സവർണ സമുദായങ്ങൾക്കുള്ള ‘സാമ്പത്തിക സംവരണം ’ സുപ്രീംകോടതി അംഗീകരിച്ചതിലൂടെ എന്തു സംഭവിക്കും? സവർണ സംവരണം സവർണക്കായി ഭരണകൂടം നടത്തുന്ന വിവേചനമായി മാറിയോ? പിന്നാക്കാവസ്ഥ എന്നതിന്റെ നിർവചനം എന്താണ്? - ഡൽഹി സ്കൂൾ ഒാഫ് ഇക്കണോമിക്സിൽ സാമൂഹ്യശാസത്ര അധ്യാപകനും ചിന്തകനും എഴുത്തുകാരനുമായ പ്രഫ. സതീഷ് ദേശ്പാണ്ഡെ സംസാരിക്കുന്നു.
കേട്ടെഴുത്ത്: മുഅ്മിൻ | മൊഴിമാറ്റം: മൻഷാദ് മനാസ്
ജാതിയുടെയും സംവരണത്തിന്റെയും ബലതന്ത്രങ്ങൾ ഇന്ത്യൻ സമകാലികതയെ മാറ്റിമറിക്കുന്നതും നമ്മുടെ ജനാധിപത്യത്തെ തുറന്നുകാണിക്കുന്നതും എങ്ങനെ എന്ന് ചർച്ചചെയ്യുകയാണ് ഈ സംഭാഷണം. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സോഷ്യോളജി പ്രഫസറായ സതീഷ് ദേശ്പാണ്ഡെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ‘കണ്ടംപററി ഇന്ത്യ: എ സോഷ്യോളജിക്കൽ വ്യൂ’ എന്ന അദ്ദേഹത്തിന്റെ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച റിസർവേഷൻ സമ്മിറ്റിൽ പങ്കെടുക്കുന്നതിന് എത്തിയ സതീഷ് ദേശ്പാണ്ഡെയുമായി ഡോ. സാദിഖ് പി.കെ. നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ...
ഇ.ഡബ്ല്യൂ.എസ് സംവരണ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെടുത്തി തുടങ്ങാം. ജാതിയുടെയും സംവരണത്തിന്റെയും മേൽ ഈ വിധിയുണ്ടാക്കാൻ പോകുന്ന ആഘാതങ്ങളെക്കുറിച്ച് താങ്കൾക്കെന്താണ് തോന്നുന്നത്?
ഒരുപക്ഷേ പലരും വിശ്വസിക്കുന്നതിന് വിരുദ്ധമായി, സംവരണത്തിന്റെ ചരിത്രമല്ല ജാതിയുടെ ചരിത്രം; ജാതിയുടെ ചരിത്രം കുറേക്കൂടി വിശാലമാണ്. പക്ഷേ അതേസമയം സംവരണത്തിന്റെ ചരിത്രം നമ്മുടെ രാജ്യത്തെ ജാതിയുടെ ചരിത്രത്തിൽ വളരെ പ്രധാനമാണുതാനും, കാരണം സംവരണമെന്ന ആശയം ഇന്ത്യയിൽ ജാതിയുമായി ബന്ധപ്പെട്ടതും അതിനാൽ സാധാരണക്കാരെ സംബന്ധിച്ച് പ്രത്യയശാസ്ത്രപരമായി പ്രധാനവുമാണ്. ഒരു ആശയമെന്ന നിലയിൽ സംവരണത്തിനു മേൽ ഈ കോടതിവിധിയുണ്ടാക്കുന്ന ആഘാതങ്ങളിലേക്ക് ആദ്യം വരാം. എന്റെ അഭിപ്രായത്തിൽ 1921ൽ മദ്രാസ് പ്രസിഡൻസി സമുദായങ്ങൾക്കും ജാതികൾക്കുമിടയിൽ തൊഴിലുകളും സീറ്റുകളും വിതരണം ചെയ്യുന്നതിനായി നടപ്പാക്കിയ കമ്യൂണൽ ഗവണ്മെന്റ് ഓർഡറിലേക്കാണ് (കമ്യൂണൽ ജി.ഒ) ഈ തീരുമാനം നമ്മെ കൊണ്ടുപോവുന്നത്.
ഇ.ഡബ്ല്യൂ.എസ് വിധി കൂടുതൽ സംവരണങ്ങളിലേക്കുള്ള വാതിൽ തുറക്കുകയും അല്ലെങ്കിൽ നിലവിലെ സംവരണത്തിന്റെ വിതരണത്തിൽ മാറ്റം കൊണ്ടുവരുകയുമാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ, വിരോധാഭാസമെന്നു പറയട്ടെ, ‘unreserved’ വിഭാഗമാണ് വംശഹത്യാഭീഷണി നേരിടുന്ന ഒരു ജീവിവിഭാഗമായി നിലവിൽ മാറിയിരിക്കുന്നത്! കാരണം എല്ലാവരും ഉന്നം വെക്കുന്നതും അതാണ്, ചിലരെങ്കിലും അതിൽ വിജയിക്കുകയും ചെയ്യും. അതുകൊണ്ട് തത്ത്വത്തിൽ, നിലവിലുള്ള അവസ്ഥയെക്കാൾ താരതമ്യേന മോശമല്ലാത്ത, കമ്യൂണൽ ജി.ഒ എന്നതിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നതെന്ന് പറയാം. പക്ഷേ ജാതിയെ ക്രമേണ ഉന്മൂലനം ചെയ്യുക എന്നോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ഭൗതിക-സാമൂഹിക അസമത്വത്തിന്റെ കാര്യത്തിൽ ജാതിയെ അപ്രസക്തമാക്കുക എന്നോ ഉള്ള ലക്ഷ്യം ഉപേക്ഷിക്കപ്പെടും എന്നുള്ളതാണ് പിന്നീടുള്ള മുഖ്യ പ്രശ്നം. ഈ വിധിയോടുകൂടി സുപ്രീംകോടതി മുമ്പ് നിശ്ചയിച്ചിരുന്ന 50 ശതമാനമെന്ന പരിധി ഇപ്പോൾ ഒരു പ്രശ്നമെല്ലന്ന രീതിയിൽ തിരിച്ചെടുത്തിരിക്കുകയാണ്. അത് പോയിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, സാമ്പത്തികാടിസ്ഥാനത്തിൽ മാത്രം നിർവചിക്കപ്പെട്ടിരിക്കുന്ന ഇ.ഡബ്ല്യു.എസ് പോലെ ഒന്നിൽനിന്ന് ചില പ്രത്യേക ജാതിവിഭാഗങ്ങളെ – അവരുടെ ജാതി സ്വത്വം ഒന്നിന്റെ പേരിൽ മാത്രം – പുറത്തുനിർത്തിയതിന് ഭരണഘടനാപരമായി സാധ്യത കണ്ടെത്തിയതെങ്ങനെ എന്നതിൽ എനിക്കിപ്പോഴും അത്ഭുതമുണ്ട്. ഇനി എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾ ഈ സാമ്പത്തിക മാനദണ്ഡത്തിന് കീഴിൽ വന്നാൽപോലും ഇ.ഡബ്ല്യൂ.എസ് സംവരണത്തിൽനിന്ന് അവർ പുറത്താക്കപ്പെടും. അവരല്ലാതെ തന്നെ സംവരണീയരാണ് എന്നാണ് ഇതിന് പറഞ്ഞിരിക്കുന്ന കാരണം. എസ്.സി/എസ്.ടി/ഒ.ബി.സി സംവരണവും ഇ.ഡബ്ല്യൂ.എസ് സംവരണവും തമ്മിലും തത്ത്വത്തിലും നിയമപരമായും ഒരു വ്യത്യാസവുമില്ലെന്നുകൂടി 103ാം ഭേദഗതിയെ അംഗീകരിച്ച ജഡ്ജിമാർ വാദിക്കുന്നു എന്നുകൂടിയാണ് ഇതിന്റെ അർഥം. സുപ്രീംകോടതിയുടെ വിധിയോടെ ജാതിസംവരണവും സാമ്പത്തികമായ പ്രതികൂല സാഹചര്യവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
പ്രഫ. സതീഷ് ദേശ്പാണ്ഡെ
സുപ്രീംകോടതിയിൽ ഈ നിയമത്തിന് ലഭിച്ചിരിക്കുന്ന അംഗീകാരം അർഥമാക്കുന്നത് – വിയോജിച്ചുകൊണ്ടുള്ള ജസ്റ്റിസ് ഭട്ടിന്റെ വിധിയിൽ എഴുതിയിരിക്കുന്നതുപോലെ – സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി, സാമൂഹികമായി വിവേചനം നേരിടുന്നുവെന്ന് ഒരുതരത്തിലും വാദിക്കാൻ കഴിയാത്ത ചില സവർണ ജാതി സമുദായങ്ങൾക്ക് അനുകൂലമായി ഇന്ത്യൻ ഭരണകൂടം വിവേചനം കാണിക്കാൻ പോകുന്നുവെന്നാണ്. വാസ്തവത്തിൽ, വിവേചനം കാണിക്കുന്നവരാണ് ഈ ജാതികൾ (അവർ മാത്രമല്ലെങ്കിലും). മുമ്പൊരിക്കലും സംഭവിക്കാത്തതാണിത്. സംഭവിച്ചിട്ടുണ്ടെങ്കിൽതന്നെ, മേൽജാതി സമുദായങ്ങൾ സ്വാഭാവികമായി കൈവശംവെച്ചിരിക്കുന്ന പ്രാപ്തിയെയും അധികാരത്തെയും പരിമിതപ്പെടുത്താൻ നമ്മുടെ നീതിന്യായ വ്യവസ്ഥ ശ്രമിച്ചിരുന്നു. ഇതാദ്യമായാണ് അവർക്ക് പ്രത്യേകമായൊരു അവകാശം വകവെച്ചു നൽകുന്നത്. സാങ്കേതികമായി അഷ്റഫി മുസ്ലിംകളും മേൽജാതി ക്രിസ്ത്യാനികളും ഇതിന് യോഗ്യരാണെങ്കിലും ‘‘അഷ്റഫി മുസ്ലിംകളെ സംബന്ധിച്ച് ഇ.ഡബ്ല്യൂ.എസ് ഒരു നല്ല അവസരമാണെന്ന്’’ നിങ്ങളാരോടെങ്കിലും പറഞ്ഞാൽ എന്ത് സംഭവിക്കും, ആരുമത് വിശ്വസിക്കാൻ പോകുന്നില്ല. പ്രകടമായും ഇത് മേൽജാതികളുടെ പ്രത്യേക മണ്ഡലത്തെ മാത്രം ഉദ്ദേശിച്ചുള്ളതും, എട്ട് ലക്ഷം പരിധി എന്നത് എല്ലാർക്കുമറിയാവുന്നതുപോലെ മേൽജാതി ജനസംഖ്യയുടെ ഭൂരിഭാഗത്തെയും ഉൾക്കൊള്ളുന്ന ഒരു പ്രഹസനവുമാണ്.
എന്നെ സംബന്ധിച്ച്, ഇന്ദിര സാഹ്നി കേസിലെ സുപ്രീംകോടതിയുടെ തന്നെ ഒമ്പതംഗ ബെഞ്ചിന്റെ വിധിയെ ഇത് അട്ടിമറിച്ചു എന്നുള്ളതാണ് മറ്റൊരു പ്രധാന സംഗതി. സാമ്പത്തിക മാനദണ്ഡം മാത്രം സംവരണവിഷയത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് പ്രസ്തുത കോടതി വിധി വ്യക്തമാക്കി പറയുന്നുണ്ട്. ആ വിധിപ്രകാരം സാമ്പത്തികനിലയുടെ മാത്രം അടിസ്ഥാനത്തിൽ സംവരണം നൽകുക സാധ്യമല്ല. അതുകൊണ്ട് സംവരണ ചരിത്രത്തെ മുൻനിർത്തി നോക്കുമ്പോൾ, സംവരണത്തിന്റെ രൂപം അതിന്റെ അന്തസ്സത്തയെ കീഴടക്കിയിരിക്കുന്നു എന്ന് ഇ.ഡബ്ല്യൂ.എസ് വിധി തെളിയിച്ചിരിക്കുന്നു. സംവരണത്തിന്റെ ആ രൂപമാണ് – സംവരണ ക്വോട്ട – എല്ലാ വിഭാഗങ്ങൾക്കും വേണ്ടത്. സാമൂഹിക നീതി പരിഗണിച്ചു നോക്കുമ്പോഴും യുക്തിപരമായി നോക്കുമ്പോഴും, ഞാനൊരു നിയമജ്ഞനല്ലാത്തതിനാൽ ഉറപ്പിക്കാൻ കഴിയില്ലെങ്കിലും, നിയമപരമായി നോക്കുമ്പോഴും പ്രശ്നത്തെക്കുറിച്ചുള്ള ധാരണയോട് കൂടുതൽ പൊരുത്തപ്പെടുന്ന യുക്തിസഹമായ പരിഹാരം ആവാമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഇ.ഡബ്ല്യൂ.എസ് നിയമത്തിൽ പറഞ്ഞ സാമ്പത്തികമായ ബലഹീനത പോലെ പ്രശ്നം സാമ്പത്തികമാണെന്നാണ് മനസ്സിലാക്കിയതെങ്കിൽ പരിഹാരവും സാമ്പത്തികം തന്നെയായിരിക്കണം. അത് ക്വോട്ട സമ്പ്രദായം ആവാൻ പാടില്ലായിരുന്നു, കാരണം അത് സമത്വത്തെ സംബന്ധിച്ച നമ്മുടെ ഭരണഘടനാ അനുശാസനങ്ങൾക്ക് തീർത്തുമെതിരാണ്. അതുകൊണ്ട് സമത്വത്തെക്കുറിച്ച ഭരണഘടനാ അനുശാസനങ്ങളെ മറികടക്കണമെങ്കിൽ അത്തരമൊരു തത്ത്വത്തെ മറികടക്കാൻ പര്യാപ്തമായ സാമൂഹിക നീതിയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ മതിയായ കാരണം നിങ്ങളുടെ ഭാഗത്ത് ഉണ്ടായിരിക്കണം. അതിനാൽ, സമത്വവുമായി ബന്ധപ്പെട്ട തത്ത്വങ്ങളെ മേൽജാതിക്കാർക്കു വേണ്ടി തകർക്കാൻ അനുവദിക്കുന്നതിലൂടെ നമ്മുടെ നീതിന്യായ വ്യവസ്ഥയെ അത് പൂർണമായി തകിടം മറിച്ചിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്, ഇനിയത് പൂർവസ്ഥിതിയാലാക്കാൻ സമയമെടുക്കുകയും ചെയ്യും. അതെങ്ങനെ പരിഹരിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല, കാരണം നിലവിൽ ഒരുപാട് വൈരുധ്യങ്ങൾ അതിലുണ്ട്.
സംവരണമെന്ന ആശയം ജാതിയുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നതെന്ന് താങ്കൾ പറഞ്ഞു. എന്നാലിപ്പോൾ സംവരണമെന്ന ആശയത്തിന് പുതിയൊരു മാനം കൈവന്നിരിക്കുകയാണ്. അങ്ങനെയെങ്കിൽ സംവരണത്തെ എങ്ങനെയാണ് താങ്കൾ നോക്കിക്കാണുന്നത്? ഇന്ത്യയിൽ സംവരണത്തിന്റെ ഭാവി എന്തായിരിക്കും എന്നാണ് താങ്കൾ കരുതുന്നത്?
വ്യത്യസ്തതയെക്കാൾ വിവേചനത്തെ ഒരു ആശയമെന്ന നിലയിൽ പരിഗണിച്ചു തുടങ്ങാമെന്ന് കരുതുന്നു. ഇന്ത്യ എന്ന ആശയം രൂപംകൊള്ളാൻ തുടങ്ങിയ നിമിഷം മുതൽ, അതൊരു യാഥാർഥ്യമായി മാറാൻ ഒരുങ്ങിയ ഘട്ടം മുതൽ, ഇന്ത്യ എന്ന ആശയം പിറക്കുന്ന നിമിഷം തന്നെ ഒരു പ്രതിസന്ധിെയ അഭിമുഖീകരിച്ചിരുന്നു. ദുവിധ എന്ന അവസ്ഥയാണത്. സംസ്കൃത ഭാഷയിൽ വേരുകളുള്ള, ഇന്ത്യയിലെ ഏകദേശം എല്ലാ ഭാഷയിലുമുള്ള ഒരു പദമാണ് ‘ദുവിധ’ എന്നത്. രണ്ടു പാതകൾ, രണ്ടു വഴികൾ എന്നൊക്കെയാണ് ഇതിന്റെ പദാർഥം. രണ്ട് സാധ്യതകളിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് സാധിക്കാത്ത അവസ്ഥ. ഇന്ത്യ എന്ന അല്ലെങ്കിൽ നമ്മുടെ രാഷ്ട്രമെന്ന സങ്കൽപം തുടക്കം മുതൽക്കുതന്നെ രണ്ട് യാഥാർഥ്യങ്ങൾക്കിടയിൽ വിഭജിതമായിരുന്നു; ഒരുവശത്ത്, എല്ലാ പൗരന്മാരും നിയമത്തിന് മുമ്പാകെ സമന്മാരാണെന്നു തുടങ്ങിയ പാശ്ചാത്യ ലിബറൽ മൂല്യങ്ങളടങ്ങിയ ബൂർഷ്വാ സമത്വ സങ്കൽപം. മറ്റൊരു വശത്ത്, ഇത്തരം സമത്വത്തെക്കുറിച്ച പാശ്ചാത്യൻ- ലിബറൽ തത്ത്വങ്ങളുമായി ജാതിസ്ഥാപനങ്ങൾ എങ്ങനെയാണ് പൂർണമായും ഇടഞ്ഞുനിൽക്കുന്നത് എന്ന തിരിച്ചറിവ് (ഈ തിരിച്ചറിവ് വ്യത്യസ്ത പ്രസ്ഥാനങ്ങളുടെ സമ്മർദം കാരണമുണ്ടായതാണ്, മറിച്ച് സ്വമേധയാ ഉണ്ടായതല്ല). ഇതാണ് നമ്മുടെ നാഗരികമായ ‘ദുവിധ’, അഥവാ നമ്മുടെ ഭരണവർഗം അകപ്പെട്ടിരുന്ന പ്രതിസന്ധി. ഒരു കൊളോണിയൽ സാഹചര്യത്തിനകത്തുനിന്നാണ് ആധുനികമാകാനുള്ള ആഗ്രഹം അവർ നേടുകയും ആർജിക്കുകയും ചെയ്യുന്നതും, ആ ആഗ്രഹമാണ് നമ്മെ ഈ വഴിയിലെത്തിച്ചതും. ഈ പ്രതിസന്ധിയെ അല്ലെങ്കിൽ ഈ രണ്ട് സങ്കൽപങ്ങൾ തമ്മിലുള്ള വൈരുധ്യത്തെ നമുക്ക് അവഗണിക്കാനാകുമായിരുന്നെന്നോ ഇന്നുള്ളതിൽനിന്ന് വ്യത്യസ്തമായൊരു വിധി നമുക്കുണ്ടാകുമായിരുന്നോ എന്നോ എനിക്കറിയില്ല.
ഈ പ്രതിസന്ധിയിൽനിന്ന് ഉരുത്തിരിഞ്ഞു വന്ന പരിണതി, അല്ലെങ്കിൽ അതിന്റെ പരിഹാരമായി പുറത്തുവന്നത് നമ്മുടെ ഭരണഘടനയാണ്. അതുകൊണ്ടുതന്നെ ജാതിയെക്കുറിച്ച് സംസാരിക്കാതിരിക്കാൻ നമ്മുടെ ഭരണഘടന അങ്ങേയറ്റം പാടുപെടുന്നുണ്ട്, ഭരണഘടനതന്നെ പരിശോധിച്ചാൽ വളരെ വിരളമായേ ജാതിയെക്കുറിച്ച് ആ അർഥത്തിൽ സൂചിപ്പിക്കുന്നുള്ളൂ എന്ന് കാണാൻ സാധിക്കും. അസ്പൃശ്യത എന്താണെന്ന് നിർവചിക്കാതെയാണ് അതിനെ ഇല്ലാതാക്കിയത്. ചില ആചാരങ്ങളെക്കുറിച്ച സൂചനകൾ മാത്രമേ ഉള്ളൂ. വിവേചനത്തെക്കുറിച്ച് പ്രകടമായി എവിടെയും പറഞ്ഞിട്ടില്ല. ചില പ്രത്യേക ജാതി-ഗോത്ര സമുദായങ്ങളുടെ – പട്ടിക എന്ന് വിളിക്കപ്പെടുന്ന – ലിസ്റ്റ് മാത്രമേ ഉള്ളൂ. ഒരു തരം മായാജാലത്തിലൂടെ ഉണ്ടാക്കിയപോലെയാണ് ഈ ലിസ്റ്റുകൾ. സമത്വമെന്ന തത്ത്വത്തെ മറികടക്കുന്ന വിധത്തിൽപോലുമുള്ള പ്രത്യേക പരിചരണം ആവശ്യമുള്ളവരെന്ന് തിരിച്ചറിയപ്പെട്ട ജാതി-ഗോത്ര വിഭാഗങ്ങളടങ്ങിയതാണ് ഈ ലിസ്റ്റുകൾ. ഇതിന്റെ അനിവാര്യതയെന്താണ് എന്ന് വ്യക്തമായി എവിടെയും പറഞ്ഞിട്ടില്ല. ഭരണഘടനക്കു പുറത്ത് നമ്മുടെ രാഷ്ട്രീയത്തിലും ചരിത്രത്തിലുമൊക്കെയാണ് അതുള്ളത്.
അത്തരത്തിൽ ഭരണഘടനക്ക് പിറകെ ഒരർഥത്തിൽ നമ്മുടെ നീതിന്യായവ്യവസ്ഥയും ജാതിയെ കുറിച്ച് തുറന്ന് സംസാരിക്കാൻ നാണിച്ചിരുന്നു. ജാതിയെ കുറിച്ച് സംസാരിക്കാൻ കഴിയാതെ വരുകയും, അതേസമയം മറുവശത്ത് അതേക്കുറിച്ച് സംസാരിക്കാൻ നമ്മുടെ രാഷ്ട്രീയം നിരന്തരം നിർബന്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ ഇത് മറ്റൊരു ‘ദുവിധ’ ആണ്! വ്യക്തമാക്കി ഒന്നും പറയാതെ കാര്യങ്ങൾ വളച്ചുകെട്ടിപ്പറയുന്നതിലൂടെ ആണ് ഇത് പരിഹരിക്കപ്പെട്ടത്. അതുകൊണ്ട് വക്രീകരിച്ചുകൊണ്ടുള്ള ഇത്തരം സംസാരങ്ങൾ ധാരാളം കാണാൻ കഴിയും. ജാതിയെക്കുറിച്ച് നേർക്കുനേരെ സംസാരിക്കാൻ തയാറാകാതിരിക്കുന്നത് ഭരണഘടനാ സമിതി സംവാദങ്ങൾ മുതൽ തുടങ്ങുന്നുണ്ട്. അവിടെ ‘പിന്നാക്കാവസ്ഥ’ എന്ന പദത്തിലൂടെ വിവേചനത്തെ സൗകര്യപൂർവം വഴുതി നീക്കുകയായിരുന്നു. വിവേചനത്തെ കുറിച്ച് സംസാരിക്കാതിരിക്കാനുള്ള ഒരു മാർഗമായിരുന്നു അത്.
അതുകൊണ്ടാണ് താങ്കളുപയോഗിച്ച ‘വ്യത്യസ്തത’ (difference) എന്ന പദംകൊണ്ട് തുടങ്ങാൻ ഞാൻ ഒരുക്കമല്ലെന്ന് പറഞ്ഞത്. നമ്മുടെ സാഹചര്യത്തിൽ ‘വ്യത്യസ്തതക്ക്’ കൂടുതൽ സങ്കീർണമായ ചരിത്രമാണുള്ളത്, കാരണം അത് പ്രാഥമികമായി വിഭജനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പാകിസ്താൻ തിരഞ്ഞെടുക്കാത്ത അല്ലെങ്കിൽ തിരഞ്ഞെടുക്കാൻ കഴിയാതെ ഇന്ത്യയിൽ നിൽക്കേണ്ടിവന്ന മുസ്ലിംകളെ സംബന്ധിച്ച് മറ്റൊരു ‘ദുവിധ’ ആയിരുന്നു വിഭജനം. ഒരുവശത്ത്, യുക്ത്യാധിഷ്ഠിതമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സമീപനമാണെങ്കിൽ ഇന്ത്യൻ മുസ്ലിംകളും മറ്റാരെപ്പോലെയും ഇന്ത്യൻ തന്നെയാണെന്ന് നിങ്ങൾ അംഗീകരിക്കേണ്ടിവരും. പാകിസ്താനെന്ന ആശയം അല്ലെങ്കിൽ യാഥാർഥ്യം നൽകുന്ന രാഷ്ട്രീയമായ പ്രകോപനവും – രാഷ്ട്രീയമായ അവസരവും – മറുവശത്തുമുണ്ട്. ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഹിന്ദി ബെൽറ്റിൽ ജനങ്ങൾക്കിടയിൽ പ്രബലമായ സാമാന്യബോധം 1947ൽ നടന്നത് കുടുംബസ്വത്തിന്റെ വിഭജനമാണ് എന്ന തരത്തിലാണ്; ഒരു സഹോദരന് അവന്റെ ഭാഗം ലഭിച്ചു – അഥവാ പാകിസ്താൻ. ഇപ്പോൾ ഇന്ത്യയിൽ കൂടുതൽ ഭാഗത്തിനുവേണ്ടി ചോദിക്കുന്ന മുസ്ലിംകളുമുണ്ട്. ഇത്തരം ചിന്തകൾ താങ്കൾക്ക് പരിചിതമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. പ്രത്യയശാസ്ത്രപരമായി അത് വളരെ ശക്തമാണ്. യുക്തി ഒരു തരത്തിലും ഈ കഥയെ ബാധിക്കില്ല. ഹിന്ദു വലതുപക്ഷ ശക്തി വളരെയധികം ഉപയോഗിച്ചതും ധാരാളമായി പ്രോത്സാഹിപ്പിക്കുന്നതുമായ ഈ ചിന്താ രീതിയിൽ മുസ്ലിംകൾ (ഒപ്പം ക്രിസ്ത്യാനികളെപ്പോലുള്ള മറ്റു ‘വിദേശ’ ന്യൂനപക്ഷങ്ങളും) ദേശത്തിന്റെ സ്ഥായിയായ ഭാരമാണ്. ഞങ്ങൾ (അഥവാ ഹിന്ദു) അവരെ ഒരു ഭാരമായി താങ്ങുന്നുവെന്നാണ് അത്തരക്കാർ ചിന്തിക്കുകയും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നത്. വ്യത്യസ്തത എന്നാൽ സ്ഥിരവും സ്ഥായിയും മാറ്റമില്ലാത്തതുമാണെന്ന് കരുതുന്ന ഈ തരത്തിലുള്ള ചിന്തയുമായി ബന്ധപ്പെട്ടാണ് വ്യത്യസ്തത എന്ന പദം എന്നെ സംബന്ധിച്ച് നിലനിൽക്കുന്നത്. അസമത്വത്തെക്കുറിച്ച സംസാരത്തിന് സാധ്യതയില്ലാത്ത ഒരു ഭാഷയും മനഃസ്ഥിതിയുമൊക്കെയാണത്, ശരിയല്ലേ? ശുദ്ധമായ വ്യത്യസ്തതയും മാറ്റത്തിന് സാധ്യതയില്ലാത്ത വ്യത്യസ്തതയും എന്നിവ മാത്രമേയുള്ളൂ.
മുസ്ലിംകളുടെ ഈ വ്യത്യാസത്തിൽ മാറ്റം വരുത്താൻ സഹായകരമായ എന്തെങ്കിലും ചെയ്യാൻ മുസ്ലിംകൾക്ക് സാധിക്കുകയുമില്ല, ആ വ്യത്യാസത്തെ അംഗീകരിക്കുന്ന തരത്തിൽ മറ്റുള്ളവർ എന്തെങ്കിലും ചെയ്യുകയുമില്ല. അക്കാരണത്താൽ തന്നെ ‘ഹിന്ദു-മുസ്ലിം ഭായ് ഭായിയെ’ പറ്റിയും രണ്ട് സംസ്കാരങ്ങളും ഒന്നിച്ചു കഴിഞ്ഞിരുന്ന ഭൂതകാലത്തെക്കുറിച്ചും ഒക്കെയുള്ള സംസാരങ്ങൾ ശുഷ്കമായ ലിബറൽ മൂടുപടങ്ങൾ മാത്രമായിരുന്നു. ഭൂരിപക്ഷം ആളുകളുടെയും വികാരം ഇതായിരുന്നുവെന്നാണ് കഴിഞ്ഞ പത്തു വർഷവും കാണിക്കുന്നത്. ‘‘ഒരുകാലത്ത് നമ്മളായിരുന്നു ഇവിടം ഭരിച്ചിരുന്നത്, ഇപ്പോഴോ’’ എന്ന തരത്തിലുള്ള വികാരം ചില വിഭാഗം മുസ്ലിംകൾക്കിടയിലുമുണ്ട്. പക്ഷേ, നിലവിൽ ഈ വ്യത്യാസത്തെ നമ്മുടെ രാഷ്ട്രഘടനയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചതിന്റെ ഉത്തരവാദികൾ ഹിന്ദു വലതുപക്ഷവാദികളാണെന്നത് അംഗീകരിക്കപ്പെടണം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ അവർക്ക് ലഭിച്ചതിനേക്കാളൊക്കെ അധികാരം അവർ ഇന്ന് അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ‘വ്യത്യസ്തത’ എന്നത് ഇതിൽ അകപ്പെട്ടിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ക്രിസ്ത്യൻ ക്വസ്റ്റ്യൻപോലും ഹിന്ദു-മുസ്ലിം ക്വസ്റ്റ്യനു ശേഷമാണ് വരുന്നത്. ഈയൊരു നിമിഷം അധികാരഘടന എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കുമ്പോൾ ഇതിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു മാർഗം ഞാൻ കാണുന്നില്ല. അതുകൊണ്ട് വ്യത്യസ്തത എന്ന ആശയത്തെ മാറ്റിവെക്കാനാണ് തൽക്കാലം ഞാൻ ആഗ്രഹിക്കുന്നത്. വാസ്തവത്തിൽ, വ്യത്യസ്തതയെന്ന ഈ ആശയംതന്നെയാണ് നിലവിലെ നമ്മുടെ രാഷ്ട്രീയഭാഷയിൽ സംവരണത്തെ മുസ്ലിംകൾക്ക് അപ്രസക്തമായ ഒരു ചിന്തയാക്കി മാറ്റുന്നത്.
അതുകൊണ്ട്, വ്യത്യസ്തതകളെ നമുക്ക് മാറ്റിവെക്കാം. പിന്നാക്കാവസ്ഥ, ഇല്ലായ്മ (backwardness and disadvantage) എന്നിവയുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു കാര്യം സംഭവിക്കുന്നുണ്ട്. ഞാൻ നേരത്തേ പറഞ്ഞതോർക്കുക; പിന്നാക്കാവസ്ഥയെ കുറിച്ച് സംസാരിക്കുന്ന ഭാഷ ജാതിയെക്കുറിച്ച് നേരിട്ട് പറയാതെ അതേക്കുറിച്ച് സംസാരിക്കാനുള്ള ഒരു മാർഗമായിരുന്നു. അതിനാൽ, നാമൊന്ന്, നമുക്കിടയിൽ മൗലികമായ വ്യത്യാസങ്ങളില്ല എന്നതായിരുന്നു പ്രബലമായി നിലനിന്നിരുന്ന മിത്ത്. ഏകീകൃതവും ഏകജാതീയവും തിരശ്ചീനവുമായ ഒരു രാഷ്ട്രമെന്ന കെട്ടുകഥക്കു വേണ്ടി വിവേചനമെന്ന ആശയം തന്നെ തേഞ്ഞുമാഞ്ഞു പോവുകയായിരുന്നു. ആ ആശയത്തിന് മുകളിൽ ആസിഡ് ഒഴിച്ചപോലെ അതില്ലാതായി. എന്തുകൊണ്ടാണ് ആ ആശയത്തെ ഒതുക്കി ഇല്ലാതാക്കാൻ ഇത്രയും ശ്രമങ്ങളുണ്ടായതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരുപക്ഷേ മറ്റു മാർഗങ്ങളും സാധ്യമായിരുന്നു. ഇല്ലായ്മയുടെ ഭാഷയെന്ന് പറയുന്നത് യഥാർഥ പ്രശ്നത്തെ മറ്റൊന്നാക്കി മാറ്റാനുള്ള വഴിയാണ്, അല്ലെങ്കിൽ ശ്രദ്ധതിരിക്കാനുള്ള ഒരു വഴിയാണ്. നോക്കൂ, വിവേചനം എന്ന പദം വിവേചനം കാണിക്കുന്ന ഒരാളുടെ നിലനിൽപിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. വിവേചനം കാണിക്കുന്ന ഒരാളില്ലാതെ വിവേചനം ഉണ്ടാവില്ല. പിന്നാക്കാവസ്ഥയുടെ ഒരു ഗുണമെന്തെന്നാൽ പിന്നാക്കാവസ്ഥക്കു കാരണമായ ഒരാളില്ലാതെ തന്നെ നിങ്ങൾക്ക് പിന്നാക്കാവസ്ഥയുണ്ടാവാം എന്നുള്ളതാണ്. പിന്നാക്കാവസ്ഥ ദൈവവേലയായോ പ്രകൃത്യാ ഉള്ളതോ അല്ലെങ്കിൽ പൗരാണിക ചരിത്രത്തിന്റെ ഭാഗമോ ആയി സംഭവിക്കാം. ‘‘എന്തുകൊണ്ടാണ് ഈ വിഭാഗം മാത്രം പിന്നാക്കമാവുന്നത്, എന്തുകൊണ്ട് മറ്റുള്ളവർ അല്ല’’ എന്ന രീതിയിൽ പിന്നാക്കാവസ്ഥയെ കൂടുതൽ ആഴത്തിൽ പരിശോധിച്ചാൽ വിവേചനമെന്ന ആശയത്തിലേക്ക് നിങ്ങൾക്കെത്തിച്ചേരാം. പക്ഷേ ആ ബന്ധത്തെ മനസ്സിലാക്കിക്കൊണ്ടു തന്നെ ആ വഴിയിലേക്ക് പോകാതിരിക്കാനും സാധിക്കും. തന്നെയുമല്ല പിന്നാക്കാവസ്ഥയെന്ന ഭാഷ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ്. ഭാഗ്യക്കേടുകൊണ്ട് പിന്നാക്കം പോയ തങ്ങളുടെ സഹോദരങ്ങളെ, തങ്ങളുടെ നന്മനിറഞ്ഞ ഹൃദയവിശാലത കൊണ്ട് പരിപാലിക്കാൻ തയാറുള്ള രാഷ്ട്രത്തിന്റെ ദയാവായ്പുള്ള ഉടമസ്ഥർ എന്ന സ്ഥാനം കൈയേറാനുള്ള വളരെ സൂക്ഷ്മമായ ഒരു മാർഗം കൂടി പിന്നാക്കാവസ്ഥ എന്ന ഭാഷ സവർണർക്ക് തുറന്നുനൽകുന്നു. അപ്പോൾ ഇങ്ങനെയാണ് ആ ആഖ്യാനം: രാഷ്ട്രം ഒറ്റക്കെട്ടാണ്, എല്ലാവരെയും ഉന്നതിയിലെത്തിക്കാൻ അത് പരിശ്രമിക്കുന്നുണ്ട്. പക്ഷേ അപ്പോഴും ‘പിന്നാക്കാവസ്ഥയുടെ’ ഒരു ചരിത്രം നമുക്കുണ്ട്, ചില വിഭാഗങ്ങളെ പിന്നാക്കാവസ്ഥയിലേക്ക് നയിച്ച പറയപ്പെടാതെ പോയ ഒരു ചരിത്രം. പക്ഷേ ആ ചരിത്രത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ് നാം. ആ പിന്നാക്കാവസ്ഥയിൽ ഭൂരിഭാഗവും നമ്മുടെ പിഴവല്ല, മറിച്ച് ബ്രിട്ടീഷുകാരാണ് അതിന് കാരണം.
പിന്നാക്കാവസ്ഥയെന്ന ഈ ഭാഷ പിന്നാക്കക്കാർ എന്ന് നിർവചിക്കപ്പെട്ടവരെ കുറിച്ച് മാത്രമല്ല. മറിച്ച് അങ്ങനെ നിർവചിക്കുന്ന നിലവിലെ ഭരണവർഗമായ മേൽജാതികളെ കുറിച്ച് കൂടിയാണ്. അത് രാഷ്ട്രത്തിനുള്ളിലെ അവരുടെ പരോക്ഷമായ സ്ഥാനത്തെയും അവരുടെ സ്വഭാവത്തെയും അഥവാ അവരുടെ ‘ഗുണത്തെയും’ മാറ്റുന്നു. അവരുടെ ‘ചരിത്രഗുണം’ അഥവാ അവരുടെ അന്തഃസത്തയെ ദയാവായ്പുള്ള ഒരു പിതൃസ്ഥാനമാക്കി അല്ലെങ്കിൽ ഒരു രക്ഷാധികാരസ്ഥാനമാക്കി മാറ്റുന്നു. ഇത് ജനാധിപത്യത്തിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോൾ അതൊരുതരം മിത്തിക്കൽ ഭൂരിപക്ഷമായി മാറുന്നു. അവിടെയാണ് മേൽജാതി അല്ലെങ്കിൽ ഹിന്ദു ഭൂരിപക്ഷം എന്ന ആശയം ഉരുവംകൊള്ളുന്നത്. ഒപ്പം ഹിന്ദുനെസ് എന്നത് മേൽജാതി എന്ന സാരാംശത്തെ മറയ്ക്കാൻ വേണ്ടി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു –അതുകൊണ്ടാണ് ജാതിയെക്കുറിച്ച് നിങ്ങൾക്ക് സംസാരിക്കാതിരിക്കേണ്ടി വരുന്നത്. സംഖ്യാപരമായി മേൽജാതികൾ ന്യൂനപക്ഷമാണ്. നമ്മുടെ രാഷ്ട്രഘടനക്ക് അതിന്റെ ആദ്യ ദശകങ്ങളിൽ നേരിടാൻ കഴിയാതെ പോയ ഈ അപകീർത്തികരമായ സത്യത്തെ തുറന്നുകാട്ടാൻ നാം ആഗ്രഹിക്കില്ല. നെഹ്റുവിയൻ കാലഘട്ടം ഇതിനെ ഒതുക്കിവെക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷേ, മനോവിശ്ലേഷണ കാഴ്ചപ്പാടുള്ള ഒരു പണ്ഡിതൻ നെഹ്റുവിയൻ യുഗത്തെക്കുറിച്ച്, ജാതിവിവേചനമെന്ന ആശയത്തെ സംഘടിതവും സജീവവുമായ ഒതുക്കിവെച്ച (repression), അതിനെ പിന്നാക്കാവസ്ഥ എന്ന ആശയത്തിലേക്ക് പരിവർത്തിപ്പിച്ച ഒരു യുഗമെന്ന നിലയിൽ പരിഗണിച്ചുകൊണ്ട് പഠിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. പക്ഷേ അവിടെയും (പിന്നാക്കാവസ്ഥയിൽ) ഒരു പ്രശ്നമുണ്ട്. നമ്മുടെ രാജ്യത്തെ വൈവിധ്യങ്ങളും വ്യത്യസ്തതകളും പരിഗണിക്കുമ്പോൾ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള ഏകകമായ ഒരു നിർവചനം എല്ലാവർക്കും യോജിച്ചുകൊള്ളണമെന്നില്ല.
ഉദാഹരണത്തിന്, പട്ടികജാതി പട്ടികവർഗങ്ങൾ പിന്നാക്കക്കാരാണെങ്കിൽ അവരുടെ പിന്നാക്കാവസ്ഥ ഒ.ബി.സികളുടേതിൽനിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? അവരുടെ ഭരണഘടനാപരമായ പദവി എന്തുകൊണ്ടാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? ‘‘സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ’’ എന്ന നിലയിലാണ് ഈ ചോദ്യത്തിന് ഉത്തരം നൽകാനാവുക. എങ്കിലും ഈ സംവർഗത്തിനും ചില പ്രശ്നങ്ങളുണ്ട്; സാമ്പത്തികാവസ്ഥയും സാമൂഹികാവസ്ഥയും വ്യത്യസ്തമായ ജാതിവിഭാഗങ്ങളെ ഇത് ഒന്നിച്ചു പരിഗണിക്കുന്നു എന്നതാണത്. പക്ഷേ അപ്പോഴും ഉന്നതമേഖലകളിൽനിന്നും വിദ്യാഭ്യാസ മേഖലയിൽനിന്നും പുറത്തുനിർത്തപ്പെട്ടവരെന്ന നിലയിൽ അവർക്ക് സംവരണം ആവശ്യമാണെന്ന് ഒരാൾക്ക് വേണമെങ്കിൽ വാദിക്കാം. ഒ.ബി.സികൾ സംവരണത്തിലേക്ക് കടന്നുകഴിഞ്ഞ ഈ ഘട്ടത്തിൽ ‘പിന്നാക്കാവസ്ഥ’ എന്ന ആശയത്തിന് വികാസം സംഭവിക്കുന്നുണ്ട്. ‘വിവേചനത്തെ’ കുറിച്ച് സംസാരിക്കാതിരിക്കാനുള്ള ഒരു മാർഗമായി അതപ്പോഴും നിലനിൽക്കുമ്പോഴും ഒ.ബി.സി വിഭാഗങ്ങൾ അനുഭവിക്കുന്ന വിവേചനത്തിന്റെ സ്വഭാവവും തോതും എസ്.സി, എസ്.ടി വിഭാഗങ്ങൾ നേരിടുന്നതിൽനിന്ന് വ്യത്യസ്തമാണ്.
അടുത്ത ഘട്ടമെന്ന് പറയുന്നത് മേൽജാതി വിഭാഗങ്ങൾ സംവരണത്തിനുവേണ്ടി ചോദിച്ചു തുടങ്ങുമ്പോഴാണ്. സംഖ്യാപരമായി വലിയതായതിനാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കാര്യത്തിലും പ്രത്യേക പ്രദേശങ്ങളിൽ അധീശത്വമുള്ളതിനാലും സമൃദ്ധരുമായതിനാൽ ഈ ജാതികൾ ശക്തരാണ്. അവർ സംവരണം വേണമെന്ന ആവശ്യം ഉന്നയിക്കുമ്പോഴും ചിലപ്പോഴെങ്കിലും തങ്ങളും പിന്നാക്കക്കാരാണെന്ന വാദത്തിനു പുറത്ത് സംവരണം ലഭിക്കുകയും ചെയ്യുമ്പോൾ വലിയൊരു മാറ്റം സംഭവിക്കുന്നുണ്ട്. ഇവിടെ, ‘പിന്നാക്കാവസ്ഥ’ എന്ന ആശയം അതിന്റെ പ്രത്യയശാസ്ത്രപരവും യുക്തിപരവുമായ പരിധിക്കപ്പുറത്തേക്ക് വികസിക്കുന്നുണ്ട്. ജാട്ടുകൾ, മറാത്തകൾ, പഡിതാറുകൾ, കപൂകൾ തുടങ്ങിയ ജാതിവിഭാഗങ്ങളെ പിന്നാക്കക്കാർ എന്ന് വിളിക്കാമെങ്കിൽ ആ പദത്തിന്റെ അർഥം നാം മാറ്റിയിരിക്കുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്. എസ്.സി/എസ്.ടി, ഒ.ബി.സി, ജാട്ടുകൾ അല്ലെങ്കിൽ പട്ടേൽമാർ എന്നിവരെ പോലുള്ള അധീശ ജാതികൾ തുടങ്ങിയ മൂന്ന് വ്യത്യസ്ത വിഭാഗങ്ങൾക്കുമേലും ഒരേ പദം അല്ലെങ്കിൽ ‘പിന്നാക്കാവസ്ഥ’ എന്ന പദം ഉപയോഗിക്കാൻ കഴിയില്ല.
ഇ.ഡബ്ല്യൂ.എസ് സംവരണത്തിലേക്ക് വരുമ്പോൾ ഇനിമുതൽ ‘പിന്നാക്കാവസ്ഥ’ മാത്രമല്ല സംവരണത്തിന്റെ ഒരേയൊരു ന്യായം എന്ന് കാണാൻ കഴിയും. ‘സാമ്പത്തികമായ പിന്നാക്കാവസ്ഥ’ എന്ന ആശയം മേൽജാതിക്കാർക്കുവേണ്ടിയുള്ള കേവല മറ മാത്രമാണ്. ആ അർഥത്തിൽ എട്ടു ലക്ഷം രൂപയെന്ന പരിധി ഒരു തമാശയാണ്, കാരണം ഏകദേശം മുഴുവൻ ജനസംഖ്യയെയും അത് ഉൾക്കൊള്ളുന്നുണ്ട്. അതിനാൽ സംവരണവും വിവേചനവും തമ്മിലുള്ള ബന്ധം – വിവേചനമെന്നതിന് പകരം ‘പിന്നാക്കാവസ്ഥ’ എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും – ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നു.
അതിനാൽ, സാമൂഹികനീതിയുടെ ചില അളവുകോൽ നൽകുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ സംവരണത്തിന്റെ യാത്രയുടെ ഒരു ഭാഗമാണിത്. ആ യാത്രക്ക് ഇ.ഡബ്ല്യൂ.എസ് സംവരണത്തോടെ ഒരു അവസാനമായിരിക്കുന്നു. ഇപ്പോൾ ഗവണ്മെന്റിനെ സ്വാധീനിക്കാവുന്ന, ഒരു വോട്ട് ബാങ്ക് എന്ന നിലയിൽ പ്രാധാന്യമുള്ള ആർക്കും എത്തിപ്പിടിക്കാവുന്ന ഗവണ്മെന്റിന്റെ കേവലമൊരു ക്ഷേമപദ്ധതിയായി സംവരണം മാറിയിരിക്കുന്നു.
നിലവിൽ എല്ലാവരും സംവരണത്തിനും പ്രാതിനിധ്യത്തിനും വേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണ്. വിവേചനം, പുറന്തള്ളൽ തുടങ്ങി നാമിതുവരെ ഉപയോഗിച്ചുപോന്നിരുന്ന സംവർഗങ്ങളെ അവഗണിച്ചുകൊണ്ട് സംവരണം, പ്രാതിനിധ്യം തുടങ്ങിയ സങ്കൽപങ്ങൾ എല്ലാവർക്കും ലഭ്യമായിരിക്കുകയാണ്. ആ അർഥത്തിൽ വീണ്ടും നാം പ്രാതിനിധ്യം എന്ന ആശയത്തിൽതന്നെ നിൽക്കുന്നതിൽ കാര്യമുണ്ടോ? ഉദാഹരണത്തിന് ഇ.ഡബ്ല്യൂ.എസ് തുടങ്ങിവെച്ചപോലെ ഇനി നിങ്ങളെല്ലാവർക്കും ആനുപാതിക പ്രാതിനിധ്യം നൽകണമെന്ന് ഒരുപാടാളുകൾ വാദിച്ചു തുടങ്ങിയാൽ എന്ത് സംഭവിക്കും?
‘പ്രാതിനിധ്യം’ എന്ന ആശയത്തെക്കുറിച്ച് കൂടുതൽ ആലോചിക്കേണ്ടതുണ്ട്. വ്യക്തിപരമായി എനിക്ക് അങ്ങനെയൊരു ആലോചന ആവശ്യമുണ്ട്, നിലവിൽ എനിക്കൊരു നിലപാടുള്ള വിഷയമല്ല അത്. സൂക്ഷ്മത വേണമെന്ന തരത്തിലുള്ളതാണ് ഇതിനോടുള്ള എന്റെ പ്രഥമ പ്രതികരണം, കാരണം പ്രാതിനിധ്യത്തെ കുറിച്ച് നിലവിലുള്ള ആശയും രാഷ്ട്രീയ പ്രതീക്ഷയുമൊന്നും വഹിക്കാനുള്ള ശേഷി പ്രസ്തുത ആശയത്തിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് അനേകം പ്രശ്നങ്ങൾ എനിക്ക് കാണാൻ കഴിയും. കാരണം, നോക്കൂ, അധികാരമെന്നത് സംഖ്യകളുടെ മാത്രം പ്രശ്നമല്ല. അധികാരം ഏറ്റവും ഫലപ്രദമാകുമ്പോൾ, അത് സ്വയം അദൃശ്യമാക്കും, കൃത്യമായും അത് പ്രവർത്തിക്കുന്ന ആളുകളിൽ. ഒരു പ്രത്യയശാസ്ത്രം വിജയകരമാവുന്നത് അതിന്റെ ഇരകളും അത് ഉന്നംവെക്കുന്നവരും പൂർണമനസ്സോടെ അതിനെ അംഗീകരിക്കുമ്പോഴാണ്. എനിക്ക് നിങ്ങളുടെ മേൽ ആധിപത്യം നേടിത്തരുന്ന ഒരു പ്രത്യയശാസ്ത്രം ഉണ്ടെന്ന് കരുതുക. ആ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഉന്നതമായ തലം ഏതാണ്? അത് നിങ്ങളതിൽ ആത്മാർഥമായി പൂർണമനസ്സോടെ വിശ്വസിക്കുകയും നിങ്ങളുടെ കടമ എന്നെ സേവിക്കലും ഞാൻ നിങ്ങളേക്കാൾ മുകളിലും നിങ്ങൾ എനിക്ക് കീഴിലുമാണെന്ന് നിങ്ങൾ ആത്മാർഥമായി വിശ്വസിക്കുകയും ചെയ്യുമ്പോഴാണ്. പല പ്രത്യയശാസ്ത്രങ്ങളുടെയും കാര്യത്തിൽ നാം ആ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുണ്ട്. പുരുഷാധിപത്യം ഒരു ഉദാഹരണമായെടുക്കുക. സമൂഹത്തിന്റെ നിരന്തരമായ പഠിപ്പിക്കലിന്റെ ഭാഗമായി വലിയൊരു വിഭാഗം സ്ത്രീകളും പുരുഷാധിപത്യം എന്ന പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നവരാണ്. അതുകൊണ്ട്, നിങ്ങൾക്ക് പ്രാതിനിധ്യം ഉണ്ടായേക്കാം, പക്ഷേ അതു നിങ്ങളുടെ പ്രശ്നം പരിഹരിച്ചുകൊള്ളണമെന്നില്ല, കാരണം നിങ്ങളുടെ പ്രതിനിധികൾ നിങ്ങളെ പരിഗണിക്കുന്നവരാവണമെന്നില്ല.
പുണെ പാക്ടിൽ എന്താണ് സംഭവിച്ചതെന്ന് ആലോചിച്ചു നോക്കൂ. അതിന്റെ ഭാഗമായി അധഃകൃതവർഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പുനൽകിയെങ്കിലും അവരുടെ പ്രതിനിധികൾക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ജാതി ഹിന്ദുക്കളുടെ സുമനസ്സിനെ ആശ്രയിക്കേണ്ടിയിരുന്നു. അതിനാൽതന്നെ അവർ അവരുടെ സമുദായത്തോട് പൂർണമായി ഉത്തരവാദിത്തമുള്ളവരായിരുന്നില്ല.
എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഒരു വജ്രായുധമായിരുന്നു സെപറേറ്റ് ഇലക്ടറേറ്റ് എന്നല്ല ഞാൻ പറയുന്നത്. പക്ഷേ എങ്കിൽപോലും എസ്.സി/എസ്.ടി പ്രാതിനിധ്യംകൊണ്ട് എന്തായിരിക്കണമോ ഉണ്ടാവേണ്ടത് അതല്ല ഉണ്ടായതെന്ന് നിങ്ങൾ അംഗീകരിക്കണം. തീർച്ചയായും അങ്ങനെയൊന്നുണ്ട് എന്നത് നല്ലതുതന്നെ, പക്ഷേ ഒരു സജീവ രാഷ്ട്രീയ പ്രസ്ഥാനത്തിന് നേടാൻ കഴിയുമായിരുന്നതിൽനിന്ന് എത്രയോ ദൂരെയാണത്. പ്രാതിനിധ്യം മർദകന്റെ കൈയിലെ ആയുധമാവുകയും അവരുടെ പ്രതിനിധികളെ സ്ഥാപിക്കുകയും “നോക്കൂ നിങ്ങൾക്ക് പ്രാതിനിധ്യമുണ്ട്” എന്ന് നിങ്ങളുടെ മുഖത്തുനോക്കി പറയാനും സാധിക്കുന്ന ഒരു അവസ്ഥയെ കുറിച്ച് ഞാൻ അങ്ങേയറ്റം ഭയപ്പെടുന്നുണ്ട്.
അതുകൊണ്ട്, എല്ലാ സമുദായങ്ങൾക്കകത്തും ആന്തരികമായ കലഹങ്ങളാണ് നമുക്കാവശ്യം. ‘‘ആരെയാണ് നിങ്ങൾ പ്രതിനിധാനംചെയ്യുന്നത്? എന്താണ് നിങ്ങൾ ചെയ്യുന്നത്?’’ എന്ന് മുസ്ലിംകൾ അവരുടെ പ്രതിനിധികളോട് ചോദിക്കണം. ‘‘എന്താണ് നിങ്ങൾ ചെയ്യുന്നത്?’’ എന്ന് സകലരും അവരുടെ പ്രതിനിധികളോട് ചോദിച്ചുകൊണ്ടിരിക്കണം. ഇതത്ര എളുപ്പം ചെയ്യാൻ കഴിയുന്നതല്ല. കാരണം, അധികാരം കൈയാളുന്നവർക്ക് വേണ്ടാത്ത ഒന്നാണിത്. എല്ലാറ്റിലുമുപരി, പ്രതിനിധികൾക്ക് നേരെയുള്ള എല്ലാതരം ചോദ്യങ്ങളെയും ഇല്ലാതാക്കുന്ന ‘‘നാം അപകടത്തിലാണ്’’ എന്ന ഒരു മുദ്രാവാക്യവുമുണ്ട്. തീർച്ചയായും സമാനമായ വാദങ്ങൾ എല്ലാ മറ്റു സമുദായങ്ങൾക്കകത്തും ഉപയോഗിക്കുന്നുണ്ട്. ‘‘അവർ – നമ്മുടെ ശത്രുക്കൾ – നമ്മെ ഭിന്നിപ്പിക്കാൻവേണ്ടി ചെയ്യുന്നതാണിത്! അധികം ചോദ്യങ്ങളൊന്നും ചോദിക്കാതെ നാം ഒന്നിച്ചുനിൽക്കണം.’’ ഈയൊരു ഭാഷ കടന്നുവരും, പക്ഷേ ഇതിനെതിരെയാണ് നമുക്ക് പോരാടാനുള്ളത്. എല്ലാ സമുദായങ്ങൾക്കകത്തും അവരുടെ രാഷ്ട്രീയ പ്രതിനിധികളുടെ ഉത്തരവാദിത്തത്തെ ചൊല്ലിയുള്ള ആന്തരികമായ ചോദ്യംചെയ്യലുകൾ ആരംഭിച്ചാൽ അതൊരു സമൂലമായ മാറ്റവും നമ്മുടെ രാഷ്ട്രത്തിന്റെ വലിയൊരു ചുവടുവെപ്പുമായിരിക്കും.
ധാരാളം കുഴപ്പങ്ങളും പ്രശ്നങ്ങളും ഒരുപക്ഷേ സംഘർഷങ്ങൾവരെ അനിവാര്യമായും ഉണ്ടായേക്കാം. അതിൽനിന്ന് രക്ഷപ്പെടാൻ നമുക്ക് കഴിയില്ല. പക്ഷേ ഇതൊരു അനിവാര്യമായ നടപടിയായാണ് ഞാൻ കാണുന്നത്, വലിയ ഗ്രൂപ്പുകളുടെ പിളർപ്പിനുപോലും ഇത് കാരണമായേക്കാം. മുസ്ലിംകൾക്കിടയിലെ കീഴ്ജാതി വിഭാഗങ്ങളുടെ നീതിക്കു വേണ്ടി നിലകൊണ്ട പസ്മാന്ദ മുസ്ലിം മൂവ്മെന്റിൽ ഇതിന്റെ ആരംഭം നമുക്ക് കാണാം. ഈ പിളർപ്പിനെ തങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുള്ള വലതുപക്ഷ ഹിന്ദുത്വ വിഭാഗങ്ങളുടെ ശ്രമങ്ങളെ ഇതിനോടകംതന്നെ നമുക്ക് കാണാൻ സാധിക്കും. അതിനാൽ സമുദായങ്ങളുടെ ഏകജാതീയതയിൽ ഊന്നുന്നത് പിന്തിരിപ്പനും പ്രതിലോമകരവും അബദ്ധവുമാണെന്നാണ് എനിക്ക് തോന്നുന്നത്. ഐക്യത്തിനു വേണ്ടിയുള്ള കപടാഹ്വാനങ്ങൾ അധികാരത്തിലിരിക്കുന്നവരുടെ അധീശ പദ്ധതികൾക്കേ ആത്യന്തികമായി ഗുണം ചെയ്യുകയുള്ളൂ. മറുവശത്ത്, സമുദായങ്ങൾക്കകത്തെ വിള്ളലുകളോ വിഭജനങ്ങളോ തിരിച്ചറിയുന്നത് ഹ്രസ്വകാലത്തേക്കെങ്കിലും ചില ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. ആ ഘട്ടത്തിലൂടെ നാം കടന്നുപോകേണ്ടതുണ്ട്, ഒപ്പം ഒരു പ്രായോഗിക സമൂഹമായി അതിജീവിച്ച് മറുവശത്തുകൂടി പുറത്തുവരുമെന്നും പ്രതീക്ഷിക്കാം.
ദലിത് മുസ്ലിം അല്ലെങ്കിൽ ദലിത് ക്രിസ്ത്യൻ സംവരണമെടുത്താൽ അതുമിപ്പോൾ സുപ്രീംകോടതിക്ക് മുന്നിലാണ്. കേന്ദ്ര സർക്കാർ കെ.ജി. ബാലകൃഷ്ണൻ കമ്മിറ്റിയെ നിയോഗിക്കുകയും ബി.ജെ.പി അവരുടേതായ ഭാഷയിലൂടെ പസ്മാന്ദ മുസ്ലിംകളിലേക്ക് എത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. അതേസമയം വിദേശമതമായതിനാൽ ജാതിയില്ലെന്നും സംവരണത്തിനർഹരല്ലെന്നും കോടതിയിൽ അഫിഡവിറ്റ് നൽകുകയും ചെയ്യുന്നു. അവരൊക്കെ വിദേശമതങ്ങളാണെന്നും ജാതി നമ്മുടെ തദ്ദേശീയ പ്രശ്നമാണ് അവരതിൽനിന്ന് മുക്തരാണെന്നുമുള്ള ഭാഷയിലാണ് അവരുടെ സമീപനം. അതിനാൽ ബാലകൃഷ്ണ കമീഷന് എത്രത്തോളം പ്രാധാന്യമുണ്ടെന്നാണ് താങ്കൾ കരുതുന്നത്?
എനിക്കിത് മുഴുവനായി മനസ്സിലായിട്ടില്ല. പസ്മാന്ദ മുസ്ലിം പ്രശ്നത്തെ ബി.ജെ.പി അനുകൂലമാക്കാൻ ശ്രമിക്കുന്നതിന്റെ രാഷ്ട്രീയവും പൂർണമായി മാറുന്നത് എനിക്ക് മനസ്സിലായിട്ടില്ല. അക്കാദമിയെ കുറിച്ചു പറയുകയാണെങ്കിൽ പൊതുവിൽ നമ്മുടെ എല്ലാ വിജ്ഞാനങ്ങളും പൂർവകാലത്തെ കൂടി പരിഗണിച്ചു കൊണ്ടുള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തെങ്കിലുമൊന്ന് സംഭവിച്ചാൽ നാം പൂർവകാലത്തേക്ക് പോവുകയും എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് കണ്ടെത്താൻ വേണ്ടി പഠിക്കുകയും ചെയ്യും; അത് സംഭവിച്ചുകൊണ്ടിരിക്കുന്നതായാലും സംഭവിക്കാൻ പോവുന്നതായാലും. എന്റെ കാര്യം മാത്രം പറഞ്ഞാൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങളെ വിശകലനംചെയ്യുന്നതിൽ നാമത്ര മെച്ചമാണെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ഇതെങ്ങനെ നടപ്പിൽ വരുത്തുമെന്നതിൽ എനിക്ക് വലിയ നിശ്ചയമില്ല.
അപ്പോൾ ജാതിയെക്കുറിച്ച സമീപകാല അക്കാദമിക സംവാദങ്ങളെ എങ്ങനെ സമീപിക്കാനാവും? ജാതിയൊരു കൊളോണിയൽ നിർമിതിയാണെന്നാണ് പ്രബലമായിക്കൊണ്ടിരിക്കുന്ന ഒരു വാദം. അങ്ങനെയെങ്കിൽ ജാതി എന്നൊന്നില്ല, മറിച്ച്, സംസ്കാരം മാത്രമേയുള്ളൂ. ഗവണ്മെന്റ് പോലും പറയാൻ ശ്രമിക്കുന്നത് ഇതൊക്കെ കൊളോണിയൽ നിർമിതിയാണെന്ന് തന്നെയാണ്. തൊട്ടുകൂടായ്മ മുഗളരാണ് കൊണ്ടുവന്നതെന്നു വരെ ചിലർ പറയുന്നു. താങ്കളുടെ ലേഖനങ്ങളിലും ജാതി എന്ന സങ്കൽപത്തെ പലതരത്തിൽ വിശദീകരിക്കുന്നുണ്ട്. മണ്ഡൽ കമീഷന്റെ ഘട്ടത്തിൽ ജാതി ഉന്മൂലനം പോലുള്ള ആശയങ്ങളോടുള്ള ഒരു അഭിനിവേശം നിലനിന്നിരുന്നു. ജാതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ സമീപകാലത്തുണ്ടായിട്ടുള്ള മാറ്റത്തെ, തീർച്ചയായും വലതുപക്ഷ മാറ്റത്തെ, താങ്കളെങ്ങനെയാണ് നോക്കിക്കാണുന്നത്?
അതെ, ജാതി ഉന്മൂലനമെന്ന ആശയം കുറച്ചു കാലത്തേക്ക് മാറ്റിവെക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഉന്മൂലനത്തെ കുറിച്ച് അർഥവത്തായ സംസാരം സാധ്യമാകുന്നതിന് കുറച്ച് സമയം നാം കാത്തിരിക്കണം. നമ്മുടെ സമീപഭാവി ജാതിയിലേക്ക് കൂടുതൽ ഇഴുകിച്ചേരാനാണ് പോകുന്നത്. ജാതിയെ അവഗണിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന സമുദായങ്ങളടക്കം എല്ലാവരും ജാതിയിൽ മുഴുകാൻ പോവുകയാണ്. ഇതാണ് ഇ.ഡബ്ല്യൂ.എസ് സംവരണം ചെയ്തുവെച്ചിരിക്കുന്നത്. ഇതിനെ ഒഴിവാക്കാനാകുന്ന എന്തെങ്കിലുമൊരു മാർഗമുണ്ടെന്നും എനിക്കു തോന്നുന്നില്ല. ഒരുപക്ഷേ ഇതുമൊരു അനിവാര്യ ഘട്ടമായിരിക്കാം. ഒരർഥത്തിൽ 1935ൽ പ്രസിദ്ധീകൃതമായ അംബേദ്കറുടെ ‘ജാതി ഉന്മൂലനം’ എന്ന കൃതി ഒരുപാട് കാലങ്ങൾ മുന്നിൽ നിൽക്കുന്ന ഒന്നായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയം, അതിന്റെ അനന്തരഫലങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരർഥത്തിൽ അത് സാങ്കൽപികമോ അല്ലെങ്കിൽ ഉട്ടോപ്യനോ ആണെന്ന് പറയാം. സമകാലിക സാഹചര്യത്തിൽ ജാതി നിർമൂലനം അസാധ്യമായ ഒരു സാധ്യത മാത്രമാണ്. സാങ്കൽപികം അല്ലെങ്കിൽ ഉട്ടോപ്യൻ എന്നൊക്കെ പറഞ്ഞാൽ അതാണ്. അപ്പോഴും, ഭാവിസമൂഹത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപത്തിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കാനുള്ള ഊർജവും പ്രചോദനവും അത് നമുക്ക് തരും. അതുകൊണ്ട് ജാതി ഉന്മൂലനത്തെക്കുറിച്ച് സംസാരിക്കുന്നതിൽനിന്ന് നാം ചെറിയൊരു ഇടവേളയെടുത്താലും ഈ ആശയം നമ്മെ നയിച്ചുകൊണ്ടേയിരിക്കും. ഇതു നാം നേരിടേണ്ടുന്ന ഒരു വെല്ലുവിളിയാണ്. ഒപ്പം സമീപഭാവിയിൽ നാം നേരിടാൻ പോവുന്ന പ്രശ്നങ്ങളെ മനസ്സിലാക്കാനുള്ള ഒരു വഴി, ഇതും ജാതി ഉന്മൂലനത്തിലേക്കുള്ള പ്രയാസകരമായ വഴിയുടെ ഒരു ഭാഗമാണെന്ന് പറയലാണ്.
ബിജെപിയുടെ ന്യൂനപക്ഷ മോർച്ചാ സമ്മേളനം
ജാതിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങൾകൂടി. വിശാലാർഥത്തിൽ മണ്ഡൽ കമീഷൻ ഒ.ബി.സി രാഷ്ട്രീയത്തിനുള്ള ഇടംകൂടി തുറന്നുനൽകിയിരുന്നു. കൂടാതെ 90കൾക്കുശേഷം ഇന്ത്യയിൽ ജനാധിപത്യത്തെ കൂടുതൽ അഗാധമാക്കുന്നതിനെ (Deepening Democracy) കുറിച്ചൊക്കെ രാഷ്ട്രീയ/ സാമൂഹിക വിദഗ്ധർ സംസാരിക്കുന്നുമുണ്ട്. പക്ഷേ അതേസമയം തന്നെ ഹിന്ദുത്വശക്തികൾ ശക്തിപ്രാപിക്കുകയും ചെയ്തിട്ടുണ്ട്, പിന്നാക്ക സമുദായങ്ങളുടെ പ്രതിനിധാനങ്ങൾ അവരതിന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് (നരേന്ദ്ര മോദിയുടെ വിജയം ഉദാഹരണം). ഈ മാറ്റത്തെ നമുക്കെങ്ങനെ നോക്കിക്കാണാം?
അഗാധമാവുന്ന ജനാധിപത്യത്തെ (deepening democracy) കുറിച്ച ഞാനടക്കമുള്ള സാമൂഹിക ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾ എത്ര നിഷ്കളങ്കമായിരുന്നു എന്നോർത്ത് ഞാനിപ്പോൾ ആശ്ചര്യപ്പെടുന്നുണ്ട്. ജനാധിപത്യമെന്നാൽ സുന്ദരസുരഭിലമായ ഒന്നല്ല. ജനം (people) ഒരു നിഷ്കളങ്ക കാറ്റഗറിയുമല്ല) നമ്മൾ അങ്ങനെ ചിന്തിക്കുന്നതാണ്. സോഷ്യലിസ്റ്റ്, പോപുലിസ്റ്റ്, കമ്യൂണിസ്റ്റ് ചിന്തകളുടെ ഒരു നീണ്ട പാരമ്പര്യത്തിൽനിന്നാണ് - ‘ജനങ്ങൾ’ എന്നാൽ അടിസ്ഥാനപരമായി നല്ല ജനങ്ങൾ ആണെന്ന ആശയം. ജനങ്ങൾ എന്ന സങ്കൽപത്തിന് വലിയൊരു ധാർമിക ഭാരമുണ്ട്. എന്നാൽ, വാസ്തവത്തിൽ ജനത്തിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കുടിലതയുടെയും ഹിംസയുടെയും ഘടകങ്ങളുണ്ട്. ധാരാളം പിന്തിരിപ്പൻ കാര്യങ്ങൾ കൊണ്ടുനടക്കുന്നവരുമാണ്. അതൊരു വസ്തുതയാണ്. അതുകൊണ്ട് ജനാധിപത്യത്തിന്റെ വ്യാപനത്തെ കുറിച്ച് നാം പറയുമ്പോൾ അതനിവാര്യമായും നല്ലൊരു കാര്യമായിക്കൊള്ളണമെന്നില്ല. ലക്ഷ്യത്തിലേക്ക് നാമെത്തിച്ചേരുന്നതിന് മുമ്പ് പല വെല്ലുവിളികളും മറികടക്കാനുണ്ടാവും.
പക്ഷേ, യഥാർഥ രാഷ്ട്രീയം എന്നത് ആളുകൾ മാന്യമായി പെരുമാറുകയും നിയമങ്ങൾ പാലിക്കുകയും ചെയ്യുന്ന ഒരു സംവാദസമൂഹംപോലെ വ്യവസ്ഥാപിതമായ ഒന്നല്ല. ഹോബ്സിന്റെ എല്ലാർക്കെതിരിലുമുള്ള എല്ലാവരുടെയും സംഘട്ടനമെന്നതിന്റെ നാഗരികരൂപമാണിത്. കൂടാതെ രാഷ്ട്രീയജീവിതമെന്നത് എല്ലായ്പോഴും ക്രൂരവും ഹീനവുമാണ്. സംഘർഷങ്ങളുടെയും അനിശ്ചിതാവസ്ഥയുടെയും വ്യാപനത്തിന് ഒരുപക്ഷേ നമുക്ക് സാക്ഷ്യംവഹിക്കേണ്ടി വന്നേക്കും. ഇതിനൊക്കെ നാം വലിയ വില നൽകേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അതേക്കുറിച്ച് ആലോചിക്കുക. വേദനയും ത്യാഗവും ഒട്ടും സഹിക്കാതെ നല്ലൊരു ഭാവി നമുക്കുണ്ടാവുമെന്ന് കരുതുന്നത് യാഥാർഥ്യത്തിന് യോജിച്ചതല്ലല്ലോ. നാമാഗ്രഹിക്കുന്ന, നമുക്കാവശ്യമായ നല്ല നാളേക്ക് വേണ്ടി നാം വലിയ വില കൊടുക്കേണ്ടിവരും. അതിനെ മാറ്റിവെക്കാൻ കഴിയുന്ന ഒരു കോസ്മിക് ക്രെഡിറ്റ് കാർഡൊന്നും നമുക്കില്ല. അതുകൊണ്ട് ആ വില നാം അടക്കുകതന്നെ വേണം, അത് നമ്മെ രാഷ്ട്രീയമായും ധാർമികമായും പാപ്പരാക്കുകയില്ല എന്നാഗ്രഹിക്കാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ.
⚫
മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയാണ് ഡോ. സാദിഖ് പി.കെ. നിലവിൽ മീഡിയാവൺ അക്കാദമി പ്രിൻസിപ്പൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.