‘രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ’, ‘കേരളത്തിനു ഫണ്ടുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട കേന്ദ്രവാദങ്ങൾ കൃത്രിമ കണക്കുകൾ നിറഞ്ഞതാണ്’, ‘മോദിയും കോർപറേറ്റ് മുതലാളിമാരും തമ്മിൽ നടത്തുന്നത് സുഹൃത്തുക്കൾക്കിടയിലുണ്ടാകുന്ന ‘ഗിവ് എവേ’ സ്കീം പോലൊരു പദ്ധതി’ –സാമ്പത്തിക ശാസ്ത്രജ്ഞനും ‘ദി ക്രൂക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ –എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന പുസ്തകത്തിന്റെ രചയിതാവും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ജീവിതപങ്കാളിയുമായ പരകാല പ്രഭാകർ സംസാരിക്കുന്നു.
‘‘നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷത്തോടടുക്കുന്നു. മേയ് 2014ന് ഒരു പുതിയ യുഗം തുടങ്ങി എന്നാണ് അവർ അവകാശപ്പെട്ടത്. എന്നാൽ, യഥാർഥത്തിൽ ഇന്ത്യ ഒരു പ്രതിസന്ധി നേരിടുകയാണ്. നമ്മുടെ ഭരണസംവിധാനം, സാമൂഹികരംഗം, സാമ്പത്തികരംഗം എല്ലാം തകർന്നു. ഇതിന്റെയെല്ലാം അടയാളങ്ങൾ നമുക്കു ചുറ്റുമുണ്ട്.’’
അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ പരകാല പ്രഭാകറിെന്റ ‘ദി ക്രൂക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ -എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന 2023ൽ ഇറങ്ങിയ പുസ്തകത്തിൽനിന്നുള്ള വാചകങ്ങളാണിത്. രണ്ടു ഭരണകാലങ്ങൾകൊണ്ട് നരേന്ദ്ര മോദി സർക്കാർ ഈ രാജ്യത്തെയും അതിെന്റ സകല മൂല്യങ്ങളെയും എങ്ങനെയെല്ലാം തകർത്തെറിഞ്ഞുവെന്ന് അക്കമിട്ട്, വസ്തുതകളും വിവരണങ്ങളും നിരത്തി ചൂണ്ടിക്കാട്ടുന്ന, കേന്ദ്രത്തിെന്റ കാപട്യത്തെ തുറന്നുകാട്ടുന്ന പുസ്തകം. പുറത്തിറങ്ങിയപ്പോൾ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ പുസ്തകത്തിെന്റ രചയിതാവ് പരകാല പ്രഭാകർ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമെന്റ ഭർത്താവാണെന്നതും വാർത്തകളിലും ചർച്ചകളിലും നിറഞ്ഞു.
സാമ്പത്തിക ശാസ്ത്രമെന്ന ഒരേ അഭിരുചിയിലൂടെ പരസ്പരം ഇഷ്ടത്തിലായ പരകാലയും നിർമലയും പിന്നീട് വിവാഹിതരായി. കുറച്ചുകാലം ബി.ജെ.പി രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും രാജ്യത്തിെന്റ സ്ഥിതിയിൽ അതൃപ്തനായ അദ്ദേഹം ബി.ജെ.പി വിട്ട് സജീവ സാമ്പത്തികരംഗത്തേക്കിറങ്ങി, ഒപ്പം ഗൗരവതരമായ രാഷ്ട്രീയ നിരീക്ഷണത്തിലേക്കും.
മോദിസർക്കാറിെന്റ ജനവിരുദ്ധ നയങ്ങൾക്കെതിരെയും തന്റെ പത്നികൂടി ഉത്തരവാദിയായ സാമ്പത്തികരംഗത്തെ ധൂർത്തുകൾക്കും കെടുകാര്യസ്ഥതകൾക്കുമെതിരെയും നിശിതമായി വിമർശിക്കുന്ന, കേന്ദ്രത്തിന്റെ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന ആക്ടിവിസ്റ്റാണ് അദ്ദേഹം.
സാമ്പത്തിക ശാസ്ത്രജ്ഞൻ മാത്രമല്ല, പബ്ലിക് ഒപ്പീനിയൻ മേക്കർ, കോർപറേറ്റ് കൺസൽട്ടന്റ്, എഴുത്തുകാരൻ, രാഷ്ട്രീയ നിരീക്ഷകൻ തുടങ്ങിയ മേഖലകളിലും ശ്രദ്ധേയം. 2014-18 കാലയളവിൽ ആന്ധ്ര സർക്കാറിന്റെ ആശയവിനിമയ ഉപദേഷ്ടാവ് ആയിരുന്നു. കൊച്ചിയിൽ പുരോഗമന കലാ സാഹിത്യ സംഘം എറണാകുളം മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കാനെത്തിയ അദ്ദേഹം ‘മാധ്യമ’വുമായി സംസാരിക്കുന്നു.
നിലവിലെ ഇന്ത്യൻ സാമ്പത്തിക സ്ഥിതിയിൽനിന്നു തന്നെ തുടങ്ങാം. കേന്ദ്രം അവകാശപ്പെടുന്നത് രാജ്യം ഏറ്റവും മികച്ച സാമ്പത്തികാവസ്ഥയിൽ ആണെന്നാണ്. ഒരു ധനകാര്യ വിദഗ്ധൻ എന്ന നിലയിൽ ഇന്നത്തെ സാമ്പത്തികരംഗത്തെ എങ്ങനെ നോക്കിക്കാണുന്നു?
രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചെറുപ്പക്കാർ കടുത്ത തൊഴിലില്ലായ്മ നേരിട്ടുകൊണ്ടിരിക്കുകയാണ്. യുവാക്കളുടെയും സ്ത്രീകളുടെയും തൊഴിൽ പങ്കാളിത്തം വളരെ കുറവാണിന്ന്. രാജ്യത്തിനകത്തെ ആഭ്യന്തര വിൽപനയും കുറവാണ്, ആഭ്യന്തര നിക്ഷേപങ്ങളും വളരെയധികം കുറഞ്ഞുവരുകയാണ്. ഇവിടത്തെ വൻകിട നിക്ഷേപകർ രാജ്യം ഉപേക്ഷിച്ചു പോകുന്ന സ്ഥിതിയുണ്ട്.
ഇന്ന് ഇന്ത്യയുടെ നിക്ഷേപത്തിന്റെ തോത് 19 ശതമാനമായി കുറഞ്ഞിരിക്കുന്നു. രാജ്യത്ത് നിക്ഷേപം നടത്താൻ നിക്ഷേപകർ താൽപര്യപ്പെടുന്നില്ല. വലിയതോതിൽ ആസ്തിയുള്ള സമ്പന്നർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിൽ പോകുന്ന പ്രവണത വർധിക്കുകയാണ്. രാജ്യത്തെ ജനങ്ങളേറെയും പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. 2015ൽ 1,31,000 പേരാണ് രാജ്യത്തെ പൗരത്വം ഉപേക്ഷിച്ച് പോയതെങ്കിൽ 2022 ആയപ്പോേഴക്കും അതിന്റെ എണ്ണം രണ്ടേകാൽ ലക്ഷമായി വർധിച്ചിരിക്കുകയാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴമാണ്.
ഇതെല്ലാം പോരാഞ്ഞ്, പരോക്ഷ നികുതി വർധിക്കുകയും കോർപറേറ്റ് നികുതി കുറയുകയും ചെയ്തു. രാജ്യത്തിന്റെ പലഭാഗത്തും പട്ടിണി രൂക്ഷമാണ്. ഇതിെന്റയെല്ലാം ഇടക്കാണ് രാജ്യം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം വമ്പു പറയുന്നത്. തൊഴിലില്ലായ്മ, ദാരിദ്യം, പട്ടിണിസൂചിക ഇത്തരം മാനകങ്ങളെല്ലാം വ്യക്തമാക്കുന്നത് രാജ്യത്തിന്റെ സ്ഥിതി അങ്ങേയറ്റം ഗുരുതരമാണെന്നാണ്.
ഇനി അവർ അവകാശപ്പെടുന്നതുപോലെ ഇന്ത്യ മികച്ച സാമ്പത്തികാവസ്ഥയിലാണെങ്കിൽ എന്തിനാണ് രാജ്യത്ത് 82 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കുന്നത്. ദാരിദ്ര്യത്തിന്റെ പ്രകടമായ അടയാളമല്ലേ അത്. യഥാർഥത്തിൽ ഇന്ത്യ മെച്ചപ്പെട്ട സ്ഥിതിയിലാണ്, പുരോഗതിയിലേക്ക് കുതിക്കുകയാണ് എന്നെല്ലാം പറയുന്നത് യഥാർഥത്തിൽ വസ്തുതാപരമല്ല, മറിച്ച് പ്രോപഗണ്ട ലക്ഷ്യമിട്ടാണ്.
സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും വലിയ സംഘർഷവും വാഗ്വാദവും നിലനിൽക്കുകയാണല്ലോ. ഇക്കാര്യത്തിൽ കേന്ദ്ര നിലപാട് ശരിയാണോ?
ശരിയല്ല. അതുമാത്രമല്ല. സംസ്ഥാനങ്ങളുടെ ഫണ്ടുകളും അവകാശപ്പെട്ട ആനുകൂല്യങ്ങളും എങ്ങനെയെല്ലാം വെട്ടിക്കുറക്കാമോ, അതെല്ലാം ചെയ്യുകയാണ് കേന്ദ്രം. സംസ്ഥാനങ്ങളുടെ വിഹിതം 42 ശതമാനത്തിൽനിന്ന് 32 ശതമാനമായി കുറക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിക്കൊണ്ടുള്ള നിതി ആയോഗ് സി.ഇ.ഒയുടെ വിഡിയോ അടുത്തിടെ നമ്മൾ കണ്ടതാണല്ലോ. മിക്ക മാധ്യമങ്ങളിലും അതു വാർത്തയായിട്ടില്ല.
കേരളത്തിനു ഫണ്ടുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട കേന്ദ്രവാദങ്ങൾ കൃത്രിമ കണക്കുകൾ നിറഞ്ഞതാണ്. അവർ ഡേറ്റ ഫഡ്ജ് ചെയ്യുകയാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് കേന്ദ്രം സംസ്ഥാനങ്ങളെ നന്നായി ഞെരുക്കുകയാണെന്നാണ്. സംസ്ഥാനങ്ങൾക്കുമേൽ ഫിനാൻഷ്യൽ സ്ട്രെസ് സൃഷ്ടിക്കുകയാണ്. ഇതെല്ലാം ഫെഡറൽ തത്ത്വങ്ങൾക്കെതിരാണെന്ന് നമുക്കറിയാം. കേന്ദ്രം അവകാശപ്പെടുന്നത് ഞങ്ങൾ സംസ്ഥാനങ്ങൾക്കു മേൽ വലിയ കരുതൽ കാണിച്ചുവെന്നാണ്. എന്നാൽ, സംസ്ഥാനങ്ങളിൽനിന്ന് എടുക്കുന്ന നികുതിയും തിരിച്ചുനൽകുന്ന വിഹിതവും തമ്മിലുള്ളത് വലിയ അന്തരമാണ്, ഇത് പച്ചയായ വിവേചനമാണ്.
എന്നാൽ, ചില സംസ്ഥാനങ്ങളെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമാണ്. കേന്ദ്രത്തിന്റെ കണ്ണിലുണ്ണികളായ സംസ്ഥാനങ്ങളെ യഥാർഥത്തിൽ നന്നായിതന്നെ നോക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിൽ പലയിടത്തും ഡബ്ൾ എൻജിൻ സർക്കാർ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. നിങ്ങൾക്ക് അർഹമായ ഫണ്ട് കിട്ടണമെങ്കിൽ കേന്ദ്രത്തിനൊപ്പം സംസ്ഥാനത്തും നിങ്ങൾ അതേ പാർട്ടിയെ തെരഞ്ഞെടുക്കേണ്ടിവരുന്നു.
ഇത് യഥാർഥത്തിൽ നമ്മുടെ ഫെഡറൽ ഘടനയെ തകർക്കുംവിധമുള്ള ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭ സീറ്റുകളുടെ എണ്ണം കൂട്ടാൻപോകുന്ന കാര്യം നാം അറിഞ്ഞല്ലോ. അവരുടെ കൈയിലുള്ള ഗുജറാത്ത്, യു.പി പോലുള്ള സംസ്ഥാനങ്ങളെ വീണ്ടും വീണ്ടും പാർലമെന്റ് മണ്ഡലാടിസ്ഥാനത്തിൽ വിഭജിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ദക്ഷിണേന്ത്യയുടെ പ്രസക്തി കുറക്കുന്ന നടപടിയാണ്. തികച്ചും അപകടകരമായ സംവിധാനമാണ് ഇതിലൂടെ നടപ്പാക്കാൻ പോകുന്നത്. രാജ്യത്തിന്റെ ഐക്യബോധത്തെ അട്ടിമറിക്കാനും അടിത്തറ തോണ്ടാനുമുള്ള നീക്കമാണിത്.
പരകാല പ്രഭാകർ വോെട്ടടുപ്പ് ദിനത്തിൽ അമ്മക്കും ഭാര്യ നിർമല സീതാരാമനുമൊപ്പം
ഇത്തരം നീക്കങ്ങൾക്കെതിരെ സംസ്ഥാനങ്ങൾക്ക് എന്തു ചെയ്യാനാവും?
പ്രക്ഷോഭം, അതു മാത്രമാണ് മറുപടി. ശക്തമായ പ്രക്ഷോഭവും സമരപരിപാടികളും ഉയർന്നുവരേണ്ടതുണ്ട്. കേരളം ഇതിനകം സമരരംഗത്തേക്കിറങ്ങാൻ തീരുമാനിച്ചുകഴിഞ്ഞു. അതുതന്നെയാണ് വേണ്ടത്. പ്രക്ഷോഭങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് കേന്ദ്രത്തിന് മറുപടി നൽകേണ്ടത്. ഈ മാർഗത്തിലൂടെ വിജയം കണ്ടില്ലെങ്കിൽ, പിന്നെ മറ്റൊരു രീതിയിലും അർഹതപ്പെട്ടത് നേടിയെടുക്കാനാവില്ല.
രാജ്യം സ്വതന്ത്രമായിട്ട് ഏഴര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നാൽ, നമ്മുടെ ഗ്രാമങ്ങളിന്നും ദാരിദ്ര്യാവസ്ഥയിൽതന്നെയാണല്ലോ?
ചെറുപ്പക്കാർക്ക് നല്ല ജോലി, മികച്ച വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വികസനവുമായി ബന്ധപ്പെട്ട അടിസ്ഥാന ഘടകങ്ങളിൽ പുരോഗതിയുണ്ടാവുമ്പോഴേ ഒരു നാട് മെച്ചപ്പെട്ട സ്ഥിതിയിലാണെന്നു പറയാനാവൂ. എന്നാൽ, ഈ നാടിന്റെ സ്ഥിതിയൊന്നു നോക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കുന്നതിനും സ്കിൽ ഡെവലപ്മെന്റ് സെന്റർ ഒരുക്കുന്നതിനും പകരം അവർ തങ്ങളുടെ പ്രോപഗണ്ടക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് നടപ്പാക്കുന്നത്. ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ എന്നൊരു പദ്ധതി അവതരിപ്പിച്ചു. അതിനായി വകയിരുത്തിയ ഫണ്ടിൽ 80 ശതമാനവും പദ്ധതിയുടെ പബ്ലിസിറ്റിക്കുവേണ്ടിയാണ് ഉപയോഗിച്ചതെന്നത് എന്തൊരു വൈരുധ്യാത്മകമായ അവസ്ഥയാണ്.
രാജ്യത്തിന്റെ ആഭ്യന്തര കടം വർധിക്കുന്നു. ഇതേക്കുറിച്ചുള്ള വിലയിരുത്തൽ?
നമ്മുടെ ദേശീയ കടബാധ്യത 1947 മുതൽ 2014 വരെ ആകെ 50 ലക്ഷം കോടി രൂപ മാത്രമായിരുന്നു. എന്നാൽ, 2014നു ശേഷം രാജ്യത്ത് അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ ഈ ഒമ്പത് വർഷത്തിനിടക്ക് നൂറ് ലക്ഷം കോടിയുടെ കടം അധികമായി ഉണ്ടാക്കി. ഇന്ന് രാജ്യത്തിന്റെ കടബാധ്യത 150 ലക്ഷം കോടി രൂപയാണ്.
നമ്മുടെ രാജ്യത്ത് ആകെ ജനസംഖ്യയിൽ 53 ശതമാനമാണ് യുവാക്കളുടെ എണ്ണം. പക്ഷേ, അതിൽ 24 ശതമാനം പേരും തൊഴിൽരഹിതരാണ്. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാവുകയാണ്. ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ദാരിദ്ര്യം അനുഭവിക്കുന്നവരുെട എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്ര വലിയൊരു സാമ്പത്തികബാധ്യത ഉണ്ടാക്കിവെച്ചത് രാജ്യത്തിന്റെ വികസന കാര്യങ്ങൾക്കായിരുന്നുവെങ്കിൽ നമുക്കത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാമായിരുന്നു. എന്നാലിത് അതല്ല, എല്ലാം പ്രോപഗണ്ടക്കുവേണ്ടിയുള്ള കള്ളംപറയലുകളാണ്.
യഥാർഥത്തിൽ സാമ്പത്തിക സ്ഥിതിയെന്നാൽ പ്രതിസന്ധിയെന്നാണ്. ഇതേക്കുറിച്ചൊന്നും ആരും എതിർത്ത് ഒരക്ഷരം മിണ്ടാൻ പാടില്ല. മിണ്ടിയാൽ ഇ.ഡിയെയും സി.ബി.ഐയെയും ഐ.ബിയെയും വിട്ട് അവരെ ടാർഗറ്റ് ചെയ്യും. പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച 150 എം.പിമാെര പുറത്താക്കിയ നടപടി ജനാധിപത്യ സംവിധാനത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഒരു ഭാഗത്ത് ജനാധിപത്യത്തിന്റെ മാതാവാണ് എന്നൊക്കെ അവകാശപ്പെടുന്നു, മറുഭാഗത്ത് ഇത്തരത്തിൽ ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു.
രാജ്യത്തെ കാർഷിക നിയമങ്ങൾ നടപ്പാക്കിയ രീതി നോക്കൂ. വളരെ പ്രധാനപ്പെട്ട നിയമങ്ങളാണ് പാർലമെന്റിൽ അഞ്ചു മിനിറ്റുപോലും ചർച്ച നടത്താതെ നടപ്പാക്കിയത്. അതിനെതിരെ സമരംചെയ്ത സാധാരണക്കാരായ കർഷകരുൾപ്പെടെയുള്ളവർ ദേശദ്രോഹികളായി, ഖലിസ്താൻ വാദികളായി... അങ്ങനെയങ്ങനെ പല മുദ്രകൾ ചാർത്തപ്പെട്ടു. പലർക്കും ജീവൻതന്നെ നഷ്ടമായി. പിന്നീട് ഇതേ നിയമങ്ങൾതന്നെ പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പിൻവലിക്കപ്പെട്ടു. അതും ഒരു ചർച്ചയുമില്ലാതെ.
നിലവിലെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത് വലിയൊരു അപകടത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്നാണ്. അതേക്കുറിച്ച്?
മുമ്പൊക്കെ ഇന്ത്യ ഒരു സെക്കുലർ രാജ്യമെന്ന് പറയാനായിരുന്നു എല്ലാവർക്കുമിഷ്ടം, ഭരിക്കുന്നവർക്കും അതേ. എന്നാലിന്ന് അവർ ഇന്ത്യ മതേതര രാജ്യമാണെന്ന് അവകാശപ്പെടുന്നുപോലുമില്ല. ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമായി എന്നു പറയാനാണ് ഭരിക്കുന്നവർക്കും അവരുടെ കൂട്ടർക്കുമിഷ്ടം. നമ്മുടെ മുൻകാല നേതാക്കൾ വളരെയേറെ പ്രയത്നിച്ച് നേടിയെടുക്കുകയും നിലനിർത്തുകയും ചെയ്ത മൂല്യങ്ങളെല്ലാം ഇന്ന് നഷ്ടമായി. തങ്ങൾ വളരെയധികം സഹിഷ്ണുക്കളാണെന്നാണ് അവരുടെ അവകാശം. എന്നാൽ, അതൊന്നും പ്രവൃത്തിയിൽ കാണുന്നില്ല.
രാജ്യത്തിന്റെ അഭിമാനമായ വനിതാ അത്ലറ്റുകൾ വളരെ ഗൗരവതരമായ ഒരു വിഷയമുന്നയിച്ച് സമരപ്രക്ഷോഭങ്ങൾ നടത്തിയപ്പോൾ അവരിലൊരാൾപോലും ഗൗനിച്ചില്ലല്ലോ. കേന്ദ്രത്തിലെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും എം.പിമാരെയും എം.എൽ.എമാരെയും ഒന്നു നോക്കൂ. ബി.ജെ.പി ജനപ്രതിനിധികളായി മുസ്‍ലിം വിഭാഗത്തിൽനിന്ന് ആരെയെങ്കിലും കാണാനാകുമോ? യു.പിയിലും കർണാടകയിലും ഗുജറാത്തിലുമൊന്നും അവരെ മത്സരിപ്പിക്കാറുപോലുമില്ല.
ഈ രാജ്യം എല്ലാവർക്കുമുള്ളതല്ല, ഹിന്ദുക്കൾക്ക് മാത്രമായി ഉള്ളതാണെന്നാണ് അവർ ആവർത്തിച്ചു പറയുന്നത്. ന്യൂനപക്ഷങ്ങൾ രാജ്യത്ത് കീഴ്പ്പെട്ട് ജീവിക്കുകയോ പാകിസ്താനിലേക്ക് പലായനംചെയ്യുകയോ വേണമെന്നാണ് കേന്ദ്രസർക്കാർ പറയാതെ പറയുന്നത്. ആൾക്കൂട്ട കൊലപാതകം, സാമ്പത്തിക ബഹിഷ്കരണം തുടങ്ങി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ ബി.ജെ.പിക്കാർ പരമാവധി ചെയ്യുന്നുണ്ട്. എന്നാൽ, ഭരിക്കുന്ന സർക്കാർ ഇക്കാര്യത്തിൽ മൗനംപാലിച്ച് അവർക്ക് പിന്തുണ നൽകുന്നു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തതു പ്രകാരം ഇന്ത്യാ രാജ്യം എല്ലാ മതക്കാർക്കുമുള്ളതാണെങ്കിൽ ഇന്ന് ഭരിക്കുന്ന കൂട്ടർ പറയുന്നത് ഇവിടെ ജീവിക്കാനുള്ള യോഗ്യത ഹിന്ദുവാകണമെന്നാണ്.
കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന ഇന്ത്യ ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നതല്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു റേഷൻ, ഒരു ഭാഷ തുടങ്ങി ഒന്നിലേക്ക് മാത്രം എല്ലാം കൂട്ടിക്കെട്ടാനുള്ള ശ്രമമാണ്. വർഗീയവാദികൾക്കുവേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന സേനകളുണ്ട്. മതനിരപേക്ഷതക്കുവേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരെങ്കിലുമുണ്ടോ എന്നതാണ് നാം ആലോചിക്കേണ്ടത്. ഇല്ല എന്നാണ് ഉത്തരമെങ്കിൽ അത് നമ്മുടെ ഉറക്കം കെടുത്തേണ്ടതാണ്.
ഒരുഭാഗത്ത് രാജ്യത്തിന്റെ നല്ലൊരു ശതമാനം വരുന്ന പാവപ്പെട്ടവരും മധ്യവർഗക്കാരും സാമ്പത്തിക പ്രതിസന്ധികളിൽ ഞെരുങ്ങുമ്പോൾതന്നെ മറുവശത്ത് അംബാനി, അദാനിമാരെ പോലുള്ള വൻകിടക്കാരുടെ ആസ്തിയിലും സാമ്പത്തിക സ്ഥിതിയിലും നാൾക്കുനാൾ മുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കുകയല്ലേ?
മോദിയും കോർപറേറ്റ് മുതലാളിമാരും തമ്മിൽ നടത്തുന്നത് സുഹൃത്തുക്കൾക്കിടയിലുണ്ടാകുന്ന ‘ഗിവ് എവേ’ സ്കീം പോലൊരു പദ്ധതിയാണ്. തെരഞ്ഞെടുപ്പടുക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും അവരെ സന്തോഷിപ്പിക്കാനും വേണ്ടി ഈ മുതലാളിമാരിൽനിന്ന് മൂന്ന് ഗ്യാസ് സിലിണ്ടർ വാങ്ങി സമ്മാനിക്കുന്നു, പകരം അവർക്ക് നൽകുന്നതോ ആറ് വിമാനത്താവളങ്ങളും. എന്തൊരക്രമമാണിത്. ഇതൊരു തന്ത്രമാണ് യഥാർഥത്തിൽ. എന്നാൽ, പതിയെ ആളുകൾ ഈ തന്ത്രം തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ, ക്രൈസിസിനെ കുറിച്ച് പൊതുജനങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ അവർ മറ്റൊരു വിഷയമെടുത്ത് ഈ വിഷയത്തിൽനിന്ന് സൂത്രത്തിൽ ശ്രദ്ധതിരിക്കുന്നു.
എന്നാൽ, ഒരുതരത്തിലും തങ്ങൾ യഥാർഥ പ്രശ്നത്തിൽനിന്ന് വ്യതിചലിക്കില്ലെന്ന് ജനങ്ങൾ ദൃഢനിശ്ചയം ചെയ്യണം. പൗരസംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണം, ജനങ്ങളെ ബോധവത്കരിക്കണം. സമരത്തിനായി അണിനിരത്തണം. വലിയൊരു പ്രക്ഷോഭം ഇക്കാര്യത്തിൽ ഉയർന്നുവരേണ്ടതുണ്ട്.
നരേന്ദ്ര മോദിക്കാലത്തിനു മുമ്പ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ലോകമറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെയും നിലവിലെ സർക്കാറിന്റെയും സാമ്പത്തികസ്ഥിതിയെ താരതമ്യം ചെയ്യുമ്പോൾ മനസ്സിലാക്കുന്നത് എന്താണ്?
വളരെയധികം വ്യത്യാസങ്ങൾ പ്രകടമായി തന്നെ കാണാനാവും. അദ്ദേഹത്തിെന്റ സാമ്പത്തിക വിഷയങ്ങളിലെ അഗാധ പാണ്ഡിത്യം നമ്മുടെ സാമ്പത്തിക നയങ്ങളെയും വിവിധ സാമൂഹിക രംഗങ്ങളെയും ഒരുപോലെ സ്വാധീനിച്ചിട്ടുണ്ട്. അന്നത്തെ വളർച്ചനിരക്ക് ഇന്നത്തേക്കാളൊക്കെ എത്രയോ ഇരട്ടിയായിരുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം ഉണ്ടായിരുന്നെങ്കിലും അതെല്ലാം നിയന്ത്രണവിധേയമായിരുന്നു.
പക്ഷേ, അതിലെല്ലാം ഉപരിയായി അന്നത്തെ സർക്കാർ ഒരിക്കലും വിവരങ്ങൾ ഒളിപ്പിച്ചുവെക്കുകയോ കൃത്രിമത്വം കാണിക്കുകയോ ചെയ്യാറില്ലായിരുന്നു. ഇതാണ് പ്രധാന വ്യത്യാസം. ഇന്നത്തെ ഗവൺമെന്റ് എന്തു പിടിപ്പുകേടുണ്ടെങ്കിലും അതിന്റെയെല്ലാം കണക്കുകൾ മറച്ചുവെക്കുകയോ കള്ളക്കണക്കുകൾ നിരത്തുകയോ ചെയ്യുന്നു.
പരകാല പ്രഭാകർ തൃശൂരിൽ ഒരു പൊതു ചടങ്ങിൽ സംസാരിക്കുന്നു
സാമ്പത്തിക വിദഗ്ധന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ രാജ്യത്തെ മികച്ച സംസ്ഥാനമായി താങ്കൾ തെരഞ്ഞെടുക്കുന്നത് ഏത് സംസ്ഥാനമായിരിക്കും?
തീർച്ചയായും കേരളം. ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലുമെല്ലാം കേരളം മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. രാജ്യത്തിന് യഥാർഥ മാതൃക കേരളമാണ്. അല്ലാതെ ഊതിവീർപ്പിച്ച ഗുജറാത്ത് അല്ല. ഗുജറാത്ത് മോഡൽ എന്ന സങ്കൽപം തന്നെ പൊള്ളയായ, കൃത്രിമമായി സൃഷ്ടിച്ചെടുത്ത കണക്കുകളുടെയും വ്യാജ അവകാശവാദങ്ങളുടെയും ആകത്തുകയാണ്.
താങ്കളുടെ പുസ്തകം ‘ദി ക്രൂക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ’ (The Crooked Timber of New India -Essays on a Republic in Crisis ) ഇറങ്ങിയ സമയത്ത് പൊതു ഇടങ്ങളിൽ വലിയ ചലനം സൃഷ്ടിച്ചല്ലോ. എന്തായിരുന്നു പുസ്തകത്തിലൂടെ ലക്ഷ്യമിട്ടത്?
ആ ചലനം, ആ ചർച്ച അതുതന്നെയായിരുന്നു പുസ്തകത്തിനു പിന്നിലെ ലക്ഷ്യം. പലപ്പോഴായി എഴുതിയ ലേഖനങ്ങളും പിന്നീട് ഈ പുസ്തകത്തിനായി എഴുതിയവയും ചേർത്താണ് ഒരുക്കിയത്. പൂർണമായും എന്റെ വിയോജിപ്പുകളും വിമർശനങ്ങളും ശക്തമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ നിലവിലെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ പ്രശ്നങ്ങളിലും ഞാൻ വളരെയധികം ഉത്കണ്ഠാകുലനായിരിക്കുമ്പോഴാണ് അത്തരമൊരു പുസ്തകം പുറത്തിറക്കുന്നതിനെ പറ്റി ചിന്തിച്ചത്. കാരണം, ഇന്നാട്ടിലെ വിഷയങ്ങൾ ജനം ചർച്ച ചെയ്യണമെന്ന് ഞാനാഗ്രഹിച്ചു.
ആ പുസ്തകത്തിലൂടെ ആളുകൾ രാജ്യത്തിന്റെ അപകടകരമായ സ്ഥിതിയെക്കുറിച്ച് തിരിച്ചറിയണമെന്നും ബോധവാൻമാരാകണമെന്നും സംസാരിക്കണമെന്നും പരിഹാരം തേടണമെന്നുമെല്ലാമായിരുന്നു എന്റെ ഉള്ളിൽ. അത്തരമൊരു ചർച്ച വലിയ രീതിയിൽ നടന്നതിലൂടെ എന്റെ ലക്ഷ്യം ഏറക്കുറെ നിറവേറി. പുസ്തകവും അതിന്റെ ഉള്ളടക്കവും ആളുകൾക്കിടയിൽ, പ്രത്യേകിച്ച് ഉന്നത ശ്രേണികളിൽ ചർച്ചയായതിൽ സന്തോഷമുണ്ട്.
ജെ.എൻ.യുവിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലുമെല്ലാം സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നതപഠനം നടത്തിയ ആൾ, കോൺഗ്രസ് കുടുംബത്തിൽ ജനിച്ച, ആന്ധ്രപ്രദേശിലെ മുൻ മന്ത്രിയുടെയും മുൻ എം.എൽ.എയുടെയും മകൻ... എന്നാൽ, താങ്കൾ ഇടക്കാലത്ത് ബി.ജെ.പി രാഷ്ട്രീയത്തിലും സജീവമായിരുന്നു. അതിൽനിന്നുള്ള പിന്മാറ്റത്തെക്കുറിച്ച്?
വളരെ കുറച്ചു കാലമേ ബി.ജെ.പിയിലുണ്ടായിരുന്നുള്ളൂ. അതും വർഷങ്ങൾക്കു മുമ്പാണ്. ഞാൻ ബി.ജെ.പിയിൽനിന്ന് വിട്ടുപോരുന്ന കാലത്ത് രാജ്യത്തെ സ്ഥിതി ഇങ്ങനെയൊന്നുമായിരുന്നില്ല. കൂടാതെ, രാഷ്ട്രീയമല്ല, സാമ്പത്തിക കാര്യങ്ങളും രാഷ്ട്രീയ നിരീക്ഷണവുമാണ് എെന്റ വഴിയെന്നും ഞാൻ തിരിച്ചറിഞ്ഞു. ഇതോടൊപ്പം വർഷങ്ങൾ പിന്നിടുമ്പോൾ ഞാൻ മനസ്സിലാക്കിയ കാര്യം ഈ രാഷ്ട്രീയരീതി രാജ്യത്തെ വലിയ അപകടത്തിലൂടെയാണ് നയിക്കുന്നതെന്നാണ്. റിപ്പബ്ലിക്കിെന്റ അന്തസ്സത്തയും അടിസ്ഥാന മൂല്യങ്ങളും തകർത്തെറിയുന്ന രാഷ്ട്രീയ പ്രവർത്തനമാണ് ഇന്ന് രാജ്യം ഭരിക്കുന്നവർ കാഴ്ചവെക്കുന്നത്.
അവസാനമായി, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽനിന്നാണല്ലോ ഇൻഡ്യ മുന്നണിയുടെ പിറവി. ഈ സഖ്യത്തിന്റെ ഭാവിയെ എങ്ങനെ നോക്കിക്കാണുന്നു?
ഈ ഒരു മുന്നണി മാത്രമായിട്ട് കാര്യമില്ല, കേന്ദ്രത്തിന്റെ ഫാഷിസ്റ്റ്, ജനവിരുദ്ധ നയങ്ങളെയെല്ലാം എതിർക്കുന്ന ഓരോ രാഷ്ട്രീയ പാർട്ടിയും ഒന്നിച്ചുനിന്ന് പ്രവർത്തിക്കേണ്ട കാലമാണിത്. വെറുമൊരു പാർലമെന്റ് തെരഞ്ഞെടുപ്പിന്റെയോ ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെയോ കാര്യമല്ലിത്. രാജ്യത്തിന്റെ ഭാവിയുടെയും നിലനിൽപിന്റെയും വിഷയമാണ്. ഇനിയും തെരഞ്ഞെടുപ്പുകൾ ഉണ്ടാവേണ്ടതുണ്ടെങ്കിൽ, ഇനിയും ഇന്ത്യയെന്ന രാജ്യം സുരക്ഷിതമായി നിലനിൽക്കേണ്ടതുണ്ടെങ്കിൽ എല്ലാവരും ഒറ്റക്കെട്ടായി, ഐക്യത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ കാര്യം മാത്രമല്ല, ഭരിക്കപ്പെടുന്ന ജനങ്ങൾ, മാധ്യമങ്ങൾ, സംഘടനകൾ അങ്ങനെയെല്ലാ കോണുകളിലും ഈ ഒന്നിപ്പ് അനിവാര്യമാണ്. ഇന്ന് മാധ്യമങ്ങളുടെയെല്ലാം സ്ഥിതി അറിയാമല്ലോ, എല്ലാവരും പക്ഷപാതികളാണ്. കാരണം, അവരെയെല്ലാം കേന്ദ്രം വിലയ്ക്കു വാങ്ങിക്കഴിഞ്ഞു. ഡിജിറ്റൽ മാധ്യമങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുമ്പെല്ലാവരും പറഞ്ഞിരുന്നത് ഞങ്ങൾ മതേതരരാണെന്നാണ്. എന്നാലിന്ന് പച്ചയായി മതം പറയുന്നുവെന്ന വ്യത്യാസം എല്ലായിടത്തുമുണ്ട്.
(ചിത്രങ്ങൾ: രതീഷ് ഭാസ്കർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.