മലയാളത്തിലെ പ്രശസ്ത യുവഗായകനും മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്ത സൂരജ് സന്തോഷ് സംസാരിക്കുന്നു -സമകാലിക വിവാദത്തെപ്പറ്റി, ഇന്ത്യയിലെ വർത്തമാന അവസ്ഥകളെപ്പറ്റി, സംഗീതത്തെപ്പറ്റി, തന്റെ ജീവിതയാത്രയെപ്പറ്റി.
‘‘ഉയിരിൽ തൊടും തളിർ
വിരലാവണേ നീ...
അരികേ നടക്കണേ... അലയും
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരുനിലാവലയായ്...’’
മനസ്സിൽ പ്രണയമുള്ള ഏതൊരാളും അത്രമേൽ പ്രണയത്തോടെ മൂളിപ്പോകുന്ന വരികൾ. 2019ൽ പുറത്തിറങ്ങി ഹിറ്റായി മാറിയ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലെ അതിലും വലിയ ഹിറ്റായ പാട്ട്. അസ്ഥിയിൽ തൊടും പ്രണയത്തിന്റെ ആർദ്രത തുളുമ്പുന്ന യുഗ്മഗാനം. പാടിയത് പ്രമുഖ യുവഗായകൻ സൂരജ് സന്തോഷാണ്, കൂടെ ആൻ ആമിയും. ഭാവസാന്ദ്രവും പ്രണയാർദ്രവുമായ മെലഡി പ്രേക്ഷക ഹൃദയങ്ങളിലെ ലോലതന്ത്രികളെ തൊട്ടുണർത്തുന്നതായിരുന്നു. ഒരു ഭാവഗായകനെന്ന നിലയിൽ സൂരജിന്റെ സ്വരമുദ്ര പതിഞ്ഞതും.
എന്നാൽ, അതേ ഗായകൻ അടുത്തിടെ ഒരു സാമൂഹികവിഷയത്തിൽ പ്രതികരിച്ചിരുന്നു. അതിന് പക്ഷേ, ഈ ലോലഭാവമുണ്ടായിരുന്നില്ല, ചിന്തയെ പ്രകോപിപ്പിക്കുന്നതായിരുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില് എല്ലാവരും വീടുകളില് വിളക്ക് തെളിയിക്കണമെന്നും രാമനാമം ജപിക്കണമെന്നുമുള്ള ചിത്രയുടെ ആഹ്വാനത്തിനെതിരെയായിരുന്നു ആ ചാട്ടുളി. സൂരജ് സന്തോഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇങ്ങനെ കുറിച്ചു; ‘‘ഹൈലൈറ്റ് എന്താണെന്ന് വെച്ചാല്, സൗകര്യപൂര്വം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക് മാറ്റിെവച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുെവന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങള് ഇനി എത്ര ഉടയാന് കിടക്കുന്നു ഓരോന്നായ്. എത്രയെത്ര കെ.എസ്. ചിത്രമാര് തനി സ്വരൂപം കാട്ടാനിരിക്കുന്നു. കഷ്ടം, പരമ കഷ്ടം...’’
സൂരജിനെതിരെ ചില കോണുകളിൽനിന്ന് രൂക്ഷമായ സൈബറാക്രമണമുണ്ടായി. പക്ഷേ, സൂരജ് കുലുങ്ങിയില്ല. എല്ലാറ്റിനും നിലപാടിന്റെ ദൃഢതയുള്ള ഒറ്റ മറുപടി. ‘‘തീർച്ചയായും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഭരണഘടന എനിക്ക് നൽകുന്ന അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാനെന്റെ പ്രതികരണം നടത്തിയിട്ടുള്ളത്. ഞാൻ വിമർശിച്ചത് ചിത്രയുടെ സംഗീതത്തെയല്ല നിലപാടിനെയാണ്. എന്നിലെ നീതിബോധമാണ് അതിന് പ്രേരിപ്പിച്ചത്. ഞാനതിൽ ഉറച്ചുനിൽക്കുന്നു.’’
വിമർശിക്കാൻ ആരാണ് ഈ സൂരജ് എന്ന് ചോദിച്ചുവന്നവർക്കുള്ള ഉഗ്രൻ മറുപടി മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരമടക്കം നേടിയ ആ ഗായകൻ പാടിയ നൂറുകണക്കിന് പാട്ടുകൾ തന്നെയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ അവരിലെ തരിെമ്പങ്കിലും വിവേകമുള്ളവർ ജാള്യതയോടെ പിൻവാങ്ങി. അതുകൂടിയില്ലാത്തവർ ആക്രമണം തുടർന്നു. ആ വിവാദത്തെയും പ്രത്യാഘാതത്തെയും ഒപ്പം തന്റെ സംഗീതസപര്യയെയും കുറിച്ച് സംസാരിക്കുകയാണ് സൂരജ് സന്തോഷ്.
വിശ്വാസികളോടല്ല ആവശ്യപ്പെട്ടത്. എല്ലാവരോടും എന്ന നിലയിലാണ് ചിത്ര അത് പറഞ്ഞത്. അത് വേണമെങ്കിൽ വിശ്വാസികളോടാണ് എന്ന് വിവക്ഷിക്കാം. എന്നിരുന്നാൽ കൂടി അതൊരു നീതിബോധമില്ലാത്ത സ്റ്റേറ്റ്മെന്റായിട്ടാണ് തോന്നിയത്. ചരിത്രം എന്ന് പറയുന്നത് നമുക്ക് അങ്ങനെ മറക്കാൻ പറ്റില്ലല്ലോ. അതറിയുന്ന എല്ലാവർക്കുംതന്നെ അറിയാം. ബാബരി എന്ന പള്ളി പൊളിച്ചിട്ടാണ് അവിടെയൊരു അമ്പലം വരുന്നതെന്നത്. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയം പരിശോധിച്ചാൽ മനസ്സിലാകും, ഒരു ഭൂരിപക്ഷ സമുദായം ഒരു ന്യൂനപക്ഷ സമുദായത്തെ എങ്ങനെയൊക്കെയാണ് അടിച്ചമർത്തുന്നതെന്ന്.
അപ്പോൾ അതിന്റെയൊന്നും ഭാഗമായി നിൽക്കാൻ ഇൗ നീതിബോധവും ജനാധിപത്യബോധവുമൊക്കെയുള്ള മനുഷ്യർക്ക് പറ്റില്ല. ഭരണഘടന നൽകുന്ന കുറച്ച് ഉറപ്പുകളുണ്ട്. ഒരു പൗരനായി തന്നെ ഇന്ത്യയിൽ തുടരാൻ അനുവദിക്കുന്നത് ഭരണഘടനയുള്ളതുകൊണ്ടാണ്. അതിന്റെ കടയ്ക്കൽ കത്തിവെക്കുന്ന പല പരിപാടികളുമായിട്ട് ഇന്ത്യയിലെ ഇപ്പോഴത്തെ സർക്കാർ മുന്നേറുേമ്പാൾ നമുക്ക് അതിനെ ചെറുത്തുനിൽക്കേണ്ടുന്നതിന്റെ ആവശ്യമുണ്ട്.
അതിപ്പോൾ ബാബരിയുടെ കാര്യത്തിലാണെങ്കിൽ അതൊരു പൊളിറ്റിക്കൽ സ്റ്റണ്ടാക്കി മാറ്റി. ബാബരിയുമായി ബന്ധപ്പെട്ട എന്തും രാഷ്ട്രീയ അജണ്ടയോട് കൂടി നടത്തുന്നതായി മാറി. ആത്മീയതയുടെയും ഭക്തിയുടെയും പേരിലാണ് സ്റ്റണ്ട് നടത്തുന്നത്. അത് ആത്മാർഥമായ ആത്മീയതയോ ഭക്തിയോ ഒന്നുമല്ല. ഇവിടെ ഇതിന് മുമ്പ് തന്നെ പല അമ്പലങ്ങളും പണിതപ്പോൾ ഭരണകൂടം നേരിട്ട് പോയി കാർമികത്വം വഹിക്കുന്ന പരിപാടിയൊന്നുമുണ്ടായിട്ടില്ല.
നമ്മുടെ രാജ്യം ഇപ്പോഴും ജനാധിപത്യപരമായ രാജ്യം തന്നെയാണ്. അവിടെ ഒരു മതാധിഷ്ഠിതമായ കാര്യങ്ങൾ, ഒരു പ്രത്യേക അജണ്ടയോട് കൂടി നടപ്പാക്കി, ഒരു പ്രത്യേക സമുദായത്തെ ന്യൂനപക്ഷത്തെ അടിച്ചമർത്താൻ വേണ്ടി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ട്. അങ്ങനെയുള്ള സ്റ്റേറ്റ്മെന്റുകൾ ആരു പറഞ്ഞാലും വിമർശിക്കേണ്ടതുണ്ട്, ആരു പറഞ്ഞാലും! സഭ്യമായ ഭാഷയിൽ മാന്യമായ ഭാഷയിൽ വിമർശിക്കപ്പെടേണ്ടതുണ്ട്. നീതിയില്ലാത്ത കാര്യം ആരു പറഞ്ഞാലും അതും കേട്ട് അങ്ങനെ മാറിനിൽക്കേണ്ട ആവശ്യമൊന്നുമില്ല.
പകരം നിർഭയമായി തന്നെ പറയണം. ഇപ്പോൾ സംസാരിച്ചില്ലെങ്കിൽ പിന്നെ എപ്പോ സംസാരിക്കാനാണ്? കത്തി കഴുത്തിന്റെ അടുത്തെത്തി. ഇനിയൊന്ന് കുത്തിയമർത്തിയാൽ മാത്രം മതി. അമർത്തിക്കഴിഞ്ഞിട്ട് പിന്നെ സംസാരിക്കാൻ നാവുണ്ടാവണമെന്നില്ല. എല്ലാവരുടെയും കടമയാണെന്നാണ് തോന്നുന്നത്. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന എല്ലാവരും പ്രത്യേകിച്ച് ഒരു പ്രിവിലേജ്ഡ് കമ്യൂണിറ്റിയിലുള്ള എല്ലാവരും തന്നെ. ജന്മംകൊണ്ട് പ്രിവിലേജ്ഡായ എല്ലാവരും ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള അജണ്ടകൾക്കും പരിപാടികൾക്കുമെതിരെ സംസാരിക്കുക തന്നെ വേണം. അതിനെ പ്രതിരോധിക്കുന്നത് കടമയായിട്ട് ഏറ്റെടുക്കണം.
തീർച്ചയായും, കലാകാരന് രാഷ്ട്രീയം പാടില്ല എന്നൊരു ക്ലീഷേയായ ചിന്തയുണ്ട്. ഇനി കലാകാരനല്ലെങ്കിലും എല്ലാവർക്കും രാഷ്ട്രീയമുണ്ട് എന്നാണ് എന്റെ പക്ഷം. നിങ്ങൾക്ക് തെരഞ്ഞെടുപ്പുകളുണ്ടെങ്കിൽ, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ രാഷ്ട്രീയമാണ്. അതാണ് നിങ്ങളുടെ രാഷ്ട്രീയം. അല്ലാതെ ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിൽ ചേർന്നാൽ മാത്രമേ നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപഴകുന്നുള്ളൂ എന്നത് വളരെ ഉപരിപ്ലവമായ മനസ്സിലാക്കൽ മാത്രമാണ്. കല കലക്ക് വേണ്ടിയെന്നൊക്കെ പലരും പറഞ്ഞുകേൾക്കാറുണ്ട്. അതൊരു രക്ഷപ്പെടലാണ്. ഒന്നിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട. അതല്ല ശരി.
നമ്മൾ കുറച്ചൊക്കെ ഉത്തരവാദിത്തമുള്ളവരായിെട്ടാക്കെ ചിന്തിക്കണം. കല എന്നത് സമൂഹത്തിന്റെ നവോത്ഥാനത്തിനുവേണ്ടിയുള്ള ടൂൾതന്നെയാണ്. അതൊരു രാഷ്ട്രീയപ്രവർത്തനം തന്നെയാണ്. പൊതുവിൽ പറയാറുണ്ട്. റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുന്നതും മാത്രമല്ല രാഷ്ട്രീയം. രാഷ്ട്രീയമെന്നത് നമ്മുടേത് കൂടിയല്ലാതെ മറ്റുള്ളവനേയും കൂടി ചേർത്തുനിർത്താൻ സാധിക്കുന്ന ഒരു ഇടപെടൽ കൂടിയാണ്. നമുക്കുവേണ്ടി മാത്രം ചിന്തിക്കാതെ, സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി മാത്രം നിൽക്കാതെ മറ്റുള്ളവരെ കൂടി പരിഗണിച്ചുകൊണ്ട് അവർക്ക് വേണ്ടി കൂടി പ്രവർത്തിക്കുന്ന പ്രവൃത്തിയെയാണ് രാഷ്ട്രീയം എന്ന് പറയുന്നത്.
അങ്ങനെ ചിന്തിച്ച് നമ്മൾ പല അഭിപ്രായങ്ങളും രൂപവത്കരിക്കാൻ നിന്നാൽ അവിടെ നമ്മൾ സ്വാർഥതയോടു കൂടി ചിന്തിക്കുന്നു എന്ന അംശം വരില്ലേ? മാത്രമല്ല, എന്ത് കാര്യത്തിലാണ് നമ്മൾ പ്രതികരിക്കുന്നത് എന്നതും പ്രധാനമാണ്. ഇൗ അയോധ്യ വിഷയം എന്നത് അത്ര നിസ്സാരമായ ഒരു കാര്യമല്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഒരു സമൂഹം ന്യൂനപക്ഷങ്ങളായ മുസ്ലിംകളും ക്രിസ്ത്യാനികളും ദലിതുകളുമടക്കമുള്ളവരുടെ അവകാശങ്ങളെയൊക്കെ ഹനിക്കുന്ന ഒരു കാലാവസ്ഥ കൺമുന്നിൽ കാണാൻ പറ്റുേമ്പാൾ അത് നമ്മളെയൊന്നും ബാധിക്കുന്നില്ലല്ലോ, നമ്മൾ നല്ല കംഫർട്ടബിളായി ഇരിക്കുന്നുണ്ടല്ലോ എന്ന അവസ്ഥയിൽ ഇരിക്കുന്നത് നിങ്ങളുടെ പ്രിവിലേജ് മാത്രമാണ്. നിങ്ങളുടെ പ്രിവിലേജ് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്തതുകൊണ്ടാണ് അങ്ങനെ നിൽക്കാൻ പറ്റുന്നത്.
അങ്ങനെ നിൽക്കുന്നതിന് പകരം നമ്മളെല്ലാവരും തോളോടുതോള് ചേർന്ന് ഇതിനെതിരെ ശബ്ദമുയർത്തിക്കഴിഞ്ഞാൽ ഇത് വലിയൊരു ധ്വനിയായി മാറും. അതിന് മാറ്റമുണ്ടാക്കാൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ നിന്നാൽ, പ്രതികരിച്ചാൽ നമ്മുടെ സ്വാർഥതാൽപര്യങ്ങൾക്ക് എതിരാവും, വ്യക്തിപരമായ നഷ്ടമുണ്ടാവുമെന്നൊന്നും അപ്പോൾ ഞാൻ ചിന്തിച്ചില്ല. ഇങ്ങനെയുള്ള സംഭവങ്ങളിൽ മനുഷ്യനായിട്ടാണ് നമ്മൾ പ്രതികരിക്കുന്നത്. മാനവികതയാണ് നമ്മുടെ അടിസ്ഥാനം.
നാനാത്വത്തിൽ ഏകത്വമെന്നതാണ് നമ്മുടെ സവിശേഷത. ആ വൈവിധ്യത്തെയാണ്, ബഹുസ്വരതയെയാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ ഇപ്പോൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വൈവിധ്യത്തെ നശിപ്പിച്ച് എല്ലാം ഒന്നെന്ന പരിപാടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഒന്നെന്നതിന് എങ്ങനെ നിലനിൽപുണ്ടാവും? ഇന്ത്യ അടിമുടി വൈവിധ്യം നിറഞ്ഞതാണ്. ഭൂമിശാസ്ത്രപരമായി പോലും. ഒാരോ പത്ത് കിലോമീറ്റർ കഴിയുേമ്പാഴും ഭാഷയും സംസ്കാരവുംപോലും മാറുകയാണ്. ഭാഷ മാറുന്നു, ഭക്ഷണരീതി മാറുന്നു, ശൈലികൾ മാറുന്നു, എല്ലാം മാറുന്നു. അത്രയും ഡൈവേഴ്സായ സംസ്കാരത്തെ എങ്ങനെ ഒന്നിൽ കെട്ടാൻ കഴിയും? വൈവിധ്യമാണ് സൗന്ദര്യം. ആ സൗന്ദര്യത്തെ എന്തിന് തകർക്കണം? ഇതിന്റെ ഒരു ആകത്തുകയിലാണ് എല്ലാറ്റിനെയും കാണേണ്ടത്.
മാസീവായ ഒാൺലൈൻ അറ്റാക്കുണ്ടായി. കായികപരമായി ഉണ്ടായിട്ടില്ല. ഭീഷണി കാളുകൾ വന്നിട്ടുണ്ടായിരുന്നു, കൊല്ലും എന്ന് പറഞ്ഞ്. ഒന്നുരണ്ട് കാളുകൾക്കെതിരെ ഡി.സി.പിക്ക് പരാതി നൽകി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആ കേസ് മുന്നോട്ട് പോവുകയാണ്. ആർ.എസ്.എസ്-സംഘ്പരിവാർ ആളുകളാണ് ഇതിന് പിന്നിൽ. ഒരുപാട് വ്യാജ വാർത്തകൾ വന്നു. സംഘ്പരിവാർ ഹാൻഡിലുകളാണ് അതുണ്ടാക്കി പ്രചരിപ്പിച്ചത്. ഞാൻ പി.എഫ്.െഎ ചാരനാണ് എന്നുപോലും വ്യാജ വാർത്ത വന്നു. ആലപ്പുഴ ശ്രീനിവാസൻ കേസിലെ പ്രതികളെ എന്റെ വീട്ടിലാണ് ഒളിപ്പിച്ച് താമസിപ്പിച്ചത് എന്നും പ്രചരിപ്പിച്ചു.
എന്റെ അച്ഛനും അമ്മക്കും അനുജനും എതിരെ അറയ്ക്കുന്ന ഭാഷയിലാണ് ഒാൺലൈൻ കമന്റുകൾ വന്നുകൊണ്ടിരുന്നത്. അത് പുറത്തുപറയാൻപോലും പറ്റാത്ത തരത്തിലുള്ളതാണ്. വീട്ടിലുള്ളവർക്കെതിരെ അസഭ്യവർഷമുണ്ടായത് വിഷമമുണ്ടാക്കി. എന്നാൽ, എനിക്കെതിരെ വന്നതൊന്നും എന്നെ ബാധിച്ചിട്ടില്ല. എന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. അതിലേക്ക് എന്റെ അച്ഛനെയും അമ്മയെയും വലിച്ചിട്ടത് ഒരൽപം വിഷമമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, അച്ഛനും അമ്മക്കും അത് മനസ്സിലാക്കാൻ കഴിയുന്നതായിരുന്നു. എന്തിനാണ് ഞാനത് പറഞ്ഞതെന്ന വ്യക്തമായ ധാരണ അവർക്കുണ്ട്. ഒരുപരിധി വരെ അതിനെ മറികടക്കാൻ എനിക്ക് കഴിഞ്ഞു.
പൊതുവെ വിഷമവും രോഷവുമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, ചിലയാളുകളുടെ മനഃസ്ഥിതി ഒാർത്ത് അവരോട് എനിക്ക് സഹതാപമാണ് തോന്നിയത്. മനുഷ്യരെന്തിനാണ് ഇങ്ങനെ ഇടുങ്ങിയ മനഃസ്ഥിതിയിൽ ചിന്തിക്കുന്നത്? കുറച്ചുകൂടി വിശാലമായി ചിന്തിച്ചുകൂടെ? എല്ലാവരും മനുഷ്യരല്ലേ? ഒാരോരുത്തരും ഒാരോ പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുേമ്പാൾ മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും ഭാഷയുടെയും വർണത്തിന്റെയുമൊക്കെ കാര്യം പറഞ്ഞ് നമ്മളേങ്ങാട്ടുമിങ്ങോട്ടും തല്ലിപ്പിരിഞ്ഞ് ഇരിക്കുന്നത് എത്ര ദുഃസ്ഥിതിയാണ്! ഇൗ പ്രപഞ്ചമെന്നത് ഒരു കണികയിൽനിന്നുണ്ടായതാണ്. അത്രയേയുള്ളൂ! അടുത്തനിമിഷം എന്ത് സംഭവിക്കും എന്ന അനിശ്ചിതത്വത്തിലാണ് നമ്മൾ ജീവിക്കുന്നത്!
അറ്റാക്കിനെ കുറിച്ച് പറയുേമ്പാൾ ലഭിച്ച പിന്തുണയെ കുറിച്ചും പറയേണ്ടതുണ്ട്. അനുകൂലമായി ഒരു വേവ് തന്നെയുണ്ടായി. അതാണ് എന്റെ പ്രതീക്ഷയും. ജനാധിപത്യ വിശ്വാസികൾ, മതേതര പക്ഷത്തുള്ളവർ കുറെ ആളുകൾ പിന്തുണ തന്നു. സംഗീതരംഗത്ത് നിന്ന് കുറെയാളുകൾ പേഴ്സനൽ മെസേജുകൾ അയച്ച് പിന്തുണച്ചു. ഒരുപക്ഷേ പലർക്കും പുറത്ത് ഉറക്കെ പറഞ്ഞ് പിന്തുണ നൽകാനായിട്ടില്ല. അവരുടെ അവസ്ഥയെയും നമ്മൾ കാണണം. അതിജീവന രാഷ്ട്രീയത്തിനിടയിൽ അതിന് കഴിഞ്ഞെന്നുവരില്ല. അതൊന്നും ഞാൻ കുറ്റമായി കാണുന്നുമില്ല. പിന്തുണ കിട്ടാൻ വേണ്ടിയൊന്നുമല്ല ഞാനതൊന്നും പറഞ്ഞത്.
ഒരു അഭിപ്രായം പറയുന്നതിന് നമ്മൾ ഏതെങ്കിലും ഒരു പൊസിഷനിൽ വന്നിട്ട് വേണ്ട. ഞാനിത്ര പാട്ടുപാടിയാലും പാടിയില്ലെങ്കിലും അത് ഒരു കാര്യത്തിൽ പ്രതികരിക്കുന്നതിനുള്ള പദവിയാകുന്നില്ല. ഒരാൾ എത്ര ഉയരത്തിലുള്ള ആളായാലും ശരി, അയാൾ പറഞ്ഞ ഒരു ശരികേടിനെ വിമർശിക്കാൻ നമ്മളും അതേ ഉയരത്തിലെത്തണമെന്ന് പറയുന്നത് ബാലിശമാണ്. നമ്മൾ വിമർശിക്കുന്നത് ഒരാളുടെ വ്യക്തിത്വത്തെയോ കലയെയോ അല്ല, മറിച്ച് അയാൾ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെയാണ്, പ്രസ്താവനയെയാണ്.
പ്രതീക്ഷയാണ് നമ്മെ എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്. അങ്ങനെ പറയുേമ്പാൾ ഞാനും ശുഭപ്രതീക്ഷയുള്ളയാൾ തന്നെയാണ്. പക്ഷേ, ഇന്ത്യയിലെ അവസ്ഥ പോലെതന്നെയാണ് ലോകത്താകെ നടക്കുന്നതും... പ്രത്യേകിച്ച് ഗസ്സയിലെ അവസ്ഥ കാണുേമ്പാൾ അങ്ങനെയൊരു ശുഭപ്രതീക്ഷ വെക്കാൻ എനിക്ക് കഴിയുന്നില്ല. മുെമ്പാന്നും ഫലസ്തീനിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാൻ കഴിയില്ലായിരുന്നു. ഇപ്പോൾ നമ്മുടെ കൺമുന്നിൽ കാണുകയാണ്. ഇൻസ്റ്റഗ്രാം തുറന്നാൽ ഗസ്സയിലുള്ള റിപ്പോർേട്ടഴ്സിനെ ഫോളോ ചെയ്താൽ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ കഴിയും. ലോകം കൃത്യമായി കണ്ടുകൊണ്ടിരിക്കുകയാണ്. അവിടെ 40 ശതമാനത്തോളം വരുന്ന കുട്ടികളുടെ ജനസംഖ്യ ഇല്ലാതായിക്കഴിഞ്ഞു. ഒാേരാ മിനിറ്റിലും കുഞ്ഞുങ്ങൾ മരിച്ചുവീഴുകയാണ്. അവർ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ കൊല്ലപ്പെടുന്നത്? ഇത് ലോകം കാണുന്നില്ലേ? എല്ലാവരും കാണുന്നതല്ലേ?
പിന്നെങ്ങനെ ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടുപോകാൻ കഴിയുന്നത് എന്നൊരു ചോദ്യം അവിടെയുണ്ട്. വാസ്തവത്തിൽ ഇപ്പോഴത്തെ ഫലസ്തീൻ വിഷയത്തോടുകൂടിയാണ് എനിക്ക് ഇൗ പ്രതീക്ഷയെന്നത് ഇല്ല എന്ന് തോന്നിത്തുടങ്ങിയത്. നമ്മളിപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുേമ്പാഴും അവിടെ കുഞ്ഞുങ്ങൾ മരിക്കുകയാണ്. അത് വലിയ ലോകരാജ്യങ്ങൾ വരെ കാണുകയാണ്. പക്ഷേ ഒന്നും ചെയ്യാൻ പറ്റുന്നില്ല. പിന്നെങ്ങനെ ശുഭപ്രതീക്ഷ വെക്കാനാവും? നമ്മൾ സ്വയം ആശ്വസിക്കാൻ വേണ്ടി പറയുന്ന വാക്കാണ് പ്രതീക്ഷയോടെ മുന്നോട്ട് പോകാം എന്നത്. എന്നാലും ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇത്തരം ഏകാധിപത്യ പ്രവണതയുള്ള എല്ലാ സാമ്രാജ്യങ്ങളും തകർന്ന ചരിത്രമേയുള്ളൂ. ആ തലത്തിൽ ചിന്തിക്കുേമ്പാൾ അതെ, ഇൗ കാലവും കഴിഞ്ഞുപോകും ഒരു പുതിയ പുലരി വരും എന്ന് പ്രത്യാശിക്കാം.
എന്റെ അച്ഛനും അമ്മയും അനുജനും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളുകൾ തന്നെയാണ്. പുരോഗമനപരമായി ചിന്തിക്കുന്നവരാണ്. എന്നിരുന്നാലും മാതാപിതാക്കളെന്ന നിലയിലുള്ള ആശങ്ക സ്വാഭാവിമായുമുണ്ടാകുമല്ലോ. ഇനിയെന്താവും എന്നൊക്കെ. ഞാൻ അവരെ സമാധാനിപ്പിച്ചു. ഇപ്പോൾ ആ അവസ്ഥയിൽനിന്ന് അവർ മുക്തരായിട്ടുണ്ട്. അനുജൻ പൂർണ പിന്തുണ നൽകിയിരുന്നു. അനുജനാണ് അച്ഛനോടും അമ്മയോടും സംസാരിച്ചത്. അവൻ അവരോട് ചോദിച്ചു, നിങ്ങൾ നമ്മളെ വളർത്തിയത് ഇങ്ങനെയല്ലേ, പിന്നെ ഇങ്ങനെ തന്നെയല്ലേ ജീവിക്കേണ്ടത് എന്ന്?
അച്ഛനും അമ്മയുമൊന്നും കലാരംഗത്തുള്ള ആളുകളായിരുന്നില്ല. അങ്ങനെയൊരു പാരമ്പര്യമൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇൗ പാരമ്പര്യം വേണം എന്നു പറയുന്നതിലൊന്നും വിശ്വസിക്കുന്നുമില്ല. ഞാൻ വളരെ ചെറുപ്പത്തിൽ വെറുതെ പാടിത്തുടങ്ങിയതാണ്. എന്റെ അമ്മ അധ്യാപികയാണ്.
ഒന്നാം ക്ലാസിൽ പഠിക്കുേമ്പാൾ ഒരുദിവസം അമ്മയുടെ സ്കൂളായ ചാല യു.പി.എസിൽ എന്നെ കൊണ്ടുപോയി. അപ്പോൾ അവിടത്തെ സംഗീത അധ്യാപിക അമ്മാൾ ടീച്ചർ എന്നെ പാടിപ്പിച്ച് നോക്കുകയും ഇവനെ പാട്ടു പഠിക്കാൻ കൊണ്ടാക്കണം എന്ന് പറയുകയും ചെയ്തു. അങ്ങനെ അച്ഛനും അമ്മയും എന്നെ കൊണ്ടുപോയി ഒരു സംഗീത വിദ്യാലയത്തിൽ ചേർത്തു. തുടക്കത്തിൽ ഞാനതത്ര ആസ്വദിച്ചൊന്നുമല്ല പഠിച്ചുതുടങ്ങിയത്. പിന്നീട് പലപല ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിക്കുകയുണ്ടായി. കുറച്ചു കഴിഞ്ഞപ്പോൾ, സ്കൂൾപഠനത്തിന്റെ അവസാനകാലമായപ്പോഴേക്കും ഞാൻ സംഗീതം ആസ്വദിക്കാൻ തുടങ്ങി.
എട്ട് മുതൽ 12 വരെ ക്ലാസുകളിൽ സംസ്ഥാന യുവജനോത്സവങ്ങളിൽ പെങ്കടുത്തു. പ്ലസ്ടുവിന് പഠിക്കുേമ്പാൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. അതിന് മുമ്പ് രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ നേടിയിരുന്നു. രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെയായിരുന്നു കൂടുതലും കിട്ടിയിരുന്നത്. അവസാനമാണ് ഒന്നാം സ്ഥാനം കിട്ടുന്നത്. പിന്നീടാണ് മനസ്സിലാക്കുന്നത് സ്ഥാനത്തിനൊന്നും ഒരു കാര്യവുമില്ലെന്ന്. തൈക്കാട് ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. അവിടെനിന്ന് കിട്ടിയ പ്രോത്സാഹനം അതിഗംഭീരമായിരുന്നു എന്നത് പറയാതിരിക്കാനാവില്ല. ഒരു സർക്കാർ സ്കൂളായിട്ടും അവിടെ കലയെ അവർ ഒരുപാട് പ്രോത്സാഹിപ്പിച്ചിരുന്നു. അന്ന് അവിടെ പഠിച്ചിരുന്ന ഒരുപാട് പേർ പിന്നീട് കലാരംഗത്ത് ശ്രദ്ധേയരായി മാറിയിട്ടുണ്ട്. വിഷ്ണു വിജയ് എന്ന സംഗീതസംവിധായകൻ, വയലിനിസ്റ്റ് ബാലഭാസ്കർ അങ്ങനെ നിരവധി പ്രതിഭകൾ അവിടെനിന്നുണ്ടായി.
സർക്കാർ സ്കൂളിൽനിന്ന് അങ്ങനെ പ്രതിഭകൾക്ക് വളർന്നുവരാൻ തക്ക പ്രോത്സാഹനജനകമായ അന്തരീക്ഷമുണ്ടാവുമോ എന്നാണെങ്കിൽ ആ സ്കൂളിലെ അധ്യാപകരും അന്തരീക്ഷവും അതിന് സഹായിക്കുന്നതായിരുന്നു. പക്ഷേ, പ്രതികൂല ഘടകങ്ങളില്ലെന്നല്ല. ഫണ്ടിന്റെ പ്രശ്നമുണ്ട്. മത്സരങ്ങൾക്ക് പോകുേമ്പാൾ അതിന് ചെലവഴിക്കാൻ തക്ക പണമൊന്നുമുണ്ടാവില്ല. സർക്കാർ സ്കൂളിൽ അത്രയൊക്കെയല്ലേ പ്രതീക്ഷിക്കാനാവൂ. നല്ല സ്ട്രഗിൾ ചെയ്യേണ്ടിവന്നിട്ടുണ്ട്. പക്ഷേ, ആ ഒരു സ്പിരിറ്റും അവിടത്തെ അധ്യാപകരുടെയും കുട്ടികളുടെയും ഒത്തൊരുമയും ഭയങ്കരംതന്നെയായിരുന്നു. ആ അന്തരീക്ഷമാണ് എന്നെയും വളരാൻ സഹായിച്ചത്. ഒരു സംഗീതജ്ഞനായി മാറണമെന്ന പ്രചോദനമായി മാറിയത്. സ്കൂളിൽ ചെറിയൊരു മ്യൂസിക് ബാൻഡ് ഉണ്ടായിരുന്നു. അതിൽ സ്ഥിരാംഗമായിരുന്നു.
ഡിഗ്രി തിരുവനന്തപുരം എം.ജി കോളജിലായിരുന്നു. പി.ജി മാർ ഇവാനിയോസ് കോളജിലും. എം.കോമാണ് പഠിച്ചത്. കോളജിൽ മ്യൂസിക് ബാൻഡുണ്ടാക്കി. ഇന്റർകൊളീജിയറ്റ് മത്സരങ്ങളിൽ പതിവായി പെങ്കടുക്കാൻ തുടങ്ങി. നല്ല പ്രൈസ് മണി കിട്ടും. മൂവായിരവും നാലായിരവും രൂപയൊക്കെ കിട്ടും. നമ്മുടെ ചെലവൊക്കെ കഴിഞ്ഞുപോകും. അതുതന്നെയായിരുന്നു അതിന്റെ പ്രചോദനഘടകം. യൂനിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിലും വിന്നറായിരുന്നു.
സൗത്ത് സോൺ ഇന്റർയൂനിവേഴ്സിറ്റി, നാഷനൽ യൂനിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളിൽ പലയിനങ്ങളിൽ പെങ്കടുത്ത് വിന്നറാവാൻ സാധിച്ചു. അതൊക്കെ വലിയ എക്സ്പീരിയൻസായിരുന്നു. നോർത്ത് ഇന്ത്യയിൽനിന്നുള്ള കലാകാരന്മാരെ പരിചയപ്പെടാനും വ്യത്യസ്ത സംഗീതങ്ങളെ കുറിച്ച് അറിയാനും അത് സഹായിച്ചു. അത്തരം ഇടപഴകലുകൾ മനസ്സിനെ കൂടുതൽ ഓപണപ് ചെയ്തു. സംഗീതം എല്ലാവരിലും സ്വാധീനംചെലുത്തുന്ന ഒരു കല തന്നെയാണല്ലോ. പാട്ട് എന്നത് ഒരു അപ്ലൈഡ് ആർട്ടാണ്. സംഗീതവുമുണ്ട് സാഹിത്യവുമുണ്ട്. മനുഷ്യമനസ്സിനെ സ്വാധീനിക്കുകയും പരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. മനുഷ്യനെ ചിന്തിപ്പിക്കുകയും ചെയ്യും.
എന്നാൽ, കർണാടക സംഗീതം മതാതീതമാണെങ്കിലും അതിലെ കൃതികൾ മതാധിഷ്ഠിതമാണ്. ഒരു മതത്തിലെ ദൈവങ്ങളെ കുറിച്ചുള്ള സ്തുതികളാണ്. ലിബറൽ സ്വഭാവത്തിലുള്ളത് ഇല്ല. അതേസമയം ഹിന്ദുസ്താനി സംഗീതവും അതിലെ കൃതികളും മതാതീതമാണ്. പ്രകൃതി, സ്നേഹം, ബന്ധം എന്നിവയെ കുറിച്ചെല്ലാമെല്ലാമുള്ളതാണ് അതിലെ കൃതികൾ. ലിബറലാണ്. ഗസലും അതുപോലെയാണ്. ഹിന്ദുസ്താനി കേൾക്കാൻ വളരെ ഇഷ്ടമാണ്. ഗസൽ വളരെ ഇഷ്ടമാണ്. ഗുലാം അലി ഫാനാണ്. തിരുവനന്തപുരത്ത് പോയി അദ്ദേഹത്തെ നേരിട്ട് കണ്ടു. റൂമിൽ പോയി പരിചയപ്പെട്ടു. ഖവാലികൾ കേൾക്കാറുണ്ട്. അജ്മീറിൽ പോയി നേരിട്ട് കേൾക്കണമെന്നുണ്ട്.
പി.ജി കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയി. 2008ൽ പി.ജിക്ക് പഠിക്കുേമ്പാൾതന്നെ എ.ആർ. റഹ്മാന്റെ അനന്തരവൻ ജി.വി. പ്രകാശിന്റെ ഒരു തെലുഗു ചിത്രത്തിൽ പാടിയിരുന്നു. അത് യാദൃച്ഛികമായി കിട്ടിയ അവസരമാണ്. ആ സമയത്ത് ഞാൻ ചെന്നൈ സന്ദർശിച്ചിരുന്നു. സുഹൃത്തുക്കളെ കാണാൻ ചുമ്മാ പോയതാണ്. ഫാസിനേഷൻ തോന്നിയ നഗരമാണ് അത്. റഹ്മാൻ സംഗീതം അന്നേ എന്നെ വല്ലാതെ പ്രചോദിപ്പിച്ചിട്ടുണ്ട്. മ്യൂസിക്കും ടെക്നോളജിയും കൂടി ചേരുേമ്പാൾ അതൊരു വല്ലാത്ത അനുഭവമായി മാറുകയാണല്ലോ. അതുകൊണ്ട് അദ്ദേഹം വസിക്കുന്ന നഗരം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ആ സമയത്താണ് ജി.വി. പ്രകാശിന്റെ ഒരു ഒാഡിഷൻ കിട്ടുന്നത്. അത് 2008ലാണ്. 2009ലാണ് പാടാൻ വിളിക്കുന്നത്.
ജോർജ് പീറ്റർ എന്ന സംഗീതജ്ഞനാണ് എനിക്കാ കോൺടാക്ട് തന്നത്. അവിടെ പോയി ഒാഡിഷൻ കൊടുക്കൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ അവസരം കിട്ടിയത്. അത് ഭാഗ്യമല്ല, പ്രിവിലേജ് കൊണ്ട് കിട്ടിയതാണ്. ജോർജ് പീറ്ററിന്റെ സൗഹൃദം, അതിലൂടെ കിട്ടിയ ചെന്നൈയിലെ ബന്ധം അങ്ങനെ വന്നുചേർന്ന അവസരം. 2009ലാണ് പാടിയത്, 2010ൽ ആ പാട്ട് പുറത്തിറങ്ങി. പ്രഭാസിന്റെ തെലുഗു ചിത്രമായ ‘ഡാർലിങ്ങി’ന് വേണ്ടിയായിരുന്നു ആ പാട്ട്. അത് അവിടെ വലിയ ഹിറ്റായി. പോപുലറായി. റേഡിയോ മിർച്ചിയുടെ നവാഗത ഗായകനുള്ള അവാർഡും കിട്ടി.
2010ലാണ് ചെന്നൈയിലേക്ക് താമസം മാറ്റിയത്. 2021 വരെ നീണ്ടകാലം അവിടെയായിരുന്നു. കോവിഡ് സമയത്ത് മാത്രം നാട്ടിൽ വന്നു അൽപകാലം കഴിഞ്ഞു. ശേഷം ചെന്നൈയിലേക്ക് തന്നെ മടങ്ങിപ്പോയി. അവിടെ ചെല്ലുേമ്പാൾ പരിചയങ്ങളോ ബന്ധങ്ങളോ ഇല്ലായിരുന്നു. എങ്കിലും സംഗീതം പഠിക്കാനും വളരാനും അവസരമുള്ള ഒരു നഗരത്തിലേക്ക് മാറണമെന്ന ആഗ്രഹംകൊണ്ടു പോയതാണ്. ആദ്യകാലത്ത് അവിടെ ജീവിക്കാനുള്ള വരുമാനത്തിന് ബുദ്ധിമുട്ടിയിരുന്നു. അച്ഛനും അമ്മക്കും ജോലിയുള്ളതിനാൽ വീട്ടുകാരെ സപ്പോർട്ട് ചെയ്യണമെന്ന ബാധ്യതയുണ്ടായിരുന്നില്ല. ആ പ്രിവിലേജുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് എനിക്ക് ചെന്നൈയിലേക്ക് പോകാനായത്. നന്നായി കഠിനാധ്വാനംചെയ്തു. പതിയെ െറക്കോഡിങ്ങുകൾ കിട്ടിത്തുടങ്ങി. ഇളയരാജ, ദേവി ശ്രീപ്രസാദ്, ഡി. ഇമ്മൻ, തമൻ എസ് തുടങ്ങിയ പ്രശസ്ത സംഗീതസംവിധായകരോടൊപ്പം പ്രവർത്തിക്കാനായി.
എല്ലാവർക്കും വേണ്ടി പാട്ടുകൾ പാടി. ആ സമയത്താണ് ‘മസാല കോഫി’ എന്നൊരു ബാൻഡ് രൂപംകൊള്ളുന്നത്. ‘കപ്പാ’ ടി.വിയിൽ ‘മ്യൂസിക് മോജോ’ എന്നൊരു പ്ലാറ്റ്ഫോം ഉണ്ടായ സമയമാണത്. കുറെ സംഗീതജ്ഞർ ഒത്തുകൂടുന്നു. അതിൽ എല്ലാവരും പാടുന്നു. ആ പാട്ടുകൾ ശ്രദ്ധിക്കപ്പെടുന്നു. സ്വന്തമായുണ്ടാക്കിയ പാട്ടുകളും പോപുലർ ഗാനങ്ങളുടെ കവർ സോങ്ങുകളുമായിരുന്നു അതെല്ലാം. മസാല കോഫി എന്ന ബാൻഡിന് കീഴിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകുന്നു. നാലഞ്ച് വർഷം കഴിഞ്ഞപ്പോൾ അതല്ല എന്റെ മേഖല എന്നെനിക്ക് തോന്നി. പല കാരണങ്ങളാൽ എനിക്ക് മസാല കോഫിയോട് വിട പറയേണ്ടിവന്നു.
അതെ, കഴിഞ്ഞ അഞ്ച് വർഷമായി ‘സൂരജ് സന്തോഷ് ലൈവ്’ എന്ന പേരിൽ സ്വന്തമായൊരു ബാൻഡ് ഉണ്ടാക്കി ലൈവ് കൺേസർട്ടുകൾ ഇന്ത്യക്കകത്തും പുറത്തുമായി നടത്തിവരികയാണ്. ‘ജിപ്സി സൺ’ എന്ന പേരിൽ ആദ്യ പാട്ടുകളുടെ ഒരു ആൽബം ഇറക്കിയിരുന്നു. തെലുഗുവിൽ തുടങ്ങി തമിഴിലേക്കാണ് വന്നത്. ഇൗ രണ്ടു ഭാഷകളിലായി 200ലേറെ പാട്ടുകൾ അക്കാലത്ത് പാടി. അതിനുശേഷമാണ് മലയാളത്തിലേക്കുള്ള പ്രവേശനം. ‘സെക്കൻഡ് ഷോ’ എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. ദുൽഖറിന്റെയും സണ്ണി വെയ്നിന്റെയും ആദ്യ സിനിമ.
അതിന്റെ സംഗീത സംവിധായകൻ നിഖിൽ രാജൻ വിളിച്ചാണ് ആ സിനിമയിൽ പാടാനെത്തിയത്. അത് 2013ലാണ്. ആ സിനിമ ശ്രദ്ധിക്കപ്പെട്ടു. അതിലങ്ങനെയൊരു പാട്ടുണ്ട് എന്ന് എല്ലാവരും അറിഞ്ഞു. വലിയ ഹിറ്റ് എന്ന് പറയാനാവില്ലെങ്കിലും ആളുകൾ അറിഞ്ഞു. പിന്നീട് ഒരുപാട് സിനിമകളിൽ പാടി. ‘ഗപ്പി’ എന്ന സിനിമയിലെ ‘‘തനിയെ മിഴികൾ...’’ എന്ന പാട്ടാണ് ബ്രേക്കെന്നനിലയിൽ ശ്രദ്ധിക്കപ്പെട്ടത്. തിരുവനന്തപുരത്ത് അന്ന് സിനിമാ സ്വപ്നങ്ങളുമായി നടന്നിരുന്ന ഞങ്ങളുടെ കൂട്ടത്തിലെ ഒരാളായിരുന്ന ജോൺ പോൾ എന്ന സംവിധായകന്റെ ആദ്യത്തെ സിനിമയായിരുന്നു ‘ഗപ്പി’. അതേ കൂട്ടത്തിലെ വിഷ്ണു വിജയനായിരുന്നു സംഗീതസംവിധാനം. അങ്ങനെയാണ് ഞാനതിലൊരു പാട്ടു പാടുന്നത്. അത് വലിയനിലയിൽ ശ്രദ്ധിക്കപ്പെട്ടു.
അതിനുശേഷം മലയാളത്തിൽ കുറെയധികം പാട്ടുകൾ പാടി. പിന്നീടുള്ള എല്ലാ വർഷവും പാടി. ‘അമ്പിളി’ എന്ന സിനിമയിലെ ‘‘ആരാധികെ...’’ പോപുലറായി. എന്നാൽ, ‘കുമ്പളങ്ങി നൈറ്റ്സി’ലെ ‘‘ഉയിരിൽ തൊടും...’’ എന്ന പാട്ടാണ് ഏറ്റവും വലിയ ഹിറ്റായി മാറിയത്. ‘സ്പോട്ടിഫൈ’ ലിസ്റ്റിൽ റേറ്റിങ്ങിൽ വലിയ ഉയരത്തിലെത്തിയ പാട്ടാണത്. ഒ.ടി.ടിയിൽ വന്നതുകൊണ്ട് തന്നെ ‘കുമ്പളങ്ങി നൈറ്റ്സ്’ ഒരു പാൻ ഇന്ത്യൻ സിനിമയായി മാറിയിരുന്നു. കോവിഡ് കാലത്തായതിനാൽ വീട്ടിലിരുന്ന എല്ലാവരും ആ സിനിമ കണ്ടു. ലോകത്താകമാനം അങ്ങനെ പ്രേക്ഷകരുണ്ടായി. വെൽ ക്രാഫ്റ്റഡ് സിനിമയായിരുന്നു അത്. ശ്യാം പുഷ്കരന്റെ രചന! അദ്ദേഹം രചന നിർവഹിച്ച ‘മഹേഷിന്റെ പ്രതികാരം’ ഒരു ക്ലാസിക് സിനിമയാണല്ലോ!
മലയാളത്തിൽ വന്നശേഷം തെലുഗുവിലും തമിഴിലും പാടിയിരുന്നെങ്കിലും ഇപ്പോൾ മുമ്പത്തെ പോലെ അത്രയില്ല. ഇടക്കൊക്കെ പാടുന്നുണ്ട് എന്നുമാത്രം. സ്റ്റേജിൽ പാടുന്നതാണ് ഇഷ്ടം. അതും എന്റെ ബാൻഡിൽ തന്നെ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. സംഗീതജ്ഞരും ടെക്നീഷ്യന്മാരുമടക്കം 10 പേരാണ് സൂരജ് ലൈവ് എന്ന ബാൻഡിലുള്ളത്. പാടുന്നത് ഞാനാണ്. രണ്ട് മണിക്കൂർ ഷോ. കേരളത്തിലെ ഏതാണ്ട് എല്ലാ കാമ്പസുകളിലും പാടി. ഹൈദരാബാദ്, ബംഗളൂരു, മിഡിലീസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം സ്റ്റേജ് ഷോകൾ ചെയ്തു.
കോവിഡ് കാലം കഴിഞ്ഞപ്പോൾ ഒരു സംഗീതപഠനത്തിന്റെ ഭാഗമായി ഹിമാചലിലെ ധരംശാലയിലേക്ക് പോവുകയായിരുന്നു. ഹിമാലയൻ അക്കാദമി ഒാഫ് മ്യൂസിക് ടെക്നോളജി (എച്ച്.എ.എം.ടി) എന്ന മ്യൂസിക് ടെക്നോളജി സ്ഥാപനത്തിലാണ് ചേർന്നത്. ഒരു ഹ്രസ്വകാല കോഴ്സാണ്. രണ്ട് മാസത്തെ കോഴ്സ്. 2022ന്റെ അവസാനമാണ് അവിടെ പോയത്. കോവിഡ് കഴിഞ്ഞയുടനെ ആദ്യം ധരംശാലയിൽ പോയി ഒരു മാസത്തോളം താമസിച്ചു. അപ്പോൾ ആ സ്ഥലം എനിക്കിഷ്ടമായി. അതുപോലെ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽനിന്ന് ഒരു മാറ്റം വേണം എന്നും തോന്നി.
വേറെ എന്തെങ്കിലും ചിന്തിക്കാൻ സ്പേസ് വേണം. അങ്ങനെയാണ് എച്ച്.എ.എം.ടിയിൽ എത്തുന്നത്. മാത്രമല്ല, ഇൗ കോഴ്സിൽ വളരെ താൽപര്യം തോന്നി. അടിസ്ഥാനപരമായി അത് മ്യൂസിക് പ്രൊഡക്ഷനെ കുറിച്ച് വിശദമായി പഠിപ്പിക്കുന്ന കോഴ്സാണ്. ‘എബിൾ ടെൻ’ എന്ന സോഫ്റ്റ്വെയറാണ് പരിശീലിക്കുന്നത്. ‘മോഡുലാർ സിൻത്’ എന്നതും പഠിക്കുന്നു. ഇൗ അക്കാദമിയെ ചുറ്റിപ്പറ്റി ഒരു കമ്യൂണിറ്റി അവിടെ രൂപംകൊണ്ടിട്ടുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്ന് ഇൗ കോഴ്സ് പഠിക്കാനെത്തിയവരാണ്. കോഴ്സ് കഴിഞ്ഞാലും പോകാതെ പഠിക്കാൻ വന്നവെരാക്കെ അവിടെ കൂടും. പോയും വന്നുമിരിക്കുന്ന ഒരു വൈബ്രന്റ് കമ്യൂണിറ്റിയാണ് അവിടെയുള്ളത്.
ഒരു സ്വതന്ത്ര സ്കൂളാണ് എച്ച്.എ.എം.ടി. വളരെ ചെറിയൊരു കമ്യൂണിറ്റിയാണ് അവിടെയുള്ളത്. ഇലക്ട്രോണിക് മ്യൂസിക് ഇൻസ്ട്രുമെന്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു കോഴ്സാണ്. ശരിക്കു പറഞ്ഞാൽ മ്യൂസിക് പ്രൊഡക്ഷനെ കുറിച്ചാണ് പഠിക്കുന്നത്. സിന്തസൈസേഴ്സ് ഉപയോഗിച്ച് എങ്ങനെ സൗണ്ട് മാനിപ്പുലേറ്റ് ചെയ്യാം, എങ്ങനെ പുതിയ സൗണ്ട് സ്കേപ്സ് ഉണ്ടാക്കാം, എങ്ങനെ അതുവഴി പുതിയൊരു ആസ്വാദനതലം സൃഷ്ടിക്കാം ഇതൊക്കെയാണ് അവിടെ പഠിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സംഗീതമല്ല ഇത്. പക്ഷേ, എന്റെ താൽപര്യം ഇതിലാണ്. ഇതിന്റെ ഹയർകോഴ്സായ ‘സോണോളജി’ ഏതെങ്കിലും വിദേശ യൂനിവേഴ്സിറ്റിയിൽ ചെയ്യണമെന്നുണ്ട്. യഥാർഥത്തിൽ ഈ സംഗീതത്തിൽ വോക്കൽ ഇല്ല.
എന്നാൽ, ഞാൻ പാട്ടു പാടുന്നത് അവസാനിപ്പിച്ചിട്ടില്ല. അത് സമാന്തരമായി തന്നെ കൊണ്ടുപോകുന്നുണ്ട്. പക്ഷേ, സംഗീതം എന്നത് ‘പാടുക’ എന്നതിൽ മാത്രം ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കമ്പോസ് ചെയ്യുക, ഒാർക്കസ്ട്രേറ്റ് ചെയ്യുക, ഒരു സംഗീതം ഉണ്ടാക്കിയെടുക്കുക എന്ന പ്രോസസ് എനിക്കിഷ്ടമാണ്. പ്രോസസാണ് ഞാൻ എൻജോയ് ചെയ്യുന്നത്. ടെക്നോളജി ഇൻവോൾവ് ചെയ്യുേമ്പാൾ അതിൽ ഞാൻ കൂടുതൽ ഇന്ററസ്റ്റഡാവുന്നു. ഈ മ്യൂസിക് ടെക്നോളജിയിൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
ഈ മ്യൂസിക് ടെക്നോളജിക്കും വാണിജ്യമൂല്യമുണ്ട്. ഇതിനും വിപണിയുണ്ട്. ‘മോഡുലർ സിൻത്’ ആർട്ടിസ്റ്റുകൾ ഇന്ന് ലോകമൊട്ടുക്കുണ്ട്. നമ്മുടെ നാട്ടിൽ അത്ര വിപുലമായി വന്നിട്ടില്ല എന്നേയുള്ളൂ. ഇതിന്റെ സ്റ്റേജ് ഷോ വരെയുണ്ട്. ഡി.ജെ ഒക്കെ ഇതിന്റെ പാർട്ടായി വരും. ഡി.ജെയിൽ പ്ലേ ചെയ്യുന്ന മ്യൂസിക് ഇങ്ങനെ ഉണ്ടാക്കുന്നതാണ്. ഫോർട്ട് കൊച്ചിയിൽ കുറച്ചുപേരുണ്ട്. ‘ഫോർപ്ലേ സൊസൈറ്റി’ എന്ന പേരിൽ. കുറെ സൗണ്ടുകളാണ് കേൾക്കുന്നത്. അത് കേട്ടു പരിചയിച്ച മ്യൂസിക് തന്നെയാവണമെന്നില്ല. സംഗീതത്തിൽ ആകെ 12 സ്വരങ്ങളല്ലേയുള്ളത്. അത് ഇതിന്റെയും അടിസ്ഥാനംതന്നെയാണ്. നോയ്സ് ഉപയോഗിച്ചുപോലും മ്യൂസിക് ഉണ്ടാക്കാൻ കഴിയുമെന്ന് എച്ച്.എ.എം.ടിയിൽ വന്നപ്പോൾ മനസ്സിലായി.
കുറച്ചുകാലം ധരംശാലയിൽതന്നെ തുടരാനാണ് തീരുമാനം. ആൽബമൊക്കെ ഇവിടെനിന്ന് ചെയ്യുന്നു. ‘സൂരജ് ലൈവ് ഷോ’ക്ക് വേണ്ടിയും മറ്റ് സ്റ്റേജ് ഷോകൾക്കുവേണ്ടിയുമാണ് അവിടെനിന്ന് പുറത്തുവരുക. സിനിമക്കുവേണ്ടിയുള്ള പാട്ടുകൾ ധരംശാലയിൽനിന്ന് പാടി അയക്കുകയാണ് ചെയ്യുന്നത്. കോവിഡിനുശേഷം എവിടെനിന്നും പാടി അയക്കാൻ സാധിക്കുന്ന സംവിധാനമുണ്ടായല്ലോ. പാട്ടു പാടുക, സംഗീതസംവിധാനത്തിലും ആദ്യം മുതലേ ഒരു കൈ നോക്കിയിരുന്നു. ‘ചീന ട്രോഫി’ എന്ന സിനിമക്കായി ഞാനും സുഹൃത്ത് വർക്കിയും ചേർന്ന് സംഗീതസംവിധാനം ചെയ്തിരുന്നു.
സൂരജ് സന്തോഷ് ആൻഡ് വർക്കി എന്ന പേരിൽ. നാലഞ്ച് പാട്ടുകൾ അങ്ങനെ ചെയ്തു. മസാല കോഫി ബാൻഡിൽ പ്രവർത്തിക്കുേമ്പാൾ ‘ഉറിയടി’, ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്നീ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനം നിർവഹിച്ചിരുന്നു. ആ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ആവാസവ്യൂഹം’ എന്ന സിനിമയുടെ സംവിധായകൻ കൃഷാന്ത് സോണി ലിവിനുവേണ്ടി ചെയ്യുന്ന ‘സംഭവ വിവരണം, നാലര സംഘം’ എന്ന വെബ് സീരീസിനായി ഞാനും വർക്കിയും ചേർന്ന് പാട്ടുകൾ ഒരുക്കുന്നുണ്ട്. ട്രിവാൻഡ്രം ഗാങ്സ്റ്റർ കഥയാണ് ഈ വെബ് സീരീസ്.
അച്ഛനും അമ്മയും അനുജനുമടങ്ങിയതാണ് കുടുംബം. അച്ഛൻ സന്തോഷ് കുമാർ വനംവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ജയകുമാരി അധ്യാപികയും. കോട്ടൺഹിൽ സ്കൂളിലായിരുന്നു കൂടുതൽ കാലം ജോലിചെയ്തിരുന്നത്. അനുജൻ ധീരജ് എൻജിനീയറാണ്. എല്ലാവരും തിരുവനന്തപുരത്താണ് സ്ഥിരതാമസം. എല്ലാ മാസവും ഞാൻ നാട്ടിൽ വരും. അച്ഛനെയും അമ്മയെയും അനുജനെയും കാണും. കാമ്പസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എസ്.എഫ്.െഎയിലുണ്ടായിരുന്നു. യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറായിരുന്നു. അതിനു ശേഷം കക്ഷിരാഷ്ട്രീയത്തിൽ ഇല്ല. ഇടതുപക്ഷ രാഷ്ട്രീയം പിന്തുടരുന്നവരെ ഞാൻ ശ്രദ്ധിക്കാറുണ്ട്. സംഘടനയിലൊന്നും മെംബറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.