മതിയായ ഒരു പ്രസ്ഥാനം ഇല്ലെന്നത് അലോസരപ്പെടുത്തുന്നു

രാജ്യത്തെ ഹിന്ദുത്വയുടെ ആധിപത്യത്തെയും സമകാലിക അവസ്​ഥകളെയും പരി​േശാധിക്കുകയാണ്​ സാമൂഹിക ശാസ്​ത്രജ്​ഞനും അധ്യാപകനുമായ സുഹാസ്​ പൽശികർ ഇൗ ഹ്രസ്വ സംഭാഷണത്തിൽ. പ്രമുഖ അക്കാദമിഷ്യനും സാമൂഹിക ശാസ്ത്രജ്ഞനും രാഷ്ട്രമീമാംസകനുമാണ് സുഹാസ് പൽശികർ. സാവിത്രിഭായി ഫൂലേ പുണെ യൂനിവേഴ്സിറ്റിയിൽ രാഷ്ട്രമീമാംസ അധ്യാപകനായ അദ്ദേഹം ‘Studies in Indian Politics’ ചീഫ് എഡിറ്ററും ലോക് നീതി പ്രോഗ്രാം ഓൺ കംപാരറ്റിവ് ഡെമോക്രസി സഹ ഡയറക്ടറുമാണ്. ‘The Political culture of ‘New’ India: Some Contradictions’, ‘Re-forming India: The Nation Today’ (Penguin, New Delhi, 2019), ‘Indian Democracy, (OISI, OUP, New Delhi, 2017), Electoral Politics in India: The Resurgence of the Bharatiya Janata Party (Routledge, edited with Sanjay Kumar & Sanjay Lodha) തുടങ്ങിയവ പ്രശസ്ത കൃതികൾ. ​തെരഞ്ഞെടുപ്പ്​ അടക്കമുള്ള...

രാജ്യത്തെ ഹിന്ദുത്വയുടെ ആധിപത്യത്തെയും സമകാലിക അവസ്​ഥകളെയും പരി​േശാധിക്കുകയാണ്​ സാമൂഹിക ശാസ്​ത്രജ്​ഞനും അധ്യാപകനുമായ സുഹാസ്​ പൽശികർ ഇൗ ഹ്രസ്വ സംഭാഷണത്തിൽ. 

പ്രമുഖ അക്കാദമിഷ്യനും സാമൂഹിക ശാസ്ത്രജ്ഞനും രാഷ്ട്രമീമാംസകനുമാണ് സുഹാസ് പൽശികർ. സാവിത്രിഭായി ഫൂലേ പുണെ യൂനിവേഴ്സിറ്റിയിൽ രാഷ്ട്രമീമാംസ അധ്യാപകനായ അദ്ദേഹം ‘Studies in Indian Politics’ ചീഫ് എഡിറ്ററും ലോക് നീതി പ്രോഗ്രാം ഓൺ കംപാരറ്റിവ് ഡെമോക്രസി സഹ ഡയറക്ടറുമാണ്. ‘The Political culture of ‘New’ India: Some Contradictions’, ‘Re-forming India: The Nation Today’ (Penguin, New Delhi, 2019), ‘Indian Democracy, (OISI, OUP, New Delhi, 2017), Electoral Politics in India: The Resurgence of the Bharatiya Janata Party (Routledge, edited with Sanjay Kumar & Sanjay Lodha) തുടങ്ങിയവ പ്രശസ്ത കൃതികൾ. ​തെരഞ്ഞെടുപ്പ്​ അടക്കമുള്ള സമകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തി​ന്റെ പ്രസക്ത ഭാഗങ്ങളാണ്​ ചുവടെ.

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്, കോൺഗ്രസ് അക്കൗണ്ട് മരവിപ്പിക്കൽ എന്നിവയോട്​ എന്താണ്​ താങ്കളുടെ പ്രതികരണം?

എ.എ.പിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ (വിശിഷ്യാ, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്), കോൺഗ്രസിന്റെ ആദായനികുതി പ്രശ്നങ്ങൾ എന്നിവയിൽ കേസുകളുടെ വിശദാംശങ്ങളിലേറെ സമയമാണ് ചോദ്യമുനയിലുള്ളത്. ജനം തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യൽ (ഝാർഖണ്ഡ് മുഖ്യമന്ത്രി സോറന്റെ കേസിൽ അറസ്റ്റ് കാത്തിരിക്കെ രാജി നൽകിയ ആളെയും) അന്വേഷണ ഏജൻസികൾ ഏറെ കരുതലോടെ നടത്തേണ്ട നടപടിക്രമമാണ്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നിഷ്പക്ഷ തെരഞ്ഞെടുപ്പിന് വിഘ്നം വരുത്തുന്നതാണ്.

ചില പാർട്ടി നേതാക്കൾക്കെതിരെ പരാതികൾ ഉണ്ടെങ്കിൽ തന്നെ അത്തരം എല്ലാ കേസുകളിലും അന്വേഷണം പൂർത്തിയായിട്ടുണ്ടോ അതോ പ്രതിപക്ഷത്തുള്ളവർക്കുമാത്രം ബാധകമാകുന്നതാണോ എന്നതാണ് വിഷയം. മാത്രവുമല്ല, വിചാരണ എളുപ്പം നടക്കാത്തതിനാൽ നടപടി നേരിടുന്ന നേതാക്കളുടെ പ്രതിച്ഛായ കളങ്കിതമായി നിൽക്കുകയും അവരെ പ്രചാരണത്തിൽനിന്ന് അകറ്റിനിർത്തുകയും ചെയ്യുന്നതായി മാറുന്നു. സമാനമായി, തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെ തങ്ങളുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്താൻ അനുവദിക്കാതിരിക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് എന്ന അടിസ്ഥാന തത്ത്വത്തിന്റെ നഗ്നമായ ലംഘനമാണ്.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. തെലങ്കാനയിൽ വിജയം കാണുകയും ചെയ്തു. വരും തെരഞ്ഞെടുപ്പിന്റെ സൂചനകളാണോ ഈ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ. തെരഞ്ഞെടുപ്പ് ഫല വിദഗ്ധനെന്ന നിലക്ക് വരും തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിലയിരുത്തൽ എന്താണ്?

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് പിറകിലാണെന്ന് സൂചന നൽകുന്നു. ഇനി അങ്ങനെ അല്ലെങ്കിൽപോലും ദേശീയാടിസ്ഥാനത്തിൽ 2018​ലേതുപോലെ ബി.ജെ.പിയോട് വോട്ടർമാർക്ക് കൂടുതൽ അനുഭാവമുണ്ടെന്ന് തോന്നുന്നു. 2023ൽ കോൺഗ്രസിന്റെ തോൽവി കോൺഗ്രസ് സംഘടനാപരമായി ദുർബലവും പ്രത്യയശാസ്ത്രപരമായി അവ്യക്തതകളുള്ളതുമെന്ന് വ്യക്തമാക്കുന്നു. ഇൻഡ്യ സഖ്യത്തിലും ഈ തോൽവി കോൺഗ്രസിനെ ദുർബലമാക്കുന്നു.

 

തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയിലെ രാമക്ഷേത്ര നിർമാണം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ്. ക്ഷേത്രോദ്ഘാടനത്തിന്റെ പേരിലെ ആളെ കൂട്ടൽ ബി.ജെ.പിക്ക് നൽകിയ രാഷ്ട്രീയ നേട്ടങ്ങൾ, വിശിഷ്യാ ഉത്തരേന്ത്യൻ ബെൽറ്റിൽ എത്രത്തോളമുണ്ടാകും?

രാമക്ഷേത്രത്തിന് നൽകിയ അനിതരസാധാരണമായ സർക്കാർ തല പിന്തുണയും സഹായവും ബി.ജെ.പി അനുഗുണമാക്കി മാറ്റുമെന്ന് ഉറപ്പ്. ജനുവരിയിലാണ് നടന്നതെങ്കിലും മതപരമായി സ്വയം ചേർന്നുനിൽക്കുക വഴി വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ഇളകിനിൽക്കുന്ന വോട്ടർമാർകൂടി ബി.ജെ.പിക്ക് ഒപ്പം നിൽക്കാൻ ഇത് ഇടയാക്കും. ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഇത് ബി.ജെ.പിയെ സഹായിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നേതാക്കളെല്ലാം എത്തിയ അതിപ്രൗഢമായ ചടങ്ങുകൾ ദേശീയതക്ക് ഹിന്ദു സ്വത്വം നൽകാൻ സഹായിക്കുന്നതാണ്.

പൗരത്വ ഭേദഗതി നിയമം ഇന്ത്യയിൽ നടപ്പാക്ക​പ്പെടുകയാണ്. വരും തെരഞ്ഞെടുപ്പിൽ സി.എ.എ ഉണ്ടാക്കുന്ന സ്വാധീനമെന്താകും? വോട്ടർമാർക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാൻ ഇതിനാകുമോ?

സി.എ.എ ഒരു തെരഞ്ഞെടുപ്പ് വിഷയമായി ഉയർന്നുവരാൻ സാധ്യത കുറവായിട്ടാണ്​ തോന്നുന്നത്​. ബി.ജെ.പിക്കും കാഡർ വോട്ടർമാർക്കുമിടയിൽ അത് അധിക മൂല്യം നൽകുന്നതാകാം. അസമിലും ചെറുതായി സ്വാധീനമുണ്ടാക്കാം. മറ്റിടങ്ങളിൽ അത് തെരഞ്ഞെടുപ്പ് വിഷയമാകില്ല.

1984ൽ ബി.ജെ.പിക്ക് രണ്ട് സീറ്റാണുണ്ടായിരുന്നത്. 1989ൽ 85ഉം 1991ൽ 119ഉമായി. 1998ൽ 182ലേക്കുയർന്നു. 2014ൽ വൻവളർച്ചയുമായി 282ലെത്തി. ഘട്ടംഘട്ടമായി ഇന്ത്യയിലെ വോട്ടർമാരെ ഹിന്ദുത്വ ആവേശിക്കുന്നുവെന്നാണോ ഇതിന്റെ അർഥം?

1989 മുതൽ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന പങ്കാളിയാണ് ബി.ജെ.പി. കോൺ​ഗ്രസിനേറ്റ തളർച്ചയുടെ ബദലായി ബി.ജെ.പി മുഖ്യറോളിലേക്ക് കയറിയിരുന്നിട്ടുണ്ട്. 2014 മുതൽ ലോക്സഭയിൽ സ്വന്തമായി അതിന് ഭൂരിപക്ഷമുണ്ട്. ഭൂരിപക്ഷമുള്ള ഒറ്റക്കക്ഷിയെന്ന രീതി ഇന്ത്യയിൽ തിരിച്ചെത്തിയെന്നും ബി.ജെ.പിയാണ് നിലവിലെ ആ കക്ഷിയെന്നും നമുക്ക് മനസ്സിലാക്കാം. എല്ലാ ബി.ജെ.പി വോട്ടർമാരും ഹിന്ദുത്വ അനുകൂലികളാകണമെന്നില്ല. എന്നാൽ, 38 ശതമാനം വോട്ടുവിഹിതമെന്നതിനർഥം ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരില്ല എന്നാണ്. നിലവിലെ ബി.ജെ.പി ജനപ്രിയത ഹിന്ദുത്വയുടെ കൂടി ഫലമാണെന്നു കാണണം.

 

എന്തുകൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയം ഭൂതകാലത്തെ പുനർനിർവചിക്കുന്നതിൽ കർക്കശമായി നിലയുറപ്പിക്കുന്നത്?

ചരിത്രത്തെ മനസ്സിലാക്കേണ്ട രീതി പുനർനിർവചിക്കപ്പെടണമെന്ന് ഹിന്ദുത്വ രാഷ്ട്രീയം കണക്കുകൂട്ടുന്നു. ഹിന്ദു ഭൂതകാലത്ത് അഭിമാനകരമായ ഘട്ടങ്ങളുണ്ടായിരുന്നെന്നും അവക്ക് പ്രാമാണ്യം വരണമെന്നും അവർ കണക്കുകൂട്ടുന്നു. അതിനായുള്ള പ്രക്രിയയിൽ ചരിത്രം മാറ്റിയെഴുതലായി ഹിന്ദുത്വ മാറുന്നു. വിവാദപരമാണ് ഈ ശ്രമങ്ങളെങ്കിലും ഹിന്ദു ​സാധാരണക്കാരിൽ ഇതുണ്ടാക്കുന്ന വൈകാരികമൂല്യം വലുതാണ്. നാടകങ്ങൾ, സിനിമകൾ, നോവലുകൾ തുടങ്ങിയവ പങ്കുവെക്കുന്ന അപൂർണവും വളച്ചൊടിച്ചതും ചിലപ്പോൾ ഭാവനാത്മകവുമായ ചരിത്രം അങ്ങനെ ജനപ്രിയമായി മാറുന്നു. കാര്യമാത്രമായി ഇവ പാഠപുസ്തകങ്ങളിലുമെത്തുന്നു. ഈ ശ്രമങ്ങളിൽ രണ്ടെണ്ണമാണ് കൂടുതൽ വിദിതമായത്. രാജ്യത്തെ കോളനിയാക്കിയവരുടെ ഗൂഢാലോചനയിൽ ഹിന്ദുക്കൾ ഇരകളാക്കപ്പെട്ടിരിക്കുന്നുവെന്ന പ്രചാരണവും നിരന്തരം ശത്രുക്കളെ മുന്നിൽനിർത്തലും.

സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ചരിത്രത്തിലെ നിർണായക വഴിത്തിരിവായിരുന്നു ജയപ്രകാശ് നാരായൺ നയിച്ച ജെ.പി പ്രസ്ഥാനം. അഴിമതിയും അടിയന്തരാവസ്ഥയും സൃഷ്ടിച്ച രാഷ്ട്രീയ തകർച്ചയെ അത് വിമലീകരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രതീക്ഷയും പ്രത്യാശയും പകർന്നാണ് ആം ആദ്മി പാർട്ടി രംഗത്തെത്തിയത്. ഡൽഹിയിലും പഞ്ചാബിലും അധികാരം പിടിച്ചിട്ടും രാഷ്ട്രീയത്തെ ബാധിച്ച തകർ​ച്ചയെ ശുദ്ധീകരിക്കുന്നതിൽ അത് പരാജയമായി. ഇന്ത്യയെ രക്ഷിക്കാൻ പുതിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിറവി താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ?

അങ്ങനെയൊരു രാഷ്ട്രീയപ്രക്ഷാളനമെന്ന ആശയത്തോട് എനിക്ക് യോജിപ്പില്ല. അഴിമതി വിഷയം പറഞ്ഞാണ് ജെ.പി പ്രസ്ഥാനം തുടങ്ങിയതെങ്കിലും രാഷ്ട്രീയത്തെ ശുദ്ധീകരിക്കുകയെന്ന ലളിതമായ ആശയത്തിനുമപ്പുറത്തേക്ക് അത് പോയി. വിശാലാർഥത്തിൽ, അത് ഗാന്ധിയൻ ദർശനവും ഒപ്പം സമഗ്ര പരിവർത്തനമെന്ന സോഷ്യലിസ്റ്റ് ആശയവും സ്വീകരിച്ചു. ഏകാധിപത്യ വാഴ്ചക്കെതിരെ പൊരുതുന്നതിൽ അത് വിട്ടുനിന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ പൊതുജീവിതം ശുദ്ധീകരിക്കുന്നതിൽ അത് വിജയം കണ്ടുമില്ല. എ.എ.പിയും അതിന്റെ മുൻഗാമിയായ ‘ഇന്ത്യ അഴിമതിക്കെതിരെ’യും നഗരകേന്ദ്രീകൃത മധ്യവർഗത്തിന്റെ ലളിതമായ രാഷ്ട്രീയ വിരുദ്ധ പ്രസ്ഥാനമായിരുന്നു.

എന്നാൽ, എ.എ.പി അധികാരത്തിലേറിയതോടെ ജനക്ഷേമവും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ പേരിലെത്തിക്കലായി അതിന്റെ ലക്ഷ്യം. നവ ജനാധിപത്യ രാഷ്ട്രീയം കൊണ്ടുവരുന്നതിൽ അത് സ്ഥിരമായി പരാജയപ്പെട്ടിരിക്കുന്നു. രാജ്യത്തി​ന്റെ സാമൂഹിക, ഭരണഘടനാപരമായ ചട്ടക്കൂട് തകർക്കുന്ന ഹിന്ദുത്വ ശക്തിക​ൾക്കെതിരെ നിലയുറപ്പിക്കുന്നതിലും ആം ആദ്​മി പാർട്ടി പരാജയമാണ്. അതേസമയം, ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ മോദി സർക്കാറും അതുണ്ടാക്കിയ പ്രതിലോമ സ്വാധീനങ്ങളുമുണ്ടായിട്ടും മതിയായ ഒരു പ്രസ്ഥാനം അന്തരീക്ഷത്തിലി​ല്ലെന്നത് അലോസരപ്പെടുത്തുന്നതാണ്. എന്നാൽ, മറ്റേതു ചിന്താരീതിയും വിശിഷ്യാ, ബഹുസ്വര സാമൂഹിക സംഘാടനവും സജീവമാകുന്നില്ലെന്ന് ഹിന്ദുത്വയും സ്വേച്ഛാധിപത്യ രാഷ്ട്രീയവും ഉറപ്പാക്കിയതിനാൽ അങ്ങനെ വല്ലതും വരാനുള്ള സാധ്യതയും കുറവാണ്.

മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.