രാജ്യാന്തര പ്രശസ്തനായ മാധ്യമ പ്രവർത്തകനും ഇടതുപക്ഷ ചിന്തകനും ഗ്രന്ഥകർത്താവുമാണ് താരിഖ് അലി. അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ ജനിച്ച അദ്ദേഹം പഠനത്തിന്റെ ഭാഗമായാണ് ബ്രിട്ടനിെലത്തിയത്. ഓക്സ്ഫെഡ് സർവകലാശാലയിലെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ നാന്ദികുറിച്ച താരിഖ് അലി വിയറ്റ്നാം യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി ക്യൂബ, ബൊളീവിയ, വിയറ്റ്നാം, സോവിയറ്റ് യൂനിയൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി. ഇന്ത്യയിലെയും പാകിസ്താനിലെയും കമ്യൂണിസ്റ്റ് പാർട്ടികളുമായി ഹൃദയബന്ധം സൂക്ഷിക്കുന്ന താരിഖ് അലി ഏഷ്യൻ രാഷ്ട്രീയ നിരീക്ഷകൻ കൂടിയാണ്. 'ന്യൂ ലെഫ്റ്റ് റിവ്യൂ'വിനു വേണ്ടി 1975ലാണ് താരിഖ് അലി കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ കെ. ദാമോദരനുമായി അഭിമുഖം നടത്തിയത്. ആഗോള ശ്രദ്ധയാകർഷിച്ച ഈ അഭിമുഖം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച മികച്ച റഫറൻസായി മാറി. 47 വർഷങ്ങൾക്ക് ശേഷം, ആ അഭിമുഖത്തിന്റെ തുടർച്ച സംഭവിക്കുകയാണിപ്പോൾ. അന്നത്തെ അഭിമുഖകർത്താവുമായി, കെ. ദാമോദരന്റെ മകനും ഡോക്യുമെന്ററി സംവിധായകനുമായ കെ.പി. ശശി സംസാരിക്കുന്നു. ലണ്ടനിലുള്ള താരിഖ് അലിയുമായി മാധ്യമം ആഴ്ചപ്പതിപ്പിന് വേണ്ടി വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് കെ.പി. ശശി സംസാരിച്ചത്. ഒന്നരമണിക്കൂർ നീണ്ട സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ മൊഴിമാറ്റുന്നു.
എഴുപതുകളിൽ എന്റെ അച്ഛന്‍റെ (കെ.ദാമോദരൻ) അഭിമുഖത്തിനായി താങ്കളെത്തിയപ്പോൾ ഞാൻ ചെറിയ കുട്ടിയാണ്. പിതാവിനെ കുറിച്ചുള്ള പലരുടെയും ലേഖനങ്ങളും പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും താങ്കളുടേത് അതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നു. ആ അഭിമുഖത്തിൽ താങ്കളുന്നയിച്ചത് വളരെ സൂക്ഷ്മവും രാഷ്ട്രീയ മൂർച്ചയുള്ളതുമായ ചോദ്യങ്ങളാണ്. അതിനായി ആഴത്തിൽ ഗവേഷണം നടത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ഞാനടക്കമുള്ള ഒരുപാട് പേരുടെ മുന്നിൽ അച്ഛന്റെ ജീവിതം വരച്ചിട്ടതിന് നന്ദി.
താങ്കളുടെ അച്ഛൻ വലിയ മനുഷ്യനാണ്. അതീവ വിനയത്തോടെ അദ്ദേഹം എനിക്കായി ഒരുപാട് സമയം മാറ്റിവെച്ചു. ആ അഭിമുഖം റെക്കോഡ് ചെയ്ത് ഞാൻ ലണ്ടനിലേക്ക് കൊണ്ടുപോയി. എഡിറ്റിങ്ങിന് ശേഷം അദ്ദേഹത്തിന് അയച്ചുകൊടുത്തു. പിശകുകൾ സൂക്ഷ്മമായി പരിശോധിക്കണമെന്ന് അറിയിച്ചിരുന്നു. അദ്ദേഹത്തിന് എന്റെ എഴുത്തും അഭിമുഖവും നന്നേ ബോധിച്ചു.
ലോകവ്യാപകമായിത്തന്നെ അഭിമുഖം സ്വീകരിക്കപ്പെട്ടു. ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറം. കാരണം, ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ ചരിത്രം പലർക്കും കിട്ടാക്കനിയായിരുന്നു. അതൊരു റഫറൻസായി പരക്കെ അംഗീകരിക്കപ്പെട്ടു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലേക്ക് ഊളിയിടണമെങ്കിൽ ആ അഭിമുഖം വായിക്കണം എന്ന് തെക്കേ അമേരിക്കയിലേയും യൂറോപ്പിലേയും പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിന്, സി.പി.ഐക്കോ സി.പി.എമ്മിനോ പ്രത്യേകിച്ച് സന്തോഷമൊന്നുമില്ലായിരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ദാമോദരനെ അഭിമുഖം ചെയ്തതെന്നാണ് സി.പി.എമ്മിലെ ചിലർ ചോദിച്ചത്. അദ്ദേഹത്തെ ജെ.എൻ.യുവിൽവെച്ച് കണ്ടിട്ടുണ്ടെന്നും സത്യസന്ധത എന്നിൽ മതിപ്പുണ്ടാക്കിയെന്നുമായിരുന്നു മറുപടി. രാഷ്ട്രീയനേട്ടങ്ങളിൽ കണ്ണുവെക്കാതെ സത്യങ്ങൾ തുറന്നു പറയുന്നയാളാണ് അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം സി.പി.എമ്മോ സി.പി.ഐയോ എന്നത് വിഷയമായില്ല. സത്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്ന ഒരു പഴയ കമ്യൂണിസ്റ്റ് മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്.
മലയാളത്തിലെ മുൻനിര കവികളിലൊരാളായ സച്ചിദാനന്ദൻ 'ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിെന്റ ഓർമക്കുറിപ്പുകൾ' എന്ന പേരിൽ അത് മൊഴിമാറ്റിയിട്ടുണ്ട്. ഒരുപാട് പേർ അത് വായിക്കുകയും താങ്കളെ ഓർമിക്കുകയും ചെയ്യുന്നുണ്ട്.
ഒരു പ്രഭാഷണത്തിനായി ഞാൻ കേരളത്തിൽ വന്നിട്ടുണ്ട്. 2010ലോ 2011ലോ ആണെന്ന് തോന്നുന്നു. അതിനു ശേഷം ഞാൻ ചെന്നൈയിലേക്ക് പോയി. അവിടെയും കുറച്ചു പ്രഭാഷണങ്ങൾ ഉണ്ടായിരുന്നു.
താങ്കളുടെ അച്ഛനും അമ്മയും (മസ്ഹർ അലി ഖാൻ, താഹിറ മസ്ഹർ അലി) കമ്യൂണിസ്റ്റുകളായിരുന്നു. അവർ പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗവും ആയിരുന്നു. അവരുടെ വിവാഹത്തെക്കുറിച്ചും രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ഒരുപാട് കേട്ടിട്ടുണ്ട്.
എന്റെ മാതാപിതാക്കളുടെ ജീവിതം അക്കാലത്തെ സങ്കൽപങ്ങൾക്കപ്പുറത്താണ്. ഇപ്പോൾ ഓർക്കുമ്പോഴും അത് ഒരു സാഹസംതന്നെ. ഈ കഥ എന്റെ ഓർമക്കുറിപ്പുകളിൽ വിശദമായി എഴുതുന്നുണ്ട്. എന്റെ പിതാവ് സജീവ കമ്യൂണിസ്റ്റും വിദ്യാർഥി നേതാവുമായിരുന്നു. ലാഹോറിലെ കോൺഗ്രസ് വിദ്യാർഥി സംഘടനയിലെ ഇടതുപക്ഷ ചേരിയിലായിരുന്നു. അമ്മക്ക് അന്നൊരു 17-18 വയസ്സു കാണും. ബന്ധുക്കൾകൂടിയായ അവർ പ്രണയബദ്ധരായി. അത്രമേൽ തീവ്രതയുള്ള പ്രണയം. പഞ്ചാബിലെ പ്രധാനമന്ത്രിയായിരുന്ന മുത്തച്ഛന് (മാതാവിന്റെ പിതാവ്) മകളെ ഒരു കമ്യൂണിസ്റ്റുകാരൻ വിവാഹം ചെയ്യുന്നത് സങ്കൽപ്പിക്കാനാകുമായിരുന്നില്ല. മറ്റൊരു വിവാഹത്തിനായി അമ്മക്കുമേൽ സമ്മർദം മുറുകിയതോടെ പിതാവിന് വലിയ മാനസിക പിരിമുറുക്കം നേരിട്ടു. വിഷാദത്തിന്റെ വക്കോളമെത്തി. വടക്കൻ പാകിസ്താനിലെ ഫ്യൂഡൽ കുടുംബമാണ് അമ്മയുടേത്. അനേകം ഗ്രാമങ്ങളിലായി പടർന്നുകിടക്കുന്ന അവർക്ക് 14ാം നൂറ്റാണ്ടിലേക്ക് വരെ നീളുന്ന വംശാവലിയുണ്ട്. വളരെ യാഥാസ്ഥിതികവും പ്രതിലോമപരവുമായ കുടുംബമായിരുന്നു അത്. അത്തരമൊരു വീട്ടിൽ കമ്യണിസ്റ്റുകാരനുമായി പ്രണയത്തിലാണെന്ന് പറയുമ്പോഴുള്ള പ്രശ്നങ്ങൾ ഊഹിക്കാമല്ലോ. പല വിവാഹാലോചനകൾക്കും മുഖത്തുപോലും നോക്കാതെ അമ്മ വിസമ്മതം അറിയിച്ചു. രാജകുടുംബങ്ങളിൽനിന്നും ഭൂവുടമകളിൽനിന്നും ഫ്യൂഡൽ കുടുംബങ്ങളിൽനിന്നും വന്ന ആലോചനകൾ അവർ തട്ടിത്തെറിപ്പിച്ചു. സമ്മർദമേറിയപ്പോൾ അതീവ സുരക്ഷയുള്ള ആ വീട്ടിൽനിന്ന് എങ്ങനെയോ പുറത്തിറങ്ങി ആരും അറിയാതെ വിവാഹിതരായി. മാതാവിന്റെ വീട്ടുകാർ ഇതൊന്നും അറിഞ്ഞിരുന്നേയില്ല. ദിവസങ്ങൾ നീങ്ങി. എന്റെ പിതാവും മാതാവും വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു. സഹോദരിയുടെ കൈയിൽ മുത്തച്ഛന് കൊടുക്കാൻ ഒരു കത്ത് ഏൽപ്പിച്ചാണ് ഇറങ്ങിയത്. പിറ്റേദിവസം വെളുപ്പിന് ഏൽപ്പിക്കണം എന്നാണ് മാതാവ് പറഞ്ഞിരുന്നതെങ്കിലും ഭയത്താൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ സംഭവം മുത്തച്ഛനെ അറിയിച്ചു. താൻ അറിയാതെ മകൾ വിവാഹിതയായി എന്ന സത്യം കത്തിലൂടെ അറിഞ്ഞ മുത്തച്ഛന് നിയന്ത്രണം വിട്ടു. അരിശം കയറിയ അദ്ദേഹം തന്റെ സർവ അധികാരവും അവരെ കണ്ടെത്താനായി പ്രയോഗിച്ചു. ഒരു സംഘം പൊലീസുകാരെയും നിറയൊഴിക്കാൻ പാകമാക്കിയ തോക്കും പിടിച്ചാണ് അദ്ദേഹം അച്ഛന്‍റെ വീട്ടിലെത്തിയത്. പിതാവിന്റെ അമ്മയും മാതാവിന്റെ അച്ഛനും ബന്ധുക്കളാണ്. അവർ പരസ്പരം സ്നേഹിതരുമായിരുന്നു. എന്നാൽ അതൊന്നും മഞ്ഞുരുക്കിയില്ല. ഈ വിവാഹം അംഗീകരിക്കാൻ പറ്റില്ലെന്നും മകളെ കൊണ്ടുപോകുകയാണെന്നും പറഞ്ഞപ്പോൾ പിതാവ് ധീരനായ കാമുകനായി. ഒരു നിലക്കും വഴങ്ങിയില്ല. തന്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ കോടതിയിൽ കാണാമെന്നായിരുന്നു അച്ഛന്റെ നിലപാട്. ഒടുവിൽ ഗത്യന്തരമില്ലാതെ മുത്തച്ഛൻ ഒരു ഉപാധി മുന്നോട്ടുവെച്ചു. വിവാഹത്തിന് സമ്മതിക്കണമെങ്കിൽ ബ്രിട്ടീഷ് ആർമിയിൽ ചേരണം!
അക്കാലത്ത് സവർണ കുടുംബങ്ങളിൽ നിന്നുള്ളവരും ബ്രിട്ടീഷ് അനുഭാവമുള്ളവരും രാഷ്ട്രീയ ഇച്ഛാശക്തി തിരിച്ചറിയാൻ കൈകൊണ്ടിരുന്ന ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു അത്.
എന്നാൽ ആ പ്രണയത്തിൽ ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ ഇടപെടുകയായിരുന്നു. 1941ലെ ഹിറ്റ്ലറുടെ 'ഓപറേഷൻ ബാർബറോസാ' (സോവിയറ്റ് അധിനിവേശം) അരങ്ങേറിയ സമയമാണത്. പ്രതിപ്രവർത്തനമായി കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ലോകത്തെമ്പാടുമുള്ള പാർട്ടി പ്രവർത്തകരോട് ബ്രിട്ടീഷ് ആർമിയിൽ ചേരാൻ നിർദേശിച്ചു. ബ്രിട്ടീഷുകാർക്ക് വേണ്ടിയല്ല, മറിച്ച് സോവിയറ്റ് യൂനിയനെ പ്രതിരോധിക്കാനാണ് ഈ തീരുമാനമെന്നായിരുന്നു വാദം. പാർട്ടിയുടെ ഈ തീരുമാനത്തിൽ പിതാവ് അത്ഭുതപ്പെട്ടിരുന്നു. പാർട്ടി നിർദേശം തന്റെ പ്രണയസാഫല്യത്തിന് ഉതകുമെന്നറിഞ്ഞിട്ടും ബ്രിട്ടീഷുകാരെ കൂടുതൽ കൂടുതൽ ദുർബലപ്പെടുത്തണമെന്ന സുഭാഷ് ചന്ദ്രബോസിന്റെ വാദത്തിനോട് (ഒരു കാലത്തും അദ്ദേഹത്തിന്റെ ആരാധകൻ അല്ലാതിരുന്നിട്ടുപോലും) പിതാവ് ചേർന്നുനിന്നു. എന്നാൽ എല്ലാത്തിനും മുകളിലാണ് സോവിയറ്റ് യൂനിയൻ എന്നായിരുന്നു പാർട്ടി തീരുമാനം. ഏറെ ചിന്തകൾക്കൊടുവിൽ അദ്ദേഹം ആർമിയിൽ ചേരുകയും ലെഫ്റ്റനന്റ് യൂനിഫോമിൽ തന്നെ വിവാഹിതനാകുകയും ചെയ്തു. ആ കഥ സന്തോഷകരമായി പര്യവസാനിച്ചുവെങ്കിലും വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനകം എന്റെ മുത്തച്ഛൻ 49ാം വയസ്സിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. തന്റെ പ്രവൃത്തിമൂലമാണ് ആ മരണം സംഭവിച്ചതെന്ന തോന്നൽ അമ്മയെ വല്ലാതെ അലട്ടിയിരുന്നു. ഏറെ വൈകിയാണ് ഈ കഥകളെല്ലാം ഞാൻ അറിഞ്ഞത്. ഞാൻ ജനിക്കുന്ന സമയത്ത് പിതാവ് യുദ്ധസ്ഥലത്താണ്. മാതാവാകട്ടെ പിൽക്കാലത്ത് തന്റെ സ്വത്തുക്കളിൽ നല്ലൊരു ഭാഗം പാർട്ടിക്ക് നൽകുകയും ചെയ്തു.
കൗമാരകാലത്ത് ബന്ധുക്കൾ പാകിസ്താനിലെ നിങ്ങളുടെ സുരക്ഷയെപറ്റി ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ടല്ലേ ഇംഗ്ലണ്ടിലേക്ക് പറഞ്ഞയച്ചത്?
അതെ. അമ്മാവൻ മിലിറ്ററിയിലെ സീനിയർ ഇന്റലിജൻസ് ഓഫിസറായിരുന്നു. അദ്ദേഹം ഒരിക്കൽ മാതാവിനോട് എന്നെക്കുറിച്ചുള്ള ഉത്കണ്ഠകൾ പങ്കുവെച്ചു. 18 വയസ്സേ ഉള്ളെങ്കിലും എന്റെ മേലുള്ള സ്റ്റേറ്റിന്റെ ആരോപണങ്ങൾ വലുതായിരുന്നു. എന്നെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നും അറസ്റ്റിന് സാധ്യതയുള്ളതിനാൽ വേഗം വിദേശത്തേക്ക് അയക്കണമെന്നും പറഞ്ഞു. ഈ വിവരം അറിഞ്ഞാൽ ഞാൻ വിദേശത്ത് പോകില്ലെന്ന് അവർക്കറിയാമായിരുന്നു. അവരത് മറച്ചുവെച്ചു. ഫസ്റ്റ് ഡിഗ്രി പഠിക്കാൻ വിദേശത്ത് പോകണമെന്നാണ് എന്നോട് പറഞ്ഞത്. ഞാൻ ഓക്സ്ഫഡിൽ പോകാൻ അപേക്ഷിച്ചത് അങ്ങനെയായിരുന്നു. സത്യത്തിൽ അന്നത്തെ അവരുടെ ആ തന്ത്രം ഗുണകരമായി ഭവിച്ചു എന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.
ഓക്സ്ഫഡിൽ നിങ്ങൾ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു?
അതെ. പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് എന്തും വായിക്കാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ടായിരുന്നു. പാകിസ്താനിൽ പത്തുവർഷം നീണ്ട പട്ടാളഭരണ സമയത്ത് എല്ലാ കമ്യൂണിസ്റ്റ് സാഹിത്യങ്ങളും നിരോധിക്കപ്പെട്ടിരുന്നു. ആ സമയത്ത് നാട്ടിലേക്കു വരാനും കഴിഞ്ഞിരുന്നില്ല. പക്ഷേ, എല്ലാമൊന്നും തടയാൻ പട്ടാളത്തിനായില്ല. മാർക്സും ലെനിനുമെല്ലാം വളരെ വേഗത്തിൽ അവിടെ പ്രചരിച്ചിരുന്നു. ഞങ്ങൾ സ്വകാര്യ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. അട്ടിമറികൾക്കായിരുന്നില്ല, മറിച്ച് റഷ്യൻ വിപ്ലവത്തിന്റെ ചരിതം പഠിക്കാനും മാർക്സിനെ വായിക്കാനുമായിരുന്നു കൂടിയിരുന്നത്. ആ സമയത്ത് ഞാൻ വായിക്കേണ്ടിയിരുന്ന പല പുസ്തകങ്ങളും ലഭ്യമായിരുന്നില്ല. ലൈബ്രറികളിൽനിന്ന് അവ മാറ്റപ്പെട്ടിരുന്നു.
വിയറ്റ്നാം യുദ്ധത്തിനു ശേഷമാണ് താങ്കൾ ഇംഗ്ലണ്ടിൽ അറിയപ്പെടാൻ തുടങ്ങുന്നത്, ശരിയല്ലേ..?
അതെ... അതിനും കുറച്ചു മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നു. പക്ഷേ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശേഷം എന്നിലേക്ക് വലിയ ശ്രദ്ധ നീണ്ടു. മുളയിലേ നുള്ളിയാൽ വളരില്ല എന്ന മനോഭാവം ബ്രിട്ടീഷുകാർക്കുണ്ട്. അത് ഒരുപക്ഷേ പൂവിന്റെ കാര്യത്തിൽ ശരിയാകാം, എന്നാൽ മനുഷ്യന്റെ കാര്യത്തിലും രാഷ്ട്രീയത്തിലും ശരിയല്ല. ബ്രിട്ടീഷ് മാധ്യമങ്ങൾ എന്നെ നിരന്തരം ആക്രമിച്ചിരുന്നു. ഈയിടെ ഒരു അന്വേഷണ കമീഷനിൽനിന്ന് പൊലീസിന്റെ ചാരവൃത്തികളെക്കുറിച്ച് ഞാൻ മനസ്സിലാക്കി. ഏതാണ്ട് രണ്ടു ഡസനിലധികം പൊലീസുകാർ 50 വർഷത്തിലധികമായി എന്നെ ചാരപ്പണി ചെയ്തിരുന്നത്രെ! ഇറാഖ് യുദ്ധം വരെയാണ് ചാരപ്പണിയെന്നാണ് അവർ സമ്മതിച്ചത്. എന്നാൽ എനിക്കുറപ്പുണ്ട്, അവരിപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്ന്. അതൊക്കെ ആര് ശ്രദ്ധിക്കുന്നു? പൊതുജനങ്ങൾക്ക് മുമ്പിൽ പറയാത്തതൊന്നും സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങളിലും പറയാറില്ല എന്നാണ് ഞാൻ അന്വേഷണ കമീഷനുമുന്നിൽ മറുപടി കൊടുത്തത്.
താങ്കളുടെ യാത്രകൾ വളരെ കൗതുകം നിറഞ്ഞതായിരുന്നു. ചെ ഗുവേര ജീവിച്ചിരുന്ന സമയത്ത് ബൊളീവിയയിൽ പോയതിനാൽ നിങ്ങളെ ക്യൂബൻ വിപ്ലവകാരിയായും ബ്രാൻഡ് ചെയ്യപ്പെട്ടിരുന്നു. രാത്രി മുഴുവൻ പീഡിപ്പിച്ചുകൊണ്ടിരുന്നാൽ രാവിലെ ആവുമ്പോഴേക്കും സ്പാനിഷ് പഠിക്കാൻ കഴിയുന്നതുകൊണ്ട് ഞാൻ നിങ്ങളോട് നന്ദിയുള്ളവനായിരിക്കുമെന്ന് താങ്കൾ ക്യൂബൻ പട്ടാളത്തോട് പറഞ്ഞതായി വായിച്ചിട്ടുണ്ട്..?
അന്ന് വളരെ ചെറുപ്പകാലമല്ലേ. ക്യൂബൻ വിപ്ലവത്തെ അടിച്ചമർത്താനായി ഒരുപാട് പേരെ കൊലപ്പെടുത്തുന്നുവെന്ന വിവരം ഞാൻ അറിഞ്ഞിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. മരിക്കുകയാണെങ്കിൽ മരിക്കട്ടെ എന്ന മനോഭാവമായിരുന്നു. വിയറ്റ്നാമിലെ സാഹചര്യം അതിലും ഭീതിദമായിരുന്നു. വിശ്വപ്രസിദ്ധ ചിന്തകൻ ബെർട്രാൻഡ് റസലും അദ്ദേഹത്തിന്റെ ഫ്രഞ്ചുകാരനായ സുഹൃത്ത് ഴാങ് പോൾ സാർത്രും (Jean-Paul Sartre) ചേർന്ന് യുദ്ധക്കുറ്റങ്ങൾ കണ്ടെത്താനായി ഒരു അനൗദ്യോഗിക ട്രൈബ്യൂണൽ രൂപവത്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഞങ്ങൾ ഉത്തര വിയറ്റ്നാമിലെത്തിയത്. യു.എസ് സേന ബോംബുകൾകൊണ്ട് നിഷ്ഠുരത നടത്തുന്ന സമയമാണത്. നഗരങ്ങൾ ബോംബ് വീണ് ചുവന്നിരുന്നു. പാതകളിൽ കനലുകൾ ശേഷിച്ചതിനാൽ പാദങ്ങൾ ചുട്ടുപൊള്ളി. പടിഞ്ഞാറൻ യൂറോപ്പിലെ സുഖശീതളിമയാർന്ന വീട്ടിൽനിന്നോ ഓഫിസിൽനിന്നോ അവരുടെ വേദന വിവരിക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെയാണ് നേരിട്ട് ഇറങ്ങിയത്. അമേരിക്കക്കാർതന്നെ കണ്ടുപിടിച്ച മാരകശേഷിയുള്ള ബോംബുകളും മറ്റും അവർ നിരപരാധികളായ വിയറ്റ്നാം ജനതയുടെ മേൽ പ്രയോഗിക്കുകയായിരുന്നു. അമേരിക്ക ഇവയെല്ലാം യൂറോപ്പിൽ പ്രയോഗിക്കുമോ എന്ന വിയറ്റ്നാം ജനതയുടെ ചോദ്യത്തിന് മറുപടി നൽകാൻ എനിക്കായില്ല. എണ്ണമെടുക്കാനാകുന്നതിലും അപ്പുറമുള്ള വീടുകൾ അവിടെ തകർത്തിരുന്നു. ഞങ്ങൾ ഒളിയിടങ്ങൾ പരതുകയായിരുന്നു. ഒരു നഗരത്തിൽനിന്നും മറ്റൊരു നഗരത്തിലേക്ക് പോകാൻ രാത്രിയാകുന്നതുവരെ കാത്തിരിക്കണം. പകൽ പോകുന്നത് വളരെ അപകടമാണ്. തകർക്കപ്പെട്ട ആശുപത്രികളും മൃതദേഹങ്ങളുമെല്ലാം കാണുന്നതിനായി ഒന്നോരണ്ടോ തവണ ഞങ്ങൾ പുറത്തുപോകാൻ ശ്രമിച്ചു. പക്ഷേ ഞങ്ങളുടെ പ്രവൃത്തി അപകടം പിടിച്ചതാണെന്ന് വിയറ്റ്നാം സ്വദേശികൾ ഓർമിപ്പിച്ചു. ഞങ്ങളെ അവർ തടുത്തുനിർത്തി. അപകടം സംഭവിച്ചാലും പ്രശ്നമില്ല എന്നായിരുന്നു ഞങ്ങൾ പറഞ്ഞത്. പക്ഷേ അതിഥികളായ ഞങ്ങൾക്ക് ഒരു അത്യാഹിതവും സംഭവിക്കുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല. വിയറ്റ്നാമിലെ അനുഭവങ്ങളാണ് എന്നെ ഞാനാക്കിയതെന്ന് പറയാം.
ലോകത്തിന്റെ വലിയ വിഭാഗം സോഷ്യലിസ്റ്റ് ചേരിയിൽ നിലയുറപ്പിച്ച കാലമുണ്ടായിരുന്നു. അത് യഥാർഥ സോഷ്യലിസമാണോ അല്ലയോ എന്നത് വേറെ വിഷയം. കൂടാതെ ശക്തരായ കമ്യൂണിസ്റ്റ് പാർട്ടികളും മാവോവാദികളും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അതിനെല്ലാം മാറ്റം വന്നിരിക്കുന്നു. ആ പാരമ്പര്യത്തിന് വല്ലാത്ത ക്ഷയം സംഭവിച്ചു. ഇന്ത്യയിലെ ശക്തികേന്ദ്രമായ ബംഗാളിൽനിന്നടക്കം കമ്യൂണിസ്റ്റുകൾ നിഷ്കാസനം ചെയ്യപ്പെട്ടിരിക്കുന്നു. കേരളമൊഴികെയുള്ളിടത്തെല്ലാം നാമമാത്രമാണ് സാന്നിധ്യം. കോൺഗ്രസിന്റെ കാര്യവും മറിച്ചല്ല. നിങ്ങൾ എങ്ങനെയാണ് ഈ തിരോധാനത്തെ നോക്കിക്കാണുന്നത്. ആദർശപരമായ ഒരു ആശയക്കുഴപ്പം കേരളത്തിലും ഇന്ത്യയിലും ലോകത്തിലുമെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയിൽ സംഭവിച്ചിട്ടുണ്ടോ?
ഇത് ബൃഹത്തായ വിഷയമാണ്. എന്റെ വീക്ഷണത്തിൽ 1917ലെ റഷ്യൻ വിപ്ലവത്തിന്റെ വിജയം ഒരു മഹാപരിവർത്തനമായിരുന്നു. അത് ലോകത്തെ മാറ്റിമറിച്ചു. 1917ഒക്ടോബർ മുതൽ സോവിയറ്റ് യൂനിയൻ എന്ന രാഷ്ട്രം പിറന്നുവെന്നു പറയാം. സ്റ്റാലിനടക്കമുള്ള ബോൾഷെവിക് നേതൃത്വം 1917ലും തുടർന്നും കരുതിയിരുന്നത് ജർമനിയിലും അല്ലെങ്കിൽ യൂറോപ്പിലെ ഒന്നോ രണ്ടോ രാജ്യങ്ങളിലെങ്കിലും സമാന വിപ്ലവം വരുമെന്നാണ്. ആ വിപ്ലവം പുതിയ സോവിയറ്റ് യൂനിയന്റെ ഒറ്റപ്പെടലും പിന്നാക്കാവസ്ഥയും പരിഹരിക്കപ്പെടുമെന്നും അതിനെ മുന്നോട്ടു നയിക്കുമെന്നും അവർ പ്രതീക്ഷിച്ചു. പക്ഷേ അത് സംഭവിച്ചില്ല.
ഫാഷിസ്റ്റ് ഗവണ്മെന്റ് അധികാരത്തിൽ വരുന്നതാണ് ബോൾഷെവിസം വിപുലീകരിക്കുന്നതിനെ തടയാനുള്ള മാർഗമെന്ന് ഇറ്റലിയിലും ജർമനിയിലും ബൂർഷ്വാസികൾ വിശ്വസിച്ചിരുന്നു. ഫ്രാൻസിനും ഇംഗ്ലണ്ടിനും ഫാഷിസേത്താട് വലിയ അനുഭാവമുണ്ടായിരുന്നു. വിൻസ്റ്റന്റ് ചർച്ചിൽ മുസോളിനിയെ പുകഴ്ത്തിപ്പറഞ്ഞിരുന്നു. ഈ അടുത്ത് ചർച്ചിലിന്റെ ജീവചരിത്രം പൂർത്തിയാക്കിയതുകൊണ്ട് ഇതിനെക്കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ട്. കമ്യൂണിസ്റ്റ് ഉയർച്ച തടയാനുള്ള ഏക മാർഗം തെരുവിലുള്ള യുദ്ധങ്ങളാണെന്നായിരുന്നു ചർച്ചിലിന്റെ അഭിപ്രായം. തങ്ങൾ സാധാരണ കൺസർവേറ്റിവുകൾക്ക് കഴിയാത്ത ഈ കാര്യം ഫാഷിസ്റ്റുകൾക്ക് കഴിയുമെന്ന് അവർ കരുതുകയും അവർക്ക് ഓശാന പാടുകയും ചെയ്തു. അങ്ങനെയാണ് ലോകം വിഭജിച്ചത്. രണ്ടാം ലോകയുദ്ധത്തിനുശേഷം കമ്യൂണിസ്റ്റ് മുന്നേറ്റം ഉണ്ടായെന്ന് പറയാം. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ഫാഷിസ്റ്റ് പ്രതിരോധത്തിൽ വലിയ പങ്കുവഹിച്ചു. പക്ഷേ, വിരോധാഭാസമെന്ന് പറയട്ടെ, ബ്രിട്ടീഷുകാരെ സഹായിച്ചതുകൊണ്ട് ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് നിയമപരമായ അംഗീകാരം ലഭിച്ചു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് വലിയ വിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജയിലിൽ ആയിരുന്നതിനാൽ പാർട്ടിയിലേക്ക് വലിയ രീതിയിൽ ആളുകളെ എത്തിക്കാനുമായി. പാർട്ടി മെംബർഷിപ്പ് സംബന്ധിച്ചുള്ള കണക്കുകൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. രണ്ടാം ലോക യുദ്ധാനന്തരംതന്നെ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി സി.പി.ഐ മാറിയിരുന്നു. ഒരു സോഷ്യൽ ഡെമോക്രാറ്റ് ആയിരുന്ന നെഹ്‌റു അടങ്ങുന്ന കോൺഗ്രസും പ്രതിപക്ഷമായി സി.പി.ഐയും. ഇന്ത്യയിൽ കമ്യൂണിസത്തിന്റെ ശക്തി അടയാളപ്പെടുത്താൻ അത് ധാരാളമായിരുന്നു. അതേസമയം ചൈനയിലും യൂഗോസ്‍ലാവിയയിലും ടിറ്റോയെയും മാവോയെയും പോലെയുള്ള നേതാക്കൾ സോവിയറ്റ് യൂനിയന് അധരസേവ നടത്തുകയായിരുന്നെന്ന് പറയാം. അവർ സോവിയറ്റ് താൽപര്യങ്ങൾ എന്ന േപരിൽ തങ്ങളുടെ ഇംഗിതങ്ങളും നടപ്പാക്കി.
സമാന്തരമായി ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. സ്റ്റാലിൻ ടിറ്റോയെ റെവല്യൂഷനറി എന്ന് വിളിച്ചിരുന്ന സമയത്ത് കേരളത്തിൽ മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ എന്നിവരോടൊപ്പം ടിറ്റോയുടെ ചിത്രങ്ങളും ചുവരുകളിൽ തൂങ്ങിയിരുന്നു. പിന്നീട് സ്റ്റാലിൻ പ്രതിവിപ്ലവകാരി എന്ന് വിളിച്ച സമയത്ത് ടിറ്റോയുടെ ചിത്രങ്ങൾ നീക്കുകയും ചെയ്തു. പിന്നീട് ക്രൂഷ്ചേവ് ടിറ്റോയെ റെവല്യൂഷനറി എന്ന് വിളിച്ചപ്പോളാണ് കേരളത്തിലെ പാർട്ടി ഓഫിസുകളിൽ ടിറ്റോയുടെ ചിത്രങ്ങൾ തിരികെ വന്നത്.
ഏകശിലാ രൂപത്തിലുള്ള പാർട്ടിയുടെ ഒരു പോരായ്മ ആണിത്. ഏക പാർട്ടി സംവിധാനം ഉള്ളിടത്ത് വ്യത്യസ്ത അഭിപ്രായങ്ങൾക്കോ വിയോജിപ്പുകൾക്കോ സ്ഥാനമുണ്ടാകുകയില്ല. അല്ലെങ്കിൽ അനുവദിക്കുകയില്ല. രണ്ടാം ലോക യുദ്ധാനന്തരം രൂപവത്കരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടികളിൽ ഭൂരിഭാഗവും സംവാദങ്ങൾ അനുവദിച്ചിരുന്നില്ല. ഇതിനൊരു ഭാഗിക അപവാദം ടിറ്റോയുടെ സംഘമാണ്. മറ്റുള്ളവരുടെ നിലപാടുകളെല്ലാം മോസ്കോയിൽനിന്ന് വരുന്നവയായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടികൾ പൂർണമായും സോവിയറ്റ് യൂനിയനെ ആശ്രയിച്ചിരുന്നുവെന്നത് നേരാണ്. അന്ധമായി സോവിയറ്റ് യൂനിയനെ പിന്തുടർന്നത് അബദ്ധമായിരുന്നോ? ഇറ്റലിയിലെയും ഫ്രാൻസിലെയും കമ്യൂണിസ്റ്റ് പാർട്ടികൾ നല്ല ബുദ്ധിജീവികളെ ഉൽപാദിപ്പിച്ചിരുന്നു. പക്ഷേ അവരും മോസ്കോക്ക് വിധേയരായിരുന്നു, ഗ്രാംഷി മാത്രമാണ് അപവാദം.
ട്രോട്സ്കിയുടെ ഗ്രൂപ്പ് കമ്യൂണിസ്റ്റ് പാർട്ടിക്ക് എത്രതന്നെ വിഭാഗീയരായിരുന്നുവെങ്കിലും അവർക്കിടയിൽ ഒരു സ്പേസ് ഉണ്ടായിരുന്നു. ഒരേസമയം മാർക്സിസ്റ്റ് ആകാനും ക്രിട്ടിക് ആവാനും വിമതർ ആവാനുമുള്ള ഒരു സ്പേസ് അവർക്കിടയിൽ ഉണ്ടായിരുന്നു. അതായത് സോവിയറ്റ് യൂനിയൻ ഹംഗറിയിൽ ചെയ്തതിനെയോ ജാക്സൺ വാനിക് ഭേദഗതിയെയോ (Jackson-Vanik) അനുകൂലിക്കേണ്ട ഒരു ആവശ്യവുമില്ല. എന്നാൽ സോവിയറ്റ് യൂനിയനും ഇടതുപക്ഷവും തകരണം എന്ന ആവശ്യവുമില്ല എന്നതായിരുന്നു അവരുടെ നിലപാട്.
കമ്യൂണിസത്തിനകത്ത് തന്നെയുള്ള ഗ്രൂപ്പുകളും ധാരകളും നിലച്ചത് വലിയ രീതിയിൽ ദോഷം ചെയ്തു. ദിനപത്രങ്ങളും പുസ്തകങ്ങളും പബ്ലിഷിങ് ഹൗസുകളും ഒക്കെ ഉണ്ടായിരുന്ന ഇറ്റലിയിലെയും ഫ്രാൻസിലെയും വലിയ കമ്യൂണിസ്റ്റ് പാർട്ടികൾ തരിപ്പണമായിരിക്കുന്നു.
ബംഗാളിലെ സി.പി.എമ്മിന്റെ സമ്പൂർണ തകർച്ച ചരിത്രം നൽകുന്ന തിരിച്ചടി ആണ്. ഇതുപോലെ തുടരാൻ ഇനിയും അവർക്ക് കഴിയില്ല. ഒരുപാട് നല്ല മനുഷ്യർ അതിലുണ്ടെന്ന കാര്യത്തിൽ ഞാൻ യോജിക്കുന്നു. അവിടെനിന്നുള്ള ഓരോ റിപ്പോർട്ടിലും ഇപ്പോൾ കേൾക്കുന്നത് പാർട്ടി അനുഭാവികൾ ബി.ജെ.പിയിലേക്കും തൃണമൂൽ കോൺഗ്രസിലേക്കും പോകുന്നതിനെക്കുറിച്ചാണ്. ഈ പൂർണമായ തിരോധാനം ഞെട്ടിപ്പിക്കുന്നതാണ്. പാർട്ടി അനുകൂലികൾ ആയിരുന്നവർക്ക് പാർട്ടിയെക്കുറിച്ചുള്ള ഒരു ചരിത്ര സ്മരണപോലുമില്ലേ? കുറച്ചു കാര്യങ്ങളെങ്കിലും പാർട്ടി അവിടെ ചെയ്‌തിട്ടില്ലേ? അതൊന്നും ഒരിക്കലും മറക്കരുത്.
സാധാരണഗതിയിൽ ഒരു ജനകീയ സർക്കാർ ജനപ്രിയമായ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആ പാർട്ടി അവിടെ നിലനിൽക്കേണ്ടതാണ്. ഉദാഹരണത്തിന് അർജന്റീനയിലെ പെറോണിസ്റ്റ് സർക്കാറാണ് തൊഴിലാളികൾക്ക് ട്രേഡ് യൂനിയനുകൾ നൽകാൻ അനുമതി നൽകിയത്. അതുകൊണ്ടുതന്നെ പെറോണിസ്റ്റുകൾ ഇപ്പോഴും അർജന്റീനയിൽ നിലനിൽക്കുന്നുണ്ട്. പഴയ പ്രതാപത്തിൽ അല്ലെങ്കിൽപോലും.
എന്നാൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ ചരിത്രസ്മരണകളൊന്നും കാണാനില്ല. സ്മരണകളുണ്ടാക്കാൻ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തെ കുറിച്ചും ബോംബെ ജനറൽ സ്ട്രൈക്കിനെക്കുറിച്ചുമെല്ലാം ഓർമിപ്പിക്കേണ്ട അവസ്ഥ വരുന്നു. ഗൃഹാതുരതകളുണർത്തി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത് ഫലം ചെയ്യില്ല എന്ന് ഞാൻ കരുതുന്നു. ആഗോള കമ്യൂണിസത്തിന് 1990കളോടെ തുടങ്ങിയ തകർച്ച 21ാം നൂറ്റാണ്ടിൽ മൂർത്തിമദ്ഭാവത്തിലെത്തിയെന്ന് സമ്മതിക്കുന്നു. കമ്യൂണിസത്തിന് മാത്രമല്ല സോഷ്യൽ ഡെമോക്രാറ്റുകൾക്കും തിരിച്ചടികളുടെ കാലമാണ്. യൂറോപ്പിന്റെ മിക്ക ഭാഗങ്ങളിലും ജർമനിയിൽപോലും അവർ ചെറിയ പാർട്ടികളായി മാറി. ഫ്രാൻസിൽ സർക്കാർ രൂപവത്കരിച്ചിട്ടും ഒരുപാട് വോട്ടുകൾ നഷ്ടപ്പെട്ടു.
മുതലാളിത്തം സ്വീകരിച്ച പുതിയ നയങ്ങളുടെ ഭാഗമായി ലോകത്തിന്റെ പലഭാഗങ്ങളിലും പ്രധാനമായും ബ്രിട്ടനിലെ തൊഴിലാളി വർഗ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കി. നവലിബറൽ മുതലാളിത്തം പരസ്യമായി തന്നെ അടിച്ചേൽപിക്കപ്പെട്ടു. സമൂഹത്തിൽ ധനികനെന്നും ദരിദ്രനെന്നുമുള്ള പാളികൾ സൃഷ്ടിക്കപ്പെട്ടു. ഇന്ത്യയിലെ അൽപബുദ്ധികളായ ശതകോടീശ്വരന്മാരും ഈ ഭാഷയാണ് സംസാരിക്കുന്നത്. അവരെ പിന്താങ്ങിക്കൊണ്ട് നവലിബറൽ സെമി ഫാഷിസ്റ്റ് പാർട്ടിയായ ബി.ജെ.പിയുമുണ്ട്. ബി.ജെ.പിയും മോദിയും എല്ലാ കാലത്തും അധികാരത്തിൽ നിൽക്കുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. അധികം വൈകാതെ അവർക്കും അധികാരം നഷ്ടപ്പെടും. പക്ഷേ, ബി.ജെ.പിക്കും മോദിക്കും ശേഷം എന്താണ് എന്നതാണ് ചോദ്യം.
20ാം നൂറ്റാണ്ടിൽ റഷ്യൻ വിപ്ലവവും ക്യൂബൻ വിപ്ലവവും ചൈനീസ് വിപ്ലവവുമെല്ലാം നമ്മൾ കണ്ടു. 21ാം നൂറ്റാണ്ട് പ്രതിവിപ്ലവ (counter-revolution) കാലമാണ്. അമേരിക്കയിൽ ട്രംപ് പ്രസിഡന്റായത് വൈറ്റ് സുപ്രീമസി പരസ്യമായി ഉയർത്തിയാണെന്ന് എല്ലാവർക്കുമറിയാം. മോദിക്കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ പ്രവണതകൾക്ക് തുടക്കമിട്ടു. ഹിന്ദുദേശീയതയെ പരിപോഷിപ്പിച്ച് മുമ്പില്ലാത്തവിധം ഇന്ത്യൻ സംസ്കാരത്തിൽ നുഴഞ്ഞുകയറി. ഹിന്ദു മത സ്വത്വം ഏതെങ്കിലും തരത്തിൽ വെളിവാക്കാത്ത ഒരു ബോളിവുഡ് മൂവിപോലും ഇപ്പോൾ കാണാനില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി ആധിപത്യം പുലർത്തിയിരുന്ന ജാതിയുമായും ജാതിവ്യവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നതാണ് ബി.ജെ.പി ഉയർത്തുന്ന ഹിന്ദു ഐഡന്റിറ്റി. ബി.ജെ.പിയിലെത്തന്നെ വലിയ വിഭാഗം നേതാക്കളും അനുയായികളും സവർണരും ശുദ്ധ ബ്രാഹ്മണരുമാണ്. ജാതി ഐക്യത്തെക്കുറിച്ചെല്ലാം സംസാരിക്കുമ്പോൾ മോദിതന്നെ വളരെ ശ്രദ്ധാലുവാണ്.
ജാതി ഉന്മൂലനം എന്നത് ഇടത് ബുദ്ധിക്ക് പോലും തീർക്കാനാകാത്ത വലിയ പ്രശ്നമാണ്. അടുത്തിടെവരെ അതിന് വലിയ മാറ്റം ഉണ്ടായിട്ടില്ല. സോഷ്യലിസം വന്നാൽ ജാതി വ്യവസ്ഥ അപ്രത്യക്ഷമാകും എന്നാണ് നമ്മുടെ കാഴ്ചപ്പാട്. ഇന്ത്യയിൽ സോഷ്യലിസം വന്നാലും ജാതിവ്യവസ്ഥ മാഞ്ഞുപോകുമെന്ന് ഞാൻ കരുതുന്നില്ല. ജാതിവ്യവസ്ഥ ഇന്ത്യൻ ശരീരത്തിൽ വളരെ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഒരു യാഥാർഥ്യമാണ്. ദീർഘമായ പോരാട്ടങ്ങളും പരിഷ്കരണങ്ങളുമാണ് ഇതിന് പ്രതിവിധി.
വലിയ രാജ്യങ്ങളിൽ മോശം ഉദാഹരണമായി മാറിയ ഇന്ത്യയെക്കുറിച്ചോർത്ത് എനിക്ക് ആധിയുണ്ട്. ഇന്ത്യയെ യൂറോപ്പിലെ ഭരണകൂടങ്ങളൊന്നും ഗൗനിക്കുന്നതേയില്ല. അമേരിക്കയുടെ സ്ഥിതിയും മറ്റൊന്നല്ല. മതേതര കാഴ്ചപ്പാടുകളിൽ ചുറ്റിക്കറങ്ങിയിരുന്ന ഇന്ത്യൻ രാഷ്ട്രീയം പൂർണമായും ഭൂരിപക്ഷത്തിന്റേതായി. ചരിത്രം പൂർണമായും മാറ്റിയെഴുതുകയും ഭാവനകൾ വസ്തുതകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.
സത്യസന്ധമായി പറഞ്ഞാൽ ഇക്കൂട്ടർ അധികാരത്തിൽ വന്നതുമുതൽ എന്റെ മനസ്സ് പൂർണമായും ഇന്ത്യയിൽനിന്നും അകന്നിട്ടുണ്ട്. നിങ്ങളെപ്പോലുള്ള ആളുകൾ ക്ഷണിച്ചതുകൊണ്ട് മാത്രമാണ് ഇന്ത്യയിലേക്ക് അവസാനമായി പ്രഭാഷണത്തിന് വന്നത്. ഇന്ത്യയിലേക്കുള്ള യാത്രകൾ ഇഷ്ടമല്ലാതായിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയം അയൽരാജ്യങ്ങൾക്ക് ദിശകാണിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ വിപരീത ദിശയിലാണ്.
പാകിസ്താനിലെ ജിഹാദിഗ്രൂപ്പുകൾ ഇന്ത്യയിലേക്ക് വിരൽചൂണ്ടുകയാണ്. ഇന്ത്യയിലെ മുസ്‍ലിംകളെ പീഡിപ്പിക്കുന്നു, ന്യൂനപക്ഷങ്ങൾക്കെതിെര ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്നു എന്നെല്ലാം അവർ വാദിക്കുന്നു. ഞാൻ ഇവരെയും ശക്തമായി എതിർക്കുന്നുണ്ട്.
കശ്മീർ വിഷയത്തിൽ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ നിലപാടുകൾ ഞെട്ടിക്കുന്നതാണ്. മാറിവരുന്ന സർക്കാറുകൾക്ക് മുന്നിൽ ശക്തമായ സമ്മർദം സൃഷ്ടിക്കാൻ അവർക്കായില്ല. 1950 മുതൽ തന്നെ, കശ്മീരിനോട് ചെയ്തത് അനീതിയാണെന്ന് നെഹ്‌റുപോലും ഗൗരവമായി മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ അവസാന കാലത്ത് ശൈഖ് അബ്ദുല്ലയെ പാകിസ്താനിലേക്ക് ഒത്തുതീർപ്പുചർച്ചകൾക്കായി പറഞ്ഞയച്ചിരുന്നു. നെഹ്റു മരിച്ച സമയത്ത് ശൈഖ് അബ്ദുല്ല അദ്ദേഹത്തിന്റെ പാക് സുഹൃത്തുക്കളോട് പറഞ്ഞത്, ''നമ്മൾ തോറ്റു. 1947ൽ ഇന്ത്യൻ ഭരണകൂടം നമ്മോടു ചെയ്തതെന്തെന്ന് കൃത്യമായി മനസ്സിലാക്കിയിരുന്ന അവസാന വ്യക്തിയെയും നഷ്ടപ്പെട്ടു''വെന്നാണ്.
പിന്നീട് എന്തൊക്കെയാണ് അവിടെ അരങ്ങേറിയത്... കൊലപാതകങ്ങൾ, കൂട്ട കുഴിമാടങ്ങൾ, കൂട്ട ബലാത്സംഗങ്ങൾ, തിരോധാനങ്ങൾ... എല്ലാം എവിടെ അവസാനിക്കുമോ ആവോ.
വിമർശനാത്മക ചർച്ചകൾക്ക് ഇടമില്ലാത്തത് പാർട്ടിക്കുള്ളിലെ ഗുരുതര പ്രശ്നമായി ഞാൻ കാണുന്നു. ആധുനിക തൊഴിലാളി വർഗ സമവാക്യങ്ങൾ സങ്കീർണമാണ്. ഒരു വിഭാഗം കുറഞ്ഞ വേതനം കിട്ടുന്നവരാണെങ്കിൽ മറുവിഭാഗം ഉയർന്ന വേതനം പറ്റുന്നവരാണ്. മാത്രമല്ല അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും എൺപതുകളിലുമായി നിരവധി സമാന്തര പ്രസ്ഥാനങ്ങൾ ഉടലെടുത്തു. വനിതാ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. കൂടാതെ ജാതി പ്രസ്ഥാനങ്ങളും പ്രബലമാണ്. ഞാൻ താമസിക്കുന്ന കർണാടകയിൽ അടക്കം. ഇപ്പോൾ വർക്കിങ് ക്ലാസിനെ ഒരു പരമ്പരാഗത നിർവചനംകൊണ്ട് അടയാളപ്പെടുത്താൻ കഴിയില്ല. പരമ്പരാഗത വർക്കിങ് ക്ലാസ് മാത്രമല്ല വിപ്ലവ പ്രസ്ഥാനങ്ങൾ എന്ന നിലയിലേക്ക് കാര്യങ്ങൾ വന്നു. വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം വിവിധ സാമൂഹിക പാളികളിൽനിന്നാണ് നടക്കുന്നത്. ഇത്തരം സാമൂഹിക പാളികളെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര വിശകലനം ഒരു പരാജയമാണ്. ഇന്ത്യയിൽ ആണെങ്കിൽ സാംസ്‌കാരിക വൈവിധ്യം ഒട്ടും ലളിതവുമല്ല. ഏതാണ്ട് നാലായിരത്തിൽ അധികം സംസ്കാരങ്ങൾ ഉണ്ട്. ഇത്രയധികം സംസ്കാരങ്ങളെ പ്രതിനിധാനംചെയ്യാൻ ഇടതുപക്ഷത്തിനാകുന്നില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ആകുന്നില്ല. പാർലമെൻറിൽ തന്നെ ഈ മൊത്തം സംസ്കാരങ്ങളെ പ്രതിനിധാനംചെയ്യുന്നത് 540 പ്രതിനിധികൾ ആണ്. ഇവിടെയാണ് ബി.ജെ.പി ഭൂരിപക്ഷത്തിന്റെ വോട്ടുകൾ ഹിന്ദു എന്ന പേരിൽ തട്ടാൻ ശ്രമിക്കുന്നത്. ഇപ്പോൾ ആണെങ്കിൽ ഹിന്ദുവിന്റെയും ഹിന്ദുത്വയുടെയും അതിർവരമ്പുകൾ മാഞ്ഞു ഇല്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിൽ ആരാണ് അടിച്ചമർത്തപ്പെടുന്നത് എന്നതിനെ സംബന്ധിച്ച് പുതിയ പ്രത്യയശാസ്ത്ര അന്വേഷണങ്ങൾ ആവശ്യമാണ്. കാരണം, ദലിതർ ജാതിയുടെയും ലിംഗഭേദത്തിന്റെയും പരിസ്ഥിതിയുടെയും നിറത്തിന്റെയും ജീവിത മാർഗത്തിന്റെയും പേരിൽ അടിച്ചമർത്തപ്പെടുകയാണ്.
താങ്കൾ ഉന്നയിച്ചത് പരാജയവും പിൻവാങ്ങലും നമ്മളെ നിർബന്ധിതരാക്കുന്ന വാദമാണ്. വർഗസങ്കൽപം ഇല്ലാതായിരിക്കുന്നു, അല്ലെങ്കിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും മുതലാളിത്തവും അതിന്റെ വൈരികളും തമ്മിൽ പ്രബലമായ വൈരുധ്യമില്ല എന്നല്ല നിങ്ങൾ മനസ്സിലാക്കേണ്ടത്. ഇന്ത്യയിലെയും ചൈനയിലെയും തൊഴിലാളിവർഗത്തെ നോക്കിയാൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതോ അറിഞ്ഞിട്ടില്ലാത്തതോ ആയ വലിയ ശക്തിയാണത്.
ജനങ്ങൾ സ്വത്വത്തിലേക്ക് മടങ്ങുന്നു എന്നത് ഒരു വസ്തുതയാണ്. ചിലപ്പോൾ അത് നല്ല കാരണങ്ങൾകൊണ്ടാവാം, മറ്റുചിലപ്പോൾ നല്ലതല്ലാത്ത കാരണങ്ങളാലാകാം. ബി.ജെ.പിയും സംസാരിക്കുന്നത് ഈ സ്വത്വരാഷ്ട്രീയത്തിന്റെ മറ്റൊരു രൂപമാണ്. സ്വത്വരാഷ്ട്രീയത്തിന്റെ മറ്റൊരു രൂപമില്ലാതെ നിങ്ങൾക്കവരെ തോൽപ്പിക്കാൻ കഴിയില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകൾ കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. പെട്ടെന്ന് അത് ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും ദലിത് വിഭാഗത്തിലെ നല്ലൊരു ശതമാനം ബി.ജെ.പിക്ക് വോട്ട് ചെയ്തെന്നുള്ളത് അനിഷേധ്യമാണ്. ബി.ജെ.പിയെപ്പോലുള്ള ഒരു കേന്ദ്രീകൃത പാർട്ടിയെയും അവർ നയിക്കുന്ന പൊലീസും പട്ടാളവുമെല്ലാമുള്ള സർക്കാറിനെയും പ്രാദേശിക തലത്തിൽ പെട്ടെന്ന് നേരിടാൻ കഴിയുകയില്ല. പുതിയ പ്രസ്ഥാനങ്ങൾ രൂപവത്കരിക്കുകയാണ് പോംവഴി. അത് പഴയ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപത്തിലാകണം എന്നല്ല ഞാൻ വാദിക്കുന്നത്. മറിച്ച് കാലത്തിന്റെ ചുവരെഴുത്തു വായിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന പുതിയ പ്രസ്ഥാനങ്ങൾ രൂപവത്കരിക്കണം. അത് ഈ മണ്ണിനെ അറിയുന്ന അടിത്തട്ടിൽനിന്നും തുടങ്ങണം.
റഷ്യയിലും ചൈനയിലും നിലനിന്നിരുന്ന കമ്യൂണിസ്റ്റ് പാർട്ടികളിൽ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു. 1956ലെ ക്രൂഷ്ചേവിന്റെ പരിഷ്കരണങ്ങൾ ബ്രഷ്നേവ് തടഞ്ഞിരുന്നു. ക്രൂഷ്ചേവിന് തെറ്റുകൾ സംഭവിച്ചിരുന്നെങ്കിലും അവിടെ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് സാധ്യത ഉണ്ടായിരുന്നു. ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് അധിനിവേശ കാലത്താണ് അത് നിന്നുപോയതെന്ന് പറയാം. സോവിയറ്റ് വിമതൻ അലക്സാണ്ടർ സോൾഷെനിസ്റ്റിനോട് (Aleksandr Solzhenitsyn) എന്നുമുതലാണ് സോവിയറ്റ് യൂനിയനുള്ളിലെ പരിഷ്കരണ സാധ്യതകളെ കുറിച്ച് വിശ്വാസം നഷ്ടപ്പെട്ടത് എന്ന് ഒരിക്കൽ ചോദിക്കുകയുണ്ടായി. ചെക്കോസ്ലോവാക്യയിലെ അലക്സാണ്ടർ ദുബ്ചെക്കിന്റെ (Alexander Dubcek) പുതുപരീക്ഷണത്തെ തകർക്കാൻ സോവിയറ്റ് യൂനിയൻ ശ്രമിച്ചത് 1968 ആഗസ്റ്റ് ഒന്നുമുതലാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സോവിയറ്റ് യൂനിയന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ ദിശാബോധം നഷ്ടപ്പെട്ടു. ഗോർബച്ചേവ് അടക്കമുള്ള പരിഷ്കരണങ്ങളുമായി വന്നവർക്ക് ഒട്ടും ഉൾക്കാഴ്ചയില്ലായിരുന്നു. അവർ രാജ്യത്തെ കുറഞ്ഞും കൂടിയുമെല്ലാം പടിഞ്ഞാറിന് വിറ്റു. അവർക്ക് പാശ്ചാത്യരാജ്യങ്ങളെക്കുറിച്ച് വലിയ മിഥ്യാസങ്കൽപങ്ങളുണ്ടായിരുന്നു. എൺപതുകളിൽ ഞാൻ ഏറക്കാലം സോവിയറ്റ് യൂനിയനിലായിരുന്നു. പല സോവിയറ്റ് ബുദ്ധിജീവികളുമായും അടുത്ത് ഇടപഴകി. അവരിൽ പലർക്കും സ്വീഡനടക്കമുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളോട് വലിയ മതിപ്പുണ്ടായിരുന്നു. സോഷ്യൽ ഡെമോക്രാറ്റിക് നയങ്ങളുള്ള ജനാധിപത്യമായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ഞാനവരോട് അന്നേ തർക്കിച്ചിരുന്നു. നിങ്ങളുടെ സങ്കൽപം ഉട്ടോപ്യയാെണന്നായിരുന്നു എന്റെ വാദം. കുഞ്ഞൻ രാജ്യങ്ങളായ സ്കാൻഡിനേവിയയെ നിങ്ങൾക്കൊരിക്കലും മാതൃകയാക്കാനാകില്ലെന്ന് ഞാൻ തീർത്തുപറഞ്ഞു. നിങ്ങൾ ചിലപ്പോൾ ബ്രസീലായിട്ടാകും മാറുക. അത് അപകടകരമാണെന്നും ഞാൻ പറഞ്ഞു. അതിനും അവർക്ക് മറുവാദങ്ങളുണ്ടായിരുന്നു.
സോവിയറ്റ് യൂനിയനിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ മറക്കരുത്. സർക്കാറിനെ അട്ടിമറിക്കാൻ അവിടെ വലിയ കലാപങ്ങളുണ്ടായിട്ടില്ല. മറിച്ച് ദിശാബോധമില്ലാത്ത പാർട്ടിക്കുള്ളിലെ നേതാക്കൾതന്നെയാണ് അതിനെ താഴെ ഇറക്കിയത്.
1989ൽ ഗോർബച്ചേവും കുറച്ച് സോവിയറ്റ് നേതാക്കളും ചൈനയിലെത്തിയിരുന്നു. നിങ്ങളെപ്പോലെ ഞങ്ങളും പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ചൈനീസ് നേതാക്കൾ ഗോർബച്ചേവിനോട് പറഞ്ഞു. പക്ഷേ, സോവിയറ്റിന്റേത് തെറ്റായ വഴിയാണെന്ന് ചൈനീസ് നേതാക്കൾ തീർത്തുപറഞ്ഞു. നിങ്ങൾ ഗ്ലാസ്നോസ്റ്റിനും പെരിസ്ട്രോയിക്കക്കും വേണ്ടി ശ്രമിക്കുമ്പോൾ ഞങ്ങൾ പെരിസ്ട്രോയിക്കക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നായിരുന്നു ചൈനീസ് വാദം. പാർട്ടി ഇടപെടലുകൾ ഇല്ലാതാക്കിയാൽ നിങ്ങൾ തകർക്കപ്പെടുെമന്നും എല്ലാ പരിഷ്കാരങ്ങളിലും പാർട്ടി നിയന്ത്രണം കൊണ്ടുവരണമെന്നും ചൈനീസ് നേതാക്കൾ ഉണർത്തിയിരുന്നു. എന്നാൽ തങ്ങൾക്ക് വൈകിപ്പോയെന്നായിരുന്നു സോവിയറ്റ് മറുപടി. പക്ഷേ ചൈനയിൽ അവരത് കൃത്യമായി ചെയ്തു. വിമർശനങ്ങളുണ്ടെങ്കിലും 21ാം നൂറ്റാണ്ട് ചൈനയുടേതാണ്. ചൈനയുടെ വികസനവും കാഴ്ചപ്പാടുകളും ലോകത്തെ വിസ്മയിപ്പിക്കുന്നു.
രാജ്യത്തെ കെട്ടിപ്പടുക്കാൻ മാവോ തന്റെ എതിരാളികളുടെ നിർദേശങ്ങളടക്കം സ്വീകരിച്ചിരുന്നു. രാജ്യം അരാജകത്വത്തിലേക്ക് പോകുമ്പോഴെല്ലാം മാവോ എതിരാളികളെ വിളിച്ചു. െഡങ് സിയാഒ പിങ്ങിന്റെ സാമ്പത്തിക നയങ്ങൾ മുതലാളിത്തപാതയിലുള്ളതായിരുന്നുവെങ്കിലും തന്മൂലം ഗണ്യമായ മാറ്റങ്ങൾ ചൈനയിലുണ്ടായി. ചൈന എല്ലാ മേഖലയിലും വലിയ കുതിച്ചുചാട്ടം നടത്തുമ്പോഴും ചില മാറ്റങ്ങൾ ഭീതിയുണ്ടാക്കുന്നുണ്ട്. സ്വകാര്യവത്കരിച്ച മരുന്നുകളും ആരോഗ്യസംവിധാനങ്ങളും ഇതിന് ഉദാഹരണമാണ്. സാമൂഹിക അസമത്വങ്ങൾ താമസിയാതെ അസഹനീയമായിത്തീരുമെന്നും പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുമെന്നും ചൈനീസ് നേതൃത്വത്തിന് പേടിയുണ്ട്. കാരണം, ചൈനക്ക് തൊഴിലാളി വർഗ പ്രക്ഷോഭങ്ങളുടെ വലിയൊരു ചരിത്രമുണ്ട്. അതുകൊണ്ടാണ് മുതലാളിത്തപാതയിൽനിന്ന് അൽപം പിറകോട്ട് നടക്കാൻ ഷീ ജിൻപിങ് സർക്കാർ ശ്രമിക്കുന്നത്. അതിൽ അദ്ദേഹം വിജയിക്കുമോയെന്നു നമുക്കറിയില്ല. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനയിൽനിന്ന് നമുക്കെന്തെങ്കിലും അതിശയിപ്പിക്കുന്ന വാർത്തകൾ കേട്ടേക്കാം. എനിക്കത് പ്രവചിക്കാൻ കഴിയില്ല. ചൈനയിൽ യു.എസിലേക്കാൾ ശതകോടീശ്വരന്മാരുണ്ട്. കൃത്യമായി സമ്പത്ത് പുനർവിതരണം നടത്താത്തതിനാൽ സാമൂഹിക അസമത്വങ്ങൾ പെരുകുന്നുണ്ട്. ദേശീയതക്കുവേണ്ടി ചെയ്യുന്നതിലും അപാകതകളുണ്ട്. ഷിൻജിയാങ്ങിലെ പ്രശ്നങ്ങൾ പടിഞ്ഞാറ് ചിത്രീകരിക്കുന്നതുപോലെ വംശഹത്യ അല്ലെങ്കിലും അരങ്ങേറുന്നത് ഒട്ടും ശുഭകരമായ കാര്യമല്ല.
അസ്ഥിരവും അപകടകരവുമായ ഈ ലോകത്ത് ഇടതുപക്ഷം വളരെ ദുർബലമാണെന്നുതന്നെ സമ്മതിക്കേണ്ടിവരും. പക്ഷേ, പുതുതലമുറ പ്രത്യേക വിഷയങ്ങളിൽ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കയിലെ ബ്ലാക്സ് ലൈവ്സ് മാറ്റർ ഇതിന് ഉദാഹരണമാണ്. പൊലീസ് സേനയെ ഇല്ലാതാക്കണമെന്നുള്ള അവരുടെ ആവശ്യങ്ങളൊക്കെ ഉട്ടോപ്യൻ ആണെങ്കിൽപോലും അവരുയർത്തുന്നതിലേറെയും പ്രാധാന്യമുള്ളതാണ്. ഇന്ത്യയിലേക്ക് വന്നാൽ കോൺഗ്രസിനെ ഞാനൊരു രാഷ്ട്രീയ പരിഹാരമായി വിവക്ഷിക്കുന്നില്ല. കുടുംബാധിപത്യത്തെ വലയം ചെയ്യുന്ന ഉപഗ്രഹമാണ് കോൺഗ്രസ്. വലിയ വിഭാഗം അവരെ പ്രതിവിധിയായി കാണുന്നത് അർഥശൂന്യമാണ്.
മോദിക്കാലത്ത് മുസ്‍ലിംകളും ക്രിസ്ത്യാനികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. മതത്തിന്റെ പേരിൽ വലിയ വിവേചനങ്ങളുണ്ട്. വിശ്വാസവും സംസ്കാരവും സ്വീകരിക്കപ്പെടാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർക്കിടയിലേക്ക് സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങൾ കടന്നുവരുന്നുണ്ട്. എന്നാൽ ഒരു പാർട്ടിക്കും ഇന്ത്യയിലെ ഈ വ്യത്യസ്ത മുന്നേറ്റങ്ങളെ കൈകാര്യം ചെയ്യാനോ അഭിസംബോധന ചെയ്യാനോ കഴിയുന്നില്ല. ആഗോളമുതലാളിത്തത്തിന്റെ ഏറ്റവും വലിയ ആയുധമായ ഇസ്‍ലാമോഫോബിയ ഇവിടെയും പ്രയോഗിക്കപ്പെടുന്നു.
ഇതൊരു പുതിയ വാദമല്ല. ആരും ഇത്തരം പ്രശ്നങ്ങൾക്ക് ആശയാധിഷ്ഠിത പരിഹാരം കൊണ്ടുവരുന്നില്ല. ഇന്ത്യൻ സ്ത്രീകളുടെ കാര്യം നോക്കൂ. മറ്റേത് രാജ്യത്തേക്കാളും ബലാത്സംഗങ്ങൾ ഇവിടെ നടക്കുന്നുവെന്ന് അധികാരികളുടെ കണക്കുകൾ തന്നെ പറയുന്നു. ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ട ഒരു ദുരന്തം ഇതാണ്. ഇന്ത്യൻ വിമൻസ് ലൈവ്സ് മാറ്റർ എന്നൊരു പ്രസ്ഥാനം തന്നെ ഉയരേണ്ടിയിരിക്കുന്നു. ഒരു പെൺകുട്ടി ഡൽഹിയിൽ ക്രൂരബലാത്സംഗത്തിനിരയായത് ഈ രാജ്യത്തെ സ്തംഭിപ്പിച്ചിരുന്നു. പക്ഷേ, ദലിത് സ്ത്രീകൾ നിരന്തരം ഇരയാകുന്നു. അവർ അത് റിപ്പോർട്ട് ചെയ്യാൻപോലും തയാറാകുന്നില്ല. പൊലീസിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഒരു രാജ്യത്തിന്റെ ജനസംഖ്യയുടെ നേർപകുതി വരുന്ന സ്ത്രീകൾക്ക് സുരക്ഷ നൽകാൻ ആ രാജ്യത്തിനായില്ലെങ്കിൽ എങ്ങനെയാണ് ഞങ്ങൾ പുരോഗമനമുള്ളവരാണെന്ന് അവകാശപ്പെടാനാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.