കേരളത്തിന്റെ ധൈഷണിക രംഗത്ത് പലവിധ ഇടപെടൽ നടത്തിയ കെ. വേണു സംസാരിക്കുന്നു. ചൈന മുതൽ സൗഹൃദം വരെയുള്ള വിഷയങ്ങളിലൂടെ അതിവേഗം തെന്നിനീങ്ങുന്നതാണ് ഈ സംഭാഷണം. ആത്മകഥ പുറത്തുവരുകയും അതിന് മികച്ച ആത്മകഥക്കുള്ള പുരസ്കാരം നേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ സംസാരം.
ചിത്രങ്ങൾ: പി. അഭിജിത്ത്
മലയാളിയുടെ രാഷ്ട്രീയ ധൈഷണിക മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ട് കെ. വേണുവിന്. പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനവഴിയിൽനിന്നും ഏറെ വിശേഷണങ്ങൾ സ്വന്തം. ജനാധിപത്യ അന്വേഷകൻ, ചിന്തകൻ, എഴുത്തുകാരൻ, മുൻ നക്സലൈറ്റ് നേതാവ്, ജെ.എസ്.എസ് മുൻ നേതാവ് എന്നിങ്ങനെ പലതാണത്. കമ്യൂണിസത്തിന്റെ തീവ്രവഴികളിൽനിന്നും മാറി, ഇന്നലെവരെയുള്ള തന്റെ വഴികളെ പാടെ തിരുത്തി, പുതിയ വഴിയെ സഞ്ചരിച്ചു. അപ്പോഴേക്കും വിമർശനങ്ങളുടെ പെരുമഴക്കാലമായി. എല്ലാറ്റിനും തന്റെ ഭാഷയിൽ മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. തിരുത്തേണ്ടവ തിരുത്തേണ്ട കാലത്ത് തിരുത്തിയെന്ന ബോധ്യത്തിലാണ് വേണുവിന്റെ രാഷ്ട്രീയ സഞ്ചാരം.
താങ്കൾ സന്ദേഹിയായിരുന്നില്ലേ എന്ന ചോദ്യത്തിന് എന്നും ഞാനങ്ങനെയായിരുന്നുവെന്ന് മറുപടി. ഏറ്റവും ഒടുവിൽ എഴുതിയ നാളിതുവരെയുള്ള ജീവിതയാത്ര പറയുന്ന പുസ്തകത്തിന് ‘ഒരന്വേഷണത്തിന്റെ കഥ’യെന്ന് പേരിടുന്നതിൽ വരെയെത്തി ആ സന്ദേഹം. കമ്യൂണിസം സ്വപ്നം കണ്ട് തോക്കേന്തിയ മനുഷ്യൻ, ജീവിതാന്വേഷണവഴിയിൽ സ്വയം വിശേഷിപ്പിക്കാൻ കൊതിക്കുന്നതിങ്ങനെയാണ്. ലിബറൽ ഡെമോക്രാറ്റ് അഥവാ അയഞ്ഞ ജനാധിപത്യവാദിയെന്ന്. പഴയതും പുതിയതുമായ രാഷ്ട്രീയത്തെക്കുറിച്ച് കെ. വേണു മനസ്സ് തുറക്കുന്നു.
ചൈനയിൽ 20ാം പാർട്ടി കോൺഗ്രസ് കഴിഞ്ഞു, ലോകത്തിലെ വലിയ ശക്തിയായി ചൈന മാറിയിരിക്കുകയാണ്. എങ്ങനെ നോക്കിക്കാണുന്നു?
ചൈനയിൽ അതോറിറ്റേറിയൻ കാപിറ്റലിസമാണുള്ളതെന്നാണ് എന്റെ വിലയിരുത്തൽ. എന്നുവെച്ചാൽ സേച്ഛാധിപത്യപരമായ മുതലാളിത്തമാണ്. ഒരു പരിധിവരെ അതുതന്നെയാണ് ശരി. ഇതിനിടയിലും ഒരു വശത്ത് താഴെത്തട്ടിൽ ജനാധിപത്യപ്രക്രിയ ആരംഭിച്ചിട്ട് കുറച്ച് നാളായി. മേൽത്തട്ടിൽ ശരിക്കും സാങ്കേതിക വിദഗ്ധരുടെ വലിയ സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അവരാണ് ശരിക്കും ഭരിക്കുന്നത്. അതാണ്, ഇന്നു നാം അറിയുന്ന വലിയ രീതിയിലുള്ള ആധുനികവത്കരണത്തിലേക്ക് ചൈനയെ നയിച്ചതിനു പിന്നിലെ ഘടകം. പാർട്ടി നേതൃത്വമെന്നത് ഔപചാരികത മാത്രമാണവിടെ. മറ്റൊരിടത്തും കഴിയാത്ത മികവാണ് പൊതുവിലുണ്ടാക്കിയത്. താഴെത്തട്ടിൽ സജീവമായ പുതിയ രീതിയിലുള്ള ജനാധിപത്യപ്രക്രിയ ഭരണത്തിന്റെ സുഗമമായ പോക്കിന് ഗുണം ചെയ്യുന്നുണ്ട്. പ്രാദേശികതലത്തിലുള്ള പാർട്ടി ഘടകത്തോട് ആവശ്യങ്ങൾ ഉന്നയിക്കാനും വിമർശിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇപ്പോൾ നൽകുന്നുണ്ട്. ഇതിനുപുറമെ, ചെറിയ രീതിയിലുള്ള പത്രങ്ങൾ പ്രാദേശികതലത്തിലുണ്ട്. ഇൗ സാഹചര്യത്തിൽ വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിക്കാൻ കഴിയില്ല. മറിച്ച്, വല്ലാത്തൊരു നിയന്ത്രണം വന്നാൽ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടായിരുന്നു. ഈ അവസ്ഥയിൽ ജനങ്ങൾ അസംതൃപ്തരാണെന്ന് പറയാൻ കഴിയില്ല. പുതിയ സമീപനം പൊട്ടിത്തെറി നീട്ടിക്കൊണ്ടുപോകാൻ സഹായിക്കുന്നുവെന്നാണെന്റെ വിലയിരുത്തൽ. മറ്റ് രാജ്യങ്ങളിൽ കാണാത്ത ഒന്നാണിത്. ഇതിനുപുറമെ, വലിയ സാമ്പത്തിക ശക്തിയായി മാറുന്നതും ചൈനയുടെ നേട്ടമാണ്. ഇതോടൊപ്പം തൊഴിലാളികൾ വലിയതോതിൽ ചൂഷണം ചെയ്യപ്പെടുകയാണവിടെ. 12 മണിക്കൂറൊക്കെയാണ് തൊഴിൽ സമയം. ഞാൻ, ആദ്യമൊക്കെ, ഭരണകൂടത്തിന്റെ നിയന്ത്രണം കാരണം പൊട്ടിത്തെറി സാധ്യതയെ കുറിച്ച് എഴുതിയിരുന്നു. അത്തരമൊരവസ്ഥ മാറിയിരിക്കയാണ്. 3000 വർഷം മുമ്പേ വ്യാപാരറൂട്ട് ചൈനക്കുണ്ടായിരുന്നു. അത്, തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ളത്. വൺ ബെൽറ്റ് വൺ റോഡ് (One Belt One Road) എന്നായിരിക്കുന്നു പുതിയ ലക്ഷ്യം. പ്രത്യയശാസ്ത്രം അവിടെ ഗൗനിക്കുന്നില്ല. അത്, പുസ്തകത്തിൽ മാത്രമാണ്. ഇപ്പോഴുള്ളത്, പ്രയോഗികവാദം മാത്രമാണ്. അമേരിക്കയുൾപ്പെടെയുള്ള മുതലാളിത്ത രാജ്യത്തിന്റെ വഴിയിലാണ് സഞ്ചാരമെന്നതിൽ തർക്കമില്ല.
കേരളം പ്രതീക്ഷയുടെ തുരുത്താണെന്ന് പറയാറുണ്ട്. കമ്യൂണിസത്തിന്റെ വേരുറപ്പുള്ള നാടെന്ന നിലയിലും മാനവികതയുടെ കാവൽ എന്ന നിലയിലുമാണത്. ഈ വിലയിരുത്തലിനെ കുറിച്ച് പറയാമോ?
കേരളത്തിൽ പൊതുവെ ഇടതുപക്ഷ സമൂഹമെന്ന അന്തരീക്ഷം ഏറെക്കാലമായുണ്ട്. അത്, ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പിൻബലത്തിലല്ല. സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള മനോഘടനയാണ് കേരളീയർക്കുള്ളത്. വോട്ടിങ് ശതമാനത്തിൽ നേരിയ മാർജിൻ മാത്രമാണ് ഇടതുമുന്നണിയും വലതുമുന്നണിയും തമ്മിലുള്ളത്. ഈ നേരിയ വ്യത്യാസത്തിലാണ്, അധികാര കൈമാറ്റം നടക്കുന്നത്. യു.ഡി.എഫ് വിഭാഗത്തിനു പ്രത്യേകിച്ച് സംഘടനാ ചട്ടക്കൂടൊന്നുമില്ലെങ്കിലും വോട്ടിങ് പാറ്റേണിൽ വലിയ മാറ്റം കാണുന്നില്ല. കോൺഗ്രസുകാരുൾപ്പെടെ ഞങ്ങൾ സോഷ്യലിസ്റ്റുകളാണെന്ന് പറയുന്ന സാഹചര്യവുമുണ്ട്. അടുത്തിടെ, വി.ഡി. സതീശൻതന്നെ ഞങ്ങളാണ് സോഷ്യലിസ്റ്റുകൾ എന്നു പറയുന്നതായി കണ്ടു. അതാണ്, കേരളത്തിന്റെ സവിശേഷത.
ബംഗാളിലെ തിരിച്ചടിക്ക് കാരണം അധികാര തുടർച്ചയാണെന്ന് വിലയിരുത്തുന്നവരുണ്ട്, കേരളത്തെ ബാധിക്കുമോ?
പാർട്ടി ഘടന തകരുകയാണ്. എല്ലാം പിണറായി വിജയൻ എന്നതിലേക്ക് ചുരുങ്ങി. അത്, ദോഷം ചെയ്യും. പാർട്ടി ദുർബലമായാൽപോലും കേരളത്തിന്റെ പൊതുമനോഘടന ഇടതുപക്ഷത്തിനു ഗുണകരമാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പാർട്ടി മെംബർഷിപ് നൽകുന്നതിൽ പാലിക്കേണ്ട ജാഗ്രതയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പഴയകാല ചട്ടക്കൂട്ടിൽ തന്നെയാണോ സി.പി.എം സഞ്ചരിക്കുന്നത്?
കൃത്യമായ പാർട്ടി ചട്ടക്കൂടുണ്ടെന്ന് പറയാൻ കഴിയില്ല. എന്നാൽ, പഴയകാല കമ്യൂണിസ്റ്റ് മനസ്സുള്ളവർ ഇപ്പോഴുമുണ്ട്. അവരാണതിനെ നിലനിർത്തുന്നത്. അത്, കുറച്ചുനാൾ കൂടി നിലനിൽക്കുമെന്നാണെന്റെ ധാരണ. പ്രധാന പ്രശ്നം കമ്യൂണിസ്റ്റ് പാർട്ടി ജനപക്ഷം എന്ന നിലക്കാണ് നാം ചിന്തിക്കുന്നത്. എന്നുവെച്ചാൽ ഭരണപക്ഷം മറുവശത്ത് എന്നാണ്. ഇവിടെ, ഇടതുപക്ഷവും ഭരണവർഗ പാർട്ടിയായി മാറി. അതിന്റെ മാറ്റം പാർട്ടി നേതാക്കളിലുൾപ്പെടെ പ്രകടമായി. ബ്രാഞ്ച് സെക്രട്ടറി മുതൽ, അധികാര പാർട്ടിയുടെ ഭാഗമായി മാറി. പടിപടിയായി വന്ന മാറ്റമാണിത്. മുമ്പ് ജില്ല കമ്മിറ്റി അംഗങ്ങൾവരെ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളവരായിരുന്നു. ജനകീയ പാർട്ടി അധികാര പാർട്ടിയായി മാറിക്കഴിഞ്ഞു. ഘടനാപരമായ മാറ്റമാണത്. പ്രത്യക്ഷത്തിൽ കാണില്ല. പൂർണമായ അധികാര പാർട്ടിയായി മാറുേമ്പാൾ, പഴയ വെള്ളവും മീനുംപോലെയെന്നും, ഭരണവും സമരവും എന്നുമുള്ള പ്രയോഗത്തിനു തന്നെ പ്രസക്തിയില്ല.
കമ്യൂണിസത്തിനു പ്രസക്തി നഷ്ടപ്പെടുന്നുവെന്ന വിലയിരുത്തലിലാണല്ലോ അങ്ങ് എത്തിനിൽക്കുന്നത്, വിപ്ലവമെന്ന ചിന്തക്ക് സാധ്യതയില്ലെന്നാണോ?
പഴയ വിപ്ലവംതന്നെ വിപ്ലവമായിരുന്നില്ല. യഥാർഥത്തിൽ റഷ്യൻ വിപ്ലവംപോലും വിപ്ലവമല്ലെന്ന അഭിപ്രായമാണെനിക്ക്. റഷ്യൻ വിപ്ലവംപോലും ഒരു ചെറിയ സംഘം ഗൂഢാലോചനയിലൂടെ അധികാരം പിടിച്ചടക്കിയ പ്രക്രിയയാണ്. സോവിയറ്റുകളുടെ കോൺഗ്രസിൽ ഭൂരിപക്ഷമില്ലെന്ന് കണ്ടപ്പോൾ ലെനിൻ അത്, പിരിച്ചുവിട്ടിരുന്നു. പിന്നീട് അംഗങ്ങളെയൊക്കെ മാറ്റി, അധികാരം സ്വന്തമാക്കുന്നതാണ് നാം കണ്ടത്. അതാണ്, ഈ ഒക്ടോബർ വിപ്ലവം എന്ന് പറയുന്നത്. ശരിക്കും പറഞ്ഞാൽ ലെനിന്റെ നേതൃത്വത്തിലുള്ള ചെറിയ ബോൾഷെവിക് ഗ്രൂപ് നടത്തിയ അട്ടിമറിയാണത്. പിന്നീടത്, ജനങ്ങളിലേക്ക് എത്തിപ്പെട്ടുവെന്നത് ശരിയാണ്. 10 വർഷക്കാലം ജനങ്ങൾക്ക് അധികാരം കിട്ടിയ അവസ്ഥയുണ്ടായി. സ്റ്റാലിൻ വന്നതോടെ ആ തുടർച്ചയുണ്ടായില്ല. ചൈനയിൽ കുറെക്കൂടി ജനകീയ സ്വഭാവമുണ്ട്. പീപ്ൾസ് ആർമി ഓരോ പ്രദേശത്തും പോയി ജന്മിമാരെയും മറ്റുള്ളവരെയും കീഴ്പ്പെടുത്തി, ജനങ്ങൾക്ക് അധികാരം ഏൽപിച്ചുകൊടുക്കുകയാണുണ്ടായത്. എന്നിരുന്നാലും ചൈന, റഷ്യ, ക്യൂബ എന്നിവിടങ്ങളിലാണ് ഒരു പരിധിവരെ വിപ്ലവം നടന്നത്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലുണ്ടായ സോഷ്യലിസ്റ്റ് മുന്നേറ്റമെന്നത് റഷ്യ അധികാരം പിടിച്ചെടുത്ത്, തട്ടിക്കൂട്ടിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് അധികാരം കൈമാറിയതാണ്. കുറെക്കൂടി ആഴത്തിൽ പറഞ്ഞാൽ, വിപ്ലവം എന്നത് ലോകത്ത് നടന്നിേട്ടയില്ല. വിപ്ലവമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങളുടേതായ ഉയിർത്തെഴുന്നേൽപാണ്, അത് സംഭവിച്ചിട്ടില്ല.
ഭൂപരിഷ്കരണം, സാക്ഷരത, ജനകീയാസൂത്രണം എന്നിവ കേരളത്തിന്റെ പൊതുജീവിതത്തെ മാറ്റിത്തീർക്കുന്നതിൽ എത്രമാത്രം പങ്കുവഹിച്ചു?
കേരളത്തിലെ മാറ്റം പടിപടിയായി വന്നതാണ്. നീണ്ടു നിൽക്കുന്ന പ്രക്രിയയായിരുന്നു അത്. കേരളത്തിന്റെ പ്രധാന നേട്ടം 57ലെ സർക്കാർ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ പൊതുവത്കരിച്ചതും സൗജന്യമാക്കിയതുമാണ്. ഇതാണ് എല്ലാറ്റിനും അടിസ്ഥാനം. അതാണ് കേരള മോഡൽ എന്ന വിശേഷണത്തിനു തന്നെ കാരണമായത്. 95 കാലത്ത് ഐ.എം.എഫിന്റെ റിപ്പോർട്ടിലാണത് പ്രധാനമായും ഇക്കാര്യം വരുന്നത്. അന്ന്, ഇവിടത്തെ ആരോഗ്യം, വിദ്യാഭ്യാസം, ശിശുമരണം എന്നിങ്ങനെയുള്ള സാമൂഹിക സൂചികകൾ ഏറക്കുറെ യൂറോപ്യൻ നിലവാരത്തിനടുത്തെത്തിയിരുന്നു. ഈ രീതിയിൽ കേരളം മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇത്തരം വിലയിരുത്തലുകളുടെ തുടർച്ചയായിട്ടാണ് കേരള മോഡൽ എന്ന വിശേഷണം. പക്ഷേ, അത്, കഴിഞ്ഞപ്പഴേക്കും നമ്മുടെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ കവർന്നു. അതോടെ, കൃഷിക്കും വ്യവസായവത്കരണത്തിനും ഒന്നും പരിഗണന ലഭിച്ചില്ല. ഇതിനുപുറമെ, 80കളോടെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ആധുനികവത്കരണം നടന്നു. അതിന്റെ ചെലവ് താങ്ങാൻ പറ്റാത്തതായി. അവിടെയാണ്, സ്വാശ്രയ കോളജുകളും മറ്റുമുണ്ടാകുന്നത്. ഇത്, കച്ചവടത്തിലേക്ക് മാറി. പഴയ മോഡൽ നിലനിർത്താൻ നമുക്ക് പറ്റിയിട്ടില്ല. പക്ഷേ, അടിത്തറ നഷ്ടപ്പെട്ടിട്ടില്ല. അതിൽനിന്നുകൊണ്ടാണ് പുതിയ കാലത്തെ അവകാശവാദവും മറ്റും നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നമ്മുടെ നിലവാരം വളരെ താഴ്ന്നതാണ്. ബിഹാറിനെക്കാൾ മോശമാണെന്ന് പറയേണ്ടിവരും.
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇടതു സർക്കാറും പരാജയപ്പെടുന്നത് എന്തുകൊണ്ട്?
ഇടതുപക്ഷ മനോഭാവത്തിൽനിന്നുണ്ടാകുന്ന പൊതുമേഖല താൽപര്യം പ്രധാനമാണ്. പൊതുമേഖല സോഷ്യലിസമാണെന്നാണ് ധാരണ. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽതന്നെയുണ്ടായത് സമ്പത്ത് കേന്ദ്രീകരിക്കുേമ്പാൾ സർക്കാർ വലിയ ശക്തിയായി മാറുന്നതാണ്. അപ്പോൾ ആരാണ് നിയന്ത്രിക്കുന്നത് സർക്കാർ, എന്നു പറഞ്ഞാൽ പാർട്ടി. പാർട്ടി നേതൃത്വത്തിലുള്ള ചുരുക്കം ചിലരുടെ കൈകളിലേക്കത് ചുരുങ്ങുന്നു. പൊതുവത്കരണമെന്നു പറയുേമ്പാൾ, സാമൂഹികവത്കരണം സാധ്യമല്ല. ലോക നിലവാരത്തിൽതന്നെ സംഭവിച്ചതാണത്. കെ.എസ്.ആർ.ടി.സിയിലൊക്കെ സംഭവിച്ചത് അതാണ്. ഇതിൽനിന്നും നമുക്ക് പഠിക്കാനേറെയുണ്ട്. സമ്പത്തിന്റെ കേന്ദ്രീകരണം നല്ലതല്ല. സ്വകാര്യസ്വത്ത് ആവശ്യമായ കാര്യമാണ്. ജനാധിപത്യവും സ്വകാര്യസ്വത്തും പരസ്പരബന്ധിതമാണ്. ഈ പൊതുമേഖല വന്നുകഴിഞ്ഞാൽ അവിടെ, ജനാധിപത്യമില്ല. മുതലാളിത്ത വികേന്ദ്രീകരണമാണ് വേണ്ടത്. അതിനൊരു പ്രശ്നമുള്ളത്, അത്, ഒരുതരം കഴുത്തറപ്പൻ മത്സരത്തിലേക്ക് മാറുമെന്നതാണ്. അതിനെ നിയന്ത്രിക്കാൻ കഴിയുന്ന നിയമനിർമാണമാണാവശ്യം. അടിസ്ഥാനപരമായി കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിലാവുേമ്പാൾ, സ്വകാര്യബസ് പിടിച്ചുനിൽക്കുന്നത് അവർ കുറെക്കൂടി നല്ലരീതിയിൽ ജോലി ചെയ്യുന്നതുകൊണ്ടാണ്. ഇതു തിരിച്ചറിയപ്പെടേണ്ട ഒന്നാണ്.
കേരളത്തിലെ കാടുകളിൽ ഇപ്പോഴും മാവോവാദികൾ സജീവമാണെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ, ഏറ്റുമുട്ടൽ കൊലയെന്ന പേരിൽ കൊലപാതകമാണ് നടക്കുന്നതെന്നും അഭിപ്രായമുണ്ട്. ഇതേകുറിച്ച്?
മാവോവാദികളുടേത് ഇന്ന് പ്രസക്തിയില്ലാത്ത പ്രവർത്തന ശൈലിയാണ്. അവർക്ക് ഒരു ബോർഡർ കമ്മിറ്റികളുണ്ടാക്കുന്ന രീതിയുണ്ട്. അതായത്, മൂന്ന് സംസ്ഥാനങ്ങളുടെ അതിരുകൾ ചേരുന്നിടത്താണ് ബോർഡർ കമ്മിറ്റിയുണ്ടാക്കുക. ആന്ധ്രയിലും ബിഹാറിലും മറ്റുമുള്ള രീതിയാണത്. അതിന്റെ തുടർച്ചയെന്ന നിലയിലാണ് കേരള, തമിഴ്നാട്, കർണാടക അതിരുകളിൽ ബോർഡർ കമ്മിറ്റിയുണ്ടാക്കാൻ ശ്രമിച്ചതിനു പിന്നിൽ. അതുകൊണ്ട് ജനങ്ങളുടെ ഇടയിൽ ഇറങ്ങിനിന്നുകൊണ്ടുള്ള പ്രവർത്തനശൈലിക്ക് സാധ്യതയില്ല. ദളങ്ങൾ എന്നാണീ കമ്മിറ്റിയെ വിളിക്കുന്നത്. ഈ ദളങ്ങൾ രൂപവത്കരിച്ചുള്ള പ്രവർത്തനത്തിനു പ്രസക്തിയില്ല എന്ന് കാലം തെളിയിച്ചതാണ്. സർക്കാർ നടത്തുന്ന വേട്ടക്ക് പിന്നിൽ മറ്റൊരുതരത്തിലുള്ള അഴിമതിയുണ്ട്. അതായത്, ഭീകരപ്രവർത്തനങ്ങൾ ഉള്ള ജില്ലകൾക്ക് കേന്ദ്രത്തിന്റെ വലിയ സഹായമുണ്ട്. അത്തരം സഹായം നേടിയെടുക്കാൻ വേണ്ടി ചെയ്ത വേലയാണെന്ന ആരോപണമുണ്ട്. അതൊരു പരിധിവരെ ശരിയാണെന്നാെണന്റെ അഭിപ്രായം. ഫണ്ട് നേടിയെടുക്കാനുള്ള പദ്ധതിയായി മാറുന്നുണ്ട്. ശരിക്കും വളരെ മോശമായ രീതിയിലാണ് അത്തരം പ്രവൃത്തികൾ നടന്നത്. ഏറ്റുമുട്ടലുകളില്ലാതെ അത്തരം പേരുകൾ പറഞ്ഞ്, നടത്തിയ കൊലപാതകമാണത്. അത്ഭുതപ്പെടുത്തുന്ന കാര്യം, അതൊരു വലിയ വിഷയമായി മാറിയില്ല എന്നതാണ്. വലിയ ചർച്ചയാക്കി കൊണ്ടുവരേണ്ടതായിരുന്നു. തീവ്രവാദ സ്വഭാവത്തോട് കേരളത്തിനു പൊതുവിൽ വിമുഖതയാണ്. അത്, കുറെ നാളായി ഉയർന്നുവന്ന ചിന്തയാണ്.
പ്രവാസികളുടെ സമ്പാദ്യം കേരളത്തിന്റെ പൊതുവായ വളർച്ചക്ക് സഹായകമായിട്ടുണ്ടോ? നേരത്തേ അതേക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടല്ലോ?
ഗൾഫ് പണം കേരളത്തിന്റെ പൊതുവായ വളർച്ചക്ക് സഹായകമായിട്ടുണ്ട്. എന്നാൽ, നമ്മുടെ വ്യവസായവത്കരണത്തിനു സഹായകമായിട്ടില്ലെന്ന് പറയേണ്ടിവരും. മുമ്പ് സമീക്ഷ എന്ന പ്രസിദ്ധീകരണം നടത്തുേമ്പാൾ ഞങ്ങളൊരു സർവേ നടത്തി. കോയമ്പത്തൂർ, മൈസൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയി ഗൾഫ് മലയാളികളെ കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് പതിറ്റാണ്ടുകൾ ഗൾഫിൽ ജീവിച്ചവർ, കേരളത്തിൽ പണം മുടക്കാൻ മടിച്ചതിനെ കുറിച്ച് ബോധ്യപ്പെടുന്നത്. അവർ, കേരളത്തിൽ പണം മുടക്കി വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ മടിച്ചു. വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാനുള്ള സാങ്കേതിക തടസ്സമാണിതിനു പ്രധാന കാരണം. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കാണിത് മെച്ചമായത്. ഗൾഫ് പണം കേരളത്തിലെ വിപണിയിൽ വരുന്നുണ്ട്. പക്ഷേ, സാമ്പത്തിക വികാസമായി മാറുന്നില്ല.
രാജ്യത്ത് ഉയർന്നുവരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനു പ്രതിരോധം തീർക്കേണ്ട കോൺഗ്രസ് ദുർബലപ്പെടുന്നതിനെ എങ്ങനെ നോക്കിക്കാണുന്നു?
വിശാലമായ അർഥത്തിൽ ഇന്ത്യയിൽ ബി.ജെ.പിയുടെ വോട്ട് എന്നുപറയുന്നത്, 30, 35 ശതമാനം മാത്രമേയുള്ളൂ. ബാക്കിയുള്ള വലിയ ഭൂരിപക്ഷം മറുവശത്തുണ്ട്. അവരെ രാഷ്ട്രീയമായി ഏകോപിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന അവസ്ഥയിലിന്ന് കോൺഗ്രസില്ലെന്നതാണ് പ്രധാന വിഷയം. ഇപ്പോഴും എനിക്ക് തോന്നുന്നു ഇന്ത്യയിലെ എല്ലാ ബൂത്തുകളിലും കമ്മിറ്റി രൂപവത്കരിക്കാൻ കഴിയുന്ന പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ്. അതൊരു ചെറിയ കാര്യമല്ല. വലിയ അടിത്തറ തന്നെയാണ്. അപ്പോൾ ശക്തമായ നേതൃത്വം ഉണ്ടെങ്കിൽ ഏകോപിപ്പിച്ച് കൊണ്ടുപോകാമെന്നതേയുള്ളൂ. അങ്ങനെ വന്നാൽ, മറ്റുള്ള പാർട്ടികൾ ഒപ്പംകൂടും. അത്തരമൊരു സ്ഥിതിവിശേഷമാണിവിടെ ഉണ്ടാകേണ്ടിയിരുന്നത്. പതുക്കെ, പതുക്കെ ആ സ്ഥിതിവിശേഷമുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. രാഹുൽ ഗാന്ധിയാണ് കുറച്ചു കൂടി മെച്ചപ്പെട്ടയാൾ. പക്ഷേ, രാഹുൽ ഗാന്ധി അത്തരമൊരു പൊളിറ്റിക്കൽ ലീഡറാവാൻ പറ്റിയ വ്യക്തിയല്ല. നല്ല മനുഷ്യനാണ്. മാത്രമല്ല, രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ അധികാരമോഹം വേണം. അത്തരമൊരു അധികാരമോഹം രാഹുൽ ഗാന്ധിക്കില്ല.
ശശി തരൂർ പ്രതീക്ഷയായിരുന്നു, അതില്ലാതാക്കിയ േകാൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിട്ടുണ്ടോ?
അത്, വലിയ പോരായ്മയാണ് കോൺഗ്രസിനുണ്ടാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തിലുണ്ടാവേണ്ട നേതൃത്വമല്ല നിലവിൽ വന്നത്. അത്, കഴിയാതെ വന്നത് വലിയ തിരിച്ചടിതന്നെയാണ്. എങ്കിലും ഏറെ അനുഭവ പാരമ്പര്യമുള്ളയാളാണ് ഖാർഗെ. അത്, സംഘടനയെ കുറച്ചുകൂടി മെച്ചപ്പെടുത്താൻ ഉപകരിച്ചേക്കാം.
കേരളത്തിലെ സി.പി.എമ്മിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച്?
സി.പി.എമ്മിനു കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടനയില്ലാതായിക്കഴിഞ്ഞു. ഇപ്പോൾ, ശക്തനായ നേതാവിന്റെ തണലിൽ നിൽക്കുന്ന പാർട്ടിയായി മാറി. ഇത്, ഒട്ടും ആരോഗ്യപരമല്ല. ഒരു നേതാവിനെ മാത്രം ആശ്രയിക്കുന്ന തരത്തിലേക്ക് പാർട്ടി മാറുന്നത് ഗുണകരമല്ല. ദീർഘകാലാടിസ്ഥാനത്തിലല്ലെങ്കിലും പിണറായിക്ക് കുറച്ച് കാലം കൂടി നേതൃതലത്തിൽ പിടിച്ചുനിൽക്കാൻ കഴിയും. അതിലൂടെ പാർട്ടിയുടെ അടിത്തറ കുറെക്കൂടി മെച്ചപ്പെേട്ടക്കാം. പക്ഷേ, അതിനുള്ള ശ്രമം നടക്കുന്നതായി തോന്നുന്നില്ല.
സരിത, സ്വപ്ന എന്നിങ്ങനെ ആരോപണ രാഷ്ട്രീയമാണ് കേരളത്തിലെ പ്രധാന ചർച്ച. ഇത് രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നില്ലേ?
തെരഞ്ഞെടുപ്പ് രാഷ്ട്രീയ െമക്കാനിസത്തിന്റെ ഭാഗമായി വരുന്നതാണത്. എതിരാളികളെ ഇല്ലായ്മചെയ്യാൻ എന്തു മാർഗവും ഉപയോഗിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ഇത്തരം കാര്യങ്ങളാകുേമ്പാൾ, ജനങ്ങളുടെ ഇടയിൽ വേഗത്തിൽ ചർച്ചയാകും. അതിനെ വോട്ടാക്കി മാറ്റുക. ഇതാണിപ്പോൾ നടക്കുന്നത്. ഇതിൽ ഇരുമുന്നണിയും മത്സരിക്കുകയാണ്. അതു ഗുണകരമല്ലെന്ന് മാത്രമല്ല, രാഷ്ട്രീയ പ്രവർത്തനത്തിനുതന്നെ യോജിച്ചതല്ല.
താങ്കളുടെ കാഴ്ചപ്പാടിൽ കേരളത്തിൽ ഏറ്റവും മാർക്ക് കൊടുക്കുന്ന മുഖ്യമന്ത്രിയാരായിരിക്കും?
എന്റെ വിലയിരുത്തലിൽ അച്യുതമേനോനാണ് മികച്ച മുഖ്യമന്ത്രി. പക്ഷേ, അദ്ദേഹം ഭരിക്കുേമ്പാഴാണ് അടിയന്തരാവസ്ഥ എന്നത് ദോഷമായും മാറുന്നുണ്ട്. എങ്കിലും മികച്ചത് അദ്ദേഹംതന്നെയാണ് (ചിരിക്കുന്നു).
അംബേദ്കർ, ലോഹ്യ ജാതിരാഷ്ട്രീയത്തിനു കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാതെ പോയതിനു കാരണം?
കേരളത്തിൽ പ്രധാനമായും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യമുള്ളതുകൊണ്ടാണ് ജാതിരാഷ്ട്രീയം ഉയർന്നുവരാതിരുന്നത്. അതുകൊണ്ട്, യു.പി, ബിഹാർ എന്നിവിടങ്ങളിൽ ഉയർന്നുവന്ന ജാതിരാഷ്ട്രീയത്തെ ചുരുക്കി കാണാൻ കഴിയില്ല. കാരണം, സവർണാധിപത്യത്തെയും ബ്രാഹ്മണാധിപത്യത്തെയും തകർക്കാൻ കഴിയുന്ന ദലിത് പിന്നാക്ക ജാതിവിഭാഗങ്ങൾ ഒന്നിക്കുകയാണുണ്ടായത്. ലോഹ്യയുടെ രാഷ്ട്രീയമാണിതിനു പിന്നിലുള്ളത്. അംബേദ്കർ, ലോഹ്യ രാഷ്ട്രീയത്തിന്റെ നല്ലരീതിയിലുള്ള ഇടപെടലാണത്. ആ രാഷ്ട്രീയത്തിനു കേരളത്തിൽ വേരോട്ടം കിട്ടുമെന്ന് കരുതുന്നില്ല. കാരണം, ആ പ്രശ്നത്തെ ഒരു പരിധിവരെ നേരത്തേതന്നെ ഇടതുപക്ഷ പ്രസ്ഥാനം പരിഹരിച്ചിരുന്നു. 1939ലാണ് കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കുന്നതെങ്കിലും ’40കളിൽതന്നെ ദലിതരെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ഒപ്പം നിർത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളിലേക്കും കടന്നുചെല്ലാൻ കഴിഞ്ഞു. ഒപ്പം, പിന്നാക്ക വിഭാഗങ്ങളിലേക്കും. കാരണം, അടിസ്ഥാന തൊഴിലാളി വർഗം, പിന്നാക്ക ജാതി വിഭാഗം തന്നെയാണല്ലോ. മുമ്പ് സംഘടനാപ്രവർത്തനത്തിന്റെ കാലത്ത് കുട്ടനാട് മേഖലയിലൊക്കെ പോയി അംബേദ്കർ രാഷ്ട്രീയത്തെ കുറിച്ച് പറയുേമ്പാൾ, അവിടെയുള്ള സി.പി.ഐ, സി.പി.എം അനുഭാവികൾ അത്ഭുതത്തോടെയാണ് കേട്ടത്. കാരണം, ഇവിടെ, കമ്യൂണിസ്റ്റുകൾ അംബേദ്കർ രാഷ്ട്രീയത്തെ കുറിച്ച് ചർച്ചചെയ്യാൻതന്നെ അനുവദിച്ചിരുന്നില്ല. അന്നത്തെ കമ്യൂണിസ്റ്റുകൾ അംബേദ്കറെ ബ്രിട്ടീഷ് ഏജന്റ് എന്നൊക്കെ മുദ്രകുത്തിയിരുന്നു. അങ്ങനെയൊരു പ്രത്യേക ഘടന േകരളത്തിലുണ്ട്. ഇപ്പോൾ നടക്കുന്ന ജാതിരാഷ്ട്രീയ ചർച്ച എൻ.എസ്.എസ്, എസ്.എൻ.ഡി.പി പോലുള്ള സംഘടനയിലൂടെയാണ്. അവർക്കാണെങ്കിൽ യഥാർഥ പിന്നാക്ക വിഭാഗവുമായി ബന്ധമില്ല. ഇതിനിടയിലും പതുക്കെ, പതുക്കെ ജാതി രാഷ്ട്രീയ ചർച്ചകൾ നടക്കുന്നുണ്ട്.
വർഗസമരത്തിനു പ്രസക്തിയില്ലെന്നാണോ?
കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയം സൃഷ്ടിച്ച മറ്റൊരു പ്രശ്നമാണിത്. കാരണം, വർഗസമരം വർഗസമരം എന്നു പറഞ്ഞാണ് കമ്യൂണിസ്റ്റ് പാർട്ടി എല്ലാം ചെയ്യുക. യഥാർഥത്തിൽ വർഗമല്ല നമ്മുടെ ഇന്ത്യയെപ്പോലുള്ളൊരു സമൂഹത്തിൽ പ്രവർത്തിക്കുന്നത്. അവിടെ വർണജാതി വ്യവസ്ഥതന്നെയാണ് നിലനിൽക്കുന്നത്. അവിടെ വർഗത്തിനു വലിയ പ്രസക്തിയില്ല. മുംബൈയിലെ ടെക്ൈസ്റ്റൽ മില്ലുകളിലെ തൊഴിലാളി വർഗം ഇതിനൊരു ഉദാഹരണമാണ്. ഇന്ത്യയിലെ തൊഴിലാളി വർഗപ്രസ്ഥാനം ആരംഭിക്കുന്നത് അത്തരം സ്ഥലങ്ങളിലാണല്ലോ. അവിടെ സംഭവിച്ചത്, ടെക്ൈസ്റ്റൽ മില്ലിൽ തൊഴിലാളിയായി വരുന്നത് ഗ്രാമത്തിൽനിന്നുള്ള ബ്രാഹ്മണനും പിന്നാക്കക്കാരനുമെല്ലാമാണ്. അവർ, മില്ലിലെ തൊഴിലാളികളാണ്. അവർ തിരിച്ച് ഗ്രാമത്തിലെത്തുേമ്പാൾ, ബ്രാഹ്മണനും ദലിതനുമാകുന്നുവെന്നതാണ് വസ്തുത. ഗൗരിയമ്മയാണല്ലോ, ഭൂപരിഷ്കരണത്തിനു നേതൃത്വം വഹിച്ചവരിൽ ഒരാൾ. ഭൂരിപരിഷ്കരണംകൊണ്ട് യഥാർഥ തൊഴിലാളികൾക്ക് വല്ലതും കിട്ടിയോയെന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. അവർ, ക്ഷുഭിതയായി. ഞാൻ പറഞ്ഞു, കുട്ടനാട്ടിലെ യഥാർഥ കർഷകൻ ഇപ്പോഴും വരമ്പത്താണ്. അവർക്ക് ഭൂമി കിട്ടിയിട്ടില്ല. കാരണം, കമ്യൂണിസ്റ്റുകാരുടെ ഈ വർഗസമീപനംതന്നെയാണ്. ഭൂപരിഷ്കരണത്തിലൂടെ ചെയ്തത് ജന്മി-കുടിയാൻ ബന്ധം ഇല്ലായ്മ ചെയ്യലാണ്. പക്ഷേ, കുടിയാന്മാർ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളാണ്. യഥാർഥത്തിൽ കൃഷിപ്പണി ചെയ്യുന്നത് കർഷക തൊഴിലാളികളാണ്. പാട്ടഭൂമി അവർക്ക് ലഭിച്ചിട്ടില്ല. അവർക്ക് ലഭിച്ചത് കുടികിടപ്പുതന്നെയാണ്. മാർക്സിസത്തെ പൂർണമായി തള്ളിക്കളയുന്നില്ല. പൂർണമായും വർഗസമരം എന്നൊന്നില്ല. വർഗവിഭജനം നിലനിൽക്കുന്നുണ്ട്. ദേശീയബോധം, സ്ത്രീ, പുരുഷ ബന്ധങ്ങൾ, ജാതി... ഈ വിഷയങ്ങളൊന്നും മാർക്സിസംകൊണ്ട് കൈകാര്യം ചെയ്യാൻ കഴിയില്ല. നോക്കിനിൽക്കാനേ കഴിയൂ.
‘അന്വേഷണത്തിന്റെ കഥ’ എന്ന പുതിയ പുസ്തകത്തിൽ കുടുംബത്തിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് പറയുന്നുണ്ടല്ലോ?
കുടുംബത്തിനകത്ത്, ബാഹ്യമായി പ്രകടമാകാത്ത രീതിയിൽ സ്ത്രീമേധാവിത്വം ഉണ്ടെന്നാെണന്റെ വിചാരം. എന്റെ ബോധ്യമാണത്.
മനുസ്മൃതി കത്തിക്കൽ സമരത്തിന് നേതൃത്വം കൊടുത്ത ഒരാളെന്ന നിലയിൽ ജാതി വിഷയത്തെ നേരിടുന്നതിൽ കമ്യൂണിസം പരാജയപ്പെടുന്നുവെന്ന് നേരത്തേ ബോധ്യപ്പെട്ടിരുന്നോ?
പഴയ രാഷ്ട്രീയ കാലത്ത് തന്നെ ജാതിവിഷയത്തെക്കുറിച്ച് പഠിക്കാൻ ഒരു സബ് കമ്മിറ്റി തന്നെ ഉണ്ടാക്കി. മുരളി കണ്ണമ്പള്ളിയൊക്കെയായിരുന്നു അതിന്റെ നേതൃനിരയിൽ. അപ്പോഴാണ് മഹാരാഷ്ട്രയിലൊക്കെ പോയി പഠിക്കുന്നത്. ഈ അവസരത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി വലിയ പരാജയമാണെന്ന് തിരിച്ചറിയുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്ക് തൊഴിലാളികൾക്കിടയിൽ ശക്തിയുണ്ട്. പക്ഷേ, ഉള്ളിലേക്ക് പോകുേമ്പാൾ അംബേദ്കർ രാഷ്ട്രീയത്തിനാണ് മഹാരാഷ്ട്രയിൽ സ്വാധീനമുള്ളതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അന്ന്, മഹാരാഷ്ട്രയിൽ മഹാത്മാ ഫൂലെയുടെ സത്യശോധക് പ്രസ്ഥാനം വലിയ സ്വാധീനം ചെലുത്തുകയായിരുന്നു. ഇവിടത്തെ എസ്.എൻ.ഡി.പി പോലെയുള്ള സംഘടനയാണത്. ജനങ്ങൾ മുഴുവൻ ആ പ്രസ്ഥാനത്തിലേക്കാണ് പോകുന്നത്. അതുതന്നെ, തമിഴ്നാട്ടിലും നടന്നു. രാമമൂർത്തിയെപ്പോലുള്ള വലിയ നേതാക്കൻമാരിന്ന് തൊഴിലാളി യൂനിയൻ രംഗത്ത് ശക്തമാണ്. പക്ഷേ, ഡി.എം.കെ പോലുള്ള സംഘടന അവിടെയുണ്ട്. കേരളത്തിൽ മാത്രമാണ് ചെറിയ മാറ്റം സംഭവിക്കുന്നത്. അതിനു പ്രധാന കാരണം, ഇവിടെ, നവോത്ഥാന പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന ക്ഷേത്രപ്രവേശന സമരമാണ്. അക്കാലത്ത്, ഇതിനു നേതൃത്വം കൊടുത്ത കോൺഗ്രസ് -സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയാണ് പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലേക്ക് വരുന്നത്. ഈ സാഹചര്യത്തിൽ വർണ ജാതിഘടനയെ തകർക്കുകയെന്ന രീതിയിലാണ് മനുസ്മൃതി കത്തിക്കുന്നതുൾപ്പെടെയുള്ള സമരത്തെ കണ്ടത്.
സംഘ്പരിവാർ രാഷ്ട്രീയത്തിന് ഇന്ത്യയിൽ എത്രമാത്രം വേരുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്?
ഇന്ത്യൻ സമൂഹത്തിൽ ബി.ജെ.പി രാഷ്ട്രീയത്തിനു കൃത്യമായൊരു ആധിപത്യത്തിനു കഴിഞ്ഞില്ലെന്ന വിലയിരുത്തലാണെനിക്കുള്ളത്. അതിനു പ്രധാനകാരണം സ്വാതന്ത്ര്യസമരകാലത്തെ മഹാത്മാ ഗാന്ധിയുടെ ഇടപെടലായിരുന്നു. മുമ്പ് ഞങ്ങളൊക്കെ ഗാന്ധിജിയെ പൂർണമായി തള്ളിക്കളഞ്ഞതാണ്. പിന്നീട്, അതേക്കുറിച്ച് പഠിക്കാനിടവന്നപ്പോഴാണ് ഗാന്ധിജിയുടെ ഇടപെടലൊക്കെ എത്ര മഹത്തരമാണെന്ന് തിരിച്ചറിയുന്നത്. 1920ൽ ബാലഗംഗാധര തിലകൻ കോൺഗ്രസിന്റെ നേതൃത്വത്തിലിരിക്കെ മരണപ്പെടുന്നു. അപ്പോഴാണ് ഗാന്ധി നേതൃനിരയിലേക്ക് കടന്നുവരുന്നത്. അന്നുമുതൽ, ഗാന്ധി ആവർത്തിക്കുന്നത് താൻ ഒരു സനാതന ഹിന്ദുവായിരിക്കുേമ്പാൾ തന്നെ ഹിന്ദു, മുസ്ലിം, സിഖ് സാഹോദര്യമായിരിക്കും സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാന സമീപനം എന്നാണ്. ഇതാണ്, അദ്ദേഹം എന്നും മുന്നോട്ടുവെച്ചത്. അത്, ’48ൽ ഗാന്ധി കൊല്ലപ്പെടുന്നതുവരെ തുടർന്നു. മാത്രമല്ല, ‘‘ഈശ്വര്, അല്ലാഹ്, തേരേ നാം’’ പോലുള്ള പ്രാർഥനാഗാനങ്ങൾ വലിയ സ്വാധീനം ചെലുത്തി. നാട്ടിൻപുറത്തെ സാധാരണ ജനങ്ങൾക്കുവരെ ‘‘ഈശ്വര്, അല്ലാഹ്, തേരേ നാം’’ എന്നുപറഞ്ഞാൽ, അർഥം മനസ്സിലാകും. അതുവഴിയുണ്ടാകുന്ന മതസൗഹാർദ അന്തരീക്ഷം ആഴത്തിൽ നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അതേറ്റെടുത്തു നടപ്പാക്കാനാണ് നെഹ്റുവും അംബേദ്കറും ഉൾപ്പെടെ ശ്രമിച്ചത്. അതിന്റെ അടിത്തറ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. അതാണ്, പ്രതീക്ഷക്ക് വകനൽകുന്നുവെന്ന് കരുതാൻ കാരണം. കോൺഗ്രസിനുതന്നെ ഒന്നു ശക്തിപ്പെട്ടാൽ പരിഹരിക്കാൻ കഴിയുന്നതേയുള്ളൂവെന്ന ചിന്തക്ക് കാരണം.
കോൺഗ്രസ് ഭൂരിപക്ഷ സമുദായ താൽപര്യം സംരക്ഷിക്കുന്ന പാർട്ടിയാണെന്ന വിമർശനത്തെ കുറിച്ച്?
ഫലത്തിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള പാർട്ടി തന്നെയാണ് കോൺഗ്രസ്. ഭൂരിപക്ഷം ഹിന്ദുസമൂഹംതന്നെയാണതിലുള്ളത്. അതിന്റേതായ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഗാന്ധിയിൽനിന്നുൾക്കൊണ്ട മതേതര പാരമ്പര്യം തുടർന്ന് കൊണ്ടുപോകുന്നതിൽ വീഴ്ചയുണ്ടായി. അതിനെ നെഹ്റുവിന്റെയൊക്കെ കാലത്ത് ബോധപൂർവം മറികടക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. പിന്നീട് അതൊരു ഒഴുക്കായി മാറുകയായിരുന്നു. ഈ പ്രശ്നത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടുപോകാനുള്ള നേതൃത്വം കോൺഗ്രസിനില്ലാതെ പോയതാണ് പ്രധാന വെല്ലുവിളി.
ആർ.എസ്.എസ് കേരളത്തിൽ ഭീഷണിയുയർത്തുന്നില്ലെന്ന സി. രവിചന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
പൂർണമായും തെറ്റാണത്. ആർ.എസ്.എസിന് ഏറ്റവും കൂടുതൽ ശാഖകൾ കേരളത്തിലാണുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളമാണവരുടെ ശക്തികേന്ദ്രം. പ്രത്യക്ഷത്തിൽ കാണാനില്ലെങ്കിലും ഭീഷണിതന്നെയാണ്. അത് ഇവിടെ, പ്രകടമാകാത്തതിനു കാരണം ഇവിടത്തെ ഇടതുപക്ഷ മനസ്സുതന്നെയാണ്. ആ അടിത്തറയെ ഇളക്കാൻ മാത്രം ആർ.എസ്.എസ് വളർന്നിട്ടില്ല. രവിചന്ദ്രനു തുടക്കം മുതൽ പ്രകടമായ ആർ.എസ്.എസ് ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗശൈലിയിൽ വീണുപോയവരുണ്ട്. ഈ പ്രവർത്തനംകൊണ്ട് യുക്തിവാദികളാവാൻ ആഗ്രഹിച്ചവരെ ആർ.എസ്.എസ് ധാരയിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടാവാം. ഈ ഗ്രൂപ്പിന്റെ ആർ.എസ്.എസ് ബന്ധം ഇപ്പോൾ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഈ ആശയംവെച്ചുകൊണ്ട് യുക്തിവാദി ഗ്രൂപ്പിനു മുന്നോട്ടുപോകാൻ കഴിയില്ല.
ജെ.എസ്.എസ് വിട്ടശേഷം പുതിയൊരു സംഘടന എന്തുകൊണ്ട് ചിന്തിച്ചില്ല?
ഫിഫ്ത് എസ്റ്റേറ്റ് എന്നൊരു സംഘടനയുണ്ടാക്കിയിരുന്നു. പ്രവർത്തനരംഗത്ത് സംഭവിക്കുന്നത്, അതൊരു ചെറിയ ഗ്രൂപ്പായി മാറുന്നു. അതിനപ്പുറത്തേക്ക് ജനങ്ങളിലെത്തുന്നില്ല. അതിന്റെ പ്രധാനഘടകം എന്റെ സാന്നിധ്യംതന്നെയാണ്. കെ. വേണു എന്ന പേരു കാണുേമ്പാൾ, ബ്രാൻഡ് ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് ചില കോണുകളിൽനിന്നും അത്തരം വിമർശനം നടക്കും. അതുകൊണ്ടു തന്നെ എന്റെ പേര് വെച്ച് ആരംഭിക്കുന്ന പരിപാടികൾവരെ വേണ്ടെന്ന് ഞാൻ പറയാറുണ്ട്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് സംഘടനകൾ വേണ്ടെന്ന് വെക്കുന്നത്.
ഇത്തരം അനുഭവങ്ങളിൽ നിരാശയുണ്ടോ?
ഇല്ല. സംഘടനകൾ പലപ്പോഴും ചെറിയ ഗ്രൂപ്പുകളായി മാറുന്നുവെന്ന് ഞാൻ പറഞ്ഞല്ലോ. ഞാനൊരിക്കലും രാഷ്ട്രീയ ആഗ്രഹിയായിരുന്നില്ല. പഴയ സംഘടന പ്രവർത്തന കാലത്തുതന്നെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിൽക്കുേമ്പാൾ പരമാവധി പദവികളിൽനിന്നു മാറിനിൽക്കാൻ ശ്രമിച്ചിട്ടുള്ളയാളാണ് ഞാൻ. അങ്ങനെയൊരു ലക്ഷ്യം ഉള്ളിലുണ്ടായിരുന്നില്ല. അധികാരമോഹം എന്നത് ജനറ്റിക്കലായ വശമാണ്. അതെനിക്ക് തീരെയില്ലെന്ന് വേണം കരുതാൻ. എന്റെ ചിന്തകളും ആ വഴിക്കായിരുന്നു.
സ്വയം എന്ത് പേരിട്ട് വിളിക്കാനാണ് ആഗ്രഹിക്കുന്നത്?
ലിബറൽ ഡെമോക്രാറ്റ് അഥവാ അയഞ്ഞ ജനാധിപത്യവാദിയെന്ന് വിശേഷിപ്പിക്കാം (ചിരിക്കുന്നു).
അങ്ങ് എന്നുമൊരു സന്ദേഹിയാണെന്ന് വിശേഷിപ്പിച്ചാൽ?
ചെറുപ്പം മുതലേ സന്ദേഹിയാണ്. ഓരോ സമയത്തും ചോദ്യംചെയ്യാനുള്ള മാനസികാവസ്ഥയുണ്ടായിരുന്നു. നക്സൽ പ്രസ്ഥാനത്തിൽനിന്നും രാജിവെക്കാൻ കാരണം ആശയപരമായ തിരിച്ചറിവുകളും സംഘടന ഏൽപിക്കുന്ന ജോലി ഏറ്റെടുക്കാൻ കഴിയില്ലെന്ന ബോധ്യവുമാണ്.
നാളിതുവരെയുളള പ്രവർത്തനത്തിൽ ഏറ്റവും ആത്മബന്ധമുള്ള സഖാവ് ആരായിരിക്കും?
ഇ. കരുണാകരൻ... ചെറുകഥാകൃത്ത്. മുംബൈയിൽ ആദ്യ കാലഘട്ടത്തിലെ കമ്മിറ്റിയിലൊക്കെ പങ്കെടുത്തിരുന്ന ഒരാളാണ്. കരുണാകരൻ സഖാവ് എന്നതിലുപരിയുള്ള ബന്ധമാണ്. മുമ്പ് സ്ഥിരമായി കത്തെഴുതുമായിരുന്നു. സാഹിത്യത്തിൽ നിന്നുകൊണ്ടുതന്നെ രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ കരുണാകരനാണ് അന്നുമുതൽ ഇന്നുവരെ തുടരുന്നത് എന്നുപറയാം. എന്റെ രാഷ്ട്രീയത്തിന്റെ കൂടെ നിന്നൊരാളാണ്.
വിപ്ലവത്തിനു സാധ്യതയില്ലാതായ സാഹചര്യത്തിൽ എം. സുകുമാരന് ഉൾപ്പെടെയുള്ള എഴുത്തുകാരുടെ രചനകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ലേ?
അതെങ്ങനെയാണ് അപ്രസക്തമാകുക. മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളെല്ലാം തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് മാത്രം. മനുഷ്യ മസ്തിഷ്കത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ എല്ലാമുണ്ട്. ചിലർ സാഹിത്യത്തിൽ, മറ്റു ചിലർക്ക് ഫിലോസഫിയിൽ, പിന്നെ ചിലർ സാധാരണചിന്ത കൊണ്ടുനടക്കുന്നവരാകും. ഇവയിൽ പ്രാധാന്യം ഏറിയും കുറഞ്ഞും ഇരിക്കും. അത്, പ്രകടമാകുന്നതിനുള്ള അന്തരീക്ഷത്തിലാണ് മാറ്റമുണ്ടാകുന്നത്. സാഹിത്യത്തിന്റെ പ്രസക്തി ഒരിക്കലും നഷ്ടമാകില്ല. അതിനു സമൂഹത്തിൽ എത്രത്തോളം പ്രസക്തി ലഭിക്കുന്നുവെന്നത് വേറെ വിഷയമാണ്.
കെ.ആർ. ഗൗരിയമ്മയുമായുള്ള ആത്മബന്ധത്തെ കുറിച്ച്?
വളരെ യാദൃച്ഛികമായിട്ടാണ് ഗൗരിയമ്മയുമായി അടുക്കുന്നത്. ഗൗരിയമ്മയെ അവരുടെ പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കാരണം സംസ്ഥാന കമ്മിറ്റിയിൽനിന്നും ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ കാലം കെ. അജിത ഒരു ഇന്റർവ്യൂ ചെയ്തിരുന്നു. അപ്പോഴാണ് അജിത എന്നെ വിളിച്ച് ഒന്ന്, ആലപ്പുഴ ചെല്ലണമെന്നാവശ്യപ്പെടുന്നത്. അതിന്റെ പ്രധാനകാരണം ഗൗരിയമ്മയുടെ വീട് എന്നു പറഞ്ഞാൽ ഓട്ടോ കിട്ടാത്ത അവസ്ഥ. അത്രമാത്രം ഒറ്റപ്പെടൽ. ബോധപൂർവമുള്ള ഒറ്റപ്പെടുത്തലാണ് നടന്നത്. എനിക്കന്നൊരു അസുഖമുണ്ടായിരുന്നു. ഞാൻ പ്രയാസമാണെന്ന് അറിയിച്ചപ്പോൾ, അജിത ലാൽ കോയിപ്പറമ്പൻ എന്നൊരു മത്സ്യത്തൊഴിലാളി നേതാവിനൊപ്പം എന്റെ വീട്ടിൽ വരുകയായിരുന്നു. അപ്പോഴാണ് അജിത മൂന്നാംചേരി രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ച് സംസാരിക്കുന്നത്. അതിനൊരു കുറിപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ടു. അപ്പോൾതന്നെ കുറിപ്പ് തയാറാക്കിക്കൊടുത്തു. അവർ അത്, ഗൗരിയമ്മയെ കാണിക്കുന്നു. ഗൗരിയമ്മ ഇനിയൊന്നിനുമില്ലെന്ന് പറഞ്ഞു നിൽക്കുന്ന കാലമാണ്. അജിതയുടെ നിർബന്ധം അവർ അംഗീകരിച്ചു. അപ്പോഴാണ് ഈ കുറിപ്പ് ആരാണ് തയാറാക്കിയതെന്ന് ഗൗരിയമ്മ അന്വേഷിക്കുന്നത്. ഞാനാണെന്ന് അറിഞ്ഞതോടെ എന്നെ കാണണെമന്ന് ആവശ്യപ്പെട്ടു. പിന്നീടാണ് ഞാനവിടെ ചെന്ന് കാണുന്നത്. അത് തുടർന്നു, അപ്പോഴാണ് പല കാര്യങ്ങളെ കുറിച്ചും സംസാരിക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും ചേർത്തലയിലാണെന്നാണ് ഓർമ ജനാധിപത്യ ഗ്രൂപ് എന്നൊരു കൂട്ടായ്മ രൂപവത്കരിച്ചിരുന്നു. പിന്നീട് ജെ.എസ്.എസായി മാറി. ആദ്യ കാലഘട്ടങ്ങളിൽ നല്ല ബന്ധമായിരുന്നു. ഞാനും അജിതയും ഒന്നിച്ച് ഇതിന്റെ ഭാഗമായി പല പ്രവർത്തനവും ആലോചിച്ചു. ഇത്, അവരുടെ കൂടെ നിൽക്കുന്ന ചിലർ തെറ്റായി ചിത്രീകരിച്ചു. പാർട്ടി നേതൃത്വം പിടിച്ചടക്കാനുള്ള നീക്കമാണെന്നൊക്കെ ധരിപ്പിച്ചു. ഞാൻ പലയിടത്തും ക്ലാസെടുത്തു. ഈ ക്ലാസുകളിൽ പ്രസ്ഥാനം മുന്നോട്ടുവെക്കുന്നത് പുതിയ കാലഘട്ടത്തിലെ പുതിയ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാണിക്കാറുണ്ട്. സാമൂഹികനീതിയും വർഗരാഷ്ട്രീയവും ചേർന്ന രാഷ്ട്രീയമാണ് വേണ്ടതെന്ന് വാദിച്ചു. അന്ന്, അതേ കുറിച്ച് ഞാൻ തയാറാക്കിയ പ്രസ്താവന ഗൗരിയമ്മ വഴി പത്രത്തിൽ വലിയ വാർത്തയായിരുന്നു. അതിനന്ന് ഇ.എം.എസ് മറുപടി എഴുതിയിരുന്നു. ഈ ക്ലാസ് വ്യാപകമാകാൻ തുടങ്ങിയതോടെ എനിക്കെതിരെ ഗൗരിയമ്മയുടെ അടുത്ത് നിൽക്കുന്ന ചിലർ പ്രചാരണം ശക്തമാക്കി. അതോടെ, ഞാൻ പിൻവാങ്ങി. പിന്നെ കുറെക്കാലം കഴിഞ്ഞ് വീണ്ടും ചില പ്രയാസങ്ങൾ നേരിട്ടപ്പോൾ എന്നെ വിളിച്ചിരുന്നു. പക്ഷേ, ഞാൻ പോയില്ല.
പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?
അന്വേഷണബുദ്ധി കൈവിടാതെ ചുറ്റുപാടും പരിശോധിക്കാനും അതിൽനിന്നും ശരിതെറ്റുകൾ കണ്ടെത്താനും ശ്രമിക്കണം. അത്, കൈവിട്ടുപോകുേമ്പാഴാണ് പ്രശ്നങ്ങളുണ്ടാകുക.
അന്വേഷണബുദ്ധി നിലനിർത്തിയാൽ ഏത്, സാഹചര്യത്തെയും മറികടക്കാനും താരതമ്യേന ശരിയായ ഉത്തരങ്ങളിലെത്തിച്ചേരാനും കഴിയും. അതിനായുള്ള ജാഗ്രത നിലനിർത്തണം. ഒന്നിനും കീഴ്പ്പെടാതിരിക്കുക. ചോദ്യംചെയ്യാനുള്ള മാനസികാവസ്ഥ നഷ്ടപ്പെടുത്താതിരിക്കുക.
നക്സലിസം, അതിന്റെ തുടർച്ച ഇന്നത്തെ ജീവിതസാധ്യതകളെ ഇല്ലാതാക്കിയെന്ന് തോന്നാറുണ്ടോ?
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അന്നത്തെ പഠനസ്വഭാവത്തെ കുറിച്ച് ചിന്തിച്ചാൽ ചിലപ്പോൾ ശാസ്ത്രജ്ഞനായി മാറിേയനെ. പക്ഷേ, ശരിക്കും എനിക്കിപ്പോൾ കിട്ടിയ ജീവിതംതന്നെയാണ് മെച്ചമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, സമൂഹത്തെയും സാമൂഹിക യാഥാർഥ്യത്തെയും ലോകസമൂഹത്തെയും തന്നെ ഇന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നതുപോലെ അന്നത്തെ വഴിയിൽ സഞ്ചരിച്ചിരുന്നെങ്കിൽ കഴിയുമായിരുന്നില്ല. എന്റെയൊരു പ്രത്യേകത ശാസ്ത്രം, ഹിസ്റ്ററി, ഫിലോസഫി, രാഷ്ട്രീയം എന്നീ വിജ്ഞാനമേഖലയിൽ ശക്തമായ നിലയിലുള്ള അടിത്തറ എനിക്കിപ്പോൾ ഉണ്ട്. ഇത്, അഹങ്കാരത്തിന്റെ പറച്ചിലല്ല. ഇത്, സാധാരണനിലയിൽ ഒരാൾക്ക് കഴിയുന്നതല്ല. കാരണം, ശാസ്ത്രത്തിൽ താൽപര്യം ഉള്ളയാൾ മറ്റ് മേഖലയിൽ താൽപര്യമുള്ളയാളാവണമെന്നില്ല. എല്ലാ മേഖലയിലും ഞാൻ ഇന്ന് നടത്തുന്ന അന്വേഷണത്തിൽ ശാസ്ത്രത്തിന്റെ വശമുണ്ട്. ഞാനിന്നുവരെ എഴുതിയതൊക്കെ എനിക്ക് ബോധ്യപ്പെട്ടവതന്നെയാണ്. അല്ലാത്തതൊന്നുമില്ല. മുഖം നോക്കാതെ എന്റെ ബോധ്യം പറയാനുള്ള കരുത്തുണ്ട്. അതിനാൽ ഈ ജീവിതംതന്നെയാണ് മെച്ചം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.