കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി ആദിവാസി സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആദിവാസികളെ മുഖ്യധാരയിലെത്തിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറയുന്നു. വിദ്യാഭ്യാസരംഗത്ത് സർക്കാർ എന്താണ് ചെയ്തത്?
ആദിശക്തി സമ്മർ സ്കൂളിലെ വിദ്യാർഥികൾ പട്ടികവർഗവകുപ്പുമായി ഇക്കാര്യത്തിൽ നിരവധി ചർച്ച നടത്തി. ഒന്നിനും ഫലപ്രദമായ നടപടി ഉണ്ടായില്ല. ഡിജിറ്റൽ ഡിവൈഡിനെ അഡ്രസ് ചെയ്യാൻ സർക്കാറിന് കഴിഞ്ഞില്ല. വിദ്യാർഥികൾക്ക് ലാപ്ടോപ്, ഓൺലൈൻ സൗകര്യം ഒരുക്കുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടു. കൊഴിഞ്ഞുപോകുന്നതിന്റെ നിരക്ക് കോവിഡ് കാലത്ത് ഗണ്യമായി വർധിച്ചു. ഇപ്രാവശ്യത്തെ ഹയർസെക്കൻഡറി റിസൽട്ട് മാത്രം പരിശോധിച്ചാൽ അത് വ്യക്തമാണ്. 6500ലധികം വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 57 ശതമാനം തോറ്റു. വയനാട്ടിലെ സ്ഥിതി പരിശോധിച്ചാൽ ആകെ പരീക്ഷയെഴുതിയതിൽ മൂന്നിലൊന്നാണ് ജയിച്ചത്. ജയിച്ചവരിൽതന്നെ കുറിച്യ, കുറുമ വിഭാഗങ്ങളാണ്. കോവിഡ് കാലത്ത് പണിയ, അടിയ, കാട്ടുനായ്ക്ക തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികളെ ഡിജിറ്റൽ ഡിവൈഡും വളരെയധികം ബാധിച്ചു. മാനന്തവാടിയിൽ പട്ടികവർഗ വകുപ്പ് നടത്തിയ ഓറിയന്റേഷൻ ക്ലാസിൽ 56 വിദ്യാർഥികൾ മാത്രമാണ് എത്തിയത്. അതിൽ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിൽനിന്ന് എത്തിയത് 12 കുട്ടികൾ മാത്രം. ആദിശക്തി വിളിച്ച ക്യാമ്പിൽ 30 കുട്ടികളെത്തി. വയനാട്ടിലെ കോളജുകളിലെ സംവരണ സീറ്റുകളിൽ പ്രവേശനം ലഭിക്കുന്നത് കുറിച്യ, കുറുമ വിഭാഗങ്ങളിലെ കുട്ടികൾക്കാണ്. പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾ ജയിച്ചാലും അവർ പുറത്തുതന്നെ. ആദിശക്തി സമ്മർ സ്കൂളായതിനാൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ കോളജുകളിലേക്ക് ഈ വിഭാഗത്തിലെ കുട്ടികൾക്ക് പ്രവേശനത്തിന് സഹായിക്കുകയാണ്.
എട്ടു വർഷത്തെ പരാതിക്കുശേഷമാണ് സർക്കാർ കഴിഞ്ഞവർഷം എറണാകുളത്ത് പെൺകുട്ടികൾക്ക് ഒരു ഹോസ്റ്റൽ തുറന്നത്. പ്രഫഷനൽ കോഴ്സിലെ കുട്ടികൾക്ക് കൊടുക്കേണ്ട ഗ്രാൻഡ് ഇപ്പോഴും 3500 രൂപയാണ്. 1993ലാണ് രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്തത്. രജനിയുടെ ആത്മഹത്യക്കു ശേഷമാണ് 3500 രൂപ അനുവദിച്ചത്. അതുവരെ 1000 രൂപ ആയിരുന്നു. അതിനുശേഷം കൂട്ടിയിട്ടില്ല. ഏതു നഗരത്തിലും ഒരു കുട്ടിക്ക് ജീവിക്കണമെങ്കിൽ മിനിമം 5000 രൂപയെങ്കിലും വേണം. പട്ടികവർഗ വകുപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടത് 7000 രൂപയായി വർധിപ്പിക്കണമെന്നാണ്. സർക്കാറിന് തുക വർധിപ്പിക്കുന്നതിൽ താൽപര്യമില്ല.
വയനാട്ടിലാണോ ആദിവാസി കുട്ടികൾ വലിയ പ്രതിസന്ധി നേരിടുന്നത്. അതിൽ സർക്കാർ സംവിധാനം ഇടപെടൽ നടത്തുന്നില്ലേ?
വയനാട്ടിലെ 2600 കുട്ടികൾ ഹയർസെക്കൻഡറിക്ക് അപേക്ഷിച്ചു. 800 സീറ്റ് മാത്രമാണ് വയനാട്ടിലുള്ളത്. ബാക്കി കുട്ടികൾ എവിടെ പോകും. കോവിഡ് കാലത്ത് വലിയ സത്യഗ്രഹം നടത്തിയതിനുശേഷം പട്ടയമേളപോലെ ഒരു സ്പോട്ട് അഡ്മിഷൻ മേള നടത്തി. രണ്ടു വർഷം മുമ്പ് അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം നൽകാമെന്ന് സർക്കാർ ഉറപ്പു നൽകി. കോവിഡിന്റെ സാഹചര്യത്തിൽ 450 കുട്ടികൾക്കുകൂടി അങ്ങനെ അഡ്മിഷൻ ലഭിച്ചു. കഴിഞ്ഞ വർഷം ക്ലാസുകൾ സമയത്തുതന്നെ തുടങ്ങി. എന്നാൽ, വർഷാവസാനമാണ് (ഫെബ്രുവരി) ആദിവാസി കുട്ടികൾക്ക് അഡ്മിഷൻ നൽകിയതായി ഉത്തരവ് ഇറങ്ങിയത്. ആദിവാസി കുട്ടികൾ ബാക്ക് ബെഞ്ചിൽ ഇരുന്നാൽ മതി എന്നാണ് സർക്കാറിന്റെ തീരുമാനം. ആ കുട്ടികൾ മുഴുവൻ പരീക്ഷയിൽ തോറ്റു. പുൽപള്ളി സ്കൂളിൽ ഇതുമായി ബന്ധപ്പെട്ട് പോയിരുന്നു. അവിടെ 400 ആദിവാസി കുട്ടികൾ പഠിക്കുന്നുണ്ട്. ഒന്നാം വർഷം കഴിയുന്നതിനുമുമ്പ് ബഹുഭൂരിപക്ഷം കൊഴിഞ്ഞുപോയി. സാങ്കേതികമായി ആ കുട്ടികൾ വളരെ താമസിച്ച് അഡ്മിഷൻ കിട്ടിയവരാണ്. ആദിവാസി വിദ്യാർഥികൾക്ക് സംരക്ഷണം നൽകാൻ സർക്കാർ തയാറാകുന്നില്ല.
ഡിജിറ്റൽ സംവിധാനം ആദിവാസി കുട്ടികൾക്ക് ലഭിച്ചില്ല. അതിനാൽ പരീക്ഷയെ നേരിടാൻ ആദിവാസി വിദ്യാർഥികൾക്ക് കഴിഞ്ഞില്ല. തോറ്റ കുട്ടികൾക്ക് സേ പരീക്ഷയെഴുതാൻ ഒരു വിഷയത്തിന് 150 രൂപ ഫീസ് അടക്കണം. രണ്ടോ മൂന്നോ ദിവസത്തിനകം അടച്ചില്ലെങ്കിൽ ഫൈൻകൂടി അടക്കണം. കഴിഞ്ഞ വർഷം തോറ്റത് 950 കുട്ടികളാണ്. രണ്ട് വർഷങ്ങളിൽ രണ്ടായിരത്തിനടുത്ത് വിദ്യാർഥികൾ തോറ്റു. ഇത്തവണ വയനാട്ടിൽ സേ പരീക്ഷ എഴുതിയത് 44 കുട്ടികളാണ്. മറ്റുള്ളവർ പഠനം നിർത്തി. സേ പരീക്ഷക്കുള്ള ഫീസ് ഇളവ് നൽകണമെന്നാവശ്യപ്പെട്ട് പട്ടികവർഗ ഡയറക്ടർ അനുപമയെ നേരിട്ടു കണ്ട് കത്ത് നൽകിയിരുന്നു. പരിഗണിക്കാമെന്ന് ഉറപ്പും നൽകി. ഒന്നും നടന്നില്ല. കുട്ടികൾ പഠനം നിർത്തട്ടെയെന്നാണ് സർക്കാർ നിലപാട്.
കോളജുകളിൽ പ്രവേശനസമയത്തെ ഫീസ് ആദിവാസി സമൂഹത്തിന് വലിയ തടസ്സമാകുന്നുണ്ടോ? മുഴുവൻ തുകയും പ്രവേശനസമയത്ത് അടക്കണമെന്ന കോളജുകളുടെ ആവശ്യം പ്രതിസന്ധി ഉണ്ടാക്കിയോ?
വിദ്യാർഥികൾക്ക് പണം ബാങ്കിലൂടെ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചത്. കോളജുകളിൽ വിദ്യാർഥി പ്രവേശനം ഡിജിറ്റൽ മോഡിലേക്ക് മാറ്റി. കോളജുകൾ അവരുടേതായ ഫീസ് ഘടന ഉണ്ടാക്കി. ഉദാഹരണമായി എം.എസ്.ഡബ്ല്യൂ ഒരു സെമസ്റ്ററിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് 25,000 രൂപയായിരിക്കും. കോളജ് അധികൃതർ അതിനുമേൽ 10,000 രൂപ കൂടി വിവിധ ഫീസുകളായി ചേർക്കും. അതിന് കോളജ് വികസന ഫണ്ടെന്നോ പി.ടി.എ ഫണ്ടെന്നോ മറ്റോ പേരുകളിടും. പണ്ട് പ്രവേശനസമയത്ത് വിദ്യാർഥിയുടെ മുന്നിൽ കുറെ അധ്യാപകർ നിരന്നിരുന്ന് വിവിധതരം രസീതുകൾ തന്ന് ഫീസ് ഈടാക്കിയിരുന്നു. ഇന്ന് പ്രവേശനത്തിന് ഒരു കമ്പ്യൂട്ടറും ഓപറേറ്ററും മാത്രമേയുള്ളൂ. പണ്ട് ആദിവാസി കുട്ടിക്ക് 30-35 രൂപ കൊടുത്താൽ അഡ്മിഷൻ ലഭിക്കുമായിരുന്നു. ഇന്ന് പ്രവേശനസമയത്ത് ഫീസ് ഓൺലൈനായി അടക്കണം. അടക്കാൻ പണമില്ലെങ്കിൽ ആദിവാസി വിദ്യാർഥി പുറത്താണ്. ഓട്ടോണമസ് കോളജുകളിൽ ഫീസ് മുൻകൂറായി അടക്കാൻ ആവശ്യപ്പെടും. ഫീസ് അടച്ചിട്ട് പ്രവേശനം നൽകാമെന്നാണ് അവരുടെ നിർദേശം. അഞ്ച് യൂനിവേഴ്സിറ്റിയിലോ അഞ്ച് കോളജിലോ ഒരു കുട്ടിക്ക് പ്രവേശനത്തിന് അപേക്ഷ നൽകണമെങ്കിൽ വലിയൊരു തുക വേണ്ടിവരും. ഒരു കോഴ്സിന് 250 രൂപ വെച്ച് അഞ്ച് കോഴ്സിന് അപേക്ഷ നൽകാൻ 1250 രൂപ വേണം. മറ്റ് ചെലവുകൾ എല്ലാം കൂട്ടിയാൽ അത് 2000 രൂപയാകും. അടുത്തുള്ള കോളജുകളിൽ അപേക്ഷ നൽകാൻ മാത്രമേ കുട്ടികൾക്ക് കഴിയുന്നുള്ളൂ. അപേക്ഷ ഫീസ് വിദ്യാർഥികൾക്ക് സൗജന്യമാക്കാൻ കഴിഞ്ഞിട്ടില്ല. കഷ്ടപ്പെട്ട് ഏതെങ്കിലും സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചാൽ മുഴുവൻ ഫീസും അടക്കാൻ അവർ പറയും.
പ്രേക്ഷാഭവേദിയിൽ എം. ഗീതാനന്ദൻ
വിദ്യാർഥികൾക്ക് ബാങ്ക് വഴി (കാഷ് ട്രാൻസ്ഫർ രീതി) ഫീസ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന കേന്ദ്രസർക്കാറിന്റെ ഉത്തരവ് സംസ്ഥാനം നടപ്പാക്കുന്നത് കേരളത്തിൽ പ്രതിസന്ധിയുണ്ടാക്കിയോ?
പട്ടികജാതി-വർഗ വകുപ്പ് ട്യൂഷൻ ഫീസ് നേരത്തേ വിദ്യാഭ്യാസ സ്ഥാപനത്തിന് നൽകിയിരുന്നു. കേന്ദ്രസർക്കാർ കാഷ് ട്രാൻസ്ഫർ രീതി സ്വീകരിച്ചു. വിദ്യാർഥിക്ക് നേരിട്ട് ട്യൂഷൻ ഫീ നൽകും. അതോടെ, സ്ഥാപനവും സർക്കാറും തമ്മിലുള്ള ബന്ധം ഇല്ലാതായി. കുട്ടികളുടെ ഫീസ് സർക്കാർ തരുമെന്ന അലിഖിത നിയമം നേരത്തേ ഉണ്ടായിരുന്നു. അത് ഇല്ലാതായി. സർക്കാറും വിദ്യാഭ്യാസ സ്ഥാപനവും തമ്മിൽ നിലവിൽ എഗ്രിമെന്റ് ഇല്ല. വിദ്യാർഥികൾ സ്ഥാപനത്തിന് ഫീസ് നേരിട്ട് നൽകണം. ഇതിൽ ആകർഷകത്വം തോന്നാം. സ്ഥാപനങ്ങൾ വഴി നടക്കുന്ന അഴിമതി തടയാൻവേണ്ടിയാണ് ഇത് നടപ്പാക്കിയത്. അതിനാൽ കുട്ടിയോട് ഇപ്പോൾ മുൻകൂർ പണം അടക്കാൻ ആവശ്യപ്പെടുന്നു. ബാങ്ക് വഴി ഏതു ആനുകൂല്യമാണ് ലഭിക്കുന്നതെന്ന് വിദ്യാർഥികൾക്ക് അറിയില്ല. അവർ പലപ്പോഴും വീട്ടിൽ ദാരിദ്ര്യം കാരണം പല ആവശ്യത്തിനും തുകയെടുത്ത് വിനിയോഗിക്കുന്നു. ഫീസ് അടക്കാൻ കാശില്ലാതെ വലയുന്നു. അതിസങ്കീർണമായ ഒരു സംവിധാനമാണ് സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. ഈ വർഷത്തെ അക്കാദമിക് രംഗം വളരെ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. എസ്.സി വകുപ്പ് പുതിയ രീതി പൂർണമായും അംഗീകരിച്ചില്ല. എസ്.ടി ഡിപ്പാർട്മെന്റാകട്ടെ നടപ്പാക്കിത്തുടങ്ങി. ഇന്നത്തെ രൂപത്തിൽ നടപ്പാക്കുന്നത് വിദ്യാർഥികൾക്ക് ഗുണം ചെയ്യില്ല. ക്രെഡിറ്റ് കാർഡ് പോലെയുള്ള എന്തെങ്കിലും സംവിധാനം വിദ്യാർഥികൾക്ക് നൽകണം.
ആദിവാസികൾക്ക് സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച് ജീവിക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടോ? ചെറുധാന്യങ്ങൾ അടക്കമുള്ള കൃഷിയും സമ്പന്നമായ വനവിഭവ ശേഖരണവും അതിന്റെ മാർക്കറ്റിങ്ങും അവർക്ക് വിട്ടുനൽകിയാൽ പോരേ. അതിന് ആവശ്യമായ പരിശീലനംകൂടി നൽകിയാൽ അവർ സ്വാശ്രയ സമൂഹമാവില്ലേ? നിലവിൽ ആദിവാസികൾക്ക് അവകാശപ്പെട്ട വിഭവങ്ങൾ കൊള്ളയടിക്കുകയല്ലേ?
ചെറുധാന്യ കൃഷിയിൽ പറമ്പിക്കുളം നല്ലൊരു മാതൃകയാണ്. ചെറുധാന്യ കൃഷി അവിടെ വൻവിജയമായിട്ട് വിലയിരുത്തുന്നു. കോതമംഗലം, അടിമാലി ഭാഗത്തെ ഈറ്റയും മുളയും എച്ച്.എം.എല്ലിന് കൊടുക്കാൻ കഴിയില്ല. ഈറ്റയും മുളയും മരങ്ങൾ അല്ല എന്നത് ദേശീയതലത്തിലെ തീരുമാനമാണ്. അത് മൈനർ വനവിഭവമാണ്. ആദിവാസി ഗ്രാമസഭക്കാണ് അതിൽ അവകാശമുള്ളത്. അത് കേരളത്തിലെ വനംവകുപ്പ് അംഗീകരിച്ചിട്ടില്ല. അത് ലേലംചെയ്തു കൊടുക്കേണ്ടത് വനംവകുപ്പ് അല്ല. ആദിവാസികളുടെ ഗ്രാമസഭയാണ്. വടക്കേ ഇന്ത്യയിലുള്ള ആദിവാസി ഗ്രാമസഭകൾക്ക് ഇത്തരം വരുമാനം വൻതോതിൽ ലഭിക്കുന്നുണ്ട്. കേരളത്തിൽ അത് നടപ്പാക്കാൻ സർക്കാർ തയാറായിട്ടില്ല. വടക്കേ ഇന്ത്യയിൽ ഗ്രാമസഭകളിൽ ആദിവാസികൾ നോട്ടെണ്ണൽ മെഷീൻ വാങ്ങി.
വനാവകാശത്തിലെ ഈ സാധ്യതകൾ പല എൻ.ജി.ഒകളും തിരിച്ചറിഞ്ഞു. അതിനാലാണ് എൻ.ജി.ഒകൾ അട്ടപ്പാടിയിലും ഇടുക്കിയിലുമെല്ലാം കേന്ദ്രങ്ങൾ തുടങ്ങുന്നത്. പല എൻ.ജി.ഒകളും ആദിവാസി മേഖലകളിലേക്ക് സഞ്ചരിക്കുകയാണ്. ആദിവാസികൾക്ക് മുളയുൽപന്നങ്ങൾ നിർമിക്കാനുള്ള പരിശീലനം നൽകി സംരംഭങ്ങൾ ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചാൽ വളരെ വലിയ മുന്നേറ്റം നടത്താം. പക്ഷേ, ഇത് പ്രയോജനപ്പെടുത്താൻ പോകുന്നത് കേരളത്തിലെ എൻ.ജി.ഒകൾ ആയിരിക്കും. ചെറുകിട വനവിഭവങ്ങളുടെ ഉടമസ്ഥർ ആദിവാസി ഗ്രാമസഭകളാണ്. സാമൂഹിക വനാവകാശം കേരളത്തിൽ യാഥാർഥ്യമാക്കണം. നാളിതുവരെ എച്ച്.എം.എല്ലിന് മുളകൾ കൈമാറിയത് സർക്കാർ നടത്തിയ ക്രിമിനൽ കുറ്റമാണ്.
വനത്തിൽനിന്ന് പച്ചമരുന്ന് ശേഖരിക്കാനുള്ള അവകാശം ആദിവാസി ഗ്രാമസഭകൾക്കാണ്, സർക്കാറിനല്ല. ഹരിജന -ഗിരിജന സൊസൈറ്റികളാണ് ഇപ്പോൾ ആ കാര്യം ചെയ്യുന്നത്. അതേപോലെ വനം വകുപ്പിന്റെ സൊസൈറ്റികളും. കേരളത്തിൽ ഒരേയൊരു ട്രൈബൽ കമ്പനി മാത്രമേയുള്ളൂ. അത് ആരൊക്കെയോ തല്ലിക്കൂട്ടിയ ബിനാമിയാണ്. സംരംഭങ്ങൾ ഉണ്ടാക്കാൻ ദേശീയതലത്തിൽ ഫണ്ടുകൾ നൽകുന്നുണ്ട്. പലയിടത്തും അത് വാങ്ങിയെടുക്കുന്നത് പള്ളിക്കാരാണ്. ആദിവാസികളുടെ ഇടയിൽനിന്നും ഈറ്റയും മുളയും ഉപയോഗിച്ച് പുതിയ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾ ഉയർന്നുവരണം. അതിനുള്ള മുൻഗണന പട്ടികവർഗ വകുപ്പ് നൽകുന്നില്ല. ഇവിടെയുള്ള വിഭവം ഉപയോഗിക്കാൻ ആദിവാസികൾക്ക് സംവിധാനമില്ല. ഫാമിങ് രംഗത്തും ആദിവാസികൾക്ക് വലിയ സംഭാവന ചെയ്യാനുണ്ട്. എന്നാൽ, പഴയ മോഡൽ സഹകരണ സംഘങ്ങൾ അതിന് തടസ്സമാണ്. ആദിവാസി മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഇതൊക്കെ സഹായകമാണ്.
സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ എല്ലാവർക്കും തൊഴിൽ നൽകാൻ സർക്കാറിന് കഴിയില്ല. മെന്റർ ടീച്ചർമാർക്ക് ശമ്പളം നൽകുന്നത് കോർപസ് ഫണ്ടിൽനിന്ന് എടുത്തിട്ടാണ്. പട്ടികവർഗ വകുപ്പാണ് 300 പേർക്ക് 20,000 രൂപവീതം ഓണറേറിയം കൊടുക്കുന്നത്. ഇത് സ്ഥിരനിയമനം നടത്തേണ്ട പോസ്റ്റാണ്. തീരദേശ മേഖലയിലും തോട്ടമേഖലയിലുമൊക്കെ മെന്റർ ടീച്ചർ സംവിധാനം വേണം. നിലവിൽ അത് പട്ടികവർഗ വകുപ്പിന്റെ ഒരു പദ്ധതിയാണ്. മറ്റൊരു ചൂഷണംകൂടി അവിടെ നടക്കുന്നുണ്ട്. ഇവർക്ക് കൊടുക്കുന്ന ഓണറേറിയം 20,000 രൂപയാകുമ്പോൾ സോഷ്യൽ വർക്കർ തസ്തികയിൽ തൊഴിൽവകുപ്പ് കൊടുക്കുന്നത് 29,000 രൂപയാണ്. പട്ടികവർഗ വകുപ്പിലെ സോഷ്യൽ വർക്കേഴ്സിനും 20,000 രൂപയേ കൊടുക്കുന്നുള്ളൂ. ആദിവാസികൾക്ക് അതു മതിയെന്നാണ് സർക്കാറിന്റെ സമീപനം. രണ്ടാംകിട സോഷ്യൽ വർക്കർ പണിയാണ് ആദിവാസികൾ ചെയ്യുന്നത്.
പഴയ സഹകരണസംഘങ്ങളൊക്കെ പൊളിച്ചെഴുതണം. ഗ്രാമസഭകൾ വന്നതോടുകൂടി സഹകരണ സംഘങ്ങൾ നിയമവിരുദ്ധമാണ്. ഗ്രാമസഭക്കാണ് തീരുമാനമെടുക്കാനുള്ള അധികാരം. വിഭവങ്ങൾ കൈയാളാൻ കോഓപറേറ്റിവ് സൊസൈറ്റിക്ക് അധികാരമില്ല. അട്ടപ്പാടി ഫാമിങ് സൊസൈറ്റിയൊക്കെ ഗ്രാമസഭകൾ വന്നതോടെ നിയമവിരുദ്ധമാണ്. വിഭവങ്ങളുടെ മേലുള്ള കുത്തക ഹരിജന ഗിരിജന സൊസൈറ്റികൾക്കാണ്. അത് അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.
ആറളം കേരളത്തിലെ ആദിവാസി പുനരധിവാസത്തിന്റെ മികച്ച മാതൃകയാകേണ്ടതാണ്. എന്നാൽ, സർക്കാർ സംവിധാനം ആ പുനരധിവാസ കേന്ദ്രത്തെ തകർത്തുവെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ആദിവാസി പുനരധിവാസ മിഷന്റെ പ്രവർത്തനത്തിൽ എന്താണ് നടന്നത്? ആറളത്തെ പുതിയ പദ്ധതികൾ എന്തെല്ലാമാണ്?
ആദിവാസികളുടെ താൽപര്യങ്ങളെല്ലാം ആറളത്ത് അട്ടിമറിക്കപ്പെട്ടു. കേന്ദ്രസർക്കാറിൽനിന്ന് 42 കോടി നൽകി വാങ്ങിയ ഫാമിന്റെ പകുതി ഭൂമി ആദ്യംതന്നെ കമ്പനിക്ക് കൈമാറി. ആദിവാസികളിൽ ഏറ്റവും ദുർബലരായ പണിയവിഭാഗത്തിനാണ് ആദ്യം പട്ടയം അനുവദിച്ചത്. പണിയരുടെ ശോച്യാവസ്ഥക്ക് പരിഹാരമായിട്ടാണ് പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ പണിയർ മാത്രമായിരുന്നു ഫാമിലേക്ക് എത്തിയത്. 840 കുടുംബങ്ങൾ. 2009-2010 കാലത്ത് വി.എസിന്റെ ഭരണകാലത്ത് വിപുലമായ ഒരു പട്ടയമേള നടത്തി. കരിമ്പാല, മാവില ഗോത്രങ്ങൾ ഫാമിലേക്ക് എത്തിയതോടെ സ്ഥിതിഗതികൾ മാറി. അവർക്കുവേണ്ടി ആലക്കോട് എസ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. എന്നാൽ, പലതരത്തിൽ ആലക്കോട്ടിലെ പുനരധിവാസം അട്ടിമറിച്ചു. ഒന്നരക്കോടി രൂപ പട്ടികവർഗ വകുപ്പിൽനിന്നും നൽകി വാങ്ങിയ ആലക്കോട് എസ്റ്റേറ്റിലെ പുനരധിവാസ കേന്ദ്രത്തിൽ ഇപ്പോൾ 30 കുടുംബങ്ങൾ മാത്രമാണുള്ളത്. ആലക്കോട് പദ്ധതി പരാജയപ്പെടുത്തിയശേഷം അവിടെ ഭൂമി ലഭിക്കേണ്ട ആളുകളെ കൂടി ആറളത്തേക്ക് കൊണ്ടുവന്നു.
പണിയരെക്കാൾ മെച്ചപ്പെട്ട വിഭാഗമാണ് മാവിലൻ, കരിമ്പാല വിഭാഗങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടിക്കും കോൺഗ്രസിനും ഈ വിഭാഗങ്ങളെയായിരുന്നു താൽപര്യം. 2016ലെ പട്ടയമേളയിൽ 1500ഓളം പേർക്ക് പട്ടയം നൽകി. അതിലേറെയും പാർട്ടിക്കാരായ ആദിവാസികളാണ്. പിന്നീട് നടന്നത് പണിയരെ കൂട്ടത്തോടെ ഓടിക്കുക എന്ന പ്രവർത്തനമാണ്. പണിയരെ രണ്ടാംതരം പൗരന്മാരായി കണ്ടു അവരെ ഞെക്കി പുറത്താക്കി. സി.പി.എമ്മിന് വലിയൊരു രാഷ്ട്രീയ താൽപര്യം ഇതിന് പിന്നിലുണ്ടായിരുന്നു. ആദ്യകാലത്ത് ആറളത്ത് ആദിവാസി പുനരധിവാസ കേന്ദ്രം ഒരുക്കുന്നതിനെ എതിർത്തവരാണ് സി.പി.എം. പിൽക്കാലത്ത് പുനരധിവാസ കേന്ദ്രം അവർ പിടിച്ചെടുത്തു. 'പെസ' നിയമത്തിന്റെ പരിധിയിൽകൊണ്ടുവന്ന് ആദിവാസി പഞ്ചായത്ത് ആക്കേണ്ട സ്ഥലമാണിത്. ഇപ്പോൾ ആറളം ഗ്രാമപഞ്ചായത്തിന്റെ ആറാം വാർഡ് ആക്കി ചുരുക്കി. ഈ വാർഡ് തെരഞ്ഞെടുപ്പിൽ പിടിച്ചെടുക്കാൻ വേണ്ടിയാണ് സി.പി.എം ശ്രമം നടത്തിയത്. ഇപ്പോഴും സി.പി.എം നേതൃത്വത്തിൽ ആറളത്തേക്ക് കൈയേറ്റം തുടരുകയാണ്. ആദിവാസികൾ അല്ലാത്തവരും ഈ കൈയേറ്റ സംഘത്തിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പണിയ വിഭാഗങ്ങൾക്ക് നിർമിച്ചുകൊടുത്ത വീടുകൾ വരെ കൈയേറിക്കഴിഞ്ഞു. കണ്ണൂർ കലക്ടർ നടത്തിയ അദാലത്തിൽ 1300 പേരിൽ 300 പേർ മാത്രമേ യഥാർഥ പട്ടയം ലഭിച്ചവരുള്ളൂവെന്നാണ് പറയുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്താണ് ഈ കൈയേറ്റം നടത്തിയിരിക്കുന്നത്. അദാലത്തിൽ പട്ടയം കിട്ടിയവരല്ല പങ്കെടുത്തത്. പാർട്ടിക്കാർ കൈയേറ്റക്കാരെയാണ് പങ്കെടുപ്പിച്ചത്. വൻതോതിൽ കാട്ടാനശല്യം വർധിച്ചപ്പോഴാണ് പണിയർ കുടിയിറക്കം നടത്തിയത്. പണിയർക്കാവശ്യമായ കാർഷിക പിന്തുണ പട്ടികവർഗ വകുപ്പിൽനിന്ന് ലഭിച്ചില്ല. 2018ലാണ് നബാർഡ് സ്കീം നടപ്പാക്കിത്തുടങ്ങിയത്. പണിയരിൽ 700 കുടുംബമെങ്കിലും പുനരധിവാസ കേന്ദ്രം ഉപേക്ഷിച്ചുപോയി. ഇസ്രായേലിൽ നടക്കുന്ന ജൂതകൈയേറ്റത്തിനു സമാനമാണ് ആറളത്തെ സി.പി.എം കൈയേറ്റം.
സി.പി.എമ്മിന്റെ വോട്ട് ബാങ്ക് വർധിപ്പിക്കുകയാണ് ലക്ഷ്യം. ആദിവാസി ക്ഷേമസമിതിയും സി.പി.എം ലോക്കൽ കമ്മിറ്റിയും ചേർന്നാണ് ഈ പ്രവർത്തനം നടത്തുന്നത്. ഫാമിൽനിന്ന് റിട്ടയർ ചെയ്ത സി.പി.എമ്മിന്റെ യൂനിയൻ നേതാക്കളാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത്. സി.പി.എമ്മിന്റെ കീഴ്പ്പള്ളി കമ്മിറ്റി സമ്പന്നമായി. പാർട്ടിക്ക് ആറളം ഫാമിനുള്ളിൽ പ്രവർത്തിക്കാൻ നിരവധി മുഴുവൻ സമയ കേഡർമാരുണ്ട്. പാർട്ടി കേഡർമാരുടെ നിയന്ത്രണത്തിലാണ് ഫാം. പാർട്ടി ഉയർന്ന ശമ്പളം കൊടുത്ത് കേഡർമാരെ നിയോഗിച്ചിരിക്കുന്നു. ഭവനനിർമാണത്തിൽ വൻതട്ടിപ്പ് നടക്കുന്നു. ഫാമിൽനിന്ന് വിട്ടുപോയ ആദിവാസികളുടെ ഭൂമിയിലും വീട് നിർമാണം നടത്തി. പട്ടയം നൽകിയവർ അവിടെ ഇല്ലാതെ ആരാണ് വീട് നിർമിച്ചത് എന്ന് അന്വേഷിക്കണം. ഉടമസ്ഥൻ ഇല്ലാതെ വീട് നിർമാണം നടന്നത് എങ്ങനെയാണ്. ഈ വീടുകളിൽ ആദിവാസികൾ അല്ലാത്തവർ ഉണ്ടോ എന്ന് അന്വേഷിക്കണം.
ആറളം ഫാമിലെ കമ്പനിയിലാകട്ടെ ജോലി നൽകുന്നത് ഏറെയും ആദിവാസി ഇതര വിഭാഗങ്ങൾക്കാണ്. നല്ല തസ്തികകൾ ആദിവാസികൾക്ക് നൽകില്ല. ആദിവാസികൾ വെറും തൊഴിലാളികൾമാത്രം. ഫാമിലെ വിളകൾ മുഴുവൻ നശിപ്പിച്ചു തകർത്തു. തെങ്ങുകൾ ചെത്തിന് കൊടുത്ത് നശിപ്പിച്ചു. പുതിയ പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ 200 ഏക്കർ ടൂറിസം ഹബ് ആക്കാൻ തീരുമാനിച്ചു. സായിപ്പന്മാർക്ക് നീന്തൽക്കുളം നിർമിക്കുന്നു. ആനകളെ സന്ദർശിക്കാനുള്ള അവസരമടക്കം പാർക്ക് നിർമാണത്തിന് തീരുമാനിച്ചു. കൈയേറ്റക്കാർക്ക് പട്ടയം കൊടുക്കാൻ വേണ്ടിയാണ് ഇപ്പോൾ നടപടി തുടങ്ങിയിരിക്കുന്നത്. കമ്പനിയുടെ മാനേജർ വിളകളെല്ലാം കൊള്ളയടിക്കാൻ സഹായം ചെയ്യുന്നു.
അട്ടപ്പാടിയിൽ വൻതോതിൽ ആദിവാസി ഭൂമി കൈയേറ്റം തുടരുകയാണ്. വിവാദമായാൽ വില്ലേജ് ഓഫിസർ പറയും, സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ആദിവാസി ഭൂമിയാണ്. എന്നാൽ, മറ്റൊരാളിന് കരം അടച്ച രസീതുണ്ട്. അതിനാൽ, എന്നോ ഭൂമി കൈമാറ്റം ചെയ്തിരിക്കാം. ആ മുൻവിധിയോടെ വില്ലേജ് ഓഫിസർ റിപ്പോർട്ട് തയാറാക്കുന്നു. തഹസിൽദാർ അത് അംഗീകരിക്കുന്നു. അതോടെ, ആദിവാസിയുടെ പരാതി അവസാനിക്കുന്നു. ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കാനാവുമോ?
അട്ടപ്പാടിയെ സാമാന്യവത്കരിക്കുന്നതിന് പകരം കിഴക്കൻ, പടിഞ്ഞാറൻ മേഖലകളായി തിരിക്കണം. ഭൂമിയുണ്ടായിട്ടും ജീവിതസുരക്ഷ ലഭിക്കാത്ത വിഭാഗമാണ് കിഴക്കൻ അട്ടപ്പാടിയിലെ ഇരുളർ. അവർ വംശഹത്യയുടെ മുനമ്പിലേക്കാണ് നീങ്ങുന്നത്. വൻതോതിൽ ഭൂമി പിടിച്ചെടുത്ത് അവരെ വാസസ്ഥലങ്ങളിൽനിന്നുതന്നെ ഒഴിവാക്കുന്ന യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് അട്ടപ്പാടിയിൽ നടക്കുന്നത്. ഷോളയൂർ മുതൽ അഗളി വരെ ഈ പ്രവണത തുടരുന്നു. 1950കൾക്കുമുമ്പ് വൻതോതിൽ കാട് നശിപ്പിച്ചു. അതിനുശേഷം വലിയ കുടിയേറ്റമുണ്ടായി. ഭൂപരിഷ്കരണമടക്കം കുടിയേറ്റക്കാർക്ക് പട്ടയം കൊടുക്കാനുള്ള നിയമനിർമാണങ്ങൾ ആയിരുന്നു. വ്യാജരേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുക എന്നത് അട്ടപ്പാടിയിലെ സ്ഥിരം പരിപാടിയായി. വ്യാജ പ്രമാണത്തെ അടിസ്ഥാനമാക്കി ഭൂമി രജിസ്ട്രേഷൻ നടത്തുന്നു. സമൂഹത്തിൽ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണ് അട്ടപ്പാടിയിലെ ഭൂമാഫിയ. വ്യാജരേഖ ഹാജരാക്കിയാൽ അത് പരിശോധിക്കാതെ വില്ലേജ് ഓഫിസർ ഭൂമിക്ക് നികുതി അടച്ച് രസീത് നൽകും. അതോടെ, ഭൂമി സ്വന്തമാവും. രാജമാണിക്യത്തെ പോലുള്ള ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെ അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തതിനെക്കുറിച്ച് അന്വേഷണം നടത്താൻ നിയോഗിക്കണം.
മരിയനാട് എസ്റ്റേറ്റ് സമരം. എം. ഗീതാനന്ദൻ പ്രസംഗിക്കുന്നു
അഞ്ചാം ഷെഡ്യൂളും വനാവകാശവും നടപ്പാക്കിയാൽ അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമോ?
അഞ്ചാം ഷെഡ്യൂളിൽ (പെസ നിയമം) അട്ടപ്പാടി ഉൾപ്പെടുത്തണം. പടിഞ്ഞാറൻ മേഖല നേരിടുന്നത് സാമൂഹിക വനാവകാശം നടപ്പാക്കാത്തതിന്റെ വിഷയമാണ്. കൈവശ ഭൂമിക്ക് രേഖ കൊടുക്കാനുള്ള ഒരു സംവിധാനം വനംവകുപ്പിന് ഇവിടെയില്ല. ആയിരക്കണക്കിന് ഏക്കർ വനഭൂമി സാമൂഹിക വനാവകാശമായി ആദിവാസികൾക്ക് നിയമപ്രകാരം നൽകേണ്ടതുണ്ട്. എന്നാൽ, സാമൂഹിക ശിഥിലീകരണമാണ് വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ആനവായിൽ ഏതാണ്ട് 4000 ഏക്കറോളം കമ്യൂണിറ്റി ലാൻഡ് ഉണ്ട്. വ്യക്തിഗത വനാവകാശം ആദിവാസികൾ ആവശ്യപ്പെടുന്നില്ല. അവർക്ക് വേണ്ടത് ഇടമലക്കുടിയിലേതുപോലെ സാമൂഹിക വനാവകാശമാണ്. മുഴുവൻ ഭൂമിയും വനാവകാശ നിയമപ്രകാരം കൊടുക്കേണ്ടതില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.
അട്ടപ്പാടിയിൽ ആഭ്യന്തരവകുപ്പ് ആദിവാസി വിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കുന്നുണ്ട്. പൊലീസ് എപ്പോഴും കുടിയേറ്റക്കാരുടെ താൽപര്യാർഥം പ്രവർത്തിക്കുന്നു. ആദിവാസികൾ നൽകുന്ന പരാതി പൊലീസ് സ്വീകരിക്കില്ല. ഭീഷണിപ്പെടുത്തിയാണോ ആദിവാസികളെ തിരിച്ചയക്കുന്നത്?
പൊലീസ് രാജാണ് മാഫിയ ഭരണം അട്ടപ്പാടിയിൽ ഉറപ്പിക്കുന്നത്. തണ്ടർബോൾട്ടുകൂടി ഇറങ്ങിയതോടെ ആദിവാസികൾ ഭീതിയിലാണ്. മാഫിയരാജ് ഉറപ്പിക്കാൻ ഏറ്റവും നല്ലത് തണ്ടർബോൾട്ടിനെ ഇറക്കുകയാണ്. ആദിവാസികൾതന്നെ മറ്റു ഊരുകളിലേക്ക് പോകുന്നത് തടയുന്ന പ്രവണതയുണ്ട്. വനം-സാമൂഹിക നീതി വകുപ്പുകളും കുടുംബശ്രീയുമൊക്കെ അട്ടപ്പാടിയിലെ വലിയ തട്ടിപ്പുകാരാണ്. അവർ നടത്തുന്ന അഴിമതിയും വെട്ടിപ്പും പുറത്തുവരുന്നില്ല. അതെല്ലാം മൂടിവെക്കുന്നു. വിഭവങ്ങൾ വൻതോതിൽ റിസോർട്ട് മാഫിയ കൈയടക്കുന്നു. പല ഏജന്റുകളെയും നിയോഗിച്ചാണ് ഇതിനുള്ള പ്രവർത്തനം നടത്തുന്നത്. വനവിഭവ കൊള്ള -വനംവകുപ്പ് ഇതിനെയൊന്നും ചോദ്യംചെയ്യുന്നില്ല. വനം വകുപ്പിന്റെ സൊസൈറ്റികൾ വഴിയും ഇത്തരം പ്രവർത്തനം നടക്കുന്നുണ്ട്. ആദിവാസി ഗ്രാമസഭകളെ ശക്തിപ്പെടുത്തി പുതിയ സംവിധാനമുണ്ടാക്കാൻ അവർ തയാറായിട്ടില്ല. കുടുംബശ്രീപോലും വനവിഭവങ്ങൾ ശേഖരിച്ച് ഏജൻസികൾക്ക് കൈമാറുകയാണ്. മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരുടെ വിദ്യാധിരാജ വിദ്യാസമാജം ട്രസ്റ്റ്, എച്ച്.ആർ.ഡി.എസ്, സേതുമാധവ വാര്യർ ഫൗണ്ടേഷൻ തുടങ്ങിയവരെല്ലാം അട്ടപ്പാടിയിൽ കാലുറപ്പിച്ചത് ഭൂമി കൈയേറ്റം ലക്ഷ്യമിട്ടാണ്. സർക്കാർ പിന്തുണ ഇവർക്കെല്ലാം ലഭിച്ചിട്ടുണ്ട്. ആദിവാസി ഊരുകളിലെ വീട് നിർമാണംപോലും എച്ച്.ആർ.ഡി.എസ് ഏറ്റെടുത്തു. സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാത്രമാണ് എച്ച്.ആർ.ഡി.എസിനെതിരെ നടപടി തുടങ്ങിയത്. അട്ടപ്പാടിയിൽ ഇപ്പോൾ നടക്കുന്നത് തുറന്ന ഭൂമി പിടിച്ചെടുക്കലാണ്. അതിന് സഹായം നൽകുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ശിശുമരണം വർധിക്കുന്നതിനെ തടയിടാൻ സർക്കാറിന് കഴിയുന്നില്ല. കൃഷിചെയ്യാൻ ആവശ്യമായ സൗകര്യമൊരുക്കാനും സർക്കാറിന് കഴിയുന്നില്ല. ദേശീയ അവാർഡ് ലഭിച്ച നാഞ്ചിയമ്മ പറഞ്ഞത് ഭൂമി കൃഷിയോഗ്യമാക്കി മാറ്റണമെന്നാണ്. കാർഷിക പിന്തുണ നൽകാൻ സർക്കാറിന് കഴിയുന്നില്ല. അട്ടപ്പാടിയിൽ വ്യാജരേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയകൾക്ക് സമ്പൂർണ സംരക്ഷണമാണ് പൊലീസ് ഒരുക്കുന്നത്. ഒന്നര ദശകമായി നടന്ന എല്ലാ തട്ടിപ്പിലും സംരക്ഷകർ പൊലീസുകാരാണ്.
അട്ടപ്പാടിയിലെ മധുവിന്റെ കൊലക്ക് എതിരായ പ്രതിരോധത്തിൽ കേരളം മുഴുവൻ ആദിവാസികളോടൊപ്പം നിന്നു. എന്നാൽ, ആ കേസ് ഇപ്പോൾ എത്തിനിൽക്കുന്നത് വളരെ മോശമായൊരു അവസ്ഥയിലാണ്. ആദിവാസികൾ ശബ്ദിക്കാൻ കഴിയാത്ത ജനവിഭാഗമായി മാറുകയാണോ?
മധുവിന്റെ കൊലപാതകത്തിൽ ഏറെ ദുരൂഹതയുണ്ട്. വാളയാർ കേസ് പോലെ മധുവിന്റെ മരണത്തിലെ അന്വേഷണം ആസൂത്രിതമായി അട്ടിമറിച്ചതാണ്. മധുവിന്റെ കുടുംബത്തിന് കേസന്വേഷണത്തിൽ കൃത്യമായ ഉപദേശം നൽകുന്നതിൽ എല്ലാവരും പരാജയപ്പെട്ടു. ബി.ജെ.പിക്ക് സ്വാധീനമുള്ള അട്ടപ്പാടി ആക്ഷൻ കൗൺസിൽ ഇക്കാര്യത്തിൽ വലിയ വീഴ്ചവരുത്തി. സത്യസന്ധവും സുതാര്യവുമായ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് മാർഗനിർദേശം നൽകാൻ അവർക്ക് കഴിഞ്ഞില്ല. കുടുംബത്തിന് ചില നഷ്ടപരിഹാരം നൽകി എല്ലാം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. അന്വേഷണത്തിൽ സംതൃപ്തിയുണ്ടെന്നും പരാതിയില്ലെന്നും നിരന്തരം കുടുംബത്തെക്കൊണ്ട് സർക്കാർ പറയിച്ചു. പുറത്തുവന്ന വിവരങ്ങൾ പ്രകാരം കേസ് ഇപ്പോൾ ദുർഗതിയിലാണ്.
പ്രതികളെ രക്ഷിക്കാൻ പൊലീസ് തയാറാക്കിയ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. അത് തിരിച്ചറിയാനും മധുവിന്റെ കുടുംബത്തിനോ ആക്ഷൻ കൗൺസിലിനോ കഴിഞ്ഞില്ല. കുറ്റപത്രം ദുർബലമായതിനാൽ സാക്ഷികൾ വൻതോതിൽ കൂറുമാറി. അട്ടപ്പാടിയിൽ നിരവധി ആദിവാസികളെ കൊലചെയ്തിട്ടുണ്ട്. എല്ലാ കേസുകളും അട്ടിമറിക്കുകയും ചെയ്തു. ആ കൊലകൾ എല്ലാം മൂടിവെക്കാൻ അവിടത്തെ കൈയേറ്റ മാഫിയക്ക് കഴിഞ്ഞിട്ടുണ്ട്. അട്ടപ്പാടി നേരിടുന്നത് വലിയൊരു വംശീയ പ്രതിസന്ധിയാണ്.
പൊലീസ് ബോധപൂർവം മധുവിന്റെ ബന്ധുക്കളെ തന്നെ സാക്ഷികളാക്കിയതാണോ. സാക്ഷികൾ കൂറുമാറിയതല്ല, സത്യത്തിൽ അവരിൽ പലരും ഈ സംഭവം കണ്ടിട്ടില്ല. പൊലീസ് ഭീഷണിപ്പെടുത്തി ആദിവാസികളെ സാക്ഷികളാക്കിയതാണെന്ന് അട്ടപ്പാടിക്കാർ പറയുന്നു.
സാക്ഷികളുടെ പട്ടിക നേരേത്തതന്നെ പരിശോധിക്കേണ്ടതായിരുന്നു. ട്രയലിൽ നിലനിൽക്കുന്ന സാക്ഷികളാണോ ഇവരെന്ന് പരിശോധിച്ചിട്ടില്ല. ഒരു ക്രിമിനൽ വക്കീലിന് ചെയ്യാവുന്ന കാര്യങ്ങളാണ് ഇതെല്ലാം. അട്ടപ്പാടി ആക്ഷൻ കൗൺസിൽ വക്കീലിനെക്കൊണ്ട് കുറ്റപത്രം പരിശോധിപ്പിച്ചിട്ടില്ല.
അട്ടപ്പാടിയിലെ ട്രൈബൽ സമൂഹം നേരിടുന്ന പരിമിതികൂടിയായി കണ്ടുകൂടേ..?
അത് ആദിവാസി സമൂഹത്തിന്റെ പരിമിതിയായി എടുക്കാൻ കഴിയില്ല. അത് പൗരാവകാശ പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. മധുവിന്റെ കുടുംബവുമായി ഇക്കാര്യത്തിൽ സംസാരിച്ചപ്പോൾ എല്ലാ കാര്യങ്ങളും അട്ടപ്പാടി ആക്ഷൻ കൗൺസിലിനെ ഏൽപിച്ചെന്നാണ് പറഞ്ഞത്. ആക്ഷൻ കൗൺസിൽ അവരുടെ ചുമതല നിർവഹിച്ചില്ല. ആക്ടിവിസ്റ്റുകളിൽ പലരും മധുവിന്റെ കൊലപാതകത്തെയും തുടർന്നുണ്ടായ സംഭവങ്ങളെയും ആഘോഷമായിട്ടാണ് കാണുന്നത്. അവരൊന്നും കുറ്റപത്രം പരിശോധിച്ചിട്ടില്ല. സർക്കാർ പ്രോസിക്യൂട്ടറുടെ നിയമനത്തിന്റെ കാര്യത്തിലേക്ക് ചർച്ച ചുരുക്കി. ശമ്പളം കൊടുക്കേണ്ട പ്രശ്നത്തെക്കുറിച്ചും ചർച്ച നടത്തി. അതിനിടയിൽ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒക്കെ രംഗത്തുവന്നു. മാധ്യമങ്ങൾ അതും ചർച്ചചെയ്തു. ആദിവാസികളുടെ ദൈന്യതയെ മാർക്കറ്റ് ചെയ്യാനാണ് മാധ്യമങ്ങൾ ഇഷ്ടപ്പെടുന്നത്. ആദിവാസികൾക്ക് സ്വാഭാവികമായി ലഭിക്കേണ്ട നീതിയെക്കുറിച്ച് ആരും ചർച്ചചെയ്യുന്നില്ല. കുറ്റകൃത്യത്തോടൊപ്പം സഞ്ചരിക്കുന്ന മറ്റൊരു കുറ്റകൃത്യമാണിത്. സത്യസന്ധമായ നിയമവ്യവഹാരം ഇവിടെ നടക്കുന്നില്ല. കോടതിയുടെ മേൽനോട്ടത്തിൽ ഈ അന്വേഷണം സത്യസന്ധമായിരുന്നോ എന്ന് പരിശോധിക്കണം. അസംബന്ധമായ ഒരു ട്രയൽ ആണോ അവിടെ അരങ്ങേറുന്നത്. അക്കാര്യത്തിൽ കോടതിയെക്കൊണ്ട് പരിശോധിക്കണം. അതിനാണ് വക്കീലന്മാരെ നിയോഗിച്ചിരിക്കുന്നത്. ഈ കുറ്റപത്രം അസംബന്ധമാണെന്നും നീതിയുക്തമല്ലെന്നും ചില വക്കീലന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ജനക്കൂട്ട വിചാരണയും മർദനവും കഴിഞ്ഞശേഷം മധു പൊലീസ് വാഹനത്തിലേക്ക് നടന്നുകയറിയതാണ്. പൊലീസ് കസ്റ്റഡിയിലാണ് മധു കൊല്ലപ്പെട്ടത് എന്നൊരു വാദമുണ്ടല്ലോ? സാക്ഷികളെല്ലാം കൂറുമാറിയതിന് കാരണം പ്രതികളുടെ ഭീഷണിയാണോ?
പൊലീസ് കസ്റ്റഡിയിലാണ് മധു മരിച്ചത്. അത്തരത്തിൽ ചിന്തിച്ചാൽ പൊലീസും കുറ്റവാളികൾ അല്ലേ എന്ന ചോദ്യം ഉയരും. ആൾക്കൂട്ടം മധുവിനെ മർദിച്ചിരുന്നു. ആദിവാസികളെ കൈയേറ്റക്കാർ മർദിച്ചുകൊന്ന സംഭവങ്ങളുണ്ട്. ആൾക്കൂട്ടത്തിന്റെ മർദനം മരണകാരണമായിരിക്കാം. അതുപോലെ പൊലീസിന്റെ മർദനവും മരണകാരണമാകാമല്ലോ? സത്യം തിരിച്ചറിയണമെങ്കിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കണം. ആ അന്വേഷണം നടത്താൻ അറസ്റ്റ് ചെയ്ത പൊലീസിനും കസ്റ്റഡിയിൽ കൊണ്ടുപോയ പൊലീസിനും ധാർമികമായ അവകാശമുണ്ടോ? അന്വേഷണം മറ്റേതെങ്കിലും ഏജൻസിയെ ഏൽപിക്കണം. ഇത്തരം കാര്യങ്ങൾ മധുവിന്റെ കുടുംബത്തെ ആരെങ്കിലും ബോധ്യപ്പെടുത്തിയിട്ടുണ്ടോ?
മധുവിന്റെ കൊലപാതകം സംബന്ധിച്ച് മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യുന്നില്ല. കൂറുമാറാൻ കഴിയുന്ന സാക്ഷികളെയാണ് പൊലീസ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതികൾ പരസ്യമായിതന്നെ മധുവിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിക്കഴിഞ്ഞു. അതിനുശേഷമാണ് സർക്കാർ അവർക്കെതിരെ കേസെടുത്തത്. വാദികൾക്ക് ഒരു സംരക്ഷണവും പൊലീസ് നൽകിയിട്ടില്ല. പ്രതികൾക്ക് സ്വൈരവിഹാരം ചെയ്യാനുള്ള സൗകര്യം സർക്കാർ ചെയ്തു. പല കേസുകളിലും വിചാരണ തീരാതെ പ്രതികളെ പുറത്തുവിടാറില്ല. മുത്തങ്ങ കേസിലെ പ്രതികളെയൊക്കെ നാടുകടത്തിയിരുന്നു. വയനാട്ടിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. മധുവിന്റെ കൊലക്കേസിൽ പുനരന്വേഷണം ആവശ്യമാണ്. കുടുംബവും ആക്ഷൻ കൗൺസിലും ഇതുവരെ അത് ആവശ്യപ്പെട്ടില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം നടക്കുന്നില്ലെങ്കിൽ അട്ടപ്പാടിയിൽ ആദിവാസികൾ വലിയ വിലകൊടുക്കേണ്ടിവരും. പൊലീസ് രാജിനും മാഫിയ ആക്രമണത്തിനും കീഴ്പ്പെട്ടു ജീവിക്കുന്ന ഒരു ജനതയാവും ആദിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.