രാജ്യാന്തര പ്രശസ്തനായ, ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും മലയാളിയുമായ പ്രഫ. സി.എസ്. ഉണ്ണികൃഷ്ണനുമായി നടത്തുന്ന ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. െഎൻസ്െറ്റെന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.എസ്. ഉണ്ണികൃഷ്ണന്റെ‘കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്ത’ത്തെക്കുറിച്ചും ശാസ്ത്രലോകത്തെ ചില ‘മാമൂൽ ധാരണ’കളെക്കുറിച്ചുമാണ് ഇൗ സംഭാഷണം.
താങ്കളുടെ അന്വേഷണവഴിയിലെ പ്രമുഖ തടസ്സങ്ങൾ എന്തൊക്കെയായിരുന്നു? എങ്ങനെയാണവയെ നേരിട്ടത്?
ആദ്യതടസ്സം തീർച്ചയായും ഐൻസ്റ്റൈനെ എങ്ങനെ നേരിടുമെന്ന സന്ദേഹംതന്നെയായിരുന്നു. എന്റെ അടിസ്ഥാന സൈദ്ധാന്തിക പരിസരവും ഞാൻ മനസ്സിലാക്കിയതും സംബന്ധിച്ച് ഉറപ്പൊക്കെ ഉണ്ടായതിനും ശേഷമാണ് ഈ സന്ദേഹമെന്നോർക്കണം. എങ്കിലും അത് മറികടക്കാൻ എനിക്ക് സാധിച്ചു – രണ്ടു കാരണങ്ങളാൽ. ഒന്ന്, വിശ്വാസ്യതയുള്ള എംപിരിക്കൽ തെളിവുകളിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. അവ വിലയിരുത്താൻ വേണ്ട പ്രവൃത്തിപരിചയവുമുണ്ട്. രണ്ട്, യുക്തിപരമായ അന്വേഷണത്തിൽ എനിക്ക് മാനസികമായ കരുത്തും വിശ്വാസവുമുണ്ട്. ഭൗതിക ലോകത്തിന്റെ അസ്തിവാര പ്രശ്നങ്ങളുടെ കാര്യത്തിൽ ഏറ്റവും കടുത്ത വെല്ലുവിളികൾ നേരിടാനുള്ള ആത്മവിശ്വാസം. അക്കാര്യത്തിൽ സ്വാധീനശക്തികളായ രണ്ട് ഉദാഹരണങ്ങൾ കുട്ടിക്കാലം തൊട്ടേയുണ്ട് – കാലടിയിൽനിന്നുള്ള ശങ്കരനും കഠോപനിഷത്തിലെ നചികേതസ്സിന്റെ കഥയും.
ഉന്നത ജ്ഞാനത്തിന്റെ സംവാദത്തിനിടെ ഒരിക്കൽ സ്വാനുഭവം നേടണമെന്ന വെല്ലുവിളി ഉയർന്നപ്പോൾ സ്വന്തം ബ്രഹ്മചര്യവ്രതംപോലും ബലിയർപ്പിക്കേണ്ടിവന്നു, ശങ്കരന്. അയാൾ ‘ഒരവസരം’ നോക്കിയിരിക്കുകയായിരുന്നു എന്ന് ഞാൻ കരുതുന്നില്ല! പിന്നെ, ദൈവങ്ങൾക്കുപോലുമറിയാത്ത മൃത്യുരഹസ്യം യമധർമനിൽനിന്ന് നേടാൻ വെറുമൊരു ബാലനായിരുന്ന നചികേതസ്സ് കാണിച്ച വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത. പിൽക്കാലത്ത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്വതന്ത്രചിന്താ പരിസ്ഥിതി. ഇതെല്ലാം ഭൗതികശാസ്ത്ര പ്രശ്നങ്ങളെ തെളിവിന്റെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ നേരിടാനുള്ള ആത്മവിശ്വാസം എന്നിലുണ്ടാക്കി. എങ്കിലും ഇന്നും എനിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ഒന്നുണ്ട് – ഇന്ത്യൻ ഭൗതികശാസ്ത്ര സമൂഹത്തിലെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും വിശ്വാസ്യതയില്ലാത്ത മൗനവും അവരിൽ ചിലരുടെ ആഴത്തിലുള്ള സ്പർധയും. അവരിലാർക്കും തന്നെ എന്റെ ഗവേഷണ ഫലങ്ങൾക്കോ വാദഗതികൾക്കോ എതിരെ ഒരൊറ്റ ശാസ്ത്രീയ ന്യായവും ഉയർത്താനും കഴിഞ്ഞിട്ടില്ല. മധ്യകാലഘട്ടത്തിലെപോലെ എന്നെ പൂട്ടിയിടാൻ വല്ല വഴിയുമുണ്ടായിരുന്നെങ്കിൽ അവരിൽ പലരും അതിന് തുനിഞ്ഞേനെ. ഇത് നടുക്കമുണ്ടാക്കുന്നു. പക്ഷേ, യാഥാർഥ്യമാണ്.
പ്രപഞ്ചത്തിന്റെ ഏതാണ്ട് 95 ശതമാനവും നമ്മുടെ ഗ്രാഹ്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ഇന്ന് നമുക്കറിയാം. വെറും അഞ്ചു ശതമാനത്തിലാണ് നമ്മുടെ പ്രപഞ്ചവീക്ഷണം. അതിനർഥം നമ്മുടെ ജ്ഞാനപദ്ധതികളും ഭൗതികശാസ്ത്രവുമൊക്കെ കാര്യങ്ങളുടെ പ്രപഞ്ച പദ്ധതിയിൽ തുലോം ചെറിയ കക്ഷികൾ മാത്രമാണ്. മനുഷ്യന്റെ പ്രപഞ്ചവീക്ഷണത്തിലെ അതിഭീമമായ ഈ കമ്മി താങ്കളുടെ സിദ്ധാന്തം പരിഹരിക്കുന്നുണ്ടോ?
പ്രപഞ്ചത്തിലെ പദാർഥത്തിന്റെയും ഊർജത്തിന്റെയും ഘടകവസ്തുക്കൾ എന്തെന്ന് നമുക്ക് കാര്യമായ അറിവില്ലെന്നത് നേരുതന്നെ. ജ്യോതിശാസ്ത്രത്തിന്റെ ഒരു സ്റ്റാൻഡേഡ് സിദ്ധാന്തവും ഗുരുത്വബലത്തിന്റെ സ്വാധീനഫലങ്ങൾ െവച്ചു മാത്രമുള്ള ഒരളവെടുപ്പും വഴിയാണ് നമ്മുടെ പ്രപഞ്ചനോട്ടം. ഈ ലോകവീക്ഷണത്തിൽ മാറ്റങ്ങൾ വരാം. എങ്കിലും പദാർഥത്തിന്റെയും ഊർജത്തിന്റെയും ഇന്ന് നിരീക്ഷിക്കപ്പെടുന്ന തോതിൽ കാര്യമായ മാറ്റം വരാനിടയില്ല – ശരാശരി പദാർഥസാന്ദ്രതയുടെ അടിസ്ഥാനത്തിലുള്ളതാണല്ലോ ഈ നിരീക്ഷണം. പദാർഥത്തോതിനെപ്പറ്റി നമുക്ക് നല്ലൊരു ധാരണയുണ്ട്, അതിന്റെ ഉള്ളടക്കത്തെപ്പറ്റിയാണ് ഉറപ്പില്ലാത്തത്.
അതിൽ അഞ്ചു ശതമാനത്തിന്റെ പ്രകൃതവും ഘടകങ്ങളും മാത്രമേ നമുക്കറിയൂ എന്നത് വാസ്തവം. കോസ്മിക് റിലേറ്റിവിറ്റി ആശ്രയിക്കുന്നത് ഘടകവസ്തുക്കളുടെ പ്രകൃതത്തെയല്ല, ഇന്നത്തെ ശരാശരി സാന്ദ്രതയെയാണ്. അതേസമയം, ഇപ്പോഴും വ്യക്തമാകാത്ത ‘ഇരുണ്ട’ ഘടകങ്ങളെ പറ്റിയുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്താൻ േവണ്ടതൊന്നും ഇൗ സിദ്ധാന്തം മുന്നോട്ടുവെക്കുന്നില്ല. എന്നാൽ, ആ ഘടകങ്ങൾ എന്തല്ല എന്നതിനെപ്പറ്റി വ്യക്തമായ നിഗമനങ്ങൾ ഇതിലുണ്ട്. ക്വാണ്ടം ബലതന്ത്രത്തെ കുറിച്ച് എനിക്കുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്. ആ വഴിക്ക് കൂടുതൽ അപഗ്രഥനങ്ങൾ നടത്തുന്നതിൽ ഞാൻ ജാഗ്രതയോടെ കാത്തുനിൽക്കുകയാണ്. കാരണം ചില കാര്യങ്ങളിൽ നിരീക്ഷണ ജ്യോതിശാസ്ത്രത്തിന് തൽക്കാലം സന്ദിഗ്ധതകളുണ്ട്. അടുത്ത 10 കൊല്ലത്തിലോ മറ്റോ അതു മാറി വ്യക്തത വരാം. അപ്പോഴാവാം ഡാർക് മാറ്റർ, ഡാർക് എനർജി അപഗ്രഥനങ്ങൾ.
പുതിയ കാൻവാസിൽ പഴയ ചിത്രങ്ങളുടെ നില
ക്വാണ്ടം ഫിസിക്സിനെ താങ്കളുടെ സിദ്ധാന്തം എങ്ങനെ ബാധിക്കുന്നു? നോൺ-ലൊക്കാലിറ്റി പ്രശ്നവും അതിന് പ്രകൃതിയിലെ മറ്റു യാഥാർഥ്യങ്ങളുമായുള്ള സംഘർഷവും – ഉദാഹരണത്തിന് കാരണ-കാര്യ ബന്ധം– കുറച്ചുകാലമായുണ്ട്. താങ്കളുടെ സിദ്ധാന്തം ഇതിനെ എങ്ങനെയാണ് കാണുന്നത്?
ക്വാണ്ടം നോൺ-ലൊക്കാലിറ്റിയാണ് ശാസ്ത്ര ചരിത്രത്തിൽതന്നെ ഭൗതിക ശാസ്ത്രജ്ഞർ കൊണ്ടുനടന്നിട്ടുള്ള ഏറ്റവും കൊടിയ അയുക്തിക വിശ്വാസം. ഒരിടത്തിലുള്ള ഒരു വസ്തുവിനെ നിരീക്ഷിക്കുന്ന ഭൗതിക പ്രവൃത്തി മറ്റൊരിടത്തിലുള്ള മറ്റൊരു വസ്തുവിന്റെ ഭൗതികാവസ്ഥയെ തൽക്ഷണം ബാധിക്കാം എന്ന അടിസ്ഥാനമില്ലാത്ത വിശ്വാസമാണിത്. ഇപ്പറയുന്ന രണ്ട് വസ്തുക്കളും തമ്മിൽ മുമ്പൊരു ബന്ധമുണ്ടായിരുന്നു എന്ന പേരിലാണ് ഈ ബന്ധപ്പെടുത്തൽ. കഴിഞ്ഞ 50, 60 കൊല്ലങ്ങളിലാണ് ഈ വിശ്വാസം ഉരുത്തിരിഞ്ഞത്. വിശേഷിച്ചും ക്വാണ്ടം ഭൗതികത്തിലെ ശക്തരായ യുക്തിചിന്തകർ കളംവിട്ട ശേഷം – ഐൻസ്റ്റൈൻ, പൗലി, ബോർ, ഷ്രോഡിംഗർ, വോൺ ന്യൂമൻ തുടങ്ങിയവർ പോയ ശേഷം. ധിഷണാസമൃദ്ധിയുള്ള തത്ത്വചിന്തകരും ഇക്കാലത്ത് വിരളമായിരുന്നു. ശേഷിച്ചവരാകട്ടെ ഭൗതിക ശാസ്ത്രജ്ഞരുടെ പ്രസ്താവങ്ങളെ എതിരിടാൻ വേണ്ടത്ര കോപ്പില്ലാത്തവരും – കാൾ പോപ്പർ ഒഴികെ. ലൊക്കാലിറ്റിയുടെ അന്ത്യം ഫിസിക്സിൽ യുക്തിപരതയുടെ അന്ത്യമാണെന്ന് പോപ്പർ പറഞ്ഞതോർക്കുക. അമ്മാതിരി കലക്കവെള്ളത്തിലാണ് നോൺ-ലൊക്കാലിറ്റിയുടെ അണുക്കൾ പെരുകിയത്. പൊതുവേ പറയപ്പെടുന്നതും കരുതപ്പെടുന്നതും പോലെ അതിന് പരീക്ഷണാത്മക തെളിവൊന്നുമില്ല.
‘ഹിഡൻ വേരിയബ്ൾ തിയറി’കൾപോലുള്ള ചില അഭൗതിക സിദ്ധാന്തങ്ങളുടെ വക്താക്കളായ ഏതാനും ഭൗതിക ശാസ്ത്രജ്ഞരുടെ സന്ദേഹങ്ങളിൽനിന്നാണ് ഈ സ്വേച്ഛാപരമായ വിശ്വാസം ഉടലെടുത്തത്. ഏതായാലും കോസ്മിക് റിലേറ്റിവിറ്റി ഒരു നോൺ-ലൊക്കാലിറ്റിയും അനുവദിക്കുന്നില്ല. ക്വാണ്ടം ബലതന്ത്രം ഉൾപ്പെടെ എല്ലാ ബലതന്ത്രങ്ങളിലും യഥാർഥ ഇടത്തിൽ (Space) ഉള്ള പദാർഥത്തെ ഗുരുത്വബല ഇടപാടുകളാണ് സ്വാധീനിക്കുന്നതെന്ന പരിസരത്തിലാണ് കോസ്മിക് റിലേറ്റിവിറ്റി അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. കാരണവും കാര്യഫലവും യുക്തിസഹമായാണ് ഇതിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാനപരമായ സന്ദേഹസ്ഥിതിയും സ്റ്റാറ്റിസ്റ്റിക്കലായ അനിശ്ചിതത്വവും ക്വാണ്ടം പ്രതിഭാസത്തിന് ആന്തരികമായുണ്ട്. അവ ഈ പ്രപഞ്ചത്തിന്റെ യാഥാർഥ്യങ്ങളുമാണ്. അതൊക്കെ അങ്ങനെയിരിക്കെത്തന്നെ കാര്യ-കാരണങ്ങൾ എല്ലാ നിരീക്ഷകർക്കും ഒരുപോലെയാണ്. ഇപ്പോഴുള്ള ടെലിപ്പതിക് നോൺ-ലൊക്കാലിറ്റി വിശ്വാസം ഭൗതികശാസ്ത്ര സമൂഹത്തിന് ഏറ്റവും വലിയ അലോസരതയായിത്തീരും – ആ വിശ്വാസത്തിന്റെ ആധികാരിക ചരിത്രം വെളിപ്പെടുത്തപ്പെടുന്നതോടെ.
സാന്ദർഭികമായി പറയട്ടെ, ഇക്കഴിഞ്ഞ കൊല്ലത്തെ നൊേബൽ സമ്മാനം ഈ പ്രശ്നത്തിന്റെ പരിവട്ടത്തിൽ പ്രവർത്തിച്ച മൂന്നു ഭൗതികശാസ്ത്രജ്ഞർക്കാണ് -എൻറ്റാംഗ്ൾഡ് ഫോട്ടോൺസ്.
നൊേബൽ കമ്മിറ്റിക്ക് മാർഗരേഖയായുള്ളത് ഭൗതികശാസ്ത്രജ്ഞർക്കിടയിലുള്ള പൊതു അഭിപ്രായവും നാമനിർദേശങ്ങളുമാണ്. അതുകൊണ്ട് ഈ സമ്മാനദാനത്തിനുള്ള പിന്നണി പ്രവർത്തനം കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രതീക്ഷിച്ചതാണ്. എൻറ്റാംഗ്ൾഡ് വസ്തുക്കെളപ്പറ്റി കുറേക്കാലമായി അറിവുള്ളതാണ്. അത് ഈ മൂന്നാളുടെ കണ്ടെത്തലല്ല. ബെൽസ് ഇൻഇക്വാലിറ്റീസ് എന്നറിയപ്പെടുന്ന കാര്യം പരിശോധിക്കാൻ ഇപ്പറഞ്ഞ ഫോട്ടോണുകളെ ഉപയോഗിച്ചതിനാണ് അവർക്ക് സമ്മാനം കൊടുത്തത്. കഷ്ടമെന്നു പറയട്ടെ, ബെൽസ് ഇൻഇക്വാലിറ്റികൾ ഭൗതികശാസ്ത്രത്തിൽ പ്രസക്തമോ പ്രധാനമോ അല്ല – ഒരു തരത്തിലും. അത് പ്രസക്തവും പ്രധാനവുമാണെന്ന് വിശ്വസിക്കപ്പെടാൻ കാരണം 1935ൽ ഐൻസ്റ്റൈൻ പ്രസിദ്ധപ്പെടുത്തിയ മൂർച്ചയുള്ള ഒരു വാദഗതിയെ കുറിച്ചുള്ള ഭീമമായ അബദ്ധ ധാരണയാണ്. പൊഡോൾസ്കിയും റോസനുമായി ചേർന്ന് ഐൻസ്റ്റൈൻ അന്നൊരു വാദഗതി മുന്നോട്ടുവെച്ചു. അതായത്, യഥാർഥ പ്രകൃതിയിലെ പദാർഥങ്ങളുടെ ഭൗതികാവസ്ഥകൾ വിശ്വസ്തമായി പ്രതിഫലിപ്പിക്കാൻ ക്വാണ്ടം സിദ്ധാന്തത്തിന് കഴിയില്ലെന്ന്, അതിനാൽ സിദ്ധാന്തം അപൂർണമാണെന്ന്. ഇതാണ് പ്രശസ്തമായ ഇ.പി.ആർ വാദം.
ഐൻസ്റ്റൈൻ, പൊഡോൾസ്കി, റോസൻ
അത് ഇ.പി.ആർ പാരഡോക്സ് എന്ന തെറ്റായ പേരിലും അറിയപ്പെടുന്നുണ്ട്. സൂക്ഷ്മകണിശതയോടെ നിർവചിച്ച ഈ ‘അപൂർണത’യെന്ന പദത്തെ ബെല്ലും മറ്റും ഉൾപ്പെടുന്ന ഭൗതികശാസ്ത്ര സമൂഹം തീർത്തും വ്യത്യസ്തമായൊരു സന്ദർഭത്തിൽ ജെ. വോൺ ന്യൂമൻ ഉപയോഗിച്ച ‘അപൂർണത’ എന്ന പദവുമായി കൂട്ടിക്കുഴച്ചു. ഒരേ പദം പ്രയോഗിക്കപ്പെട്ട രണ്ട് വ്യത്യസ്ത സന്ദർഭങ്ങളെ ഇങ്ങനെ കുഴച്ചതുകൊണ്ട് ശക്തമായ ഭൗതികശാസ്ത്ര സമൂഹം തെറ്റായ വഴിയേ മുന്നോട്ടു നടന്നെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടാവും. എന്നാൽ, അതാണ് വാസ്തവം. ഒറിജിനൽ രേഖകൾ പരിശോധിക്കുന്ന ആർക്കും അതു മനസ്സിലാക്കാം. ഈ പദസന്ദേഹത്തിന്റെ അലോസരമായ പരിണതഫലങ്ങളാണ് ഇന്ന് നാം കാണുന്നത്. ഫിസിക്സ് പോലൊരു ഭൂമികയിലെ അവിശ്വസനീയമായ ദുരന്തം. അതെന്തായാലും നൊേബൽ സമ്മാനം കൊടുത്തുകഴിഞ്ഞു. ക്വാണ്ടം ഇൻഫർമേഷൻ പ്രോസസിങ് എന്ന പുതിയ മേഖലയിൽ ഇതുവഴി ചില സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാവും എന്നതാണ് ആകെയുള്ള ആശ്വാസം.
ന്യൂട്ടോണിയൻ ഫിസിക്സിനെ ഈ പദ്ധതിയിൽ എങ്ങനെയാണ് പെടുത്തുക? പ്രത്യക്ഷതലത്തിൽ നമുക്കുള്ള യാഥാർഥ്യത്തെ നിരാകരിക്കാൻ പറ്റില്ലല്ലോ.
മുഴുവൻ ന്യൂട്ടോണിയൻ മെക്കാനിക്സും കോസ്മിക് റിലേറ്റിവിറ്റിയുടെ പരിണതഫലമായി ഉരുത്തിരിക്കാം. പരമ്പരാഗതമായി നമുക്ക് സ്കൂളിൽനിന്ന് ന്യൂട്ടന്റെ നിയമങ്ങൾ കിട്ടുന്നു, ശരിയായ സത്യം എന്ന അർഥത്തിൽ. പിന്നീട് എല്ലാവരും യഥാർഥ ബലതന്ത്ര പ്രശ്നങ്ങളിൽ അതു പ്രയോഗിക്കുന്നു. അങ്ങനെയൊരു കണ്ണും പൂട്ടിയുള്ള പോക്കാണ്. ന്യൂട്ടന്റെ ചലനനിയമങ്ങൾ യഥാർഥത്തിൽ ഉദ്ഭവിക്കുന്നത് ഒരു വസ്തുവിന് പ്രപഞ്ചത്തിലെ ശിഷ്ടപദാർഥങ്ങളോടും ഊർജത്തോടുമുള്ള പ്രവർത്തന പാരസ്പര്യത്തിൽനിന്നാണ്. ആ വസ്തുത ഞാൻ വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേ ഗണിതരീതിയിൽ ജഡത്വത്തിന്റെ (Inertia) ഉദ്ഭവത്തെ പറ്റിയും വ്യക്തത വരുത്തി. ന്യൂട്ടനുശേഷം ഇതൊരു പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്നമാണ്.
കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട് റേഡിയേഷൻ (CMBR) താങ്കളുടെ സിദ്ധാന്തം വികസിപ്പിക്കുന്നതിലെ സർവവ്യാപിയായ കാൻവാസായി വരുന്നു. ലോകവീക്ഷണത്തിനുള്ള ഈ വൈഡ്-ആംഗ്ൾ എങ്ങനെയാണ് ചിന്തയിലേക്ക് വന്നത്? സമയത്തിന്റെ മറ്റൊരു പേരാണോ CMBR?
കോസ്മിക് റിലേറ്റിവിറ്റിയിലെ പ്രാഥമിക ഘടകങ്ങൾ പദാർഥവും അതിന്റെ ഗുരുത്വബലവുമാണ്. ഈ പ്രപഞ്ച ഗുരുത്വത്തിന്റെ പരിണതഫലങ്ങളാണ് ബലതന്ത്രത്തിന്റെ മുഴുവൻ അംശങ്ങളും. പദാർഥം നിറഞ്ഞ പ്രപഞ്ചമാണ് ബലതന്ത്രത്തിനുള്ള കേവല (absolute) ചട്ടക്കൂട്. പ്രപഞ്ചത്തിന്റെ പരിണാമചരിത്രം അനന്യമായ ഒരു കേവല സമയത്തെ (absolute time) പ്രതിനിധാനംചെയ്യുന്നു. എന്നാൽ, പ്രപഞ്ചത്തിലെ പദാർഥശേഖരം പ്രപഞ്ചമാകെ മൊത്തത്തിലായിട്ടാണ് വിന്യസിച്ചിട്ടുള്ളത്. അതിൽനിന്നുള്ള പ്രകാശം മാത്രമേ നമുക്ക് ദൃശ്യമായുള്ളൂ. അതേ സ്ഥലസൂചകത്തിന്റെയും (Spatial reference) കേവല സമയത്തിന്റെയും കുറെകൂടി പ്രായോഗികമായ ‘മാർക്കറാ’ണ് CMBR. അത് എല്ലായിടത്തുമുണ്ട്, കണ്ടുപിടിക്കാം, പ്രപഞ്ച പരിണാമത്തിന്റെ വിശ്വസനീയമായ പ്രതിനിധിയാണ്. അത് വെറും പ്രകാശമാണ്, അതിന് തീരെ കുറഞ്ഞ ഗുരുത്വബലമേയുള്ളൂ. അതുകൊണ്ട് കോസ്മിക് റിലേറ്റിവിറ്റിയുടെ ഭൗതിക സ്വാധീനഫലങ്ങളിൽ അതത്ര നിർണായകമല്ല. എങ്കിലും ചലനവും സമയവും അടയാളപ്പെടുത്താൻ കിട്ടുന്ന ഏറ്റവും മികച്ച കാൻവാസാണത്. അതിനാലാണ് എന്റെ സിദ്ധാന്തത്തിൽ അർഹിക്കുന്ന പ്രാധാന്യം അതിന് നൽകിയിട്ടുള്ളത്.
മാറ്റത്തെ പ്രതിനിധാനംചെയ്യുന്ന എന്തിനെയും സമയം എന്ന് വിളിക്കാം. അതുകൊണ്ട് CMBR സമയത്തിന്റെ സാധുവായ പ്രതിനിധിയാണ്. എന്നാലത് അനന്യമാണ്. കാരണം അതു പ്രപഞ്ചത്തിൽ എല്ലായിടത്തുമുണ്ട്, തിരിച്ചറിയാം. ആ വികിരണത്തിന്റെ ആവൃത്തികളിലെ മാറ്റങ്ങൾ അളന്നുകൊണ്ട് പ്രപഞ്ചത്തിലൂടെയുള്ള നമ്മുടെ ചലനത്തിന്റെ വേഗം കൃത്യമായി തിട്ടപ്പെടുത്താനാവും. അങ്ങനെയാണ് ഭൂമിയും സൗരയൂഥവും സെക്കൻഡിൽ 370 കിലോമീറ്ററിനെ അധികരിക്കുന്ന വേഗത്തിലാണ് പ്രപഞ്ചത്തിലൂടെ ചലിക്കുന്നതെന്ന് നമുക്ക് മനസ്സിലായത്. CMBRന്റെ ഊഷ്മാവ് മെല്ലെ കുറഞ്ഞുവരുകയാണ്. അതെന്തായാലും മനുഷ്യന്റെ നാട്ടാവശ്യങ്ങൾക്കുള്ള സമയമളക്കാൻ CMBR പറ്റില്ല. അതിന് കൈത്തണ്ടയിലെ വാച്ചുതന്നെ വേണം.
പ്രകൃതിയിലെ ഉരുപ്പടികൾ അന്തർലീനമായ സിമട്രിയുടെ ബാഹ്യാവിഷ്കരണങ്ങളാണെന്ന വിചാരഗതി ഭൗതികശാസ്ത്രം ദീർഘകാലമായി പുലർത്തുന്നുണ്ട്. എന്നാൽ, സിമട്രിയോടുള്ള ഈ ബാധാവേശം പല വലിയ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല. എന്നിട്ടും പ്രപഞ്ചമെന്നത് അറേഞ്ച് ചെയ്തുവെച്ച ഫർണിച്ചറാണെന്ന മട്ടിലുള്ള സിമട്രി പ്രേമം തുടരുന്നു. ഒരു വെള്ളത്തുള്ളി ഐസായി മാറുമ്പോൾ അതിന്റെ സിമട്രി കുറെ നഷ്ടമാവുമെന്ന് താങ്കൾക്കുമറിയാം. പിന്നെ ജീവശാസ്ത്രപരമായ പരിണാമം പ്രക്രിയകളുടെയും ആകസ്മികതയുടെയും സംയുക്തമാണ്. ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളും ചരിത്രത്തിന്റെയും യാദൃച്ഛികതയുടെയും ഫലമാണ്. താങ്കളുടെ സിദ്ധാന്തം ഇക്കാര്യത്തിൽ എങ്ങനെയാണ്? ദൈവം പകിട കളിക്കുമോ?
രണ്ടു ചോദ്യങ്ങളാണിവിടെ. സിമട്രിയാണ് പ്രാഥമികം എന്ന വിചാരഗതി ലോകം ആ വിധത്തിലാണ് നിർമിക്കപ്പെട്ടിരിക്കുന്നതെന്ന കേവലവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ലോകത്ത് അത്തരത്തിലുള്ള ചില ഗണിതാത്മക യുക്തിയും രൂപകൽപനയുമുണ്ടെന്ന വിശ്വാസത്തിന്റെ. പദാർഥത്തിന്റെ പരസ്പര പ്രവർത്തനങ്ങളിൽ പ്രത്യേക താൽപര്യങ്ങളോ ഇഷ്ടദിശകളോ ഇല്ലാതിരിക്കെ പദാർഥത്തിന്റെ രൂപരേഖ നിഷ്പക്ഷമാവും – ന്യൂട്രൽ. അവയാണ് സിമട്രികൾ. അതുകൊണ്ട്, സിമട്രി ഒരു പരിണതഫലമാണ്, ലക്ഷ്യമല്ല.
സൗരയൂഥത്തിലെ ഗുരുത്വബല പ്രവർത്തനത്തിന്റെയും ലഭ്യമായ ഊർജത്തിന്റെയും കീഴിലുള്ള ഏറ്റവും സാമാന്യമായ ചലനങ്ങളാണ് ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ആ ഊർജം എടുത്തുമാറ്റുക, സർവവും കറങ്ങിക്കറങ്ങി തകരും. ആകസ്മികത രംഗത്തേക്ക് വരുന്നത് മുൻകാല സ്ഫോടനങ്ങളായോ സമീപത്തുകൂടി ഒരു നക്ഷത്രത്തിന്റെ കടന്നുപോക്കായോ ഒക്കെയാണ്. ആ സന്ദർഭങ്ങളിൽ പദാർഥം പൊട്ടിച്ചിതറി ഗ്രഹങ്ങൾ രൂപപ്പെടുന്നു – ഗുരുത്വബലത്തിന്റെ നിയന്ത്രണത്താൽ. കോസ്മിക് റിലേറ്റിവിറ്റി ഗുരുത്വബലത്തെ അടിസ്ഥാനമാക്കിയുള്ള ബലതന്ത്ര സിദ്ധാന്തമാണ്. പദാർഥ രൂപത്തിന്റെ വൈവിധ്യത്തിന്മേൽ അത് പരിമിതി വെക്കുന്നില്ല. രൂപവ്യത്യാസങ്ങൾ ഉണ്ടാക്കുന്നത് പദാർഥത്തിന്റെ ചുറ്റുവട്ടത്തെ നിയന്ത്രിക്കുന്ന ഊർജത്തിന്റെ ഏറ്റക്കുറച്ചിലുകളാണ്.
പിന്നെ, പകിടകളിയുടെ കാര്യം. േകാസ്മിക് റിലേറ്റിവിറ്റിക്ക് അനുപൂരകമായ പുതിയ ക്വാണ്ടം മെക്കാനിക്സ് ഇന്ന് കണ്ടെത്തിയിട്ടുള്ളത് അതിസൂക്ഷ്മതലത്തിലെ അനിശ്ചിതത്വങ്ങളും അനിർണയാവസ്ഥയുമൊക്കെ ‘സഹജ’വും സകല ബലതന്ത്രത്തിലും ഒഴിവാക്കാനാവാത്തതുമാണെന്നാണ്. പക്ഷേ, അത് തീരെ ചെറുതാണ്. അതുകൊണ്ട് അത് കാര്യമായി ബാധിക്കുക അതിസൂക്ഷ്മ കണങ്ങളെ മാത്രമാണ്; ഒരു കല്ലിന്റെ ചലനത്തെയൊന്നും ബാധിക്കില്ല. അതേസമയംതന്നെ ഇതേ അനിശ്ചിതത്വ ഘടകം കല്ലിന്റെയും ഗ്രഹത്തിന്റെയുമൊക്കെ ചലനത്തിലും ഹാജരുണ്ട് – ഐരാവതത്തിന്റെ പുറത്തെ കണ്ണീച്ചപോലെ. അത് കല്ലിന്റെയോ ഗ്രഹത്തിന്റെയോ ‘ക്ലാസിക്കൽ’ ചലനത്തെ ബാധിക്കുന്നില്ല. ഈ ഈച്ച എവിടെയുമുണ്ട്. സർവവ്യാപിയായതിനെ ദൈവം എന്ന് വിളിക്കുന്ന പതിവുവെച്ച് ഇതിനെയും. അങ്ങനെ വിളിച്ചാൽ ഈച്ച ഒന്നും പറയില്ല.
നവ സിദ്ധാന്തത്തിന്റെ മനുഷ്യഘടകങ്ങൾ
താങ്കളുടെ സിദ്ധാന്തം തത്ത്വചിന്തക്ക് ചില സവിശേഷതലങ്ങൾ തുറന്നുകൊടുക്കുന്നുണ്ട്. ഒന്ന്, മനുഷ്യന്റെ പ്രപഞ്ചവീക്ഷണം സംബന്ധിച്ച്. പദാർഥം സ്വാധീനിക്കുന്നു എന്നത് സാധാരണ അറിവുള്ള കാര്യമാണ്. എന്നാൽ, വിദൂര പദാർഥങ്ങൾ ആ സ്വാധീനത്തിൽ മുന്നിട്ടുനിൽക്കുന്നു എന്നത് പുതിയ അറിവാണ്. ഈ ഭൗതികവസ്തുത മുഴുവൻ ലോകത്തിനും യാഥാർഥ്യാടിസ്ഥാനത്തിൽ ആഴമേറിയ ബന്ധമുണ്ടെന്ന് സ്ഥാപിക്കുകയാണ്. ഒരു വ്യക്തി എന്നനിലക്ക് ഇതിനെ എങ്ങനെ കാണുന്നു? സൂത്രശാലികളായ മതശാസ്ത്രക്കാർക്ക് ശാസ്ത്രത്തിന്റെ ചെലവിൽ ഒന്നാഘോഷിക്കാനുള്ള പഴുത് ഇതിലില്ലേ?
ഈ രണ്ട് ഘടകങ്ങളുമാണ് വാസ്തവത്തിൽ കോസ്മിക് റിലേറ്റിവിറ്റിയുടെ ഏറ്റവും സവിശേഷമായ ‘മനുഷ്യ’ഘടകങ്ങൾ. പരമമായതിനെ (absolute) ശക്തമായി ഉറപ്പിക്കുകയും സകലതിനും സകലതിനോടുമുള്ള പരസ്പരബന്ധത്തെ ^ഗുരുത്വബലം മുഖേനയുള്ളതാണ് ഈ ബന്ധമെങ്കിലും – സുതാര്യമാക്കുകയും ചെയ്യുന്നതിൽനിന്ന് ആന്തരികവും ദാർശനികവുമായ ഒരു സംതൃപ്തി കിട്ടുന്നുണ്ട്. അത് ഉള്ളുതൊടുന്നുണ്ട്, ആഴത്തിൽ. ഈ രണ്ട് ഘടകങ്ങളിൽ ഇനി സംശയത്തിനൊന്നും ഇടമില്ല.
മതശാസ്ത്രക്കാരും തത്ത്വചിന്തകരും അവരവരുടെ നിലക്ക് ആഘോഷിച്ചെന്നുവരാം. ആദ്യ കൂട്ടർക്ക് തങ്ങളുടെ വിശ്വാസത്തിന് പരിശോധിക്കാനാവുന്ന ഒരു ഭൗതിക പ്രത്യക്ഷം കിട്ടിയിരിക്കുന്നു എന്നനിലക്ക്. തത്ത്വചിന്തകർക്ക് അവരുടെ ആ ചിരന്തന പ്രശ്നം പരിഹരിക്കപ്പെടുന്നതിൽ – absolute Vs relative.
ഭൗതികശാസ്ത്രം കുറേക്കാലം പരതിനടന്ന ‘സർവതിന്റെയും സിദ്ധാന്ത’മാണിതെന്ന അവകാശവാദമുണ്ടോ? തിയറി ഓഫ് എവ്രിതിങ്?
ഇത് സാമാന്യ ബലതന്ത്രത്തിന്റെയും ആപേക്ഷികതയുടെയും സിദ്ധാന്തമാണ്. പിന്നെ, ഇത് ചലനത്തിന്റെ സിദ്ധാന്തമാണ്. എന്നുകരുതി നിഷ്കൃഷ്ട വസ്തുക്കളുടെയും ഇടപെടലുകളുടെയും സിദ്ധാന്തമല്ലിത്. ഐൻസ്റ്റൈന്റേതും അങ്ങനെയായിരുന്നില്ല. എന്നിരുന്നാലും എന്റെ നവ ക്വാണ്ടം മെക്കാനിക്സിന്റെ സഖ്യത്തിൽ ഇതിന് ഭൗതിക സാധ്യതകൾക്കുമേൽ വ്യക്തത വരുത്താൻ കഴിയും. ഒരുപക്ഷേ, ‘സർവതിനും പിന്നിലെ സിദ്ധാന്തം’ എന്ന് പറഞ്ഞാൽ യുക്തമാവും.
സ്വന്തം നിലക്ക് പ്രായോഗിക പരീക്ഷണങ്ങൾ നിർവഹിക്കുന്ന ശാസ്ത്രജ്ഞനാണ് താങ്കൾ. ഇക്കാലത്ത് ഭൗതികശാസ്ത്രത്തിൽ സൈദ്ധാന്തികരും പരീക്ഷണക്കാരും എന്നൊരു വിഭജനംതന്നെ പ്രകടമാണ്. ഈ വിഭജനം അടിസ്ഥാന ഗവേഷണത്തെ ഏതെങ്കിലും തരത്തിൽ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?
ഞാനൊരു എക്സ്െപരിമെന്റൽ ഫിസിസിസ്റ്റാണ്. ഞാൻ നിരീക്ഷിക്കുന്ന കാര്യങ്ങൾക്കുമേൽ സൈദ്ധാന്തികമായ ധാരണകൂടി വേണമെന്ന് കരുതുന്ന ഒരാൾ: ഇത് ആദ്യകാല ഭൗതികശാസ്ത്രജ്ഞരിൽ ഏറക്കുറെ ഒരു സംസ്കാരംതന്നെയായിരുന്നു – ഗലീലിയോയും പിന്നീട് ആംപിയറുമൊക്കെ മികച്ച ഉദാഹരണങ്ങൾ. ഐൻസ്റ്റൈൻപോലും ചില വികസിത പരീക്ഷണങ്ങൾക്ക് ശ്രമിച്ചിട്ടുണ്ട്. പിഎച്ച്.ഡിക്ക് വേണ്ടി ഞാൻ പ്രവർത്തിച്ചത് പ്രഫ. രാംനാഥ് കൗശിക്കിനൊപ്പമാണ്. തിയറിയിലും പരീക്ഷണങ്ങളിലും ഒരുപോലെ പ്രവർത്തിച്ചിരുന്ന ഭൗതികശാസ്ത്രജ്ഞനാണ് അദ്ദേഹം. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലും ആദ്യകാലങ്ങളിൽ ഈ സംസ്കാരമുണ്ടായിരുന്നു. വിദേശങ്ങളിൽ ഇതു സാമാന്യമായുണ്ട്. ഇന്ത്യയിൽ ഇന്ന് അത്യപൂർവം. ലോജിക്കിലും തിയറിയിലും നിന്ന് മാത്രമായല്ലാതെ നമ്മുടെ പരീക്ഷണങ്ങളിൽനിന്ന് ഫലങ്ങൾ ഉരുത്തിരിയുന്നത് കാണുമ്പോഴുള്ള സംതൃപ്തി താരതമ്യമില്ലാത്തതാണ്. അതേസമയം, നിരീക്ഷിച്ച പ്രതിഭാസത്തെ കുറിച്ച് മികച്ച താത്ത്വിക ധാരണയില്ലെങ്കിൽ സംതൃപ്തി പരിമിതപ്പെടും.
താങ്കളുടെ സിദ്ധാന്തം സമഗ്രമായി മനസ്സിലാക്കാൻ ഈ രണ്ട് ഉപകരണങ്ങളും അനിവാര്യമാണെന്നാണോ?
ഉണ്ണികൃഷ്ണൻ: അതെ, പക്ഷേ, രണ്ടിന്റെയും വളരെ ആഴത്തിലുള്ള വൈദഗ്ധ്യമൊന്നും വേണ്ട. സിദ്ധാന്തം ലളിതമാണ്. പരീക്ഷണങ്ങൾ നേരെ ചൊവ്വേയുള്ളവയാണ്, വക്രസങ്കീർണതകളൊന്നുമില്ല.
യുറീക്കാ നിമിഷം
ഒരു വലിയ പരിഹാരത്തിൽ എത്തിയിരിക്കുന്നു എന്ന ഈ ഉറപ്പിന് പിന്നിലെന്താണ്? എന്തായിരുന്നു താങ്കളുടെ യുറീക്കാ നിമിഷം?
ലോകത്തെ മുഴുവൻ ബലതന്ത്രത്തെയും ആപേക്ഷികതയെയും നിർണയിക്കുന്നത് കോസ്മിക് റിലേറ്റിവിറ്റിയാണെന്ന ധാരണ മെല്ലെയാണ് വിരിഞ്ഞുവന്നത്, ഏതാണ്ട് ഒരു കൊല്ലംകൊണ്ട്. ആപേക്ഷികതയിലെ ടൈം ഡൈലേഷൻ പ്രപഞ്ച ഗുരുത്വഫലമായി സംഭവിക്കുന്നതാണെന്ന് മനസ്സിലാക്കിയപ്പോൾതന്നെ എന്റെ ബോധ്യം ഉറച്ചുതുടങ്ങിയിരുന്നു. ഇത് രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ്. എങ്കിലും ചില വിശദാംശങ്ങൾ ശരിപ്പെടുത്താനുണ്ടായിരുന്നു. ഐൻസ്റ്റൈന്റെ സിദ്ധാന്തം പിശകായിരിക്കാനുള്ള സാധ്യതയെപ്പറ്റി ചില മുതിർന്ന ഭൗതിക ശാസ്ത്രജ്ഞരോട് ഞാൻ ചർച്ചചെയ്തു. അവർ ചില സൈദ്ധാന്തിക കാരണങ്ങൾ ചൂണ്ടിക്കാട്ടി, എന്നെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. പക്ഷേ, അവരുടെ യുക്തിയും വിമർശനവും വിശ്വസനീയമായി തോന്നിയില്ല. ഞാൻ മനസ്സ് മടുക്കാതെ കൂടുതൽ തെളിവുകൾ തേടിക്കൊണ്ടിരുന്നു. ഒന്നിനു പിറകെ ഒന്നായി പരീക്ഷണ തെളിവുകൾ എനിക്ക് അനുകൂലമായി വന്നുകൊണ്ടിരുന്നു. 2004ഓടെ ഞാൻ പ്രബന്ധങ്ങൾ എഴുതാൻ തുടങ്ങി, ആദ്യത്തെ ഫലങ്ങൾ പ്രസിദ്ധപ്പെടുത്താനും. എങ്കിലും എനിക്ക് ആശങ്കകളുണ്ടായിരുന്നു, ലൈറ്റ് ഹൈപോതിസിസിനെ ആക്രമിക്കാൻ. കാരണം, അത് പരീക്ഷണങ്ങളിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുള്ള ഒന്നാണെന്ന പൊതുധാരണയായിരുന്നു എനിക്കുമുണ്ടായിരുന്നത്. അധികം വൈകാതെ മനസ്സിലായി, സംഗതി ഒരു ഊഹനിഗമനം മാത്രമാണെന്ന് – ഐൻസ്റ്റൈൻ അതെഴുതിയിട്ട് കൊല്ലം നൂറു കഴിഞ്ഞിട്ടും. അതോടെ, ആത്മവിശ്വാസമായി. അതിന്മേൽ സ്വന്തമായി പരീക്ഷണങ്ങൾ ചെയ്തു. ഫലങ്ങൾ എന്റെ സംശയം പാടേ ശരിവെക്കുന്നതായി. അതായിരുന്നു അനിഷേധ്യമായ ഉറപ്പിന്റെ ഘട്ടം. പക്ഷേ, ടി.ഐ.എഫ്.ആറിലോ ഇന്ത്യയിലെ ഇതര ശാസ്ത്ര സ്ഥാപനങ്ങളിലോ ആരുംതന്നെ എന്റെ പരീക്ഷണഫലങ്ങൾ പരിശോധിക്കാനോ മനസ്സിലാക്കാനോ ഗൗനിച്ചില്ല – നൂറിൽ കുറയാത്ത പ്രഭാഷണങ്ങളും െലക്ചറുകളും നടത്തിയിട്ടും!
അടിസ്ഥാന ശാസ്ത്രഗവേഷണം ഒരേകാന്ത ദൗത്യമാണ്. ശാസ്ത്രസമൂഹത്തിലെ ചർച്ചകളും സഹകരണവുമൊക്കെ ഇരിക്കെത്തന്നെ, അന്വേഷകന്റെ ആന്തരികമായ ഏകാകിത തീവ്രമാണ്. അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം സദാ ചുറ്റുവലയം തീർക്കുന്നു. എന്താണ് മുന്നോട്ടുപോകാൻ താങ്കളെ ഉത്തേജിപ്പിക്കുന്നത്?
പല ഘടകങ്ങളുമുണ്ട്. നമ്മൾ മനുഷ്യർ ചോദിക്കുന്ന ആഴമേറിയ ചോദ്യങ്ങൾ നൂറ്റാണ്ടുകളായി അത്രകണ്ട് മാറിയിട്ടില്ല. അവ കൂടുതലും ജീവന്റെ പ്രാരംഭങ്ങളെപ്പറ്റിയും ഭൗതിക ലോകത്തെക്കുറിച്ചുമാണ്. അവയുടെ പരിണാമം, പരസ്പരബന്ധങ്ങൾ. ഭൗതികലോകത്തെക്കുറിച്ചും അതിലെ ബന്ധക്കണ്ണികളെക്കുറിച്ചുമുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നത് ജീവന്റെ സങ്കീർണതകളെയും മനസ്സിനെയുമൊക്കെ കൈകാര്യം ചെയ്യുന്നതിലും എളുപ്പമുള്ളതാണ്. രണ്ടുമൂന്നു സഹസ്രാബ്ദങ്ങളിൽ നമ്മൾ ചോദിച്ച പല ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്തി എന്നത് ധൈര്യം പകരുന്നു. വിശേഷിച്ചും, കഴിഞ്ഞ 400 കൊല്ലങ്ങളിൽ ഈ കണ്ടെത്തലിന്റെ വേഗം കൂടിയത്. അപ്പോൾ, ഉത്തരങ്ങൾ സാധ്യമാണ്, അവക്ക് പ്രത്യക്ഷധ്വനികളുണ്ട്, നമ്മൾ ആശ്രയിക്കുന്ന സാങ്കേതികത്വമടക്കം. ഇതുതന്നെ മതിയായ പ്രചോദനമാണ്, ഭൗതികലോകത്തെപ്പറ്റി ആഴത്തിൽ താൽപര്യമുള്ള ആർക്കും മുന്നോട്ടുപോകാൻ. എങ്കിലും അന്വേഷണത്തിന്റെ ലോകത്ത് ആത്മവിശ്വാസത്തോടെ പ്രവേശിക്കാൻ കൂടുതലായി ചിലതുവേണം. ചുറ്റിലുംനിന്ന് ധൈഷണികമായി ആ വ്യക്തി ആർജിച്ചത് ഇവിടെ പ്രധാനമാകുന്നു – രക്ഷിതാക്കളിൽ തുടങ്ങി ബന്ധുക്കളിൽനിന്നും കൂട്ടുകാരിൽനിന്നും തൊട്ട് രാജ്യത്ത് ഏറ്റവും മികച്ച നേട്ടങ്ങളുണ്ടാക്കിയവരിൽനിന്നു വരെ. ഇത് നമ്മുടെ വിദ്യാഭ്യാസത്തിലൂടെ ഉള്ളിലേക്ക് തിരുകപ്പെടുന്നതാണ്, വിദ്യാഭ്യാസം നിരന്തര പ്രക്രിയയാണുതാനും. പിന്നെ, നമുക്കു ചുറ്റിലുമുള്ള ആളുകൾ നമ്മുടെ അന്വേഷണഫലങ്ങളിൽ ആത്മാർഥ താൽപര്യമുള്ളവരാവുകയും വേണം. അല്ലെങ്കിൽ നമ്മൾ നിരുത്സാഹപ്പെടും. അങ്ങനെ ഫലത്തിൽ, ഇത് തീർത്തും ഏകാന്തമായ ദൗത്യമല്ല. നമ്മൾ ഉൾപ്പെടുന്ന വലിയ സമൂഹത്തെ പ്രതിനിധാനം ചെയ്യുകയാണെന്ന വിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്. എന്നാലും അനിശ്ചിതത്വത്തിന്റെ ഘട്ടങ്ങളിൽ ഏകാകിത അനുഭവപ്പെടാറുണ്ടെന്ന് സമ്മതിക്കുന്നു. അന്വേഷണത്തിന്റെ പാതയിൽ, അത് നീണ്ടുപോകാം, ഒരുവേള ശാശ്വതമായെന്നും വരാം. അറിവിന്റെ ലോകത്ത് നേരത്തേതന്നെ ഉണ്ടായിരുന്നതിൽ ഏറെ കൂടുതൽ അറിഞ്ഞുപോയാൽ യാത്ര ഏകാന്തമാവും– മറ്റുള്ളവരും അതറിയാൻ താൽപര്യപ്പെട്ട് ഒപ്പം കൂടുവോളം. എങ്കിലും ഒരു പ്രായോഗിക സന്തുലനം സാധ്യമാണ്. താൽക്കാലിക തൃപ്തി തരുന്ന ‘രസകരമായ’ ഫലങ്ങൾ ചൊരിയുന്ന ചില ശാസ്ത്രപ്രമേയങ്ങളുണ്ട്. അതിന് അൽപം നേരവും ശ്രമവും ചെലവാക്കിയാൽ ഈ സന്തുലനം തരമാക്കാം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.