണ് ഇതിന് വഴിയൊരുക്കിയത്.
കേരളവും യു.എ.ഇയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി ചേംബർ ഓഫിസിലെത്തി പിണറായി വിജയൻ ചർച്ച നടത്തിയിരുന്നു. വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറയുന്ന മുറക്കായിരിക്കും സംഘം കേരളത്തിൽ എത്തുക. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം, ഇൻകെൽ മാനേജിങ് ഡയറക്ടർ ഡോ. ഇളങ്കോവൻ, ഒ.എസ്.ഡി മിർ മുഹമ്മദ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വ്യാപാര ചർച്ചകളിൽ സജീവമായിരുന്നു.
നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയുമായുള്ള ചർച്ചയായിരുന്നു മറ്റൊരു വ്യാപാര ചർച്ച.
ഇതിനിടയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുമായി എക്സ്പോയിൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയെ ക്ഷണിച്ച് ശൈഖ് മുഹമ്മദ് മലയാളത്തിൽ ട്വീറ്റ് ചെയ്തപ്പോൾ അറബിയിലാണ് പിണറായി മറുപടി അറിയിച്ചത്. അബൂദബി രാജകുടുംബാംഗവും യു.എ.ഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, ശൈഖ് നഹ്യാന്റെ മകനും യു.എ.ഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ ആൽ നഹ്യാൻ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
നിക്ഷേപകരെ ക്ഷണിച്ച് കേരളം എക്സ്പോയിൽ
എക്സ്പോയിലെ ഇന്ത്യൻ പവലിയനിലെ കേരളത്തിന്റെ പ്രദർശനങ്ങൾ കൂടുതൽ നിക്ഷേപകരെ കേരളത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികളും വ്യാപാരികളും സന്ദർശിക്കുന്ന എക്സ്പോയിൽ കേരളത്തെ അവതരിപ്പിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. കേരളത്തിന്റെ പ്രദർശനങ്ങളിൽ പ്രധാനമായും ടൂറിസം, ഐ.ടി മേഖലകളിലെ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിന്റെ സുപ്രധാന പദ്ധതികളും ഇവിടെയുള്ള എൽ.ഇ.ഡി സ്ക്രീനിൽ കാണാം. വിദേശ രാജ്യങ്ങളുടെ സർക്കാർ വകുപ്പുകളെയും സ്വകാര്യ കമ്പനികളെയും ഒരു പോലെ നിക്ഷേപത്തിന് ക്ഷണിക്കുകയാണ് കേരളം. സംസ്ഥാനത്തിന്റെ നിക്ഷേപ അവസരങ്ങൾ ലോകത്തിന് പരിചയപ്പെടുത്തുന്നുണ്ട് ഇവിടെ. കേരളത്തിലെ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐ.ടി, സ്റ്റാര്‍ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ചാണ് കേരളാവാരത്തിലെ പ്രധാന അവതരണം. ടൂറിസവുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾക്ക് കൊഴുപ്പേകാൻ മന്ത്രി മുഹമ്മദ് റിയാസ് അടുത്ത ദിവസം തന്നെ എക്സ്പോയിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.