ഷിംല: കഞ്ചാവ് കൃഷി നിയമപരമാക്കുന്നത് പഠിക്കാൻ എം.എൽ.എമാരുടെ അഞ്ചംഗ സമിതിയെ നിയോഗിച്ച് ഹിമാചൽ പ്രദേശ്. സമിതി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖുവിന്റെ നിർദേശപ്രകാരം സ്പീക്കർ കുൽദീപ് സിങ് പത്താനിയയാണ് സമിതിയെ നിയോഗിച്ചത്.
റവന്യൂ മന്ത്രി ജഗത് സിങ് നേഗി സമിതിയെ നയിക്കും. മുതിർന്ന പാർലമന്റെറി സെക്രട്ടറി സുന്ദർ സിങ്, എം.എൽ.എമാരായ ഹൻസ് രാജ്, പുരൻ ചന്ദ് താക്കൂർ, ജനക് രാജ് എന്നിവരാണ് മറ്റ് അംഗങ്ങൾ. കഞ്ചാവ് കൃഷിയുടെ ഉപയോഗം, ദുരുപയോഗം എന്നിവയെകുറിച്ച് വ്യക്തതയുള്ള റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കും.
ബി.ജെ.പി എം.എൽ.എ പുരൻ ചന്ദ് താക്കൂർ സമർപ്പിച്ച പ്രമേയം ചർച്ചചെയ്തതിലൂടെയാണ് സമിതിയെ നിയമിക്കാൻ തീരുമാനിച്ചത്. കഞ്ചാവിന്റെ ഇല, വിത്ത് എന്നിവയുടെ ഔഷധ ഉപയോഗം, ഗുണം എന്നിവ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിച്ച ശേഷം സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമേയ ചർച്ചയിൽ പറഞ്ഞിരുന്നു.
റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പായി സമിതി അനധികൃത കഞ്ചാവ് കൃഷി വ്യാപകമായ സ്ഥലങ്ങൾ സന്ദർശിക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ചില ജില്ലകളിൽ കഞ്ചാവ് കൃഷി ചെയ്യുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഉത്തരാഖഢിലും കഞ്ചാവ് കൃഷി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കഞ്ചാവ് കൃഷി നിയമപരമായാൽ ഗ്രാമങ്ങളുടെ സാമ്പത്തിക നിലയും സംസ്ഥാനത്തിന്റെ വരുമാനവും വർധിക്കുമെന്നാണ് പുരൻ ചന്ദ് താക്കൂർ എം.എൽ.എ പ്രതികരിച്ചത്. കഞ്ചാവ് കൃഷി നിയമവിധേയമാക്കണമെന്ന ആവശ്യം നേരത്തെയും ഉയർന്നിരുന്നു. ഔഷധ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതിന് അനുമതി നൽകണമെന്നായിരുന്നു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.