വിസർജ്യങ്ങളാൽ നിറഞ്ഞിരിക്കുന്നതിനാലാണ് ആ ഗ്രാമത്തിന് 'കക്കാനാട്' എന്ന പേര് വന്നത്. തമിഴിൽ കക്ക എന്നാൽ വിസർജ്യം എന്നാണ് അർഥം. തോട്ടിപ്പണി എന്നത് മഹത്തരമായി കരുതുന്ന ഭാവനാഭൂമിയാണ് കക്കാനാട്. രാജ്യത്തെ പ്രസിഡന്റിനെക്കാൾ ഒരു രൂപ അധിക ശമ്പളമാണ് തോട്ടികൾക്ക്. അവർ വന്നിറങ്ങുന്നത് നക്ഷത്രചിഹ്നമുള്ള കാറിൽ. പ്രസിഡന്റിന്റെ വസതിയിൽ 300 മുറികളുണ്ടെങ്കിൽ ഇവർക്ക് 301. പ്രസിഡന്റ് പദം അവസാനിക്കുന്ന വേളയിൽ തോട്ടിപ്പണിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന പ്രസിഡന്റുമാർ. പ്രശസ്ത തമിഴ് എഴുത്തുകാരൻ ആതവൻ ദീച്ചന്യയുടെ കക്കാനാട് കഥ കേട്ടാൽ ഒ.വി. വിജയന്റെ 'ധർമപുരാണം' ഓർമ വന്നേക്കും. ചിരിച്ചുതള്ളാനുള്ളതല്ല, അവർണരുടെ ദുരിതജീവിതത്തിന്റെ കൈയൊപ്പുകളാണ് ആതവന്റെ ഓരോ കഥകളും കവിതകളും. കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നതിലുപരി തമിഴ്നാട്ടിലെ അറിയപ്പെടുന്ന ദലിത് ആക്ടിവിസ്റ്റാണ് ആതവൻ ദീച്ചന്യ. ചേരി ജീവിതങ്ങളുെട ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം പറഞ്ഞ പാ. രഞ്ജിത്ത് സംവിധാനം ചെയ്ത 'കാലാ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് ഇദ്ദേഹം. തമിഴ്നാട് പ്രോഗ്രസിവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ, ഇറാഡിക്കേഷൻ ഓഫ് അൺടച്ചബിലിറ്റി ഫ്രണ്ട് എന്നീ സംഘടനകളുടെ മുന്നണിപ്പോരാളിയാണ് ആതവൻ. തൃശൂരിൽ ബഹുജനക്കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തിനെത്തിയ ആതവൻ 'മാധ്യമ'വുമായി നടത്തിയ സംഭാഷണം.
താങ്കളുടെ കഥയിലും കവിതയിലും നോവലിലും സാമൂഹിക ജീവിതത്തിലും നിറഞ്ഞുനിൽക്കുന്നത് ദലിതരുടെ പോരാട്ടമാണ്. താങ്കളറിഞ്ഞ സമൂഹത്തിലെ ദലിത് വിരുദ്ധതയെപ്പറ്റി പറയാമോ?
നമുക്ക് സ്വാതന്ത്ര്യം കിട്ടി വർഷമിത്ര പിന്നിട്ടെങ്കിലും ദലിതർക്ക് സാമൂഹികമായും സാമ്പത്തികമായും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. അതിനുവേണ്ടിയുള്ള ദലിതരുടെ പോരാട്ടം തുടർന്നുകൊണ്ടിരിക്കുന്നു. സമൂഹം മാറുന്നുണ്ടെങ്കിലും ഇന്ത്യയിൽ ദലിതന്റെ അവസ്ഥ ഏറെ മുന്നോട്ടുപോയിട്ടില്ല. തമിഴ്നാട്ടിൽ ദലിതുകൾ പ്രസിഡന്റായ പഞ്ചായത്തുകളിൽപോലും പതാക ഉയർത്താനുള്ള അവകാശം കാലങ്ങളായി ദലിത് പ്രതിനിധിക്ക് നിഷേധിക്കപ്പെടുന്നുവെന്നത് സമകാലിക ഇന്ത്യയുടെ ദുർചിത്രംകൂടിയാണ്. ഉയർന്ന ജാതിക്കാർ വന്ന് ആ പ്രവൃത്തി തടുക്കുന്നത് ഇപ്പോഴും തുടരുന്നു. ഞങ്ങളുെട സംഘടനയായ അബോളിഷൻ ഓഫ് അൺടച്ചബിലിറ്റി ഫ്രണ്ട് പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്നാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് പലർക്കും അത് സാധിക്കാനായത്. പല പഞ്ചായത്തുകളിലും ഇവർക്ക് ഇരിക്കാൻ കസേരപോലും കൊടുക്കുന്നില്ല. താഴെ ഇരുത്തി ഉയർന്ന ജാതിക്കാരനായ വൈസ് പ്രസിഡന്റ് കസേരയിൽ ഇരുന്ന് ഭരിക്കുന്ന ചിത്രം ആധുനിക ഇന്ത്യയുടേത് തന്നെയാണ്. വിയോജിപ്പുകൾ പറഞ്ഞാൽ ദലിതർ ആക്രമിക്കപ്പെടുന്നു. ദലിത് പഞ്ചായത്തുകളിൽ അവർ അവഗണിക്കപ്പെടുന്ന വിഷയങ്ങളിൽ സർവേ നടത്തി കഴിഞ്ഞ ആഗസ്റ്റ് 11ന് പ്രസ് മീറ്റിൽ അവഗണനകളുടെയും അവ നേരിടുന്ന പഞ്ചായത്തുകളുടെയും പട്ടിക പ്രസിദ്ധപ്പെടുത്തിയിരുന്നു. അയിത്തത്തിനെതിരെയും അസമത്വങ്ങൾക്കെതിരെയും പോരാടിയ പെരിയാറിന്റെ മണ്ണിലാണ് ഈ അവസ്ഥ. ജയിലിൽ അടക്കപ്പെട്ടപോലെയുള്ള ദലിത് ജീവിതങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. അവർക്ക് ഇനിയും നീതി എത്രയോ അകലെയാണ്. ആ നീതിയിലേക്കുള്ള യാത്രയാണ് എന്റെ ഇടപെടലുകളും പോരാട്ടങ്ങളും.
ജാതിവ്യവസ്ഥ കെട്ടിപ്പൊക്കുന്ന അയിത്തത്തിനെതിരെയാണ് താങ്കൾ അമരക്കാരനായ ഇറാഡിക്കേഷൻ ഓഫ് അൺടച്ചബിലിറ്റി ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ. രാജ്യത്തെ വിഘടിപ്പിക്കുന്നതിൽ ഇന്ത്യൻ സാഹചര്യത്തിൽ ജാതിവ്യവസ്ഥക്ക് എത്രമാത്രം പങ്കുണ്ട്?
ജാതിവ്യവസ്ഥയുടെ ഉപോൽപന്നമാണ് അയിത്തം. ഇന്ത്യൻ നിയമവ്യവസ്ഥ പ്രകാരം അത് കുറ്റകരമാണ്. അതറിഞ്ഞും നാട്ടുകാരും സമൂഹവും ആ കുറ്റം ചെയ്തുകൊണ്ടേയിരിക്കുന്നു. ഈ നൂറ്റാണ്ടിലും രാജ്യത്ത് ഓരോ 15 മിനിറ്റിലും ഒരു അയിത്തക്കുറ്റം നടക്കുന്നു. വിവിധ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമൊക്കെ ഇത് നടക്കുന്നുണ്ട്. മതത്തിന്റെ ശുദ്ധി കാത്ത് സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് അയിത്തം കൽപിക്കുന്നത്. വേദകാല സംസ്കാരത്തിന്റെ തിരുശേഷിപ്പുകളാണീ ജാതിവ്യവസ്ഥ. ഹിന്ദുത്വത്തെ വിമർശിക്കാതെ ജാതിവ്യവസ്ഥയെ എതിരിടാൻ പറ്റില്ല.അതിനാൽ ജാതിക്കെതിരെയാണ് പോരാടേണ്ടത്. ജാതിയിൽ അധിഷ്ഠിതമായ സമൂഹഘടനയെ ഇല്ലാതാക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ ദുരഭിമാനക്കൊലകൾ കൂടിക്കൊണ്ടേയിരിക്കും.
ഇറാഡിക്കേഷൻ ഓഫ് അൺടച്ചബിലിറ്റി ഫ്രണ്ടിന്റെ നേതൃത്വത്തിൽ തിരുവള്ളൂർ ജില്ലയിൽ നടന്ന സമരത്തിൽ ആതവൻ ദീച്ചന്യ പങ്കെടുത്തപ്പോൾ
ദുരഭിമാനക്കൊലകൾ ഇപ്പോഴും തുടരുന്നു. കേരളത്തിലുമുണ്ട്. പക്ഷേ തമിഴ്നാട്ടിൽനിന്ന് ഇടക്കിടെ ഇത്തരം വാർത്തകൾ കേൾക്കുന്നുണ്ട്?
ലോകം മുഴുവനും ദുരഭിമാനക്കൊലകൾ നടക്കുന്നുണ്ട്. ചിലയിടത്ത് മതം; ഇന്ത്യയിൽ ജാതി എന്നുമാത്രം. മതത്തിന് അതിന്റെ വിശുദ്ധിയും കലർപ്പില്ലായ്മയും നഷ്ടമാകുന്നു എന്ന തോന്നലിലാണ് ജാതിവാദികൾ അറുകൊലക്ക് മുതിരുന്നത്. ആ ഭയമാണ് സ്ത്രീകൾക്ക് അനാവശ്യ നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും സഹിക്കേണ്ടിവരുന്നതിന് പിന്നിൽ. കുടുംബത്തിന്റെ മാനം, സമുദായത്തിന്റെ മാനം, ജാതിയുടെ അവസ്ഥ തുടങ്ങിയ ആകുല ചിന്തയാണ് സ്വന്തം അച്ഛനമ്മമാരെ പോലും കുട്ടികളെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്. ദലിതരും ദലിത് ഇതരരും തമ്മിലെ വിവാഹങ്ങളുടെ ഇരകളാണ് ഏറെപ്പേരും. വീടുകൾ ചുട്ടെരിക്കപ്പെടുന്നു. ഊരുവിലക്ക് നേരിടേണ്ടിവരുന്നു. ഈ ഒറ്റപ്പെടുത്തലിന്റെ മൂർധന്യത്തിലാണ് ദുരഭിമാനക്കൊലകൾ നടക്കുന്നത്. രാജ്യത്തെ മിശ്രവിവാഹങ്ങളെക്കുറിച്ചുള്ള സർവേ റിപ്പോർട്ടിൽ കുറവ് മിശ്രവിവാഹങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിെലാന്നാണ് തമിഴ്നാട്. മൊത്തം വിവാഹങ്ങളുടെ രണ്ട് ശതമാനംപോലും ദലിത്-ദലിത് ഇതര മിശ്രവിവാഹങ്ങൾ നടക്കുന്നില്ല.
തമിഴ്നാട്ടിലെ ഗോകുൽ രാജ് കൊലപാതക കേസ്, കണ്ണകി - മുരുകേശൻ, ഇളവരശൻ- ദിവ്യ തുടങ്ങിയ അനേകം ദമ്പതികളുടെ ദാമ്പത്യം പൊലിഞ്ഞതിന് പിന്നിലും ജാതിക്കൊലകളായിരുന്നു. സമൂഹത്തിൽ ഇന്നും അടിയുറച്ചുപോയ ജാതി എന്ന വിപത്തിന്റെ അപായരേഖകളാണ് ഈ കൊലപാതകങ്ങൾ. നിലവിലെ നിയമങ്ങൾ ഈ ക്രൂരതയെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. രാജസ്ഥാനിൽ അഭിമാനക്കൊലകൾക്കെതിരെ സ്വന്തമായ നിയമം കൊണ്ടുവന്നിരുന്നു. അതുപോലെ ഒന്ന് തമിഴ്നാട്ടിലും കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇരകളുടെ കൂടെ അവർക്ക് താങ്ങും തണലുമായി നിൽക്കാൻ സംഘടനക്കാകുന്നുണ്ട്. ജാതിക്കൊലകൾ ഇല്ലാതിരിക്കാൻ വ്യാപക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ച് വരുന്നുണ്ട്. ഇന്നും പത്രങ്ങളിെല മാട്രിമോണിയൽ കോളങ്ങൾ നോക്കിയാൽ മനസ്സിലാകും ദാമ്പത്യങ്ങൾ എത്രമാത്രം ജാതിബന്ധമായാണ് എന്ന്. കേരളത്തിലെ കാര്യം നിങ്ങളും വിലയിരുത്തിയിട്ടുണ്ടാകുമല്ലോ.
ചെറുപ്പത്തിൽ ജാതിവിവേചനങ്ങൾ കാര്യമായി നേരിടേണ്ടി വന്നിട്ടുണ്ടോ?
അയിത്തവും അവഗണനയും തിരിച്ചറിയാനാവാത്ത കാലമാണ് കുട്ടിക്കാലം. പക്ഷേ ഇന്നും വിദ്യാലയങ്ങളിൽ ജാതിവിവേചനം നടന്നുവരുന്നുണ്ട് എന്നത് സത്യമാണ്. അതിനുമുമ്പ് നിങ്ങൾ അറിയേണ്ട രണ്ട് ആശയങ്ങളുണ്ട്. ഊരും ചേരിയുമാണത്. സവർണവിഭാഗം ജീവിച്ചുപോകുന്ന ആവാസവ്യവസ്ഥയും ഇടവുമാണ് ഊര്. താഴേക്കിടയിൽപെട്ട, അരികുവത്കരിക്കപ്പെട്ടവർ, ദലിതരുൾപ്പെടെ അധിവസിക്കുന്ന മേഖലയാണ് ചേരി. ചേരിയിൽ സർക്കാർ ഓഫിസുകളോ വിദ്യാലയങ്ങളോ കച്ചവടസ്ഥാപനങ്ങളോ ഉണ്ടാവാറില്ല. അതിനാൽ ചേരി നിവാസികൾ നിത്യജീവിതത്തിൽ നിരന്തരം ഊരുകളെ ആശ്രയിക്കേണ്ടിവരാറുണ്ട്. സവർണർ അധിവസിക്കുന്ന ഊരുമേഖലയിൽ ചേരി നിവാസികൾ നിരന്തരം അവഗണന നേരിടേണ്ടിവരുന്നു. ഊരിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന ദലിതർ ചരടുകെട്ടിയിരിക്കണമെന്നത് അവർക്കിടയിൽ തുടർന്നുപോരുന്ന നടപ്പാണ്. അവർ മറ്റു വിദ്യാർഥികളുമായി അധികം ഇടപെടാറില്ല, തിരിച്ചും. ഈ ചരടുകെട്ടൽ നിരോധിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അത് പൂർണമായി നടപ്പാകുമെന്നാണ് പ്രതീക്ഷ.
സമുദായങ്ങൾക്കിടയിൽ ഹിന്ദുത്വ ശക്തികൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
ജാതി രാഷ്ട്രീയമാണ് ബി.ജെ.പി അവിടെ പയറ്റുന്നത്. എല്ലാ സമുദായങ്ങളിലും അവർ നുഴഞ്ഞുകയറിയിട്ടുണ്ട്. എസ്.സി പട്ടികയിലുള്ള ഒരു ജാതിയിൽ കയറി നിങ്ങൾ ഉന്നതകുല ജാതരാണ്, എന്തിനാണ് സംവരണം എന്ന ചോദ്യം ചോദിപ്പിച്ച് സവർണബോധം കുത്തിവെപ്പിക്കാൻ അവർക്കാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെയാണ് അവർ വേരുറപ്പിക്കുന്നത്.
നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം ഹിന്ദുത്വവാദ ആശയത്തിന് വന്ന മാറ്റം വിലയിരുത്താമോ?
ഞാൻ മോദി വിരുദ്ധനല്ല. മോദി എന്നത് ഒരു മുഖം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. മോദി സ്വീകരിക്കുന്ന നിലപാടുകളും സമീപനങ്ങളുമാണ് നാം വിലയിരുത്തുക. ബ്രാഹ്മണവാദവും ഫാഷിസവും ചേർന്നാൽ എന്താണ് ഉണ്ടാകുകയെന്നത് നാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അംബേദ്കറുടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയത്തെ പിറകോട്ടടിപ്പിക്കുകയാണ് ബി.ജെ.പി സർക്കാർ. ജനാധിപത്യത്തെ തകിടംമറിച്ച് കോർപറേറ്റുകളെ പ്രീണിപ്പിച്ചുള്ള ഭരണത്തെ 'പാർപറേറ്റീയം' എന്ന് ഞങ്ങൾ വിളിക്കാറുണ്ട്. ഹിന്ദുത്വ വിമർശകരെ നക്സലൈറ്റുകളെന്ന് മുദ്രകുത്തി ജയിലിലാക്കി. ആനന്ദ് തെൽതുംബ്ഡേയുടെ അവസ്ഥ നോക്കുക. റോമില ഥാപറോടും ഇർഫാൻ ഹബീബിനോടും ഇവർക്കുള്ള സമീപനം കണ്ടില്ലേ. ഹിന്ദുത്വവിരുദ്ധ പ്രക്ഷോഭങ്ങളെ വിദേശ ഫണ്ടിങ് ആരോപിച്ച് താറടിക്കുകയാണ്. ചരിത്രത്തെ മാറ്റിയെഴുതുന്നു. വിദ്യാഭ്യാസ സമീപനങ്ങളെ അടപടലം മാറ്റി അവരുടെ ആശയങ്ങൾ തിരുകിക്കയറ്റുന്നു. നയങ്ങൾ കണ്ടില്ലേ... നോട്ടുനിരോധനം, ജി.എസ്.ടി, കാർഷിക ബിൽ എന്നിവയുടെ പ്രത്യാഘാതം അനുഭവിച്ചത് സാധാരണക്കാരാണ്. ജെ.എൻ.യു, ജാമിഅ മില്ലിയ്യ, അലീഗഢ് സർവകലാശാലകളുടെ അവസ്ഥ നോക്കൂ. നമ്മുടെ ഭാഷാ ചരിത്രത്തിൽ സംസ്കൃതം തിരുകിക്കയറ്റി അതിലൂടെ ആര്യന്മാരുടെ ഭൂമിയാണിതെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. എല്ലാ തരത്തിലും ആര്യവത്കരിക്കാനുള്ള ഹിന്ദുത്വ ശ്രമത്തെയാണ് ഞങ്ങൾ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ ഭൂസമരങ്ങളിലൊക്കെ താങ്കളുെട സാന്നിധ്യമുണ്ടല്ലോ. എങ്ങനെയാണ് ഭൂസമരങ്ങെള വിലയിരുത്തുന്നത്?
വർഷങ്ങളായി ഒരു നാട്ടിൽ ജീവിച്ചുവരുന്ന ഒരാൾ. ഒരുപിടി മണ്ണ് സ്വന്തമില്ലെന്ന് പറഞ്ഞ് അവഗണിക്കപ്പെടുമ്പോഴാണ് ഭൂസമരങ്ങൾ ഉടലെടുക്കുന്നത്. ഒരാൾ എവിടെയോ ഒരിടത്ത് ജനിച്ചതുകൊണ്ട് ആ നാട്ടുകാരനാവില്ല. സ്വന്തം ഭൂമി വേണം. രാജ്യം മുഴുവൻ അടിച്ചമർത്തപ്പെട്ടവരുടെ പ്രക്ഷോഭം തുടരുന്നു. അവകാശപ്പെട്ട ഭൂമി കൈയൂക്കുള്ളവൻ സ്വന്തമാക്കിയതിനെതിരായും പ്രക്ഷോഭം ശക്തമാണ്.
ഇന്ത്യയിലെ ജനസംഖ്യയിൽ അഞ്ചിലൊന്ന് ദലിതരാണ്. അതായത് 20 ശതമാനം. കൃഷിക്കുള്ള വിളനിലം ഇവരുടെ കൈയിലുള്ളതാകട്ടെ വെറും എട്ടു ശതമാനവും. ഒരിക്കലും ആനുപാതികമല്ല ഈ കണക്കുകൾ.
പഞ്ചമിനിലം എന്ന് കേട്ടിട്ടില്ലേ. തമിഴ്നാട് മുതൽ ഒഡിഷ അതിർത്തിവരെ നീളുന്ന മദ്രാസ് പ്രവിശ്യയിലെ 12 ലക്ഷം ഏക്കർ ഭൂമി 1891ൽ ചിങ്ലേപുത് കലക്ടർ ദലിതർക്കായി അനുവദിച്ചതായിരുന്നു. കേരളത്തിന്റെ ഒരു ഭാഗം, മൈസൂരിന്റെ ഭാഗം ഒക്കെ ഉൾപ്പെട്ട ഭൂമിയാണത്. ആ ഭൂമി 60,000 ഏക്കർ മാത്രമാണ് അവരുടെ കൈയിലുള്ളത്. 11.4 ലക്ഷം ഏക്കർ ഭൂമി ദലിത് ഇതരർ കൈവശപ്പെടുത്തിയിരിക്കുന്നു. ഇത് ദലിതർക്കുമാത്രം അർഹതപ്പെട്ട; കൈമാറാൻ സാധിക്കാത്ത ഭൂമിയാണ്. അതെല്ലാം കാറ്റിൽ പറത്തി റവന്യൂ, സർവേ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നാണ് സമ്പന്നർക്കുവേണ്ടി വ്യാജരേഖ ചമച്ച് ഭൂമി സ്വന്തമാക്കിയത്. സർക്കാർപോലും വ്യവസായ പാർക്കിനായി ഈ ഭൂമി എഴുതിക്കൊടുത്തിട്ടുണ്ട്. ഈ ഭൂമി തിരികെ ലഭിക്കാനായി ദലിതർ വർഷങ്ങളായി പോരാടിവരുന്നു. തൊഴിലാളി നേതാവ് ബി. ശ്രീനിവാസ റാവുവിന്റെ ഓർമദിനമായ സെപ്റ്റംബർ 30ന് തിരിച്ചുപിടിച്ച ഭൂമിയുടെ വിലയിരുത്തലും 'പഞ്ചമിനില പോരാട്ട'ത്തിന്റെ തുടർച്ചയും നടന്നുവരുന്നു. ദേശീയ സംഘടനകളുമായി സഹകരിച്ച് മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. പഞ്ചമിനിലം കാമ്പയിൻ എന്നത് രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കേണ്ട വിഷയമാണ്. ഗുജറാത്തിലും പഞ്ചാബിലുമൊക്കെ ദലിതർ ഭൂസമരം നടത്തിവരുന്നുണ്ട്.
ഭൂപരിഷ്കരണം എന്നതുപോലും പലയിടങ്ങളിലും പ്രഹസനമായിപ്പോയിട്ടുണ്ട്. തമിഴ്നാട്ടിൽ ജന്മികൾ ബിനാമികൾക്ക് രേഖയിൽ കൈമാറി കൃത്രിമം കാട്ടിയാണ് ഭൂമി ഇപ്പോഴും കൈയടക്കിവെച്ചത്. വിനോബാ ഭൂദാനിൽ പ്രയോജനമില്ലാത്ത ഭൂമിയാണ് ദലിതർക്ക് കിട്ടിയത്. ഭൂമിക്കുവേണ്ടിയുള്ള സമരം നടക്കുമ്പോൾ ഇന്നും ആവേശമാണ്. ഗുജറാത്തിൽ മേവാനിക്കൊപ്പം ഉന്നാവ് യാത്രയിൽ പങ്കാളിയായിരുന്നു.
സർക്കാറിന്റെ ഭരണപരമായ തീരുമാനങ്ങളിൽ പരിഹരിക്കാവുന്നതാണോ ഭൂ പ്രശ്നം?
തുല്യതയുടെ പാഠങ്ങൾ ജനതക്ക് പകർന്നുനൽകുക എന്നതാണ് ഭൂ പ്രശ്നത്തിനുള്ള പരിഹാരം. നിയമം ഉണ്ടാക്കിയതുകൊണ്ട് പരിഹൃതമാകുന്നതല്ല. ഈ സ്ഥിതിവിശേഷം തുടർന്നുകൊണ്ടേയിരിക്കും. പാഠപുസ്തകങ്ങൾ വഴി മനുഷ്യർ എല്ലാവരും സമന്മാരാണ് എന്ന പാഠം പകർന്നുനൽകാനാകണം. മനുഷ്യരെ വിലകുറച്ചുകാണരുതെന്ന പാഠം സമൂഹം മനസ്സിലാക്കണം. ഒരാളുടെ സമൂഹത്തിലെ സ്ഥാനം അവന്റെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാക്കണം. അവരുടെ ഉയർച്ച-താഴ്ചയിൽ ജാതിക്കെന്ത് കാര്യം. ജാതിയുടെ ശുദ്ധതയിൽ നാമെന്തിന് വിറളി പിടിക്കണം. ഇക്കാര്യങ്ങൾ നാം സംസാരിച്ചുകൊണ്ടേയിരിക്കണം. അതിന് ഞങ്ങൾ കാമ്പയിൻ സംഘടിപ്പിച്ചുവരുന്നുണ്ട്.
തമിഴ്നാട് പ്രോഗ്രസിവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണല്ലോ. യുവ കവികളെ എങ്ങനെ വിലയിരുത്തുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ എത്തരത്തിലുള്ളതാണ്?
1975ൽ തുടങ്ങിയ സംഘടനയാണ് ഞങ്ങളുടേത്. അതിനുമുമ്പ് 'ചെമ്മലർ' എന്ന പത്രത്തിൽ എഴുതിയിരുന്ന 32 എഴുത്തുകാർ ചേർന്നാണ് ഈ സംഘടന തുടങ്ങിയത്. മൂന്നു വർഷം കൂടുമ്പോഴാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. മാർത്താണ്ഡത്ത് നടന്ന 15ാം വാർഷിക സമ്മേളനത്തിലാണ് വീണ്ടും ജനറൽ സെക്രട്ടറിയായത്.
ചിന്തയിലും എഴുത്തിലും പുതുചലനങ്ങൾ സൃഷ്ടിച്ച്, ധാരാളം യുവ എഴുത്തുകാർ ഇപ്പോൾ സജീവമാണ്. ഗ്ലോബലൈസേഷനു ശേഷമുള്ള സാമൂഹിക സാഹചര്യം തിരിച്ചറിഞ്ഞുള്ള സൃഷ്ടികൾ ധാരാളമായി വരുന്നു. മാറിയ സംസ്കാരിക ചലനങ്ങളിലും രാഷ്ട്രീയ സാഹചര്യങ്ങളിലും നിലപാടുകൾ ഉയർത്തിപ്പിടിച്ച് അവർ എഴുതിക്കൊണ്ടേയിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിൽ രാഷ്ടീയത്തിന്റെ അതിപ്രസരം വരുന്നതിനെതിരെയും അതിനനുസരിച്ച നിലപാടുകൾ രൂപപ്പെടുത്തുന്നതും ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന എഴുത്തിലും അവർ ബദ്ധശ്രദ്ധരാണ്. അധികാര കേന്ദ്രീകരണത്തിനെതിരെ അവർ ശബ്ദമുയർത്തുന്നു. സമൂഹമാധ്യമങ്ങളിൽ അവർ സജീവമായി ഇടപെടുന്നുണ്ട്. എങ്ങനെ മനുഷ്യരെ ഒന്നിപ്പിക്കാം എന്ന് അവർ ചിന്തിക്കുന്നു. പ്രതീക്ഷ നൽകുന്നുണ്ട്, പുതുതലമുറ.
തമിഴ്നാട്ടിലടക്കം ദലിത് രചനകൾ കൂടുതലായി വരുന്നുണ്ട്..?
അധികാര കേന്ദ്രീകരണത്തെ ചോദ്യംചെയ്ത് സവർണ കാഴ്ചപ്പാടുകളെ എതിർത്തുള്ള ദലിത് എഴുത്തുകൾ ശക്തമാണ് തമിഴ്നാട്ടിൽ. സാധാരണ സാഹിത്യങ്ങളും പുരാണങ്ങളും ഭൂരിഭാഗവും സവർണരുടെ ജീവിതങ്ങളെക്കുറിച്ചുള്ളതാണ്. അവരുടെ ഇഷ്ടങ്ങളും അവരുടെ ചിന്തകളും പങ്കുവെക്കുന്നതാണവ. സ്ഥാപനവത്കരിക്കപ്പെട്ട മതം, ജാതി ഇവയെയൊക്കെ ദലിത് എഴുത്തുകാർ ചോദ്യംചെയ്യുന്നുണ്ട്. അവഗണനക്കെതിരെ പോരാട്ടം എങ്ങനെവേണം എന്നത് സംബന്ധിച്ച് ചില തുറന്നെഴുത്തുകൾ വരുന്നുണ്ട്. ജാതിയെക്കുറിച്ച് ധാരാളം പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ എതിർശബ്ദങ്ങളെയാണ് സമകാലിക ദലിത് എഴുത്തുകാർ പ്രതിനിധാനം ചെയ്യുന്നത്. എല്ലാ അധികാര കേന്ദ്രങ്ങളെയും അവർ ചോദ്യംചെയ്യുന്നു. ഈ ശബ്ദങ്ങൾ ഉയരരുതെന്ന് കരുതിക്കൂട്ടി എതിർപ്രചാരണങ്ങളും സവർണ എഴുത്തുകാരിൽനിന്ന് ഉണ്ടാകുന്നു. ഇന്ത്യയിലും തമിഴ്നാട്ടിലും നടക്കുന്നു. വിദേശ ധനസഹായത്തിലാണ് ഇത് നടക്കുന്നത് എന്ന ആരോപണങ്ങളും ആ റൈറ്റ് വിങ് സമൂഹം ആരോപിക്കുന്നുണ്ട്.
പെരുമാൾ മുരുകന്റെ പ്രതിഷേധത്തെ എങ്ങനെ കാണുന്നു?
മുരുകൻ ഒരു ആചാരത്തെക്കുറിച്ച് അതേപടി എഴുതിയതാണ്. ആരെയും വേദനിപ്പിക്കണമെന്ന് മുരുകൻ ആഗ്രഹിച്ചിരുന്നില്ല. മാത്രമല്ല, എഴുതി ഏഴു വർഷം കഴിഞ്ഞിട്ട് ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത ശേഷമാണ് ആർ.എസ്.എസ് വിവാദവുമായി രംഗത്തുവന്നത്. അത് ഹിന്ദുത്വവാദികൾ കരുതിക്കൂട്ടി ഇളക്കിവിട്ട വിവാദമാണ്.
പേരിന് പിറകിൽ ജാതിപ്പേര് വെക്കുന്നതിനെതിരെ താങ്കൾ പ്രതിഷേധ കാമ്പയിൻ സംഘടിപ്പിച്ചിരുന്നല്ലോ..?
ജാതി മഹത്തരമാണെന്ന് കരുതുന്നവരാണ് അവരുടെ പേരിന്റെ വാലായി ജാതിപ്പേര് വെക്കുന്നത്. കീഴാള സമുദായക്കാർ വെക്കാറില്ല. ജാതിയിൽ പിറക്കാൻ ഇവർ എന്തോ ചെയ്തപോലെയാണ് ആ പ്രവൃത്തി. കഴിവുകൊണ്ട് നേടിയതല്ലല്ലോ അവ. ആ ജാതിയിൽ പിറന്നവരിൽ കള്ളന്മാർ ഉണ്ടാകില്ലേ, കൊലപാതകികൾ ഉണ്ടാകില്ലേ, പീഡനക്കേസ് പ്രതികൾ ഉണ്ടാകില്ലേ, ജാതിയിൽ പിറന്നതുകൊണ്ടുമാത്രം എന്തെങ്കിലും മേന്മകൾ ആ ജാതി നിങ്ങൾക്ക് നൽകുന്നുണ്ടോ. എന്റെ ജനനം ഞാൻ നിശ്ചയിച്ചുറപ്പിച്ചതല്ലല്ലോ. എല്ലാവരുടെയും ജനനം അങ്ങനെത്തന്നെ. ഉയർന്ന ജാതിപ്പേര് വെക്കുന്നത് സാമൂഹിക മൂലധനമായി കരുതുന്നവരാണ് ഏറെയും. ഈ വിഷയത്തിൽ ഞങ്ങളുടെ സംഘടന കാര്യമായി ഇടപെട്ടു. ഒടുവിൽ സർക്കാർ പൊതു ഇടങ്ങളിലെ ഫലകങ്ങളിലും മറ്റും ജാതിപ്പേര് എഴുതിവെക്കുന്നത് സർക്കാർ വിലക്കിത്തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവാൽ കൂട്ടി എഴുതിനൽകുന്നതും നിരോധിക്കാൻ ആവശ്യമുന്നയിച്ചിട്ടുണ്ട്. ജാതിവാൽ ഭാരം സമൂഹം ചുമക്കേണ്ടതില്ല.
തോട്ടിപ്പണിക്കാരുടെ കഥ പറയുന്ന കക്കാനാട് എഴുതിയത് ആക്ഷേപഹാസ്യത്തോടെയാണെങ്കിലും അത് ഉയർത്തുന്ന രാഷ്ട്രീയമുണ്ട്. അതിൽ ഇന്നും പ്രസക്തമാകുന്ന 'മലംകോരി'കളുടെ ജീവിതമുണ്ട്. വിശദീകരിക്കാമോ?
വിസർജ്യങ്ങളിൽ മൂടിനിൽക്കുകയാണ് ഇന്ത്യയിലെ പൊതു ഇടങ്ങൾ. നിയമംമൂലം തോട്ടിപ്പണി ഇല്ലാതായിട്ടും തോട്ടികൾ എന്ന അവർണർ ഇന്നും വിസർജ്യം കോരുന്നു. രാജ്യത്തെ ജനസംഖ്യയിൽ പകുതിയും തുറസ്സായ സ്ഥലങ്ങളിൽ മലവിസർജനം ചെയ്യുന്നവരാെണന്ന പഠനം അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. ദിനംപ്രതി 65,000 ടൺ മനുഷ്യവിസർജ്യമാണ് റോഡരികിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റും കുമിഞ്ഞുകൂടി പരിസ്ഥിതിയെ മലിനപ്പെടുത്തുന്നത്. ജാതിവ്യവസ്ഥയുടെ ശേഷിപ്പുകളുടെ ഭാഗമായി വന്നുചേർന്നതാണ് തോട്ടികൾ എന്ന് വിളിക്കുന്ന അവർണരുടെ ഈ ദുഃസ്ഥിതി. ആ അവസ്ഥയോടുള്ള പ്രതികരണമായിരുന്നു ആ കഥ.
കവിതയിൽനിന്നാണല്ലോ തുടക്കം. പിന്നീട് സാഹിത്യത്തിന്റെയും സിനിമയുടെയും ഭാഗമായി.തികച്ചും രാഷ്ട്രീയം നിറഞ്ഞ കഥകളും കവിതകളുമായിരുന്നു താങ്കളുടേത്. എന്തിന് തുറന്ന വിപണിയുടെ സാങ്കൽപിക നാടായ ലിബറൽ പാളയത്തിലാണ് കഥകൾ നടക്കുന്നത്. സാമൂഹിക പ്രവർത്തകന്റെ ഇടപെടൽ ഓരോ സൃഷ്ടിയിലും കാണാം..?
അംബേദ്കർ കാട്ടിത്തന്ന 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' ആണ് എന്റെ ഒട്ടുമിക്ക ആശയങ്ങളുടെയും കാതൽ. അഞ്ചു കവിതകൾ, ഏഴ് ചെറുകഥകൾ, ഒരു നോവൽ ഉൾപ്പെടെ 20ഓളം പുസ്തകങ്ങളെഴുതി. പാ. രഞ്ജിത്ത് സംവിധാനം ചെയ്ത രജനികാന്ത് നായകനായ 'കാലാ' എന്നതുൾപ്പെടെ മൂന്നു സിനിമകളുമായി സഹകരിച്ചു. 19ാം വയസ്സിലായിരുന്നു കവിത എഴുതി സാഹിത്യത്തിൽ രംഗപ്രവേശം ചെയ്തത്. ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്നു. ജീവിതാനുഭവങ്ങളാണ് നമ്മിൽ ആശയങ്ങൾ രൂപപ്പെടുത്തുന്നത്. 'മീശ എന്നത് വെറും മയിർ' എന്ന ആദ്യ നോവൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മിലിട്ടറിക്കാരനായ ഇളയ പെരുമാൾ ഊരിൽ സേവനത്തിനുശേഷം തിരിച്ചെത്തിയപ്പോൾ മുഖത്തുണ്ടായിരുന്ന കൊമ്പൻമീശ ഊര് വാസികൾ തീവെച്ച സംഭവമാണ് ഇതിവൃത്തം. അതിന് കാരണമുണ്ട്, ആ ഗ്രാമത്തിൽ ആരൊക്കെ മീശ വെക്കണമെന്ന് നിശ്ചയിക്കുന്നത് ജാതിയുടെ മുൻഗണന ക്രമം നോക്കിയാണ്. അത് ചോദ്യംചെയ്ത് എഴുതിയ നോവലാണത്.
ചേരിയിലെ ജനങ്ങൾക്ക് തങ്ങളുടെ ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടമാണ് 'കാലാ' എന്ന സിനിമയുടെ ഇതിവൃത്തം. താങ്കൾ ഇടപെടുന്ന വിഷയംതന്നെയാണ് സിനിമയിലും. എങ്ങനെയാണ് സിനിമയിൽ എത്തപ്പെട്ടത്?
ആരെ ബലികൊടുത്താണ് നിങ്ങൾ വികസനം സൃഷ്ടിക്കുന്നത് എന്ന ചോദ്യമാണ് 'കാലാ' എന്ന സിനിമ ഉയർത്തിയത്. പാ. രഞ്ജിത്ത് എന്ന സംവിധായകനാണ് അത്തരം വിഷയം സിനിമയിൽ കൊണ്ടുവന്നതിനുള്ള മുഴുവൻ െക്രഡിറ്റും. ധാരാവി എന്ന ചേരിയെ അധികരിച്ചുകൊണ്ടായതിനാൽ അതിന്റെ രാഷ്ട്രീയവും അതിന്റെ ഭാഗമായി എന്നുമാത്രം. ആ ഇടത്തെ സ്വന്തമാക്കാൻ കാലങ്ങളായി പലരും ഗൂഢാലോചന നടന്നുവരുന്നുണ്ട്. അതിന് കാരണമുണ്ട്.
543 ഏക്കറുണ്ട് ധാരാവി എന്ന ഇന്ത്യയിലെ വലിയ ചേരി. 40,000 കോടി രൂപയാണ് അതിന്റെ നിലവിലെ ഏകദേശ മതിപ്പുവില. മുമ്പ് മുംബൈ നഗരത്തിന്റെ പുറത്തായിരുന്നു അത്. പിന്നീട് നഗരം വികസിച്ചതോടെ ധാരാവിക്ക് ചുറ്റും മുംബൈ നഗരം വളർന്ന് പന്തലിച്ചു. കണ്ണായ സ്ഥലം ഭൂമാഫിയകളും കൊള്ളക്കാരും രാഷ്ട്രീയക്കാരും കണ്ണുവെച്ചുപോരുന്നുണ്ട്. കൊള്ളക്കാരും സാമൂഹികദ്രോഹികളും അവിടം താവളമാക്കി. രാജ്യത്തെ പ്രധാന 'ഷേഡി ലാൻഡ്' ആയി അത് മാറി.
ഭൂമി തന്നാൽ പരന്നുകിടക്കുന്ന നിങ്ങളെ ഫ്ലാറ്റെന്ന കുത്തനെയുള്ള ഭവനങ്ങളിൽ താമസമാക്കാൻ സൗകര്യം ചെയ്തുതരാമെന്ന് പറഞ്ഞ് നിരന്തരം ആളുകളെത്തുന്നു. 60:40 അനുപാതത്തിൽ കച്ചവടമുറപ്പിക്കാൻ സമ്മർദം ചെലുത്തി ലാൻഡ് മാഫിയ നിരന്തരമെത്തുന്നുണ്ട്. എന്നാൽ, തലമുറകളായി താമസിച്ചുപോരുന്ന തങ്ങളുടെ ഭൂമി വിട്ടുനൽകില്ലെന്ന് പറഞ്ഞ് അവിടത്തുകാർ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു. ഈ കണ്ടന്റാണ് സിനിമയാക്കിയത്. ധാരാവിയിൽ വളർന്ന തിരുനെൽവേലിയിൽ വേരുകളുള്ള മകിഴൻ എന്ന സുഹൃത്തുണ്ട്. സമാനചിന്തയിൽ എന്നോട് ചേർന്ന് പ്രവർത്തിച്ചിരുന്ന അദ്ദേഹം സ്ക്രിപ്റ്റിൽ സഹകരിച്ചിട്ടുണ്ട്. ധാരാവി മകിഴന് മനഃപാഠമാണ്. ധാരാവി ആരുടെ ഭൂമിയാണ് എന്ന വിഷയം കേന്ദ്രീകരിച്ച് മകിഴനും രഞ്ജിത്തുമൊക്കെ ചേർന്ന് സ്ക്രിപ്റ്റ് പൂർത്തിയാക്കി. ഒരു നഗരം വളരുന്നു എന്ന് പറയുമ്പോൾ, ഒരു നാട് വളരുന്നു എന്ന് പറയുമ്പോൾ അത് ഇൻക്ലൂസിവായാണോ വളരുന്നത്. അതോ ചിലർ മാത്രമാണോ വളരുന്നത് എന്നത് ചിന്തിക്കേണ്ടതുണ്ട്. അതാണ് ആ സിനിമ മുന്നോട്ടുവെക്കുന്ന ആശയവും.
പുതു സിനിമകൾ തമിഴിന് നല്ല പ്രതീക്ഷകൾ നൽകുന്നുണ്ടോ?
പാ. രഞ്ജിത്ത്, ടി.ജെ. ജ്ഞാനവേൽ, ഫ്രാങ്ക്ലിൻ ജേക്കബ്, മാരി ശെൽവരാജ് പോലുള്ള ഒട്ടേറെ പുതുസംവിധായകർ പുതുവഴി തമിഴ് സിനിമയിൽ സൃഷ്ടിച്ചിട്ടുണ്ട്. 'വിക്ടിംസ് ആക്ടിവിസം' എന്ന ശ്രേണിയിൽ കഥ അവതരിപ്പിക്കുന്നു. ദലിത് വിഷയങ്ങളും ഭൂവിഷയങ്ങളും അവർ പങ്കുെവക്കുന്നുണ്ട്. ഇവർ സിനിമയിൽ നിർമിച്ചുവെച്ച സ്കൂളിലേക്ക് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്നു. അതേസമയം കാലം കൈവെടിഞ്ഞ പുരാണങ്ങളെ ഇതിഹാസ ചിത്രങ്ങളാക്കി കൊണ്ടുവന്ന് കോടികൾ സമ്പാദിക്കുന്നവരുമുണ്ട്. സിനിമ എന്നത് വെറും രസിപ്പിക്കൽ മാത്രമാണ് എന്ന് അവർ ന്യായീകരിക്കുന്നു.
ഹോസൂരിലായിരുന്നല്ലോ, ദീർഘകാലം. പുതിയ രചനകൾ, കുടുംബം?
38 വർഷം ജോലിസംബന്ധമായി ഉണ്ടായിരുന്നു. അക്കാലത്ത് ഹോസൂരിന്റെ പ്രാദേശിക ചരിത്രം എഴുതിയിരുന്നു. ഇപ്പോൾ ധർമപുരിയിലാണ് താമസം. ഭാര്യയും മകളുമടങ്ങുന്ന കൊച്ചുകുടുംബം. രണ്ട് നോവലുകൾ എഴുതിക്കൊണ്ടിരിക്കുന്നു. ഒരു സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.