ഈ മൂഢസമൂഹത്തിന്​ മുന്നിൽ ഞാനെന്തിന്​ ജീവൻ പണയംവെക്കണം

തമിഴിലും, മൊഴിമാറ്റത്തിലൂടെ രാജ്യാന്തര തലത്തിലും ശ്രദ്ധേയനായ എഴുത്തുകാരനാണ്​ പെരുമാൾ മുരുകൻ. ഹിന്ദുത്വവാദികളുടെ എതിർപ്പുകളെ നേരിട്ട്​ ഒരു ഘട്ടത്തിൽ താൻ എഴുത്ത് അവസാനിപ്പിക്കുന്നുവെന്ന്​ പ്രഖ്യാപിച്ച നോവലിസ്​റ്റ്. ‘മാധ്യമം’ ചീഫ്​ സബ്​ എഡിറ്ററായ ലേഖകൻ പെരുമാൾ മുരുകനെ അദ്ദേഹത്തി​ന്റെ വീട്ടിൽ, നാട്ടിൽ ചെന്ന്​ കാണുന്നു. ഇപ്പോഴത്തെ ജീവിതവും നിലപാടുകളും എഴുത്തും ചോദിച്ചറിയുന്നു. പുനർജനിച്ച പെരുമാളിനൊപ്പം ‘‘പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ അന്തരിച്ചു. ഒരു ദൈവമല്ലാത്തതിനാൽ തന്നെ അയാൾ ഉയിർത്തെഴുന്നേൽക്കുകയുമില്ല. പുനർജന്മത്തിലാകട്ടെ അയാൾക്ക്​ വിശ്വാസവുമില്ല. പി. മുരുകൻ എന്ന...

തമിഴിലും, മൊഴിമാറ്റത്തിലൂടെ രാജ്യാന്തര തലത്തിലും ശ്രദ്ധേയനായ എഴുത്തുകാരനാണ്​ പെരുമാൾ മുരുകൻ. ഹിന്ദുത്വവാദികളുടെ എതിർപ്പുകളെ നേരിട്ട്​ ഒരു ഘട്ടത്തിൽ താൻ എഴുത്ത് അവസാനിപ്പിക്കുന്നുവെന്ന്​ പ്രഖ്യാപിച്ച നോവലിസ്​റ്റ്. ‘മാധ്യമം’ ചീഫ്​ സബ്​ എഡിറ്ററായ ലേഖകൻ പെരുമാൾ മുരുകനെ അദ്ദേഹത്തി​ന്റെ വീട്ടിൽ, നാട്ടിൽ ചെന്ന്​ കാണുന്നു. ഇപ്പോഴത്തെ ജീവിതവും നിലപാടുകളും എഴുത്തും ചോദിച്ചറിയുന്നു. 

പുനർജനിച്ച പെരുമാളിനൊപ്പം

‘‘പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ അന്തരിച്ചു. ഒരു ദൈവമല്ലാത്തതിനാൽ തന്നെ അയാൾ ഉയിർത്തെഴുന്നേൽക്കുകയുമില്ല. പുനർജന്മത്തിലാകട്ടെ അയാൾക്ക്​ വിശ്വാസവുമില്ല. പി. മുരുകൻ എന്ന അധ്യാപകനാണ്​ ഇനി ജീവിച്ചിരിക്കുന്നത്​. അദ്ദേഹത്തെ വെറുതെ വിടുക...’’

‘മാതൊരുഭാഗൻ’ എന്ന നോവലിനെ തുടർന്നുണ്ടായ സംഘർഷങ്ങൾക്ക്​ പിന്നാലെ 2015 ജനുവരി 12ന്​ നാമക്കൽ ആർ.ഡി.ഒയുടെ മധ്യസ്ഥതയിൽ ചേർന്ന ‘സമാധാനയോഗ’ത്തിൽ പെരുമാൾ മുരുകൻ ഒരു വാക്കുപോലും പറഞ്ഞില്ല. തന്‍റെ ചോരക്കുവേണ്ടി കാത്തിരിക്കുന്ന ജനക്കൂട്ടത്തിന്​ നടുവിലൂടെ പൊലീസിന്‍റെ സുരക്ഷയിൽ ഓഫിസിനുള്ളിലേക്ക്​ കയറിപ്പോയ മുരുകനുവേണ്ടി സംസാരിച്ചതു മുഴുവൻ അഭിഭാഷകനാണ്​. അഭിഭാഷകനും മുരുകന്‍റെ എതിരാളികളുടെ പ്രതിനിധികളും മണിക്കൂറുകളോളം കോർത്തു. എല്ലാം കേട്ട്​, ഒന്നും മിണ്ടാതെ മുരുകൻ ഇരുന്നു.

ഒടുവിൽ അഭിഭാഷകൻ വൈകാരികമായി വാദിച്ചു മുന്നേറവെ ആർ.ഡി.ഒ ഒരു ചോദ്യം ചോദിച്ചു: ‘‘സർ, താങ്കൾ ഇതൊക്കെ പറഞ്ഞിട്ട്​ അങ്ങ്​ പോകും. ഈ നാട്ടിൽ ജീവിക്കേണ്ടത്​ മുരുകനല്ലേ...’’ എല്ലാ വാദങ്ങളും അവിടെ കെട്ടടങ്ങി. മിനിറ്റുകൾക്കുള്ളിൽ ഒത്തുതീർപ്പായി. പെരുമാൾ മുരുകൻ തന്‍റെ പുസ്തകങ്ങൾ മുഴുവൻ പിൻവലിക്കുന്നു, നിരുപാധികം മാപ്പപേക്ഷിക്കുന്നു. യോഗത്തിൽനിന്ന്​ തകർന്ന ഹൃദയവുമായി മടങ്ങിയ പെരുമാൾ മുരുകൻ അന്ന്​ വൈകുന്നേരം മേൽപറഞ്ഞ കുറിപ്പ്​ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്തശേഷം പൊതുജീവിതത്തിൽ നിന്ന്​ തി​രോധാനം ചെയ്തു.

മുരുകന്‍റെ പോസ്റ്റ്​ മിനിറ്റുകൾകൊണ്ട്​ ലോക വാർത്തയായി. ഏതു സംഘടിത ശക്തിക്കും അവരുടെ പേശീബലം കാട്ടി ദുർബലനായ ഒരെഴുത്തുകാരനെ ഈ ആധുനിക കാലത്തും തകർക്കാമെന്ന തിരിച്ചറിവിൽ പൊതുസമൂഹം തരിച്ചുനിന്നു. മുരുകന്​ പിന്തുണയുമായി എഴുത്തുകാർ മാത്രമല്ല, സാധാരണക്കാരും രംഗത്തിറങ്ങി. മുരുകന്‍റെ ദുരന്തം ലോകമാധ്യമങ്ങളിൽ വലിയ വാർത്തയായി. പുറത്ത്​ പിന്തുണയേറുമ്പോഴും വ്രണിതഹൃദയനായി മുരുകൻ അജ്ഞാതവാസം തുടരുകയായിരുന്നു. ഒന്നര വർഷത്തിനുശേഷം 2016 ജൂലൈ അഞ്ചിന്​ ആവിഷ്​കാര സ്വാതന്ത്ര്യത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ വിധികളിലൊന്നിലൂടെ മദ്രാസ്​ ​ഹൈകോടതി പെരുമാൾ മുരുകൻ എന്ന എഴുത്തുകാരനെ പുനർജീവിപ്പിച്ചു.

2014 അവസാനം ആരംഭിച്ച ഈ വിവാദം പെരുമാൾ മുരുകൻ എന്ന എഴുത്തുകാരന്‍റെ തലവര തന്നെ മാറ്റിമറിച്ചു. ലോകം അറിയുന്ന എഴുത്തുകാരനായി മുരുകൻ മാറി. മുരുകന്‍റെ ഒട്ടുമിക്ക രചനകളും ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തപ്പെട്ടു. 20 ലേറെ ലോകഭാഷകളിൽ മുരുകന്‍റെ പുസ്തകങ്ങൾ എത്തി​. ഇന്ന്​ ​ഇന്ത്യയിൽനിന്ന്​ ലോകഭാഷകളിലേക്ക്​ ഏറ്റുവുമധികം വിവർത്തനംചെയ്​തു പോകുന്നത്​ മുരുകനാണ്​. മറ്റൊരുതരത്തിൽ ഇന്ന്​ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന എഴുത്തുകാരിൽ ഏറ്റവും വിപണിമൂല്യമുള്ളയാൾ. എല്ലാം പത്തുവർഷംകൊണ്ടുണ്ടായ മാറ്റം. ഈ ഒരു ദശകത്തെ ജീവിതം മുരുകനിൽനിന്ന്​ ചോദിച്ചറിയാനാണ്​ നാമക്കലിലേക്ക്​ വെച്ചുപിടിച്ചത്​. കൊങ്കുനാട്ടിന്‍റെ എഴുത്തുകാരനെ അയാളുടെ മടയിൽ ചെന്ന്​ തന്നെ കാണുക. ഇത്രയും ദൂരം യാത്രചെയ്ത്​ നാമക്കലിലേക്ക്​ വരുന്നുവെന്ന്​ പറഞ്ഞപ്പോൾ മുരുകനും സന്തോഷം.

കരൂരിൽനിന്ന്​ മോഹനൂർ വഴി നാമക്കലിലേക്കുള്ള സംസ്ഥാനപാതയിൽ കുറുംകാവേരിക്ക്​ മുകളിലൂടെ ഒന്നര കിലോമീറ്റർ നീളത്തിൽ ഒരു പാലമുണ്ട്​. പാലം വലുതെങ്കിലും ഒഴുകുന്ന നദിക്ക്​ ഒരു ചാലിന്‍റെ വലുപ്പം മാത്രം. ഭാരതപ്പുഴയിലെ പോലെ പഞ്ചാരമണൽപ്പരപ്പ്​. പിന്നെയും 13 കിലോമീറ്റർ കിഴക്കോട്ട്​ ഒഴുകി തിരുമുക്കൂടലൂരിൽ എത്തിയാൽ മാത്രമേ കുറുംകാവേരിക്ക്​ ആനമല മലനിരകളിൽനിന്ന്​ ഒഴുകിയെത്തുന്ന അമരാവതി നദിയിൽ ചെന്നുചേരാൻ കഴിയൂ. നാമറിയുന്ന യഥാർഥ കാവേരിയായി, സർവപ്രതാപിയായി ഒഴുകുന്നത്​ അവിടെ നിന്നാണ്​. തിരുമുക്കുടലൂരിന്​​ മുമ്പ്​ മോഹനൂർ ഭാഗം വരെ കാവേരി നനക്കുന്ന തടങ്ങളുടെ വിസ്തൃതി കുറവാണ്​. മോഹനൂർ പാലം കയറിയിറങ്ങി നാമക്കൽ പാതയിൽ ഒന്നോ ര​േണ്ടാ കിലോമീറ്റർ കഴിയുമ്പോൾതന്നെ പച്ചപ്പ്​ കുറയും. വേനലിന്‍റെ കാഠിന്യത്തിൽ ഉരുകിത്തിളക്കുന്ന ഗ്രാമങ്ങൾ. ദൂരെ വലിയ കതിന പൊട്ടുന്ന ശബ്​ദം കേൾക്കാം. ഈ നട്ടുച്ചക്ക്​ ഏതു കോവിലിലാണാവോ ഉത്സവം. സംശയിച്ചുവരവെ, മോഹനൂർ ബസ്​ സ്റ്റാൻഡിന്​ സമീപത്തെ ജങ്​ഷനിൽ വലിയ ആൾക്കൂട്ടവും വാഹനത്തിരക്കും. വാഹനങ്ങളെല്ലാം ഒതുക്കിയിട്ടിരിക്കുകയാണ്​. കുറേയകലെ കാതടപ്പിക്കുന്ന ശബ്​ദത്തിൽ വെടിപൊട്ടുന്നു. പഴയൊരു തമിഴ്​പാട്ടും കേൾക്കുന്നുണ്ട്​.

 ‘‘വീട്​ വരൈ ഉറവ്​,

വീഥി വരൈ മനൈവി,

കാടുവ​രൈ പിള്ളൈ,

കടൈസി വരെയാരോ...’’

ടി.എം. സൗന്ദരരാജൻ പാടുകയാണ്​. ‘പാദ കാണിക്കൈ’ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിനുവേണ്ടി കണ്ണദാസൻ എഴുതിയത്​. മരണത്തിന്‍റെയും ജീവിതത്തിന്‍റെയും ദാർശനിക ചിന്തപേറുന്ന ഗാനം. ഒരു വയോധിക മരിച്ചതാണ്​. അവരുടെ മൃതദേഹം സംസ്കരിക്കാനായി ലോറിക്ക്​ പിന്നിൽ തയാറാക്കിയ പുഷ്പമഞ്ചത്തിൽ ​കൊണ്ടുപോകുന്നു. വാടാമുല്ല നിറമുള്ള പട്ടുസാരി ധരിച്ചിരിക്കുന്നു അവർ. വിവാഹത്തിന്​ അണിഞ്ഞതാകാം. ലോറി കടന്നുപോയപ്പോഴാണ്​ കതിന പൊട്ടിച്ചത്​. കതിനയുടെ തീയടങ്ങിയപ്പോൾ വാഹനങ്ങൾ നീങ്ങിത്തുടങ്ങി. അപ്പോഴേക്കും പെരുമാൾ മുരുകന്‍റെ കാൾ വന്നു. ‘‘എവിടെയെത്തി?’’

നാമക്കൽ ടൗണെത്തുന്നതിന്​ ഒരു കിലോമീറ്റർ മുമ്പ്​ കൊങ്കുനഗറിലാണ്​ കഥാകാരൻ താമസിക്കുന്നത്​. അവിടേക്ക്​ പോകാതെ, എഴുത്തുകാരൻ വസിക്കുന്ന നഗരം ആദ്യമൊന്ന്​ കണ്ടുവരാമെന്ന്​ കരുതി നാമക്കൽ ടൗണിലേക്ക്​ നീങ്ങി. നഗരമധ്യമായ ക്ലോക്​ ടവർ ജങ്​ഷനിലെത്തുമ്പോൾ ദിശാസൂചികളിൽ ചെറിയ അക്ഷരങ്ങളിലെ സ്ഥലനാമങ്ങളിലൊന്ന്​ പെ​െട്ടന്ന്​ കണ്ണിലുടക്കി. ‘തിരുച്ചെ​ങ്കോട്​’. അതെ, പെരുമാൾ മുരുകന്‍റെ ജന്മദേശം. വിവാദമായ ‘മാതൊരുഭാഗന്‍’ നോവലിന്‍റെ ഭൂമിക. കഴിഞ്ഞ ഒരു ദശകമായി ധൈര്യപൂർവം തിരികെച്ചെല്ലാൻ മുരുകന്​ കഴിയാത്ത അതേ നാട്​.

തിരുച്ചെങ്കോട് പശ്ചാത്തലമാക്കി എഴുതിയ ‘മാതൊരുഭാഗൻ’ (അർധനാരീശ്വരൻ) എന്ന നോവലാണ്​ മുരുകന്‍റെ സ്വകാര്യ, എഴുത്ത്​ ജീവിതങ്ങളെ മാറ്റിമറിച്ചത്​. അനപത്യ സങ്കടം പേറുന്ന കാളി-പൊന്ന ദമ്പതികളുടെ ജീവിതവും ആ വേദന പരിഹരിക്കാനുള്ള ശ്രമത്തിൽ ഗ്രാമത്തിലെ പ്രാചീന ആചാരത്തിന്‍റെ സാധ്യത കടന്നുവരുന്ന​തുമൊക്കെ പ്രതിപാദിച്ച ‘മാതൊരുഭാഗൻ’ യഥാർഥത്തിൽ 2010ലാണ്​ മുരുകൻ രചിക്കുന്നത്​. നാഗർകോവിലിലെ കാലച്ചുവട്​ പബ്ലിക്കേഷൻസ്​ ആയിരുന്നു പ്രസാധകർ. 2013 ഡിസംബറിൽ അനിരുദ്ധൻ വാസുദേവൻ ഇംഗ്ലീഷിലേക്ക്​ വിവർത്തനംചെയ്ത നോവൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ചു. 2014 മേയിലെ പൊതു തെരഞ്ഞെടുപ്പിന്​ ശേഷം അധികം കഴിയുന്നതിന്​ മുമ്പ്​ നേരിയതോതിൽ പ്രശ്​നങ്ങൾ ഉണ്ടാകാൻ തുടങ്ങി.

പുസ്തകം ഹൈന്ദവ സംസ്കാരത്തെയും കൊങ്കുനാടിന്‍റെ പാരമ്പര്യത്തെയും ഇകഴ്​ത്തുന്നതാണെന്ന വാദവുമായി തീവ്രവലതുപക്ഷ സംഘടനകൾ രംഗത്തെത്തി. പെരുമാൾ മുരുകന്​ ഭീഷണി സന്ദേശങ്ങൾ വരാൻ തുടങ്ങി. 2014 ഡിസംബർ ആയതോടെ വിഷയം ആളിക്കത്തി. തിരുച്ചെങ്കോട്​ പ്രക്ഷോഭത്താൽ തിളച്ചു. ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടു. മുരുകന്‍റെ പുസ്തകങ്ങൾ നിരത്തിലിട്ട്​ കത്തിച്ചു. അദ്ദേഹത്തിന്‍റെ ജീവനുതന്നെ ഭീഷണി ഉയരുന്ന ഘട്ടമെത്തി. നരേ​ന്ദ്ര ദാബോൽകറിന്‍റെ കൊലപാതകം സംഭവിച്ചിട്ട്​ അപ്പോൾ ഒരു വർഷമേ ആയിരുന്നുള്ളൂ. മുരുകൻ വിവാദം ആരംഭിച്ച്​ ഏതാനും ആഴ്​ചകൾക്കുള്ളിലാണ്​ ഗോവിന്ദ്​ പൻസാരെ കൊല്ലപ്പെടുന്നത്​. അധികം കഴിയുന്നതിന്​ മുമ്പ്​ എം.എം. കൽബുർഗിയും തോക്കിനിരയായി. ഈ പശ്ചാത്തലത്തിലാണ്​ പെരുമാൾ മുരുകന്​ നേരെയും ഭീഷണി ഉയർന്നത്​. അതിന്​ ശേഷമാണ്​ തുടക്കത്തിൽ പറഞ്ഞ ‘സമാധാന യോഗ’വും മുരുകന്‍റെ വിശ്വപ്രസിദ്ധമായ ഫേസ്​ബുക്ക്​ കുറിപ്പുമൊക്കെ വരുന്നത്​.

നായകനില്ലാത്ത നാട്ടിലേക്ക്​ പോയിട്ടെന്തു കാര്യം? അതുകൊണ്ടുതന്നെ തിരുച്ചെ​​​ങ്കോട്ടേക്കുള്ള വഴിയിൽനിന്ന്​ തിരിഞ്ഞ്​ വീണ്ടും നാമക്കലിലെത്തി. കൊങ്കുനഗറിലെ വീട്ടിൽനിന്ന്​ എഴുത്തുകാരനുമൊത്ത്​ നഗരപ്രാന്തത്തിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസിലേക്ക്​. അണിയാപുരത്തെ ആളൊഴിഞ്ഞ നാട്ടുപാതകളും അരശും വേപ്പും തഴച്ചുനിൽക്കുന്ന കോവിൽമുറ്റങ്ങളും കടന്ന്​ പറളിയിലെ കുറ്റിച്ചെടികൾ നിറഞ്ഞ സമതലത്തിലേക്ക്​. ചെമ്മൺനിലത്ത്​ ചക്രപ്പാടുകളാൽ രൂപപ്പെട്ട വഴി. കുറ്റിക്കാടുകൾക്കപ്പുറത്ത്​ പെട്ടെന്നൊരു ഇരുമ്പുഗേറ്റ്​. കഥാകാരൻ ഇറങ്ങി ഗേറ്റ്​ മലർക്കെ തുറന്നു. ഗേറ്റിനപ്പുറം പൊള്ളുന്ന വേനലിലും പച്ചപുതച്ച വേപ്പുമരങ്ങൾ തണൽ വിരിക്കുന്ന വഴി. വഴിയുടെ ഇരുവശത്തും പല പ്രായത്തിലുള്ള മരങ്ങൾ. മഹാഗണി, മാവ്​, പലതരം ഫലവൃക്ഷങ്ങൾ... ഒരിടത്തെ ചെറുമരങ്ങൾ കണ്ടപ്പോൾ എന്തോ അസ്വാഭാവികത. സംശയിക്കേണ്ട, ചന്ദനം തന്നെയെന്ന്​ കഥാകാരൻ. കൃഷിയിടത്തിൽ മണ്ണ്​ പരിശോധന നടത്തി, ഇവിടെ അനുയോജ്യമായത്​ എ​ന്തെന്ന്​ ശാസ്ത്രീയമായി കണ്ടെത്തി നട്ടുവളർത്തുകയാണ്​. ചന്ദനത്തിന്​ നല്ല വളക്കൂറുള്ള മണ്ണാണത്രെ. മരങ്ങൾ കുറച്ചുകൂടി വളർന്നശേഷം സുരക്ഷാസന്നാഹം വർധിപ്പിക്കാനിരിക്കുകയാണ്​.

ദീർഘമായ വഴി ചെന്നുനിൽക്കുന്നത്​ തെങ്ങിൻതോപ്പിൽ. അവിടെയാണ്​ പെരുമാൾ മുരുകന്‍റെ എഴുത്തിടം. രണ്ടു മുറികളുണ്ട്​. പുറത്ത്​ ​കോൺക്രീറ്റിൽ തീർത്ത ബെഞ്ചും ഡെസ്​കും. എല്ലാ ദിവസവും വെയിലാറുമ്പോൾ അദ്ദേഹം ഇവിടേക്ക്​ വരും. രാവിരുളുന്നതു വരെ ഇവിടെ ചെലവഴിക്കും. യജമാനനെ കാത്തുനിന്ന രാജപാളയം നായ കാറിനടുത്തേക്ക്​ പാഞ്ഞുവന്നു. ഞങ്ങൾക്കിരുന്ന്​ സംസാരിക്കാനുള്ള സൗകര്യങ്ങൾ തോട്ടം ജീവനക്കാരൻ അഴകർ അതിനകം തയാറാക്കിയിരുന്നു. സൂര്യൻ ചാഞ്ഞുതുടങ്ങിയിട്ടും വെയിലിന്‍റെ തീക്ഷ്​ണതക്ക്​ കുറവൊന്നുമില്ല. താഴ്ന്നുവളരുന്ന തെങ്ങിൻതോപ്പിൽ പക്ഷേ, നല്ല തണുപ്പുണ്ട്​. ആ തണലിൽ കുറച്ചു പശുക്കളും.

സംസാരിക്കുന്നതിനിടയിൽ അദ്ദേഹത്തിന്‍റെ കണ്ണുകൾ തോട്ടത്തിലെങ്ങും പാറിനടക്കും. ഇടക്കിടെ സ്​നേഹത്തോടെ അഴകറിനെ വിളിക്കും. ‘‘ആ മരത്തിന്​ കുറച്ചുവെള്ളം വേണമെന്ന്​ തോന്നുന്നു, പശുക്കുട്ടിക്കെന്താ വൈക്കോൽ കൊടുത്തില്ലേ..?’’ കാവേരിയുടെ കടാക്ഷം അരിച്ചെത്താത്ത പ്രദേശമാണ്​. അതിപ്രാചീനവും അഗാധവുമായ ഒരു കിണറാണ്​ അതുകൊണ്ടുതന്നെ വെള്ളത്തിനാശ്രയം. സമീപത്തെ തോട്ടക്കാരെല്ലാം ഉപയോഗിക്കുന്നത്​ ഈ കിണറിൽനിന്നുള്ള വെള്ളമാണ്​. തോട്ടത്തിനങ്ങേ ചരിവിലെ കുന്നിൻമുകളിൽനിന്ന്​ മയിൽക്കൂട്ടം പറന്നുവന്നു. കഥാകാരന്‍റെ ശബ്​ദത്തെ മുക്കിക്കൊണ്ട്​ അവയുടെ കലപില. സൂര്യൻ ചാഞ്ഞുതുടങ്ങിയപ്പോൾ മരച്ചാർത്തിനിടയിലൂടെ അരിച്ചെത്തുന്ന വെയിൽ ഇരിപ്പിടങ്ങളിലുമെത്തി. നല്ല ചൂടുള്ള വെയിലാണ്,​ മാറി ഇരിക്കാമെന്ന്​ ആതിഥേയൻ. അതിഥിയു​ടെ കസേര തണലിലേക്ക്​ ഇട്ടെങ്കിലും സ്വന്തം കസേര അദ്ദേഹം മാറ്റിയില്ല. തീക്ഷ്​ണമായ വെയിൽ ​ആ മുഖത്ത്​ കനൽപ്പാടുകൾ വിരിയിച്ചു. ‘‘മാറിയിരിക്കുന്നില്ലേ’’ എന്ന ചോദ്യത്തിന്​ ഇക്കണ്ട തീച്ചൂളകൾ താണ്ടിയ തനിക്കിതൊക്കെയെന്ത്​ എന്ന ഭാവത്തിലുള്ള നിസ്സംഗമായ ചിരി.

 

ബുക്കർ പ്രൈസ്​ ലോങ് ലിസ്റ്റിൽ ‘പൂക്കുഴി’യും (PYRE) ഉൾപ്പെട്ടുവെന്ന വിവരം പുറത്തുവന്നയുടൻ താങ്കളുടെ പ്രതികരണം ‘‘എന്‍റെ സരോജയും കുമരേശനും ഇത്രയും ഉയരങ്ങളിലെത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല’’ എന്നായിരുന്നു. എല്ലാ കഥാപാത്രങ്ങളോടും ഇതേപോലെ ആത്മബന്ധം ഉണ്ടാകുമോ?

നമ്മൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെയെല്ലാം നമ്മുടേതായി കാണുമ്പോഴാണ് നന്നായി എഴുതാനാകുക. കഥാപാത്രവും എഴുത്തുകാരനും വേറെ വേറെയായി മാറിനിൽക്കാൻ പാടില്ല. എത്ര കഥാപാത്രങ്ങളെ കൊണ്ടുവന്നാലും അവരുടെയൊക്കെ ഉള്ളിൽ കടക്കാൻ എഴുത്തുകാരന് കഴിയണം. അവരെയൊക്കെ നമ്മുടേതാക്കണം. അപ്പോഴാണ് അവരുടെ ചിന്തകൾ എഴുതാൻ കഴിയുക. മായാജാല കഥകളിൽ കൂടുവിട്ടു കൂടുമാറുക എന്ന് പറയാറില്ലേ. അതേ പോലെ ഓരോ കഥാപാത്രത്തിന്‍റെയും ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയണം. അപ്പോൾ മാത്രമാണ് ഒരു കഥാപാത്രത്തോട് നീതിപുലർത്താനാകുക.

‘പൂക്കുഴി’യിൽ സരോജയുടെയും കുമരേശന്‍റെയും മാത്രമല്ല, കുമരേശന്‍റെ അമ്മക്കും അവരുടേതായ ഒരു വീക്ഷണമുണ്ടാകുമല്ലോ. അവർ ചെയ്യുന്നതിനെല്ലാം അവർക്കൊരു ശരിയുണ്ട്. അവരുടെ ന്യായവും നമ്മൾ പറയണം. ചെറുപ്രായത്തിലേ വിധവയായി, ഒരേ ഒരു മകനെ കഷ്ടപ്പെട്ട് വളർത്തിയ സ്ത്രീയാണവർ. മകനോട് ഒരു പൊസസിവ്നെസ് അവർക്കുണ്ടാകുന്നത് സ്വാഭാവികം. തന്‍റെ ജീവിതത്തിന് ഗൗരവം നൽകുന്നത് മകനായിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. അതെല്ലാം വ്യർഥമാകുമെന്ന് അറിയുമ്പോൾ അവർ പ്രതികരിക്കുന്നത് അവരുടെ ശരികളിലാണ്. എല്ലാ കഥാപാത്രത്തിന്‍റെയും കാഴ്ചകൾ അങ്ങനെ എഴുത്തുകാരൻ കാണണം. അതുകൊണ്ടാണ് ‘എന്‍റെ സരോജ’ എന്ന് പറഞ്ഞത്. പുറത്തുനിന്ന് ഞാൻ കണ്ടയാളല്ല, സരോജ. ഞാൻ തന്നെയാണ് സരോജ.

എഴുത്തിലെ ഒരു പൊതുരീതിയിൽ, വ്യക്തിപരമായ അനുഭവങ്ങളാകും തുടക്കത്തിൽ എഴുത്തുകാർ ധാരാളമായി എഴുതുക. കുറച്ച് പരിചയസമ്പന്നത നേടുന്നതോടെ കേട്ടതും അറിഞ്ഞതുമായ വിഷയങ്ങളിൽനിന്ന് കഥാപാത്രങ്ങളെയും കഥാസാഹചര്യങ്ങളെയും നവീനമായി സൃഷ്ടിക്കാൻ പ്രാപ്തി ആർജിക്കും. അതു വളരെ സാവധാനത്തിലേ സംഭവിക്കുകയുള്ളൂ. ആദ്യത്തെ പത്തുവർഷം ഞാനെഴുതിയ മൂന്നു നോവലുകൾ സ്വന്തം അനുഭവങ്ങളിൽനിന്ന് എഴുതിയതാണ്. അനുഭവങ്ങളെ മാത്രം കേന്ദ്രീകരിച്ചായിരുന്നു അന്നത്തെ എഴുത്ത്. അതിനുശേഷമാണ് പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവരുടെ ആന്തരിക യാത്രകൾ നടത്താനുള്ള ധൈര്യം കൈവന്നത്.

‘പൂക്കുഴി’യുടെ പ്രചോദനം യഥാർഥത്തിൽ എന്തായിരുന്നു? ജാതിസംഘർഷ പശ്ചാത്തലത്തിൽ 2013ൽ ധർമപുരിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഇളവരശനാണല്ലോ ഈ നോവൽ സമർപ്പിച്ചിരിക്കുന്നത്​?

ദുരഭിമാന കൊലകൾ സംബന്ധിച്ച വാർത്തകൾ ഒരുപാട് വരുന്ന കാലമായിരുന്നു അത്​. സമൂഹത്തിൽ അതുസംബന്ധിച്ച ചർച്ചകൾ പ്രബലവുമായിരുന്നു. ഇതിനെ പറ്റി എഴുതണമെന്ന തോന്നൽ അങ്ങനെയാണ് വന്നത്. യഥാർഥത്തിൽ ഇതു പെ​െട്ടന്ന് ഉണ്ടായ പ്രതിഭാസമല്ല, കാലാകാലങ്ങളായുള്ള വിഷയമാണ്. നൂറ്-ഇരുന്നൂറ് വർഷങ്ങളായി ഇതിവിടെ ഉണ്ട്. അന്നൊന്നും ഇത്ര വാർത്താപ്രാധാന്യം ഉണ്ടായിരുന്നില്ല. പല ഗ്രാമങ്ങളിലും നടന്ന പ്രശ്നങ്ങൾ വിസ്മൃതിയിൽ പോയി. എനിക്കുതന്നെ ഒരുപാട് സംഭവങ്ങൾ അറിയാം. 1920ൽ കരൂരിൽനിന്ന് ഒരു കുടുംബം മലേഷ്യയിലേക്ക് കപ്പലിൽ പോയി കുടിയേറി. അതിനെക്കുറിച്ച് മുത്തമ്മാൾ പളനിച്ചാമി എന്നൊരു വനിത പുസ്തകം എഴുതിയിട്ടുണ്ട്. പുസ്തകത്തിന്‍റെ പേര്, ‘നാട് വിട്ട് നാട്’. അടുത്തിടെയാണ് മുത്തമ്മാൾ മരിച്ചത്. ആ പുസ്തകത്തിൽ പറയുന്നത് ആ കപ്പലിൽ പോയ നിരവധിപേർ ഇത്തരത്തിൽ ജാതി മാറിയും പ്രണയിച്ചും വിവാഹം കഴിച്ചവരായിരുന്നു എന്നാണ്​. വിവാഹത്തിന് പുറമേ മറ്റു ബന്ധങ്ങൾ ഉള്ളവരും ഉണ്ടായിരുന്നു. അത്തരക്കാർക്കൊന്നും ഇവിടെ ജീവിക്കാൻ കഴിയില്ല. അങ്ങനെ അവരൊക്കെ വിദേശങ്ങളിലേക്ക് പോയി അവിടെ സുഖമായി ജീവിക്കുന്നു. ഇതെല്ലാം ഇവിടെ പതിവായിരുന്നു.

ഇവിടെ എത്രയോ നാടോടി, പ്രാദേശിക പ്രതിഷ്ഠകളും ദൈവങ്ങളുമുണ്ട്. അവരിൽ പലരും ഒരുകാലത്തെ ദുരഭിമാന കൊലയുടെ ഇരകളായിരുന്നു. ഇങ്ങനെ കൊല്ലപ്പെട്ട എത്രയോ പേർ പിൽക്കാലത്ത്​ ദൈവങ്ങളായി ആരാധിക്കപ്പെട്ടു, ഇപ്പോഴും ആരാധിക്കപ്പെടുന്നു. അങ്ങനെ പല കഥകളുണ്ട്. ഇത്തരം വിഷയങ്ങളിൽ സാഹചര്യങ്ങൾക്ക് മാത്രമാണ് മാറ്റം. അടിസ്ഥാന വിഷയം ഒന്നുതന്നെ. ഈ നോവലിലെ കുമരേശനാകട്ടെ ഉയർന്ന കാർഷിക കുടുംബത്തിലെ അംഗമാണ്. സരോജ ദലിതും. ഇതുവേണമെങ്കിൽ പയ്യൻ ദലിതും പെണ്ണ് ഉയർന്ന ജാതിയും ആകാം. ഉയർന്ന ജാതികളിൽ തന്നെ രണ്ട് വ്യത്യസ്ത ജാതികളും ആകാം. എങ്കിലും ഈ വിശാലമായ പ്രശ്നത്തിന്‍റെ ഒരു വീക്ഷണം മാത്രം എടുത്ത് എഴുതാമെന്ന് കരുതിയാണ് ‘പൂക്കുഴി’ തുടങ്ങിയത്. ഇതു എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തമിഴ്നാട്ടിൽ വലിയ വിവാദമായ ഇളവരശൻ വിഷയം ഉണ്ടാകുന്നത്. ധർമപുരി ജില്ലയിലായിരുന്നു അത്. നോവൽ എഴുതി പൂർത്തിയാകാറായപ്പോഴേക്കും ഇളവരശൻ മരണപ്പെട്ടു. അതൊ​ക്കെ നടക്കുമ്പോൾ ആ നാട്ടിൽ ഞാൻ ഉണ്ടായിരുന്നു.

 

കുമരേശൻ-സരോജ കഥയിൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ കൂടുതൽ വേദനിപ്പിച്ചത് അപരിഹാര്യമായ ജാതിവിവേചനം എന്ന വിഷയമാണോ അതോ പ്രണയനഷ്ടമാണോ?

ഒരുതരത്തിൽ ആ കഥയിൽ സരോജ മരിച്ചുപോയി എന്ന് പറയാനാകില്ല. അവസാനം അവൾ കുമരേശന്‍റെ സൈക്കിളിന്‍റെ ശബ്ദം കേൾക്കുകയാണ്. അവൻ അവളെ രക്ഷപ്പെടുത്തിയിരിക്കാനും സാധ്യതയുണ്ടെന്ന് വായിക്കാം. ഈ നോവൽ അടുത്തിടെ ഒരു സിനിമ ആയിട്ടുണ്ട്. അതിൽ ശുഭപര്യവസായി ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും പ്രണയനഷ്ടം തന്നെയാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്. അതിലേക്ക് ജാതിയെ കൊണ്ടുവരുന്നത് സമൂഹമാണ്. ജാതികൊണ്ട് പ്രശ്നം ഉണ്ടാകാത്ത ഇടങ്ങളിൽ ഇങ്ങനെയില്ല.

നൂറുവർഷത്തോളമായി ദ്രവീഡിയൻ പ്രസ്ഥാനങ്ങൾ ജാതിക്കെതിരെ നിലകൊള്ളുന്ന മണ്ണാണിത്. എന്നിട്ടും ഇക്കാലത്തും ജാതിക്കൊലകൾ അരങ്ങേറുന്നുവെങ്കിൽ ആ ഉദ്യമങ്ങളൊക്കെ പരാജയപ്പെട്ടുവെന്നാണോ?

നൂറുവർഷമായി ദ്രവീഡിയൻ സംഘടനകൾ ഇതിനെതിരെ പ്രവർത്തിച്ചുവരുന്നുവെന്നത് ശരിതന്നെ. പെരിയാർ ഇക്കാര്യത്തിൽ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഈ ജാതിബോധം എന്നത് ആയിരം, രണ്ടായിരം വർഷമായി ഇവിടെ നിലനിൽക്കുന്ന വർണാശ്രമ സെറ്റപ്പാണ്. അതിനെ അമ്പത്, നൂറുവർഷം കൊണ്ടൊന്നും മാറ്റാൻ കഴിയില്ല. നാം പ്രവർത്തിച്ചുകൊണ്ടേയിരിക്കുക. ഓരോ ഘട്ടത്തിൽനിന്നും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയെന്നതാണ് ഓരോ തലമുറയുടെയും ദൗത്യം. ഇതെല്ലാം പൂർണമായി പരിഹരിക്കപ്പെടണമെങ്കിൽ 500 വർഷം ആകാം. ചിലപ്പോൾ ആയിരം വർഷവും എടുത്തേക്കാം. എന്നിരുന്നാലും നമ്മൾ പ്രവർത്തിച്ചുകൊണ്ടേയിരിക്കണം, നിരന്തരമായി.

ദ്രവീഡിയൻ രാഷ്ട്രീയം പരാജയപ്പെട്ടോ എന്ന് ചോദിക്കുമ്പോൾ എന്തുമാത്രം മാറ്റങ്ങൾ വന്നുവെന്നത് കാണാതിരിക്കരുത്. ദുരഭിമാന കൊലകൾ മുമ്പ് എത്രയോ അധികമായിരുന്നു. പുറത്തുവരാത്ത എത്രയെത്രയോ കഥകൾ ഉണ്ട്. ഇന്ന് അങ്ങനെയില്ല. ഇന്ന് നടക്കുന്ന ഒന്നോ ര​േണ്ടാ സംഭവങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വലിയ വാർത്തയാകുന്നു. അതു മാത്രമല്ല, അതു ചർച്ചചെയ്യുമ്പോൾ സമൂഹത്തിന് ലജ്ജയുണ്ടാകുന്നു.

കുറ്റവാളികൾക്ക് കടുത്ത ശിക്ഷകൾ ലഭിക്കുന്നു. ഉദുമലൈ ശങ്കർ കൊലക്കേസിലെ പ്രതികൾ ജീവപര്യന്തത്തിനാണ് ശിക്ഷിക്കപ്പെട്ടത്. ഗോകുൽരാജ് കൊലക്കേസിലെ പ്രധാനപ്രതി യുവരാജ് എത്രയോ വർഷമായി ജയിലിലാണ്. അതെല്ലാം പുരോഗതിയാണ്.

അത് നിയമവ്യവസ്ഥയുടെ പുരോഗതിയല്ലേ?

പക്ഷേ, നിയമവ്യവസ്ഥയെ ഈ രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് ബോധ്യപ്പെടുത്തിയത് ഇത്തരം പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളുമാണ്. മിശ്ര വിവാഹങ്ങൾ വ്യാപകമാക്കിയത് ഇത്തരം ഈ പ്രസ്ഥാനങ്ങളാണ്. ചെന്നൈയിലെ പെരിയാർ തിടലിൽ എത്രയോ മിശ്രവിവാഹങ്ങൾ നടക്കുന്നു. ഒരു ബുദ്ധിമുട്ടുമില്ലാതെ അത് തുടരുന്നു. ഒരുതരത്തിലുള്ള ആചാരങ്ങളുമില്ലാതെ, ലളിതമായി മാലയിട്ട് വിവാഹങ്ങൾ നടക്കുന്നു. പക്ഷേ, അതൊന്നും വാർത്തയാകുന്നില്ല. ഇതൊക്കെ കാണാതെ, ഒറ്റപ്പെട്ട പ്രശ്നങ്ങളെ എടുത്തുകാട്ടി ഇതാണ് തമിഴ്നാട്, ഇവിടെ ദ്രവീഡിയൻ പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടു എ​െന്നാക്കെ വ്യാഖ്യാനിക്കുന്നത് വസ്തുതയല്ല. നമ്മൾ ഇപ്പോൾ ഈ ഊരിനകത്തേക്ക് (നാമക്കലിലെ പറളി) വന്നു.

മുമ്പ് ഈ വീഥിയിൽ എല്ലാവർക്കും നടക്കാൻ കഴിയുമായിരുന്നില്ല. കേരളത്തിൽപോലും അങ്ങനെതന്നെയായിരുന്നല്ലോ? വൈക്കം സത്യഗ്രഹം ഒക്കെ അതുകൊണ്ടല്ലേ. ഇവിടെ ഒരു ഹോട്ടലിൽ നിങ്ങൾക്ക് ആഹാരം കഴിക്കാൻ കഴിയുമായിരുന്നില്ല. അവിടെ എഴുതിവെച്ചിരിക്കും: ‘ബ്രാഹ്മണാൾ സാപ്പിടും ഇടം’, ‘സൂത്തിരർ (ശൂദ്രർ) സാപ്പിടും ഇടം’. പെരിയാർ ഇതിനൊക്കെയെതിരെ വലിയ പോരാട്ടങ്ങൾ നടത്തി. ഇങ്ങനെ എഴുതിവെച്ചിരുന്ന ചെന്നൈ തിരുവല്ലിക്കേണിയിലെ മുരളി കഫേയിലും അദ്ദേഹം സമരംചെയ്തു. ഇന്നും ആ ഹോട്ടൽ ഉണ്ട്. പേര് മാറ്റി, സംഗീത ഹോട്ടൽ. അവിടെ ബ്രാഹ്മണർക്കും ശൂദ്രർക്കും വേറെ ഇടം എന്നു മാത്രമല്ല, പഞ്ചമർക്ക് പ്രവേശനം തന്നെയുണ്ടായിരുന്നില്ല. അവർ വെളിയിൽ ദൂരെ നിൽക്കണം. റെയിൽവേ സ്റ്റേഷനിലും ഇങ്ങനെ വിവേചനമുണ്ടായിരുന്നല്ലോ. അതെല്ലാം മാറിയില്ലേ. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായ സംവരണ നിയമം ഇവിടെ വന്നില്ലേ. 69 ശതമാനമാണ് ഇവിടെ സംവരണം. പെരിയാർ പറഞ്ഞതുപോലെ എല്ലാം മെല്ലെ മാറും.

 

മാതാപിതാക്കൾക്ക് വിദ്യാഭ്യാസം ഇല്ലാതിരുന്നതുകൊണ്ട് താങ്കൾക്ക് ഇഷ്ടമുള്ളത് പഠിക്കാൻ കഴിഞ്ഞു, എഴുത്തുകാരനായി എന്ന് മുമ്പൊരിക്കൽ പറഞ്ഞിരുന്നുവല്ലോ?

അതേ, ശരിയാണ്. എന്‍റെ അപ്പനും അമ്മക്കും എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. പഠിച്ചവരായിരുന്നെങ്കിൽ മക്കൾ എന്തു പഠിക്കണമെന്ന് അവർ തീരുമാനിക്കുമായിരുന്നു. എന്‍റെ മാതാപിതാക്കൾ അങ്ങനെയല്ലാതിരുന്നതുകൊണ്ട് ഞാനൊരു സാഹിത്യ വിദ്യാർഥിയായി. പക്ഷേ, എന്‍റെ സ്കൂളിലെ അധ്യാപകർക്ക് ഞാൻ തമിഴ് സാഹിത്യം എടുത്തു പഠിക്കുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് സാഹിത്യമായിരുന്നെങ്കിൽ അവർ സമ്മതിക്കുമായിരുന്നു. സ്കൂളിൽ രണ്ടാമത്തെ മാർക്കുകാരനായിരുന്നു ഞാൻ. പ്ലസ്ടുവിന് മാത് സ്, ബയോളജി എടുത്താണ് പഠിച്ചത്. അതിൽ നല്ല മാർക്കുണ്ടായിരുന്നു. ഞാൻ എൻജിനീയറിങ്ങിന് പോകണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. പക്ഷേ, എൻജിനീയറിങ് കോളജുകൾ അത്ര സുലഭമായിരുന്നില്ല. ഡിഗ്രിക്ക് ചേരാൻ പോയ കോളജിലെ പ്രിൻസിപ്പൽ മാത്​സ്​ പ്രഫസറായിരുന്നു.

മാത്​സ്​ നിനക്ക് നന്നായി പഠിക്കാൻ കഴിയും, നല്ല തൊഴിൽസാധ്യതയുണ്ട് എന്നൊക്കെ അദ്ദേഹം പറഞ്ഞു. എന്നെ തമിഴിൽ ചേർക്കാൻ അദ്ദേഹത്തിന് സമ്മതമായിരുന്നില്ല. തമിഴ് തന്നെ പഠിക്കണമെന്ന് ഞാൻ ശാഠ്യം പിടിച്ചു. ഒടുവിൽ അപ്പനെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു. കോളജിൽ വന്ന് സംസാരിച്ചെങ്കിലും അവിടെ പറയുന്നതൊന്നും അദ്ദേഹത്തിന് മനസ്സിലായില്ല. ‘‘എനിക്ക് ഈ പഠിപ്പിനെ കുറിച്ചൊന്നും ഒന്നും അറിയില്ല സർ, അവൻ പറയുന്നതുപോലെ നടക്കട്ടെ’’ എന്ന് പറഞ്ഞ് അദ്ദേഹം മടങ്ങി. ഒടുവിൽ ഒരു മണിക്കൂർ സമയം തരാം, ഒന്നുകൂടി ആലോചിച്ചുവരൂ എന്നു പറഞ്ഞ് പ്രിൻസിപ്പൽ വിട്ടു. ഒരു മണിക്കൂറിന് ശേഷവും ഞാൻ വന്ന് തമിഴ് മതിയെന്ന് ആവർത്തിച്ചു. ‘‘നിന്നെയൊന്നും തിരുത്താനാകില്ല’’ എന്നു പറഞ്ഞ് അദ്ദേഹം ഒടുവിൽ മനസ്സില്ലാമനസ്സോടെ തമിഴിൽ അഡ്മിഷൻ തരുകയായിരുന്നു.

കുടുംബത്തിൽ വിദ്യാഭ്യാസം നേടിയ മറ്റാരെങ്കിലും ഉണ്ടായിരുന്നോ?

ഇല്ല. എന്‍റെ പിതാവ് കർഷകനായിരുന്നു. ഒരു സോഡക്കടയും നടത്തിയിരുന്നു. എനിക്ക് ഒരു സഹോദരനാണ്. അദ്ദേഹവും അധികം വിദ്യാഭ്യാസം നേടിയില്ല. ഒമ്പതാം ക്ലാസിൽ അണ്ണൻ തോറ്റതോടെ അദ്ദേഹത്തിന്‍റെ പഠനം നിർത്തി. അന്നത്തെ കാലത്ത് ഇത്തരം കാർഷിക കുടുംബങ്ങളിൽനിന്ന് സ്കൂളിൽ പോകുന്നവർ തോൽക്കുന്നിടത്തുവെച്ച് പഠിപ്പ് നിർത്തും. പഠിച്ചൊക്കെ ജോലിക്ക് പോകണമെന്ന അവബോധമൊന്നും എന്‍റെ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. തോൽക്കാത്തതുകൊണ്ടാണ് എനിക്ക് പഠിക്കാൻ കഴിഞ്ഞത്. പെൺകുട്ടികളെയൊക്കെ ഗ്രാമത്തിലെ സ്കൂളിൽ ഏതുവരെ ക്ലാസുണ്ടോ പരമാവധി അത്ര മാത്രമേ പഠിക്കാൻ വിടുമായിരുന്നുള്ളൂ. നാമക്കൽ ജില്ലയിൽതന്നെയുള്ള തിരുച്ചെങ്കോടാണ് എന്‍റെ ജന്മദേശം. അവിടെ പത്താം ക്ലാസുവരെ മാത്രമേ സ്കൂൾ ഉള്ളൂ. കൂടുതൽ പഠിക്കണമെങ്കിൽ ടൗണിലേക്ക് വരണം.

‘മാതൊരുഭാഗനി’ലെ അതേ തിരുച്ചെങ്കോട്?

അതെ. അതുതന്നെയാണ് എന്‍റെ സ്വന്തം ഊര്. ഇപ്പോഴും എന്‍റെ അണ്ണന്‍റെ വീട് അവിടെ തന്നെയുണ്ട്. അദ്ദേഹം മരിച്ചുപോയി. ഞങ്ങളുടെ നിലവും വീടുമെല്ലാം അവിടെയാണ്.

തിരുച്ചെങ്കോടിനെ കുറിച്ച് പറയുമ്പോൾ മാതൊരുഭാഗനെ കുറിച്ച് ചോദിക്കാതിരിക്കാനാവില്ല. മാതൊരുഭാഗന് മുമ്പും ശേഷവുമുള്ള പെരുമാൾ മുരുകന്‍റെ ജീവിതത്തിൽ എന്തു വ്യത്യാസമാണുള്ളത്?

പെരുമാൾ മുരുകന് ഒരു മാറ്റവുമില്ല. ജനങ്ങൾക്കാണ് മാറ്റം ഉണ്ടായത്.

എഴുത്തിൽ വ്യത്യാസം ഉണ്ടല്ലോ?

അതെ. ജാതി, ദൈവം, വിശ്വാസം എന്നിവയെയൊക്കെ കുറിച്ച് എഴുതുമ്പോൾ കൂടുതൽ സൂക്ഷ്മത വന്നു. ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ എന്തിന് ചെന്നുപെടുന്നു എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. നമ്മുടെ സമൂഹത്തിൽ ആദ്യ തലമുറയായി വിദ്യാഭ്യാസം നേടിയ നിരവധി പേരുണ്ട്. അവർക്കൊന്നും സാഹിത്യം വായിച്ച് മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള പ്രാപ്തി ആയിട്ടില്ല. അതിനാലാണ് ഒരു നോവൽ വായിക്കുമ്പോൾ അതിലെ തെറ്റുചെയ്യുന്ന കഥാപാത്രത്തിന്‍റെ ജാതി ഇന്നതാണെന്ന് നോക്കി പ്രകോപനം ഉണ്ടാകുന്നത്. അത്തരമൊരു കാഴ്ചപ്പാടാണ് ഇവിടെ നിലനിൽക്കുന്നത്.

അങ്ങ് നേരിട്ട വലിയ പ്രതിസന്ധി കഴിഞ്ഞ് പത്തു വർഷമാകുന്നു. ഇപ്പോഴാണ് ‘മാതൊരുഭാഗൻ’ എഴുതുന്നതെങ്കിൽ അതുപോലെതന്നെ എഴുതുമോ?

നിശ്ചയമായും ഇല്ല. നമ്മളെന്തിന് ആവശ്യമില്ലാതെ ഈ മൂഢസമൂഹത്തിന് മുന്നിൽ ജീവൻ പണയംവെച്ച് എഴുതണം. അതിന് ഞാനിനി തയാറല്ല. ഇങ്ങനെ ഒരു പ്രശ്നം വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്നേ ഞാൻ ഇങ്ങനെ എഴുതുമായിരുന്നില്ല. ഊരിന്‍റെ പേരൊന്നും ഉപയോഗിക്കില്ല. ഈ തീം എഴുതുമായിരുന്നു. പക്ഷേ, എഴുതുന്നതിന്‍റെ മെത്തേഡ് മാറ്റുമായിരുന്നു. സാഹിത്യം എഴുതുന്നതിന് എത്രയോ മെത്തേഡുകൾ ഉണ്ട്. ഫിക്ഷൻ നമുക്ക് അതിനുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്. സൂചകങ്ങളും മറ്റും വെച്ച് മാത്രം എഴുതാമല്ലോ. ‘കഴിമുകം’ (അഴിമുഖം), ‘പൂനാച്ചി’ ഒക്കെ അങ്ങനെ എഴുതിയതാണ്.

 

‘മാതൊരുഭാഗൻ’ മാറ്റിയെഴുതണമെന്ന് തോന്നാറുണ്ടോ?

ഇനിയും അതിലേക്ക് പോകാൻ എനിക്ക് താൽപര്യമില്ല. അതിന്‍റെ അവസാനംവെച്ച് രണ്ടു നോവലുകൾ അപ്പോൾതന്നെ എഴുതിയിരുന്നു.

താങ്കളുടെ രചനകൾ വ്യാപകമായി ഇംഗ്ലീഷ് ഉൾപ്പെടെ ഭാഷകളിലേക്ക് വിവർത്തനംചെയ്യപ്പെടുന്നുണ്ട്. ‘പൂക്കുഴി’ വിവർത്തനംചെയ്ത അനിരുദ്ധൻ വാസുദേവന് അതിന് ഇംഗ്ലീഷിൽ സ്വീകരിച്ച PYRE എന്ന പേരിനോട് താൽപര്യം ഉണ്ടായിരുന്നില്ല എന്ന് വായിച്ചിരുന്നു. പൂക്കുഴിയോട് പൂർണമായും നീതിപുലർത്താൻ PYRE എന്ന ഇംഗ്ലീഷ് വാക്കിന് കഴിയില്ല എന്നായിരുന്നല്ലോ അദ്ദേഹത്തിന്‍റെ പക്ഷം.

അത് വിവർത്തനത്തിൽ സ്വാഭാവികമായും വരുന്ന ഒരു പ്രശ്നമാണ്. സോഴ്സ് ലാംഗ്വേജിൽനിന്ന് ടാർജറ്റ് ലാംഗ്വേജിലേക്ക് ആശയം പരാവർത്തനം ചെയ്യുമ്പോൾ അത്തരം വിട്ടുവീഴ്ചകൾ വേണ്ടിവരും. അതിന് നമുക്ക് ഒന്നും ചെയ്യാനാകില്ല. ഭാഷയും സംസ്കാരവുമൊക്കെ അതിൽ ഘടകമാണ്. ‘പൂക്കുഴി’ എന്നത് ഇന്ത്യൻ സംസ്കാരിക ചരിത്രത്തിന്‍റെ ഭാഗമായ ഒരു വാക്കാണ്​. എന്നാൽ അത്തരമൊരു ചൊല്ല് തമിഴിൽ മാത്രമാണുള്ളത്. മലയാളത്തിൽ പോലുമില്ല. മലയാളത്തിൽ ചിതാഗ്നി എന്ന് വേണമെങ്കിൽ വിവർത്തനം ചെയ്യാം എന്നുമാത്രം. അതുപോലും കൃത്യമല്ല. കോവിലിൽ തീ മെതിച്ച് അഗ്നികുണ്ഠം ഉണ്ടാക്കുന്നതാണത്. അതിലൂടെ ആൾക്കാർ ഇറങ്ങി ഓടും. തമിഴിൽ അങ്ങനെ ഒരു പ്രത്യേകതയുണ്ട്. അമംഗളമായ ഒരു വസ്തുതയെ മംഗളപദം ഉപയോഗിച്ച് വിശേഷിപ്പിക്കുക.

ഇപ്പോൾ ഇവിടേക്ക് നിങ്ങൾ വരുമ്പോൾ ശവഘോഷയാത്രയുടെ ഭാഗമായി റോഡിൽ വെടിപൊട്ടിച്ചത് കണ്ടുവെന്ന് പറഞ്ഞുവല്ലോ. എന്താണ് സംഭവം എന്ന് നിങ്ങൾ ചോദിച്ചിരുന്നെങ്കിൽ ‘‘ഇവിടെ ഒരു വലിയ കാര്യം നടന്നു’’ എന്നാകും ആൾക്കാർ പറയുക. മരണം എന്ന് അർഥം. ശിവപദം അടൈന്താർ, വൈകുണ്ഠ പദവി അടൈന്താർ എന്നൊക്കെ മരണത്തെ വിശേഷിപ്പിക്കും. ഇത് തമിഴിലെ ഒരു രീതി. അതുപോലെ തന്നെയാണ് പൂക്കുഴി. തീ എന്നത് ചുടുന്നതാണ്. അതിനെ അങ്ങനെ പറയില്ല. രാത്രികളിൽ പ്രത്യേകിച്ചും പറയില്ല. ‘‘പൂ അള്ളി പോട്’’ എന്നേ പറയൂ. അതായത് ‘‘തീ എടുത്തിട്’’ എന്ന്. ഇത്തരത്തിൽ സംസ്കാരത്തിന്‍റെയും ഭാഷയുടെയും ആഴംപേറുന്ന ഒരു വാക്കിനെ ഇതുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു ഭാഷയിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടു തന്നെയാണ്. PYRE എന്ന് നൽകിയതിൽ എനിക്കും അനിരുദ്ധനും തൃപ്തിയുണ്ടായിരുന്നില്ല. പക്ഷേ, വേറെ വഴിയില്ല.

എന്‍റെ രചനകളിൽ വിവർത്തനം ചെയ്യാൻ കഴിയാത്ത നിരവധി പുസ്തകങ്ങളുണ്ട്. നോൺ ഫിക്ഷനിലുമുണ്ട്. തമിഴിലെ പ്രാചീന സാഹിത്യത്തെ കുറിച്ച് കുറേ എഴുതിയിട്ടുണ്ട്. അതൊന്നും ഇംഗ്ലീഷിലേക്ക് മാറ്റാൻ കഴിയില്ല. അതിന് വലിയ പ്രസക്തിയും ഇല്ല. വിവർത്തനത്തിൽ നഷ്ടങ്ങൾ മാത്രമല്ല, നല്ല കാര്യങ്ങളും സംഭവിക്കും. എന്‍റെ ‘കൂലമാദാരി’ എന്ന നോവൽ മലയാളത്തിൽ ‘കീഴാളൻ’ എന്നാണ് വിവർത്തനം ചെയ്തത്. ഇംഗ്ലീഷിലാകട്ടെ, ‘സീസൺസ് ഓഫ് ദ പാം’. എത്ര കാവ്യാത്മകമായ പേരാണത്. ‘പനൈയിൻ പരുവങ്കൾ’ എന്ന് അതിനെ തിരികെ തമിഴിലേക്ക് മാറ്റിയാൽപോലും ഈ സൗന്ദര്യം കിട്ടില്ല. മലയാളത്തിൽ വിവർത്തനം ചെയ്തപ്പോൾ കൂലമാദാരിയും, സീസൺസ് ഓഫ് ദ പാമും എടുത്തില്ല. മാദാരി എന്നത് ഒരു ജാതി നാമമാണ്. അതിനാൽ മലയാളത്തിൽ അങ്ങനെ ഉപയോഗിക്കാൻ പറ്റില്ല. മലയാളത്തിൽ ആ ഭാഷയുമായി കൂടുതൽ ചേർന്ന് നിൽക്കുന്ന ആശയസംവേദനം കൂടുതൽ സാധ്യമായ കീഴാളൻ എന്ന പേര് ഉപയോഗിച്ചു. ഇതൊക്കെ വിവർത്തനത്തിലെ കൊടുക്കൽ വാങ്ങലുകളിൽ സംഭവിക്കുന്ന മെച്ചങ്ങളാണ്.

‘പൂനാച്ചി’ ഇപ്പോൾ 18 ലോകഭാഷകളിൽ വിവർത്തനംചെയ്യപ്പെട്ടു. അതിൽ നല്ലൊരുപങ്ക് ഭാഷകളിലേക്കും പോയത് നേരിട്ട് തമിഴിൽനിന്നല്ല, ഇംഗ്ലീഷ് വിവർത്തനം വഴിയാണല്ലോ? അപ്പോൾ തമിഴിലെ മൂലരചനയിലെ പോലെ ഇംഗ്ലീഷ് വിവർത്തനത്തിലും അതീവ സൂക്ഷ്മത പുലർത്തേണ്ടതില്ലേ?

മാർകേസിനെ വായിക്കാൻ സ്പാനിഷിൽനിന്ന് ഇംഗ്ലീഷിലേക്ക് വഴി വരുന്ന വിവർത്തനങ്ങളാണല്ലോ നമ്മൾ ആശ്രയിക്കുന്നത്. ഇവിടെ ഏറെ പോപുലറായിരുന്ന റഷ്യൻ കൃതികൾ എല്ലാം ഇംഗ്ലീഷ് വഴി വന്നതല്ലേ. പക്ഷേ, ഇപ്പോൾ ചില മാറ്റങ്ങൾ വരുന്നുണ്ട്. ഏത് ഭാഷയിൽ എഴുതിയാലും അതിൽനിന്ന് നേരിട്ട് അതത് ഭാഷകളിലേക്ക് കൊണ്ടുവരുന്ന രീതി വന്നിരിക്കുന്നു. ഇപ്പോൾ എന്‍റെ നോവലുകളുടെ വിവർത്തനങ്ങളെല്ലാം ഇംഗ്ലീഷിൽനിന്ന് ചെയ്തതല്ല. ചൈനീസ് ഭാഷയിലെ ‘പൂനാച്ചി’യുടെ വിവർത്തനം തമിഴ് അറിയുന്ന ഒരാൾ നേരിട്ട് ചെയ്തതാണ്. ചെക്കോസ്ലാവാക്യയിൽ പ്രഫസറായ ഒരു തമിഴനാണ് ചെക് ഭാഷയിൽ വിവർത്തനം നിർവഹിച്ചത്. ജർമനിലും അങ്ങനെ തന്നെ. ജർമൻ യൂനിവേഴ്സിറ്റിയിലെ ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഒരു ജർമൻകാരനാണ് ആ ഭാഷയിലേക്ക് മാറ്റിയത്. അദ്ദേഹം പോണ്ടിച്ചേരിയിൽ അഞ്ചു വർഷം താമസിച്ച് തമിഴ് പഠിച്ചയാളാണ്. തമിഴ് സാഹിത്യത്തിലാണ് അദ്ദേഹത്തിന്‍റെ പിഎച്ച്.ഡിയും. ഈ രീതിയിൽ നേരിട്ട് അതത് ഭാഷകളിലേക്ക് എത്താൻ കഴിയുമോ എന്നതിനാണ് ആദ്യ പരിഗണന. ഇല്ലെങ്കിൽ മാത്രമാണ് ഇംഗ്ലീഷ് വഴിയുള്ള വിവർത്തനം.

‘പൂനാച്ചി’ കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതിന് ഒരു കാരണം അതിന്‍റെ ഇംഗ്ലീഷ് പ്രസാധകരായ വെസ്റ്റ്ലാൻഡ് ആണ്. കൂടുതൽ ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റാൻ അവരാണ് മുൻകൈയെടുത്തത്. പത്തിലേറെ ഇന്ത്യൻ ഭാഷകളിലാണ് അങ്ങനെ പൂനാച്ചി എത്തിയത്. പിന്നെ കാലച്ചുവട് പബ്ലിക്കേഷൻസ് ഉടമ കണ്ണൻ സുന്ദരത്തിന്‍റെ ശ്രമവും വിദേശ ഭാഷകളിലേക്കുള്ള യാത്രക്ക് സഹായിച്ചിട്ടുണ്ട്. എന്‍റെ പുസ്തകങ്ങൾ മാത്രമല്ല, മറ്റനേകം തമിഴ് എഴുത്തുകാരുടെ രചനകളും വിദേശഭാഷകളിലേക്ക് എത്തിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. 2007 മുതൽ അദ്ദേഹം ഫ്രാങ്ക്ഫർട്ട് ബുക് ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. അവിടെ നിന്നുള്ള ബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചാണ് തമിഴ് സാഹിത്യത്തെ ലോകത്തിന് മുന്നിൽ എത്തിക്കാൻ മുൻകൈയെടുക്കുന്നത്. എന്‍റെ പുസ്തകങ്ങൾ മറ്റു ഭാഷകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു ലിറ്റററി ഏജന്‍റുകൂടിയാണ് കണ്ണൻ.

മുൻകാല താരതമ്യങ്ങളിൽ മലയാളം ഉൾപ്പെടെ ഭാഷകളിൽനിന്നുള്ള രചനകൾക്കാണ് കാര്യമായി പുറത്ത് ശ്രദ്ധ ലഭിച്ചിരുന്നത്. ഇപ്പോൾ തമിഴ് ഏറെ മുന്നേറിയിരിക്കുകയാണോ?

അങ്ങനെ പറയാനാകില്ല. മലയാളത്തിന് തുല്യമായി പോകുന്നു എന്ന് വേണമെങ്കിൽ പറയാം. ആകെ മലയാളവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്നും തോന്നാം.

പക്ഷേ, താങ്കളുടെ രചനകൾക്ക് ആഗോളതലത്തിൽ ലഭിച്ച ശ്രദ്ധയും സ്വീകാര്യതയും അടുത്തകാലത്ത്​ മറ്റൊരു ഇന്ത്യൻ എഴുത്തുകാരനും ലഭിച്ചിട്ടി​ല്ലല്ലോ?

എന്‍റേതാണെങ്കിലും ഒ​​ന്നോ രണ്ടോ പുസ്തകങ്ങൾക്ക്​ മാത്രമാണല്ലോ അങ്ങനെ അംഗീകാരം ലഭിച്ചത്​. അതിനൊരു കാരണം ‘മാതൊരുഭാഗൻ’ വിവാദംകൂടിയാണ്. അതാണ്​ മുഖ്യം. ആ പശ്ചാത്തലംകൂടി നമ്മൾ ശ്രദ്ധിക്കണം. ഒരുപാട്​ എഴുത്തുകാരുടെ രചനകൾ അങ്ങനെ ആഗോളശ്രദ്ധ നേടിയാൽ മാത്രമേ അതിനെയൊരു ട്രെൻഡ്​ എന്ന്​ പറയാനാകൂ. മൊത്തം ഇന്ത്യയെ പരിഗണിക്കുകയാണെങ്കിൽ മലയാളം, തമിഴ്​, കന്നട, ബംഗാളി ഭാഷകളിൽനിന്നാണ്​ കൂടുതൽ വിവർത്തനങ്ങളും ഉണ്ടാകുന്നത്. എന്‍റെ നിരീക്ഷണത്തിൽ മലയാളത്തിൽനിന്നുതന്നെയാണ്​ ഇപ്പോഴും കൂടുതൽ വിവർത്തനങ്ങൾ ഉണ്ടാകുന്നത്​.

ന്യൂയോർക്​ ടൈംസിന്‍റെ ലിറ്ററേച്ചർ സെക്​ഷനിൽ അങ്ങയുടെ പേര്​ ​സെർച് ചെയ്താൽ എത്രയോ ആർട്ടിക്കിളുകൾ കാണാം. അങ്ങയുടെ ഇംഗ്ലീഷിൽ ഇറങ്ങിയ ഒട്ടുമിക്ക പുസ്തകങ്ങളുടെയും റിവ്യൂ ഉണ്ടാകും. മറ്റേതെങ്കിലും ഇന്ത്യൻ എഴുത്തുകാർക്ക്​ ഇത്രയും ശ്രദ്ധ കിട്ടുന്നുണ്ടോ എന്ന്​ സംശയമാണ്​.

അതിനും കാരണം ‘മാതൊരുഭാഗൻ’ തന്നെയാണ്​. പുസ്തകങ്ങൾക്ക്​ യു.എസ്​ എഡിഷൻ വരുന്നു​ണ്ടെന്നത്​ ഒരു ഘടകമാണ്​.

ഒരുതരത്തിൽ ആ കാലത്ത്​ കുറേ ബുദ്ധിമുട്ട്​ ഉണ്ടായെങ്കിലും പിന്നീട്​ നോക്കുമ്പോൾ ഉപകാരമായെന്ന്​ തോന്നുന്നോ?

നിശ്ചയമായും. അതൊരു ഉപകാരംതന്നെയായിരുന്നു. പക്ഷേ, ആ സമയത്ത്​ നമുക്കുണ്ടായ മനോവേദനയും കഷ്ടപ്പാടുമുണ്ടല്ലോ. നിങ്ങൾക്ക്​ അത്​ സാധാരണമായിരിക്കാം. പക്ഷേ, എനിക്കുള്ളിൽ ഇപ്പോഴും അതേൽപിച്ച കായം ആറിയിട്ടില്ല (ചിരിക്കു​​മ്പോഴും ​മുരുകന്‍റെ കണ്ണുകളിൽ നനവ്​ പടർന്നു).

അവാർഡുകളും അംഗീകാരങ്ങളും ലഭിക്കുമ്പോൾ സ്വന്തം സന്തോഷത്തിനപ്പുറം തമിഴിന്​ ലഭിക്കുന്ന അംഗീകാരമായാണ്​ അങ്ങ്​ വിശേഷിപ്പിക്കുന്നത്​.

തമിഴിനെ ഒരു പ്രാചീന ഭാഷയും സാഹിത്യശാഖയും ആയാണ്​ പലരും പരിഗണിക്കുന്നത്​. അതു ശരിയാണ്​. പക്ഷേ, ഇവിടെയും മികച്ച ആധുനിക സാഹിത്യകൃതികൾ ഉണ്ടാകുന്നുണ്ട്​. ആധുനിക സാഹിത്യത്തിലെ അതിശക്തമായ ഭാഷാസാന്നിധ്യമാണ്​ ഇന്ന്​ തമിഴ്​. പക്ഷേ, ആ പ്രാപ്തിക്ക്​ അനുസരിച്ച്​ പുറത്ത്​ എത്തിയിട്ടില്ല എന്നാണ്​ ഞാൻ കരുതുന്നത്​. അതുകൊണ്ട്​ എനിക്ക്​ ലഭിക്കുന്ന ഓരോ അംഗീകാരവും തമിഴ്​ ഭാഷക്കുള്ളതാണെന്നും ഞാൻ കരുതുന്നു. ​

ജെ.സി.ബി അവാർഡ്​ 2017 മുതൽ ആറു വർഷമായി നൽകുന്നു. മൂന്നുതവണയും മലയാളത്തിനാണ്​ കിട്ടിയത്​. ഉർദുവിന്​ ഒരിക്കൽ കിട്ടി. മറ്റൊന്ന്​ നേരിട്ട്​ ഇംഗ്ലീഷിൽ നിന്ന്​. പിന്നീട്​ ലഭിച്ചത്​ എനിക്കാണ്​, തമിഴിൽ എഴുതിയതിന്​. മറ്റുള്ള തമിഴ്​ എഴുത്തുകാരുടെ രചനകളും ഇംഗ്ലീഷിൽ വരണം. അവയൊക്കെയും ഇത്തരം വലിയ അംഗീകാരങ്ങൾക്ക്​ യോഗ്യതയുള്ളതു തന്നെയെന്ന്​ ഞാൻ വിശ്വസിക്കുന്നു. എത്രയോ അതിപ്രഗല്ഭരായ പുതിയ എഴുത്തുകാർ ഇവിടെയുണ്ട്​. 21ാം നൂറ്റാണ്ടിൽ എഴുതി തുടങ്ങിയവരുടെ ചെറുകഥ സമാഹാരത്തിനായി അടുത്തിടെ ഒരു കണക്കെടുത്തിരുന്നു. അതിൽ കുറഞ്ഞത്​ 50 പേരെങ്കിലും മികച്ച എഴുത്തുകാരാണ്​. പക്ഷേ, അവർക്കൊന്നും വിവർത്തനങ്ങൾ ഉണ്ടാകുന്നില്ല. അത്​ സംഭവിച്ചാൽ എത്രയോ നന്നായേനെ. അതുകൊണ്ടാണ്​ തമിഴ്​ മൊഴിക്ക്​ ലഭിച്ച ഗൗരവം എന്ന്​ ഞാനെപ്പോഴും പറയുന്നത്​. ഇനി​യുമേറെ തമിഴിന്​ ലഭിക്കാനുണ്ടെന്നും വിശ്വസിക്കുന്നു.

 

എങ്ങനെയാണ്​ എഴുതുന്നത്​?

ടൈപ് ചെയ്യുകയാണ്​. എനിക്ക്​ നേരത്തേതന്നെ ടൈപ്പിങ്​ അറിയാം. കോളജിൽ പഠിക്കുമ്പോൾതന്നെ പഠിച്ചിരുന്നു. 2005ൽ ഒരു ഡെസ്ക്​ ടോപ് വാങ്ങിയാണ്​ ടൈപ് ചെയ്യാൻ തുടങ്ങിയത്​. 2009ൽ ദക്ഷിണ കൊറിയയിൽ പോയിവരുമ്പോൾ ഒരു ലാപ്​ടോപ്​ വാങ്ങി. ഇപ്പോൾ ലാപ്​ടോപ്പിലാണ്​. ഇപ്പോൾ അടിയന്തര ആവശ്യങ്ങൾക്ക്​ വോയിസ്​ ടൈപ്പിങ്​ കൂടി ഉപയോഗിക്കുന്നുണ്ട്​. രാവിലെ എഴുതാനാണ്​ ഇഷ്ടം. പുലർച്ചെ അഞ്ചുമണിയോടെ ഉണരും. ഒമ്പതര വരെ എഴുതും. ​ഫിക്​ഷൻ എഴുതുന്നത്​ ആ സമയത്താണ്​. നോൺ ഫിക്​ഷൻ, ലേഖനങ്ങൾ തുടങ്ങിയവ അല്ലാത്ത സമയത്തും എഴുതും.

രചനയുടെ രീതി എങ്ങനെയാണ്​? കഥയും പരിസരവും പൂർണമായി മനസ്സിൽ ഉറപ്പിച്ച ശേഷമാണോ അതോ എഴുതിത്തുടങ്ങുമ്പോൾ അങ്ങനെയങ്ങ്​ പുരോഗമിക്കുകയാണോ?

മനസ്സിൽ പൂർണമായി കഥയും പശ്ചാത്തലവും രൂപപ്പെട്ട ശേഷമാണ് എഴുതുക. എഴുതുമ്പോൾ പിന്നീട് വികസിപ്പിക്കാനുള്ള കുറിപ്പുകളും തയാറാക്കും. എഴുത്ത് പുരോഗമിക്കുമ്പോൾ മാറ്റങ്ങൾ സ്വാഭാവികമാണ്. പുതിയ കഥാപാത്രങ്ങൾ കടന്നുവരും. നേരത്തേ പ്ലാൻ ചെയ്തുവെച്ചിരുന്ന കഥാപാത്രങ്ങൾ ഇല്ലാതാകും. എങ്ങനെയായാലും പൂർണമായ ഒരു രൂപം മനസ്സിൽ ലഭിച്ചാൽ മാത്രമേ എഴുതിത്തുടങ്ങുകയുള്ളൂ.

ഒരു ഫിക്ഷൻ വർക്ക് എഴുതിക്കഴിഞ്ഞാൽ ഉടൻതന്നെ മറ്റൊന്നിലേക്ക് കടക്കുകയാണോ. ഒരേസമയം തന്നെ പല പ്ലോട്ടുകൾ മനസ്സിലുണ്ടാകുമോ. അതോ തൃപ്തി നൽകുന്ന ആശയങ്ങൾക്കായി കാത്തിരിക്കുമോ?

മനസ്സിൽ എപ്പോഴും നിരവധി ആശയങ്ങളും പ്ലോട്ടുകളും ഉണ്ടാകും. ചിലസമയത്ത് ഒരു മിന്നൽപോലെ ഇതെഴുതാം എന്ന തോന്നൽ വരും. ദുരഭിമാനക്കൊലകൾ സംബന്ധിച്ച ചർച്ചകൾ നടക്കുന്ന കാലമായതിനാൽ ‘പൂക്കുഴി’ എഴുതാൻ സ്വാഭാവിക പ്രേരണ ഉണ്ടായി. പല തീമുകൾ ഉണ്ടാകുമ്പോൾ ഇത്തരം ബാഹ്യമായ കാരണങ്ങളാലും എഴുതാറുണ്ട്. മൂന്നുമാസംകൊണ്ടാണ് ‘മാതൊരുഭാഗൻ’ എഴുതിയത്. അതേസമയം, ‘കൂലമാദാരി’ (കീഴാളൻ) പൂർത്തിയാക്കാൻ ഏഴെട്ട് വർഷം വേണ്ടിവന്നു. പല ഡ്രാഫ്റ്റുകൾ എഴുതി, തൃപ്തി പോരാതെ മാറ്റി മാറ്റി എഴുതുകയായിരുന്നു. അതിനിടയിൽ വേറെ രചനകൾ. ’93ലാണ് ‘നിഴൽമുറ്റം’ എന്ന നോവൽ എഴുതിയത്. അതിനുശേഷം ഏഴു വർഷങ്ങൾക്കുശേഷമാണ് ‘കൂലമാദാരി’ പൂർത്തിയാക്കാൻ കഴിഞ്ഞത്.

താങ്കളുടെ എഴുത്തിൽ ക്രിയേറ്റിവായി കോൺട്രിബ്യൂട്ട് ചെയ്യുന്ന ആരെങ്കിലുമുണ്ടോ?

എഴുതി പൂർത്തിയാക്കിയ ശേഷം ഭാര്യ വായിക്കാറുണ്ട്. ചില സുഹൃത്തുക്കളുണ്ട്, അവർ വായിക്കും. ചില രചനകൾ ചിലരെ തിരഞ്ഞെടുത്ത് നൽകും. ‘കഴിമുകം’ (അഴിമുഖം) ആദ്യം വായിച്ചത് എന്‍റെ മകനാണ്. പുതിയ തലമുറ എന്തു ചിന്തിക്കുന്നു എന്നറിയാനാണ് അവന്‍റെ അഭിപ്രായം തേടിയത്. അവൻ ചില പരിഷ്കാരങ്ങൾ പറഞ്ഞിരുന്നു. അതൊക്കെ ഞാൻ തിരുത്തി ശരിയാക്കി. മിക്ക രചനകളും ഏതു സാഹചര്യത്തിലും ഇപ്പോൾ ഒന്നുരണ്ടു പേർക്ക് വായിക്കാൻ നൽകാറുണ്ട്. മാതൊരുഭാഗന്‍റെ കുറേ ഭാഗങ്ങൾ സേലത്തെ ഒരു ഹോട്ടലിൽ ഇരുന്നാണ് എഴുതിയത്. ഒരു സുഹൃത്ത് ഹോട്ടലിൽ അതിനായി മുറിയെടുത്ത് തരുകയായിരുന്നു.

‘മാതൊരുഭാഗൻ’ പോലൊരു നോവലാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സുഹൃത്ത് മുറിയെടുത്ത് തരുമായിരുന്നോ?

(ചിരിക്കുന്നു) ഞാൻ എന്തുതരത്തിലാണ് എഴുതുന്നതെന്ന് അദ്ദേഹത്തിന് ധാരണയില്ലല്ലോ. അറിഞ്ഞിരുന്നെങ്കിലും മുറി എടുത്തുതരുമായിരുന്നു. അദ്ദേഹവും ഒരു എഴുത്തുകാരനാണ്. അക്കാലത്ത് കുട്ടികളൊക്കെ ചെറുതായിരുന്നു. അവർ പഠിക്കുന്ന കാലം. വീട്ടിലിരുന്ന് എഴുതാൻ കഴിയുന്നില്ലെന്ന് പറഞ്ഞു. താങ്കൾക്ക് എത്ര ദിവസം മുറി വേണ്ടിവരുമെന്ന് അദ്ദേഹം ചോദിച്ചു. 15 ദിവസം ഒരിടത്ത് തനിയെ കഴിയാൻ പറ്റിയാൽ നന്നായി എന്നു ഞാൻ പറഞ്ഞു. അന്ന് വാടക ഒക്കെ കുറവായിരുന്നു. 5000 രൂപയോ മറ്റോ ആണ് ചെലവ്. 5000 രൂപക്ക് ഒരു നല്ല നോവൽ ലഭിക്കുമെങ്കിൽ ഞാൻ മുറിയെടുത്ത് തരാമെന്ന് പറഞ്ഞാണ് അദ്ദേഹം സേലത്ത് ഒരു നല്ല ഹോട്ടൽ മുറിയെടുത്ത് തരുന്നത്.

താങ്കൾ എന്താണ് വായിക്കുന്നത്?

സാഹിത്യ വിദ്യാർഥി ആയതിനാൽതന്നെ പ്രാചീന തമിഴ് കൃതികളിലാണ് താൽപര്യം. എപ്പോഴും വായിക്കുന്നത് അതാണ്. ആധുനിക തമിഴ് രചനകളും ഒന്നൊഴിയാതെ ശ്രദ്ധിക്കാറുണ്ട്. അതാണ് നമ്മുടെ മേഖല എന്നതിനാൽ അവ വായിക്കാതെ നിൽക്കാൻ കഴിയില്ല. പുതിയ നോവലുകളും ചെറുകഥകളും വായിക്കും. വിവർത്തന കൃതികളും ഇഷ്ടമാണ്. തമിഴിൽനിന്ന് മറ്റു ഭാഷകളിലേക്കുള്ള വിവർത്തനമാണ് കുറവ്. തിരിച്ചുള്ളവ ധാരാളം ഉണ്ട്. ’40കൾ മുതലേ മലയാളത്തിലേത് ഉൾപ്പെടെ നിരവധി രചനകൾ തമിഴിൽ വന്നിട്ടുണ്ട്. മിക്ക മലയാളം എഴുത്തുകാരും ഏതെങ്കിലും വിധത്തിൽ തമിഴിൽ എത്തിയിട്ടുണ്ട്. തമിഴിൽനിന്ന് മലയാളത്തിലേക്ക് അത്ര പോയിട്ടില്ല. തകഴിയുടെ നോവലുകളൊക്കെ എഴുതിയ ഉടൻതന്നെ തമിഴിൽ വന്നിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാട്ട്, ബഷീർ, എം.ടി അങ്ങനെ എല്ലാവരും. എം.ടിയുടെ ആദ്യ നോവൽ അപ്പോൾ തന്നെ തമിഴിലേക്ക് എത്തി.

നല്ല ചെറുകഥാകൃത്തുക്കൾ ഒരുപാട് തമിഴിലുണ്ട്. അവരുടേതൊക്കെ സൂക്ഷ്മമായി വായിക്കുന്നു. കാർത്തിക് ബാലസുബ്രഹ്മണ്യൻ, മയിലൻ ജി. ചിന്നപ്പൻ, റാ സെന്തിൽകുമാർ, ശ്രീലങ്കൻ എഴുത്തുകാരൻ അനോജൻ ബാലകൃഷ്ണൻ എന്നിവരൊക്കെ ഗംഭീരമായി എഴുതുന്നവരാണ്. യാത്രകളും മറ്റും കൂടുതലായതിനാൽ വായന കുറച്ച് പിന്നോട്ടുപോയോ എന്ന ഭയം ഇപ്പോഴുണ്ട്. ആ യാത്രകളാകട്ടെ, കൂടുതലും കേരളത്തിലേക്കുമാണ്.

മലയാളത്തിലെ പുതിയ എഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടോ?

തമിഴിലേക്ക്​ വിവർത്തനം ചെയ്തുവരുന്ന മലയാളം രചനകളാണ്​ വായിക്കുന്നത്​. കെ.ആർ. മീരയുടെ മൂന്ന്​ നോവലുകൾ ഇതിനകം തമിഴിൽ വന്നിട്ടുണ്ട്​. ഗംഭീരമാണ്​ അവരുടെ എഴുത്ത്​. എന്‍റെ നല്ല സുഹൃത്തുമാണ്​ മീര. മുമ്പ്​ നേരിൽ കാണുമ്പോൾ നിങ്ങളു​ടെ ഒരു പുസ്തകവും എനിക്ക്​ വായിക്കാനായിട്ടില്ലെന്ന്​ മീരയോട്​ പറഞ്ഞിരുന്നു. പക്ഷേ, കഴിഞ്ഞ മൂന്നുനാലു വർഷത്തിനിടെ അവരുടെ രചനകൾ തമിഴിലേക്ക്​ വന്നുതുടങ്ങി. ബെന്യാമിന്‍റെ ‘ആടുജീവിതം’ തമിഴിൽ വന്നിട്ടുണ്ട്​. അദ്ദേഹത്തിന്‍റെ മറ്റു പുസ്തകങ്ങളും തമിഴി​ലേക്ക്​ കൊണ്ടുവരണമെന്ന്​ പറഞ്ഞിട്ടുണ്ട്​. എസ്​. ഹരീഷിന്‍റെ രചനകൾ വന്നിട്ടില്ല. പക്ഷേ, കവിതകൾ ഒരുപാട്​ ഇവിടേക്ക്​ എത്തുന്നുണ്ട്​. പി. രാമൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സാവിത്രി രാജീവൻ തുടങ്ങിയവരുടെ കവിതകളൊക്കെ നന്നായി വായിക്കപ്പെടുന്നു.

 

യാത്രകൾ കൂടുതൽ കേരളത്തിലേക്കാണെന്ന്​ പറഞ്ഞു. ഇവിടത്തെ എല്ലാ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും താങ്കൾ പങ്കെടുക്കുന്നുണ്ട്. എന്താണ് അതിന്‍റെ അനുഭവം?

വലിയൊരു ആഘോഷംപോലെയാണ് കേരളത്തിന്‍റെ ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ. ധാരാളം നമ്മുടെ വായനക്കാരെ അവിടെ കണ്ടുമുട്ടാൻ കഴിയും. അതും യുവാക്കൾ, കോളജ് വിദ്യാർഥികൾ. എന്തിനേറെ പറയുന്നു, സ്കൂൾ വിദ്യാർഥികൾപോലും കൂട്ടമായി വരുന്നു. അവരൊക്കെ വായിച്ചിട്ടാണ് വരുന്നത്. വായനയുടെ അനുഭവം നമ്മോട് വന്നു പറയും. അതാണ് അവിടേക്ക് വരുന്നതിലെ പ്രധാന സന്തോഷം.

ഞാനിവിടെ വീട്ടിൽപോലും ഇതൊക്കെ പറയാറുണ്ട്. കേരളത്തിലേക്ക് പോകാനിറങ്ങുമ്പോൾ വലിയ ബുദ്ധിമുട്ടാണ്. എന്‍റെ ഈ നാട്ടിൽനിന്ന് നേരിട്ട് കേരളത്തിലേക്ക് ട്രെയിൻ ഇല്ല. ആദ്യം സേലത്ത് പോകണം. അവിടെ നിന്ന് വേറെ ട്രെയിൻ കയറി കേരളത്തിലെത്തണം. തിരികെ വരുമ്പോഴാകട്ടെ, അർധരാത്രി സമയത്തൊക്കെയാണ് ഇവിടെ ട്രെയിൻ എത്തുക. ചെന്നൈ, ബംഗളൂരു ട്രെയിനുകളാണ് ഇതുവഴി ഓടുന്നത്. അതൊക്കെ നാമക്കലിൽ എത്തുന്നത് അസമയത്താണ്. അവിടെനിന്ന് വീട്ടിലേക്ക് എത്തുന്നതൊക്കെ വലിയ പ്രയാസമാണ്. ഇത്തരം ബുദ്ധിമുട്ടുകളുടെ ആലോചനയുമായാണ് ഇവിടെനിന്ന് പുറപ്പെടുന്നത്. പക്ഷേ, അവിടെ വന്ന് വായനക്കാരെ കാണുമ്പോൾ അതൊക്കെ മറക്കും, പുതിയൊരു ഊർജം കൈവരും.

തമിഴിലെ മുഴുവൻ സമയ എഴുത്തുകാരൻ എന്നനിലയിൽ അങ്ങയുടെ ജീവിതം എങ്ങനെയാണ്?

തമിഴ്നാട്ടിൽ മുഴുവൻസമയ എഴുത്തുകാരനാകുന്നത് ബുദ്ധിമുട്ടാണ്. സിനിമയിൽ എഴുതുന്നവർക്കാണ് ഇവിടെ അങ്ങനെ വലിയ പരിഗണന ലഭിക്കുക. സിനിമക്കുവേണ്ടി എഴുതുന്നവരാണ് ഫുൾടൈം റൈറ്ററായി തുടരുന്നത്. പുസ്തകങ്ങൾ മാത്രം എഴുതി അങ്ങനെ തുടരുന്നത് ശ്രമകരം. ഇവിടെ അതിനുള്ള സാധ്യതകൾ കുറവാണ്. എങ്കിലും മുൻകാലങ്ങളിൽനിന്ന് നല്ല മാറ്റം കാണുന്നു. എസ്. രാമകൃഷ്ണൻ, ജയമോഹൻ തുടങ്ങിയ എഴുത്തുകാരുണ്ട്. അവർ സിനിമയിലും എഴുതുന്നു.

‘മാതൊരുഭാഗൻ’ വിവാദത്തിനുശേഷം 2016ൽ ഒരു അഭിമുഖത്തിൽ തന്‍റെ ഉള്ളിൽ ഒരു സെൻസർ കസേരയിട്ട് ഇരിക്കുന്നുവെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ആ സെൻസർ അതേ ഇരിപ്പ് തുടരുകയാണോ?

അതെ. എല്ലാ എഴുത്തുകാർക്കും അങ്ങനെയൊരു സെൻസർ ഉണ്ടെന്നാണ് ഞാൻ പറയുന്നത്. ഞാനിപ്പോൾ അതിനെ അനുഭവിച്ചുകൊണ്ട് സംസാരിക്കുന്നു എന്ന് മാത്രം. നിനക്കുന്നതെല്ലാം എല്ലാ എഴുത്തുകാരും എഴുതാറില്ല. ഈ പ്രശ്നങ്ങൾ ഒക്കെ വരുന്നതിന് മുമ്പും സെൻസർ ചെയ്തുതന്നെയാണ് എഴുതിയിരുന്നതെന്ന് ഇപ്പോൾ ഓർക്കുന്നു. മുമ്പ് എഴുതുമ്പോൾ അതൊരു സ്വാഭാവികമായ, നൈസർഗികപ്രക്രിയ ആയിരുന്നെങ്കിൽ ഇപ്പോൾ അതിനെ അനുഭവിക്കുന്നു. ബോധപൂർവം നിയന്ത്രണം വെക്കുന്നു.

(തുടരും)

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.