മലയാളത്തിന്റെ അഭിമാനമായ ചലച്ചിത്ര നിരൂപകനാണ് എം.സി. രാജനാരായണൻ. കുറച്ചു വർഷങ്ങളായി ലോക സിനിമയിൽ ഇന്ത്യൻ സിനിമകളുടെ സ്ഥിതി പരുങ്ങലിലാണ് എന്നു പറയുന്ന അദ്ദേഹം ആ ‘മാസ്റ്റേഴ്സി’നേക്കാൾ എത്രയോ അകലെയാണ് ഇന്ത്യൻ സിനിമയെന്നും പറയുന്നു.
സത്യജിത് റായിയും മൃണാൾസെന്നും ശ്യാം ബെനഗലുമൊക്കെ ദേശീയ, അന്തർദേശീയ സിനിമകളിൽ നിത്യസാന്നിധ്യമായിരുന്ന കാലം... അടൂരും അരവിന്ദനുമെല്ലാം മലയാള സിനിമയുടെ ഖ്യാതി ദേശീയ സിനിമ അവാർഡ് വേദികളിൽ ഉയർത്തിയ കാലം... അക്കാലത്ത് അന്തർദേശീയ മാധ്യമത്തിന്റെ പ്രതിനിധിയായി സിനിമ ബീറ്റ് കൈകാര്യംചെയ്യുക എന്നത് ഒരു കാലത്തെ അടയാളപ്പെടുത്തുക എന്നതുകൂടിയാണ്. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസിന്റെ കറസ്പോണ്ടന്റായാണ് പൊന്നാനിയിൽ ജനിച്ച് ഡൽഹിയിലെത്തിയ എം.സി. രാജനാരായണൻ സിനിമയിൽ അലിഞ്ഞു ചേർന്നത്. പിന്നീട് ‘സിനിമായ’ എന്ന സിനിമ പ്രസിദ്ധീകരണത്തിന്റെ അസി. എഡിറ്ററായും ഫ്രീലാൻസ് ജേണലിസ്റ്റായും സിനിമയുടെ അരിക് പറ്റി ദീർഘകാലം നിലകൊണ്ടു.
ഏറ്റവും മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡ് (ഗോൾഡൻ ലോട്ടസ്) ലഭിച്ച ആദ്യ മലയാളിയാണ് എം.സി. രാജനാരായണൻ. സംസ്ഥാന, ദേശീയ, രാജ്യാന്തര പുരസ്കാര ജൂറികളിലും സെലക്ഷൻ കമ്മിറ്റികളിലും നിരവധിതവണ അംഗമായിട്ടുണ്ട്. നാളിതുവരെ പത്തോളം ദേശീയ ചലച്ചിത്രമേളകളിലും 2019 ഉൾപ്പെടെ സംസ്ഥാന ചലച്ചിത്രമേളകളിലും ജൂറി ആയി. പ്രസിദ്ധീകരിച്ച പത്ത് പുസ്തകങ്ങളിൽ ഒരു ഇംഗ്ലീഷ് സമാഹാരമടക്കം (‘മാസ്റ്റേഴ്സ് ആൻഡ് മൂവീസ്’) ആറും സിനിമയെക്കുറിച്ചാണ്.
എം.സി. രാജനാരായണനുമായി ലോക-ദേശീയ-മലയാള സിനിമയെക്കുറിച്ച് നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ:
സത്യജിത് റായിയും മൃണാൾ സെന്നും ഋത്വിക് ഘട്ടക്കും തിളങ്ങിനിന്ന സമയത്തായിരുന്നു താങ്കൾ ഡൽഹിയിൽ വെച്ച് സിനിമയുമായി അടുത്തത്. എങ്ങനെയാണ് ആ മാസ്റ്റേഴ്സിനെ വിലയിരുത്തുന്നത്?
റഷ്യൻ ന്യൂസ് ഏജൻസിയായ ‘ടാസി’ന്റെ കറസ്പോണ്ടന്റായിരിക്കേയാണ് ചലച്ചിത്രമേളകളുമായി ബന്ധം ഉണ്ടാകുന്നത്. സിനിമയിലെ പ്രമുഖരുമായി ബന്ധം സ്ഥാപിക്കാനും അത് ഉപകരിച്ചു. സത്യജിത് റായിയുമായി ഫോണിൽ ഒരുപാട് സംസാരിച്ചിട്ടുണ്ട്. മൃണാൾ സെന്നുമായി നല്ല പരിചയമായിരുന്നു. അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ നടന്നുവരുകയാണ് ഇപ്പോൾ. എന്തും തുറന്നുപറയുന്ന സ്വഭാവം.
ഇൻഡിപെൻഡന്റ് കമ്യൂണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. കേരളത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു. കയ്യൂരിെന്റ കഥ മലയാളത്തിൽ സിനിമയാക്കാൻ മൃണാൾസെൻ ശ്രമിച്ചിരുന്നു. അത് സഫലമായില്ല. ഒടുവിൽ കയ്യൂരിന്റെ കഥ സിനിമ എടുക്കാൻ ഭാഗ്യം സിദ്ധിച്ചത് ലെനിൻ രാജേന്ദ്രനായിരുന്നു.
മൃണാൾസെൻ മറ്റു ഭാഷകളിൽ കുറേ സിനിമകൾ ചെയ്തയാളാണ്. റായിയുടെ ആദ്യകാല ചിത്രങ്ങളും മൃണാൾ സെന്നിന്റെ അവസാനകാല ചിത്രങ്ങളുമാണ് മാസ്റ്റർ ക്ലാസ്. അതുപോലെ ബുദ്ധദേബ് ദാസ് ഗുപ്തയുമായി നല്ല അടുപ്പമായിരുന്നു. ഏത് അവസരം കിട്ടിയാലും കേരളത്തിൽ എത്താൻ കൊതിച്ചിരുന്ന ആളാണ് അദ്ദേഹം. കേരളത്തിൽ ഒരു വീട് വെക്കാൻ ആഗ്രഹിച്ച ആളായിരുന്നു. മലയാളത്തിൽ സിനിമ എടുക്കാൻ ഏറെ ശ്രമിച്ചിരുന്നു.
അന്നത്തെ ഇന്ത്യൻ സിനിമകളുടെ അവസ്ഥയും ഇപ്പോഴത്തെ ഇന്ത്യൻ സിനിമകളുടെ അവസ്ഥയും താരതമ്യപ്പെടുത്താമോ?
ഒരുകാലത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മൃണാൾസെൻ- സത്യജിത് റായ് സിനിമകൾക്ക് വലിയ സ്വീകാര്യത ഉണ്ടായിരുന്നു. ലോകത്തിലെ പ്രധാന ഫെസ്റ്റിവലുകളായ ഫ്രാൻസിലെ കാൻ, ഇറ്റലിയിലെ വെനീസ്, ജർമനിയിലെ ബർലിൻ ഫെസ്റ്റിവലുകളിൽ ഇന്ത്യൻ സിനിമകൾ നിരന്തരം സാന്നിധ്യമറിയിച്ച കാലമുണ്ടായിരുന്നു. അവ മികച്ച സിനിമകളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. മൃണാൾ സെന്നിന്റെയും ഘട്ടക്കിന്റെയും കാലംപോലെ സജീവമായ മൂവ്മെന്റ് ഇന്നില്ല. അന്ന് ഒരുപാട് സംവിധായകർ ആ ശ്രേണിയിൽ ഉണ്ടായിരുന്നു. ഇന്ന് ഒറ്റപ്പെട്ട ചിലരെ മാത്രമേ കാണാനാകുന്നുള്ളൂ. ഒരാൾ മാസ്റ്ററാകുന്നത് കുറേ കാലമെടുത്തിട്ടാണ്.
ആ ഗണത്തിലെത്താൻ സാധ്യതയുള്ള ഒന്നോ രണ്ടോ പേർ കണ്ടേക്കാം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ സിനിമകൾ ഓസ്കർപോലുള്ള മത്സരവിഭാഗത്തിൽ എത്തുന്നതുതന്നെ വാർത്തയാണ്. കുറച്ചു വർഷങ്ങളായി ലോക സിനിമയിൽ ഇന്ത്യൻ സിനിമകളുടെ സ്ഥിതി പരുങ്ങലിലാണ്. കാലമേറെ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ ‘2018’ പോലുള്ള സിനിമ ഓസ്കറിലെത്തിയിരിക്കുന്നു. ഈ ഘട്ടത്തിൽ ഓസ്കറിൽ എൻട്രി കിട്ടുക എന്നത് വലിയ കാര്യമാണ്.
സൗത്ത് ഇന്ത്യൻ സിനിമയിലൂടെ ഓസ്കർ കൈപ്പിടിയിലൊതുക്കുക എന്നത് ഇന്നും വലിയ കാര്യമാണ്. അത് വിലകുറച്ചു കാണേണ്ട കാര്യമല്ല. നേരത്തേ ഓസ്കറിലെത്തിയ ‘ആർ.ആർ.ആറും’ ‘എലിഫന്റ് വിസ്പേഴ്സ്’ എന്ന ഡോക്യുമെന്ററിയും മികച്ച സൃഷ്ടികൾതന്നെയാണ്. അന്ന് അത് വിവാദമാക്കി അതിന്റെ മൂല്യം കുറച്ചുകാണേണ്ട ആവശ്യമില്ലായിരുന്നു. ഓസ്കർ തിരഞ്ഞെടുപ്പിനെ ഞാൻ വളരെ പോസിറ്റിവ് ആയാണ് കാണുന്നത്.
അന്ന് ഫിലിം ഫെസ്റ്റിവലുകളിലൂടെയാണ് താങ്കൾ ലോകസിനിമയെ അറിഞ്ഞത്. ഇന്നും ചലച്ചിത്രോത്സവങ്ങളിൽ സജീവമാണല്ലോ. ചലച്ചിത്രമേളകളിലൂടെ നമ്മിലെത്തുന്ന ലോകസിനിമകളുടെ നിലവാരത്തെ വിലയിരുത്താമോ?
ലോക സിനിമയുടെ നിലവാരത്തിൽ വലിയ കുറവുവന്നിട്ടുണ്ട്. ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്ന കാലത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഒരു പടംപോലും ഒഴിവാക്കപ്പെടേണ്ട ഗണത്തിൽ ഉണ്ടായിരുന്നില്ല. നമ്മൾ മാസ്റ്റേഴ്സ് എന്ന് വിളിക്കുന്ന വിഖ്യാത ചലച്ചിത്രകാരന്മാരുടെ സൃഷ്ടികൾ ഒന്നിനുപിറകെ ഒന്നായി ചലച്ചിത്രമേളകളിൽ എത്തിയിരുന്നു. ഓട്ടോയിൽ ഇരുന്ന് ഭക്ഷണം കഴിച്ചാണ് ഓരോ തിയറ്ററുകളിലും മാറിമാറി എത്തിയിരുന്നത്. ഒരു സിനിമ കാണാൻ പറ്റാതിരിക്കുക എന്നത് അത്ര വലിയ നഷ്ടമായിരുന്നു. കുറസോവയുടെ സിനിമ കഴിഞ്ഞാൽ ബർഗ്മാന്റെ പടം...
അങ്ങനെയങ്ങനെ നിരവധി മേളകളിൽ പങ്കെടുത്ത അനുഭവംവെച്ച് പറയുകയാണ്, ഇന്ന് അത്തരം സ്ഥിതിയില്ല. അത്തരം മാേസ്റ്റഴ്സ് ഇല്ല. വിരലിലെണ്ണാവുന്നവ മാത്രമാണ് മികച്ചതായി തോന്നുന്നത്. ഇക്കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ വിം വെൻഡേഴ്സ് സംവിധാനംചെയ്ത ‘പെർഫെക്ട് ഡേയ്സ്’, അകി കൊറിസ്മാക്കിയുടെ ‘ദ ഫാളൻ ലീവ്സ്’ എന്നിവ ഏറെ ഇഷ്ടം തോന്നിയ സിനിമകളാണ്. 2022 ഐ.എഫ്.എഫ്.കെയിലെ ‘ട്രയാങ്ക്ൾ ഓഫ് സാഡ്നസ്’, ‘വെയ്ൽ’ പോലുള്ളവ മികച്ചവയായിരുന്നു.
ഒരുകാലത്ത് ഏഷ്യൻ സിനിമ എന്നാൽ ഇന്ത്യ, ജപ്പാൻ സിനിമകളായിരുന്നു. എന്നാൽ ഇപ്പോൾ ഇറാൻ, കൊറിയ എന്നിവയാണ്. ഇന്ത്യ വളരെയേറെ പിറകോട്ട് പോയിരിക്കുന്നു. ഇറാൻ ചിത്രങ്ങളെപ്പോലും കൊറിയൻ സിനിമകൾ കടത്തിവെട്ടി. ഇന്ത്യ, ചൈന, ജപ്പാൻ സിനിമകളുടെ ചെറുചലനംപോലുമില്ല. 2022ലെ ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തിൽ ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്ന് പടം ഉണ്ടായില്ല. ക്ലാസിക്കുകൾ എക്കാലത്തും പ്രസക്തമാണ്.
ബോളിവുഡിനെ ദക്ഷിണേന്ത്യൻ സിനിമകൾ കൈയടക്കുകയാണല്ലോ?
ഇന്ത്യൻ സിനിമയിൽ അവിഭാജ്യമായ സ്ഥാനം ദക്ഷിണേന്ത്യൻ സിനിമകൾക്കുണ്ട്. ഇവിടെനിന്നുള്ള പ്രതിഭകൾ പണ്ടും ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്ര വ്യാപക ആദാനപ്രദാനം അന്ന് ഉണ്ടായിരുന്നില്ല. ദക്ഷിണേന്ത്യൻ സിനിമകൾ ഇടക്കാലത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചലനമുണ്ടാക്കിയിട്ടുണ്ട്. പാൻ ഇന്ത്യൻ സിനിമകൾ എന്ന ഗണത്തിൽപ്പെടുന്ന തമിഴ്-തെലുഗ് സിനിമകൾക്ക് ഇന്ന് പ്രേക്ഷകരേറെയുണ്ട്. ഒരുപക്ഷേ, ബോളിവുഡ് സിനിമകൾ നേടുന്നതിലും കൂടുതൽ കലക്ഷൻ ഇത്തരം സിനിമകൾ നേടുന്നു. ഭാഷക്ക് അതീതമായ കൊടുക്കൽ വാങ്ങലുകളാണ് ഇത്തരം സിനിമകളുടെ സവിശേഷത. ‘ആഷ്ലി’ എന്ന തമിഴ് സംവിധായകനെടുത്ത ‘ജവാൻ’ നേടിയ വിജയം നാം കണ്ടതാണ്. എങ്കിലും ഹിന്ദി മുഖ്യധാരാ സിനിമകളെ എഴുതിത്തള്ളാറായിട്ടില്ല. ഈയിടെ പുറത്തിറങ്ങിയ ‘ആനിമൽ’ സിനിമ നേടിയ വിജയംതന്നെ ഉദാഹരണം.
കമൽഹാസന്റെ ‘വിക്രം’ വലിയ രീതിയിൽ ഇന്ത്യക്കകത്തും പുറത്തും സ്വീകരിക്കപ്പെട്ടു. മലയാളത്തിലെ ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവർ പാൻ ഇന്ത്യൻ സിനിമയിലെ അഭിനേതാക്കളായി മാറി. നമ്മുടെ സിനിമകൾ മറ്റു ഭാഷകളിൽ വ്യാപകമായി ഡബ് ചെയ്യപ്പെടുന്നു. അവ സ്വീകരിക്കപ്പെടുന്നു. സാങ്കേതിക വിദ്യകൾ ഒരുപാട് സിനിമകളിൽ സന്നിവേശിക്കപ്പെട്ടു.
ഇന്ത്യൻ സിനിമയിൽ ഈയടുത്തകാലത്ത് ‘ആനിമലും’ ‘ജവാനും’ ‘പത്താനു’മൊക്കെ ഉണ്ടാക്കിയ മാറ്റം ശുഭോദർക്കമാണ്. ഐ.എഫ്.എഫ്.കെയിലെത്തിയ കനു ബഹ്ൽ സംവിധാനംചെയ്ത ‘ആഗ്ര’ എന്ന സിനിമ അതിശയിപ്പിച്ചു. തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് സിനിമ എടുത്തിട്ടുള്ളത്.
ഐ.എഫ്.എഫ്.കെയെക്കുറിച്ച് എന്തുപറയും?
ഇന്ത്യയിലെ എന്നല്ല, ഏഷ്യയിലെ തന്നെ പ്രധാന ചലച്ചിത്രോത്സവമായി ഐ.എഫ്.എഫ്.കെ മാറിയിട്ടുണ്ട്. മത്സരവിഭാഗത്തിൽ ലോകത്തെ മികച്ച സിനിമകൾ എത്തുന്നു. അങ്ങനെ മലയാളിക്ക് കാൻ, ബർലിൻ പോലുള്ള മികച്ച ഫെസ്റ്റിവലുകളിൽ മികവ് കാട്ടിയ സിനിമകൾ കാണാൻ അവസരമൊരുങ്ങുന്നത് ചെറിയ കാര്യമല്ല. 13,000 ഡെലിഗേറ്റുകൾ ഇവിടെ എത്തുന്നുവെന്നത് ഫെസ്റ്റിവൽ ചരിത്രത്തിൽ അപൂർവമാണ്. ശരിക്കും ഒരു കാർണിവലായി മാറിയിട്ടുണ്ട്.
തിരക്കിനനുസരിച്ച് ഡെലിഗേറ്റ്സിന് കാണാൻ അവസരമുണ്ടാക്കുകയാണ് വേണ്ടത്. ഗോവയിൽ സിനിമ ബുക്ക് ചെയ്യുമ്പോൾ സീറ്റ് നമ്പർകൂടി ലഭിക്കാറുണ്ട്. അതുപോലെ സീറ്റുറപ്പിച്ചാൽ തിരക്ക് ക്രമീകരിക്കാനാകും. നഗരത്തിൽനിന്ന് മാറിയല്ലാതെ ടാഗോർ തിയറ്ററിനോട് ചേർന്ന് ആറോ ഏഴോ തിയറ്റർ ഉള്ള കോംപ്ലക്സ് കൂടി വന്നാൽ സൗകര്യമായി.
ഋത്വിക് ഘട്ടക്,മൃണാൾസെൻ,സത്യജിത് റായ്
ഡോ. ബിജു-രഞ്ജിത്ത് വിവാദം ചർച്ചയാണല്ലോ. താങ്കളുടെ അഭിപ്രായത്തിൽ എന്താണ് നല്ല സിനിമയുടെ അളവുകോൽ?
നല്ല സിനിമയുടെ അളവുകോൽ ജനങ്ങൾ തിയറ്ററിൽ ഇടിച്ചുകയറുന്ന സിനിമ എന്നല്ലല്ലോ. പോപുലർ സിനിമ എന്നതും ആർട്ട് സിനിമ എന്നതും വ്യത്യസ്തമാണ്. സിനിമ നിറഞ്ഞോടുക എന്നതിൽ കച്ചവട താൽപര്യമാണ് മുഴച്ചുനിൽക്കുന്നത്. താരമൂല്യം അതിലെ പ്രധാന ഘടകമാണല്ലോ. നല്ല സിനിമയിൽ അഭിനേതാവിന് അമിത പ്രാധാന്യമില്ല. സംവിധായകന്റെ ടാർഗറ്റ് വ്യത്യസ്തമാണ്. തിയറ്ററിൽ റിലീസ് പോലും ചെയ്യാത്ത സിനിമകൾക്ക് അവാർഡുകൾ കിട്ടുന്നുണ്ടല്ലോ.
മലയാള സിനിമയുടെ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി എന്താണ്?
മലയാള സിനിമയിൽ സിനിമകളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും അവയുടെ ഗുണമേന്മ കുറവാണെന്നാണ് യാഥാർഥ്യം. തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് കലക്ഷൻ കിട്ടുന്നില്ല. എന്നാൽ, ‘2018’ പോലുള്ള സിനിമകൾ തിയറ്ററുകളിൽ വൻ ഹിറ്റായിരുന്നു. ഈയടുത്ത കാലത്ത് ‘കണ്ണൂർ സ്ക്വാഡി’നും ‘കാതലി’നും തിയറ്ററിൽ സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം, ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഏറെയാണ്. ചെറിയ മുതൽമുടക്കിലെടുക്കുന്ന ചിത്രങ്ങളാണ് ഏറെയും.
ഇപ്പോഴും മലയാള സിനിമ സ്ഥിരം രീതികളിലും ഇതിവൃത്തങ്ങളിലും അഭിരമിക്കുകയാണ്. ഇതിവൃത്തങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാവുന്നില്ല. പുതിയ ഇടം കണ്ടെത്താനുള്ള ശ്രമം കുറവാണ്. പുതിയ പരീക്ഷണങ്ങൾക്കുള്ള വിമുഖത പ്രകടമാണ്. മുമ്പ് ‘നിർമാല്യം’ പോലുള്ള സിനിമകൾ ഇവിടെ ഉണ്ടായിരുന്നല്ലോ. പക്ഷേ ഇന്ന് കുറച്ചുകൂടി സേഫ് ആയ കളികൾക്കാണ് മലയാള സിനിമ മുതിരുന്നത്. ‘കുമ്പളങ്ങി നൈറ്റ്സ്’ പോലുള്ള ലൈഫ് ഉള്ള സിനിമകൾ വല്ലപ്പോഴുമാണ് ഉണ്ടാവുന്നത്. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ എത്രയോ ഉണ്ട്. തമിഴ്സിനിമ ജാതി രാഷ്ട്രീയവും മറ്റും ധാരാളമായി കൈകാര്യം ചെയ്യാൻ ധൈര്യം കാട്ടുന്നുണ്ട്. യഥാർഥത്തിൽ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സിനിമയിലും പ്രകടമാകേണ്ടതാണ്. ഇപ്പോൾ പലപ്പോഴും അത് പ്രതിഫലിപ്പിക്കുന്നില്ല.
മലയാള സിനിമക്ക് അന്നും ഇന്നും പ്രതിസന്ധിയുണ്ട്. പക്ഷേ ഇന്ന് 90 ശതമാനത്തോളമോ അതിൽ കൂടുതലും സിനിമകൾ പരാജയപ്പെടുകയാണ്. പടങ്ങൾ ഇറങ്ങുന്നു. രണ്ട് ദിവസംകൊണ്ട് തിയറ്ററിൽനിന്ന് അവ അപ്രത്യക്ഷമാകുന്നു. സിനിമാ തിയറ്ററുകൾ ഇന്ന് വലിയ പ്രതിസന്ധിയിലാണ്.
കമൽഹാസെന്റ ‘വിക്രം’ സിനിമയുടെ പോസ്റ്റർ
മലയാളത്തിൽ കാമ്പുള്ള സിനിമകൾ കുറയുന്നു എന്ന വിമർശനത്തെ എങ്ങനെ കാണുന്നു?
സത്യജിത് റായ് പറഞ്ഞപോലെ ഏത് കലയുടെയും അസംസ്കൃത വസ്തു ജീവിതമാണ്. ജീവിതം പഠിച്ച ആളുകൾക്ക് സ്വന്തം അനുഭവങ്ങളാണ് ശക്തി. അല്ലെങ്കിൽ മറ്റുള്ളവരുടെ അനുഭവങ്ങൾ അറിഞ്ഞിരിക്കണം. മലയാള സിനിമയിൽ ജീവിതാനുഭവങ്ങളുെടയും വായനയുടെയും കുറവ് മിക്ക സംവിധായകർക്കുമുണ്ട്. പണ്ട് സാഹിത്യവും സിനിമയും തമ്മിൽ അഭേദ്യബന്ധം ഉണ്ടായിരുന്നു. അടുത്തകാലത്ത് ‘ആടുജീവിതം’ ഒഴിച്ചാൽ കാര്യമായ സാഹിത്യകൃതികൾ സിനിമയായിട്ടില്ല. അതിനാൽ, യഥാർഥ ജീവിതത്തോടുള്ള ബന്ധം സിനിമയിൽ ഉണ്ടാവുന്നില്ല. ടാഗോറിന്റെ ചെറുകഥകൾ സത്യജിത് റായ് സിനിമയാക്കിയിട്ടുണ്ടല്ലോ. ആ കഥകൾ അൽപം മാറ്റിയാണ് സിനിമയാക്കിയത്. ബഷീറിന്റെ ‘മതിലുകൾ’ അടൂർ അതിമനോഹരമായ സിനിമയാക്കിയിട്ടുണ്ടല്ലോ.
റിയലിസ്റ്റിക് ആയ സിനിമകൾ മലയാള സിനിമയിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്. താരാധിപത്യം ഇല്ലാതായിക്കൊണ്ടിക്കുന്നുവെന്നത് ശുഭപ്രതീക്ഷ നൽകുന്നു. സൂപ്പർതാരങ്ങളുെട അപ്രമാദിത്വം അവസാനിച്ചുവെന്ന് പറയാമെങ്കിലും താരങ്ങൾക്കുള്ള പ്രാധാന്യം അവസാനിച്ചിട്ടുമില്ല. പുതുമുഖതാരങ്ങൾക്ക് അവസരങ്ങളേറെയുണ്ട്. ഒ.ടി.ടിയുടെ വരവോടെ ചെറുസിനിമകൾ ഏറെ വരുന്നുണ്ട്. പക്ഷേ, ഗുണനിലവാരം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ഭൂതപ്രേത കഥകളും ഡിറ്റക്ടിവ് കഥകളുമൊക്കെ തിരിച്ചുവരുന്നു. 70കളുടെ അവസാനത്തിലും 80കളിലും അവ സജീവമായിരുന്ന കാലത്താണ് ഐ.വി. ശശി ഫാമിലി സിനിമകളുമായെത്തി െട്രന്ഡ് മാറ്റിയത്. വീണ്ടും കലാമൂല്യമുള്ള സൃഷ്ടികൾ സജീവമാകുമെന്ന് പ്രതീക്ഷിക്കാം.
സമാന്തര സിനിമകളെക്കുറിച്ച്, അവയുടെ ഭാവി..?
സമാന്തര സിനിമകളെടുക്കുക എന്നത് റിസ്ക് ആണ്. ഒരു സ്ട്രഗ്ളും ആണ്. എന്നിട്ടും ആർട്ട് ഹൗസ് പടങ്ങൾ ചെയ്യാൻ ധാരാളം ചെറുപ്പക്കാർ എത്തുന്നുണ്ട്. മലയാളത്തിൽ സജാദ് റഹ്മാനെയും പ്രതാപ് ജോസഫിനെയും പോലുള്ള പുതുതലമുറ ഏറെ പ്രതീക്ഷ നൽകുന്നു. പക്ഷേ, ഏത് പ്രതിസന്ധി നേരിട്ടാലും സമാന്തര സിനിമ ഇല്ലാതാകില്ല. ചില കാലത്ത് തിരിച്ചടികൾ ഉണ്ടായേക്കാം. സിനിമ ഉള്ളിടത്തോളം ആത്മാവിഷ്കാരം എന്ന നിലക്ക് ചിത്രങ്ങളുമായി എത്തുന്ന ഒരു വിഭാഗം ആളുകൾ എന്നുമുണ്ടാകും.
ഒരുകാലത്ത് സജീവമായിരുന്ന ആർട്ട് സിനിമകൾ ഏറക്കുറെ നിശ്ചലമാണ്. ലോക സിനിമയിലും ആ വ്യത്യാസം കാണാം. കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഒട്ടേറെ അവാർഡുകൾ നേടിയ ‘ട്രയാങ്ക്ൾ ഓഫ് സാഡ്നസ്’ എന്ന ചിത്രം നോക്കൂ. അതിൽ ഫാന്റസിയുണ്ട്, വയലൻസ് ഉണ്ട്... ആർട്ട് സിനിമകളുടെ രീതി ഇതൊന്നുമല്ലല്ലോ. സാങ്കേതികവിദ്യയുെട കുതിപ്പിൽ പുതിയ ഫിലിം മേക്കിങ്ങിന് ഒരുപാട് സാധ്യതകളുണ്ട്. പുതിയ സംവിധായകർ ഏറെ വരുന്നുണ്ട്. ഒരുകാലത്ത് നവാഗതർക്ക് നിർമാതാക്കളെ കിട്ടാൻ വലിയ പ്രയാസമായിരുന്നു. ഇന്ന് ആ അവസ്ഥ മാറിയിട്ടുണ്ട്.
വളരെ ബോൾഡായ പരീക്ഷണങ്ങൾക്ക് വിധേയമാകുകയാണ് തമിഴ്സിനിമ. അവിടത്തെ സിനിമ മേഖല നിരന്തരം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് അവർക്ക് അത് സാധ്യമാകുന്നത്?
തമിഴ് സിനിമയിൽ എല്ലാതരം സിനിമക്കും സ്പേസുണ്ട്. നാല് കോടിയുടെ സിനിമ മുതൽ 400 കോടിയുടെ ‘പൊന്നിയൻ ശെൽവൻ’പോലുള്ള സിനിമകൾ അവിടെ ഇറങ്ങുന്നു. സൂപ്പർസ്റ്റാറുകളുടെ സിനിമകൾക്കൊപ്പം ഹൈപ്പൊന്നുമില്ലാതെ എത്തുന്ന ചെറിയ സിനിമകൾക്കും ഇടംകിട്ടുന്നുണ്ട്. സിനിമ എന്നാൽ ഒന്നല്ല, പല രൂപങ്ങളും ചേർന്നതാണ്. അതിൽ വലിയ സിനിമ വരും. ചെറിയ സിനിമ വരും. പൊളിറ്റിക്കൽ സിനിമ വരും... എല്ലാം വരും. ഏത് സിനിമയായാലും ക്യാപ്റ്റൻ എന്നത് സംവിധായകനാണ്. അന്നും ഇന്നും എന്നും സിനിമ സംവിധായകന്റെ കലയാണ്.
മികച്ച ഇന്ത്യൻ സിനിമകളിൽ മുൻനിരയിലായിരുന്ന ബംഗാളി സിനിമകൾ ചലച്ചിത്രോത്സവങ്ങളിൽ അധികം കാണാറില്ല. അതേസമയം, മറാത്ത സിനിമകളും നോർത്ത് ഈസ്റ്റ് സിനിമകളും ഏറെയെത്തുന്നുമുണ്ട്?
ഒരുകാലത്ത് ബംഗാളി സിനിമകളും മലയാളം സിനിമകളും തിളങ്ങിനിന്നപ്പോൾ പിൻനിരയിലായിരുന്ന മറാത്ത ഭാഷയിലാണ് ഇന്ന് മികച്ച സിനിമകളിറങ്ങുന്നത്. അതിന് കാരണമുണ്ട്. അവിടത്തെ സർക്കാർ സിനിമയെ പ്രോത്സാഹിപ്പിക്കാൻ കൈയയച്ച് സഹായംചെയ്യുന്നുണ്ട്. 30 ലക്ഷത്തോളം രൂപ സബ്സിഡിയിൽ അവർക്ക് സിനിമയെടുക്കാനാകും. ഇത് വളരെ പ്രോത്സാഹനജനകമാണ്. ഒരുകാലത്ത് സബ്സിഡി ഏറെ കൊടുത്തുകൊണ്ടിരുന്ന കന്നട സിനിമകൾക്ക് മുൻനിരയിലെത്താനായില്ല. കാരണം, ആ സബ്സിഡികൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്നതാണ്. കേരളത്തിൽ സബ്സിഡി അല്ല. ഇവിടെ കെ.എസ്.എഫ്.ഡി.സി സൗകര്യങ്ങൾ ഉപയോഗിക്കാം എന്ന സൗജന്യം മാത്രമേയുള്ളൂ.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് മെച്ചപ്പെട്ട സിനിമകൾ എത്തുന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമാണ് അവിടത്തെ ഭൂപ്രകൃതിയും സംസ്കാരവും. അതിന്റെ വ്യത്യാസം സിനിമകളിലും കാണും. മലയാള സിനിമയിലും ലൊക്കേഷൻ മാറ്റം വന്നിട്ടുണ്ട്. പണ്ട് പാലക്കാട്, ഒറ്റപ്പാലം കേന്ദ്രീകരിച്ചിരുന്ന മലയാള സിനിമകൾ ഇന്ന് തൊടുപുഴയും കണ്ണൂരും കാസർകോടും ഒക്കെയായി ലൊക്കേഷൻ മാറി. അതോടൊപ്പം കഥാപാത്രങ്ങളുെട ഭാഷാരീതിയിലും വ്യത്യാസം വന്നു.
വർഷങ്ങൾ പിന്നിടുമ്പോൾ സിനിമ പ്രേക്ഷകർക്ക്, ചലച്ചിത്രാസ്വാദനത്തിൽ വന്ന മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ...?
പുതുതലമുറയുടെ ജീവിതത്തിൽ വരുന്ന മാറ്റം ചലച്ചിത്രാസ്വാദനത്തിലും വരും. മൊബൈലിലും ഒ.ടി.ടിയിലും സിനിമ കണ്ടാണ് അവർ വളരുന്നത്. ലോക സിനിമകൾ മുഴുവൻ അവന്റെ വിരൽത്തുമ്പിലെത്തുന്നു. മാറിവരുന്ന കാഴ്ചപ്പാടുകളും ലോകക്രമവും ഓരോരുത്തരെയും സ്വാധീനിക്കുന്നുണ്ട്. പ്രേക്ഷകൻ എന്ന നിലയിൽ ആ മാറ്റങ്ങൾ സ്വാഭാവികമായും സ്വാധീനിക്കും.
വലിയ സിനിമകളുടെ കുത്തൊഴുക്കിൽ ചെറിയ സിനിമകളുടെ ഇടം തിരിച്ചുപിടിക്കുക എങ്ങനെയാണ്?
വലിയ സിനിമകൾക്കൊപ്പം ചെറിയ സിനിമകളുടെ ഇടം തിരിച്ചുപിടിക്കുക എന്നത് ഇന്ന് ശ്രമകരമായ ദൗത്യമാണ്. ഒ.ടി.ടിയിൽ സിനിമകൾ സ്വീകരിക്കുന്നതു തന്നെ അതിലെ താരമൂല്യം നോക്കിയാണ്. ഒ.ടി.ടി ആദ്യഘട്ടങ്ങളിൽ ചെറു സിനിമകൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, സ്റ്റാർവാല്യു നോക്കിയുള്ള ഒ.ടി.ടി തിരഞ്ഞെടുപ്പ് ശരിയല്ല എന്നാണ് അഭിപ്രായം. കേരളത്തിൽ കെ.എസ്.എഫ്.ഡി.സി 50 തിയറ്ററുകൾ നിർമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചാണിത്. ഇവ യാഥാർഥ്യമായാൽ ചെറു ചിത്രങ്ങൾക്ക് കൈത്താങ്ങാകും. കൂടാതെ, കെ.എസ്.എഫ്.ഡി.സിയുടെ ഒ.ടി.ടി പ്ലാറ്റ്ഫോമും തയാറായിവരുന്നുണ്ട് എന്നത് ശുഭോദർക്കമാണ്.
(ചിത്രങ്ങൾ: അഷ്കർ ഒരുമനയൂർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.