തമിഴിലെ പ്രമുഖ എഴുത്തുകാരനാണ് പൊന്നീലൻ. 1976ൽ രചിച്ച ‘കരിസൽ’ എന്ന ഒറ്റ കൃതിയിലൂടെതന്നെ തമിഴിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരുടെ നിരയിൽ അദ്ദേഹമെത്തി. നാഗർകോവിലിൽ താമസിക്കുന്ന അേദ്ദഹം തന്റെ എഴുത്തിനെയും ജീവിതത്തെയും തമിഴ് സാമൂഹിക^സാഹിത്യ പരിസരങ്ങളെയും കുറിച്ച് സംസാരിക്കുന്നു.
തുളസിച്ചെടികൾ മത്സരിച്ചു വളരുന്ന നടവഴി പിന്നിട്ട് മുറ്റത്തേക്ക് കയറുേമ്പാൾ വലതുവശത്ത് കുറിയൊരു മാവങ്ങനെ പന്തലിച്ചുനിൽക്കുന്നു. ഇലകളെക്കാൾ കൂടുതലെന്ന് തോന്നിക്കുന്ന നീലം മാങ്ങയുടെ കുലകൾ താന്നുവളർന്ന് മണ്ണിനെ സ്പർശിക്കാനായി വെമ്പുകയാണ്. തൈമാസം കഴിയാനായിട്ടും പിന്മാറാൻ മടിച്ചുനിൽക്കുന്ന തണുപ്പിന്റെ ആവരണത്തെ ഭേദിക്കാൻ മാവിലച്ചാർത്തിനിടയിലൂടെ കഷ്ടപ്പെട്ട് വരുന്ന സൂര്യരശ്മികളുടെ ശ്രമം. കുളിരും ചൂടും കണ്ണുപൊത്തിക്കളിക്കുന്ന മരത്തണലിന് കീഴിലെ ചാരുകസേരയിൽ വെളുത്ത് പടർന്ന കൊമ്പൻ മീശയുമായി തമിഴിന്റെ മഹാനായ എഴുത്തുകാരൻ പൊന്നീലൻ. 83 വയസ്സായ കണ്ഠേശ്വര ഭക്തവത്സലനെ ‘പൊന്നീലൻ’ എന്ന് പറഞ്ഞാലേ വായനക്കാർക്ക് മനസ്സിലാകൂ. എന്താണീ പൊന്നീലൻ എന്ന് ചോദിച്ചപ്പോൾ സിംഹമുഖത്തുനിന്നുതന്നെ മറുപടി കിട്ടി. പിതാവിന്റെ പേരായ ശിവ പൊന്നീല വടിവിൽനിന്നാണ് െപാന്നീലൻ എന്ന തൂലികാനാമം സ്വീകരിച്ചത്. പൊന്നീലൻ എന്നാൽ ‘പൊൻ നീലം’ അഥവാ ‘ഗോൾഡൻ ബ്ലൂ’. അമ്മ അഴകിയ നായകി അമ്മാളാണ് എഴുത്തിന്റെ വിശുദ്ധപാതയിലേക്ക് പൊന്നീലനെ ജ്ഞാനസ്നാനം ചെയ്തത്. ഒൗപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത പഴയ നാഞ്ചിനാടൻ വീട്ടമ്മ ആയിരിക്കുേമ്പാൾതന്നെ തമിഴും മലയാളവും ഹിന്ദിയും ഉൾപ്പെടെ അഞ്ചിലേറെ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന അഴകിയ നായകി അമ്മാൾ അവസാനകാലത്ത് തന്റെ ജീവിതം ഒരു ബൃഹദ്ഗ്രന്ഥമായി രചിക്കുകയും ചെയ്തിരുന്നു.
1976ൽ രചിച്ച ‘കരിസൽ’ ആണ് തമിഴിന്റെ സാഹിത്യനഭസ്സിലേക്ക് പൊന്നീലെന ഉയർത്തിയത്. തിരുനെൽവേലി, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിൽ പടർന്നുകിടക്കുന്ന, ഒരേസമയം ഉൗഷരവും മഴകിട്ടിയാൽ പരുത്തിയും മറ്റും നന്നായി വിളയുകയും ചെയ്യുന്ന വിചിത്ര ഭൂമികയായ കരിമണ്ണ് മേഖലയുടെ ജീവിതമാണ് ‘കരിസൽ’. പിന്നെ, സാമൂഹിക മാനുഷിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ‘കൊള്ളൈക്കാരർകൾ’, തീർത്തും രാഷ്ട്രീയസ്വഭാവമുള്ള ‘പുതിയ ദരിസനങ്കൾ’ (പുതിയ ദർശനങ്ങൾ), തെക്കൻ തമിഴ്നാടിനെ ’80കളിൽ പിടിച്ചുലച്ച വർഗീയകലാപം വിഷയമായ ‘മറുപക്കം’ എന്നിവയാണ് പ്രധാന നോവലുകൾ. ഒട്ടനവധി ചെറുകഥകൾ, സാമൂഹിക വിമർശനങ്ങൾ, ശ്രീനാരായണ ഗുരു, അയ്യൻകാളി, ൈവകുണ്ഠസ്വാമികൾ എന്നിവരെക്കുറിച്ചുള്ള ദാർശനിക ലേഖനങ്ങൾ, കന്യാകുമാരിയിലെ െഎതിഹാസിക കമ്യൂണിസ്റ്റ് നേതാവ് പി. ജീവാനന്ദം എന്ന ജീവയുടെ ജീവചരിത്രം തുടങ്ങി പൊന്നീലന്റെ സംഭാവനകൾ നീളുന്നു. ‘പുതിയ ദർശനങ്ങൾ’ക്ക് 1994ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പ്രസിദ്ധീകൃതമായി 47 വർഷങ്ങൾക്കുശേഷം ‘കരിസലി’ന്റെ ഇംഗ്ലീഷ് പരിഭാഷ പെൻഗ്വിൻ ഇൗ ജനുവരിയിൽ പുറത്തിറക്കി. പൊന്നീലന്റെ ചെറുമകൾ പ്രിയദർശിനിയാണ് ‘Black Soil’ എന്ന പേരിൽ നോവൽ പരിഭാഷപ്പെടുത്തിയത്.
നാഗർകോവിൽ പ്രാന്തത്തിലെ ഉൗഷരമായ മണികെട്ടി പൊട്ടലാണ് ഇഷ്ടമുള്ളവർ ‘അണ്ണാച്ചി’ എന്ന് വിളിക്കുന്ന പൊന്നീലന്റെ നാട്. ശംഖുതുറൈ കടപ്പുറത്തേക്ക് പോകുന്ന വഴിയിൽനിന്ന് വലത്തേക്ക് തിരിഞ്ഞുവേണം നിശ്ശബ്ദവും ഏതാണ്ട് വിജനമെന്ന് തോന്നിക്കുന്നതുമായ മണികെട്ടി പൊട്ടലിൽ എത്താൻ. മുൾച്ചെടികളും പാഴ്മരങ്ങളും പിന്നെ വേപ്പും പുളിയും മാവുകളും വളരുന്ന ചെമ്മണ്ണിന്റെ ഭൂമി. നീലംമാങ്ങക്ക് പ്രിയം ഇൗ ചെമ്മണ്ണ് ആണത്രെ. കന്യാകുമാരിയുടെ പല മേഖലയിലും ഇൗ മണ്ണ് കാണാം. ഒരു നീലം മാമ്പഴം തിന്നാൽ അടുത്ത മൂന്നുദിവസത്തേക്ക് പഞ്ചസാര േപാലും മധുരിക്കിെല്ലന്ന് ‘ഹൗസ് ഒാഫ് ബ്ലൂ മാംഗോസ്’ എന്ന നോവലിൽ ഡേവിഡ് ഡേവിഡാർ പറയുന്നുണ്ട്. പൊന്നീലന്റെ മുറ്റത്തെ മാവ് അദ്ദേഹം ഏതാനും പതിറ്റാണ്ടുമുമ്പ് വെച്ചുപിടിപ്പിച്ചതാണ്. അതിനുമുമ്പ് അവിടൊരു പ്രാചീനമായ പ്ലാവാണ് നിന്നിരുന്നത്. ഒാരോ മണ്ണിലും എന്താണ് വിളയുകയെന്ന് കൈത്തഴക്കം വന്ന കർഷകനെപ്പോലെ മണ്ണിനെ രുചിച്ചറിയാൻ ശേഷിയുള്ള എഴുത്തുകാരനും അറിയാം. അതുകൊണ്ടാണല്ലോ, തിരുനെൽവേലിയിലെ കരിമണ്ണിൽ ചവിട്ടിയപ്പോൾ ബൃഹത്തായൊരു നോവലിനു വേണ്ട ഉറപ്പുള്ള തറയാണെന്ന ഉൾവിളി പൊന്നീലന് ഉണ്ടായത്. കേവലമൊരു നോവലിന് മാത്രമല്ല, പൊന്നീലൻ എന്ന നോവലിസ്റ്റിന്റെ വിക്ഷേപണത്തറയാകാനും ആ മണ്ണ് തന്നെ തിരഞ്ഞെടുക്കപ്പെട്ടു. അതിനും മുമ്പ് മണികെട്ടി പൊട്ടലിലെ പൂർവിക ഭൂമിയിൽതന്നെ ഭാഷയിലേക്കും എഴുത്തിലേക്കുമുള്ള വഴികൾ തെളിഞ്ഞിരുന്നു. ആ കാലത്തെ കുറിച്ച് കഥാകാരൻതന്നെ പറയും:
‘‘കുറഞ്ഞത് 400 വർഷമായി എന്റെ പൂർവികർ വസിച്ചുവരുന്ന മണ്ണാണ് മണികെട്ടി പൊട്ടലിലേത്. ഇൗ വീടുപോലും 1840കളിൽ പണിതതാണ്. അന്നിതൊരു ഒാലപ്പുരയായിരുന്നു. ഒാരോ തലമുറയും ഇതിനെ പരിഷ്കരിച്ചു. ഇൗ കാണുന്ന ജനാലകൾ വെച്ചത് ഞാനാണ്. ബ്രഹ്മസമാജത്തിെനാപ്പമായിരുന്നു അപ്പാ ശിവ പൊന്നീല വടിവ്. പിന്നീട് അധ്യാപകനായ അദ്ദേഹം, കോട്ടാറിലെ ട്രെയ്നിങ് കോളജിലാണ് പഠിച്ചത്. അവിടെ പഠിക്കുേമ്പാൾ അവിടത്തെ ബ്രാഹ്മണനായ ഹെഡ്മാസ്റ്റർക്ക് അപ്പാവോട് താൽപര്യം. വൈകുണ്ഠസ്വാമിയുടെ ശിഷ്യപരമ്പരയിൽപെട്ടവരാണെന്ന് ഹെഡ്മാസ്റ്റർ അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. ഹെഡ്മാസ്റ്റർ അപ്പയെ സംസ്കൃതവും ബ്രാഹ്മണ ജീവിതരീതികളുമൊക്കെ പഠിപ്പിക്കുകയും പൂണൂൽ ധരിപ്പിക്കുകയും ചെയ്തു. ചുരുക്കത്തിൽ അദ്ദേഹത്തെ ബ്രാഹ്മണിസത്തിലേക്ക് മാറ്റി. അങ്ങെനയിരിക്കെ, അപ്പാക്ക് തിരുവനന്തപുരത്തു പോയി പത്മനാഭസ്വാമി ക്ഷേത്രം കാണണമെന്ന ആഗ്രഹമുദിച്ചു. മറ്റ് ജാതിക്കാർക്ക് പ്രവേശനമില്ലാത്ത കാലം. അപ്പാ പൂണൂലൊക്കെ ധരിച്ച് ക്ഷേത്രം ചുറ്റിക്കണ്ടു. തിരിച്ചിറങ്ങുേമ്പാൾ ഇവിടെയുള്ള ഒരു ചെട്ടിയാർ അപ്പായെ കണ്ടു. അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു: ‘‘നാടാരേ, എപ്പോ വന്നു?’’ സംഗതി വഷളാകുമെന്ന് കണ്ട് അപ്പാ പെെട്ടന്ന് അവിടെനിന്ന് മുങ്ങി. പുറത്തെത്തിയപ്പോൾ ചെട്ടിയാർ അവിടെയുണ്ട്. അയാൾക്ക് നല്ല വീക്ക് വെച്ചുകൊടുത്തു, അപ്പാ. തിരുവനന്തപുരം മഹാരാജാസ് കോളജിൽ ഇന്റർമീഡിയറ്റിന് പഠിക്കുേമ്പാൾ അവിടത്തെ അധ്യാപകനുമായി പിണങ്ങി പഠനം നിർത്തി. പിന്നാലെയാണ് തമിഴ്നാട്ടിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്.
അമ്മക്ക് അത്തരം സാമൂഹിക, രാഷ്ട്രീയ ആഭിമുഖ്യങ്ങൾ ഒന്നുമില്ലെങ്കിലും നല്ല വായനക്കാരിയായിരുന്നു. ഞാനുൾപ്പെടെ അഞ്ച് മക്കൾ. അതിൽ രണ്ട് സഹോദരിമാരും സഹോദരൻമാരും അകാലത്തിൽ മരിച്ചു. ചികിത്സക്കും മറ്റും അക്കാലത്തുണ്ടായിരുന്ന പരിമിതികളായിരുന്നു കാരണം. സഹോദരങ്ങളുടെ തുടർച്ചയായ മരണങ്ങൾ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു.
മണികെട്ടി പൊട്ടൽ ഗവൺമെന്റ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആ സ്കൂൾ വന്നത് എന്റെ അപ്പായുടെയും അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയും ശ്രമഫലമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലം. അന്നിവിടെ സ്കൂളില്ല. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ കിലോമീറ്ററുകൾ അകലെ കോട്ടാറിലോ നാഗർകോവിലിലോ പോകേണ്ട അവസ്ഥയായിരുന്നു. തിരുവനന്തപുരത്തു പോയി ഏറെ സമ്മർദം ചെലുത്തിയാണ് സ്കൂളിനുള്ള അനുമതി വാങ്ങിയത്. പക്ഷേ, സ്കൂളിനുള്ള സ്ഥലവും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്ന ഉപാധിയിലായിരുന്നു അനുമതി. സ്കൂളിനായി ഞങ്ങളുടെ രണ്ടര ഏക്കർ ഭൂമിയാണ് വിട്ടുകൊടുത്തത്. സൗകര്യങ്ങൾ ഒരുക്കാനായി കുടുംബത്തിന്റെ ഒേട്ടറെ സ്വത്തുക്കൾ വേറെയും വിൽക്കേണ്ടിവന്നു. ഭൂമിയും സ്വത്തും ഇങ്ങനെ നഷ്ടപ്പെടുന്നതിൽ മനംനൊന്ത് അപ്പായുടെ ഒരു സഹോദരൻ ഹൃദയം തകർന്ന് മരിച്ചു. അക്കാലത്ത് അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇൗ സ്കൂളിൽനിന്ന് വിദ്യ നേടിയത്. ഇപ്പോഴും നൂറുകണക്കിന് കുട്ടികൾ പഠിക്കുന്നു. അവിടെ പഠിക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും കാണുേമ്പാൾ നഷ്ടപ്പെട്ട സ്വത്തുക്കൾ ഒരു വേദനയായി തോന്നാറില്ല.
ഇൗ സ്കൂളിെല ആദ്യ ബാച്ചിലായിരുന്നു എന്റെ പ്രവേശനം. സ്കൂളിൽ േപാകാതെ തന്നെ അത്യാവശ്യം നന്നായി പാഠങ്ങൾ പഠിച്ചിരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉത്തരവിൽ നേരിട്ട് മൂന്നാം ക്ലാസിലേക്ക് അഡ്മിഷൻ കിട്ടി. പിന്നീട് നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിൽ ബി.എസ്സി ഫിസിക്സ്. മധുരയിൽ പോയി ബാച്ലർ ഒാഫ് ട്രെയ്നിങ് കോഴ്സും പഠിച്ചു. ആ സമയത്തൊക്കെയാണ് കേരളത്തിൽനിന്ന് വിടുവിച്ച് നാഞ്ചിനാടിനെ തമിഴ്നാടിേലക്ക് ലയിപ്പിക്കാനുള്ള ഭാഷാകലാപം നടക്കുന്നത്. വിളവൻകോട്ടും കൽക്കുളത്തുമൊക്കെ ഉണ്ടായതുപോലെ വലിയ കോലാഹലമൊന്നും ഇവിടെ അഗസ്തീശ്വരത്ത് സംഭവിച്ചില്ല. നാഗർകോവിലിലൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്നൊക്കെ നമുക്ക് മലയാളം അറിയാമായിരുന്നു. ഇൗത്താമൊഴി സ്വദേശി ആണെങ്കിലും വീട്ടിൽ മലയാളത്തിലാണ് അമ്മ സംസാരിച്ചിരുന്നത്. ക്രമേണ ഞങ്ങളൊക്കെ മലയാളം മറന്നു. ഇപ്പോൾ വായിക്കാനോ എഴുതാനോ അറിയില്ല. കേട്ടാൽ കഷ്ടിച്ച് മനസ്സിലാക്കാം.’’
കേരളത്തിൽ തുടരാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?
അങ്ങനെ പറയാനില്ല. കേരളത്തിലായിരുന്നെങ്കിൽ തലസ്ഥാനം തിരുവനന്തപുരം അടുത്ത്. തമിഴ്നാട്ടിലായതിനാൽ അങ്ങ് മദ്രാസ് വരെ എന്തിനും പോകണം. അത്രതന്നെ.
എഴുത്തിലേക്കുള്ള വഴി?
നന്നായി വായിച്ചിരുന്ന അമ്മയുടെ സ്വാധീനം എഴുത്തിന് ഉണ്ടായിരുന്നിരിക്കാം. സ്കോട്ട് കോളജിൽ പഠിക്കുേമ്പാൾതന്നെ എഴുതുമായിരുന്നു. തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്പെക്ടറായി കുറത്തിയറയിൽ (നാഗർകോവിലിന് വടക്കുള്ള ഒരു കർഷക ഗ്രാമം) ജോലിചെയ്യുേമ്പാഴാണ് ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായിരുന്ന കൃഷ്ണൻ നമ്പിയെ പരിചയപ്പെടുന്നത് (സുന്ദരരാമ സ്വാമിയുടെ അടുത്ത സുഹൃത്തും ആദ്യകാലത്ത് എഴുത്തിൽ ഒപ്പം സഞ്ചരിക്കുകയും ചെയ്ത ആളാണ് കന്യാകുമാരിയിലെ അഴകിയ പാണ്ഡ്യപുരം സ്വദേശിയായ അഴകിയ നമ്പി എന്ന കൃഷ്ണൻ നമ്പി). ഏതാണ്ട് പുതുമൈപിത്തന് തുല്യനായ ഒരു എഴുത്തുകാരനായിരുന്നു കൃഷ്ണൻ നമ്പി. അദ്ദേഹവുമായുള്ള സൗഹൃദം എന്നിലെ കഥാകൃത്തിന് പ്രചോദനമായിരുന്നു. ആ കാലത്താണ് നൊേബൽ വിജയിയായ പേൾ എസ്. ബക്കിന്റെ പുസ്തകങ്ങൾ വായിക്കുന്നത്. അവരുടെ ‘The Good Earth’ എന്ന നോവൽ ഏറെ ആസ്വദിച്ചിരുന്നു. യഥാർഥത്തിൽ സുന്ദര രാമസ്വാമിയാണ് എന്നെ ഇൗ നിലയിലുള്ള ഒരു എഴുത്തുകാരനാക്കിയത്. അക്കാലത്ത് ഞാൻ കവിതകളൊക്കെ എഴുതുമായിരുന്നു. വെറുതെ കവിത എഴുതി സമയം കളയരുതെന്നും നല്ല നോവലുകൾ എഴുതൂ എന്നും പറഞ്ഞ് എന്നെ വഴിതിരിച്ചുവിട്ടത് അദ്ദേഹമായിരുന്നു.
കോവിൽപട്ടിക്ക് അടുത്തുള്ള നാഗലപുരത്തുവെച്ചാണ് ഒരു അധ്യാപക സുഹൃത്ത് തോ.മു.സി. രഘുനാഥന്റെ (ടി.എം. ചിദംബര രഘുനാഥൻ) പ്രശസ്ത നോവലായ ‘പഞ്ചും പസിയും’ സമ്മാനിക്കുന്നത്. മനുഷ്യജീവിതത്തിന്റെ വിവിധതലങ്ങെള സ്പർശിക്കുന്ന നോവലായിരുന്നു ‘പഞ്ചും പസിയും’. ഇങ്ങനെയല്ലേ എഴുതേണ്ടത് എന്ന ചിന്തയാണ് അത് വായിച്ചപ്പോൾ ഉണ്ടായത്.
‘പൂ പറിപ്പ്’ എന്നൊരു കഥയാണ് ആദ്യം എഴുതിയത്. ചെറുപ്പകാലത്തുണ്ടായ ഒരു സംഭവമാണ്. നാട്ടിലെ കുളത്തിൻകരയിൽ നിൽക്കുേമ്പാൾ കുട്ടികൾ താമരപ്പൂ പറിച്ചുതരുമോ എന്ന് ചോദിച്ചു. ഞാൻ കുളത്തിൽ ചാടി നീന്തിപ്പോയി താമര പറിച്ചുകൊണ്ടുവന്നു. പെെട്ടന്ന് ഒരാൾ വന്ന് ‘‘ആരാടാ, പൂ പറിക്കുന്നത്’’ എന്ന് വിരട്ടി. സർക്കാർ കുളത്തിൽനിന്ന് പൂ പറിക്കുന്നതിന് ആരോട് ചോദിക്കണം എന്നായി ഞാൻ. ‘‘ഞാനീ കുളം പാട്ടത്തിന് എടുത്തതാെണ’’ന്ന് അയാൾ പറഞ്ഞതോടെ നാണക്കേടായി. അതാണ് ആദ്യകഥ.
‘കരിസൽ’
‘പൂ പറിപ്പ്’ പോലുള്ള നിരവധി കഥകൾ ആദ്യകാലത്ത് എഴുതിയിരുന്നുവെങ്കിലും ‘ഉൗറ്റിൽ മലർന്തത്’ എന്ന ചെറുകഥയാണ് പൊന്നീലനെ തമിഴ് വായനക്കാരുടെ ശ്രദ്ധയിലെത്തിച്ചത്. അധഃസ്ഥിത വിഭാഗത്തിലെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വനിതകളുടെ ജീവിത പ്രാരബ്ധങ്ങളും പ്രതിസന്ധികളുമാണ് ഇൗ കഥ. തമിഴിലെ പ്രധാന ലിറ്റററി മാഗസിനുകളിൽ ഒന്നായിരുന്ന ‘താമരൈ’യിൽ 1972ലാണ് ‘ഉൗറ്റിൽ മലർന്തത്’ പ്രസിദ്ധീകരിച്ചത്. തമിഴ് സാഹിത്യേലാകത്ത് അത് വലിയ ചലനം സൃഷ്ടിച്ചു. പിന്നീട് ഇതൊരു സിനിമയായും മാറി. ഇൗ ചെറുകഥയുടെ വിജയത്തെ തുടർന്ന് ‘കണ്ണദാസൻ’ മാഗസിന്റെ ആവശ്യത്തെ തുടർന്ന് എഴുതിയതാണ് ‘ഉറവുകൾ’ എന്ന ചെറുകഥ. അതിന് അക്കാലത്തെ വലിയ പ്രതിഫലമായ 50 രൂപയാണ് പൊന്നീലന് ലഭിച്ചത്. അപ്പോഴേക്കും എഴുത്തുകാരൻ എന്നനിലയിൽ പൊന്നീലൻ തമിഴിൽ ഇരിപ്പിടം നേടിക്കഴിഞ്ഞിരുന്നു. ’70കളുടെ മധ്യത്തിലാണ് നോവലിലേക്കുള്ള പൊന്നീലന്റെ ചുവടുവെപ്പ്. ആദ്യ നോവലായ ‘കരിസൽ’ പിറവികൊള്ളുന്നത് ’76ൽ. തിരുനെൽവേലി, തൂത്തുക്കുടി, കോവിൽപട്ടി എന്നിവിടങ്ങളിൽ പടർന്നുകിടക്കുന്ന കരിമണ്ണ് മേഖലയിലേക്കുള്ള സ്ഥലംമാറ്റമാണ് അതിന് കാരണമായത്.
എങ്ങെനയാണ് ‘കരിസലി’ന്റെ പിറവി?
‘കോവിൽപട്ടി’ക്ക് സമീപത്തെ ‘കരിസൽ’ മേഖലയായ നാഗലപുരേത്തക്ക് ഇൻസ്പെക്ടറായി മാറ്റം കിട്ടുന്നത് ’66ലാണ്. അന്നേവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്തൊരു പ്രകൃതിയായിരുന്നു അവിടെ. ഇങ്ങനെയൊരു ശൂന്യമേഖലയുണ്ടെന്ന് അതിനുമുമ്പ് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ, എനിക്കവിടെ എല്ലാം മനോഹരമായി അനുഭവപ്പെട്ടു: ആ കറുത്ത മണ്ണ്, സർവതും കീഴ്മേൽ മറിക്കുന്ന കാറ്റ്, വരണ്ട കാലാവസ്ഥ, കർഷകജീവിതം. രാവും പകലും ആഞ്ഞുവീശുന്ന ചുഴലിക്കാറ്റ് രണ്ട് ഫർലോങ് ഉയരത്തിലേക്ക് മണ്ണിനെ അടിച്ചുയർത്തിക്കൊണ്ടുപോകും. അവിടെനിന്ന് മണലും പൊടിയും പേമഴപോലെ ഭൂമിയിലേക്ക് വർഷിക്കും. ഇൗ കാറ്റിലും കൊടിയ സൂര്യപ്രകാശത്തിലും വരൾച്ചയിലും കർഷകർ പൊറുതിമുട്ടിയാണ് കഴിയുന്നത്. അതുവഴി വാഹനങ്ങളുടെ യാത്രപോലും ദുഷ്കരമാണ്. ഇതെല്ലാം പുതിയൊരു ലോകത്തെ കാണുംപോലെയാണ് ഞാൻ നോക്കിക്കണ്ടത്.
പ്രദേശത്തെ സ്കൂളുകൾ ഇൻസ്പെക്ട് ചെയ്യുകയെന്നതാണ് ജോലി. എല്ലാ സ്കൂളുകളിലും ഞാൻ നേരിെട്ടത്തും. ഇൻസ്പെക്ഷൻ കഴിഞ്ഞ് ഞാൻ ഉടനെ പോകുമെന്ന് അവിടുള്ളവർ കരുതും. പക്ഷേ, ഞാൻ പോകില്ല. സ്കൂളിൽതന്നെ ദിവസങ്ങേളാളം തങ്ങും. നാട്ടുകാർ സ്കൂൾവളപ്പിലും പശുത്തൊഴുത്തിന് അടുത്തുമൊക്കെ രാത്രി കിടക്കാനുള്ള സൗകര്യമൊരുക്കിത്തരും. ചെറിയൊരു ബൾബും ഫാനുമൊക്കെ അവർ എവിെടനിന്നെങ്കിലും സംഘടിപ്പിച്ചുകൊണ്ടുവന്ന് വെക്കും. പകൽ മുഴുവൻ പണിയെടുത്ത് അവശരായ കർഷകരും നാട്ടുകാരുമൊക്കെ രാത്രി ഒമ്പതുമണിയൊക്കെ ആകുേമ്പാൾ ഇവിടേക്കു വരും. അവർ അവരുടെ ജീവിതവും കേട്ടതും കണ്ടതും അനുഭവിച്ചതുമായ കഥകളുമൊക്കെ എന്നോട് പറയും. ഞാനെല്ലാം സൂക്ഷ്മമായി കേൾക്കും. അവർ പോയിക്കഴിയുേമ്പാൾ 40 വാട്ട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ആ കഥകളൊക്കെ അവരുടെ ഭാഷയിൽ ഞാൻ കുറിച്ചുവെക്കും.
’66 മുതലുള്ള ഇൗ കുറിപ്പുകൾ ’68ൽ ഞാനൊന്ന് മാറ്റിയെഴുതി. നോവലാക്കാനുള്ള ആലോചന അങ്ങനെയാണ് വരുന്നത്. ഒരു വർഷത്തിലേറെ അതിനായി രാവും പകലും ശ്രമിച്ചു. തിരുനെൽവേലിയിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനി വേലുച്ചാമി തേവരെ പരിചയപ്പെടുന്നത് അക്കാലത്താണ്. സംസ്ഥാന രൂപവത്കരണശേഷം ആദ്യമായി ’57ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തെങ്കാശിയിലെ ആലംകുളം മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി ജയിച്ച് നിയമസഭയിലെത്തിയ വലിയ മനുഷ്യനാണ് വേലുച്ചാമി തേവർ. കരിസൽ മേഖലയെക്കുറിച്ച് എഴുതുകയാണെന്ന് അറിഞ്ഞ് പാളയംകോട്ടയിലെ പ്രഫ. വാനമാമലൈയെ കാണാൻ നിർദേശിച്ചത് വേലുച്ചാമി തേവരാണ്. തമിഴ് ഫോക് ലോറിന്റെ അവസാന വാക്കാണ് അന്ന് പ്രഫ. വാനമാമലൈ, പിന്നീട് എന്റെ ഗുരുവും. അദ്ദേഹത്തെ കാണാൻ പാളയംകോട്ടയിലേക്ക് പോയി.
1600 പേജുള്ള നോവലായാണ് അപ്പോൾ ‘കരിസൽ’ എന്റെ കൈയിലിരിക്കുന്നത്. ആർക്കുമറിയാത്ത പൊന്നീലൻ എന്ന് പേരുവെച്ച ഏതോ ഒരു ഭക്തവത്സലൻ 1600 പേജിന്റെ നോവൽ എഴുതിയാൽ ആരു പ്രസിദ്ധീകരിക്കും, ആരു വായിക്കുമെന്ന പ്രസക്തമായ ചോദ്യങ്ങൾ പ്രഫ. വാനമാമലൈ ഉന്നയിച്ചു. അത് കേട്ട് എനിക്ക് വിഷമമായി. അദ്ദേഹം തന്നെ മുൻകൈയെടുത്ത് അറവാംപിള്ള രാജേന്ദ്രൻ, സെന്തീ നടരാജൻ എന്നീ ഭാഷാപണ്ഡിതർക്ക് നോവൽ എഡിറ്റ് ചെയ്യാനായി നൽകി. അവരത് നാലുപാടും വെട്ടി 450 പേജിലൊതുക്കി (പൊന്നീലൻ എഴുതിയ യഥാർഥ ‘കരിസൽ’ നോവലിന്റെ വെറും 20 ശതമാനം മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് സെന്തീ നടരാജൻ പിന്നീട് വ്യക്തമാക്കി). പ്രസാധകനെ കണ്ടെത്താനും പ്രഫ. വാനമാമലൈ തന്നെ മുന്നിട്ടിറങ്ങി. ചെന്നൈയിലെ ന്യൂ സെഞ്ച്വറി ബുക്ക്ഹൗസിലെ യു.എം. ഹുസൈനാണ് ഒടുവിൽ പുസ്തകം പ്രസിദ്ധീകരിച്ചത്.
ooo
തമിഴിന്റെ മുഖ്യധാരക്ക് പുറത്തായിരുന്ന കരിമണ്ണ് മേഖലയെയും അവിടത്തെ ജീവിതത്തെയും കുറിച്ച് പുറത്തുവന്ന ആദ്യത്തെ കൃതിയായിരുന്നു ‘കരിസൽ’. അതുവരെ ആരും പറയാത്ത, വായിക്കാത്ത, അറിയാത്ത കഥ വെള്ളിടിപോലെ തമിഴ് സാഹിത്യലോകത്ത് പതിച്ചു. തിളക്കുന്ന ആ ഭൂമിയിലെ പരുക്കൻ ജീവിതത്തിന്റെ ചൂടേറ്റ് വായനക്കാർക്ക് പൊള്ളി. പൊന്നീലൻ എന്ന പേര് അങ്ങനെ ഉറച്ചു. പിന്നെ പലരും ‘കരിസൽ’ മേഖലയെക്കുറിച്ച് കഥകളും നോവലുകളും എഴുതിയിട്ടുണ്ടെങ്കിലും അതിൽ പലതും പല ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടെങ്കിലും പൊന്നീലന്റെ നോവൽ അതിനെയൊക്കെ അതിജീവിക്കുന്ന മഹാപ്രസ്ഥാനമായി ഇന്നും നിലകൊള്ളുന്നു. ഏതാണ്ട് അര നൂറ്റാണ്ടിനിപ്പുറം ഇൗ ജനുവരിയിൽ ഇംഗ്ലീഷിൽ വരുേമ്പാഴും ആ നോവലിന്റെ പ്രസക്തി നഷ്ടമാകുന്നില്ല. മലയാളത്തിന് ‘ഖസാക്കിന്റെ ഇതിഹാസം’ എന്താണോ അതാണ് തമിഴിന് ‘കരിസൽ’ എന്ന് ജയമോഹൻ പറയുന്നു. ‘ഖസാക്കിന്റെ ഇതിഹാസം’ ഒരുപരിധിക്കപ്പുറം സാങ്കൽപിക ഭൂമികയായിരുന്നുവെങ്കിൽ ‘കരിസൽ’ കൂടുതൽ യാഥാർഥ്യമാണ്.
പക്ഷേ, ഇന്ത്യയിൽ നെഹ്റു യുഗാനന്തരം ഉണ്ടായ സാമൂഹിക മാറ്റങ്ങളുടെ കഥയാണ് രണ്ടും. ഇതുരണ്ടും മാത്രമല്ല, ഒരുവിധം എല്ലാ ഭാഷകളിലും ഇതേകാലത്ത് ഇതേ ആശയത്തിലുള്ള രചനകൾ വന്നിട്ടുണ്ട്. മറാത്തിയിൽ വെങ്കിടേഷ് മാഡ്ഗുൽകറിന്റെ ‘ബംഗർവാടി’യും ഇതേ ഗണത്തിൽപെടുന്നതാണ്. അപരിചിതമായ ഗ്രാമത്തിലേക്കു വരുന്ന ഒരു അന്യന്റെ കാഴ്ചയാണ് അടിസ്ഥാനം. ആരാണ് ഇൗ അന്യൻ. ഒാരോ ഗ്രാമത്തിലേക്കും നഗരത്തിന്റെ പുത്തനറിവുകളുമായി വരുന്നയാൾ. സർക്കാറിന്റെ വാർത്തയുമായി, പുതിയകാലത്തിന്റെ വിശേഷങ്ങളുമായി, ആധുനികതയുടെ സന്ദേശവുമായി വരുന്നവൻ. ഇൗ ഗ്രാമമെന്നത് പഴമയുടെ, ജന്മിത്തത്തിന്റെ, അപരിഷ്കൃതത്വത്തിന്റെ ഭാരവുമായി കഴിയുന്നത്. അവിടത്തെ കഥകളും മിത്തുകളും ജീവിതവും അയാളുടെ ജീവിതവുമായി ഇഴചേരുന്നു. ഉറങ്ങുന്ന ആനയെപ്പോലെയാണ് ഇൗ ഗ്രാമം. ആനയെ കുത്തിയുണർത്തുന്ന കടന്നലാണ് ഇൗ അന്യൻ.
ആധുനിക ഇന്ത്യയുടെ ഒരു പ്രതിനിധിയുടെ കാഴ്ചയിലാണ് ഇൗ അന്യൻ ഗ്രാമത്തെ കാണുന്നത്. ഗ്രാമത്തിന് അതിന്റെ അതിരുകൾക്ക് പുറത്തേക്കുള്ള ഒരു വാതിലാകുന്നു അയാൾ. ഒരു കോഴിയുടെ കൂവലിൽ പുതിയൊരു കാലം ഉദയം കൊള്ളുംപോലെ ‘കരിസൽ’ തമിഴ് നോവലിൽ പുതിയ ഭൂമികയിലേക്കുള്ള വാതായനം തുറന്നുവെന്നും ജയേമാഹൻ കൂട്ടിച്ചേർക്കുന്നു. മലയാളം, ഹിന്ദി, പഞ്ചാബി, ഇപ്പോൾ ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിലേക്ക് ‘കരിസൽ’ പരിഭാഷപ്പെടുത്തപ്പെട്ടു. 1982ൽ തമിഴ്നാട് ഗവൺമെന്റിന്റെ മികച്ച നോവലിനുള്ള അവാർഡും ‘കരിസൽ’ നേടി.
പുതിയ ദർശനങ്ങൾ
വർഷങ്ങൾക്കുശേഷം 1992ലാണ് അടുത്ത നോവലായ ‘പുതിയ ദർശനങ്ങൾ’ പ്രസിദ്ധീകരിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയും ഇന്ത്യയുടെ അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയും പ്രതിപാദിക്കുന്ന ബൃഹദ് നോവൽ മൂന്നു ഭാഗങ്ങളായാണ് പുറത്തുവന്നത്. ഏറെക്കാലം തമിഴിലെ ഏറ്റവും വലിയ നോവൽ എന്ന ഖ്യാതിയും ‘പുതിയ ദർശനങ്ങൾ’ക്ക് ഉണ്ടായിരുന്നു. അസാധാരണമായ കാരണങ്ങളാൽ ഒരു ഗ്രാമത്തിന്റെ സമാധാനവും ശാന്തിയും കെട്ടുപോകുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇന്ത്യയുടെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യാനന്തരം രാജ്യം പടുക്കപ്പെട്ടത് ശരിയായ ദിശയിൽതന്നെയായിരുന്നോ എന്നതൊക്കെയും ഇൗ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പൊന്നീലൻ ചർച്ചക്കു വെച്ചു. രാഷ്ട്രീയത്തിൽ സ്വേച്ഛാധിപത്യം ഉണ്ടാക്കുന്ന െകടുതികളെക്കുറിച്ച് സധൈര്യം എഴുതി. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ സംഘടനയായ സി.പി.െഎ ഇന്ദിര ഗാന്ധിക്കൊപ്പമായിരുന്നു എന്നതോ, തൊട്ടടുത്ത് കേരളത്തിൽ സി.പി.െഎയുടെ മുഖ്യമന്ത്രിയാണുണ്ടായിരുന്നത് എന്നതോ പൊന്നീലനെ പിന്തിരിപ്പിച്ചില്ല. രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്ന ഉപദേശവും അദ്ദേഹം സ്വീകരിച്ചില്ല. കരുത്തുറ്റ രാഷ്ട്രീയ വീക്ഷണം മുന്നോട്ടുവെക്കുന്ന ഇൗ നോവൽ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഒരു വർഷത്തിനു ശേഷം 1976 ജൂലൈ ഒന്നിന് എഴുതിത്തുടങ്ങി. ഒരു വ്യാഴവട്ടം നീണ്ട എഴുത്ത്. ഒടുവിൽ 1988ലാണ് നോവൽ പൂർത്തിയാക്കിയത്. മൊത്തം നോവൽ മൂന്നു തവണയാണ് എഴുതിയത്. അവസാനവട്ട തിരുത്തിയെഴുത്തിനു മാത്രം അഞ്ചു വർഷമെടുത്തു. ‘പുതിയ ദർശനങ്ങൾ’ക്ക് നിരവധി നിരൂപണങ്ങൾ വന്നു. നിയോ മാർക്സിസ്റ്റ് ബുദ്ധിജീവിയായ കോവൈ ജ്ഞാനി ഇൗ നിരൂപണങ്ങളെയും വിമർശനങ്ങളെയും സമാഹരിച്ച് ’94ൽ ഒരു പുസ്തകം ഇറക്കി. കോയമ്പത്തൂരിലെ വിജയ പബ്ലിഷേഴ്സ് പുറത്തിറക്കിയ ഇൗ സമാഹാരം തമിഴ് സാഹിത്യത്തിൽ ഒരു അത്യപൂർവതയായിരുന്നു. ഒരു നോവലിനെക്കുറിച്ചുള്ള നിരൂപണങ്ങൾ പുസ്തകമാകുന്നതുതന്നെ തമിഴിൽ അത്ഭുതമാണ്, ഇവിടെയാകെട്ട, വെറും രണ്ടു വർഷംകൊണ്ടും.
‘പുതിയ ദർശനങ്ങൾ’ താങ്കൾക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നുവെന്ന് കേട്ടിട്ടുണ്ട്?
ഇൗ നോവൽ പ്രസിദ്ധീകരിച്ചാൽ ജോലിയിൽനിന്ന് പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് തന്നിരുന്നു. എല്ലാ സർക്കാറുകളെയും താൻ ഇങ്ങനെ വിമർശിച്ചാൽ എന്തുെചയ്യാനാകുമെന്നും അവർ ചോദിച്ചു. അടിയന്തരാവസ്ഥയിലും ചില പ്രശ്നങ്ങളുണ്ടായി നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. ആറു വർഷം നാട്ടിലേക്കു വരാൻ പറ്റിയിരുന്നില്ല. അേപ്പാഴെല്ലാം കരുത്ത് പകർന്നവരിൽ പ്രധാനി ഭാര്യ കനിയമ്മാൾ ആണ്. ജോലി പോകുമോ എന്ന ആശങ്ക ഉയർന്ന ഘട്ടങ്ങളിലെല്ലാം ധൈര്യം പകരുന്ന വാക്കുകളുമായി അവർ എനിക്ക് പിന്നിൽ ഉറച്ചുനിന്നു. ‘‘നമുക്ക് സ്വർണം ഉണ്ടല്ലോ, അതെല്ലാം വിറ്റ്, കൃഷി തുടങ്ങാം’’ എന്ന് അവർ പറയും. വാഴ വെച്ചാൽേപാലും സർക്കാർ ജോലിയിൽനിന്ന് കിട്ടുന്നതിനെക്കാൾ വരുമാനം ഉണ്ടാകുമെന്ന് പറഞ്ഞ് അവർ എനിക്ക് ആത്മവിശ്വാസം പകർന്നു.
‘പുതിയ ദർശനങ്ങൾ’ ഇറങ്ങിയതിന് പിന്നാലെ നാലുപാടുനിന്നും വലിയ വിമർശനങ്ങളുണ്ടായി. അതിനിശിതമായ നിരൂപണത്തിനും നോവൽ വിധേയമായി. പക്ഷേ, 1994ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ‘പുതിയ ദർശനങ്ങൾ’ക്ക് ലഭിച്ചു. എനിക്ക് സന്തോഷം അടക്കാനായില്ല. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക ഇനി വേണ്ടല്ലോ. എന്റെ ജോലിക്കുള്ള ഒരു പരിചയായി ഇൗ അവാർഡ് മാറി. പിന്നീട് ഇൗ നോവൽ സാഹിത്യ അക്കാദമി തന്നെ ഇംഗ്ലീഷിേലക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചു.
മറുപക്കം
കന്യാകുമാരിയെ പിടിച്ചുകുലുക്കിയ മണ്ടയ്ക്കാട് കലാപം എങ്ങനെയാണ് ‘മറുപക്കം’ എന്ന നോവലിനുള്ള ഇന്ധനമായത്?
സമകാലിക തമിഴ്നാടിന്റെ അവസ്ഥയെക്കുറിച്ച് എഴുതാൻ തുനിഞ്ഞിരിക്കുകയായിരുന്നു അപ്പോൾ. എങ്ങനെയാണ് തമിഴ്നാട് വിഘടിച്ചത്, അതിന് പിന്നിലെ കഥകളെന്തൊക്കെ, അത്തരം വിഷയങ്ങൾ എഴുതാൻ ’72 മുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയായിരുന്നു. ഒരുപാട് കഥകൾ എന്റെ അമ്മതന്നെയും പറഞ്ഞുതന്നിട്ടുണ്ട്. ഇതെല്ലാം ചേർന്ന് എന്നെ സ്വാധീനിച്ച് എഴുതാൻ തുടങ്ങുേമ്പാഴാണ് മണ്ടയ്ക്കാട് കലാപം സംഭവിക്കുന്നത്, ’82 ൽ. അതോടെ, അതുവരെ ചെയ്ത പ്ലാനിങ്ങുകളെല്ലാം തവിടുപൊടിയായി. ‘മറുപക്ക’ത്തിന്റെ ജനനം അങ്ങനെയായിരുന്നു. കലാപം എങ്ങനെ ഇത്രവേഗം പടർന്നുപിടിച്ചു, എത്ര തലമുറകളായി കലാപത്തിന്റെ വിത്തുകൾ പാകി ശ്രദ്ധാപൂർവം വളർത്തിക്കൊണ്ടുവന്നു തുടങ്ങിയവയാണ് എന്നെ ഉലച്ചത്. യഥാർഥത്തിൽ മണ്ടയ്ക്കാട് നടന്നത് വർഗീയ സംഘർഷമായിരുന്നില്ല. അതൊരു ജാതിസംഘർഷമായിരുന്നു. പക്ഷേ, അതിനെ മതവർഗീയ കലാപമാക്കി മാറ്റുകയായിരുന്നു. അങ്ങനെ ചെയ്തവർക്ക് പിന്നീട് കന്യാകുമാരിയിൽ വലിയ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ആ ആശയം പേറുന്നവർ ഇവിടെ, ഇൗ പരിസരത്തുമുണ്ട്. എന്റെ ബന്ധുക്കളിലുമുണ്ട്. അവർക്കാണ് ഇപ്പോൾ മേൽക്കൈ. അവരൊക്കെ നോവൽ വന്നതോടെ എന്റെ ശത്രുക്കളായി. കലാപം സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ബുദ്ധിമുട്ടി ശേഖരിച്ചാണ് ഞാൻ എഴുതിയത്. 2010ലാണ് ‘മറുപക്കം’ പ്രസിദ്ധീകരിച്ചത്. ‘The Dance of Flames’ എന്ന പേരിൽ ‘മറുപക്കം’ പിന്നീട് ഇംഗ്ലീഷിലും വന്നു.
കേരളവുമായി ബന്ധപ്പെട്ടാണല്ലോ ‘കൊള്ളൈക്കാരർകൾ’ എന്ന നോവൽ?
’80കളിൽ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് അരി കൊണ്ടുപോകുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ അന്ന് ഭക്ഷ്യക്ഷാമവുമാണ്. വേറെ നിവൃത്തിയില്ലാത്ത മനുഷ്യർ കളിയിക്കാവിള വഴി പൊലീസിനെ കബളിപ്പിച്ച് അരി കൊണ്ടുപോകുമായിരുന്നു. ട്രാൻസ്പോർട്ട് ബസുകളിൽ ഒളിപ്പിച്ചാണ് െകാണ്ടുപോകുക. പിടിച്ചാൽ വലിയ ശിക്ഷയാണ്. അതറിഞ്ഞിട്ടും ഗതികേടുകൊണ്ട് മനുഷ്യർ സാഹസങ്ങൾക്ക് തയാറായി. തമിഴ്നാട് സർക്കാറിന്റെ ഇൗ നടപടിയിൽ എനിക്ക് വലിയ വേദനയും വിഷമവും അരിശവുമൊക്കെ തോന്നി. അങ്ങനെയാണ് ‘കൊള്ളൈക്കാരർകൾ’ എഴുതുന്നത്.
‘കരിസലി’ന് തൊട്ടുപിന്നാലെ വന്ന ‘കൊള്ളൈക്കാരർകൾ’ ലിറ്റററി മാഗസിനായ ‘താമരൈ’യിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയായിരുന്നു. ലിബറേഷൻ തിയോളജിയുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട ആദ്യ തമിഴ് നോവലായിരുന്നു ഇത്. നോവലിന്റെ ഘടന തന്നെയും വിവാദ വിഷയമായിരുന്നു. പൊന്നീലന്റെ ഗുരുവായ പ്രഫ. വാനമാമലൈയുടെ അഭിപ്രായത്തിൽ ഇതൊരു നോവലല്ല, ചെറുകഥയാണ്. ഇത്തിരിയധികം നീണ്ട ചെറുകഥ.
പൊന്നീലന്റെ ജീവിതത്തിലെ വലിയ സ്വാധീനങ്ങളിൽ ഒന്നായിരുന്നു കന്യാകുമാരി സ്വദേശിയും കമ്യൂണിസ്റ്റ് നേതാവുമായ ജീവ. തന്റെ 55ാം വയസ്സിൽ 1963ലാണ് ജീവ വിടവാങ്ങുന്നത്. ’83ൽ എം.ജി.ആർ സർക്കാർ ജീവ ട്രാൻസ്പോർട്ട് കോർപറേഷൻ ആരംഭിച്ചു. അക്കാലത്ത് വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ പേരിലായിരുന്നു ട്രാൻസ്പോർട്ട് കോർപറേഷനുകൾ. ജീവയുടെ പേരിൽ കോർപറേഷൻ ആരംഭിച്ചയുടനെ അദ്ദേഹത്തെ കുറിച്ച് ചില കോണുകളിൽനിന്ന് മോശം പ്രചാരണമുണ്ടായി. ഇത് ശ്രദ്ധയിൽപെട്ട ജീവയുടെ സുഹൃത്തുക്കൾ ചെറിയൊരു ലഘുലേഖ പുറത്തിറക്കാൻ പൊന്നീലനോട് അഭ്യർഥിച്ചു. 16 പേജുള്ള പുസ്തകമാണ് പദ്ധതിയിട്ടത്. എഴുതിത്തുടങ്ങിയതോടെ ജീവയെക്കുറിച്ച് ലഭ്യമായ സകല വിവരങ്ങളും പൊന്നീലൻ സമാഹരിച്ചു. അതുവരെ പുറത്തിറങ്ങിയ പുസ്തകങ്ങൾ എല്ലാം വായിച്ചു. പഠിക്കാൻ തുടങ്ങിയതോടെയാണ് ജീവ എന്ന മനുഷ്യന്റെ യഥാർഥ വലുപ്പം പൊന്നീലന് വ്യക്തമായത്. വിവരങ്ങൾ പ്രവഹിക്കാൻ തുടങ്ങി. 16 പേജ് എന്ന് കരുതി തുടങ്ങിയ കുറിപ്പ് ഒടുവിൽ 300ലേറെ പേജുള്ള ‘ജീവ എൻട്രൊരു മനിതൻ’ എന്ന മഹാഗ്രന്ഥമായി മാറി. ജീവയെക്കുറിച്ച് ഇന്ന് ലഭ്യമായ ഏറ്റവും ആധികാരികമായ ജീവചരിത്ര കുറിപ്പുമാണിത്.
‘കവലൈ’യും ‘വണങ്ങാനും’
അമ്മയെയും അച്ഛനെയും കുറിച്ച് നേരത്തേ സംസാരിച്ചിരുന്നുവല്ലോ. തമിഴ് സാഹിത്യത്തിൽ അവർ ഇരുവരുടെയും ഇടത്തെക്കുറിച്ച് വിശദീകരിച്ചില്ല?
അമ്മ സ്വന്തംനിലയിൽ സാഹിത്യമേഖലയിൽ ഇടംനേടിയെങ്കിൽ പിതാവിന്റെ ഇടപെടൽ പരോക്ഷമായാണ്. അമ്മ വലിയ വായനക്കാരിയും ബഹുഭാഷ പ്രവീണയുമായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അമ്മയുടെ മനസ്സിൽ നിറയെ കഥകളായിരുന്നു. ഇടക്ക് ഞാനൊരു ദുഃഖകഥ അമ്മക്ക് വായിക്കാൻ നൽകിയിരുന്നു. അതു വായിച്ച് തീർന്നയുടൻ ‘‘ഇതെന്ത് ശോക കഥയാടാ, ഞാൻ ഇതിലും നന്നായി എഴുതുമല്ലോ’’ എന്ന് പ്രതികരിച്ചു. അമ്മ തമാശ പറയുകയാണെന്ന് കരുതി ഒരു 500 എ ഫോർ പേപ്പർ വാങ്ങി അവർക്ക് നൽകി. പേനയും കൊടുത്തു. ‘‘എഴുതമ്മാ’’ എന്നും പറഞ്ഞ് ഞാൻ പോയി. ഞാനതറങ്ങ് മറന്നു. ഏതാണ്ട് ഒരു വർഷത്തിനുശേഷം വാങ്ങിക്കൊടുത്ത അത്രയും പേപ്പറുമായി അമ്മ എന്റെ അടുത്തുവന്നു. ‘‘മോനേ, നീ എഴുതാൻ പറഞ്ഞു. ഇതാ ഞാൻ എന്റെ കഥ എഴുതിയിരിക്കുന്നു’’ എന്ന് പറഞ്ഞ് പേപ്പർകെട്ട് എന്റെ കൈയിൽ വെച്ചുതന്നു. ഇൗ കൈയെഴുത്ത് പ്രതി തൂത്തുക്കുടിയിലെ പ്രശസ്ത ഭാഷാപണ്ഡിതൻ ശിവസുബ്രഹ്മണ്യൻ ഒരിക്കൽ കാണാനിടയായി. എത്ര മനോഹരമായ രചനയെന്നും ഇതൊരു പുസ്തകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ തനത് കൈയെഴുത്ത് പ്രതി പാളയംകോട്ടയിലെ സെന്റ് സേവ്യേഴ്സ് കോളജ് ആർക്കൈവിൽ കൊടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത്തരം തനത് രചനകൾ സൂക്ഷിക്കുന്ന ഗംഭീരമായൊരു ആർക്കൈവാണ് അവിടെയുള്ളത്. നൂറുകണക്കിന് വർഷങ്ങൾ ഇൗ കോപ്പി അവിടെ സൂക്ഷിക്കപ്പെടും.
പൊന്നീലന്റെ അമ്മ അഴകിയ നായകി അമ്മാൾ എഴുതിയ ‘കവലൈ’ എന്ന പുസ്തകം
അങ്ങെന പാളയംകോട്ട കോളജിൽ സമർപ്പിച്ച ഇൗ രചന അവിടത്തെ തമിഴ് വിഭാഗം പ്രഫ. ജി. സ്റ്റീഫന്റെ ശ്രദ്ധയിലെത്തി. കന്യാകുമാരിയുടെ ചരിത്രത്തിൽ ഇന്നേവരെ എഴുതപ്പെടാത്ത തിളങ്ങുന്ന പഴംകഥകളും തീക്ഷ്ണമായ അനുഭവങ്ങളുമാണ് അതിലുള്ളതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അടുത്തദിവസം ഒരു കോളജിൽനിന്ന് എനിക്കൊരു ഫോൺകോൾവന്നു. കോളജിന്റെ ഫോക് ലോർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ ഇതൊരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതു വെറും ആത്മകഥയല്ലെന്നും ഫോക് ലോറിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. അങ്ങനെയാണ് അമ്മയുടെ കഥ ‘കവലൈ’ എന്ന പേരിൽ 1998ൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. അപ്പായുടെ കഥ വ്യത്യസ്തമാണ്. അദ്ദേഹം ഒരു കഥയിലെ കഥാപാത്രമായി മാറുകയായിരുന്നു.
തുടക്കത്തിൽ തിരുനെൽവേലി, തെങ്കാശി പരിസരങ്ങളിൽ അധ്യാപകനായിരുന്നു പൊന്നീലന്റെ പിതാവ് ശിവപൊന്നീല വടിവ്. ജാതിവിവേചനം കൊടികുത്തി വാഴുന്ന കാലം. അവരുടെ ഗ്രാമത്തിലേക്ക് വന്ന ശിവപൊന്നീല വടിവിനെ ഉയർന്ന സമുദായക്കാർ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. ഭീഷണിയും നിസ്സഹകരണവും കലശലായി. വന്നുവന്ന് സ്കൂൾ വളപ്പിന് പുറത്തേക്കിറങ്ങാൻ തന്നെ കഴിയാത്ത അവസ്ഥ വന്നു. ഇതേ സമയത്താണ് കന്യാകുമാരിയുടെ കരുത്തനായ നേതാവ് മാർഷൽ നേശമണി രംഗത്തുവരുന്നത്. നാടാർ സമുദായത്തിന്റെ വിമോചന പോരാളിയായ നേശമണി വിളവൻകോെട്ട പള്ളിയാടിയിലാണ് ജനിച്ചത്, 1895ൽ. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലും തിരുനെൽവേലി സി.എം.എസ് കോളജിലും തിരുവനന്തപുരം മഹാരാജാസ് കോളജിലും (യൂനിവേഴ്സിറ്റി കോളജ്) ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം, തിരുവനന്തപുരം ലോ കോളജിൽനിന്ന് നിയമബിരുദം നേടി 1921ൽ നാഗർകോവിലിൽ അഭിഭാഷകനായി പ്രാക്ടിസ് തുടങ്ങി. േകാടതിയിലും, പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അവിടെയും അദ്ദേഹം കൊടിയ ജാതിവിവേചനമാണ് നേരിട്ടത്. കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം ’43ൽ നാഗർകോവിൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങി. പ്രചാരണം തുടങ്ങിയ നേശമണിയെ റോഡിലിറങ്ങി വോട്ട് ചോദിക്കാൻ മേൽജാതിക്കാർ അനുവദിച്ചില്ല. തോൽക്കാൻ മനസ്സില്ലാത്ത നേശമണി തന്റെ ഗ്രാമത്തിൽനിന്ന് അഭ്യാസികളായ അനുയായികളുടെ അകമ്പടിയിൽ ഒരു ആനപ്പുറത്തേറി വോട്ടു ചോദിച്ചു. മേൽജാതിക്കാർ മാളത്തിലൊളിച്ചു. അപ്പോഴാണ് പൊന്നീലന്റെ പിതാവ് മേൽജാതിക്കാരുടെ ഭീഷണിയിൽ സ്കൂളിൽ ബന്ദിയെപ്പോലെ കഴിയുന്ന കാര്യം നേശമണി അറിയുന്നത്. ആ ആനപ്പുറത്തുതന്നെ നേശമണി ശിവ പൊന്നീല വടിവിന്റെ സ്കൂളിലെത്തി. അവിടെ നിന്ന് അദ്ദേഹത്തെ ആനപ്പുറത്ത് ഒപ്പം കയറ്റി, മേൽജാതിക്കാരുടെ മേഖലകളിലൂടെ പര്യടനം നടത്തി. കാലം മാറുന്നതിന്റെ വിളംബരമായിരുന്നു അത്. പിന്നീടൊരിക്കലും ശിവ പൊന്നീല വടിവിന്റെ വഴികളിൽ തടസ്സങ്ങളുണ്ടായില്ല. ഇൗ കഥ പൊന്നീലൻ തന്റെ ഏതോ ഒരു കഥയിൽ പരാമർശിച്ചുപോയിരുന്നു.
ആ കഥാസൂചനയെ ജയമോഹൻ പൊന്നീലന്റെ അനുവാദത്തോടെ വഴിമാറ്റി വികസിപ്പിച്ചാണ് ‘വണങ്ങാൻ’ എന്ന കഥ സൃഷ്ടിച്ചത്. 2012ൽ ജയമോഹൻ എഴുതിയ 12 കഥകളുടെ സമാഹാരമാണ് അറംകഥകൾ. അതിലെ പ്രധാനപ്പെട്ട അധ്യായമാണ് ‘വണങ്ങാൻ’. അറംകഥകളിലെ ‘നൂറുസിംഹാസനങ്ങളും’ ‘ആന ഡോക്ടറും’ മലയാളികൾക്ക് പരിചിതമാണ്. ‘വണങ്ങാൻ’ ഉൾപ്പെടെ കഥകൾ മലയാളത്തിലേക്ക് വന്നിട്ടില്ല. ഇൗ 12 കഥകളും ‘Stories of the True’ എന്ന പേരിൽ പ്രമുഖ പ്രസാധകരായ Juggernaut കഴിഞ്ഞ വർഷം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിരുന്നു.
ശ്രീനാരായണ ഗുരു, അയ്യൻകാളി, വൈകുണ്ഠസ്വാമികൾ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ എങ്ങനെയാണ് പൊന്നീലനെ സ്വാധീനിച്ചത്?
ദക്ഷിണേന്ത്യയുടെ സാംസ്കാരിക, സാമൂഹിക ഉന്നമനത്തിൽ പകരംവെക്കാനില്ലാത്ത പേരുകളാണ് മൂവരുടേതും. 19ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അയ്യാ ൈവകുണ്ഠസ്വാമികൾ പുതിയൊരു സാമൂഹിക ദർശനവുമായി മുന്നോട്ടുവരുകയായിരുന്നു. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ആണ്ടുമുങ്ങിയ ഒരു പ്രദേശത്തെ ദാർശനികമായി വിമോചിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതിന് പിന്നാലെയാണ് ശ്രീനാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും ആഗമനം. മൂവരും തങ്ങളുടെ കാലത്തിന് അനുസരിച്ച് ദർശനങ്ങളെ നവീകരിക്കാൻ ശ്രമിച്ചു. ഒരേ തൂവൽ പക്ഷികളെങ്കിലും മൂവരും അവരവരുടെ രംഗത്ത് സമാനതകളില്ലാത്ത വ്യക്തിത്വങ്ങൾ. ഇൗ വിഷയങ്ങളാണ് ‘തെക്കിലിരുൻത്’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ഒരു തരത്തിൽ തെക്കിന്റെ സാംസ്കാരിക ചരിത്രം തന്നെയാണ് ഇത്.
ooo
തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ദീർഘമായ സർവിസിനൊടുവിൽ 1988ൽ കോയമ്പത്തൂരിൽനിന്ന് ചീഫ് എജുക്കേഷനൽ ഒാഫിസറായാണ് വിരമിച്ചത്. വിദ്യാഭ്യാസ വകുപ്പിലെ തന്റെ ജീവിതത്തെക്കുറിച്ച് ‘വിടൈ പെരുകിറേൻ’ എന്നൊരു പുസ്തകം വിരമിക്കുന്ന ദിവസം പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ തമിഴ്നാട്ടിലെയും പുറത്തെയും പ്രധാന സർവകലാശാലകളിൽ പഠനവിഷയമാണ്.
‘‘എന്റെ ഗുരുനാഥൻ, എന്റെ ഹീറോ’’
മുത്തശ്ശൻ മാത്രമല്ല തന്റെ ഹീറോയും ഗുരുനാഥനും വഴികാട്ടിയുമെല്ലാം പൊന്നീലനാണെന്ന് ചെറുമകൾ പ്രിയദർശിനി. ഉൗട്ടി മെഡിക്കൽ കോളജിൽ ഗൈനക്കോളജി വിഭാഗം ഡോക്ടറായ പ്രിയദർശിനിയാണ് പൊന്നീലന്റെ പ്രഥമ നോവൽ ‘കരിസൽ’ ഇതാദ്യമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ജനുവരി മധ്യത്തിൽ പെൻഗ്വിനാണ് ‘Black Soil’ പുറത്തിറക്കിയത്. പ്രിയദർശിനി സംസാരിക്കുന്നു: പൊന്നീലൻ എന്ന മനുഷ്യനെക്കുറിച്ച്, ‘കരിസലി’നെക്കുറിച്ച്...
കുഞ്ഞുന്നാളിലേ എന്റെ ആരാധനാപാത്രമാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. അദ്ദേഹത്തിന്റെ മണം അറിയാം. ക്യൂട്ടിക്കുറ പൗഡറും വിയർപ്പും ഇടകലർന്ന ഗന്ധമാണ് ഇന്നും അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഒാർമയിലുള്ളത്. ഞാൻ പുറത്തേക്ക് ഒക്കെ പോകുേമ്പാൾ അേദ്ദഹത്തിന്റെ ടൗവലൊക്കെ കൂടെ കൊണ്ടുപോകും. എനിക്ക് അത്രയും ഇഷ്ടമാണ്.
അദ്ദേഹത്തിന് ദൈവവിശ്വാസമൊന്നും ഇല്ലാതിരുന്നതുകൊണ്ട് കുഞ്ഞുന്നാളിൽ എനിക്കും ദൈവവിശ്വാസമില്ലായിരുന്നു. അമ്മൂമ്മയൊക്കെ വിശ്വാസിയായിരുന്നു. പക്ഷേ, ഞാൻ കണ്ട ഏറ്റവും വലിയ മനുഷ്യൻ അദ്ദേഹമാണ്. അദ്ദേഹത്തിന് ദൈവമില്ലെങ്കിൽ പിന്നെ എനിക്കുമില്ല.
12ാം വയസ്സിലാണ് ഞാനാദ്യമായി ‘കരിസൽ’ വായിക്കുന്നത്. അത്ര കടുപ്പമേറിയതോ സങ്കീർണമോ അല്ല ‘കരിസൽ’. ലളിതമായൊരു ഗ്രാമകഥ. അതിൽ പ്രണയവും കുടുംബബന്ധവുമൊക്കെയുണ്ട്. അന്ന് വായിക്കുേമ്പാൾ പലതവണ കരഞ്ഞിട്ടുണ്ട്. ആദ്യ കുറച്ച് അധ്യായങ്ങൾ അന്നെനിക്ക് അറിയാവുന്ന ഇംഗ്ലീഷിൽ ഞാൻ പരിഭാഷപ്പെടുത്തി. എഴുതിയതത്രയും ഞാൻ അപ്പൂപ്പന് കൊടുത്തു. പക്ഷേ, 12ാം വയസ്സിൽ സാഹിത്യലോകത്തേക്ക് ഞാൻ വഴിതെറ്റിപ്പോകുമോ എന്ന് ഭയന്ന് അദ്ദേഹം അത് പ്രോത്സാഹിപ്പിച്ചില്ല. എഴുതിയത് വാങ്ങിവെച്ചശേഷം പഠനത്തിൽ ശ്രദ്ധിക്കാൻ ഉപദേശിച്ച അദ്ദേഹം പിന്നീട് ഇതിനെക്കുറിച്ച് ആലോചിക്കാമെന്നും പറയുകയായിരുന്നു.
പിന്നീട് വർഷങ്ങൾക്കു ശേഷം എം.ബി.ബി.എസ് കഴിഞ്ഞ് ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളജിൽ എം.ഡിക്ക് ചേരുേമ്പാഴാണ് വീണ്ടും ‘കരിസലി’ലേക്ക് വരുന്നത്. അവിടെ ഡ്യൂട്ടിക്കും പഠനത്തിനുമിടയിലെ കുറഞ്ഞ സമയങ്ങളിൽ മൊബൈൽ ഫോണിലാണ് തർജമ ചെയ്തത്.
എഴുത്തുകാരിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അംബൈയാണ് എഴുത്തിൽ എന്നെ നയിച്ചത്. അവർ ഒാരോ അധ്യായവും വായിച്ച് തിരുത്തലുകളും പരിഷ്കാരങ്ങളുമെല്ലാം നിർദേശിക്കുമായിരുന്നു. അവരാണ് പ്രസിദ്ധീകരിക്കാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിത്തന്നത്.
സാധാരണ എഴുത്തുകാർ തങ്ങളുടെ പുസ്തകം നന്നായി വിൽക്കപ്പെടണം, അതിന് പബ്ലിസിറ്റി ലഭിക്കണം എന്നൊക്കെയാണല്ലോ ആഗ്രഹിക്കുക. അതൊന്നും തെറ്റല്ല. പക്ഷേ, പൊന്നീലൻ അങ്ങനെയല്ല. അദ്ദേഹം ഒരു കമേഴ്സ്യൽ റൈറ്ററല്ല. ഇടക്കിടെ പ്രസാധകരെ മാറ്റാനോ ലാഭം നോക്കാനോ ഒന്നും അദ്ദേഹം ശ്രമിക്കാറില്ല. സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണം എന്നതാണ് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യംതന്നെ. ഇംഗ്ലീഷ് വായിക്കുന്ന വലിയ സമൂഹത്തിലേക്ക് െപാന്നീലന്റെ പേര് എത്തിക്കണമെന്നതാണ് എന്റെ സ്വപ്നം. അദ്ദേഹത്തിന്റെ മറ്റു നോവലുകളും തർജമചെയ്യണമെന്ന് ആഗ്രഹിക്കുന്നു. മുത്തശ്ശന്റെ അമ്മ അഴകിയ നായകി അമ്മാളിന്റെ ‘കവലൈ’ എന്ന പുസ്തകവും ഇംഗ്ലീഷിലെത്തിക്കാനായാൽ സന്തോഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.