മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച് പിന്നീട് സഹനടന്റെ വേഷത്തിൽ തിളങ്ങുന്ന അഭിനേതാവാണ് സൈജു കുറുപ്പ്. തന്റെ സിനിമാജീവിതത്തെയും സങ്കൽപങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
ചില കഥാപാത്രങ്ങൾ നായകനെയും കടന്ന് പ്രേക്ഷകരുടെ മനസ്സിൽ എക്കാലവും നിലനിൽക്കും. മലയാള സിനിമ അത്തരത്തിലുള്ള നിരവധി കഥാപത്രങ്ങളെ ഇതിനകം കണ്ടുകഴിഞ്ഞു. അത്തരത്തിൽ നായകനെയും കടന്ന് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയവയാണ് സൈജു കുറുപ്പിന്റെ ഓരോ കഥാപാത്രങ്ങളും. നായകനാവണോ സഹനടനാവണോ എന്ന ചോദ്യത്തിന് സഹനടനായാൽ മതി എന്ന് സൈജു കുറുപ്പ് മറുപടി പറയാനുള്ള കാരണവും മറ്റൊന്നല്ല. ലഭിച്ച ഓരോ കഥാപാത്രവും തന്മയത്വത്തോടുകൂടി അവതരിപ്പിച്ച് തന്റെ പേരിനേക്കാളേറെ കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടുന്നയാളാണ് സൈജു കുറുപ്പ്. കഥാപാത്രങ്ങൾക്ക് അദ്ദേഹം അത്രമേൽ നൽകുന്ന ആത്മാർപ്പണംകൊണ്ടുകൂടിയാണത്.
2005ൽ ഹരിഹരൻ സംവിധാനംചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിലേക്ക്. പിന്നീട് നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായും 18 വർഷമായി സൈജു കുറുപ്പ് മലയാള സിനിമയിലുണ്ട്. തികച്ചും അപ്രതീക്ഷിതമായായിരുന്നു സൈജു കുറുപ്പിന്റെ സിനിമാപ്രവേശനം. എൻജിനീയറിങ് പഠനത്തിനുശേഷം ജോലി. ജോലിക്കിടെ ഗായകൻ എം.ജി. ശ്രീകുമാറിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ‘മയൂഖ’ത്തിലെ ഓഡിഷൻ. പിന്നീട് അവിചാരിതമായി കിട്ടിയ നായകവേഷം. 18 വർഷം, 130ലധികം ചിത്രങ്ങൾ. ‘ബാബാ കല്യാണി’, ‘ലയൺ’, ‘ഹലോ’, ‘ചോക്ലേറ്റ്’, ‘മുല്ല’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ. 2012ൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ട്രിവാൻഡ്രം ലോഡ്ജ്’ സൈജു കുറുപ്പിന്റെ സിനിമാ കരിയറിലെ പുതിയ തുടക്കമായിരുന്നു. ‘ഷിബു വെള്ളായണി’ എന്ന കഥാപാത്രം ഹാസ്യവും സൈജുവിന് വഴങ്ങുമെന്ന് കാണിച്ചുതന്നു.
2015ൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിലെ അറയ്ക്കൽ അബുവെന്ന കഥാപാത്രമായിരുന്നു പിന്നീട് സൈജു കുറുപ്പിന്റെ മേൽവിലാസം. കൈപ്പുഴ കുഞ്ഞപ്പന്റെ കൈ വെട്ടിയെന്ന പേരിൽ മേനി നടിക്കുന്ന അറയ്ക്കൽ അബു. ‘ആടി’ന്റെ രണ്ടാം ഭാഗത്തിലും അറയ്ക്കൽ അബു സൈജുവിന്റെ കൈകളിൽ ഭദ്രമായിരുന്നു. അതിനിടെ, തമിഴിലും ശ്രദ്ധേയ വേഷങ്ങൾ. ജയം രവിയുടെയും അരവിന്ദ് സാമിയുടെയും നയൻതാരയുടെയുമൊപ്പം ‘തനി ഒരുവനി’ൽ അഭിനയിച്ചതായിരുന്നു അതിൽ പ്രധാനം. പിന്നീട് മലയാള സിനിമയിൽ ഒത്തിരി കഥാപാത്രങ്ങൾ. ‘മാളികപ്പുറ’ത്തിലെ അജയൻ എന്ന അച്ചായി മറ്റൊരു ശ്രദ്ധേയ വേഷം. ‘ജാനകി ജാനേ’, ‘മധുര മനോഹര മോഹം’, ‘പാപ്പച്ചൻ ഒളിവിലാണ്’ തുടങ്ങിയ സിനിമകളിലെ പ്രധാന വേഷങ്ങൾ. അപ്രതീക്ഷിതമായാണ് സിനിമയിലെത്തിയതെങ്കിലും സിനിമ പിന്നീട് സൈജുവിന്റെ ജീവിതത്തിനൊപ്പം ചേർന്നു. സൈജു കുറുപ്പ് സിനിമ-ജീവിത വിശേഷങ്ങൾ പങ്കുവെക്കുന്നു.
നായകനടൻ എന്നതിനപ്പുറം സഹനടൻ റോളിലാണ് സൈജു കുറുപ്പിനെ കൂടുതലായി കണ്ടിട്ടുള്ളത്. ആ സഹനടന്മാരെല്ലാം പ്രേക്ഷകരുടെ നെഞ്ചിൽ കയറിയിട്ടുമുണ്ട്. ശരിക്കും സഹനടനായി വന്ന് പ്രേക്ഷക മനസ്സുകളിൽ നായകപ്രതിഷ്ഠ നേടിയതുപോലെ?
നായക കഥാപാത്രങ്ങളെക്കാൾ താൽപര്യം സഹനടനായി അഭിനയിക്കാനാണ്. നായകനടൻ എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ഒരിടവേളക്കുശേഷം കൂടുതലായി നായക കഥാപാത്രങ്ങളാണ് ഇപ്പോൾ വരുന്നത്. അതുകൊണ്ടുതന്നെ വീണ്ടും സഹനടനായി ചാൻസ് ചോദിക്കാൻ തുടങ്ങി. മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രത്തിൽ സഹനടനായി ഒരു ചാൻസ് ചോദിച്ചുവാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിനോട് സ്വാതന്ത്ര്യത്തോടെ ചോദിക്കാം. നവംബറിൽ ജിത്തു ജോസഫിന്റെ ഒരു ചിത്രത്തിൽ സഹനടനായി എത്തുന്നുണ്ട്. വലുതും ചെറുതുമായ കഥാപാത്രങ്ങൾ പാരലൽ ആയി കൊണ്ടുപോകണം. വലിയ കഥാപാത്രങ്ങൾ ഒരുപക്ഷേ, പെെട്ടന്ന് കിട്ടാതായേക്കാം. അങ്ങനെ വന്നാൽ നേരെ സഹ കഥാപാത്രങ്ങളിലേക്കെത്തും. ചെറിയ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരുന്നാൽ മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കൂ. വലിയ കഥാപാത്രങ്ങൾ മാത്രം ചെയ്താൽ ചിലപ്പോൾ ഈ മേഖലയിൽനിന്നുതന്നെ പുറത്തായേക്കാം.
സിനിമ ഫീൽഡിൽ ഒരിക്കലും പ്രവചനങ്ങൾ സാധ്യമല്ല. എപ്പോൾ വേണമെങ്കിലും കയറ്റിറക്കങ്ങൾ സംഭവിക്കാം. സർക്കാർ ജോലിയല്ലല്ലോ... ജോയിൻ ചെയ്ത് ഒരു ക്രിമിനൽ ആക്ടിവിറ്റി ചെയ്തില്ലെങ്കിൽ വിരമിക്കുന്നതുവരെ സർക്കാർ ജോലിയിൽ തുടരാം. ശേഷം പെൻഷൻ ആനുകൂല്യവും നേടാം. എന്നാൽ, സിനിമ അങ്ങനെയല്ല, അതിൽ പരാജയങ്ങളുമുണ്ടാകാം. പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നയാളാണ് ഞാൻ. സിനിമയിൽ ആലോചിച്ചു വേണം ഓരോ തീരുമാനങ്ങളെടുക്കാൻ.
നായകൻ, ഹാസ്യതാരം, സഹനടൻ, വില്ലൻ... വ്യത്യസ്ത കഥാപാത്രങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട് താങ്കൾ. എന്താണ് ഈ കഥാപാത്രങ്ങളുടെയെല്ലാം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം?
ഒാരോ സിനിമയുടെ വിജയത്തിലും ഏറെ സന്തോഷിക്കാറുണ്ട്. ഓരോ ചിത്രത്തിനായി തയാറെടുക്കുമ്പോൾ മുതൽ ഈ ചിത്രം വിജയമാകണേ എന്ന ചിന്തയാണ് മനസ്സിൽ. ഓരോ ചിത്രത്തിന്റെ വിജയത്തിനും പ്രേക്ഷകരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ചിത്രങ്ങൾ വിജയിക്കുമ്പോൾ നമ്മുടെ സെലക്ഷൻ പ്രോസസിൽ സംതൃപ്തി തോന്നും. തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ഒരു പരിധിവരെ കുഴപ്പമില്ല എന്ന തോന്നലുണ്ടാകും. അതിനനുസരിച്ചാണ് മുന്നോട്ടുപോകുക. കഥ കൃത്യമായി കേട്ട് മനസ്സിലാക്കിയ ശേഷമാണ് ഓരോ ചിത്രവും തിരഞ്ഞെടുക്കുന്നത്. എല്ലാ കഥയും ആളുകൾക്ക് ഇഷ്ടപ്പെടണമെന്നില്ല. മലയാളത്തിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതുകൊണ്ടാണ് അവ ഹിറ്റ് ചിത്രങ്ങളാകുന്നത്. ഒരു കഥ കേൾക്കുമ്പോൾതന്നെ അത് എന്റർടെയ്ൻ ചെയ്യിക്കുന്നുണ്ടെങ്കിൽ, ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ പ്രേക്ഷകർക്കും ഇഷ്ടപ്പെടും എന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നത്. അതിലാണ് ഓരോ സിനിമയും ചെയ്യുന്നതും. കഥ മാത്രമാണ് മാനദണ്ഡം. കഥ ഇഷ്ടപ്പെട്ടാൽ സിനിമചെയ്യും. അവിടെ മുതിർന്ന സംവിധായകൻ, ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ, പുതുമുഖ സംവിധായകൻ തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ല. 2012ൽ ‘ട്രിവാൻഡ്രം ലോഡ്ജ്’ എനിക്ക് വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു.
‘ആട്’ സിനിമയിൽ അറയ്ക്കൽ അബുവിന്റെ വേഷത്തിൽ
അതിനുശേഷം ചെയ്ത മിക്ക ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. 75 ശതമാനവും –നായകനായി അഭിനയിച്ചതുൾപ്പെടെ പുതിയ സംവിധായകരായിരുന്നുവെന്ന് പറയാം. ‘ഉപചാരപൂർവം ഗുണ്ട ജയനി’ലായിരുന്നു വർഷങ്ങൾക്കുശേഷം വീണ്ടും ഒരു നായകനായി എത്തിയത്. അതിന്റെ സംവിധായകൻ അരുൺ വൈഗയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ‘ഉപചാരപൂർവം ഗുണ്ട ജയൻ’. സതീഷ് പോൾ സംവിധാനംചെയ്ത ചിത്രമായിരുന്നു ‘ഗാർഡിയൻ’. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ‘ഗാർഡിയൻ’. വിപിൻ ദാസിന്റെ സംവിധാനത്തിൽ ‘അന്താക്ഷരി’ എന്ന ചിത്രം ചെയ്തു. അദ്ദേഹത്തിന്റെയും രണ്ടാമത്തെ ചിത്രമായിരുന്നു. ‘ജാനകി ജാനേ’ അനീഷ് ഉപാസനയുടെ നാലാമത്തെ ചിത്രമാണ്. ‘പാപ്പച്ചൻ ഒളിവിലാണ്’ ആണ് ഏറ്റവും പുതിയ ചിത്രം. നവാഗതനായ സിന്റോ സണ്ണിയാണ് അതിന്റെ സംവിധായകൻ. ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തതും പുതുമുഖ സംവിധായകർക്കൊപ്പമാണെന്ന് പറയാം. കഥ മാത്രം കേട്ടാണ് ഓരോ ചിത്രവും തിരഞ്ഞെടുക്കുന്നത്. ആത്മവിശ്വാസം തോന്നുന്ന കഥാപാത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കുക.
ഓരോരുത്തർക്കും പറയാനുണ്ടാവും സിനിമയിലേക്ക് എത്തിപ്പെട്ടതിന്റെ കുറെയേറെ കഥകൾ. എങ്ങനെയായിരുന്നു സൈജുവിന്റെ സിനിമയിലേക്കുള്ള വരവ്?
ഓരോന്നും എനിക്ക് ബോണസ് കഥാപാത്രങ്ങളാണ്. സിനിമയിലേക്ക് ദൈവം അനുഗ്രഹിച്ചുവിട്ടതാണെന്ന് പറയും എന്നെ. എൻജിനീയറിങ് പഠനത്തിനുശേഷം എയർടെൽ കമ്പനിയിൽ തിരുവനന്തപുരത്ത് സെയിൽസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഒരിക്കൽ ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട്ടിൽ ഒരു കണക്ഷൻ നൽകാനായി പോയി. അദ്ദേഹം അഭിനയിക്കുമോ എന്ന് ചോദിച്ചു. എം.ജി. ശ്രീകുമാറാണ് എന്നെ സംവിധായകൻ ഹരിഹരൻ സാറിന് പരിചയപ്പെടുത്തുന്നത്. അദ്ദേഹം എന്നെ ‘മയൂഖ’ത്തിൽ നായകനായി തിരഞ്ഞെടുക്കുകയും ചെയ്തു. സിനിമയിൽ വന്നുകഴിഞ്ഞാൽ ആളുകൾക്ക് എന്റെ മുഖം പരിചയമാവും. അത് എന്റെ സെയിൽസിന് ഗുണം ചെയ്യും എന്നൊക്കെയായിരുന്നു അപ്പോൾ ചിന്തിച്ചുകൂട്ടിയത്. സിനിമയിലെത്തിപ്പെടാൻ വേണ്ടി ഒരിക്കലും ബുദ്ധിമുട്ടിയിട്ടില്ല. എന്നാൽ, ആദ്യ സിനിമ കഴിഞ്ഞതിനുശേഷം പ്രയാസങ്ങൾ അനുഭവിക്കാൻ തുടങ്ങി. ‘മയൂഖ’ത്തിൽ ഹരിഹരൻ സാർ എല്ലാം പറഞ്ഞുതന്നിരുന്നു. അഭിനയിക്കേണ്ടതെങ്ങനെയെന്ന് കൃത്യമായി കാണിച്ചുതരും. നമ്മൾ അത് പുനരാവിഷ്കരിച്ചാൽ മതി. എന്നാൽ, എപ്പോഴുമത് നടക്കില്ല. അന്ന് ‘മയൂഖ’ത്തിൽ നന്നായി അഭിനയിച്ചു എന്നായിരുന്നു എന്റെ വിശ്വാസം. എന്നാൽ, ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അന്നത്തെ എന്റെ പോരായ്മകളെല്ലാം എത്രത്തോളമായിരുന്നുവെന്ന് മനസ്സിലാകുന്നുണ്ട്. എങ്കിലും എന്നും ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന കഥാപാത്രങ്ങളിലൊന്ന് ‘മയൂഖ’ത്തിലെ ഉണ്ണി കേശവൻതന്നെയാണ്.
ഈ പ്രയാസങ്ങൾ കൊണ്ടുതന്നെ സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കാനായി. സിനിമ എന്താണെന്നും സിനിമ മേഖലയെക്കുറിച്ചും സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചും ഈ സമയത്തിനുള്ളിൽ പഠിച്ചു. ആദ്യ സിനിമ കഴിഞ്ഞ് എട്ടു വർഷത്തിനു ശേഷമാണ് ഒരു ബ്രേക്ക് കിട്ടുന്നത്. അഭിനയിച്ച ചിത്രങ്ങളിലെ ഓരോ കഥാപാത്രവും എന്റെ കാഴ്ചപ്പാടിൽ ബോണസാണ്. ആദ്യ സിനിമയിൽ ഹീറോയായി വന്ന് പിന്നീട് സഹനടനായി, ഇതിൽ വിഷമമുണ്ടോയെന്ന് ആളുകൾ ചോദിക്കും. എന്നാൽ, സിനിമയിൽ എത്തിപ്പെട്ടതുതന്നെ ഒരു ഭാഗ്യമായാണ് കരുതുന്നത്. അതും ഒരു ലെജൻഡ് സംവിധായകനൊപ്പം. ഒരു കഥാപാത്രത്തിന് എന്തെല്ലാം ഇമോഷൻസ് ഒരു സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിയുമോ അതെല്ലാം ‘മയൂഖ’ത്തിൽ ചെയ്തിരുന്നു. പാട്ടു പാടി, റൊമാൻസ് അവതരിപ്പിച്ചു, ഹീറോയായി, ആന്റി ഹീറോയായി. ഇതിൽ കൂടുതൽ എനിക്ക് എന്തുവേണം? ഒരു സിനിമ ബാക്ഗ്രൗണ്ടും ഇല്ലാതെ വന്ന എനിക്ക് ആദ്യ സിനിമയിൽതന്നെ ഇതെല്ലാം കിട്ടി. പിന്നീട് വന്ന കഥാപാത്രങ്ങളെല്ലാം ബോണസാണ്.
കുട്ടിക്കാലത്തെ കുടുംബചിത്രം
കുട്ടിക്കാലത്ത് സിനിമ കാണുന്ന സമയത്ത് എല്ലാവരും ചെയ്യുന്നപോലെ ഈ കഥാപാത്രം ഞാനായിരുന്നെങ്കിൽ എന്നൊക്കെ ചിന്തിച്ചുകൂട്ടിയിട്ടുണ്ട് എന്നല്ലാതെ സിനിമ ഒരു മോഹമായി കൊണ്ടുനടന്നിട്ടൊന്നും ഇല്ലായിരുന്നു. സഭാകമ്പം നന്നായിട്ടുണ്ട്. അതുകൊണ്ട് ഒരു വേദിയിലും പഠിക്കുന്ന കാലത്ത് പെർഫോം ചെയ്യാൻ കയറിയിട്ടുമില്ല. ഇപ്പോഴും സ്റ്റേജ് എനിക്ക് ഭയമാണ്. ഇന്ന് സ്കൂളിലും കോളജിലുമൊക്കെ പരിപാടിയിൽ സംസാരിക്കാൻ സ്റ്റേജിൽ കയറുമെന്നല്ലാതെ എന്നെ ഒരു സ്കിറ്റ് അവതരിപ്പിക്കാൻ വിളിച്ചാൽ എനിക്ക് പേടിയാണ്. അത് ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ല, അത് ഇത്ര സിനിമ ചെയ്തുകഴിഞ്ഞിട്ടും പറ്റില്ല. കാമറയുടെ മുന്നിൽ ഞാൻ ഒാകെയാണ്. പക്ഷേ, സ്റ്റേജ് ശരിയാവില്ല. അൽപം ഷൈ ആണ് ഞാനെന്ന് വേണമെങ്കിൽ പറയാം. ആരുമായും ഞാൻ വളരെ പെെട്ടന്ന് ഒത്തുപോകും എന്നതാണ് എന്റെ പ്ലസ് പോയന്റായി ഞാൻ കാണുന്നത്. പലവട്ടം വേദനിപ്പിച്ച ആൾക്കാരോട് മാത്രമേ അങ്ങനെ അല്ലാത്തതുള്ളൂ. ബാക്കി 99 ശതമാനം ആളുകളോടും സൗഹാർദത്തോടെതന്നെയാണ് ഇടപെടാറ്. ആരുടെയും കാര്യത്തിൽ അനാവശ്യമായി ഇടപെടാറുമില്ല.
ചോദിച്ചു വാങ്ങിയ കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടോ? അല്ലെങ്കിൽ എപ്പോഴെങ്കിലും ഒരു കഥാപാത്രം കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ?
ചാൻസ് ചോദിച്ച് കിട്ടിയ കഥാപാത്രമായിരുന്നു ‘ആട് ഒരു ഭീകരജീവിയാണ്’ സിനിമയിലെ അറയ്ക്കൽ അബു. അതിൽ വിജയ് ബാബുവിനോട് നന്ദിപറയണം. ‘ആട്’ പോലൊരു ചിത്രം പുറത്തിറക്കാൻ തീരുമാനിച്ചതിൽ മിഥുൻ മാനുവൽ തോമസിനെയും വിജയ് ബാബുവിനെയും സമ്മതിക്കേണ്ടിവരും. വിജയ് ബാബു ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ‘ആടി’ന് വേണ്ടി പണം മുടക്കാൻ കാണിച്ച ധൈര്യം, മാത്രമല്ല ആദ്യ ചിത്രമായ ‘ഓം ശാന്തി ഓശാന’യുടെ വൻ വിജയത്തിനു ശേഷമായിരുന്നു മിഥുൻ ‘ആട്’ സംവിധാനംചെയ്യാൻ തീരുമാനിച്ചത്. ‘ഓം ശാന്തി ഓശാന’യുടെ തിരക്കഥാകൃത്തായിരുന്നു മിഥുൻ മാനുവൽ തോമസ്. പാളിപ്പോകാവുന്ന വിഷയമാണ് ‘ആടി’ന്റേത്.
അതുകൊണ്ടുതന്നെ ഒന്നാം ഭാഗത്തിന് തിയറ്ററിൽ വിജയം നേടാൻ കഴിഞ്ഞില്ല. പിന്നീട് സോഷ്യൽ മീഡിയയിലൂടെ ‘ആടും’ അതിലെ കഥാപാത്രങ്ങളും വൻ ഹിറ്റായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം തിയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടി. എന്റെ കരിയറിൽ അറയ്ക്കൽ അബു ഒരു നാഴികക്കല്ലാണ്. എന്നെ അറയ്ക്കൽ അബുവെന്ന് വിളിക്കുന്നവർ ഒരുപാടുണ്ട്. കരിയറിൽ ഓരോ ഘട്ടത്തിലും ഓരോ മൈൽ സ്റ്റോണുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ‘ട്രിവാൻഡ്രം ലോഡ്ജ്’, പിന്നീട് ‘വെടിവഴിപാട്’, ‘1983’, ‘ആട്’, ‘പോക്കിരി സൈമൺ’, ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, ‘തീവണ്ടി’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘ഡ്രൈവിങ് ലൈസൻസ്’, ‘ജാനകി ജാനേ’, ‘മധുര മോഹം’ തുടങ്ങി ഒരുപാട് കഥാപാത്രങ്ങൾ. ഓരോന്നും ഓരോ നാഴികക്കല്ലായി കാണാനാണ് ഇഷ്ടം.
വിജയ സിനിമക്ക് പ്രത്യേക ഫോർമുലയുള്ളതായി കരുതുന്നുണ്ടോ?
ആളുകളെ ബോറടിപ്പിക്കാതെ എന്റർടെയ്ൻ ചെയ്യിക്കുക എന്നതു മാത്രമാണ് ഓരോ സിനിമയുടെയും വിജയത്തിനുള്ള വഴി. എങ്ങനെ എന്റർടെയ്ൻ ചെയ്യിപ്പിക്കുന്നു എന്നത് മറ്റൊരു വിഷയം. പല രീതിയിലും ആളുകളെ ആസ്വദിപ്പിക്കാം. ചിരിപ്പിച്ചോ കരയിപ്പിച്ചോ പേടിപ്പിച്ചോ ത്രില്ലടിപ്പിച്ചോ ആളുകളെ രസിപ്പിക്കാം. ഏതു രീതിയിൽ എന്നല്ല എങ്ങനെ എന്റർടെയ്ൻ ചെയ്യിപ്പിക്കാം എന്നാണ് നോക്കേണ്ടത്. ഹിറ്റ് സിനിമക്ക് ഒരു ഫോർമുലയുമില്ല. വെറുതെ ഒരു സിനിമ ചെയ്യാം എന്ന് നടൻമാരോ സംവിധായകരോ ടെക്നീഷ്യൻസോ ആരും ചിന്തിക്കാറില്ല. വളരെ ആത്മാർഥമായി വിജയിക്കണം എന്ന ലക്ഷ്യത്തോടെ മാത്രമേ ഓരോരുത്തരും സിനിമ ചെയ്യാനിറങ്ങൂ. ഓരോ സിനിമക്കും ഓരോ വിധിയായിരിക്കും. പ്രേക്ഷകരാണ് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ചില സിനിമകൾ വിജയിക്കുമെന്ന് ചിന്തിച്ചാലും വൻ പരാജയമാകാറുണ്ട്. ചില സിനിമകൾ അപ്രതീക്ഷിതമായി വൻ വിജയമാകുകയും ചെയ്യും.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ നിരവധി സിനിമകൾ റിലീസ് ചെയ്തുവരുന്നുണ്ട്. ഒരു സിനിമയുടെ വിജയത്തിൽ ഇന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നു തോന്നുന്നു. തിയറ്ററിൽ സ്പേസ് കിട്ടാത്ത പല ചിത്രങ്ങളും ഒ.ടി.ടിയിൽ വൻ ഹിറ്റുകളാകുന്നുണ്ട്...
ചില സിനിമകൾ ഒ.ടി.ടി കാണുന്നതാണ് നല്ലതെന്ന് പറഞ്ഞുകേൾക്കാം. അത് പലപ്പോഴും പതിയെ കഥ പറഞ്ഞുപോകുന്ന ചിത്രമായിരിക്കാം. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് തിയറ്ററിൽ ഇരുന്ന് ആസ്വദിക്കാൻ കഴിഞ്ഞുവെന്ന് വരില്ല. നല്ല വേഗതയിൽ കഥ പറഞ്ഞുപോകുന്ന ചിത്രമാണെങ്കിൽ അതിന് തിയറ്റർ എക്സ്പീരിയൻസായിരിക്കും നല്ലത്. തിയറ്ററിൽ അധികം വിജയമാകാതിരുന്ന ചിത്രങ്ങൾ ഒ.ടി.ടി കൂടുതൽ ആളുകൾ കാണുന്നതും അഭിപ്രായം പറയുന്നതും കേൾക്കാം. ഉദാഹരണത്തിന് ‘ജനമൈത്രി’യെന്ന ചിത്രം. തിയറ്ററിൽ വലിയ പ്രതികരണമുണ്ടാക്കിയില്ല. എന്നാൽ, ഒ.ടി.ടിയിൽ എത്തിയപ്പോൾ കൂടുതൽ പേർ കാണുകയും ആസ്വദിക്കുകയും ചെയ്തു. ‘മാളികപ്പുറം’ എന്ന ചിത്രം തിയറ്ററിലും ഒ.ടി.ടിയിലും കൂടുതൽ പേർ കാണുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നു. തിയറ്ററിൽ വലിയ ഹിറ്റായ ചിത്രം ഒ.ടി.ടിയിൽ വന്നപ്പോൾ പലർക്കും ഇഷ്ടമാകാതിരിക്കുകയും ചെയ്തിട്ടുണ്ട്. കാഴ്ചയിൽ രണ്ടുതരത്തിലുള്ള അനുഭവങ്ങളാണ് തിയറ്ററും ഒ.ടി.ടിയും സമ്മാനിക്കുന്നത്. തിയറ്റർ എക്സ്പീരിയൻസ് ഇഷ്ടമുള്ളയാളാണ് ഞാൻ. വലിയ സ്ക്രീനിൽ സിനിമ കാണാനാണ് ഇഷ്ടം. എല്ലാവർക്കും വീട്ടിൽ ഹോം തിയറ്റർ നിർമിക്കാൻ കഴിയില്ലല്ലോ.
ഒ.ടി.ടിയുടെ കാര്യം പറഞ്ഞപ്പോഴാണ്... അതിനിടെ ഒരു വെബ് സീരീസിൽ അഭിനയിക്കാനും എനിക്ക് അവസരം കിട്ടി. ഒരു താലൂക്ക് ഓഫിസിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങൾ കോർത്തിയിണക്കിയുള്ളതാണ് അതിന്റെ കഥ. സോണി ലിവാണ് സംപ്രേഷണം ചെയ്യുക. ‘ജയ് മഹേന്ദ്രൻ’ എന്നാണ് വെബ് സീരീസിന്റെ പേര്. ഡെപ്യൂട്ടി തഹസിൽദാറായ മഹേന്ദ്രനായി ഞാനെത്തുന്നു. ഒരു താലൂക്ക് ഓഫിസിൽ നടക്കുന്ന കഥയാണ്. പല ആവശ്യങ്ങൾക്കായി എല്ലാവരും താലൂക്ക്, വില്ലേജ്, കോർപറേഷൻ ഓഫിസിലെല്ലാം പോയിട്ടുണ്ടാകും. അവിടെ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയാണ് വെബ് സീരീസ് മുമ്പോട്ടുപോകുന്നത്. പുതുമുഖമായ ശ്രീകാന്ത് മോഹനാണ് ‘ജയ് മഹേന്ദ്രന്റെ’ സംവിധായകൻ. പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ റിജി നായരാണ് ഇതിന്റെ കഥ എഴുതിയിരിക്കുന്നത്. നവംബർ ഒന്നിന് സോണി ലിവിൽ വെബ് സീരീസ് സ്ട്രീമിങ് തുടങ്ങും.
സിനിമയും വെബ് സീരീസും തമ്മിൽ ഒരു വ്യത്യാസവുമുള്ളതായി തോന്നിയിട്ടില്ല. അഭിനയത്തിന്റെ കാര്യത്തിൽ രണ്ടും ഒരുപോലെതന്നെയായിരിക്കും. വലിയ ബജറ്റിൽ വെബ് സീരീസ് പുറത്തിറക്കാമെന്നത് മാത്രമാണ് പ്രത്യേകത. ഒരുപക്ഷേ നായകനാകുന്ന ഒരു ചിത്രത്തിനേക്കാൾ കൂടുതൽ തുക നായകനാകുന്ന വെബ് സീരീസിന് ലഭിക്കുമെന്നു മാത്രം. എപ്പിസോഡുകളായാണ് പുറത്തിറക്കുന്നതെന്നുള്ളതും ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് സ്ട്രീം ചെയ്യുകയെന്നതുമാണ് മറ്റൊരു വ്യത്യാസം. മറ്റെല്ലാം സിനിമപോലെതന്നെ.
താങ്കളുടെ പല കഥാപാത്രങ്ങളും ട്രോളുകളായി സമൂഹമാധ്യമങ്ങളിൽ ഇന്നും കറങ്ങിനടക്കുന്നുണ്ട്. ‘പ്രാരാബ്ധം സ്റ്റാറും’ ‘ഭീകരൻ അബു’വുമൊക്കെയാണ് അതിൽ ചിലത്. ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ?
ട്രോളുകൾ ഉണ്ടാകണമെന്നാണ് അഭിപ്രായം. ആളുകൾ ശ്രദ്ധിക്കുന്നതുകൊണ്ടാണല്ലോ ട്രോളുകൾ ഉണ്ടാകുന്നത്. യൂട്യൂബിൽ കുറെ റിവ്യൂവേഴ്സ് സിനിമ പുറത്തിറങ്ങി കഴിയുമ്പോൾ അഭിപ്രായം പറയും. ചിലർ സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം വിമർശിച്ചും പ്രശംസിച്ചും രംഗത്തെത്തും. വിമർശിക്കുമ്പോൾ ആദ്യം വിഷമം തോന്നിയാലും പണം മുടക്കി സിനിമ കണ്ടിട്ടാണല്ലോ അവർ അഭിപ്രായം പറയുന്നതെന്ന് ഓർക്കുമ്പോൾ സന്തോഷം തോന്നും. വളരെ അടുത്ത സുഹൃത്തുക്കൾപോലും ആദ്യ ദിവസം സിനിമ കാണണമെന്നില്ല. എന്നാൽ അവർ അതു കാണുന്നുണ്ടല്ലോ. അതിന് റിവ്യൂവേഴ്സിനെ അഭിനന്ദിക്കണം. ട്രോളുകൾ എന്നും ഓരോ അഭിനേതാക്കളെയും മുന്നോട്ടുകൊണ്ടുപോകുന്ന ഒന്നാണെന്നാണ് വിശ്വാസം. സിനിമകളിൽ ലൈവല്ലെങ്കിൽപോലും ട്രോളുകളിലൂടെ ലൈവായിട്ടുണ്ടാകും. അറയ്ക്കൽ അബുവിന്റെ ട്രോളിന്ശേഷം ‘പ്രാരാബ്ധംസ്റ്റാർ’ എന്നായിരുന്നു. അതൊക്കെ എൻജോയ് ചെയ്യുന്നുണ്ട്. അങ്ങനെയെങ്കിലും എന്നെയും കഥാപാത്രങ്ങളെയും ശ്രദ്ധിക്കുന്നുണ്ടല്ലോ. മാത്രമല്ല, എന്റെ ഓരോ കഥാപാത്രങ്ങളെയും അവർ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
നായകൻ, സഹനടൻ, വില്ലൻ, ഹാസ്യതാരം; ഏതായിരിക്കും സൈജു കുറുപ്പിന് ചെയ്യാൻ ബുദ്ധിമുട്ടുള്ള കഥാപാത്രം?
സഹനടനാണെങ്കിലും നായകനാണെങ്കിലും സീരിയസ് കഥാപാത്രമാണെങ്കിൽ അതാണ് എളുപ്പം. ഹാസ്യം ചെയ്യാനാണ് ഏറ്റവും പ്രയാസമെന്ന് തോന്നിയിട്ടുണ്ട്. കോമഡി ഉദ്ദേശിച്ച രീതിയിൽ വർക്കായില്ലെങ്കിൽ വൃത്തികേടാവും. പക്ഷേ, സീരിയസ് റോളുകളിൽ ആ പ്രശ്നമില്ല. സീരിയസ് കഥാപാത്രങ്ങൾ ഈസിയായതിനാൽതന്നെ അതാണ് ഏറ്റവും കംഫർട്ടബ്ൾ. ബേസിക്കലി ഞാനൊരു സമാധാനപ്രിയനാണ്. അധികം കഷ്ടപ്പെടാനും വയ്യ. അതുകൊണ്ടുതന്നെ സമാധാനത്തോടെ വലിയ പ്രയാസങ്ങളില്ലാതെ മുന്നോട്ടുപോകുന്ന കഥാപാത്രങ്ങൾ കിട്ടണമെന്നാണ് ആഗ്രഹം.
‘ഉപചാരപൂർവം ഗുണ്ട ജയനി’ലൊക്കെ കഥാപാത്രം സീരിയസ് ആണെങ്കിലും സന്ദർഭങ്ങൾ കോമഡി ആയിരുന്നു. ഇപ്പോൾ ഒരു സിനിമയിലും കൊമേഡിയൻ എന്ന കഥാപാത്രമില്ല. സാഹചര്യമാണ് കോമഡി സൃഷ്ടിക്കുന്നത്. ‘പ്രാരാബ്ധം സ്റ്റാറെ’ന്ന് എന്നെ വിളിക്കും. ഈ പ്രാരാബ്ധത്തിൽനിന്ന് ഒരുപാട് കോമഡിയുണ്ടാകും. കടം കയറി നിൽക്കുമ്പോഴും മറ്റും പല നിവൃത്തികേടുണ്ടാകും. അത് മറികടക്കാൻ ആ കഥാപാത്രം ചെയ്യുന്ന പലതും കോമഡിയായി മാറും. എന്നാൽ, അറയ്ക്കൽ അബു കുറച്ച് കാരിക്കേച്ചറിസ്റ്റാണ്. മറ്റുള്ളവയിൽ എല്ലാം സാഹചര്യമാണ് കോമഡിയാകുന്നത്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിൽ ഇടവേള സമയത്ത് ‘‘ആ സ്ത്രീയെ ഞാൻ രക്ഷിക്കാമെന്ന് പറഞ്ഞതായിരുന്നല്ലോ’’ എന്ന ഡയലോഗുണ്ട്. അത് യഥാർഥത്തിൽ വളരെ ഗൗരവമേറിയ സ്റ്റേറ്റ്മെന്റാണ്. എന്നാൽ, സിനിമയിൽ ആ സിറ്റുവേഷനിൽ ഡയലോഗ് പറയുമ്പോൾ ചിരിവരും. ഇതുപോലുള്ള കഥാപാത്രങ്ങളാണ് കൂടുതൽ തേടിവരുന്നതും ചെയ്യുന്നതും.
ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനി’ലെ പ്രസന്നൻ. നിഷ്‍കളങ്കതയിൽനിന്ന് വരുന്ന മണ്ടത്തങ്ങളുണ്ട്. അത് ഭയങ്കരമായി ആളുകളെ ആസ്വദിപ്പിക്കും. അറയ്ക്കൽ അബുവും പ്രസന്നനുമെല്ലാം നിഷ്കളങ്ക കഥാപാത്രങ്ങളാണ്. എന്നാൽ, ‘ഡ്രൈവിങ് ലൈസൻസി’ലെ ജെറി പെരിങ്ങോടായി എന്ന കഥാപാത്രം വളരെ കൗശലക്കാരനാണ്. അത് മറച്ചുവെക്കാൻ വേണ്ടി കാണിച്ചുകൂട്ടുന്ന നിരവധി മണ്ടത്തങ്ങളുണ്ട്. അതും പ്രേക്ഷകരെ ആസ്വദിപ്പിക്കും. പ്രസന്നൻ ശരിക്കും വെള്ളം കുടിപ്പിച്ച കഥാപാത്രമാണ്. പയ്യന്നൂർ സംസാരം അധികം വശമില്ലായിരുന്നു. എന്നാൽ, പ്രസന്നനായി അത് പറയേണ്ടിവന്നു. സിങ്ക് സൗണ്ടായിരുന്നു. അതിനാൽ പ്രോംപ്റ്റിങ് നടക്കില്ല. പയ്യന്നൂർ സംസാരം ഓർത്തുവെക്കുക എന്നത് പ്രയാസമായിരുന്നു. സാധാരണ ഡയലോഗാണെങ്കിൽ അത് ഓർത്തുവെച്ച് പറയാനാകും. പക്ഷേ, ഇത് അതേ സ്ലാങ്ങിൽ ഓർത്തുവെച്ച് പറയുകയെന്നത് ബുദ്ധിമുട്ടായിരുന്നു. അവിടേക്ക് ആടെ, ഇവിടേക്ക് ഈടെ തുടങ്ങിയവ ഉപയോഗിക്കേണ്ടിവരും. അവിടെ, ഇവിടെ എന്നെല്ലാം പറഞ്ഞു ശീലിച്ചതിനാൽ ആടെ, ഈടെയൊന്നും പെെട്ടന്ന് പറയാൻ കഴിയില്ല. അൽപം വെള്ളം കുടിച്ചെങ്കിലും അവസാനം അതിന്റെ റിസൽട്ട് നല്ലതായപ്പോൾ വളരെയധികം സന്തോഷമുണ്ടായിരുന്നു.
അതിനിടയിൽ തമിഴിലും എത്തി. അതും മറ്റൊരു പേരിൽ. അതിന്റെ പിന്നിലെ കഥയെന്താണ്?
‘തനി ഒരുവൻ’, ‘ആദി ഭഗവാൻ’, ‘മറുപടിയും ഒരു കാതൽ’, ‘സിദ്ധു +2’ തുടങ്ങിയവയാണ് തമിഴിൽ ചെയ്ത ചിത്രങ്ങൾ. അതിനുശേഷവും തമിഴിൽനിന്ന് നല്ല ഓഫറുകൾ വന്നിരുന്നു. എന്നാൽ, ഡേറ്റുകൾ ഒത്തുവരാത്തതിനാൽ ചെയ്യാൻ കഴിഞ്ഞില്ല. വിജയ് സേതുപതിയുടെ ചിത്രത്തിൽ രണ്ടുതവണ ഓഫറുകൾ വന്നിരുന്നു. വിജയിയുടെ ‘ബീസ്റ്റ്’, ജൂനിയർ എൻ.ടി.ആറിന്റെ പുതിയ ചിത്രം എന്നിവക്ക് ഓഫറുകൾ വന്നിരുന്നു. സമയമില്ലാത്തതിനാൽ അവയൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം അശോക് സെൽവന്റെ പുതിയ ചിത്രത്തിൽനിന്ന് ഓഫർ വന്നിട്ടുണ്ട്. ഡേറ്റ് വലിയ പ്രശ്നമില്ല. ചിലപ്പോൾ ആ ചിത്രം ചെയ്യാൻ സാധിച്ചേക്കും.
രക്ഷപ്പെടാൻവേണ്ടിയായിരുന്നു പേരുമാറ്റം. പേരു മാറ്റിയാൽ രക്ഷപ്പെടുമെന്നായിരുന്നു ചിന്ത. സൈജു കുറുപ്പെന്ന് പറഞ്ഞാൽ അവിടെ ആർക്കും മനസ്സിലാകുന്നില്ല. അവർ വേറെ എന്തൊക്കെയോ ആയിരുന്നു പേരിന് പകരം പറയുക. അങ്ങനെ പേര് മാറ്റണമെന്ന് വിചാരിച്ചു. മാറ്റുന്നുണ്ടെങ്കിൽ ന്യൂമറോളജിയൊക്കെ നോക്കി മാറ്റാമെന്നും കരുതി. അനിരുദ്ധ് എന്ന പേര് സ്വീകരിച്ചു. ആ സമയത്ത് നരേയ്നൊക്കെ പേരുമാറ്റി ഹിറ്റായിരുന്നു. നരേയ്ൻ രക്ഷപ്പെട്ടതുപോലെ പുതിയ പേരുകൊണ്ട് രക്ഷപ്പെട്ടാലോ എന്നും വിചാരിച്ചു. എങ്ങാനും ബിരിയാണി കിട്ടിയാലോ?.. പക്ഷേ, അതുകൊണ്ട് വലിയ കാര്യമൊന്നും ഉണ്ടായില്ല.
ഒന്നരവർഷം മലയാള സിനിമകൾ ചെയ്തിരുന്നില്ല. തമിഴ് സിനിമയായിരുന്നു. തമിഴ് സിനിമ ഉണ്ടായിരുന്നതുകൊണ്ട് മലയാള സിനിമ ചെയ്യാതിരുന്നതല്ല. മെയിൻ സ്ട്രീം സിനിമകൾ മലയാളത്തിൽ കിട്ടിയിരുന്നില്ല. ഇതോടെ, സിനിമയുമായി ബന്ധമുള്ള എന്തെങ്കിലും ചെയ്യണമേല്ലാ എന്നു കരുതിയായിരുന്നു ‘മൈ ഫാൻ രാമു’ ചെയ്തത്. നിഖിൽ കെ. മേനോൻ എന്ന സുഹൃത്തിനൊപ്പമായിരുന്നു ഈ ചിത്രത്തിനുള്ള ഒരുക്കങ്ങൾ. ചിത്രത്തിന്റെ രചനയും സംഭാഷണവും നിർവഹിച്ചു. രാജീവ് പിള്ളക്കൊപ്പം പ്രധാന വേഷംചെയ്തു. 2013ൽ ചിത്രം പുറത്തിറങ്ങി.
നിരവധി നവാഗത സംവിധായകരുടെ സിനിമകളിൽ താങ്കളെ കണ്ടിട്ടുണ്ട്. പലരും മടിക്കുന്ന ഒന്നുകൂടിയാണിത്. സിനിമ വിജയിച്ചില്ലെങ്കിലോ എന്ന പേടി തോന്നാറുണ്ടോ ഇങ്ങനെയുള്ള തിരഞ്ഞെടുപ്പിൽ?
നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് കൂടുതലും ചെയ്തുകൊണ്ടിരിക്കുന്നത്. ഇനി ചെയ്യാനുള്ളതും അങ്ങനെതന്നെ. ഒരു സിനിമ ചെയ്യാനായി അവർ നമുക്കുവേണ്ടി മാത്രം കാത്തിരിക്കുകയാണ്. അവർ മാത്രമല്ല, അവരെ ചുറ്റിപ്പറ്റി ഒരുപാടുപേരുണ്ടാകും. അവരുടെ അച്ഛനും അമ്മയും പങ്കാളിയും സുഹൃത്തുക്കളും ഉൾപ്പെടെ. അവരുടെയെല്ലാം പ്രാർഥനയുമുണ്ടാകാം. ഈ ചിത്രം സെപ്റ്റംബറിൽ ചെയ്യാനിരിക്കുമ്പോഴാകും തമിഴ് ചിത്രത്തിൽനിന്ന് ഓഫർ വരിക. നേരത്തേ വാക്ക് നൽകിയ ചിത്രത്തിൽനിന്ന് പിന്മാറുമ്പോൾ അവരുടെ മാനസികാവസ്ഥ ചിന്തിക്കണമല്ലോ. അതുകൊണ്ടുതന്നെ ഡേറ്റ് നൽകിയിട്ടുണ്ടെങ്കിൽ ആ ചിത്രം ചെയ്യുക. ഇല്ലെങ്കിൽ അതു മറ്റുള്ള ഒരുപാട് പേർക്കും വിഷമമുണ്ടാക്കും. എന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയുണ്ടാകരുതെന്ന നിർബന്ധവും ഉണ്ട്. മറ്റൊരു ചിത്രം ചെയ്യാനുള്ളതിനാൽ ഈ ചിത്രം ചെയ്യുന്നില്ല എന്ന് പറയുന്നതിൽ അർഥമില്ല.
സംവിധായകൻ എന്നാൽ അത്ര ചെറിയ ജോലിയല്ല. ഒരു സിനിമയെ മുഴുവൻ ചുമലിൽ ചുമക്കേണ്ടിവരും. ഒരുപാട് ബുദ്ധിമുട്ടും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവരും. ക്ഷമയും അത്രതന്നെ വേണം. അത് എനിക്കില്ല. നല്ല സിനിമകൾ ചെയ്യണം, പക്ഷേ സംവിധാനമോഹം ഒരിക്കലുമില്ല. ഇപ്പോൾ കഞ്ഞി കുടിച്ചു പോകുന്നുണ്ട്. നമുക്ക് ഓരോ സിനിമയിൽ അവസരം കിട്ടുന്നു. ആ സിനിമ നന്നാക്കാനും അഭിനയം നന്നാക്കാനും പരിശ്രമം ചെയ്യുന്നു. അതു മുന്നോട്ടുകൊണ്ടുപോകാനാണ് ഇഷ്ടം. ഈ ട്രാക്ക് മാറാനുള്ള ഒരു ആഗ്രഹവുമില്ല. ചിലപ്പോൾ എന്നെങ്കിലും ഒരു ചിത്രം നിർമിച്ചേക്കും. അത്രമാത്രം. മറ്റൊരു ഡിപ്പാർട്മെന്റിലും താൽപര്യമില്ല.
സൈജുകുറുപ്പിന്റെ കുടുംബ ചിത്രം
ആഗ്രഹമുള്ള കഥാപാത്രങ്ങളൊന്നും ഇനിയില്ല. ഒരുവിധം എല്ലാ ഏരിയയും കവർ ചെയ്തുകഴിഞ്ഞു. നല്ലവനായ ഹീറോ, നെഗറ്റിവ് ഹീറോ, നെഗറ്റിവ് വില്ലൻ, പോസിറ്റിവ് വില്ലൻ, നല്ല ഭർത്താവ്, മോശം ഭർത്താവ്, നല്ല സുഹൃത്ത്, മോശം സുഹൃത്ത്... തുടങ്ങി എല്ലാ ഇമോഷനുകളെയും കവർ ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്തുകഴിഞ്ഞു. എന്നാൽ, നല്ല സിനിമകൾ ഇനിയും ചെയ്യണം. നല്ല വ്യത്യസ്ത കഥാപാത്രങ്ങൾ ഇനിയും ചെയ്യണം.
മക്കളുടെ പേരിലുമുണ്ടല്ലോ ഒരു സിനിമ കണക്ഷൻ. ‘മയൂഖ’ക്കു പിന്നിൽ ‘മയൂഖം’ ആണോ?
മയൂഖ, അഫ്താബ് എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. മകളുടെ പേര് ‘മയൂഖം’ എന്ന ചിത്രത്തിൽനിന്നുള്ള പ്രചോദനമാണ്. മയൂഖ എന്നാൽ സൂര്യകിരണം എന്നാണ് അർഥം. അതുകൊണ്ടുതന്നെ സൂര്യന്റെ പര്യായമായ മറ്റൊരു പേര് മകനിടാം എന്നു വിചാരിച്ചു. സൂര്യൻ എന്നാണ് അഫ്താബ് എന്ന പേരിന്റെ അർഥം. അതൊരു അറബിക് പേരാണ്. പണ്ടത്തെ ഒരു ഹിന്ദി പാട്ടുണ്ട്, ‘‘ചൗദവിം കാ ചാന്ദ് ഹോ യാ ആഫ്താബ് ഹോ...’’ ചന്ദ്രനെയും സൂര്യനെയും ഒരേ സമയത്ത് പറഞ്ഞുപോകുന്നു. ‘അഫ്താബ്’ എന്ന പേര് ഇഷ്ടമായിരുന്നു. ഗൂഗ്ളിൽ ‘Ball of Fire’ എന്നാണ് അർഥം. അത് സൂര്യനാണല്ലോ.
വളരെ കോമണായ സൈജു എന്നു തുടങ്ങിയ പേര് മക്കൾക്കിടരുതെന്ന നിർബന്ധം എനിക്കും ഭാര്യ അനുപമക്കും ഉണ്ടായിരുന്നു. കേരളത്തിൽ സൈജു, ഷൈജു തുടങ്ങിയ പേരുകൾ വളരെ കോമണാണല്ലോ. ആലപ്പുഴ ചേർത്തലയിലെ പാണാവള്ളി ഗ്രാമത്തിലാണ് ജനിച്ചതും വളർന്നതും. അച്ഛൻ ഗോവിന്ദ കുറുപ്പ്, അമ്മ ശോഭന കുറുപ്പ്. നാഗ്പൂരിലെ ആർ.കെ.എൻ കോളജിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയശേഷം എയർടെൽ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അവിടെനിന്നാണ് സിനിമയിലെത്തിയത്.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.