'കശ്മീർ ഫയൽസ്' സിനിമ ഹിന്ദുത്വവാദികൾ രൂപപ്പെടുത്തിയപ്പോൾ അതിൽ വിഘടനവാദികൾക്ക് ഊർജം പകരുന്ന പ്രഫ. രാധിക മേനോൻ എന്ന കഥാപാത്രത്തെ 'വില്ലത്തി' പരിവേഷത്തോടെ പ്രതിഷ്ഠിച്ചത് യാദൃച്ഛികമല്ല. ജെ.എൻ.യുവിലെ വിദ്യാർഥികളെ അറിവിന്റെ വാതായനങ്ങളിലേക്ക് നയിക്കുന്ന ഒരു അധ്യാപിക ഹിന്ദുത്വവാദികളുടെ കണ്ണിൽ കരടായി അവിടെ ഇപ്പോഴുമുള്ളതിനാലാണ്. തീരാത്ത പകപോലെ കശ്മീർ ഫയൽസ് ട്രോൾ ആർമിക്കാർ ആ അധ്യാപികയുടെ വിക്കിപീഡിയ പ്രൊഫൈലിൽ എഴുതിച്ചേർത്തു- 'ഇവൾ ജിഹാദി'.
ആ അധ്യാപിക, പ്രഫ. നിവേദിത മേനോൻ, സാമൂഹിക രംഗത്ത് ആക്ടിവിസ്റ്റായും ചിന്തകയായും നിറഞ്ഞുതന്നെ നിൽക്കുന്നു. ജവഹര്ലാല് നെഹ്റു യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കല് സയന്സ് വിഭാഗം പ്രഫസറായ നിവേദിത മേനോൻ മനുഷ്യാവകാശ പ്രവർത്തക, എഴുത്തുകാരി, വിവർത്തക, ഫെമിനിസ്റ്റ് എന്നീ നിലകളിലും പ്രശസ്തയാണ്. പൗരത്വ പ്രക്ഷോഭം, കർഷക സമരം, ആണവായുധ പ്രതിരോധം അഫ്സ്പ (ആംഡ് ഫോഴ്സ് സ്പെഷൽ പവേഴ്സ് ആക്ട്) പിൻവലിക്കാനുള്ള പോരാട്ടം, കശ്മീരിലെ മനുഷ്യാവകാശ വിഷയങ്ങൾ എന്നിവയിൽ നിലപാടുകൾ ഉറക്കെ പറഞ്ഞ് ജനമുന്നേറ്റങ്ങളോട് ഐക്യദാർഢ്യം തീർക്കുന്നു.
രാധിക മേനോനായി പല്ലവി ജോഷി (കശ്മീർ ഫയൽസ്)
മലയാളികളായ ബി. മാധവ മേനോന്റെയും േദവകി മേനോന്റെയും മകളാണ്. പുണെ, കൊൽക്കത്ത, മുംബൈ, അലഹബാദ് എന്നിങ്ങനെ പലയിടത്തായായിരുന്നു വളർന്നത്. ബഷീറിന്റെ 'മതിലുകൾ' ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ട് (പ്രസാധകർ -കഥ). സണ്ണി കപിക്കാടിന്റെ 'കേരള മോഡൽ: ഒരു ദലിത് വിമർശനം' എന്ന രചന 'കേരള മോഡൽ: എ ദലിത് ക്രിട്ടിക്' എന്ന പേരിൽ മൊഴിമാറ്റം ചെയ്തു. ടി. സത്യനാരായണയും സൂസി താരുവും ചേർന്ന് എഡിറ്റ് ചെയ്ത 'ന്യൂ ദലിത് റൈറ്റിങ് ഫ്രം സൗത് ഇന്ത്യ' എന്ന ഗ്രന്ഥത്തിലായിരുന്നു അത് പ്രസിദ്ധീകരിച്ചത്. ശ്രീബാല കെ. മേനോന്റെ 'പുട്ടും കടലയും' എന്ന ചെറുകഥ 'സുബഹ് ക നഷ്ട' എന്ന പേരിൽ ഹാൻസ് എന്ന ഹിന്ദി മാഗസിനിലേക്ക് തർജമ ചെയ്തു. എൻ. ഹരീഷിന്റെ 'മീശ' എന്ന നോവൽ ഹിന്ദിയിലേക്ക് തർജമ ചെയ്യാൻ ശ്രമിക്കുന്നു.
അടുത്തിടെ തൃശൂരിൽ പ്രഫ. വി. അരവിന്ദാക്ഷൻ സ്മാരക പുരസ്കാര ചടങ്ങിലെത്തിയ പ്രഫ. നിവേദിത മേനോൻ സംസാരിക്കുന്നു.
കേരളത്തിന് പുറത്തായിരുന്നു ജീവിതം. എത്തരത്തിലായിരുന്നു പഠനം, ഉപരിപഠനം, ജോലി എന്നിവ?
ഞാൻ പഠിച്ചത് ബി.എക്ക് ലേഡി ശ്രീറാം കോളജിലായിരുന്നു. എം.എ, എം.ഫിൽ എന്നിവ ജെ.എൻ.യുവിൽ. പിഎച്ച്.ഡി ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്നെടുത്തു. ഇവിടെയൊക്കെ അധ്യാപികയാകാനും സാധിച്ചിട്ടുണ്ട്. ഡൽഹി യൂനിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിൽ പഠിപ്പിച്ചു. അതിനുമുമ്പേ ലേഡീ ശ്രീറാം കോളജിൽ കുറച്ചുകാലം. 2008 മുതൽ ജെ.എൻ.യുവിൽ പഠിപ്പിച്ചുതുടങ്ങി. അച്ഛൻ ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവിസിലായിരുന്നതിനാൽ പുണെ, കൊൽക്കത്ത, മുംബൈ, അലഹബാദ് എന്നിങ്ങനെ പലയിടത്തായായിരുന്നു വളർന്നത്. മലയാളം വീട്ടിൽ സംസാരിക്കുമായിരുന്നു. പിന്നെ സ്വന്തമായി വായിക്കാൻ പഠിച്ചു. ഒടുവിൽ തർജമയും മലയാളത്തിൽ ചെയ്തു.
സംഘ്പരിവാറിന്റെ 'ദേശവിരുദ്ധ'പ്പട്ടം ചാർത്തിക്കിട്ടിയത് എന്നു മുതലാണ്?
2016ൽ ജെ.എൻ.യുവിൽ കശ്മീർ ചരിത്രം സംബന്ധിച്ച് നടന്ന സംഭാഷണമായിരുന്നു തുടക്കം. കശ്മീരിനെ ഇന്ത്യ നിയമവിരുദ്ധമായി കൈയടക്കി വെച്ചിരിക്കുകയാണെന്ന് ലോകം ചിന്തിക്കുന്നുണ്ട് എന്ന പരാമർശമാണ് ഒരു വിഭാഗം വിവാദമാക്കിയത്. ദേശവിരുദ്ധ എന്ന് ആക്ഷേപം കേട്ടു. എ.ബി.വി.പി ആ പരാമർശത്തിൽ പൊലീസിൽ പരാതി നൽകി. കേസായി. എഫ്.ഐ.ആർ ഇട്ടു. പക്ഷേ, അവയൊന്നും കോടതിയിൽ എത്തിയില്ല. കോടതിയിൽ ആ വാദം നിലനിൽക്കില്ലെന്നും നിയമസാധുത ഉണ്ടാവില്ലെന്നും അവർക്ക് മനസ്സിലായി. എന്ത് അടിസ്ഥാനത്തിൽ കേസ് നടത്തും എന്ന് ചിന്തിച്ചിരിക്കാം. നിങ്ങൾ ഇന്റർനെറ്റിൽ പരതി ഇന്ത്യയുടെ മാപ്പ് എടുത്താൽ തെറ്റാൻ സാധ്യത ഏറെയാണ്. കശ്മീരിന്റെ ഭാഗം പാക് അതിർത്തിയിൽ ഉൾപ്പെടുത്തിയ ഒട്ടേറെ മാപുകൾ ഓൺലൈനിൽ ലഭിക്കും. നമ്മൾ അത് അറിയാതെയാണെങ്കിലും ഉപയോഗിച്ചാൽ നാം ആ മാപ് അംഗീകരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുക. ലോകത്തെ ഭൂരിഭാഗം പേരുടെയും വിലയിരുത്തലുകൾക്കനുസരിച്ചുള്ള മാപുകളാണ് ഇന്റർനെറ്റിൽ ലഭ്യമാകുന്നത്. അത്തരം മാപുകൾ നമുക്ക് ലഭ്യമാണ് എന്നതിനർഥം ഇന്ത്യ ആ പ്രദേശം അനധികൃതമായി കൈയടക്കിവെക്കുകയാണ് എന്ന് ലോകത്തെ പലരും ചിന്തിക്കുന്നുണ്ട് എന്നല്ലേ. ഒരിക്കൽ ആർ.എസ്.എസിന്റെ ജിഹ്വയായ 'ഓർഗനൈസറി'നുപോലും തെറ്റ് പറ്റിയിട്ടുണ്ട്. അവർ അതിൽ മാപ്പ് പറഞ്ഞിട്ടുമുണ്ട്. ആ സമയം ഒരു വ്യക്തി ഗുജറാത്തിൽ കേസ് കൊടുത്തു. എനിക്ക് പോവേണ്ടി വന്നില്ലെങ്കിലും എനിക്ക് അഭിഭാഷകനെ വെച്ച് വാദിക്കേണ്ടിവന്നു. അത്തരത്തിൽ ഒട്ടേറെ മാനസിക പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
നിവേദിത മേനോൻ കശ്മീർ ഐക്യദാർഢ്യവുമായി സംസാരിക്കുന്നു
'ദേശദ്രോഹി'യായി ചിത്രീകരിക്കപ്പെട്ടതിൽ വിഷമം, ദേഷ്യം തോന്നിയില്ലേ..?
വിഷമം അല്ല, ഒരുതരം വെല്ലുവിളിപോലെയാണ് തോന്നിയത്. അതിന് കാരണമുണ്ട്. അത് ഒരു 'മൂവ്മെന്റിന്റെ' സമയമായിരുന്നു. വിദ്യാർഥികളായ കനയ്യയും ഉമർ ഖാലിദും അനിർബർ ഭട്ടാചാര്യയുമൊക്കെ ജയിലിലായ സമയം. യുദ്ധദിനങ്ങൾ എന്ന് വിശേഷിപ്പിക്കാം. ദേശവിരുദ്ധ എന്ന ആരോപണങ്ങൾ പിന്നീടും ഏറെ കേട്ടു. പക്ഷേ, ഞാൻ ഒറ്റക്കല്ല എന്ന തോന്നലുണ്ടായിരുന്നു. കുറെയധികം ജേണലിസ്റ്റുകൾക്കും ഇന്റലക്ച്വലുകൾക്കും എന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നിരുന്നല്ലോ. ആനന്ദ് തെൽതുംബ്ഡെ, ഗൗതം നവ്ലഖ, അതുപോലെ ഒട്ടേറെ പേർ... അവർ അനുഭവിച്ചതുമായി തുലനപ്പെടുത്തുമ്പോൾ ഞാൻ അനുഭവിച്ചത് വളരെ ചെറുതാണ്.
വർഷങ്ങൾക്കുശേഷം 2022ൽ പ്രഫ. നിവേദിത മേനോൻ വീണ്ടും ചർച്ചയാകുന്നത് 'കശ്മീർ ഫയൽസ്' എന്ന സിനിമയിലെ പ്രഫ. രാധിക മേനോനിലൂടെയായിരുന്നു. 'കശ്മീർ ഫയൽസ്' ബുദ്ധിമുട്ട് ഉണ്ടാക്കിയോ?
'കശ്മീർ ഫയൽസ്' സിനിമയുടെ സംവിധായകനോ അണിയറക്കാരോ ഇത് യഥാർഥ സംഭവമാണെന്നോ ആ സിനിമയിലെ രാധിക മേനോൻ ഞാനാണെന്നോ പറഞ്ഞിട്ടില്ല. പക്ഷേ, അവർ പറഞ്ഞില്ലെങ്കിലും പണം പറ്റുന്ന ട്രോൾ ആർമിക്കാർ അത് ആഘോഷിച്ചു. സിനിമ റിലീസ് ചെയ്യും മുമ്പേ അവർ പണി തുടങ്ങിയിരുന്നു. 'കശ്മീർ ഫയൽസ്' വിക്കിപീഡിയ പേജിൽ അവർ സിനിമയിലെ കഥാപാത്രങ്ങളും അഭിനയിച്ചവരും യഥാർഥ വ്യക്തികൾ ഇവരാണെന്ന് പറഞ്ഞ് ഞാനുൾപ്പെടെ ഉള്ളവരുടെ പേര് എഴുതിച്ചേർത്തു. പല്ലവി ജോഷി അവതരിപ്പിക്കുന്നത് നിവേദിത മേനോനെയാണ് എന്ന് എഴുതിച്ചേർത്ത് എന്റെ വിക്കിപീഡിയ പേജിലേക്ക് ലിങ്ക് നൽകുകയും ചെയ്തു. എനിക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല. പക്ഷേ, വിക്കിപീഡിയ എഡിറ്റേഴ്സ് ഇക്കാര്യം തിരിച്ചറിഞ്ഞ് എന്റെ പേര് ഒഴിവാക്കി തിരുത്തി. എന്റെ വിക്കിപീഡിയ പേജ് ഹാക്ക് ചെയ്ത് അവർ മറ്റൊരു പണി ചെയ്തു. നിവേദിത മേനോൻ പാകിസ്താനിയാണ്, അവൾ ജിഹാദിയാണ് എന്നൊക്കെ എഡിറ്റ് ചെയ്തുകയറ്റി. വിക്കിപീഡിയക്കാർ അത് കറക്ട് ചെയ്തുകൊണ്ടിരുന്നു. അതിൽ എനിക്ക് ഒരു റോളും ഉണ്ടായിരുന്നില്ല. പക്ഷേ, വിക്കിപീഡിയക്ക് പുറത്ത് സമൂഹമാധ്യമങ്ങൾ ഈ ട്രോളുകൾ ആഘോഷിച്ചു. രാധിക മേനോൻ എന്ന കഥാപാത്രം നിവേദിത മേനോനാണെന്ന് പ്രചരിപ്പിക്കാൻ അവർക്കായി. എന്റെ സഹോദരനെ വെച്ചും സഹോദരിയെ വെച്ചും ട്രോളുകളും ആക്ഷേപങ്ങളും വന്നുതുടങ്ങി. ഈ പ്രചാരണങ്ങളൊന്നും ഫലം കണ്ടില്ല. കാരണം, ഞാൻ അത് ഏറ്റുപിടിച്ചില്ല എന്നത് തന്നെ. ഒന്നിനോടും പ്രതികരിച്ചില്ല. അവർ ഒരു സിനിമ ചെയ്തു എന്നതിലപ്പുറം എനിക്കൊന്നും തോന്നിയുമില്ല.
അക്കാദമിക രംഗത്ത് പ്രതിഷേധസ്വരമുയർത്തുന്നവരെ വിളിക്കുന്ന 'അർബൻ നക്സൽ' എന്ന ആക്ഷേപം ഏറെ കേട്ടിരിക്കുമല്ലോ?
ആർ.എസ്.എസ് അനുഭാവികൾ പ്രചരിപ്പിച്ച വെറുപ്പിന്റെ വാക്കുകളിലൊന്നാണ് അർബൻ നക്സൽസ്. ഇൗ ആക്ഷേപത്തിനിരയായവർ റോഡിലിറങ്ങി തോക്കുകൊണ്ട് യുദ്ധം ചെയ്തവരാണോ? അല്ല. എഴുത്തുകാരും ജേണലിസ്റ്റുകളും അക്കാദമിക രംഗങ്ങളിലുമുള്ളവരാണ് അവർ. ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത സായിബാബയെ വീട്ടുതടങ്കലിലാക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കോടതിയിൽ പറഞ്ഞത് ഇങ്ങനെയാണ് –''ഹൗസ് അറസ്റ്റിനുള്ള ആവശ്യപ്പെടൽ ഇപ്പോൾ അർബൻ നക്സലുകളുടെ ഫാഷനായിരിക്കുന്നു.'' കോടതിയിലാണ് ഇങ്ങനെ പറഞ്ഞത്. ആ വാക്കിനെ സ്വാഭാവികവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. ബി.ജെ.പി സ്പോൺസേഡായ പങ്കാളിത്ത മുതലാളിത്തത്തെ (ക്രോണി കാപിറ്റലിസം) വിമർശിക്കുന്നവരെ അർബൻ നക്സലുകളെന്നും ഹിന്ദുത്വയെ വിമർശിക്കുന്നവരെ ആസാദികളെന്നും ജിഹാദികളെന്നും അവർ വിളിക്കുന്നു. അത്രയേ ഉള്ളൂ.
നിരവധി പ്രതിഷേധങ്ങളിൽ ഉയർന്നിരുന്ന 'ആസാദി' എന്ന മുദ്രാവാക്യം 'ആസാദി കാ അമൃത്' മഹോത്സവമായി മാറിയ സാഹചര്യം താങ്കൾ ചൂണ്ടിക്കാട്ടിയിരുന്നു. വിശദീകരിക്കാമോ?
ഒരിക്കൽ രാജ്യദ്രോഹ വാക്കായി ആരോപിക്കപ്പെട്ട 'ആസാദി' എന്ന മുദ്രാവാക്യം എങ്ങനെയാണ്, എന്തിനായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ 'ആസാദി കാ അമൃത്' മഹോത്സവമായി എത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ആസാദി എന്നത് പേർഷ്യൻ വാക്കാണ്. ആ മുദ്രാവാക്യം ഉയർന്നത് ഹിന്ദുരാഷ്ട്രത്തിനെതിരായും മുതലാളിത്തത്തിനെതിരായും മുതലാളിത്ത വികസനത്തിന് എതിരായും ആയിരുന്നു. വളരെയധികം പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഊർജം നൽകിയ വാക്കാണ് അത്. ഒരു ഘട്ടത്തിൽ ആസാദി എന്ന മുദ്രാവാക്യം ദേശവിരുദ്ധമാണെന്ന് വരെ ഹിന്ദുത്വവാദികൾ പറഞ്ഞു. അത് ദേശവിരുദ്ധ വാക്കാണെങ്കിൽ എന്തുകൊണ്ട് അത് കാമ്പയിനിൽ കൊണ്ടുവന്നത് എന്തിനുവേണ്ടിയായിരുന്നു. അറിയാതെയായിരിക്കില്ല. ഉർദു എന്ന ഭാഷയെ 'മുസ്ലിം ഭാഷ'യാക്കി എല്ലാതരത്തിലും അരികുവത്കരിക്കാൻ ബി.ജെ.പി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് 'ആസാദീ കാ അമൃത് മഹോത്സവ'മെത്തുന്നത്. സംസ്കൃതത്തിൽ 'സ്വതന്ത്രത' എന്ന വാക്കിനെ അവഗണിച്ച് ആസാദിയെ വാരിപ്പുണരുമ്പോൾ എതിർശബ്ദങ്ങളെപ്പോലും അപഹരിക്കാനുള്ള ശ്രമമാണ് വെളിച്ചത്തു വരുന്നത്. സത്യം പറഞ്ഞാൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച ആസാദി എന്ന വാക്കിനെ അവർ നമ്മുടേതിൽനിന്ന് തട്ടിപ്പറിക്കുകയായിരുന്നു.
അതുപോലെതന്നെയാണ് ദേശീയപതാകയുടെ കാര്യവും. പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടം, കർഷക പോരാട്ടം തുടങ്ങി എല്ലാ പോരാട്ടങ്ങളിലും ബി.ജെ.പിസർക്കാറിനെതിരായ പ്രക്ഷോഭങ്ങളിൽ ദേശീയപതാക ഉണ്ടായിരുന്നു. ഉത്തരേന്ത്യയിലെ ശിവഭക്തൻമാരുടെ ഹരിദ്വാറിലേക്കുള്ള തീർഥാടനമായ 'കാവടിയാത്ര' ഇപ്പോൾ ഇന്ത്യൻ പതാകയും വഹിച്ചുകൊണ്ടാണ്. അത് മതപരമല്ലേ... എന്തിനാണ് അവർ ഉപയോഗിക്കുന്നത്. സംഘ്പരിവാർ ഒരുകാലത്തും നമ്മുടെ ദേശീയപതാകയെ അംഗീകരിച്ചിരുന്നില്ല. പക്ഷേ, ഹിന്ദുരാഷ്ട്രത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രതീകമായി ദേശീയപതാക മാറിയപ്പോൾ അവർക്ക് നാഗ്പൂരിലെ ആസ്ഥാനത്തിൽ ദേശീയപതാക ഉയർത്തേണ്ടിവന്നു. ഇവ വിശകലനംചെയ്യുമ്പോൾ നമ്മുടെ പ്രതിരോധ ചിഹ്നങ്ങളെ പോലും കവർന്നെടുക്കുകയാണെന്ന യാഥാർഥ്യം മനസ്സിലാക്കണം.
ഹിജാബ് കേസ് വിഷയത്തിലും താങ്കൾ നിലപാടുകൾ തുറന്നുപറഞ്ഞു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളെ എങ്ങനെ കാണുന്നു?
കർണാടകയിലെ മുസ്ലിം ജീവിതങ്ങളെയും അവരുടെ ഉപജീവനമാർഗങ്ങളെയും പടിക്കുപുറത്തുനിർത്താനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തുടർച്ചയായി ഹിജാബ് വിഷയത്തെ നമുക്ക് കാണാനാകും. വ്യാജ കുറ്റാരോപണങ്ങൾ നിരത്തി വ്യത്യസ്ത കേസുകളിലായി മുസ്ലിംകളെ കർണാടകയിൽ അഴിക്കുള്ളിൽ നിറക്കുകയാണ്. നമുക്കറിയാം, പശുഹത്യ കേസിൽ എത്ര മുസ്ലിം നിരപരാധികളാണ് ജയിലിൽ കഴിയുന്നതെന്ന്. ചില സംസ്ഥാനങ്ങളിൽ മുസ്ലിം വ്യാപാരികൾക്ക് നേരെയുള്ള ബഹിഷ്കരണാഹ്വാനങ്ങളാണ് ഉയർന്നു കേൾക്കുന്നത്. മതംമാറ്റ നിരോധന നിയമം തുറിച്ചുനോക്കുന്നത് മുസ്ലിം ന്യൂനപക്ഷത്തിന് നേരെയാണ്. ഈ സാമൂഹിക സാഹചര്യം മനസ്സിലാക്കി വേണം കർണാടകയിലെ ഹിജാബ് വിഷയത്തെ സമീപിക്കാൻ. ബി.ജെ.പി അവരുടെ വർഗീയനയത്തെ 'സ്കൂൾ യൂനിഫോം' എന്ന സെക്കുലർ മുഖംമൂടിയിട്ടാണ് അവതരിപ്പിക്കുന്നതെന്നു മാത്രം. അതേസമയം, സിഖ് തലപ്പാവുകളിട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹിജാബിന്റെ വിലക്കുകൾ ബാധകമാകാത്ത സാഹചര്യത്തെ പിന്നെ എങ്ങനെ വിശദീകരിക്കണം. അത് യൂനിഫോം എന്ന നിർവചനത്തിൽപെടില്ലേ? ഇൗ സാഹചര്യം പ്രഖ്യാപിക്കുന്ന കാര്യം ഒന്ന് മാത്രമാണ്. മുസ്ലിം, ക്രിസ്ത്യൻ, പാർസി മതത്തിൽപെടാത്തവരെല്ലാം ഹിന്ദുക്കളാണ്. അതിനാലാണ് സിഖ് തലപ്പാവുകൾ അനുവദനീയമാകുന്നതും മുസ്ലിം അനുഷ്ഠാനങ്ങൾ ആക്രമിക്കപ്പെടുന്നതും.
സ്ത്രീയുടെ ശരീരത്തിൽ സ്റ്റേറ്റ് കൊണ്ടുവരുന്ന നിയന്ത്രണം എന്ന വിശാലമായ കാഴ്ചപ്പാടിൽ വേണമെങ്കിൽ ഈ വിഷയത്തെ സമീപിക്കാം. ഉദാഹരണത്തിന് എല്ലാ പുരുഷന്മാർക്കും നിർബന്ധിത സൈനികസേവനം വേണമെന്ന് സർക്കാർ തീരുമാനിച്ചുവെന്നിരിക്കട്ടെ, അത് പുരുഷശരീരത്തിലുള്ള സ്റ്റേറ്റിന്റെ നിയന്ത്രണമായി വ്യാഖ്യാനിക്കാം. അമേരിക്കയിലും റഷ്യയിലും ഉള്ള ഗർഭഛിദ്ര നിരോധനം മറ്റൊരു ഉദാഹരണം. 'ചാതോർ' ധരിക്കണമെന്ന് ഇറാനിലെ ഭരണകൂടം നിഷ്കർഷിക്കുമ്പോൾതന്നെ ഷാ ഭരണകാലത്ത് ഹിജാബ് ധരിക്കാൻ അനുവാദമുണ്ടായിരുന്നില്ല എന്ന് നമുക്കറിയാം. ഇവയൊക്കെ ശരീരത്തിനുമേലുള്ള സ്റ്റേറ്റിന്റെ കടന്നുകയറ്റമാണ്. കർണാടക എന്ന ഹിന്ദുത്വ സ്റ്റേറ്റ്, മുസ്ലിം സ്ത്രീകളോട് അവർ തുടർന്നുപോന്ന മതപരമായ അനുഷ്ഠാനങ്ങളെ വേണ്ടെന്നുവെക്കാൻ പച്ചക്ക് ആവശ്യപ്പെടുകയാണ്. ഇപ്പോഴിതാ നീതിന്യായ പീഠത്തിലെത്തിയിരിക്കുന്നു. ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും അത് മുസ്ലിംകൾ തുടരേണ്ട അവശ്യ മതാചാരമാണോ അവർ അത് പാലിക്കുന്നുണ്ടോ എന്നൊക്കെ കോടതിയും സ്റ്റേറ്റും പരിശോധിക്കേണ്ടതില്ലെന്ന് കഴിഞ്ഞമാസം സുപ്രീംകോടതിയിൽ ജസ്റ്റിസ് ധൂളിയ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദുരാഷ്ട്രത്തിൽ മുസ്ലിംകൾ രണ്ടാംതരം പൗരന്മാരാണെന്ന് ഇപ്പോഴത്തെ ഭരണകൂടം ആവർത്തിക്കുകയാണ്. ഇത് ഹിന്ദുരാഷ്ട്രമാണെന്നും മുസ്ലിംകൾ രണ്ടാംതരം പൗരന്മാരാണെന്നും ഗോൾവൾക്കറും സവർക്കറും മുമ്പ് വ്യക്തമാക്കിക്കഴിഞ്ഞതാണല്ലോ.
തങ്ങളുടെ ഹിന്ദുത്വ വാഗ്ദാനങ്ങൾ ഒാരോന്നായി നടപ്പാക്കുന്ന മോദിസർക്കാർ, കാലങ്ങളായുള്ള ഒരുക്കത്തിനു ശേഷം ഏകീകൃത സിവിൽ കോഡിനോട് അടുത്തുകൊണ്ടിരിക്കുന്നു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പഠനത്തിന് സമിതിയെയും നിയോഗിച്ചു. എങ്ങനെയാണ് ഈ സാഹചര്യം വിലയിരുത്തുന്നത്..?
ഏകീകൃതമെന്ന് പറയുമ്പോൾ എന്താണ്, ആരുടേതാണ്? എന്തെങ്കിലും കാര്യത്തിൽ വ്യക്തതയുണ്ടോ. പിന്നെ എങ്ങനെ അത് പൊതുസമൂഹത്തിൽ അവതരിപ്പിക്കാനാകും. എന്തൊക്കെ വസ്തുതകളാണ് ഏകീകൃത സിവിൽ കോഡിൽ ഊന്നൽനൽകുന്നതെന്ന് ആദ്യം വ്യക്തമാക്കണം. ഏകീകൃതമെന്ന് പറയുമ്പോൾ എല്ലാം ഒന്നാകണ്ടേ. എന്തിലൊക്കെ ഏകത്വം കൊണ്ടുവരാനാകും. മുസ്ലിം വിവാഹം കരാറാണ്. ഹിന്ദു വിവാഹവും ക്രിസ്ത്യൻ വിവാഹവും സാക്രമെന്റ് (വിശുദ്ധകർമം) ആണ്. സാക്രമെന്റ് എന്നത് ദൈവത്തോടുള്ള സമർപ്പണവും കരാർ എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ളതുമാണ്. ഏകീകൃതമാക്കുമെന്ന് പറയുമ്പോൾ എല്ലാം സാക്രമെന്റ് ആക്കുമോ കരാർ ആക്കുമോ? ഇതുപോലെ അനേകം കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
രാജ്യത്തെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമമാണ് യൂനിഫോം സിവിൽ കോഡെന്ന് എളുപ്പം മനസ്സിലാകും. അത് എങ്ങനെയാണ് നടപ്പാക്കുന്നതെന്നാണ് അറിയാനുള്ളത്. ഒരുപക്ഷേ പോളിഗമി (ബഹുഭാര്യത്വം) നിരോധിക്കുമായിരിക്കും. എങ്കിൽ അതിൽ മുസ്ലിം സ്ത്രീകൾ സന്തോഷിക്കും. മുത്തലാഖ് നിരോധിച്ചത് സുപ്രീംകോടതിയാണ്. ഭാരതീയ മുസ്ലിം മഹിള ആന്തോളൻ മുസ്ലിം സ്ത്രീകൾ ഉൾപ്പെടുന്നവരുടെ ഹരജിയായിരുന്നു അതിന് പിന്നിൽ. ഇസ്ലാം മതത്തിൽ രണ്ടാം ഭാര്യക്ക് ചില അവകാശങ്ങൾ അനുവദിച്ചുകൊടുത്തിട്ടുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. എന്നാൽ, രണ്ടാം ഭാര്യക്ക് ഒരു അവകാശവും നൽകാതെ എത്രയോ ഹിന്ദുക്കൾ ഒന്നിലധികം വിവാഹങ്ങൾ ചെയ്ത് ജീവിക്കുന്നു. അവർക്ക് കോടതിയിൽ പോകാൻപോലും അവകാശമില്ല. ചോദ്യം ഇതാണ് -എന്തിനാണ് നിങ്ങൾ ഒരു മതത്തെ മാത്രം ലക്ഷ്യമിടുന്നത്. സ്ത്രീയുടെ സുരക്ഷിതത്വമാണ് ലക്ഷ്യമെങ്കിൽ സ്ത്രീകളെ സംരക്ഷിക്കണം. അതിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വേർതിരിവുകൾ വേണ്ട. എന്തിന് ചില മതസ്ഥരെ മാത്രം ലക്ഷ്യമിടണം. നിങ്ങൾ ഭാര്യയെ ഉപേക്ഷിക്കുകയാണെങ്കിൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് സാമാന്യവത്കരിച്ച് പറഞ്ഞാൽ പോരെ. അതല്ലല്ലോ അവർ പറയുന്നത്. ഏകീകരണത്തിന്റെ പേരിൽ ഹിന്ദുത്വവത്കരണമാണ് അവരുടെ ആവശ്യം. അതാണ് വ്യത്യാസം.
ഹിന്ദുത്വ രാഷ്ട്രീയം കാര്യമായി പച്ചപിടിക്കാത്ത ഇടമാണ് കേരളം. ഉത്തരേന്ത്യൻ സാഹചര്യത്തിൽനിന്ന് വിലയിരുത്തുന്ന ഒരാളെന്ന നിലയിൽ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെയാണ് കാണുന്നത്?
അത്ര എളുപ്പത്തിൽ ബ്രാഹ്മണവത്കരണം കേരളത്തിൽ അടിച്ചേൽപിക്കാനാവില്ല. കാരണം, ചരിത്രം കേരളജനതയെ പഠിപ്പിച്ചത് അങ്ങനെയാണ്. വളരെ ശക്തമായ ജാതിവിരുദ്ധ സമരങ്ങൾക്ക് സംസ്ഥാനം വേദിയായിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനം, നവോത്ഥാന പ്രസ്ഥാനം എന്നിവയൊക്കെ ചേർന്ന് ശക്തമായ ഹിന്ദുത്വ ആശയങ്ങൾക്ക് വേരോടാനാകാത്തവിധം സാമൂഹിക സാഹചര്യം രൂപപ്പെടുകയായിരുന്നു. ഹിന്ദുരാഷ്ട്ര വാദക്കാർ ഹിന്ദുത്വ എന്നതുകൊണ്ട് അർഥമാക്കുന്നത് ബ്രാഹ്മണവത്കരണംതന്നെയാണ്. ബ്രാഹ്മണചര്യകൾ, അനുഷ്ഠാനങ്ങൾ, സസ്യഭുക്കാകൽ തുടങ്ങി എല്ലാം ബ്രാഹ്മണരുേടതാക്കാൻ ഹിന്ദുത്വവാദികൾ ശ്രദ്ധിക്കുന്നു. ആചരണങ്ങളിലെ വൈജാത്യങ്ങളെ അവർ അംഗീകരിക്കുന്നില്ല. അതിനാലാണ് തദ്ദേശീയ ദൈവസങ്കൽപങ്ങളെ അവരുടേതാക്കാനോ തകിടം മറിക്കാനോ ശ്രമിക്കുന്നത്. ഹിന്ദുത്വത്തിന് ബ്രാഹ്മണ്യത്തിന് പുറത്തുള്ള ആചരണങ്ങളോടും ആഘോഷങ്ങളോടും വലിയ മതിപ്പില്ല. ബ്രാഹ്മണമൂല്യങ്ങൾക്ക് പുറത്തുള്ള ഇത്തരം ആചരണങ്ങൾക്ക് അച്ചടക്കം കൊണ്ടുവരാനും ബ്രാഹ്മണിക ചര്യകൾ അടിച്ചേൽപിക്കാനും ശ്രമിക്കുന്നു. ഓണത്തെ വാമനജയന്തി ആക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഓണത്തിന് വാമനൻ എന്ന ബ്രാഹ്മണ ദൈവത്തെയല്ല മഹാബലിയെയാണ് കേരളജനത ആഘോഷിക്കുന്നത്. അത് ഹിന്ദൂയിസത്തിന്റെ ഭാഗമല്ല, കേരളം എന്ന സംസ്ഥാനത്തിന്റെ ആഘോഷമാണ്.
ഹിന്ദുത്വം എന്നത് പാഴ്സി, മുസ്ലിം, ക്രിസ്ത്യനൊഴിച്ചുള്ളതെല്ലാം ഉൾകൊള്ളുന്നതാണല്ലോ. അതിനാൽ രാജ്യത്ത് ബ്രാഹ്മണമൂല്യങ്ങൾക്ക് നിരക്കാത്ത അനേകം ആചരണങ്ങളും ആഘോഷങ്ങളുമുണ്ട്. വിഷ്ണുവും ശിവനും അല്ലാത്ത തദ്ദേശീയമായ ചില ദേവികളെ പൂജിക്കുക, മാംസവും മദ്യവും ക്ഷേത്രത്തിൽ പ്രസാദമായി നൽകുക തുടങ്ങിയ ആചാരങ്ങളും ഹിന്ദു ആരാധനാക്രമത്തിൽ ഉൾപ്പെടും. ദസറ ബംഗാളിൽ ദുർഗാപൂജയാണ്. മാംസവും മത്സ്യവും കഴിച്ചാണ് ദുർഗാപൂജ ആചരിക്കുന്നത്. ഇവിടെ മഹാബലി എന്ന് പറയുന്നപോലെ, മധ്യ ഇന്ത്യയിൽ മഹിഷാസുര പൂജയുണ്ട്. ബ്രാഹ്മണ്യത്തിന്റെ കടന്നുവരവിൽ അടിച്ചമർത്തപ്പെട്ട ദൈവങ്ങളുണ്ട് പലയിടത്തും. ഈ കീഴാള ദൈവസങ്കൽപങ്ങളെ ബ്രാഹ്മണ്യത്തിന് വിട്ടുകൊടുക്കരുത്.
എൽ.ജി.ബി.ടി-ക്വീർ മൂവ്മെന്റുകൾ, ഫെമിനിസം തുടങ്ങിയ റാഡിക്കൽ ആശയങ്ങൾക്ക് കേരളത്തിൽ വേരോട്ടമുണ്ട്. ഏത് പുതിയ ചിന്തകളെയും വളരെ പെെട്ടന്ന് കേരളസമൂഹം സ്വാംശീകരിക്കുന്നുണ്ട്. ഏതായാലും കേരളം ഹിന്ദുത്വവാദികൾക്കെതിെര തീർത്ത പ്രതിരോധം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.
കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ പിറകോട്ടടിച്ചോ എന്ന് സംശയിച്ച സന്ദർഭമായിരുന്നു ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച ചർച്ചകൾ. കേരളത്തിൽ നടന്ന സംഭവങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
എന്നിട്ടെന്തായി? തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ ആസൂത്രണങ്ങൾ പാളിപ്പോയില്ലേ. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ലല്ലോ. ശബരിമലയുടെ വിഷയമെടുത്താൽ ശബരിമലയിൽ കാലങ്ങളായി സ്ത്രീകൾ പോകാറുണ്ടായിരുന്നു. അവർ പോകുന്നത് നിർത്തിയത് കേരള ഹൈകോടതിയുടെ നിർദേശപ്രകാരമാണ്; അല്ലാതെ ദൈവത്തിന്റെ നിർദേശാനുസരണമല്ല. 80കളുടെ അവസാനത്തിൽ ശബരിമലയിൽ പോവുകയായിരുന്ന ഒരു വിശ്വാസി ഒരു യുവതി മലകയറുന്ന അവസ്ഥ കണ്ട് ഹൈകോടതിയെ സമീപിച്ചപ്പോഴാണ് വിധിവന്നത്. സ്ത്രീകൾ ഇത്തരത്തിൽ മല കയറുന്നത് അവസാനിപ്പിക്കണമെന്നും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു ഉത്തരവ്. അവസാനം സുപ്രീകോടതി ഹൈകോടതി വിധി അംഗീകരിക്കുകയായിരുന്നു. ഇതിനിടെ വിശ്വാസവും മതവും ദൈവങ്ങളുമൊക്കെ ഈ വിഷയത്തിൽ എവിടെ നിന്ന് വന്നു? അയ്യപ്പക്ഷേത്രങ്ങൾക്ക് അതിപ്രാചീന ചരിത്രമുണ്ട്. അത് ഹിന്ദുക്ഷേത്രങ്ങളാകുന്നതിനുമുമ്പ് ബുദ്ധാരാധനാലയമായിരുന്നു എന്നത് ചരിത്രകാരന്മാർ ശരിവെക്കുന്നുണ്ട്. ആര്യൻ അധിനിവേശത്തിനുശേഷമാണ് അവ ഇന്ന് കാണുന്നപോലെ ക്ഷേത്രങ്ങളായത്. ബ്രാഹ്മണാധിനിവേശത്തോടെ പുതിയ മിത്തുകൾ വരാൻ തുടങ്ങി. അയ്യപ്പൻ അവിവാഹിതനാണ് തുടങ്ങിയ കഥകളും ഇതിന്റെ ഭാഗമായി വന്നു. 70കൾ മുതലുള്ള ചരിത്രമേ ഇതിനുള്ളൂ. സ്ത്രീ ദൈവവിശ്വാസിയാണെങ്കിൽ ആർത്തവം എങ്ങനെയാണ് അശുദ്ധമാകുന്നത്. ദേവിയെ ആരാധിക്കുന്ന രാജ്യത്ത് ആർത്തവം അശുദ്ധവും അയിത്തവുമാണെന്ന് പറയുന്നത് നാണക്കേടാണ്. ദേവിയുടെ ആർത്തവം ആഘോഷമാക്കുന്ന ക്ഷേത്രങ്ങൾവരെ കേരളത്തിലുണ്ട്. ഇതാണ് ഞാൻ നേരത്തേ പറഞ്ഞ ബ്രാഹ്മണേതരമായ ആചാരങ്ങൾ. ഇതുംകൂടി ചേർന്നതാണ് നമ്മുടെ നാട്.
രാഷ്ട്രഭാഷയെന്ന് പറഞ്ഞ് ഹിന്ദിയെ 'വൺ ലാംഗ്വേജ്' ആക്കാനുള്ള ശ്രമം സർക്കാറിൽനിന്ന് നടക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഹിന്ദിക്ക് പ്രാധാന്യം നൽകിയുള്ള പാഠ്യക്രമവും കൊളോണിയൽ ഭാഷയെന്ന് പറഞ്ഞ് ഇംഗ്ലീഷിനെ അവമതിക്കലും വാർത്തകളിൽ ഇടംപിടിക്കുന്നു. സർക്കാറിന്റെ ഹിന്ദിപ്രേമത്തെ ഏങ്ങനെ കാണുന്നു?
ഇന്ത്യയിൽ ന്യൂനപക്ഷം സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. ഹിന്ദിയുടെ ഉപഭാഷകളെന്ന പേരിൽ മൈഥിലി പോലെ മറ്റ് ചില ഭാഷകളെ ഹിന്ദിയിലേക്ക് ചേർത്താണ് ഹിന്ദി ഭാഷക്കാരുടെ വലുപ്പം കൂട്ടുന്നത്. ഉപഭാഷകൾക്ക് സത്യത്തിൽ അവക്ക് അവരുടേതായ ഭാഷാപാരമ്പര്യം ഉണ്ട്. അവയെ മാറ്റിനിർത്തിയാൽ ഹിന്ദി എന്ന ഭാഷ ന്യൂനപക്ഷ ഭാഷയാണ്. ബഹുഭാഷകൾ സംസാരിക്കുന്ന നാട്ടിൽ എന്തിന് ഹിന്ദിക്ക് അതിപ്രാധാന്യം നൽകണം. 'വൺ നാഷൻ വൺ ലാംഗ്വേജ്' എന്ന മുദ്രാവാക്യം തന്നെ ജനാധിപത്യ വിരുദ്ധമാണ്. 'വൺ നാഷൻ' കൺസപ്റ്റ് കൊണ്ടുവരുമ്പോൾതന്നെ നാം ഒരു ആശയത്തെ മുന്നോട്ടുവെക്കുകയും വൈജാത്യങ്ങളെ പൂർണമായി അവഗണിക്കുകയും ചെയ്യുന്നു. ആ ആശയംതന്നെ ഭരണഘടന വിരുദ്ധമാണ്. ആന്റി ഫെഡറൽ ആണ്. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് നമ്മുടെ രാജ്യം. ഓരോ സംസ്ഥാനത്തിനും അവരുടേതായ ചരിത്രവും സംസ്കാരവും ഭാഷയും ഒക്കെയുണ്ട്. െവെജാത്യങ്ങളെ അംഗീകരിക്കുകയല്ലേ വേണ്ടത്. എല്ലാ സംസ്ഥാനങ്ങളും യു.പിപോലെ ആവണമെന്നാണോ പറയുന്നത്. ''ഒരു രാജ്യം ഒന്നുപോലെ എല്ലാം'' എന്ന മുദ്രാവാക്യംതന്നെ ''ഒരു രാജ്യം ഒരു ഫാഷിസം'' എന്ന ഫലമായിരിക്കും സൃഷ്ടിക്കുക.
2024ലെ അടുത്ത തെരഞ്ഞെടുപ്പിനുള്ള ഒരുക്കം നരേന്ദ്ര മോദി നേരത്തേ തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പിക്കെതിരായ ശക്തമായ രാഷ്ട്രീയ പ്രതിപക്ഷത്തെ ഒരുക്കാൻ ശ്രമങ്ങൾ നടക്കുന്നില്ല. അടുത്ത തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും പങ്കുവെക്കാമോ?
മോദിക്ക് എതിരായി ബദൽ രാഷ്ട്രീയ സാഹചര്യം രൂപപ്പെടാത്തതിൽ പലർക്കുമുള്ളതുപോലെ ഞാനും ഉത്കണ്ഠാകുലയാണ്. പക്ഷേ ഒന്നുറപ്പിച്ചു പറയാം, ഇപ്പോൾ മോദിക്ക് ലഭിക്കുന്ന അനുകൂല സാഹചര്യം അധികനാൾ നിലനിൽക്കില്ല. കർഷക ബിൽപോലുള്ള മോദിയുടെ എല്ലാ നയങ്ങളും തള്ളപ്പെടുകയാണ്. അഗ്നിവീർ റിക്രൂട്ട്മെന്റ് പദ്ധതി യുവാക്കളിൽ വ്യാപക പ്രതിഷേധമാണ് സൃഷ്ടിച്ചത്. ക്രോണി കാപിറ്റലിസത്തിന്റെ തണൽ രണ്ടോ മൂന്നോ വ്യവസായികൾക്ക് മാത്രമേ കിട്ടുന്നുള്ളൂ. വ്യവസായികളേറെയും അതൃപ്തിയിലാണ്. താഴേത്തട്ടിലെ പിന്തുണയില്ലാതെ മോദിക്ക് വീണ്ടും തിരിച്ചുവരാനാകുമോ എന്നറിയില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച് രണ്ട് ആശങ്കകൾ എനിക്കുണ്ട്. ശക്തമായ ബദൽ ഉണ്ടായില്ലെങ്കിൽ എന്ത് ചെയ്യുമെന്നതാണ് ആദ്യത്തേത്. കോൺഗ്രസ്, ഇടതു പാർട്ടി, ആം ആദ്മി പാർട്ടി ഇവരെ പോലുള്ള മുന്നിട്ടിറങ്ങേണ്ടവർ ശ്രമം തുടങ്ങിയിട്ടില്ല. ബി.ജെ.പിക്ക് ബദൽ മാതൃക കാണിച്ച് മുന്നേറ്റം നടത്തിയവരാണ് ആം ആദ്മി പാർട്ടി. പക്ഷേ ആ ആർജവം പിന്നീട് അവരിൽ കണ്ടില്ല. 'ഹിന്ദുരാഷ്ട്ര വാദ'ത്തിനെതിരായ ശക്തമായ നിലപാട് സ്വീകരിക്കാൻ ആം ആദ്മി പാർട്ടിക്കായില്ല.
ഒരുപക്ഷേ അവർ അത്തരം ചർച്ചകളിൽനിന്ന് മനഃപൂർവം വിട്ടുനിന്ന് വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ചർച്ചകളെ ഒതുക്കുന്നുവെന്ന് തോന്നിയിരുന്നു. എന്നാൽ, ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ അവരുടെ നിലപാട് മാറ്റം വെളിച്ചത്തായിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി കറൻസി നോട്ടിൽ ഹിന്ദുദേവതകളുടെ ചിത്രം ആലേഖനം ചെയ്യണമെന്നപോലെ ഹിന്ദു പ്രീണന ആവശ്യം അവർ ഒന്നൊന്നായി ഉന്നയിക്കുകയാണ്. ശരിക്കും അത്ഭുതപ്പെടുത്തുന്നതായി ആ പാർട്ടിയുടെ മാറ്റം. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്നാലേ ബി.ജെ.പിക്കെതിരായ ശക്തമായ പ്രതിരോധം സൃഷ്ടിക്കാനാകൂ. അത് എങ്ങനെ സാധ്യമാകുമെന്നതിലാണ് ആശങ്ക.
വലിയ ഭയം എനിക്കതല്ല, തെരഞ്ഞെടുപ്പ് എന്ന വലിയ ജനാധിപത്യ പ്രക്രിയയെക്കുറിച്ചാണ്. സത്യസന്ധമായി പലപ്പോഴും തെരഞ്ഞെടുപ്പുകൾ നടക്കുന്നില്ല. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളെ (ഇ.വി.എം) സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്. ഇതുസംബന്ധിച്ച കേസുകൾ ഇത്ര വർഷമായിട്ടും കോടതിയിൽ കെട്ടിക്കിടപ്പാണ്. മനോരഞ്ജൻ റോയി എന്ന വ്യക്തിയുടെ ഈ വിഷയത്തിൽ നടത്തിയ ആർ.ടി.ഐ ആക്ടിവിസത്തെപ്പറ്റി സൂചിപ്പിക്കാം. ഇ.വി.എമ്മുകൾ നിർമിക്കുന്ന രണ്ട് കമ്പനികളോട് (ബി.ഇ.എൽ, ഇ.സി.ഐ.എൽ) എത്ര ഇ.വി.എമ്മുകൾ ഉൽപാദിപ്പിച്ചു എന്ന വിവരവും ഇലക്ഷൻ കമീഷനോട് എത്ര ഇ.വി.എമ്മുകൾ ലഭിച്ചു എന്ന വിവരവും അദ്ദേഹം ചോദിച്ചു. 19 ലക്ഷം ഇ.വി.എമ്മുകളുടെ കുറവുണ്ടായെന്നായിരുന്നു മറുപടികളിൽനിന്ന് വ്യക്തമായത്. ഇതേത്തുടർന്ന് വ്യാപക ചർച്ചകൾ നടന്നിരുന്നു. മനോരഞ്ജൻ റോയി പിന്നീട് ബോംബെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു. തുടരുന്നുവെന്നല്ലാതെ ഒരു തീരുമാനവുമാകാതെ കേസ് നീളുകയാണ്. ഇ.വി.എമ്മുകൾക്ക് എന്താണ് സംഭവിച്ചത്, ആരാണ് ആ വോട്ടുയന്ത്രങ്ങൾ ഉപയോഗിച്ചത്, എവിടെയാണ് അവ എന്നീ ചോദ്യങ്ങൾ ഉത്തരംകിട്ടാതെ നമുക്ക് മുന്നിൽ നിൽക്കുന്നു. വലിയ ആശങ്കകൾ സമ്മാനിച്ച്... ഇക്കാര്യം റിട്ട. ഐ.എ.എസുകാരുൾപ്പെടുന്ന വലിയ വിഭാഗം സർക്കാറിനോടും ഇലക്ഷൻ കമീഷനോടും എഴുതിച്ചോദിച്ചിരുന്നു. ഫലമുണ്ടായില്ല. മറ്റൊന്നുള്ളത് വോട്ടെടുപ്പിനുശേഷം വളരെ നാളുകൾ കഴിഞ്ഞാണ് വോട്ടെണ്ണൽ നടക്കുന്നത്. എന്തിനാണിതെന്ന ആശങ്ക ഞാനുൾപ്പെടുന്ന കുറെയേറെ പേർ ഉന്നയിച്ചിട്ടുണ്ട്. ഏഴും എട്ടും ഘട്ടങ്ങളായി എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ആദ്യഘട്ടം കഴിഞ്ഞ് ഏഴോ എട്ടോ ആഴ്ചകൾക്കു ശേഷമാണ് രണ്ടാം ഘട്ടം. ഈ സമയത്തിനിടക്ക് എന്തും സംഭവിക്കാം. നമുക്കറിയാം തെരഞ്ഞെടുപ്പ് കമീഷൻ എന്നുള്ളത് അവരുടെ സ്ഥാപനമാണ്, ഇ.ഡി, ഇൻകം ടാക്സ് എല്ലാം അവരുടെതന്നെ. അതിനാലാണ് തെരഞ്ഞെടുപ്പുകൾ എത്രമാത്രം സത്യസന്ധമാണ്, സത്യസന്ധമാകും എന്ന ആശങ്ക ഉയർത്തുന്നത്. തെരഞ്ഞെടുപ്പെന്ന് പറയുമ്പോൾ വെറും രാഷ്ട്രീയ ചർച്ചകളിലും മത-ജാതി സമവാക്യങ്ങളുടെ കണക്കെടുപ്പുകളിലും മാത്രം ഒതുക്കിനിൽക്കാനാകില്ല.
തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്ന ആശങ്കകൂടി രാഷ്ട്രീയ പാർട്ടികൾ ഗൗരവമായി ഏറ്റെടുക്കേണ്ടതുണ്ട്. പല പാർട്ടികളുടെയും ശ്രദ്ധയിൽ ഈ വിഷയം വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതലേ ഇ.വി.എമ്മുകളെ നിരീക്ഷിക്കേണ്ടതുണ്ടെന്ന ആവശ്യം രാഷ്ട്രീയ പാർട്ടികൾ ഉൾക്കൊണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. പക്ഷേ, യു.പി തെരഞ്ഞെടുപ്പു കാലത്ത് അവസാനഘട്ടത്തിൽ മാത്രമാണ് ഇ.വി.എമ്മുകളെ സംരക്ഷിക്കണമെന്ന ആവശ്യമുയർന്നത്. ആദ്യഘട്ടം മുതലേ ആ കരുതൽ വേണമായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇ.വി.എം മെഷീനുകളിൽ കൃത്രിമം നടക്കുന്നുവെന്ന് സ്ഥാപിക്കാനാവില്ല. കാരണം, കേരളത്തിലും ബംഗാളിലുമൊന്നും സംസ്ഥാന നിർവഹണ ഏജൻസികളെ കബളിപ്പിച്ച് അത്തരത്തിൽ പ്രവർത്തനം നടത്താനാവില്ല. എന്തൊക്കെയായാലും ശക്തമായ പ്രതിപക്ഷ ഐക്യം രൂപപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുറെ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് കൂട്ടുമുന്നണി ഉണ്ടാക്കുകയെന്നത് മോശം കാര്യമൊന്നുമല്ല. വലിയ ഭൂരിപക്ഷത്തോടെയുള്ള ശക്തമായ സർക്കാറുകൾ വന്നിട്ട് എന്താണ് കാര്യം. ഇപ്പോഴത്തെ ശക്തമായ സർക്കാർ എന്താണ് ചെയ്യുന്നത്? ഒറ്റക്കക്ഷി ആവണമെന്നും ശക്തരാകണമെന്നും ഇല്ല; ഉത്തരവാദിത്തമുള്ള സർക്കാറുകളാണ് നമുക്കാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.