സമൂഹമാധ്യമങ്ങളുടെ രംഗത്തായാലും വിവര സാങ്കേതികവിദ്യയുടെ മേഖലയിലായാലും ചാറ്റ്ജിപിടിയും തുടർന്നുവരുന്ന സംവിധാനങ്ങളും വലിയമാറ്റം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. ഇൗ പശ്ചാത്തലത്തിൽ ചാറ്റ്ജിപിടി ഉടമകളായ ഓപൺ എ.ഐയുടെ സി.ഇ.ഒ സംസാരിക്കുന്നു.
സ്വതന്ത്ര മൊഴിമാറ്റം: സഫ്വാൻ റാഷിദ്
അമേരിക്കയിലെ സാൻഫ്രാൻസിസ്കോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, ചാറ്റ്ജിപിടി ഉടമകളായ ഓപൺഎ.ഐയുടെ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറാണ് സാം ആൾട്ട്മാൻ. ചാറ്റ്ജിപിടി സജീവമാകുന്ന പശ്ചാത്തലത്തിൽ അദ്ദേഹവുമായി ഫോബ്സ് മാഗസിൻ ടെക്നോളജി സ്പെഷലിസ്റ്റുകളായ അലക്സ് കോൻറാഡ്, കെന്റിക് കെയ് എന്നിവർ സംസാരിച്ചു. ആ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ:
ജനപ്രീതി, വരുമാന സാധ്യതകൾ, മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം എന്നിവ വീക്ഷിക്കുമ്പോൾ ചാറ്റ്ജിപിടി ഒരു നിർണായക വഴിത്തിരിവിലാണെന്ന് തോന്നുന്നു. Open AI അതിന്റെ പ്രയാണത്തിൽ എവിടെയെത്തിയെന്നാണ് കരുതുന്നത്?
തീർച്ചയായും ഇതെല്ലാം എന്നിൽ ആവേശമുണർത്തുന്നു. പക്ഷേ, നമ്മളിപ്പോഴുമുള്ളത് പ്രാഥമിക ഘട്ടത്തിലാണ്. ഇത് ടെക്നോളജിയുടെ വളരെ ക്രമാനുഗതമായ വളർച്ചക്കും സമൂഹത്തിലുണ്ടാക്കുന്ന ഗുണകരമായ മാറ്റങ്ങൾക്കും വഴിയൊരുക്കും. ജിപിടി 3യുടെയും ഡാൽ-ഇയുടെയും (DALL-E) ലോഞ്ചിങ് സമയത്തും ഞങ്ങളിത് പറഞ്ഞിരുന്നു. പ്രാഥമിക ഘട്ടമായതുകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരുപാട് തെറ്റുകൾ നേരിട്ടേക്കാം. എന്തായാലും ഇത് സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന കണ്ടുപിടിത്തമാണ്.
ചാറ്റ്ജിപിടി നേടിയ പ്രതികരണം ആശ്ചര്യപ്പെടുത്തിയോ?
ഇതിന് വലിയ സാധ്യതയുണ്ടെന്ന് കരുതിതന്നെയാണ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. എങ്കിലും പ്രതികരണങ്ങളുടെ വ്യാപ്തി എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ജനം ഇതിനെ ഇനിയും ഒരുപാട് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ലോഞ്ചിങ് സമയത്ത് ഇതിന്റെ ടീമിലുള്ളവർക്കുപോലും വലിയ പ്രതീക്ഷയില്ലായിരുന്നു എന്നാണ് ഓപൺ എ.ഐ അധ്യക്ഷൻ ഗ്രെഗ് ബ്രോക്മാൻ എന്നോട് പറഞ്ഞത്..?
ഇതിനു പിന്നിൽ വലിയ കഥയുണ്ട്. ടീമിലുള്ളവരിൽ പലർക്കും ഇതിൽ വലിയ താൽപര്യം ഇല്ലായിരുന്നു. ശ്രമിച്ചുകൊണ്ടേയിരിക്കൂ, എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമല്ലോ എന്നാണ് ഞങ്ങളവരോട് പറഞ്ഞത്. കഠിനമായ സമ്മർദംതന്നെ ഞാൻ ഇതിനായി ചെലുത്തി. ഇത് ഫലപ്രാപ്തിയിലെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ചാറ്റ്ജിപിടി എങ്ങനെയാണ് കാര്യങ്ങൾ ചെയ്യുക എന്നത് എല്ലാവരെയും അമ്പരപ്പിക്കുമെന്ന് നിങ്ങൾ മുമ്പ് പറഞ്ഞിരുന്നു. ജനം ചാറ്റ്ജിപിടിയെ തെറ്റിദ്ധരിച്ചോ?
ചാറ്റ്ജിപിടിയുടെ ഒരു ബേസ് മോഡൽ പത്ത് മാസമായി എ.പി.ഐയിൽ (application programming interface) കിടക്കുന്നുണ്ടായിരുന്നു. (ചാറ്റ്ജിപിടി എന്നത് ജി.പി.ടി 3യുടെ പുതിയ പതിപ്പാണ്. 2020 ഏപ്രിലിൽ ഒരു എ.പി.ഐ ആയി റിലീസ് ചെയ്തിരുന്നു). പക്ഷേ, കൂടുതൽ സ്വീകാര്യതക്കുവേണ്ടി ചാറ്റ്ജിപിടിയിൽ കാര്യമായ ക്രമപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. പക്ഷേ, ഇത് പുതിയ ടെക്നോളജിയല്ല. പക്ഷേ, ആളുകൾ അത് ശരിയായി മനസ്സിലാക്കിയില്ല. ഒരുപാട് ആളുകൾ ഇപ്പോഴും ഞങ്ങളെ വിശ്വസിക്കുന്നില്ല. ഇത് ജിപിടി 4 ആണെന്നാണ് അവർ മനസ്സിലാക്കുന്നത്.
എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഇക്കോസിസ്റ്റത്തിൽ ഉണ്ടായിരിക്കുന്ന വേലിയേറ്റം നിങ്ങൾക്ക് അനുകൂലമായാണോ പ്രതികൂലമായോണാ ഭവിക്കുക?
രണ്ടു രീതിയിലും സംഭവിക്കാം.
എ.ഐ മേഖലയിൽ ഒരു പുതിയ വ്യവസ്ഥ രൂപപ്പെടുന്നുവെന്ന് കരുതുന്നുണ്ടോ? ഓപൺഎ.ഐ അല്ലാത്ത കമ്പനികളും പ്രധാനപ്പെട്ടവ ചെയ്യുന്നില്ലേ?
അതെ, ഇത് വലിയ കാര്യമാണ്. ഇവിടെ പരസ്പരബന്ധിതമായ ഒരു പുതിയ ആവാസവ്യവസ്ഥ രൂപപ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. വിവിധ എ.ഐ.ജികൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗ്രൂപ്) ഒേരസമയം ഉണ്ടാകേണ്ടതുണ്ട്. ഞാനവരെയെല്ലാം സ്വാഗതം ചെയ്യുന്നു.
ഗൂഗിൾ സെർച് പോലുള്ള പരമ്പരാഗത സെർച് എൻജിനുകളെ ചാറ്റ്ജിപിടി റീേപ്ലസ് ചെയ്യുന്നത് ജനങ്ങൾ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ആശ്ചര്യമുണ്ടാക്കുന്നുണ്ടോ?
ചാറ്റ്ജിപിടി സെർച് എൻജിനുകളെ റീേപ്ലസ് ചെയ്യുന്നുവെന്ന് കരുതുന്നില്ല. പക്ഷേ, ഒരിക്കൽ ഏതെങ്കിലും എ.ഐ സിസ്റ്റം അത് ചെയ്യുമെന്ന് ഞാൻ കരുതുന്നു. കേവല ‘സെർച്’ എന്നതിലുപരിയായി എന്തും വരും എന്നാണ് ഞാൻ ചിന്തിക്കുന്നത്. വെബ് സെർച്ചുകൾക്ക് മുമ്പ് നമ്മളെന്താണ് ചെയ്തിരുന്നതെന്ന് എനിക്ക് ഓർമയില്ല. ഞാൻ ചെറുപ്പക്കാരനാണ്.
ഫോബ്സ് മാഗസിൻ ഫോട്ടോഗ്രാഫിക് സെഷൻ ആവശ്യപ്പെട്ടെങ്കിലും സാം ആൾട്ട്മാൻ അത് നിരസിച്ചു. തുടർന്ന് സാം ആൾട്ട്മാന്റെ തന്നെ നിയന്ത്രണത്തിലുള്ള ഡാലെ (DALL-E) എ.ഐ ടൂൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ചിത്രം. സ്വന്തം മുഖചിത്രമുള്ള മാഗസിൻ സാം ആൾട്ട്മാൻ പ്രദർശിപ്പിക്കുന്നതാണ് ചിത്രം
എന്റെ കുട്ടിക്കാലത്ത് വീട്ടിൽ ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയയുടെ ഒരു സീഡിയുണ്ടായിരുന്നു.
അതെ. എനിക്കോർമയുണ്ട്. പക്ഷേ, എൻൈസക്ലോപീഡിയയുടെ മികച്ച ഒരു പതിപ്പ് ഉണ്ടാക്കുമെന്ന് ആരും പറഞ്ഞുകേട്ടിരുന്നില്ല. നിങ്ങളിപ്പോഴും സെർച് എൻജിൻ എന്ന ആശയത്തിൽതന്നെ നിൽക്കുന്നു. എൻസൈക്ലോപീഡിയയിൽനിന്നും വളരെ വ്യത്യസ്തമായ പ്രവർത്തനരീതിയുമായാണ് സെർച് എൻജിനുകൾ വന്നത്. അതുപോലെ സെർച് എൻജിനുകളുടെ സ്വഭാവത്തിൽനിന്നും വളരെയധികം വ്യത്യസ്തമായ മറ്റൊരു അനുഭവമാണ് ചാറ്റ് ജിപിടി നൽകുന്നത്.
സെർച് എൻജിനുകളെ എ.ജി.ഐ മറികടക്കുമോ? അതോ അതിനുമുമ്പ് മറ്റെന്തെങ്കിലും?
എല്ലാം അടുത്തുതന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പൂർണലക്ഷ്യത്തിലേക്ക് നമ്മൾ എത്തിയിട്ടുണ്ടോ? അതിലേക്ക് എത്തിയെന്ന് എങ്ങനെ അറിയാനാകും?
ഇല്ല. എ.ജി.ഐയോട് വളരെ അടുത്താണെന്ന് ഞങ്ങൾ ചിന്തിക്കുന്നില്ല. ഈ ചോദ്യം ഞാൻ പലതവണയായി കേൾക്കുന്നുണ്ട്. ഇതൊന്നും ഒരിക്കലും വളരെ വ്യക്തമായി പറയാൻ കഴിയുകയില്ല. എ.ജി.ഐയിലേക്കുള്ള പ്രവേശനം വളരെ സാവധാനമേ സാധിക്കൂ. ഒരു ‘സ്ലോ ടേക് ഓഫ്’. പൂർണത എപ്പോൾ കൈവരിക്കുമെന്ന് പറയാൻ ആർക്കും സാധിക്കില്ല.
ഗ്രെഗ് ബ്രോക്മാൻ പറയുന്നത് ഓപൺഎ.ഐ മുതലാളിത്ത താൽപര്യങ്ങൾക്ക് വിരുദ്ധമല്ല എന്നാണ്. നിക്ഷേപകരുടെ താൽപര്യങ്ങളെയും മുതലാളിത്തവിരുദ്ധമെന്ന് തോന്നുന്ന ഓപൺ എ.ഐയുടെ ലക്ഷ്യത്തെയും ഒരേസമയം എങ്ങനെയാണ് പരിഗണിക്കുന്നത്?
മുതലാളിത്തം മികച്ച രീതി തന്നെയാണ്. എനിക്കത് ഇഷ്ടവുമാണ്. ലോകത്തെല്ലായിടത്തുമുള്ള മോശം സിസ്റ്റങ്ങളിൽ വെച്ച് അത് മികച്ച ഒന്നാണെന്ന് പറയാം. അല്ലെങ്കിൽ മോശം പ്രവണതകൾ ഏറ്റവും കുറഞ്ഞ ഒന്നാണെന്ന് പറയാം. ഇതിനേക്കാൾ മെച്ചപ്പെട്ടത് ഒന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എ.ജി.ഐ പൂർണമായും സംഭവിക്കുകയാണെങ്കിൽ അത് മുതലാളിത്ത സങ്കൽപങ്ങളെ മറികടന്നേക്കാം.
മറ്റേതൊരു കോർപറേറ്റ് ഘടനയേക്കാളും മികച്ചതൊന്നുണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഞങ്ങൾ ചെയ്യുന്നതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഒരു വലിയ ടെക് കമ്പനിയായിട്ടുതന്നെയാണ് ഇതിനെ പരിഗണിക്കുന്നത്. പൂർണമായ ഒരു എ.ജി.ഐ കിട്ടുകയും നിലവിലുള്ളതിനേക്കാൾ മുന്നിലെത്തുകയും ചെയ്താൽ ഞങ്ങൾ കമ്പനിയുടെ ഘടനയിൽ മാറ്റംവരുത്തും. ഞങ്ങൾ ടീമും നിക്ഷേപകരും എല്ലാം ഇതിനെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. എ.ജി.ഐ പൂർണലക്ഷ്യത്തിലെത്തിയാൽതന്നെ ഞങ്ങളുടെ കമ്പനിയോ ലോകത്തിലെ മറ്റേതെങ്കിലും കമ്പനിയോ എ.ഐ മേഖലയെ ഒന്നാകെ കൈപ്പിടിയിലാക്കുമെന്ന് കരുതുന്നില്ല.
മൈക്രോസോഫ്റ്റുമായും സി.ഇ.ഒ സത്യ നദല്ലയുമായുമുള്ള ബന്ധത്തെക്കുറിച്ച് ആളുകൾക്കുള്ള വേവലാതികളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എല്ലാ ഡീലുകളും ഞങ്ങൾ ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്. മൈക്രോസോഫ്റ്റുമായുള്ള ഡീൽ ഞങ്ങളുടെ മിഷൻ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സത്യ നദല്ലയും മൈക്രോസോഫ്റ്റും ഗംഭീരമാണ്. ഞങ്ങളുടെ മൂല്യങ്ങളുമായി ഏറ്റവുമധികം ചേർന്നുപോകുന്ന കമ്പനിയാണ് അവർ. ഞങ്ങളെപ്പോഴും അവരോട് പറയാറുണ്ട്. ‘‘ഇപ്പോൾ ചെയ്യാൻ പോകുന്ന ഈ വിചിത്ര ഡീൽ നിങ്ങൾ വെറുക്കും. ഒരു സ്റ്റാൻഡേഡ് ഡീലിൽനിന്നും വളരെ വ്യത്യസ്തമാണിത്. കാര്യമായ ലാഭമില്ല, സുരക്ഷ മാനദണ്ഡങ്ങൾക്കപ്പുറവുമാണ്.’’ എന്നിട്ടും അവർക്ക് കുഴപ്പമില്ലായിരുന്നു.
ഒാപൺഎ.െഎ സി.ഇ.ഒ സാം ആൾട്ട്മാനും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദല്ലയും
കമ്പനിയുടെ ദൗത്യങ്ങൾ കച്ചവട സമ്മർദങ്ങളും ലാഭേച്ഛയെക്കുറിച്ചുള്ള യാഥാർഥ്യങ്ങളുമായി സംഘട്ടനത്തിൽ ഏർപ്പെടുമെന്ന് കരുതുന്നുണ്ടോ?
ഒരിക്കലുമില്ല. എന്നെക്കുറിച്ച് മറ്റുള്ളവരോട് ചോദിച്ചുനോക്കൂ. എനിക്ക് വേണ്ടാത്ത ഒന്നിനോടും ഞാൻ രാജിയാകാറില്ല. എനിക്ക് അങ്ങെന തോന്നുന്ന ഒരു ഡീൽ ഞാൻ ചെയ്യുകയുമില്ല.
ഇതിൽനിന്നും ലാഭം ഉണ്ടാക്കില്ല എന്നു പറയാൻ നിങ്ങൾ സന്യാസിമാർ ഒന്നുമല്ല. അതേസമയം തന്നെ നിങ്ങൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരാണെന്നും തോന്നിക്കുന്നു...
രണ്ടിനുമിടയിലെ ഒരു ബാലൻസാണ്. നിക്ഷേപകർക്ക് ലാഭം കിട്ടുക എന്നത് ഒരു ലക്ഷ്യം തന്നെയാണ്. എങ്കിലും മൊത്തമായി വാണിജ്യവത്കരിക്കില്ല. സമ്പൂർണ എ.ജി.ഐ യാഥാർഥ്യമായാൽ സാമ്പത്തികമുണ്ടാക്കാനുള്ള മറ്റൊരു മോഡൽ വേണ്ടിവരും.
ചാറ്റ് ജി.പി.ടിയുമായി ബന്ധപ്പെട്ട് ആളുകൾ ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവുമധികം ആകർഷിച്ചത് എന്താണ്? എ.ഐ മേഖലയിൽ ഭയപ്പെടുത്തുന്ന കാര്യങ്ങളും ഇല്ലേ?
ഏറ്റവും ആകർഷിക്കുന്ന കാര്യം തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജനങ്ങൾ വൈവിധ്യമായ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. വ്യക്തിപരമായി ഞാൻ കണ്ടെത്തിയ കാര്യങ്ങൾ പറയാം. കാര്യങ്ങൾ ചുരുക്കി വിവരിക്കുന്നതിൽ ഞാൻ ചിന്തിച്ചതിനേക്കാൾ ഉപകാരപ്രദമാണിത്. വലിയ ലേഖനങ്ങളും നീണ്ട ഇ-മെയിലുകളും സംഗ്രഹിക്കുന്നതിൽ ഏറെ ഉപകാരപ്രദമാണ്. കോഡിങ്ങിലെ തെറ്റുകൾ കണ്ടുപിടിക്കുന്നത് കാണുമ്പോൾ ഒരു ബ്രില്യന്റ് പ്രോഗ്രാമറോടാണ് സംസാരിക്കുന്നതെന്ന് തോന്നാറുണ്ട്.
ഭയപ്പെടുത്തുന്ന കാര്യങ്ങളുമുണ്ട്. ഇമേജ് ജനറേറ്ററുകൾ ഉപയോഗിച്ചുകൊണ്ട് അശ്ലീല ചിത്രങ്ങൾ നിർമിക്കുന്നത് വലിയ പ്രാധാന്യത്തോടെ ഞാൻ നിരീക്ഷിക്കുന്നുണ്ട്. ആളുകളുടെ സമ്മതമില്ലാതെ തന്നെ അവരുടെ അശ്ലീല ചിത്രങ്ങളുണ്ടാക്കാൻ സാധിക്കും. ഇതിൽ വലിയ അപകടം മണക്കുന്നുണ്ട്.
ഇത്തരം ടൂളുകൾ നിർമിക്കുന്ന കമ്പനികൾക്ക് ഇത്തരം കാര്യങ്ങൾ തടയുന്നതിനുള്ള ഉത്തരവാദിത്തങ്ങളില്ലേ? അതോ മനുഷ്യരുള്ളിടത്തോളം ഇവ തുടരുമെന്നാണോ?
രണ്ടു പേർക്കും തുല്യ ഉത്തരവാദിത്തമുണ്ട്. നിങ്ങളിത് ചെയ്യാൻ പാടില്ല, നിയന്ത്രണം വേണം എന്നൊക്കെ നിങ്ങൾക്ക് കമ്പനികളോട് പറയാൻ സാധിക്കും. ഉപഭോക്താക്കളും കമ്പനികളും തമ്മിലുള്ള കൂട്ടുത്തരവാദിത്തത്തിലൂടെയല്ലാതെ ഇത്തരം കാര്യങ്ങൾ ഒരിക്കലും പരിഹരിക്കാനാകില്ല.
♦
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.