ഫലസ്തീൻ വിമോചന കവി മഹ്മൂദ് ദർവീശിനെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വകാര്യവും പരസ്യവുമായ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ദർവീശിന്റെ അടുത്ത സുഹൃത്തും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സിയാദ് അബ്ദുൽ ഫത്താഹ്.
യശഃശരീരനായ ഫലസ്തീനി കവി മഹ്മൂദ് ദർവീശുമായി ഏറ്റവും അടുപ്പം പുലർത്തിയ വ്യക്തികളിലൊരാളാണ് നോവലിസ്റ്റും ഫലസ്തീനി മാധ്യമപ്രവർത്തകനുമായ സിയാദ് അബ്ദുൽ ഫത്താഹ്. ദർവീശിന്റെ ചരമ വാർഷിക വേളകളിലെല്ലാം കവിയുടെ ജീവിതത്തിലെ പുതിയതെന്തെങ്കിലും തേടിപ്പിടിച്ചു കൊണ്ടുവരുക എന്നത് മാധ്യമങ്ങളിലെ സാംസ്കാരിക താളുകളുടെ സ്ഥിരം പതിവുകളിലൊന്നാണ്. എന്നാൽ, ദർവീശിനെക്കുറിച്ച് എഴുതാൻ പ്രത്യേകമൊരു സന്ദർഭത്തിന്റെയും ആവശ്യമില്ല. അതിനാൽ ദർവീശിന്റെ ജീവിതത്തെക്കുറിച്ച് മറ്റാർക്കും അറിയാത്ത എമ്പാടും കാര്യങ്ങൾ അറിയുന്ന സിയാദ് അബ്ദുൽ ഫത്താഹിനോട് സംസാരിക്കാൻ ഏതെങ്കിലും സ്മരണീയ സന്ദർഭത്തിലേക്ക് പോകുന്നതിന് പ്രത്യേക പ്രസക്തിയൊന്നുമില്ല. 1939ൽ ഫലസ്തീനിലെ ത്വൂൽകറമിൽ ജനിച്ച സിയാദ് അവിടത്തെ ഫാദിലിയ്യ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്.
ആറു വർഷം അധ്യാപനത്തിൽ ഉപജീവനം കണ്ടെത്തിയ അദ്ദേഹം പിന്നീട് മാധ്യമരംഗത്തേക്ക് ചുവടുമാറി. 1968ൽ ‘അൽ ആസ്വിഫ’ (കൊടുങ്കാറ്റ് എന്നർഥം) എന്ന പേരിൽ കൈറോവിൽ ആരംഭിച്ച പ്രക്ഷേപണ കേന്ദ്രത്തിന്റെ സംസ്ഥാപനത്തിൽ സിയാദിനും പങ്കാളിത്തമുണ്ടായിരുന്നു. 1971ൽ അതേ പേരിൽതന്നെ സിറിയയിലെ ദർഅയിൽ ആരംഭിച്ച പ്രക്ഷേപണ നിലയത്തിന്റെ പിന്നിലും അദ്ദേഹമുണ്ടായിരുന്നു. പിന്നീട് 1972ൽ ‘വഫാ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഫലസ്തീൻ വാർത്താ ഏജൻസിയായ ‘വക്കാലത്തുൽ അൻബാഇൽ ഫലസ്ത്വീനിയ’യുടെ പിന്നിലെ മുഖ്യ ശക്തിയും സിയാദ് തന്നെ. 1982ൽ ‘അൽ മഅരിക്കത്തുൽ യൗമിയ്യ’ എന്ന ദിനപത്രത്തിന്റെയും 1984ലും 1989ലും സാഹിത്യ മാഗസിനായ ‘ലോദസി’ന്റെയും മുഖ്യ പത്രാധിപ സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. അതിനിടെ 1975ൽ ഈജിപ്തിലെ ഐൻ ശംസ് യൂനിവേഴ്സിറ്റിയിൽനിന്ന് അദ്ദേഹം നിയമബിരുദവും കരസ്ഥമാക്കുന്നുണ്ട്. 1984ലും 2021ലും വിവിധ പുരസ്കാരങ്ങൾ നേടിയ സിയാദിന് നോവലുകളും ചെറുകഥാ സമാഹാരങ്ങളുമായി പതിനഞ്ചോളം കൃതികളുണ്ട്.
‘മഹ്മൂദ് ഞങ്ങളുടെ ‘തറവാടി’ലെ കുട്ടി’
‘‘ദർവീശിന്റെ സ്വകാര്യതകളുടെ സ്റ്റോറാണ് ഞാനെന്നൊന്നും എനിക്ക് അവകാശവാദമില്ല. എന്നാൽ, മറ്റാർക്കും അറിയാത്ത ചിലതൊക്കെ അദ്ദേഹത്തെക്കുറിച്ച് എനിക്കറിയാം. ‘സ്വാഖിലുൽ മാസ്’ (വൈരം കടയുന്നവൻ’) എന്ന എന്റെ നോവലിൽ ദർവീശുണ്ട്. മറ്റാർക്കും അറിയാത്ത വിവരങ്ങളാണ് അതിൽ കോറിയിട്ടിട്ടുള്ളത്. പലർക്കും അറിയാത്ത രഹസ്യങ്ങൾ ഞങ്ങൾ പരസ്പരം കൈമാറാറുണ്ടായിരുന്നു. മഹ്മൂദ് തുനീഷ്യയിൽ വന്നാൽ ഹോട്ടലിൽ മുറിയെടുക്കുകയില്ല. താമസിക്കാൻ നേരെ ഞങ്ങളുടെ വീട്ടിലേക്കാണ് വരിക. അദ്ദേഹത്തിനായി വീട്ടിൽ പ്രത്യേകം സ്യൂട്ട് തന്നെ ഞങ്ങൾ സജ്ജീകരിച്ചുവെച്ചിരുന്നു.
‘‘എന്റെ ഉമ്മയെ സ്വന്തം ഉമ്മയെപ്പോലെയാണ് അദ്ദേഹം കണ്ടിരുന്നത്. ഉമ്മ അദ്ദേഹത്തിന് ‘ഖഹ്‍വ’ ഉണ്ടാക്കികൊടുക്കും. തറവാട്ടിലെ കുട്ടി എന്ന പരിഗണനയായിരുന്നു ഉമ്മ ദർവീശിന് കൊടുത്തിരുന്നത്.
‘‘1969ലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. അപ്പോൾ അദ്ദേഹം മോസ്കോവിൽനിന്ന് മടങ്ങിവന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒരു വർഷത്തിലേറെ അദ്ദേഹം മോസ്കോവിൽ കഴിച്ചുകൂട്ടിയിരുന്നില്ല. വലിയ മീൻ കൊതിയനായിരുന്നു. ‘മുലുഖിയ’യും (ഒരുതരം ഇലക്കറി) വെണ്ടക്കയും ഏറെ ഇഷ്ടമായിരുന്നു. എന്റെ നല്ല പാതി ‘ഉമ്മു താരിഖി’ന്റെ പാചകത്തോട് പ്രത്യേകം ഇമ്പം കാണിച്ചിരുന്നു.’’
സിയാദ് അബ്ദുൽ ഫത്താഹിന്റെ ‘സാഖിലുൽ മാസ്’ (വൈരം കടയുന്നവൻ) എന്ന ആത്മകഥാ സ്വഭാവത്തോട് കൂടിയ നോവലിൽ ദർവീശിന്റെ പല ജീവിതമുഹൂർത്തങ്ങളും പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും അതിൽ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങളാണ് ഈ അഭിമുഖത്തിൽ അദ്ദേഹം അനാവരണംചെയ്യുന്നത്. ‘‘ദർവീശിന്റെ ജീവിതത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിൽ ജന്മദേശത്തിന്റെ പുറത്ത് ബൈറൂതിലും തൂനിസിലും വളരെ അടുത്ത് കഴിയാൻ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്.’’ സിയാദ് അബ്ദുൽ ഫത്താഹ് പറയുന്നു: സിദ്ധിമാനായ കവിയായിരുന്നു മഹ്മൂദ്. അദ്ദേഹവുമായി കാണാനും പരിചയപ്പെടാനും ചങ്ങാത്തംകൂടാനും ആളുകൾ വെമ്പൽകൊണ്ടു. അദ്ദേഹത്തെ കേൾക്കാനായി സെമിനാറുകളിലും കാവ്യസായാഹ്നങ്ങളിലും ജനം ഇരമ്പിവന്നു.
സിയാദ് അബ്ദുൽ ഫത്താഹിനെ അബ്ദുൽ ഹലീം ഇന്റർവ്യൂ ചെയ്യുന്നു
‘‘മഹ്മൂദിന് യൂനിവേഴ്സിറ്റി ബിരുദമൊന്നും ഉണ്ടായിരുന്നില്ല. ഉപരിപഠനത്തിന് മോസ്കോയിൽ പോയെങ്കിലും അവിടെനിന്ന് അദ്ദേഹം യൂനിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. കമ്യൂണിസം വഞ്ചിച്ചതായി ബോധ്യപ്പെട്ട അദ്ദേഹം അതിനെ വിവാഹമോചനംചെയ്തു. എങ്കിലും പ്രത്യയശാസ്ത്രത്തെ അപലപിക്കാനൊന്നും പോയില്ല. പിന്നീട് പ്രമുഖ എഴുത്തുകാരനായ അഹ്മദ് ബഹാഉദ്ദീന്റെ ക്ഷണപ്രകാരം കൈറോവിലേക്ക് പോകാൻ തീരുമാനിച്ചു. ദർവീശിനെ അഹ്മദ് ബഹാഉദ്ദീൻ അൽ ഹിലാൽ ഗ്രൂപ്പിലെ ‘അൽ മുസ്വവ്വിർ’ മാഗസിനിൽ നിയമിച്ചു. തുടർന്ന് ഹൈക്കൽ, നജീബ്, മഹ്ഫൂസ്, ബിൻതുശ്ശാത്വീഅ് എന്നിവർക്കൊപ്പം അൽ അഹ്റാമിൽ പ്രവർത്തിച്ചു.’’
ആളുകളുമായി ഇടപഴകുന്നതിൽ ദർവീശിന് താൽപര്യം കുറവായിരുന്നുവെന്ന് സിയാദ് അബ്ദുൽ ഫത്താഹ് പറയുന്നു. ‘‘മറ്റു കവികളെപ്പോലെയായിരുന്നില്ല ദർവീശ്. ഒരു ബൊഹീമിയൻ കവിയായിരുന്നില്ല അദ്ദേഹം. സൂക്ഷിച്ച് മാത്രമേ ഇതര കവികളും ബുദ്ധിജീവികളും വിമർശകരുമായി സമ്പർക്കം സ്ഥാപിച്ചിരുന്നുള്ളൂ. ദർവീശ് വിമർശഭീരുവായിരുന്നോ എന്ന ചോദ്യത്തിന് സിയാദിന്റെ മറുപടി ഇങ്ങനെയായിരുന്നു: അല്ല. നിരൂപകരെ അദ്ദേഹത്തിന് കാര്യമായിരുന്നു. സാഹിത്യകൃതികൾക്ക് പ്രചാരം ലഭിക്കണമെങ്കിൽ അവക്ക് നിരൂപകശ്രദ്ധ ലഭിക്കേണ്ടതുണ്ടെന്ന് അറിയാത്ത ആളല്ല ദർവീശ്; ലബ്ധപ്രതിഷ്ഠരായ നിരൂപകരാണെങ്കിൽ വിശേഷിച്ചും. പാരിസിൽ അദ്ദേഹത്തിന് സൗഹൃദമുള്ള പല സാഹിത്യ വിമർശകരുമുണ്ടായിരുന്നു.
ഇറാഖീ വിമർശകൻ കാളിം ജിഹാദ് ഒരു ഉദാഹരണം. ദർവീശിന്റെ ഉറ്റ സുഹൃത്തായിരുന്നു കാളിം. പക്ഷേ, ഏതെങ്കിലും പുസ്തകത്തെകുറിച്ചോ എഴുത്തുകാരനെക്കുറിച്ചോ എഴുതുന്നതിന് കാളിമിന്റെ മേൽ സമ്മർദം ചെലുത്താൻ ദർവീശ് ഒരിക്കലും ശ്രമിക്കയുണ്ടായില്ല. സിറിയൻ കവി അഡോണിസിനെ (അലി അഹ്മദ്) കുറിച്ച് കാളിം ഒരു വിമർശന കൃതി പ്രസിദ്ധീകരിച്ച വിവരം ദർവീശിനോട് സിയാദ് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: അതിൽ എനിക്ക് താൽപര്യമില്ല. കാളിമിന്റെ എഴുത്തിൽ ഞാൻ ഇടപെടാറില്ല. എന്റെ നിലവാരത്തിലുള്ളവർക്കെതിരിലോ എന്റെ പ്രതിയോഗികൾക്കെതിരിലോ എഴുതാൻ ആരെയും ഞാൻ പ്രേരിപ്പിക്കാറില്ല.’’ ആ വക വിഷയങ്ങളിലൊക്കെ ഉയർന്ന ധാർമിക നിലവാരം പുലർത്തിയിരുന്നു മഹ്മൂദ് ദർവീശ്.
എഴുത്തിന്റെ ചിട്ടവട്ടങ്ങൾ
റാമല്ല നഗരത്തിലെ ‘അർറത് നോ’ ഹോട്ടലിൽ വെച്ചാണ് സിയാദ് അബ്ദുൽ ഫത്താഹുമായുള്ള എന്റെ ഈ സംഭാഷണം നടക്കുന്നത്. അതേ പേരിൽ സിയാദിന് ഒരു നോവലുള്ളത് സ്മരണീയമാണ്. എഴുത്തിൽ ദർവീശിന് ചില ചിട്ടവട്ടങ്ങളൊക്കെ ഉള്ളതായി സിയാദ് വെളിപ്പെടുത്തി. ദൈനംദിന പരിപാടിതന്നെ അതിനായി ദർവീശ് ആവിഷ്‍കരിച്ച് വെച്ചിരുന്നുവത്രെ. വീട്ടിലെ ഓഫിസ് മുറിയിൽ ഒരു ജീവനക്കാരനെപ്പോലെ ദിവസവും കാലത്ത് 10 മണിക്ക് അദ്ദേഹം പ്രവേശിക്കും. ഉച്ചക്ക് രണ്ടുമണിവരെ കവിതകൾ കുത്തിക്കുറിച്ച് അവിടെ ഇരിക്കും. എല്ലാ ദിവസവും എഴുത്തിൽ മുഴുകിക്കൊള്ളണമെന്നൊന്നുമില്ല. എന്നാൽ, ഓഫിസിലിരിക്കുമ്പോൾ സദാ സ്യൂട്ടും ടൈയുമായിരിക്കും വേഷം. ആ സമയത്ത് പൈജാമയും കുപ്പായവും ധരിക്കുന്ന പതിവില്ല. ‘കാവ്യ സാമ്രാജ്യത്തിലെ വിനീതനായ ഭൃത്യൻ’ എന്നാണ് ദർവീശ് സ്വയം വിശേഷിപ്പിച്ചിരുന്നത്. കാവ്യരചനയെ അദ്ദേഹം ബഹുമാനിച്ചു. കവിത എഴുതുമ്പോൾ അരികത്ത് കോഫി കപ്പ് നിർബന്ധമായിരുന്നു. അത് നുണഞ്ഞുകൊണ്ടാണ് കവിത എഴുതുക. ഒരു കവിത എഴുതിത്തീരുന്നതിനിടയിൽ നാല് കോപ്പ കാപ്പിയെങ്കിലും അകത്താക്കിക്കഴിഞ്ഞിട്ടുണ്ടാകും.
അന്തസ്സുറ്റ വേഷത്തിലേ അദ്ദേഹത്തെ നിങ്ങൾക്ക് കാണാൻ കഴിയൂ. ഏറ്റവും വിലകൂടിയ മുന്തിയ വസ്ത്രമാണ് വാങ്ങുക. നീല മഷിപ്പേന ഉപയോഗിച്ചാണ് എഴുത്ത്. അതിമനോഹരമാണ് അദ്ദേഹത്തിന്റെ കൈപ്പട. അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ട് പേനകൾ തനിക്ക് സമ്മാനിച്ചതായി സിയാദ് അനുസ്മരിക്കുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ മൗണ്ട് ബ്ലാൻ (Mont Blanc) ഇനത്തിൽപെട്ട പേനകൾ. ‘ധവളഗിരി’ എന്നാണ് ഫ്രഞ്ചിൽ അതിനർഥം. എങ്കിലും ജീവിതത്തിൽ അദ്ദേഹം മിതത്വം പുലർത്തുകയുണ്ടായി.
അവിഹിത സന്താനം?
1990ൽ സിറിയൻ എഴുത്തുകാരൻ സലീം ബറകാത്ത് ദർവീശിനെക്കുറിച്ച് ഒരു രഹസ്യം വെളിപ്പെടുത്തുകയുണ്ടായി. വിവാഹം കഴിക്കാത്ത ഒരു സ്ത്രീയിൽ തനിക്ക് ഒരു സന്താനമുണ്ടെന്ന് ദർവീശ് തന്നോട് പറഞ്ഞെന്നായിരുന്നു സലീം ബറകാത്തിന്റെ വെളിപ്പെടുത്തൽ. ദർവീശ് ചീഫ് എഡിറ്ററായിരുന്ന ‘കർമൽ’ മാഗസിന്റെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു സലീം ബറകാത്ത്. നിക്കോഷ്യയിൽനിന്നായിരുന്നു ‘കർമൽ’ പ്രസിദ്ധീകരിച്ചിരുന്നത്. അറബി ഭാഷയിൽ അഗാധ പരിജ്ഞാനമുള്ള കുർദ് കവിയാണ് സലീം ബറകാത്ത്. ‘കർമലിൽ’ പ്രസിദ്ധീകരണത്തിന് അയച്ചുകിട്ടുന്ന മാറ്ററുകൾ സൂക്ഷ്മപരിശോധന നടത്തി എഡിറ്റ് ചെയ്തിരുന്നത് സലീം ബറകാത്തായിരുന്നു. എന്നാൽ തൊഴിൽപരമായ ബന്ധമല്ലാതെ സലീം ബറകാത്തുമായി രഹസ്യങ്ങൾ കൈമാറാൻ മാത്രമുള്ള ഉറ്റ സൗഹൃദമൊന്നും ദർവീശിനുണ്ടായിരുന്നില്ലെന്നാണ് സിയാദ് അബ്ദുൽ ഫത്താഹ് പറയുന്നത്.
നസ്വ്രീൻ ഹജ്ജാജ് ഈ വിഷയത്തിൽ സലീമിനെ ശരിവെക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു സംഭവമുണ്ടെങ്കിൽ ദർവീശ് അത് തന്നോട് പറയാതിരിക്കില്ല എന്ന് സിയാദ് അബ്ദുൽ ഫത്താഹ് ഉറപ്പിച്ച് പറയുന്നു. ആ റിപ്പോർട്ട് പാടെ തള്ളിക്കളയാൻ വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണം കൂടി സിയാദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടു തവണ വിവാഹം ചെയ്ത ദർവീശ് രണ്ടു തവണയും വിവാഹത്തിന് പ്രസവിക്കരുതെന്ന് ഉപാധിവെച്ചിരുന്നു എന്നതാണ് സിയാദ് ചൂണ്ടിക്കാണിക്കുന്ന തെളിവ്.
പ്രമുഖ സിറിയൻ കവിയായ നിസാർ ഖബ്ബാനിയുടെ സഹോദരി റനാ ഖബ്ബാനിയായിരുന്നു ആദ്യ ഭാര്യ. പിന്നീട് തനിക്ക് കുട്ടി വേണമെന്ന് റനാ ശാഠ്യംപിടിച്ചപ്പോൾ ദർവീശ് അവരെ വിവാഹമോചനം നടത്തി. അതിനുശേഷം ഈജിപ്തുകാരിയായ ഹയാത്ത് അൽ ഹയ്നിയെ വിവാഹം ചെയ്തപ്പോഴും അദ്ദേഹം ഇതേ ഉപാധിവെക്കുകയുണ്ടായി. പിൽക്കാലത്ത് ഹയാത്തും സന്താനത്തിനുവേണ്ടി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അവർ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ എങ്ങനെയാണ് ദർവീശിന് ഒരു അവിഹിത സന്താനമുണ്ടാവുക എന്നാണ് സിയാദിന്റെ ന്യായമായ ചോദ്യം.
ഹയാത്തിനെ അഗാധമായി സ്നേഹിച്ച ദർവീശ് അവരോടൊപ്പമുള്ള ജീവിതത്തിൽ സംതൃപ്തനായിരുന്നു. വിയനയിൽ ഒരു അന്താരാഷ്ട്ര സംഘടനയിൽ ദ്വിഭാഷിയായി ജോലിചെയ്യുകയായിരുന്നു ഹയാത്ത്. അവിടെ ഒരു കോൺഫറൻസിൽ വെച്ചാണ് ദർവീശ് അവരെ കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി വളരാൻ താമസമുണ്ടായില്ല. ആയിടെ ഒരു ഉന്മാദിയെപ്പോലെ തുനീഷ്യ സന്ദർശിച്ച ദർവീശിനെ സിയാദ് അബ്ദുൽ ഫത്താഹ് ഓർക്കുന്നു. ഹയാത്തിനോടുള്ള പ്രണയം വെളിപ്പെടുത്തിയപ്പോൾ അവരെ വിവാഹം കഴിക്കാൻ ദർവീശിനെ സിയാദ് ഉപദേശിച്ചു.
എനിക്കൊരു നല്ല ഭർത്താവാകാൻ സാധിക്കുകയില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നുവത്രെ അപ്പോൾ ദർവീശ്. ‘‘വിവാഹത്തിന് എനിക്ക് ചില ഉപാധികളുണ്ടെന്ന് താങ്കൾക്കറിയാമല്ലോ. എനിക്ക് കുട്ടികൾ വേണ്ട. ഒരു പെണ്ണിനും അംഗീകരിക്കാൻ കഴിയാത്തതാണ് ഈ നിബന്ധന. എന്റെ കുട്ടിക്ക് രോഗം ബാധിക്കുന്നതും അവൻ കരയുന്നതും എനിക്ക് സഹിക്കാനാകില്ല.’’ സിയാദിനോട് ദർവീശ് തുറന്നുപറഞ്ഞു. എന്നാൽ, സ്വന്തം കുഞ്ഞുങ്ങളിൽ താൽപര്യമില്ലാത്ത ദർവീശിന് സ്നേഹിതന്മാരുടെ കുട്ടികളെ വലിയ കാര്യമായിരുന്നു. അതിരറ്റ വാത്സല്യത്തോടെയായിരുന്നു അവരോടൊക്കെ അദ്ദേഹം പെരുമാറിയിരുന്നത്.
സലീം ബറകാത്ത്,കാളിം ജിഹാദ്
ഉദാരമനസ്കൻ
സാമ്പത്തികാവസ്ഥ മോശമായ എഴുത്തുകാരെ ദർവീശ് ഉദാരമായി സഹായിച്ചിരുന്നു. അത്യന്തം പരിതാപകരമായി ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്ന പ്രസിദ്ധനായ ഒരു ഇറാഖി കവിയുടെ കഥ സിയാദ് അബ്ദുൽ ഫത്താഹ് ഓർക്കുന്നു. യാസിർ അറഫാത്തുമായി ബന്ധപ്പെട്ട് അയാൾക്ക് മാസന്തോറും ഒരു അലവൻസ് ലഭ്യമാക്കുന്നതിന് ദർവീശ് തന്നോട് അപേക്ഷിച്ചതായി സിയാദ് പറയുന്നു. അറഫാത്തിനോട് നേരിട്ടു പറയാതെ അക്കാര്യം സിയാദിനെ ഭരമേൽപിക്കുകയായിരുന്നു. ഇങ്ങനെ സാമ്പത്തിക സഹായത്തിന് അറഫാത്തിനോട് ദർവീശ് ശിപാർശ ചെയ്തവരിൽ കവി അഹ്മദ് ദഹ്ബൂറും മറ്റൊരു സിറിയൻ കവിയും ഉൾപ്പെട്ടിരുന്നു. ദർവീശ് ശിപാർശ ചെയ്തവരാണെന്ന് പറഞ്ഞു ആ പേരുകളൊക്കെ എഴുതി സിയാദ് അറഫാത്തിന് സമർപ്പിക്കുകയായിരുന്നു.
കവികളിൽ ഏറ്റവും സമ്പന്നരായിരുന്നു ദർവീശും നിസാർ ഖബ്ബാനിയും. അവർക്ക് ഉപജീവനത്തിന് തൊഴിലോ ഉദ്യോഗമോ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. അറഫാത്തിനോട് ഒരു പൈസപോലും ദർവീശ് ആവശ്യപ്പെട്ടിരുന്നില്ല. ‘ദാറുൽ ഔദ’, ‘ദാറുർരീസ്’ തുടങ്ങിയ പ്രസാധനാലയങ്ങൾ ആയിരക്കണക്കിൽ ഡോളറുകൾ റോയൽറ്റി ഇനത്തിൽ അദ്ദേഹത്തിന് കൊടുക്കാറുണ്ടായിരുന്നു. അതേസമയം, തന്നെ ഫലസ്തീൻ റിസർച് സെന്റർ ചെയർമാനുമായിരുന്നു അദ്ദേഹം. ചെയർമാനെന്ന നിലയിൽ ശമ്പളത്തിനും അർഹനായിരുന്നു.
അബ്ദുൽ ബാരി അത്വ് വാന്റെ നുണകൾ
മരണാനന്തരം ചില സ്നേഹിതന്മാർ ദർവീശിനെ ചതിച്ചതായി പറഞ്ഞുകേൾക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് താൻ അങ്ങനെ കരുതുന്നില്ല എന്നായിരുന്നു സിയാദ് അബ്ദുൽ ഫത്താഹിന്റെ മറുപടി: ‘‘സമകാലികരായ പല കവികൾക്കും ദർവീശിനോട് അസൂയയുണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാൽ, സമകാലിക കവികളിൽ അദ്ദേഹത്തിന് വ്യതിരിക്തമായൊരു സ്ഥാനമുണ്ടായിരുന്നു. മുതനബ്ബിക്കു (915-965) ശേഷം അറബ് ലോകത്തുണ്ടായ ഏറ്റവും വലിയ കവിയായാണ് ഞാൻ അദ്ദേഹത്തെ പരിഗണിക്കുന്നത്. ‘ഐഡി കാർഡ്’, ‘അമ്മയുടെ അപ്പത്തിനായി കൊതിക്കുന്നു’ തുടങ്ങിയ ആദ്യകാല കവിതകളോട് ദർവീശിന് മതിപ്പു കുറവാണ്. അലസവിലസിതങ്ങളായാണ് അവയെ അദ്ദേഹം കാണുന്നത്. കാലത്തോടൊപ്പം അദ്ദേഹത്തിന്റെ കവിതയും മുതിർന്നു. അവ ആധുനികതയിലൂടെ വികസിച്ചു.
‘‘ദർവീശ് ഏറെയും സംസാരിച്ചത് മരണത്തെക്കുറിച്ചായിരുന്നു. അദ്ദേഹവുമായി ഉറ്റ സൗഹൃദം അവകാശപ്പെട്ടവരിൽ ഏറ്റവും വലിയ നുണയൻ പത്രപ്രവർത്തകനായ അബ്ദുൽ ബാരി അത്വ് വാനാണ്. പാപ്പരായിക്കൊണ്ടാണ് ദർവീശ് പാരിസിലെത്തിയതെന്നും അന്ന് ഞാൻ അദ്ദേഹത്തിന് വിരുന്നൊരുക്കിയെന്നുമുള്ള അത്വ് വാന്റെ പ്രസ്താവം ഏറ്റവും വലിയൊരു നുണമാത്രമാണ്. കുലീനനും അത്യുദാരനുമാണ് ദർവീശ്. ആളുകളെ അങ്ങോട്ട് സൽക്കരിക്കുക എന്നല്ലാതെ ആരും തനിക്കുവേണ്ടി പണം ചെലവഴിക്കുന്നത് ദർവീശ് ഇഷ്ടപ്പെടുകയില്ല.’’
‘കർമൽ’ മാഗസിൻ
സൈപ്രസ് ആസ്ഥാനമായ നിക്കോഷ്യയിൽ നിന്ന് ദർവീശ് പ്രസിദ്ധീകരിച്ചിരുന്ന കർമൽ മാഗസിന്റെ നടത്തിപ്പിൽ സർവതന്ത്ര സ്വതന്ത്രനായിരുന്നു ദർവീശ്. കവിതയാകട്ടെ ലേഖനമാകട്ടെ സർഗസൃഷ്ടിയാണെന്ന് തനിക്ക് ബോധിക്കുന്ന ഏത് മാറ്ററിനും അതിൽ അദ്ദേഹം സ്ഥലമനുവദിക്കും. സിയാദ് അബ്ദുൽ ഫത്താഹ് പറയുന്നു: ‘‘ആഫ്രോ-ഏഷ്യൻ എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ബൾഗേറിയയിലെ വർണയിൽ എത്തിയതായിരുന്നു ഞങ്ങൾ.
അപ്പോൾ കർമലിന്റെ ഏതാനും ലക്കങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു. ഒരു ഇറാഖി കവിയുടെ മൂന്ന് കവിതകൾ അതിൽ പ്രാധാന്യപൂർവം പ്രസിദ്ധീകരിച്ചിരുന്നു. അറഫാത്തിൽനിന്ന് മാസാന്ത അലവൻസ് തരപ്പെടുത്തിക്കൊടുക്കാൻ എന്നോടാവശ്യപ്പെട്ട അതേ കവി തന്നെയായിരുന്നു അത്. ഞാൻ ദർവീശിനോട് പറഞ്ഞു: ‘‘കർമലിന്റെ പത്രാധിപരാണ് താങ്കൾ. അതിന്റേതായ ഉത്തരവാദിത്തം താങ്കൾക്കുണ്ട്. ആ മൂന്ന് കവിതകളും ‘കർമലി’ന്റെ നിലവാരത്തിന് ചേർന്നതല്ലെന്നാണ് എന്റെ അഭിപ്രായം.’’ പക്ഷേ, ദർവീശ് അത് അംഗീകരിച്ചില്ല. ആ കവിക്ക് പ്രതിഫലം നൽകി സഹായിക്കാൻ ബോധപൂർവം അയാളുടെ കവിതകൾ പ്രസിദ്ധീകരിക്കുകയായിരുന്നു ദർവീശ് എന്നതാണ് യാഥാർഥ്യം.’’
കവിതയിലെ തിരുത്തലുകൾ
വളരെ ഉയർന്ന നിലവാരം പുലർത്തുന്നതാണ് ദർവീശിന്റെ ഭാഷ എന്നാണ് സിയാദ് അബ്ദുൽ ഫത്താഹ് പറയുന്നത്. എങ്കിലും തിരുത്താനല്ലെങ്കിലും തന്റെ കവിതകൾ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് നിരൂപകന്മാരെയും അടുത്ത സുഹൃത്തുക്കളെയും അദ്ദേഹം അവ കാണിക്കാറുണ്ടായിരുന്നു. ഒരിക്കൽ അഹ്മദ് ദഹ്ബൂറിന് ഒരു കവിത അദ്ദേഹം വായിച്ചു കൊടുത്തു. അതിൽ ‘അൽ ജഹീം ഹുവൽ ജഹീം’ എന്നൊരു വാക്യമുണ്ടായിരുന്നു. ‘ഹിയൽ ജഹീം’ എന്നാണ് ശരി എന്ന്, ദഹ്ബൂർ ചൂണ്ടിക്കാണിച്ചു. കാരണം ‘ജഹീം’ എന്ന വാക്ക് ഖുർആനിൽ ഒരിടത്തും സ്ത്രീലിംഗ രൂപത്തിലല്ലാതെ പ്രയോഗിച്ചിട്ടില്ല. അപ്പോൾ ദർവീശ് ‘ഹുവ’ എന്ന വാക്ക് ‘ഹിയ’ എന്നാക്കി തിരുത്തി. എന്നാൽ, ദർവീശിന്റെ കവിതകൾ തങ്ങൾ തിരുത്തിക്കൊടുക്കാറുണ്ടായിരുന്നു എന്ന് ആരെങ്കിലും വാദിക്കുകയാണെങ്കിൽ അത് കള്ളമാണ്. അങ്ങനെയാണെങ്കിൽ താനാണത് ചെയ്യേണ്ടിയിരുന്നതെന്ന് സിയാദ് അബ്ദുൽ ഫത്താഹ് പറയുന്നു: ‘‘എന്റെ ഭാഷ ഏറ്റവും മികച്ചതാണ്. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുമാണ് ഞാൻ.’’
ദർവീശ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്നേഹിതനായ ലബനീസ് എഴുത്തുകാരൻ ഇൽയാസ് ഖൂരി അമ്മാനിലെ ദർവീശിന്റെ വീട് പരിശോധിച്ചിരുന്നു. അതിൽ സ്വകാര്യതയുടെ ലംഘനമൊന്നുമില്ലെന്നാണ് സിയാദ് അബ്ദുൽ ഫത്താഹ് പറയുന്നത്. തികച്ചും സ്വാഭാവികമായിരുന്നു അത്. കാരണം മഹ്മൂദ് ദർവീശ് എന്ന കവി ഒരു പൊതുസ്വത്താണ്. അദ്ദേഹത്തിന്റെ സർഗസൃഷ്ടികൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ‘ഈ കവിത അവസാനിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു’ (ലാ ഉരീദു ലിഹാദിഹിൽ ഖസ്വീദ അൻ തൻതഹീ) എന്ന ശീർഷകത്തിൽ അപ്രകാശിതമായൊരു നീണ്ട കവിത അന്നവിടെ നിന്ന് കണ്ടെടുക്കുകയുണ്ടായി. ഇതര അപ്രകാശിത സൃഷ്ടികൾക്കൊപ്പം ദർവീശിന്റെ മരണശേഷമാണ് അത് പിന്നീട് വെളിച്ചം കണ്ടത്.
ബൈറൂത് ഉപരോധം
1982ലെ ഉപരോധകാലത്ത് ബൈറൂതിൽനിന്ന് പി.എൽ.ഒ ക്യാമ്പ് തുനീഷ്യയിലേക്ക് മാറ്റാൻ തീരുമാനിച്ചപ്പോൾ ബൈറൂത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ ദർവീശിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയക്കാരനെന്നതിനേക്കാൾ ഒരു കവിയായിരുന്നു ദർവീശ് എന്നതാണ് സിയാദ് അതിന് കാണുന്ന കാരണം. എത്രയോ സായാഹ്ന കവിയരങ്ങുകൾ, ആളുകളുമായുള്ള ചങ്ങാത്തം അങ്ങനെ മനം നിറയെ ബൈറൂതിന്റെ നേരെ റൊമാൻസുമായി കഴിയുന്ന ദർവീശിന് ആ മനോഹര നഗരത്തോട് വിടചൊല്ലുന്നത് ആലോചിക്കാൻ കഴിയുമായിരുന്നില്ല. ‘‘വിപ്ലവം ബൈറൂതിൽനിന്ന് ഒഴിച്ചുപോക്ക് ആരംഭിച്ചപ്പോൾ ആ ദുരന്തം കാണിച്ചുകൊടുക്കാൻ ഞാൻ ദർവീശിനെ കൂടെ കൂട്ടിക്കൊണ്ടുവന്നു.’’ സിയാദ് അബ്ദുൽ ഫത്താഹ് ഗൃഹാതുരത്വത്തിന്റെ ആ നൊമ്പരനിമിഷങ്ങൾ വാക്കുകളിലേക്ക് പകരുന്നു: ‘‘ദർവീശ് അപ്പോൾ ഇതികർത്തവ്യതാ മൂഢനായി നിൽക്കുകയാണ്. പരുപരുത്ത യാഥാർഥ്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻ എത്ര ശ്രമിച്ചിട്ടും ദർവീശ് നഗരം വിട്ടുപോകാൻ തയാറായില്ല.’’
‘‘പോരാളിയായ നിനക്ക് ഭീഷണിയുണ്ടാകാം.’’ സിയാദിനോട് ദർവീശ് പറഞ്ഞു. ‘‘ഞാൻ പോരാളിയല്ല; മാധ്യമപ്രവർത്തകൻ മാത്രമാണ്’’ സിയാദ് മറുപടി പറഞ്ഞപ്പോൾ ദർവീശ് വീണ്ടും പറഞ്ഞു: ‘‘ഞാൻ കവിയാണ്. ഞാൻ അവർക്ക് പിടികിട്ടേണ്ട പുള്ളിയല്ല.’’ അപ്പോൾ സിയാദ് വീണ്ടും പറഞ്ഞുനോക്കി: ‘‘ലബനാനികൾ താങ്കളെ കൈയേറ്റംചെയ്യുമെന്ന് എനിക്ക് ഭയമുണ്ട്.’’
‘‘ഇല്ല. അവർക്ക് എന്നോട് സ്നേഹമാണ്. എനിക്കും അവരോട് സ്നേഹമാണ്. അവർ എന്റെ കവിത ഇഷ്ടപ്പെടുന്നു. എന്നെ ബഹുമാനിക്കുന്നു. സംസ്കാര സമ്പന്നരാണവർ.’’ ദർവീശ് പറഞ്ഞുകൊണ്ടേയിരുന്നു.
‘‘താങ്കൾ ഫലസ്തീനിയാണ്. അത് മറക്കണ്ട. ഫലസ്തീനിയെ ഭീഷണിയായാണ് അവർ കാണുന്നത്.’’ സിയാദ് അദ്ദേഹത്തെ ഓർമപ്പെടുത്തി.
അറഫാത്തിനെ ഇഷ്ടമാണ്; എങ്കിലും
ദർവീശിന് അറഫാത്തിനെ ഇഷ്ടമായിരുന്നു. സംഭാഷണം തുടർന്നുകൊണ്ട് സിയാദ് പറഞ്ഞു. എങ്കിലും, അദ്ദേഹത്തോട് ദർവീശ് അകലം പാലിച്ചിരുന്നു. കാരണം ദർവീശ് വളർന്നതും ശിക്ഷണം നേടിയതും ഒരു കമ്യൂണിസ്റ്റുകാരനായിട്ടായിരുന്നു. മതേതരനായ മാനവികനായിരുന്നു. മറിച്ചായിരുന്നു അറഫാത്ത്. അധികാരം അറഫാത്തിന്റെ ഒരു ദൗർബല്യമായിരുന്നു. ദർവീശ് അത് ഇഷ്ടപ്പെട്ടില്ല. പലരും കരുതുന്നതുപോലെ അറഫാത്തിന്റെ സംരക്ഷണത്തിലായിരുന്നില്ല ദർവീശ്. ഉള്ളാലെ അറഫാത്തിനെ ദർവീശ് നന്നായി മനസ്സിലാക്കിയിട്ടില്ലായിരുന്നു. ‘‘ഒട്ടും ശരീരം നനയാതെ മഴയത്ത് നടക്കാൻ ബഹു മിടുക്കനാണ് ഈ പട്ടാള മേധാവി.’’ യാസിർ അറഫാത്തിനെ കുറിച്ച് ദർവീശ് അങ്ങനെ പറയാറുണ്ടായിരുന്നു.
ഫലസ്തീൻ കർമസമിതിയിൽ
ദർവീശ് എങ്ങനെയാണ് ഫലസ്തീൻ കർമ സമിതിയിലെത്തിയതെന്ന് ആർക്കും അറിയാത്ത കഥയാണ്. ആ കഥ സിയാദ് അബ്ദുൽ ഫത്താഹ് പറയുന്നു: ‘സ്വാഖിലുൽ മാസ്’ (വൈരം കടയുന്നവൻ) എന്ന കൃതിയിലും അക്കഥ ഞാൻ വിസ്തരിച്ചിട്ടില്ല. അൽജീരിയയിൽ സമ്മേളിച്ച ഫലസ്തീൻ ദേശീയ സമിതി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഞങ്ങൾ. അബ്ദുല്ല ഹൗറാനിയെയാണ് കർമ സമിതിയിലെടുക്കാൻ അബൂ മാസിൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ദർവീശ് വരണമെന്നായിരുന്നു അബൂ അമ്മാറിന്റെ (അറഫാത്ത്) ആഗ്രഹം. ദർവീശാകട്ടെ ആ ഓഫർ പാടെ തള്ളിക്കളഞ്ഞു. അത് സമ്മതിപ്പിക്കാൻ പലരെയും അറഫാത്ത് തന്റെ അടുത്തേക്കയച്ചതായി ദർവീശ് എന്നോട് വെളിപ്പെടുത്തി. എന്നോടും അത് സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നെന്ന് ഞാൻ പറഞ്ഞു. അൽജീരിയയിലെ ‘ഔറാസി’ ഹോട്ടലിലായിരുന്നു അപ്പോൾ ഞങ്ങൾ. ഓഫർ സ്വീകരിക്കാൻ ഞാൻ ദർവീശിനോട് പറഞ്ഞു.
‘‘അവരെക്കൊണ്ടു ഞാൻ മടുക്കും. ഒക്കെ കിളവന്മാരാണ്. എന്റെ സ്വഭാവം പിടിച്ചെന്ന് വരില്ല’’, ഇതായിരുന്നു ദർവീശിന്റെ പ്രതികരണം. അപ്പോൾ ഞാൻ മറ്റൊരു നിർദേശംവെച്ചു: ശഫീഖുൽ ഹൂതും താങ്കളും അടുത്ത സുഹൃത്തുക്കളാണല്ലോ. ശഫീഖിനെയും ഉൾപ്പെടുത്തണമെന്ന ഉപാധിവെച്ചുനോക്കുക.
ശഫീഖിനോട് അറഫാത്തിന് താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന് ഒടുവിൽ സമ്മർദത്തിന് വഴങ്ങേണ്ടിവന്നു. അങ്ങനെയാണ് രണ്ടുപേരും കർമസമിതിയിലെത്തിയത്.
എന്റെ നോവലിനോടുള്ള പ്രതികരണം
‘‘എന്റെ ആദ്യ നോവലിന്റെ ശീർഷകം ‘വിദാഅൻ മർയം’ (മർയമേ വിട) എന്നായിരുന്നു. 1991ലാണ് അത് പൂർത്തിയാക്കിയത്. അത് വായിച്ചുനോക്കാനായി ഞാൻ ശഫീഖിന് നൽകിയിരുന്നു. നോവൽ വായിച്ച് പ്രശംസിച്ച ശഫീഖ് അത് പ്രസിദ്ധീകരിക്കാൻ ഒട്ടും അമാന്തിക്കരുതെന്ന് പറഞ്ഞു. ഒരു കോപ്പി സ്പീഡ് പോസ്റ്റിൽ ദർവീശിനും ഞാൻ അയച്ചുകൊടുത്തിരുന്നു. തൂനിസിൽ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം. അത് ഡെലിവറി ചെയ്യാൻ ഹോട്ടൽ ബെൽ അടിച്ചപ്പോൾ ദർവീശ് ഉറങ്ങുകയായിരുന്നു. ഉറക്കച്ചടവിൽ രോഷത്തോടെ വാതിൽ തുറന്ന ദർവീശ് പാർസൽ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. വീണ്ടും ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെ തപാലുരുപ്പടി കൈയിലെടുത്ത് വായിക്കാൻ തുടങ്ങി. ഇരുന്ന ഇരിപ്പിൽ അത് വായിച്ച് തീർത്ത ദർവീശ് ഉടനെ എന്നെ ഫോൺചെയ്തു. നോവലിന് പ്രശംസകൾ ചൊരിഞ്ഞ അദ്ദേഹമാണ് ‘മർയമേ വിട’ എന്ന ശീർഷകം അതിന് നൽകിയത്. ഉടനെ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയുംചെയ്തു.
ഓസ്ലോ കരാർ
‘‘പി.എൽ.ഒ ഓസ്ലോ കരാറിൽ ഒപ്പിട്ടതോടെ അദ്ദേഹം ഫലസ്തീൻ കർമ സമിതിയിൽനിന്ന് രാജിവെച്ചു. ആ കരാറിൽ ഒപ്പുവെക്കുന്നതിന് എതിരായിരുന്നു ദർവീശ്. കാരണം ജൂതന്മാരെ അദ്ദേഹത്തിന് ശരിക്കും അറിയാമായിരുന്നു. അവർക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കരാർ പാലിക്കുന്ന സ്വഭാവം അവർക്കുണ്ടായിരുന്നില്ല. ഫലസ്തീനികൾക്ക് തൃപ്തികരമായ ഒന്നും അവർ നൽകാൻ തയാറാവുകയില്ല. അവർക്കൊരു രാജ്യം ഉണ്ടാകുന്നത് ഇഷ്ടപ്പെടുകയുമില്ല. എന്നാൽ കർമ സമിതിയിൽനിന്ന് രാജിവെക്കുമ്പോൾ ദർവീശ് അതിന്റെ കാരണമൊന്നും വ്യക്തമാക്കുകയുണ്ടായില്ല. യഥാർഥ കാരണം ഞാൻ ഇപ്പറഞ്ഞതായിരുന്നു. ഓസ്ലോ കരാറിനോടുള്ള എതിർപ്പ്.’’
വൈസ് പ്രസിഡന്റ് ഓഫർ
‘‘ആർക്കും അറിയാത്ത മറ്റൊരു കാര്യം ഞാൻ താങ്കൾക്ക് പറഞ്ഞുതരാം: ‘സംഭാഷണം തുടരവെ സിയാദ് പറഞ്ഞു: ഞാൻ രോഗശയ്യയിൽ കിടക്കെ ഒരുദിവസം അറഫാത്തിന്റെ ഓഫിസ് ഡയറക്ടർ എന്നെ ഫോൺ ചെയ്ത് ഒരു യാത്രയിൽ അറഫാത്തിനെ അനുഗമിക്കാനായി എയർപോർട്ടിലെത്താൻ ആവശ്യപ്പെട്ടു. സെനഗാൾ നേതാവ് അബ്ദ ദയൂഫിന്റെ വിമാനത്തിൽ ഞങ്ങൾ കയറി. ദീർഘകായനായ അബ്ദ ദയൂഫ് ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൻ മണ്ടേലയെ സന്ദർശിക്കാൻ പോവുകയായിരുന്നു. ഓസ്ലോ കരാർ ഒപ്പിടുന്നതിന് മുമ്പായിരുന്നു ഇത്. മണ്ടേലയുടെ ഉപദേശം തേടുകയായിരുന്നു ലക്ഷ്യം. യാത്രക്കിടെ അറഫാത്ത് എന്നോട് പറഞ്ഞു: താങ്കൾ എനിക്കുവേണ്ടി ഒരു കാര്യം ചെയ്യണം. മഹ്മൂദ് ദർവീശിനെ എങ്ങനെയെങ്കിലും രാജ്യത്ത് തിരിച്ചെത്തിക്കണം.’ ഞങ്ങൾ തമ്മിലുള്ള ബന്ധം അറഫാത്തിനറിയാമായിരുന്നു. ഞാൻ പറഞ്ഞു: ദർവീശ് ഒരിക്കലും സമ്മതിക്കുമെന്ന് തോന്നുന്നില്ല. അപ്പോൾ അറഫാത്ത് പറഞ്ഞു: ‘‘ഫലസ്തീനിലെ പ്രഥമ സാംസ്കാരിക മന്ത്രിയായി നിശ്ചയിക്കാം എന്ന് പറഞ്ഞുനോക്കുക.’’
‘‘അത് സ്വീകരിക്കുമെന്ന് തോന്നുന്നില്ല. എന്നാലും പറഞ്ഞുനോക്കാം.’’
‘‘സമ്മതിക്കുന്നില്ലെങ്കിൽ വൈസ് പ്രസിഡന്റാക്കാം എന്നുപറയുക. വെറുതെ പറഞ്ഞാൽ പോരാ. സ്വീകരിക്കാൻ സമ്മർദം ചെലുത്തണം’’ -അറഫാത്ത് വീണ്ടും പറഞ്ഞു.
‘‘നിനക്ക് ഭ്രാന്തുണ്ടോ?’’ എന്നായിരുന്നു ഓഫർ കേട്ട ഉടൻ ദർവീശിന്റെ പ്രതികരണം. ‘‘എന്റെ പേര് മഹ്മൂദ് ദർവീശ് എന്നാണ്. കവിത എഴുത്താണ് എന്റെ പണി. ജീവിതത്തിലുടനീളം ഞാൻ കവിയായിത്തന്നെ തുടരും. ഒരു പദവിയും എന്നെ പ്രലോഭിപ്പിക്കുകയില്ല. ഞാൻ നിങ്ങളോടൊപ്പം മടങ്ങാനും പോകുന്നില്ല.’’
ദർവീശിന്റെ ഉറച്ച മറുപടി കേട്ടപ്പോൾ ഞാൻ പറഞ്ഞു: ‘‘മുമ്പ് ബൈറൂതിൽനിന്ന് പുറത്തുപോകാൻ വിസമ്മതിച്ചത് ഓർമയുണ്ടല്ലോ. എന്നിട്ട് പിന്നീട് അവിടം വിട്ടില്ലേ? ഇപ്പോഴും നാട്ടിലേക്കില്ലെന്ന് വാശിപിടിക്കുന്നു. എന്നാൽ, താങ്കൾ മടങ്ങുകതന്നെ ചെയ്യും. ഒറ്റക്ക് ഇവിടെ നിൽക്കാൻ താങ്കൾക്കാവില്ല. ഇൻശാ അല്ലാഹ്, നമുക്ക് ഗസ്സയിൽ കണ്ടുമുട്ടാം.’’
ഒടുവിൽ അങ്ങനെത്തന്നെ സംഭവിച്ചു. അന്ന് ‘തുനീഷ്യയോട് വിട’ എന്ന കവിത ചൊല്ലി കണ്ണ് നനഞ്ഞു. കേട്ടിരുന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. മടങ്ങിവന്നപ്പോൾ ഒരു സ്ഥാനമാനങ്ങളിലും ആഗ്രഹം പ്രകടിപ്പിച്ചില്ല. ഹൈഫയും യാഫയും ഗലിലിയും സ്വന്തം നാട്ടുകാരെയും സന്ദർശിക്കുന്നതിൽ എല്ലാ ആഗ്രഹങ്ങളും ഒതുങ്ങി.
അഡോണിസും മനാസ്വിറയും
കവിതയിൽ സിറിയൻ കവി അഡോണിസ് (അലി അഹ്മദ്) ആയിരുന്നു ദർവീശിന്റെ കവിതയോട് അടുപ്പം പുലർത്തിയിരുന്നതെന്നാണ് സിയാദിന്റെ അഭിപ്രായം. ‘‘ദർവീശിന്റെ അകത്ത് ഒരു നിഗൂഢതയുണ്ടായിരുന്നു. എല്ലാം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. പ്രത്യേകിച്ച്, കവികളുമായുള്ള ബന്ധം. കവി എന്ന നിലയിൽ ദർവീശിനോളം ആകാരപ്പെരുമ ഉള്ള മറ്റൊരു കവി അഡോണിസാണ്. സ്നേഹിതനായ മുഈൻ ബസീസുവിന് ദർവീശ് ഒരു കമ്യൂണിസ്റ്റ് കവിയായിരുന്നു. ഉൻസുൽ ഹാജ്, അഹ്മദ് ദഹ്ബൂർ തുടങ്ങിയവരെയൊക്കെ ദർവീശ് മാനിച്ചിരുന്നു. ഗസ്സാൻ, സഖ്ത്വാൻ, വലീദ് ഖസൻദാർ തുടങ്ങിയ രണ്ടാംനിര കവികളെയും അദ്ദേഹം പരിഗണിച്ചിരുന്നു. എന്നാൽ, ഇസുദ്ദീൻ മനാസ്വിറയുമായി ദർവീശിന് പ്രത്യേകിച്ച് അടുപ്പമൊന്നുമുണ്ടായിരുന്നില്ല. മനാസ്വിറയുടെ കണ്ണിൽ ദർവീശ് ഒരു സാധാരണ കവി മാത്രമായിരുന്നു. ദർവീശാകട്ടെ മനാസ്വിറയെ കണ്ടത് ഒരു പരമ്പരാഗത കവിയായാണ്.
ലെനിൻ അവാർഡ്
ആഫ്രോ-ഏഷ്യൻ റൈറ്റേഴ്സ് യൂനിയൻ സെക്രട്ടേറിയറ്റിൽ അംഗമായിരുന്നു ദർവീശ്. ഒരിക്കൽ ഫലസ്തീൻ കർമ സമിതി അംഗമായ മഹ്മൂദ് അബ്ബാസിനെ കാണാൻ അദ്ദേഹം എന്റെ അടുത്തുവന്നു. ലെനിൻ അവാർഡ് കൊടുത്താൽ ദർവീശ് അത് സ്വീകരിക്കുമോ എന്ന് പാരിസിലെ സോവിയറ്റ് എംബസി മഹ്മൂദ് അബ്ബാസിനോട് ചോദിച്ചിരുന്നു. ദർവീശിനെ ആ വിവരം അറിയിച്ചു. ദർവീശ് എന്നോട് അഭിപ്രായമാരാഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. ‘‘സ്വീകരിക്കാൻ ഒട്ടും മടിക്കേണ്ട. നൊബേലിന് തുല്യമായ അവാർഡാണിത്.’’ അങ്ങനെ ദർവീശ് സമ്മാനത്തുകയായ അമ്പതിനായിരം റൂബിൾ സ്വീകരിച്ചു.
========
Courtesy: Al Faisal Magazine, Riyadh
എഴുത്ത്, മൊഴിമാറ്റം: വി.എ. കബീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.