ഇന്ത്യയിലെ ഇസ്ലാമോഫോബിയയും വിദ്വേഷ കാമ്പയിനും മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഭരണകൂടത്തിന്റെ കടന്നുകയറ്റവും അന്താരാഷ്ട്രതലത്തിൽ ചർച്ചക്കിടയാക്കിയ സംഭവമാണ് ബി.ജെ.പി വക്താവ് നൂപുർ ശർമയുടെയും ബി.ജെ.പി ഡൽഹി ഐ.ടി സെൽ തലവൻ നവീൻ ജിൻഡാലിന്റെയും പ്രവാചകനിന്ദ പരാമർശവും അതിനെ തുടർന്നുണ്ടായ നടപടികളും. അധികമാരും ചർച്ച ചെയ്യാതെ പോവുമായിരുന്ന ഒരു ചാനൽ ചർച്ചയിലെ വിവാദ പരാമർശം ലോകത്തിനുമുന്നിലേക്ക് ഒരു ചോദ്യമായെറിഞ്ഞത് 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈർ എന്ന 39കാരനായിരുന്നു.
ആഗോളതലത്തിലുയർന്ന പ്രതിഷേധത്തിൽ മോദി സർക്കാറിന് ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ലജ്ജിച്ച് തലകുനിക്കേണ്ടിവന്നു. വിഷയം നയതന്ത്രതലത്തിൽവരെ ചർച്ചയായി. പ്രതിഷേധം തണുപ്പിക്കാനെങ്കിലും നൂപുറിനും നവീനുമെതിരെ പാർട്ടിതലത്തിൽ ബി.ജെപിക്ക് നടപടിയെടുക്കേണ്ടി വന്നു. പക്ഷേ, വിരൽചൂണ്ടിയയാളെ തേടി പൊലീസെത്തി. അറസ്റ്റും ജയിൽവാസവും കോടതി നടപടിയുമൊക്കെയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നാലാം തൂണിനെ ശിഥിലമാക്കാൻ ഫാഷിസ്റ്റ് ഭരണകൂടം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളിലൊന്ന്. അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന് ജി-7 രാജ്യങ്ങളോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട അതേ ദിവസമായിരുന്നു ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിനെതിരെ ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇന്റർനാഷനലുമൊക്കെ പ്രതിഷേധിച്ചു. ഭരണകൂടത്തിന്റെ ശരികേടുകൾക്കും ഹിന്ദുത്വ സംഘങ്ങളുടെ വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ വസ്തുതകളെ അടിസ്ഥാനമാക്കി മാത്രം വിമർശനമുന്നയിച്ച മാധ്യമപ്രവർത്തകന്റെ ശബ്ദം ഇല്ലാതാക്കാനുള്ള മോദി സർക്കാറിന്റെ ആസൂത്രിത ശ്രമത്തിന് സുപ്രീംകോടതി അനുവദിച്ച ജാമ്യത്തോടെ താൽക്കാലിക വിരാമമായിരിക്കുകയാണ്.
2018ലെ ട്വീറ്റിന്റെ പേരിൽ 2022ൽ സുബൈറിനെതിരെ കേസെടുത്ത് ജയിലിലടക്കുകയും പിന്നീട് പല കേസുകൾകൊണ്ട് വരിഞ്ഞുമുറുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ ഭരണകൂടം നൽകുന്ന സന്ദേശം, 'നിങ്ങൾ നിശ്ശബ്ദരായിരിക്കുക' എന്നാണ്. എന്നാൽ, ഭരണകൂടത്തിന് വസ്തുതകളെ മറച്ചുപിടിക്കാനാവില്ലെന്നും സത്യത്തെ അടിച്ചമർത്താനാവില്ലെന്നും മുഹമ്മദ് സുബൈർ പറയുന്നു. സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തിയ മുഹമ്മമദ് സുബൈർ മാധ്യമം വാർഷികപ്പതിപ്പിനോട് സംസാരിക്കുന്നു: തന്റെ ജീവിതത്തിന്റെ ഗതി നിർണയിച്ച ഭാഗധേയങ്ങളെ കുറിച്ച്, ഫാക്ട് ചെക്കർ എന്ന നിലയിലെ മാധ്യമജീവിതത്തെക്കുറിച്ച്...
മാധ്യമപ്രവർത്തകനിലേക്ക് മുഹമ്മദ് സുബൈർ എത്തുന്നതിനു മുമ്പുള്ള കാലം എങ്ങനെയായിരുന്നു. കുട്ടിക്കാലം, പഠനകാലം?
ബാപ്പ മുഹമ്മദ് റഫീഖ് തമിഴ്നാട് ഹൊസൂരിനടുത്ത തളി സ്വദേശിയായ കർഷകനായിരുന്നു; ഉമ്മ ഇശ്റത്ത് ജഹാൻ ബംഗളൂരുവിലെ ആർ.ടി നഗർ സ്വദേശിയും. പ്രസവത്തിന് ഉമ്മയെ ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നതിനാൽ ഞങ്ങൾ അഞ്ചു മക്കളും പിറന്നത് ബംഗളൂരുവിലായിരുന്നു. 1982 ഡിസംബറിൽ മാർത്ത ഹോസ്പിറ്റലിലായിരുന്നു എന്റെ ജനനം. പിന്നീട് ഞങ്ങൾ തളിയിലേക്ക് പോയി. ഹൊസൂരിൽനിന്ന് 30 കിലോമീറ്റർ അകലെയായാണ് തളി. വല്യുപ്പയിൽനിന്ന് ഭാഗമായി കിട്ടിയ കുറച്ചു ഭൂമിയുണ്ടായിരുന്നു ബാപ്പക്ക്. തക്കാളിയും മറ്റു പച്ചക്കറികളും മാങ്ങയും മറ്റു പഴവർഗങ്ങളുടെയും കൃഷിയായിരുന്നു കുടുംബവരുമാനം. പച്ചക്കറികളും പഴങ്ങളും ബംഗളൂരുവിൽ കൊണ്ടുവന്നു വിറ്റ് ബാപ്പ ഗ്രാമത്തിലേക്ക് മടങ്ങും. നഗരത്തിൽനിന്ന് തനി കർഷകഗ്രാമത്തിലേക്ക് മാറിത്താമസിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉമ്മക്കുണ്ടായിരുന്നു. തളിയിൽ നല്ല സ്കൂളുകൾ അക്കാലത്തുണ്ടായിരുന്നില്ല. ക്രിസ്ത്യൻ മിഷനറിക്കു കീഴിലെ ഹൊസൂരിലെ എസ്.ഡി.എ സ്കൂളിലായിരുന്നു എന്നെയും അനിയത്തിയെയും ചേർത്തത്. രാവിലെ ആറിന് വീട്ടിൽനിന്നിറങ്ങി ബസിൽ കയറി സ്കൂളിലേക്കു പോകണം. തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും ആറേഴു മണിയായിട്ടുണ്ടാവും. അങ്ങോട്ടുമിങ്ങോട്ടുമായി 60 കിലോമീറ്റർ യാത്ര.
ഇതോടെ, ബംഗളൂരു നഗരത്തിലേക്ക് താമസം മാറ്റാൻ ഉമ്മ ബാപ്പയെ നിർബന്ധിക്കാൻ തുടങ്ങി. ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം കിട്ടണമെന്ന് ഉമ്മ ആഗ്രഹിച്ചു. എന്നാൽ, തളിയിലെ കൃഷിയുപേക്ഷിച്ച് ബംഗളൂരുവിൽ ചെന്നാൽ മറ്റൊരു ജീവിതമാർഗം കണ്ടെത്തുന്നത് പ്രയാസകരമാണെന്ന നിലപാടായിരുന്നു ബാപ്പയുടേത്. എന്നാൽ, കുട്ടികളുടെ വിദ്യാഭ്യാസം തീരുന്നതുവരെയെങ്കിലും ബംഗളൂരുവിൽ താമസിക്കണമെന്ന് ഉമ്മ അഭ്യർഥിച്ചു. ബാപ്പയെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ അവസാനം ഉമ്മ വിജയിച്ചു. ഉമ്മ ഞങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾക്കതീതമാണ്. അന്ന് കഠിനമായ ആ തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം മറ്റൊന്നായി മാറുമായിരുന്നു. ഞങ്ങൾ മക്കൾ അഞ്ചുപേരിൽ മൂന്നു പേർ എൻജിനീയർമാരും രണ്ടു പേർ ഡോക്ടർമാരുമാണ്. അൽഹംദുലില്ലാഹ് ! (ദൈവത്തിന് സ്തുതി) എല്ലാവരും സംതൃപ്ത ജീവിതം നയിക്കുന്നു.
സുബൈറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ
ഉമ്മ നിങ്ങൾക്കായി കഷ്ടപ്പെട്ടെങ്കിലും താങ്കൾ പഠിപ്പിൽ ഇത്തിരി ഉഴപ്പായിരുന്നെന്നാണ് അറിഞ്ഞത്. അങ്ങനെയായിരുന്നോ?
ഇത്തിരിയല്ല; നല്ലോണം ഉഴപ്പായിരുന്നു. തളിയിലെ കൃഷിഭൂമി കുറച്ചു വിറ്റ് ഞങ്ങൾ ബംഗളൂരുവിൽ മുനിറെഡ്ഡി പാളയയിൽ വാടക വീട്ടിലേക്കാണ് മാറിയത്. ഹൊസൂരിലെ ഞങ്ങളുടെ സ്കൂൾ മാനേജ്മെന്റിന്റെ കീഴിലെ ബെൻസൻ ടൗൺ കോൾസ്പാർക്കിലെ സ്കൂളിലായിരുന്നു അഡ്മിഷൻ കിട്ടിയത്. ഞങ്ങളുടെ അവസ്ഥയറിഞ്ഞ് അവർ സൗജന്യമായാണ് സ്കൂളിൽ ചേർത്തത്. ആറാം ക്ലാസ് മുതൽ പത്തുവരെ ഇവിടെയായിരുന്നു. തമിഴ് മാതൃഭാഷയായിരുന്ന എനിക്ക് കന്നട ബുദ്ധിമുട്ടായതിനാൽ സ്റ്റേറ്റ് സിലബസ് ഒഴിവാക്കി ഐ.സി.എസ്.ഇ സിലബസിലാണ് ചേർന്നത്. മൂത്തകുട്ടിയായിരുന്നെങ്കിലും വീട്ടിലെ സാഹചര്യം ഗൗരവമായി മനസ്സിലാക്കിയിരുന്നില്ല. കളിപ്രായമായിരുന്നു. ക്രിക്കറ്റായിരുന്നു പ്രധാനം. കളിക്കാൻ ആരും എത്തിയില്ലെങ്കിൽ കൂട്ടുകാരെ വീട്ടിൽപോയി വിളിച്ചുകൊണ്ടുവന്ന് ടീം സെറ്റാക്കി കളിക്കും. ഒരു ലോക്കൽ ക്യാപ്റ്റന്റെ റോൾ.
ആറാം ക്ലാസിൽ ഞാൻ തോറ്റപ്പോൾ പിന്നീട് ഞാനും അനിയത്തിയും ഒരേ ക്ലാസിലായി. എന്റെ അത്യാവശ്യം വികൃതികളൊക്കെ അവൾ കണ്ടെത്തി വീട്ടിലറിയിച്ചുകൊണ്ടിരുന്നു. പത്താംക്ലാസിൽ ഒന്നും രണ്ടും ടേം പരീക്ഷ കഴിഞ്ഞപ്പോൾ ആറോ ഏഴോ വിഷയത്തിൽ ഞാൻ തോറ്റു. മലയാളിയായ സുജ ടീച്ചറായിരുന്നു അന്ന് ക്ലാസ് ടീച്ചർ. ഇങ്ങനെ പോയാൽ നീ ജയിക്കാൻ പോവുന്നില്ലെന്ന് എഴുതിവെച്ചോളാൻ ടീച്ചർ ശാസിച്ചു. സ്കൂളിലെ 100 ശതമാനം നഷ്ടപ്പെടുത്താൻ പോകുന്ന ഒരുവനായി എന്നെ മറ്റുള്ളവരും കണ്ടു. വീട്ടിൽ കാര്യമായ ചർച്ചയുണ്ടായി. ബാപ്പ എന്നെ വിളിച്ചിരുത്തി വഴക്കുപറഞ്ഞു. മൂത്തമകനായ എന്നിലാണ് കുടുംബത്തിന്റെ ആകെ പ്രതീക്ഷയെന്ന് പറഞ്ഞു. അതെന്റെ മനസ്സിൽതട്ടി. പഠിക്കണമെന്ന ഉൾവിളിയുണ്ടായത് അപ്പോഴാണ്. ട്യൂഷന് പോവാൻ തുടങ്ങി. എട്ടും ഒമ്പതും മണിക്കൂർ ഞാൻ പഠിക്കാൻ തുടങ്ങി. ഫൈനൽ പരീക്ഷയിൽ 56 ശതമാനം മാർക്കാണ് ഞാൻ നേടിയത്. കണക്കിൽ എനിക്ക് 72 മാർക്കായിരുന്നു. എന്റെ സ്കൂൾ ജീവിതത്തിൽ അതുവരെ ഞാൻ 72 എന്നൊരു മാർക്ക് കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെക്കാളേറെ വീട്ടുകാർക്കായിരുന്നു സന്തോഷം. അടുത്ത ദിവസം ഞാൻ സ്കൂളിൽപോയി സുജ ടീച്ചറെ കണ്ടു. ടീച്ചറുടെ കണ്ണുനിറഞ്ഞു. നിന്നെ അന്ന് ശാസിച്ചില്ലായിരുന്നെങ്കിൽ പഠനം നീ ഗൗരവമായി കാണില്ലായിരുന്നെന്നും നിന്നെ ഞാൻ ഓർക്കുമെന്നും ടീച്ചർ വാത്സല്യത്തോടെ പറഞ്ഞു.
ലാൽബാഗിലെ അൽഅമീൻ കോളജിൽ പ്രീയൂനിവേഴ്സിറ്റി പഠനത്തിനുശേഷം 2001 ൽ എം.എസ്. രാമയ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലികമ്യൂണിക്കേഷന് ചേർന്നു. 2005ൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി ഉന്നതപഠനം വേണമെന്നുണ്ടായിരുന്നു. എന്നാൽ, വീട്ടിലെ സാഹചര്യം അനുകൂലമായിരുന്നില്ല. തളിയിലെ ഭൂമി ഏറക്കുറെ വിറ്റുതീർന്നിരുന്നു. സഹോദരങ്ങളുടെ വിദ്യാഭ്യാസ ചെലവ്, വീട്ടുവാടക തുടങ്ങി ബാപ്പക്ക് ചെലവേറെയായിരുന്നു. മൂത്ത സഹോദരനെന്ന നിലക്ക് എനിക്കും സമ്മർദമുണ്ടായിരുന്നു. പഠനം കഴിഞ്ഞ് രണ്ടര വർഷത്തോളം എയർടെലിലും പിന്നീട് 2007 മുതൽ ചെന്നൈയിൽ എച്ച്.സി.എൽ കമ്പനിക്കു കീഴിൽ സിസ്കോ കമ്പനിക്കുവേണ്ടി ഒരു വർഷക്കാലവും ജോലി ചെയ്തു. 2008ലാണ് ബംഗളൂരുവിൽ നോകിയ കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായി കയറുന്നത്. ഈ പ്രഫഷൻ വിടുന്നതുവരെ 10 വർഷക്കാലം ഇതേ കമ്പനിയിലായിരുന്നു.
സോഫ്റ്റ്വെയർ എൻജിനീയർ എന്ന നിലയിൽ ആഗോള കമ്പനിയിൽ നല്ലൊരു ജോലി, മികച്ച ശമ്പളം... ഒരു ശരാശരി മധ്യവർഗകുടുംബത്തിലെ അംഗം എന്ന നിലയിൽ സംതൃപ്തമായ ജീവിതസാഹചര്യമായിരുന്നു താങ്കളുടേത്. പിന്നീട് എങ്ങനെയാണ് താങ്കൾ ആക്ടിവിസത്തിലേക്കു വരുന്നത്?
തുടക്കത്തിലൊന്നും ഞാൻ രാഷ്ട്രീയത്തിൽ തൽപരനായിരുന്നില്ല. ക്രിക്കറ്റ് എനിക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് സൂചിപ്പിച്ചല്ലോ. ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില ഫേസ്ബുക്ക് പേജുകൾ ഞാൻ ഫോളോ ചെയ്തിരുന്നു. 2011 കാലത്തായിരുന്നു അത്. മത്സരങ്ങൾ വിശകലനം ചെയ്യലും ചർച്ചയുമൊക്കെയായിരുന്നു അതിൽ പ്രധാനം. അന്നൊന്നും എന്റെ മണ്ഡലത്തിലെ എം.എൽ.എ ആരാണെന്നോ കർണാടകയിലെ മുഖ്യമന്ത്രി ആരാണെന്നോ അറിയാൻപോലുമുള്ള രാഷ്ട്രീയ പൊതുവിജ്ഞാനം എനിക്കുണ്ടായിരുന്നില്ല. പിന്നീട് ആ ഫേസ്ബുക്ക് പേജുകളിൽ കറന്റ് അഫയേഴ്സ് വന്നുതുടങ്ങി. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിൽ നടക്കുന്ന ആന്റി കറപ്ഷൻ മൂവ്മെന്റിനെക്കുറിച്ചും മറ്റുമൊക്കെ ചർച്ചയായി. രാജ്യത്ത് കൂടുതൽ ചെറുപ്പക്കാർ അഴിമതിയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ചർച്ചചെയ്യുകയും തെരുവിലിറങ്ങുകയും ചെയ്ത കാലമായിരുന്നു അത്. ഞാനും രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പതിവായി ചർച്ചയിൽ പങ്കാളിയായി. ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ അംഗങ്ങളുമായെല്ലാം അതുവരെ നല്ല സൗഹൃദത്തിലായിരുന്നു.
എന്നാൽ, അണ്ണാ സമരത്തിനും കേന്ദ്രത്തിലെ ഭരണമാറ്റത്തിനും ശേഷം ഈ പേജുകളുടെ ഉള്ളടക്കത്തിലും കാഴ്ചപ്പാടുകളിലും കാര്യമായ മാറ്റം ഞാൻ ശ്രദ്ധിച്ചു. 2014നുമുമ്പ് എന്തിനാണോ യു.പി.എ സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നത് അക്കാര്യങ്ങളിൽ എൻ.ഡി.എ സർക്കാറിനെ അന്ധമായി അവർ പിന്തുണക്കുന്നത് കണ്ടു. പതിയപ്പതിയെ മുസ്ലിം വിരുദ്ധതയും വിദ്വേഷവും ഈ പേജുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുസ്ലിംകൾക്കെതിരെ മാത്രമല്ല, പട്ടികജാതി-പട്ടികവർഗക്കാർക്കും ക്രിസ്ത്യൻ സമുദായത്തിനുമെതിരെയും അവർ ചർച്ചചെയ്തിരുന്നു. അപ്പോഴാണ് ഈ ഫേസ്ബുക്ക് പേജുകൾക്കു പിന്നിലുണ്ടായിരുന്നവർ മുഴുവൻ മോദിഭക്തരായിരുന്നുവെന്ന് ഞാൻ തിരിച്ചറിയുന്നത്. വളരെ ആസൂത്രിതമായ നീക്കമായിരുന്നു അത്. തങ്ങളുടെ അജണ്ട എന്താണ് എന്ന് 2014 വരെ അവർ വെളിപ്പെടുത്തിയതേയില്ല. നോൺ പൊളിറ്റിക്കലായ സംഭവങ്ങളിൽ തുടങ്ങി സാമൂഹിക പ്രശ്നങ്ങൾ ചർച്ചചെയ്ത് കൃത്യമായി ഒരു രാഷ്ട്രീയ വിചാരത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇതെന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അങ്ങനെയാണ് 2014 ജൂണിൽ, സമകാലിക രാഷ്ട്രീയം ചർച്ചയാവുന്ന 'സുബ്രഹ്മണ്യം സ്വാമി' എന്ന ഫേസ്ബുക്ക് പേജ് 'സു സു സ്വാമി' എന്ന അക്കൗണ്ടിൽ ഞാൻ തുടങ്ങുന്നത്.
ആ ഫേസ്ബുക്ക് പേജ് വൻ ഹിറ്റായിരുന്നെങ്കിലും ചിലർക്കതൊട്ടും ദഹിച്ചിരുന്നില്ല. പേജിന്റെ പേരുതന്നെ മാറ്റേണ്ടിവന്നു അല്ലേ?
അതെ. ബി.ജെ.പി നേതാവായ സുബ്രഹ്മണ്യൻ സ്വാമിയുടെ പേരിനോട് സാമ്യമുണ്ടായിരുന്നു ആ സറ്റയർ പേജിന്. സുബ്രഹ്മണ്യൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം. സുബ്രഹ്മണ്യം എന്നാണ് ഞാനിട്ട പേര്. അങ്ങനെ പേരിടാൻ കാരണവുമുണ്ട്. ന്യുൂനപക്ഷത്തിനും മുസ്ലിംകൾക്കുമെതിരെ അദ്ദേഹം അന്ന് പോസ്റ്റുകൾ ഇടുമായിരുന്നു. ലോകത്ത് നടക്കുന്ന എന്തിനെയും ഹിന്ദുയിസവുമായി (പ്രത്യേകിച്ചും ബ്രാഹ്മണിസവുമായി) കണക്ട് ചെയ്യുന്ന പോസ്റ്റുകളും അദ്ദേഹം പതിവായി ഇടുമായിരുന്നു. ഉദാഹരണത്തിന്, റോമിലെ വത്തിക്കാൻ സിറ്റി യഥാർഥത്തിൽ വത്തിക്കാൻ ക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് അതിലേക്ക് കണക്ട് ചെയ്യുന്ന കുറെ വാദങ്ങൾ ഉന്നയിച്ചുള്ള പോസ്റ്റും മുസ്ലിംകളുടെ പുണ്യകേന്ദ്രമായ മക്കയിലെ കഅ്ബ എങ്ങനെ ഹിന്ദുയിസവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകൾ. ഞാൻ 'സുബ്രഹ്മണ്യം സ്വാമി' എന്ന പേജ് ആരംഭിച്ചപ്പോൾ പലർക്കും സുബ്രഹ്മണ്യൻ സ്വാമിയുടെ ഔദ്യോഗിക പേജും ഞാൻ ചെയ്തിരുന്ന സറ്റയർ പേജും തമ്മിൽ മാറിപ്പോയിരുന്നു. ഉള്ളടക്കം ഏറക്കുറെ സമാനമായിരുന്നു എന്നതിനാലായിരുന്നു അത്. അദ്ദേഹം അബദ്ധങ്ങൾ എങ്ങനെയാണോ ഗൗരവമായി പറഞ്ഞിരുന്നത് അതിന് സമാനമായ കാര്യം അതേ പദാവലികൾ ഉപയോഗിച്ച് തമാശരൂപത്തിൽ പറയുകയാണ് ഞാൻ ചെയ്തിരുന്നത്. ഉദാഹരണത്തിന്, മൈക്കൽ ജാക്സൺ തമിഴ്നാട് ചെന്നൈ സ്വദേശിയാണെന്നും അദ്ദേഹത്തിന്റെ പിതാവ് മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി യു.എസിലെത്തി ഹിന്ദുമതത്തിൽനിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്തുകയായിരുന്നെന്നും അദ്ദേഹം തമിഴ്നാട്ടിലെ മികച്ച ഗായകനായിരുന്നെന്നും യു.എസിലെത്തി പിന്നീട് പോപ്പിലേക്ക് മാറുകയായിരുന്നെന്നുമുള്ള മട്ടിലൊരു പോസ്റ്റ് ഇട്ടിരുന്നു. ഡാവിഞ്ചിയുടെ പ്രശസ്തമായ മൊണാലിസ ചിത്രത്തെക്കുറിച്ചും രസകരമായ പോസ്റ്റ് ഇട്ടിരുന്നു. മൊണാലിസ തമിഴ്നാട്ടുകാരിയാണെന്നും അവരുടെ പേര് മോന അലീഷ എന്നാണെന്നുമൊക്കെയായിരുന്നു അത്. ഇത്തരം സറ്റയർ പോസ്റ്റുകൾ ആളുകൾ ഇഷ്ടപ്പെടാൻ തുടങ്ങി. അടുത്തിടെ എനിക്കെതിരായ കേസുമായി ബന്ധപ്പെട്ട് ഹാഥറസിൽ ചോദ്യംചെയ്യവെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ (പേര് വെളിപ്പെടുത്തുന്നില്ല) എന്നോട് പറഞ്ഞത്, ഞാൻ സു സു സ്വാമിയുടെ വലിയ ആരാധകനായിരുന്നു എന്നാണ്. നിർഭാഗ്യവശാൽ നിങ്ങളെ ചോദ്യംചെയ്യൽ എന്റെ ജോലിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മൈക്കൽ ജാക്സൺ പോസ്റ്റ് വന്ന 'സുബ്രഹ്മണ്യം സ്വാമി' പേജിന്റെ സ്ക്രീൻഷോട്ട് ട്വീറ്റ് ചെയ്ത് സുബ്രഹ്മണ്യൻ സ്വാമി, ഇത് തന്റെ പേജല്ലെന്നും ഫേസ്ബുക്ക് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഫേസ്ബുക്കിനെതിരെ കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തി. രണ്ടു മൂന്നു ദിവസത്തിനകം ഫേസ്ബുക്ക് നടപടി സ്വീകരിച്ചു. പക്ഷേ, അബദ്ധത്തിൽ ഡിലീറ്റ് ചെയ്തത് സുബ്രഹ്മണ്യൻ സ്വാമിയുടെ ഔദ്യോഗിക പേജായിരുന്നു. ഇത് അന്ന് മാധ്യമങ്ങളിലൊക്കെ വാർത്തയായി. രണ്ടു പേജും ഒരുപോലെയായിരുന്നതിനാൽ കൂടുതൽ വിദ്വേഷവും മറ്റും അദ്ദേഹത്തിന്റെ പേജിന്റെ ഉള്ളടക്കത്തിൽ കണ്ടതിനാൽ ആളുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാകും അവർ ആ പേജ് റീമൂവ് ചെയ്തതെന്നാണ് എനിക്കു തോന്നുന്നത്. 2014 ഡിസംബറിലായിരുന്നു അത്.
ആ സമയത്ത് എനിക്കൽപം പേടിയുണ്ടായിരുന്നു. അദ്ദേഹം ഹൈപ്രൊഫൈലുള്ള നേതാവാണ്. ഞാനാണെങ്കിലോ അധികമാരുമായും നേരിട്ട് ബന്ധമില്ലാതെ ജോലിയും ജോലിക്കിടയിലെ ഇത്തരം പ്രവർത്തനങ്ങളുമായി കഴിയുകയായിരുന്നു. സു സു സ്വാമി എന്ന പേര് അറിയപ്പെട്ടിരുന്നു എന്നല്ലാതെ ഈ പേജ് ഞാനാണ് കൈകാര്യം ചെയ്യുന്നതെന്ന് ആർക്കുമറിയില്ലായിരുന്നു. 2018ൽ മാത്രമാണ് സു സു സ്വാമിയുടെ യഥാർഥ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത്. സുബ്രഹ്മണ്യൻ സ്വാമിയുടെ പേജ് റിമൂവ് ചെയ്യപ്പെട്ട സംഭവത്തിന് രണ്ടു ദിവസം കഴിഞ്ഞ് ഫേസ്ബുക്ക് അധികൃതർ എന്നെ ബന്ധപ്പെട്ടു. പോളിസി പ്രകാരം, പാരഡി പേജുകൾ അനുവദിക്കാറില്ലെന്നും നിങ്ങൾ അതേ പേരാണ് ഉപയോഗിക്കുന്നതെന്നും 'അൺ ഒഫീഷ്യൽ' പോലെ നിങ്ങൾക്ക് മറ്റെന്തെങ്കിലും പേരിന്റെ കൂടെ ചേർത്തുകൂടെയെന്നും അവർ ചോദിച്ചു. അങ്ങനെയാണ് 'സുബ്രഹ്മണ്യം സ്വാമി' പേജ് 'അൺ ഒഫീഷ്യൽ: സുബ്രഹ്മണ്യം സ്വാമി' എന്ന പേജായി മാറുന്നത്.
'അൺ ഒഫീഷ്യലാ'യുള്ള ആ തുടക്കമാണോ മാധ്യമപ്രവർത്തനത്തിലേക്കെത്തിച്ചത്?
അങ്ങനെ പറയാം. പേരുമാറ്റത്തിനുശേഷം എനിക്ക് ഫോളോവേഴ്സ് കൂടി. 2016 ആയപ്പോഴേക്കും നാലഞ്ചു ലക്ഷം പേർ ആ പേജിനെ പിന്തുടർന്നിരുന്നു. അന്ന് രാഷ്ട്രീയ ഉള്ളടക്കമുള്ള പേജുകൾക്ക് അത്രയും പിന്തുണ കിട്ടുന്നത് വലിയ കാര്യമായിരുന്നു. ദേശീയതലത്തിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ഞാൻ മാത്രമായിരുന്നു അത്തരമൊരു പേജ് കൈകാര്യം ചെയ്തിരുന്നത്. കേരളത്തിൽ അന്ന് സജീവമായിരുന്ന ഐ.സി.യു ഫേസ്ബുക്ക് പേജിന്റെ അഡ്മിന്മാർ തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. മലയാളത്തിൽ ഹിറ്റായ പല പോസ്റ്റുകളും അവരുടെ സഹായത്തോടെ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി ഞാൻ നൽകിയിട്ടുണ്ട്. കുറച്ചുകൂടി ആസ്വാദ്യകരമായ തമാശയാണ് മലയാള പോസ്റ്റുകളിലുണ്ടായിരുന്നത്. അവ മൊഴിമാറ്റിയപ്പോൾ ആളുകൾ കൂടുതൽ ഇഷ്ടപ്പെട്ടു. നോകിയയിൽ ഞാൻ പ്രോജക്ട് മാനേജറായിരുന്നതിനാൽ ആ സമയങ്ങളിൽ ഇടക്കൊക്കെ വിദേശയാത്ര പോവുമായിരുന്നു. മിക്കവാറും കമ്പനി ആസ്ഥാനമായ ജപ്പാനിലേക്കായിരിക്കും. ഔദ്യോഗിക മീറ്റിങ് കഴിഞ്ഞാൽ മറ്റു സമയങ്ങളിലൊക്കെ ഞാൻ ഫ്രീയായിരുന്നതിനാൽ, ഫേസ്ബുക്കിൽ സജീവമായി.
'ആൾട്ട് ന്യൂസ്' ആരംഭിക്കുന്നതിനു മുമ്പുതന്നെ ഞാനും പ്രതീക് സിൻഹയും (ആൾട്ട് ന്യൂസ് സഹസ്ഥാപകൻ) ഫാക്ട് ചെക്കിങ് (വസ്തുത പരിശോധന) പ്രക്രിയ ആരംഭിച്ചിരുന്നു. തെറ്റായതും വിദ്വേഷപരവുമായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ അവ തിരുത്തപ്പെടണമെന്ന് ആഗ്രഹിച്ചു. എന്റെ കൈയിൽ ടെക്നോളജിയുണ്ട്. ഇതൊന്നുമില്ലാത്ത അനേകം ആളുകൾ സത്യമെന്താണെന്ന് അറിയാതെ കഴിയുകയാണ്. 2017 വരെ ഫേസ്ബുക്ക് പേജ് വഴി ഇത്തരം ഫാക്ട് ചെക്കിങ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 'ട്രൂത്ത് ഓഫ് ഗുജറാത്ത്' എന്നായിരുന്നു പ്രതീക് സിൻഹയുടെ ഫേസ്ബുക്ക് പേജ്.
2014ൽ ബി.ജെ.പി നേതാവായിരുന്ന അഖിലേഷ് മിശ്ര അഹ്മദാബാദിലെ ബി.ആർ.ടി.എസ് ബസ് പാതയുടേതെന്ന പേരിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് വികസനത്തിന്റെ മുഖം എന്ന രീതിയിലാണ് ആ ചിത്രം സമൂഹമാധ്യമങ്ങളിൽ വന്നത്. എന്നാൽ, ഈ ചിത്രം പരിശോധിക്കുമ്പോൾ ബസിലോ സമീപത്തോ ഒന്നും ഗുജറാത്തിയിൽ എഴുതിയ ഒന്നും കണ്ടെത്താനായില്ല. മാത്രവുമല്ല, ഡ്രൈവർ മറുവശത്തായിരുന്നു ഇരുന്നിരുന്നത്. അതോടെ, യഥാർഥ ചിത്രം കണ്ടെത്താനുള്ള ശ്രമമായി. ഇന്ന് ഫാക്ട് ചെക്കിങ്ങിന് കൂടുതൽ ടൂളുകളുണ്ട്. അന്നങ്ങനെയായിരുന്നില്ല. കുറച്ചു പ്രയാസമായിരുന്നു ഒറിജിനൽ ചിത്രം കണ്ടെത്തുക എന്നത്. എന്നിട്ടും ചൈനീസ് വെബ്സൈറ്റിൽ 2008ൽ പ്രസിദ്ധീകരിച്ചിരുന്ന ആ ചിത്രം തേടിപ്പിടിച്ച് ഞാൻ പുറത്തുകൊണ്ടുവന്നു. എന്റെ പോസ്റ്റ് ഷെയർ ചെയ്ത പ്രതീക് ഇതാണ് ഗുജറാത്ത് വികസനത്തിന്റെ യഥാർഥ മുഖം എന്ന് പോസ്റ്റിട്ടു. 2015ലാണ് പ്രതീകുമായി നേരിട്ട് ബന്ധപ്പെടുന്നത്. പ്രതീകിന്റെ ഒരു പോസ്റ്റ് എനിക്കൊരാൾ അയച്ചുതന്നത് ഞാൻ ഷെയർ ചെയ്തിരുന്നു. ആ പോസ്റ്റിന് ക്രെഡിറ്റ് ലൈൻ നൽകാത്തതെന്താണെന്ന് ചോദിച്ച് പ്രതീക് എന്നെ ബന്ധപ്പെട്ടു. സത്യത്തിൽ എനിക്ക് ആ പോസ്റ്റ് കിട്ടുമ്പോൾ അതിൽ ക്രെഡിറ്റ് ലൈൻ നൽകിയ ഭാഗം ഇല്ലായിരുന്നു. ഞാനത് തിരുത്തി പ്രതീകിന്റെ ക്രെഡിറ്റ് ലൈനോടെ വീണ്ടും പോസ്റ്റ് ചെയ്തു. പിന്നീട് ഞങ്ങൾ ഊഷ്മളമായൊരു ബന്ധം കാത്തുസൂക്ഷിച്ചു. പ്രോജക്ട് മാനേജ്മെന്റിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഞാൻ യാത്രചെയ്തിരുന്നു. അഹ്മദാബാദിൽ പോവുമ്പോൾ പ്രതീകിനെ കാണും.
2016ലാണ് ഗുജറാത്തിലെ 'ഉന' സംഭവം അരങ്ങേറുന്നത് (2016 ജൂലൈ 11നാണ് ഗുജറാത്തിലെ ഉനയിൽ ചത്ത പശുവിന്റെ തോലുരിച്ചെന്ന് ആരോപിച്ച് ദലിത് യുവാക്കളെ തെരുവിൽ നഗ്നരാക്കി മർദിച്ചത്. ഇതേ തുടർന്നുണ്ടായ ദലിത് പ്രക്ഷോഭം ഗുജറാത്ത് മുഴുവൻ ആളിപ്പടർന്നിരുന്നു). ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ അഹ്മദാബാദിൽനിന്ന് ഉനയിലേക്ക് നടന്ന 10 ദിവസത്തെ 'ഉന ചലോ ' പദയാത്ര അന്ന് മുഴുവനായും ഡോക്യുമെന്റ് ചെയ്തത് എന്റെയും പ്രതീകിന്റെയും എഫ്.ബി പേജുകളായിരുന്നു. ഫോട്ടോകളും ഇമേജുകളും വാർത്തകളും വിഡിയോകളും ഞങ്ങൾ നൽകി. പ്രതീക് പദയാത്രക്കകത്തുണ്ടായിരുന്നു. ഞാൻ പുറത്തും. അവിടെയെന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾ അറിയണമായിരുന്നു. പദയാത്രയുടെ ഏഴെട്ടു ദിവസം വരെ മുഖ്യധാരാ മാധ്യമങ്ങൾ അതിന് കാര്യമായ പരിഗണന നൽകിയതേയില്ല. അവസാന ദിനത്തിലാണ് മാധ്യമങ്ങൾ കൂട്ടത്തോടെ വന്നത്.
എങ്ങനെയായിരുന്നു ആൾട്ട് ന്യൂസിന്റെ തുടക്കം?
ഉത്തരം: ഉന പദയാത്രക്കുശേഷം 2016 അവസാനത്തിൽ എന്റെ ജോലിയുടെ ഭാഗമായി ഞാൻ അഹ്മദാബാദിൽ ചെന്നപ്പോൾ പ്രതീകുമായി ഗൗരവമായി ആലോചിച്ചു, എന്തുകൊണ്ട് സ്വന്തമായൊരു വെബ്സൈറ്റ് തുടങ്ങിക്കൂടാ എന്ന്. ഫേസ്ബുക്കിൽ രണ്ടുപേർക്കും നല്ല റീച്ചുണ്ട്. എനിക്ക് നാലോ അഞ്ചോ ലക്ഷം ഫോളോവേഴ്സും പ്രതീകിന് രണ്ടോ മൂന്നോ ലക്ഷം ഫോളോവേഴ്സുമാണുണ്ടായിരുന്നത്. ഞങ്ങളുടെ ചിന്തകളും ആശയങ്ങളും സമാനമാണ്. ഞങ്ങളെ പിന്തുടരുന്നവരും സമാന മനസ്കരാണ്. ഫേസ്ബുക്ക് ചെറിയൊരു കുമിളയാണ്. ഏതു നിമിഷം വേണമെങ്കിലും ആ പേജുകൾ റിമൂവ് ചെയ്യപ്പെടാം. അക്കൗണ്ട് നിർത്തലാക്കാം. ഫേസ്ബുക്കിൽ ഇല്ലാത്തവരിലേക്കും ഫേസ്ബുക്കിൽ ഫോളോ ചെയ്യാത്തവരിലേക്കും വെബ്സൈറ്റ് വഴി കടന്നുചെല്ലാനാകും എന്നുകൂടി ഞങ്ങൾ കണക്കുകൂട്ടി. വിവരങ്ങളുടെ ഡോക്യുമെന്റേഷനും വളരെ പ്രധാനമാണ്. യു.പിയിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുന്നതിന് മുന്നോടിയായി, അദ്ദേഹത്തിന്റെ 2008ലെയും 2009ലെയുമൊക്കെ മുസ്ലിംവിരുദ്ധ വിഡിയോകൾ യൂട്യൂബിൽനിന്നും മറ്റും നീക്കംചെയ്യപ്പെടുന്നുണ്ടായിരുന്നു. വെബ്സൈറ്റാകുമ്പോൾ ഇത്തരം ഡോക്യുമെന്റേഷൻ കൃത്യമായി നടക്കും. ഇതെല്ലാം ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ 'ഇ-ഒപീനിയൻസ്' എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. ഇത് അഭിപ്രായപ്രകടനങ്ങളുടെ വേദികൂടിയായിരുന്നു. എന്നാൽ, നേരത്തേ ഇടക്കിടെ ചെയ്തിരുന്ന ഫാക്ട് ചെക്കിങ്ങാണ് കൂടുതൽ നല്ലതെന്ന് ഞങ്ങൾക്കു തോന്നി. അതിനായി മുഴുവൻസമയ വേദി എന്ന നിലയിൽ 2017 ഫെബ്രുവരിൽ ഞങ്ങൾ 'ആൾട്ട് ന്യൂസ്' എന്ന് വെബ്സൈറ്റിനെ പുനർനാമകരണം ചെയ്തു.
തുടക്കത്തിൽ ഞാനും പ്രതീകും ആഴ്ചയിൽ രണ്ടും മൂന്നും ആർട്ടിക്കിളുകളാണ് നൽകിയിരുന്നത്. ഒരു ദിവസം ചുരുങ്ങിയത് ഒരു ആർട്ടിക്കിൾ എങ്കിലും നൽകണമെന്ന് ഞങ്ങൾ തീരുമാനിച്ചു. സോഫ്റ്റ്വെയർ എൻജിനീയറായ പ്രതീക് ജോലി രാജിവെച്ച് മുഴുവൻ സമയം ഇതിലേക്കിറങ്ങി. മുഴുവൻസമയ ആക്ടിവിസമാണ് തനിക്കിഷ്ടമെന്ന് പ്രതീക് പറഞ്ഞു. പ്രതീകിന്റെ മാതാപിതാക്കൾ ആക്ടിവിസ്റ്റുകളായിരുന്നതിനാൽ ആ തീരുമാനം അദ്ദേഹത്തെ സംബന്ധിച്ച് പ്രയാസകരമായിരുന്നില്ല. എന്നാൽ, എനിക്ക് രാജിവെക്കുന്നതിനു മുമ്പ് എന്റെ കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതുവരെ ഞാൻ കാത്തിരുന്നു. ഞങ്ങൾക്ക് വെബ്സൈറ്റ് കൊണ്ടുനടക്കാൻ വേറെ റിസോഴ്സ് ഒന്നുമുണ്ടായിരുന്നില്ല. ഫണ്ടിനായി പ്രതീക് പലരെയും സമീപിച്ചു. ഒന്നും നടന്നില്ല.
(മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം 1282ൽ തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.