പ്രളവും കോവിഡ് മഹാമാരിയുമുണ്ടാക്കിയ സ്തംഭനത്തിൽനിന്ന് കേരളത്തിന്റെ വിനോദസഞ്ചാര മേഖല തിരിച്ചുവരുകയാണ്. ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവുംകൊണ്ട് അനുഗൃഹീതമാണ് കേരളം. പക്ഷേ, അത്തരം ടൂറിസം സാധ്യതകളെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താന്‍ നമുക്കാകുന്നില്ല എന്ന പരിമിതി നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴും ഏതാനും പ്രധാന കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് നമ്മുടെ ടൂറിസം നിലനിൽക്കുന്നത്. മികച്ച ടൂറിസം കേന്ദ്രങ്ങള്‍പോലും ശരിയായി പരിപാലിക്കപ്പെടുന്നില്ലെന്ന പരാതികള്‍ വിനോദസഞ്ചാര മേഖലയെ നേരത്തേതന്നെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇത്തരം പരിമിതികളെ മറികടക്കുന്നവിധം നിലവിലുള്ള ടൂറിസം നയത്തില്‍ മാറ്റങ്ങൾ വരുത്താൻ കഴിയുമോ? ടൂറിസം മേഖലയിലെ സമഗ്രമായ പരിഷ്കരണമാണ് രണ്ടാം പിണറായി സർക്കാർ ലക്ഷ്യംവെക്കുന്നത്. കാരവാൻ ടൂറിസം, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്, മലബാർ ലിറ്റററി സർക്യൂട്ട്, അഗ്രി ടൂറിസം നെറ്റ് വർക്ക്, ഇൻ കാർ ഡൈനിങ് തുടങ്ങിയവ ഈ സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച നൂതന പദ്ധതികളാണ്. കേരള ടൂറിസം വികസനത്തെക്കുറിച്ചും നയത്തെ സംബന്ധിച്ചും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംസാരിക്കുന്നു.
ഓഖി, നിപ, പ്രളയം, കോവിഡ്. ടൂറിസം മേഖലയെ സംബന്ധിച്ച് പ്രതിസന്ധികൾ ഏറെയായിരുന്നു. പക്ഷേ, അത്തരം വെല്ലുവിളികളെ മറികടന്ന് സമഗ്ര ടൂറിസം വികസനത്തിനുള്ള ദേശീയ ടൂറിസം പുരസ്കാരം തുടർച്ചയായ നാലാം തവണയും നേടി കേരളം ഹാൾ ഓഫ് ഫെയിം ബഹുമതി സ്വന്തമാക്കിയിരിക്കുന്നു. വകുപ്പിന്റെ ചുമതലയേറ്റതുമുതൽ ഒരു തിരിച്ചുവരവിനായി എന്തൊക്കെ പദ്ധതികളായിരുന്നു മനസ്സിൽ?
കേരളത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കേണ്ട പുതിയ വളര്‍ച്ചാ മേഖലയായാണ് വിനോദസഞ്ചാരത്തെ സര്‍ക്കാര്‍ കാണുന്നത്. പക്ഷേ, കോവിഡിന്റെ രൂക്ഷതയിൽ ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത്. മനുഷ്യർക്ക് സഞ്ചരിക്കാൻപോലും കഴിയാത്ത അവസ്ഥ. മന്ത്രിസഭയുടെ സത്യപ്രതിജ്ഞപോലും പൊതുജനത്തെ ഒഴിവാക്കിയാണ് നടത്തിയത്. സഞ്ചാരമില്ലെങ്കിൽ ടൂറിസമില്ല. പക്ഷേ ഞങ്ങൾ പതറിയില്ല, പ്രതിസന്ധിയെന്ന് നിലവിളിച്ചില്ല. പകരം കോവിഡിന്റെ രൂക്ഷത കുറയുന്ന ഘട്ടത്തിൽ ആദ്യം എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചു. ഇതിനായി പദ്ധതികൾ തയാറാക്കി. കോവിഡ് സമയത്തുതന്നെ നിരവധി കാര്യങ്ങൾ ചെയ്തു. 100 ശതമാനം ഡെസ്റ്റിനേഷൻ വാക്സിനേഷൻ നടത്തി. കേരളത്തിലാകെ ബയോബബിൾ സംവിധാനം കൊണ്ടുവന്നു. പി.ഡബ്യൂ.ഡി െറസ്റ്റ് ഹൗസുകളുടെ ബുക്കിങ് ഓൺലൈനാക്കി. അതിന്റെ ഫലമായി നാലര കോടിയുടെ വരുമാനമാണ് നാളിതുവരെ ലഭിച്ചത്. 60,000 പേർ ഈ വർഷം റെസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്തു.
കേരള ടൂറിസത്തിന്റെ അതിജീവനം സാധ്യമാക്കുന്നതിന്റെ ഭാഗമായി കാരവാന് ടൂറിസം ആരംഭിച്ചു. 30 വർഷത്തിനുശേഷം കേരളത്തിലെ ടൂറിസം മേഖലക്ക് സമ്മാനിക്കുന്ന ഉൽപന്നമാണ് കാരവാന്. മികച്ച പ്രതികരണം കാരവാന് ടൂറിസത്തിലൂടെ സാധ്യമായി. സുരക്ഷിത യാത്ര, അൺ എക്സ്പ്ലോഡഡ് ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്ര, അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കുറഞ്ഞ മൂലധനം തുടങ്ങിയവ കാരവാന് ടൂറിസത്തിന്റെ പ്രത്യേകതകളാണ്. പ്രാദേശികമായ തൊഴിൽസാധ്യതയും കാരവാന് ടൂറിസത്തിലൂടെ വളര്‍ന്നു. ഇത്തരം പദ്ധതികളിലൂടെ ആഭ്യന്തര ടൂറിസത്തിൽ സർവകാല റെക്കോഡിലേക്ക് കേരളം എത്തുകയാണ്. 2022 ജനുവരി മുതൽ ജൂൺ വരെ 88,95,593 സഞ്ചാരികളെത്തി. 2021ൽ ഈ സമയത്ത് 27,60,664 പേർ മാത്രമാണ് എത്തിയത്. ഇതൊരു കുതിച്ചുചാട്ടമാണ്. ഒരു വർഷംകൊണ്ട് സഞ്ചാരികളുടെ എണ്ണം മൂന്ന് ഇരട്ടിയായി വർധിച്ചു. 8,11,426 എത്തിയ എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ വരവിൽ ഒന്നാമത്. 6,00,933 പേർ എത്തിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. ഇടുക്കി (5,11,947), തൃശൂർ (3,58,052), വയനാട് ജില്ലകളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. അഞ്ച് ജില്ലകൾ അവയുടെ രൂപവത്കരണത്തിനുശേഷമുള്ള ഏറ്റവും വലിയ വളർച്ച നേടി. കോവിഡ് കാലത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് ആഭ്യന്തര ടൂറിസം എത്തിയിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ വരവിലും വർധനയുണ്ടായിട്ടും. എന്നാൽ പൂർവാവസ്ഥയിലെത്തിയിട്ടില്ല. വിദേശ മാർക്കറ്റിൽ പരമാവധി ഇടപെട്ട് സഞ്ചാരികളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. പുതിയ കുറച്ച് മേഖലകൾ കണ്ടെത്തി. സിനിമ ടൂറിസം, ഡെസ്റ്റിനേഷൻ വെഡിങ്, ടൂറിസം ക്ലബ്, വെൽനസ് ടൂറിസത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നു. പല സ്ഥലങ്ങളും എക്സ് പ്ലോർ ചെയ്യപ്പെടേണ്ടതായുണ്ട്. ഇതിനായി ത്രിതല പഞ്ചായത്തുകളും ടൂറിസം വകുപ്പും കൂടി സംയുക്തമായി ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി നടപ്പാക്കുകയാണ്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്.
മലബാര്‍ മേഖയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് തന്നെയല്ലേ പുതിയ കണക്കുകളും വ്യക്തമാക്കുന്നത്. മലബാറിന്റെ ടൂറിസം വികസനത്തിനായി പ്രത്യേക പാക്കേജ് കൊണ്ടുവന്ന് ഇത്തരം സാധ്യതകളെ വിപുലപ്പെടുത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ?
കേരളത്തിൽ സഞ്ചാരികളെത്തുന്നതിന്റെ കണക്കെടുത്താൽ വെറും ആറ് ശതമാനം മാത്രമാണ് മലബാറിലേക്ക് വരുന്നത്. മലബാർ മേഖലയിലെ ടൂറിസം മോശയമായതുകൊണ്ടല്ല, മറിച്ച് ആ മേഖലയിലെ ടൂറിസം അവർക്ക് പരിചയമല്ലാത്തതുകൊണ്ടാണ്. മലബാർ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ വേണ്ടവിധത്തിൽ പ്രചരിപ്പിക്കാൻ കഴിയാതെ പോയിട്ടുണ്ട്. കൂടാതെ മറ്റിടങ്ങളിൽ ഉള്ളതുപോലെയുള്ള താമസസൗകര്യങ്ങൾ അത്രകണ്ട് മലബാർ മേഖലയിൽ ഇല്ല. ഫൈവ് സ്റ്റാർ ഹോട്ടൽ, ഹോം സ്റ്റേ തുടങ്ങിയവ വർധിപ്പിക്കേണ്ടതുണ്ട്. ഈ മേഖലയിലെ ടൂറിസത്തെ നന്നായി മാർക്കറ്റ് ചെയ്യേണ്ടതുണ്ട്. അത്തരം മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായാണ് വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നത്. ഉദാഹരണത്തിന്, വയനാട് ടൂറിസത്തിന്റെ അനന്തസാധ്യത ബംഗളൂരുവിലാണ് ഞങ്ങൾ മാർക്കറ്റ് ചെയ്തത്. കാരണം, തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. ബംഗളൂരു എഫ്.എം റേഡിയോ, സിനിമ തിയറ്ററുകൾ, പത്രങ്ങൾ എന്നിവിടങ്ങളിലും പരസ്യം നൽകി. ഫലമോ, വയനാട് ജില്ല രൂപംകൊണ്ടതിനുശേഷമുള്ള സർവകാല റെക്കോഡിലേക്ക് വയനാട് ടൂറിസം മാറി. കാസർകോട് ജില്ല രൂപംകൊണ്ടതിനുശേഷം ആദ്യമായി അവിടെ സർവകാല റെക്കോഡാണ് ആഭ്യന്തര ടൂറിസത്തിലുണ്ടായിരിക്കുന്നത്. വരും വർഷങ്ങളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കാസർകോടും കോഴിക്കോടും കണ്ണൂരും വരാൻ പോകുകയാണ്. ഇതിനുപുറമെ ദേശീയപാത വികസനവും തീരദേശ ഹൈവേ, മലയോര ഹൈവേയും പൂർത്തിയാകുമ്പോൾ മലബാർ ടൂറിസം കുതിപ്പിലേക്ക് എത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
അന്താരാഷ്ട്രതലത്തില്‍ മത്സരം നേരിടുന്ന വ്യവസായം എന്ന നിലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സേവനം ലഭ്യമാക്കേണ്ടത് കേരള ടൂറിസത്തിന്റെ അനിവാര്യതയാണ്. പക്ഷേ, നിലവിലുള്ള ടൂറിസം കേന്ദ്രങ്ങൾപോലും കൃത്യമായ പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലേക്ക് പോകുന്നു. പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്താനും നിലവിലുള്ളവ പരിപാലിക്കാനും കഴിയേണ്ടതല്ലേ?
തീർച്ചയായും, ഒറ്റക്ക് നിന്നല്ല, ഒരുമിച്ച് നിന്നാൽ മാത്രമേ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയൂ. അതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുന്നത്. ആഭ്യന്തര ടൂറിസത്തിന് ഉത്തേജനം പകരാൻ ഒരു തദ്ദേശ സ്ഥാപനതലത്തിൽ ഒന്നിൽ കൂടുതൽ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിക്കായി 'ഡെസ്റ്റിനേഷൻ ചലഞ്ച്' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 50 കോടിയാണ് ടൂറിസം വകുപ്പ് ചെലവഴിക്കുക. ഒരു ഡെസ്റ്റിനേഷനിൽനിന്ന് മറ്റൊന്നിലേക്ക് സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങൾ, സാംസ്കാരിക ഇടങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമാകും. തദ്ദേശ വകുപ്പുമായി ചേർന്നാണ് പദ്ധതി തയാറാക്കുന്നത്. 60 ശതമാനം ടൂറിസം വകുപ്പും 40 ശതമാനം ത്രിതല പഞ്ചായത്തുകളും വഹിക്കണം. ഇത്തരത്തിൽ കേരളത്തിലെമ്പാടും പുതിയ ടൂറിസം കേന്ദ്രങ്ങൾ രൂപംകൊള്ളും. ഒരു പ്രദേശം ടൂറിസം കേന്ദ്രമായി വികസിച്ചാൽ അദൃശ്യമായി അതിന്റെ ഗുണം ആ പ്രദേശത്തെ ജനങ്ങൾക്ക് ലഭിക്കും. കച്ചവടം വർധിക്കും. പ്രാദേശിക ഉൽപന്നങ്ങൾ വിറ്റഴിക്കപ്പെടും. അവർതന്നെ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരാകും. അവർതന്നെ ശുചിത്വം ഉറപ്പാക്കും. ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനം ജനങ്ങളുടെതന്നെ ഉത്തരവാദിത്തമായി മാറുകയാണ്. ഇതിനായി ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണം. ഇക്കാര്യത്തിൽ തദ്ദേശവകുപ്പിന് പ്രമുഖ സ്ഥാനം വഹിക്കാനുണ്ട്. കേരളത്തിലെ കലാലയങ്ങളെ വിനോദസഞ്ചാര പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുന്ന ടൂറിസം ക്ലബുകളുടെ രൂപവത്കരണവും ഇതിനോടൊപ്പം കൂട്ടിവായിക്കണം. കലാലയങ്ങളിൽ ടൂറിസം ക്ലബ് രൂപവത്കരിക്കുകയും അവയെ ഡെസ്റ്റിനേഷനുകളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്. ടൂറിസം രംഗത്ത് പ്രഫഷനലുകളെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിന്റെ പ്രസക്തി മനസ്സിലാക്കി അത് പ്രാവര്‍ത്തികമാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഡെസ്റ്റിനേഷൻ ചലഞ്ചിലൂടെ കേരളത്തിലെ തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് ഒരു വരുമാനമാർഗം ഉണ്ടാക്കികൊടുക്കാൻ ഉത്തരവാദിത്ത ടൂറിസത്തിലൂടെ സാധിക്കുമോ?
ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്കു നന്നായി ജീവിക്കാന്‍ കഴിയുന്നതരത്തില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സഞ്ചാരികള്‍ക്ക് എത്താനും താമസിക്കാനും ആസ്വദിക്കാനും കഴിയുന്ന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഉത്തരവാദിത്ത ടൂറിസമെന്നതിന്റെ ലളിതമായ വ്യാഖ്യാനം. ടൂറിസം വരുമാനത്തിന്റെ നല്ലൊരു പങ്ക് പ്രദേശവാസികള്‍ക്കു ലഭ്യമാക്കുക, പ്രദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, പ്രാദേശിക സമൂഹത്തിന്റെ ജീവിതരീതികള്‍ക്കു മേല്‍ ആഘാതമേൽപിക്കാതെ ടൂറിസം വ്യവസായം മുന്നോട്ടുകൊണ്ടുപോകുക, പരിസ്ഥിതി ആഘാതങ്ങള്‍ പരമാവധി ലഘൂകരിക്കുക എന്നിവയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ഘടകങ്ങള്‍. ടൂറിസത്തിന്റെ ഗുണഫലം അദ്യശ്യമായാണ് ജനങ്ങളിലേക്ക് എത്തുക. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നാട്ടിൽ കുറച്ച് പൂക്കൾ വളർത്തിയാൽ അതു കാണാൻ ആളെത്തും. നല്ല ഭക്ഷണത്തെരുവുകൾ ഉണ്ടായാൽ ഉറപ്പായും കഴിക്കാനാളെത്തും. ആധുനിക വിനോദസഞ്ചാരികള്‍ പാശ്ചാത്യ സുഖഭോഗങ്ങളേക്കാള്‍ ജീവിതഗന്ധിയായ ചുറ്റുപാടുകള്‍ തേടിയാണ് കേരളത്തിലേക്ക് എത്തുന്നത്. സഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചക്കാരായി മാത്രം മാറ്റാതെ അവിടത്തെ ചുറ്റുപാടില്‍ ഭാഗഭാക്കാക്കുന്നതാണ് പുതിയകാലത്തെ ടൂറിസം പ്രവണത. അത്തരത്തില്‍ എക്സ്പീരിയെന്‍ഷ്യല്‍ ടൂറിസത്തിന് അവസരമൊരുക്കാന്‍ സംരംഭകരില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകണം. കേരളത്തിലെ ജീവിതം അനുഭവിച്ചറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കാനാകണം. കേരള ഗ്രാമങ്ങളുടെ ഉള്ളറകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനവും നൈസര്‍ഗികതയും കലയും ആചാരവും ഭക്ഷണവും എല്ലാം ടൂറിസ്റ്റുകള്‍ക്ക് താൽപര്യമുള്ളതാണെന്ന് തിരിച്ചറിയാനാവണം. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ ഉണ്ടാകും. അവ മനസ്സിലാക്കുന്നതിനാണ് കലാലയങ്ങളിൽ ടൂറിസം ക്ലബുകൾ രൂപവത്കരിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ടൂറിസമെന്നത് വിനോദമല്ല, ഉത്തരവാദിത്തമാണെന്ന ബോധ്യം യുവജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കുകയാണ് പദ്ധതികളിലൂടെ ലക്ഷ്യംവെക്കുന്നത്. ആദ്യഘട്ടമായി പ്രധാനപ്പെട്ട 25 കോളജുകള്‍ ഇതിനായി തെരഞ്ഞെടുക്കുകയാണ്. ഈ കോളജുകള്ക്കടുത്തുള്ള 25 ഡെസ്റ്റിനേഷനുകളും തെരഞ്ഞെടുത്ത് ആ ഡെസ്റ്റിനേഷനുകളുടെ ചുമതല ടൂറിസം ക്ലബുകള്‍ക്ക് നല്‍കും. ടൂറിസം വകുപ്പിന്റെ പരിപാലനത്തിന് പുറമെ ശുചിത്വമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിപാലനത്തിന്റെ ചുമതല ഈ കോളജുകളിലെ ടൂറിസം ക്ലബുകള്ക്കായിരിക്കും. നിശ്ചിത ഇടവേളകളില്‍ ഈ ഡെസ്റ്റിനേഷനുകളില്‍ ടൂറിസം ക്ലബ് അംഗങ്ങള്‍ എത്തുകയും ഇക്കാര്യങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. ഈ ഡെസ്റ്റിനേഷനുകളുടെ പ്രചാരണ ചുമതലയും ടൂറിസം ക്ലബുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയും. പഠിക്കുമ്പോള്‍തന്നെ തൊഴിലെടുക്കാന്‍ താൽപര്യമുള്ളവര്ക്ക് പാര്‍ട്ട്ടൈം ജോബായി ടൂറിസത്തെ ഉപയോഗപ്പെടുത്താൻ സാധിക്കും. ടൂറിസം വകുപ്പ് ഇതിനായി പ്രത്യേകമായ ഫണ്ട് തന്നെ വകയിരുത്തും.
നമ്മുടെ ടൂറിസം കേന്ദ്രങ്ങളിൽ നല്ലൊരു ശതമാനവും പരിസ്ഥിതിലോല പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഇത്തരം കേന്ദ്രങ്ങളുടെ വികാസവും വിനോദ സഞ്ചാരികൾക്കു വേണ്ടിയുള്ള അനുബന്ധ നിർമാണ പ്രവർത്തനങ്ങളും ഒരു വെല്ലുവിളി തന്നെയല്ലേ. അവയെ എങ്ങനെ മറികടക്കാനാകും..?
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു തരത്തിലുള്ള വികസനവും ഉണ്ടാകില്ല. കൈയേറ്റങ്ങളും അശാസ്ത്രീയമായ നിർമാണ പ്രവര്‍ത്തനങ്ങളും ടൂറിസം കേന്ദ്രങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയും ഭംഗിയും നശിപ്പിക്കും. അതോടെ, ടൂറിസ്റ്റുകള്‍ തിരിഞ്ഞുനോക്കാത്ത പ്രദേശമായി ഇത്തരം സ്ഥലങ്ങള്‍ മാറും. വന്‍കിട റിസോര്‍ട്ടുകള്‍ മാത്രമല്ല ടൂറിസം, ടൂറിസത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു. ടൂറിസം മേഖലയിലെ മുന്നേറ്റത്തിൽ കാര്യമായി ഉൾക്കൊള്ളിക്കാൻ കഴിയാതെപോയ കാർഷിക സംസ്കൃതികൂടി ഈ സർക്കാർ വിനോദസഞ്ചാര മേഖലയുടെ ഭാഗമാക്കി. കാർഷിക പ്രവർത്തനങ്ങളെ സംരക്ഷിച്ച് കൃഷിയുടെ സ്വാഭാവികതകളെ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുന്ന കാർഷിക ടൂറിസം ശൃംഖല രൂപപ്പെടുത്തിവരുന്നു. 414 യൂനിറ്റുകൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ടൂറിസത്തിന്റെ വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ പറ്റുന്ന സ്ട്രീറ്റ് പദ്ധതി നടപ്പാക്കിത്തുടങ്ങി. ആദ്യഘട്ടമായി 10 ഇടങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ; കണ്ണൂർ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവൻതുരുത്ത്, മാഞ്ചിറ, കാസർകോട് ജില്ലയിലെ വലിയപറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഓരോ പ്രദേശത്തിനും സാധ്യതക്കും അനുസരിച്ച് പരമ്പരാഗത ജീവിതരീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകുന്നതുമായ സ്ട്രീറ്റുകൾ ഉറപ്പാക്കുന്നതാണ് പദ്ധതി. ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴില് അണിനിരത്തുന്ന 'എന്‍ ഊര്' ഗോത്ര പൈതൃക ഗ്രാമം വയനാട് ജില്ലയിലെ പൂക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ നേതൃത്വത്തിലാണ് പൈതൃക ഗ്രാമം പദ്ധതി നടപ്പാക്കിയത്. രണ്ടാം ഘട്ടമായി ടൂറിസം വകുപ്പ് പദ്ധതികള്‍ നടപ്പാക്കി. ഗോത്രവിഭാഗങ്ങളുടെ സംസ്കാരവും വൈദഗ്ധ്യവും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ ഈ പദ്ധതി വഴി സാധിക്കും. ഗോത്രവിഭാഗങ്ങള്‍ക്ക് സ്ഥിരം വരുമാനകേന്ദ്രമായി പദ്ധതി മാറും.
തീരദേശ ഹൈവേയുടെ വരവോടുകൂടി തീരദേശ ടൂറിസത്തിന്റെ സാധ്യതകളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ലോകമെമ്പാടുമുള്ള ബീച്ചുകൾ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. ഇവിടങ്ങളിലെ വിശ്രമത്തിനും താമസത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങളും വാട്ടർ സ്പോർട്സ് സൗകര്യങ്ങളും പ്രധാന വിമാനത്താവളങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള യാത്രാ സൗകര്യവും നമ്മുടെ തീരദേശ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നു. ഒമ്പത് ജില്ലകളിലായാണ് കേരളത്തിന്റെ തീരപ്രദേശം വ്യാപിച്ചുകിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പുറാവിൽ തുടങ്ങി കാസർകോട് ജില്ലയിലെ കുഞ്ചത്തൂരിൽ അവസാനിക്കുന്ന കടൽത്തീരം ഉൾപ്പെടുന്ന ബീച്ച് ടൂറിസത്തെ നിർദിഷ്ട തീരപ്രദേശ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ്. ഈ പ്രദേശങ്ങളിലെ ബീച്ച് ടൂറിസത്തിന്റെ വളർച്ച കൂടിയാണ് തീരദേശ ഹൈവേ പദ്ധതി ഉറപ്പുവരുത്തുന്നത്. ബീച്ച് ടൂറിസം ഇല്ലാത്ത പ്രദേശങ്ങളിൽ അതിനുള്ള സാധ്യതകൂടി തീരദേശ ഹൈവേ മുന്നോട്ടുവെക്കുന്നു.
ഡെസ്റ്റിനേഷൻ ടൂറിസം, സൈക്കിൾ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക നിർമാണങ്ങളും തീരദേശ ഹൈവേ പദ്ധതി ഉറപ്പുവരുത്തുന്നു. റോഡുകൾക്കൊപ്പം രണ്ട് മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ സൈക്കിൾ ട്രാക്കുകളാണ് പദ്ധതിയിൽ വിഭാവനംചെയ്തിട്ടുള്ളത്. ഇതിലൂടെ പുതിയൊരു വിഭാഗം സഞ്ചാരികളെയാണ് നാം പ്രതീക്ഷിക്കുന്നത്. ഓരോ 12 കിലോമീറ്റർ ഇടവേളയിലും വൈദ്യുതി ചാർജിങ് സ്റ്റേഷനുകളോടെയാണ് ഹൈവേ ആസൂത്രണം ചെയ്തിരിക്കുന്നത്. സൈക്കിൾ ട്രാക്കും ഇ.വി ചാർജിങ് പോയന്റുകളും കുറഞ്ഞ കാർബൺ ഗതാഗതം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും ടൂറിസം മേഖലയിൽ ഒരു മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ അമിനിറ്റി സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. ഉത്തരവാദിത്ത ടൂറിസം പദ്ധതി ലക്ഷ്യമിടുന്ന തരത്തിൽ പ്രാദേശിക ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തീരദേശ ഹൈവേ വഴിയൊരുക്കും. കേരളത്തെ ആകെ ടൂറിസം ഡെസ്റ്റിനേഷനാക്കി ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. ജനങ്ങളെ യോജിപ്പിച്ച് നല്ല ടൂറിസം സംസ്കാരം വളർത്തിയെടുക്കാനാകും. നമുക്കൊരുമിച്ച് നമ്മുടെ നാടിനെക്കുറിച്ച് ലോകത്തോട് അഭിമാനത്തോടെ പറയാൻ കഴിയണം.
സമഗ്ര ടൂറിസം വികസനം: ഹാൾ ഓഫ് ഫെയിം സ്വന്തമാക്കി കേരളം
സമഗ്ര ടൂറിസം വികസനത്തിനുള്ള ദേശീയ ടൂറിസം പുരസ്കാരം തുടർച്ചയായ നാലാം തവണയും നേടി കേരളം ഹാൾ ഓഫ് ഫെയിം ബഹുമതി സ്വന്തമാക്കി.
ഒരേ വിഭാഗത്തിൽ മൂന്ന് തവണ തുടർച്ചയായി ദേശീയ ടൂറിസം പുരസ്കാരം ലഭിക്കുന്നവർക്കാണ് ഹാൾ ഓഫ് ഫെയിം ബഹുമതി നൽകുന്നത്. രാജ്യത്തിനകത്തും പുറത്തും നൂതനമായ മാർഗങ്ങൾ ഉപയോഗിച്ച് ടൂറിസത്തിന്റെ പ്രചാരണത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം ബഹുമതി. പൈതൃക സംരക്ഷണത്തോടൊപ്പം ഉത്തരവാദിത്ത ടൂറിസം വഴി തൊഴിലവസരങ്ങളും സൃഷ്ടിച്ചതിനു പുറമെ ടൂറിസം മേഖലയിലെ സുസ്ഥിര കാഴ്ചപ്പാട്, കർശനമായ ഗുണമേന്മ, പ്രകൃതിസംരക്ഷണം എന്നിവയിലൂന്നിയുള്ള ടൂറിസം വികസനം കേരളത്തെ കോവിഡാനന്തര ടൂറിസം ഭൂപടത്തിൽ ഒഴിച്ചുകൂടാനാവാത്ത െഡസ്റ്റിനേഷനായി അടയാളപ്പെടുത്തുന്നതിനു സഹായിച്ചു. 2018-19ലെ ടൂറിസം പുരസ്കാരങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച ജില്ല ടൂറിസം പ്രമോഷൻ കൗൺസിലായി കോഴിക്കോട് തിരഞ്ഞെടുക്കപ്പെട്ടു.
ബീച്ചുകൾ, ബയോ പാർക്കുകൾ, മലയോര പ്രദേശങ്ങൾ, സൂചകങ്ങൾ മെച്ചപ്പെടുത്തൽ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടൊത്ത് ശുചിത്വ പരിപാടികൾ നടപ്പാക്കൽ, പൈതൃക സംരക്ഷണം, ടൂറിസം ക്ലബുകളെ സംഘടിപ്പിക്കൽ, ടൂറിസം ബോധവത്കരണം എന്നീ മേഖലയിൽ നടത്തിയ സമഗ്ര പ്രവർത്തനങ്ങളാണ് കോഴിക്കോട് ഡി.ടി.പി.സിയെ പുരസ്കാരത്തിന് അർഹമാക്കിയത്. മികച്ച ഫോർ സ്റ്റാർ ഹോട്ടലിനുള്ള പുരസ്കാരം കുമരകത്തെ താജും ദക്ഷിണേന്ത്യയിലെ മികച്ച സൗഖ്യ ചികിത്സാകേന്ദ്രത്തിനുള്ള പുരസ്കാരം മണൽത്തീരം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററും നേടി.
മറ്റു നേട്ടങ്ങൾ
● നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക 2020-21ൽ കേരളത്തിന് ഒന്നാം സ്ഥാനം.
● ഡബ്ല്യൂ.ടി.എം ലണ്ടൻ 2021ൽ അയ്മനം മാതൃകാ ഉത്തരവാദിത്ത ഗ്രാമം ആഗോള ട്രാവൽ മാർക്കറ്റ് പുരസ്കാരം.
● ഇന്ത്യ ടുഡേ ന്യൂസ് മാഗസിൻ സംഘടിപ്പിച്ച സ്റ്റേറ്റ് സർവേ 2021ൽ കേരളം മോസ്റ്റ് ഹാപ്പി സ്റ്റേറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
● 'ബുക്കിങ് ഡോട്ട് കോം' എന്ന ഡിജിറ്റൽ ട്രാവൽ ഏജന്‍സി പ്രഖ്യാപിച്ച ട്രാവലർ റിവ്യൂ അവാർഡ്സ് 2022ൽ മോസ്റ്റ് വെൽകമിങ് റീജ്യൻ എന്ന അംഗീകാരം കേരളത്തിന് ലഭ്യമായി. പട്ടികയിൽ ഇത് നാലാം തവണയാണ് കേരളം ഒന്നാമതെത്തുന്നത്.
● കൊണ്ടെ നെസ്റ്റ് ട്രാവലർ മാഗസിൻ തിരഞ്ഞെടുത്ത ലോകത്തിലെതന്നെ കണ്ടിരിക്കേണ്ട ആദ്യ 30 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കോട്ടയത്തെ അയ്മനം ഉത്തരവാദിത്ത വിനോദസഞ്ചാര ഗ്രാമം തെരഞ്ഞെടുക്കപ്പെട്ടു.
● ട്രാവൽ ആൻഡ് ലെയ്ഷെർ വേൾഡ് വിഷൻ അവാർഡ് 2022നായി കേരള ഉത്തരവാദിത്ത ടൂറിസം മിഷനെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.