വൈദ്യരത്​നം ഇ.ടി നാരായണൻ മൂസ്​ അന്തരിച്ചു; വിട പറഞ്ഞത് ആയുര്‍വേദ ചികിത്സാരംഗത്തെ തേജസ്സ്

ഒല്ലൂര്‍: തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി നാരായണന്‍ മൂസ് (87) നിര്യാതനായി. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്‌. ആയുര്‍വേദ ചികിത്സാരംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്‍കി ആദരിച്ചിരുന്നു.

പെരുവനം ഗ്രാമത്തിലെ പ്രശസ്ത അഷ്ടവൈദ്യകുടുംബമായ ഒല്ലൂർ തൈക്കാട്ടുശേരി എളേടത്ത് തൈക്കാട്ടു മനയിൽ 1933 സെപ്റ്റംബർ 15ന് ഇ.ടി.നീലകണ്ഠൻ മൂസി​െൻറയും കുട്ടഞ്ചേരി ഇല്ലത്തെ ദേവകി അന്തർജ്ജനത്തിന്‍റെയും മകനായാണ്​ ജനനം. 1941ൽ വൈദ്യരത്‌നം ഔഷധശാല തുടങ്ങുന്ന കാലത്ത് ഇ.ടി.നാരായണൻ മൂസ്സിന് എട്ടു വയസ്സായിരുന്നു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി 'വൈദ്യരത്ന' ബഹുമതി നല്‍കി ആദരിച്ചു. അച്ഛന്‍ ഇ.ടി നീലകണ്ഠന്‍ മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു. ഇതിന്​ തുടർച്ചയെന്ന പോലെ 2010ല്‍ നാരായണന്‍ മൂസിന് പത്മഭൂഷണും ലഭിച്ചു.

വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളേജിന്‍റെയും ഒൗഷധശാലയുടേയും നഴ്സിംഗ് ഹോമി​െൻറയും ഗവേഷണകേന്ദ്രത്തി​േൻറയുമെല്ലാം സാരഥിയായ നാരായണൻമൂസ്, ആറു പതിറ്റാണ്ടുകൾ കൊണ്ട് വൈദ്യരത്നത്തി​െൻറ പ്രശസ്തിയ്ക്ക് വഴിയൊരുക്കി. 1954ലാണ് നാരായണന്‍ മൂസ് ചുമതലക്കാരനായത്. കലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂര്‍ വൈദ്യരത്ന ആയുര്‍വേദ കോളേജ്, നേഴ്സിങ് കോളേജ്, മൂന്ന് ഔഷധ നിര്‍മാണശാല, കേന്ദ്ര ആയുഷ് വകുപ്പി​ന്‍റെ സെൻറര്‍ ഓഫ് എക്സലന്‍സ് അംഗീകാരം നേടിയ ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണന്‍ മൂസ്.

1997 ൽ പ്രധാനമന്ത്രി വാജ്പേയിയിൽ നിന്ന് ആയുർവേദത്തിലെ സമഗ്രസംഭാവനയ്ക്കുളള സ്വദേശി പുരസ്കാരം, വിശിഷ്ടസേവനത്തെ ആധാരമാക്കി അക്ഷയപുരസ്കാരം, കേന്ദ്രസർക്കാരി​െൻറ ദേശീയ ആയുർവേദ വിദ്യാപീഠത്തി​െൻറ ചികിത്സാഗുരു, സംസ്ഥാനസർക്കാരിന്‍റെ ആചാര്യശ്രേഷ്ഠ, ചേംബർ ഒഫ് കോമേഴ്സ്, റോട്ടറി തുടങ്ങിയ ബഹുമതികളും ലഭിച്ചു. ഭാര്യ: വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തർജനം. മക്കൾ: ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്, ഇ.ടി.പരമേശ്വരൻ മൂസ്സ്, ഇ.ടി.ഷൈലജ. (മൂവരും വൈദ്യരത്നം ഡയറക്ടർമാർ). മരുമക്കൾ: ഹേമ, മിനി, ഭവദാസൻ നമ്പൂതിരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.