‘‘ഞാൻ വിവർത്തനം ചെയ്യാറുള്ളത് എനിക്ക് ഇഷ്ടം തോന്നുന്ന കൃതികളാണ്’’

മലയാളത്തിൽനിന്ന്​ ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റത്തിൽ ശ്രദ്ധേയായ എഴുത്തുകാരിയും വിവർത്തകയുമാണ്​ പ്രേമ ജയകുമാർ. ത​ന്റെ വിവർത്തനങ്ങളെക്കുറിച്ചും എഴുത്തുജീവിതത്തെക്കുറിച്ചും എഴുത്തുകാരി കൂടിയായ ഡോ. രതി മേനോനോട്​ അവർ സംസാരിക്കുന്നു.നാലര പതിറ്റാണ്ടിലേറെയായി വിവർത്തന രംഗത്ത്​ സജീവമാണ്​ ​േ​പ്രമ ജയകുമാർ. മലയാളത്തിൽ നിന്ന്​ നിരവധി കൃതികൾ ഇംഗ്ലീഷിലേക്ക്​ അവർ മൊഴിമാറ്റി. മൂന്നു പ്രാവശ്യം േക്രാസ്​ വേർഡ് സമ്മാനത്തിെൻറ ചുരുക്ക പട്ടികയിൽ പേര് നിർദേശിക്കപ്പെട്ടു. ഈ വർഷത്തെ വി. അബ്്ദുള്ള വിവർത്തന പുരസ്​കാരം സി. രാധാകൃഷ്​ണ​െന്റ ‘തീക്കടൽ കടഞ്ഞു തിരുമധുരം’ എന്ന നോവലിന്റെ തർജമക്ക് പ്രേമ...

മലയാളത്തിൽനിന്ന്​ ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റത്തിൽ ശ്രദ്ധേയായ എഴുത്തുകാരിയും വിവർത്തകയുമാണ്​ പ്രേമ ജയകുമാർ. ത​ന്റെ വിവർത്തനങ്ങളെക്കുറിച്ചും എഴുത്തുജീവിതത്തെക്കുറിച്ചും എഴുത്തുകാരി കൂടിയായ ഡോ. രതി മേനോനോട്​ അവർ സംസാരിക്കുന്നു.

നാലര പതിറ്റാണ്ടിലേറെയായി വിവർത്തന രംഗത്ത്​ സജീവമാണ്​ ​േ​പ്രമ ജയകുമാർ. മലയാളത്തിൽ നിന്ന്​ നിരവധി കൃതികൾ ഇംഗ്ലീഷിലേക്ക്​ അവർ മൊഴിമാറ്റി. മൂന്നു പ്രാവശ്യം േക്രാസ്​ വേർഡ് സമ്മാനത്തിെൻറ ചുരുക്ക പട്ടികയിൽ പേര് നിർദേശിക്കപ്പെട്ടു. ഈ വർഷത്തെ വി. അബ്്ദുള്ള വിവർത്തന പുരസ്​കാരം സി. രാധാകൃഷ്​ണ​െന്റ ‘തീക്കടൽ കടഞ്ഞു തിരുമധുരം’ എന്ന നോവലിന്റെ തർജമക്ക് പ്രേമ ജയകുമാറിന്​ ലഭിച്ചു.

കവിയും വിവർത്തകനുമായിരുന്ന ബി. കെ. മേനോെൻറയും കെ. പി. ശാരദാദേവിയുടെയും മകളായ േപ്രമ ജയകുമാർ കേരളത്തിലും ബാംഗ്ലൂരുമായിട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ െപ്രാബേഷനറി ഓഫീസർ ജോലി രാജി വെച്ച് വിവർത്തനത്തിൽ മുഴുകിയ വ്യക്​തിയാണ്. 25 ലധികം നോവലുകളും കഥകളും വിവർത്തനം ചെയ്​തു. കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി സി. വി. രാമൻ പിള്ളയുടെ ‘രാമരാജ ബഹദൂറും’, എസ്​. കെ. പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിെന്റ കഥ’യും വിവർത്തനം ചെയ്തിട്ടുണ്ട്. കുട്ടികൾക്കായി ഇംഗ്ലീഷിൽ ‘മഹാഭാരത കഥകളും’ രചിച്ചിട്ടുണ്ട്.

1967 മുതലേ പരിഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ േപ്രമ സജീവമാണെന്നറിയാം. 1978ലാണ് ആദ്യത്തെ വിവർത്തന കൃതി, മാടമ്പ് കുഞ്ഞുകുട്ട​ന്റെ ‘അശ്വത്ഥാമാവ്’ പ്രസിദ്ധീകരിക്കുന്നത്. വിവർത്തനത്തിലേക്കും ഈ കൃതിയിലേക്കും എങ്ങനെയാണ് എത്തിച്ചേർന്നത്?

വിവർത്തനത്തോട് എനിക്ക് എന്നും അഭിനിവേശം ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ ഞാൻ പഠിക്കുന്ന കാലത്താണ് ‘അശ്വത്ഥാമാവ്’ ‘മാതൃഭൂമി’യിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നത്. അവധിക്കാലത്ത് വന്ന് അത് വായിച്ചുപോയി കൂട്ടുകാരോട് അതിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുമായിരുന്നു. എ​ന്റെ വിവരണം കേട്ട് തൽപരരായ ചില സുഹൃത്തുക്കളാണ് അതവർക്ക് വായിക്കാൻ തർജമ ചെയ്യാൻ ആവശ്യപ്പെട്ടത്. അവർക്കുവേണ്ടി ഞാൻ തർജമ ചെയ്യുകയായിരുന്നു.

അതിനുശേഷം അത് എ​ന്റെ അമ്മാവൻ കെ.പി.ആർ. മേനോൻ വായിക്കാനിടയായി. അദ്ദേഹം അത് കവി കക്കാടിനെ കാണിച്ചു. ഇത് പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബസുഹൃത്തായ വി.കെ. മാധവൻകുട്ടി താൽപര്യമെടുത്ത്, അന്ന് ഡൽഹിയിലുണ്ടായിരുന്ന ഒ.വി. ഉഷയെ ഏൽപിച്ചു. അവരാണ് വികാസ്​ പബ്ലിഷേഴ്സിന് കൊടുത്തത്. അങ്ങനെ തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിലാണ് ആ കൃതി വിവർത്തനം ചെയ്തതും പ്രസിദ്ധീകൃതമായതും.

മാടമ്പ് കുഞ്ഞുകുട്ട​ന്റെ മറ്റൊരു കൃതികൂടി വിവർത്തനം ചെയ്തിട്ടുണ്ടല്ലേ...

ഉവ്വ്. ​‘The Trial of the Mahatma’ എന്ന കൃതി. ഇഷ്ടമായതുകൊണ്ട് ചെയ്തതാണ്. ടി.പി. രാജീവി​ന്റെ നേതൃത്വത്തിലുണ്ടായിരുന്ന ‘യതി പബ്ലിഷേഴ്സ്​’ ആണ് അത് പ്രസിദ്ധീകരിച്ചത്. മികച്ച ഒരു കൃതിയാണ്. പക്ഷേ, അധികം ആളുകളിലേക്കത് എത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്നതുകൊണ്ട് ഗാന്ധിജിയുടെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടുന്നില്ലല്ലോ.

 

മലയാറ്റൂർ രാമകൃഷ്ണ​ന്റെ മൂന്നു പുസ്​തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ടല്ലോ. ‘യക്ഷി’ പ്രസിദ്ധമാണ്. പക്ഷേ ‘മൃതിയുടെ കവാടം’ അത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത കൃതിയാണ്. ‘ആറാം വിരൽ’ അദ്ദേഹം മരിച്ച് ഏറെക്കാലത്തിനു ശേഷമാണ് പ്രസിദ്ധീകൃതമാകുന്നത്. ഇതേക്കുറിച്ചൊന്നു പറയാമോ...

‘യക്ഷി’, ആ കൃതിയോടുള്ള താൽപര്യംകൊണ്ട് ചെയ്തതാണ്. എ​ന്റെ ഭർത്താവ് ജയകുമാറിനും അതിൽ വലിയ താൽപര്യമായിരുന്നു. അത് ചെയ്ത് ടെലിഫോൺ ഡയറക്ടറിയിൽനിന്ന് അഡ്രസ്​ തപ്പിയെടുത്ത് മലയാറ്റൂരിന് അയച്ചു. അദ്ദേഹത്തിനത് വലിയ ഇഷ്ടമായി. സുഹൃത്തായ േപ്രമ വിശ്വനാഥ​ന്റെ നിർദേശപ്രകാരം പെൻഗ്വിന് അയച്ചു കൊടുത്തു. ഡേവിഡ്​ ഡേവിദാർ ആയിരുന്നു അന്ന് ചുമതല വഹിച്ചിരുന്നത്. ‘മൃതിയുടെ കവാടം’ നല്ലൊരു കൃതിയാണ്. പെൻഗ്വിനുവേണ്ടി ഒരു കൃതി ചെയ്താൽ അവരുടെ അനുവാദം വാങ്ങിയിട്ടേ അടുത്ത കൃതി വേറൊരാൾക്ക് കൊടുക്കാവൂ എന്നുണ്ട്. അതുകൊണ്ട് അതും പെൻഗ്വിൻ ചെയ്തു.

‘ആറാം വിരൽ’ മലയാറ്റൂർ ഉള്ളപ്പോൾ തുടങ്ങിയതാണ്. പക്ഷേ, മരിക്കുംമുമ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ഏറെക്കാലം കഴിഞ്ഞ് വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കുന്ന Ratna Books അഭ്യർഥിച്ചത് അനുസരിച്ച് അവർക്ക് പ്രസിദ്ധീകരണത്തിന് കൊടുക്കുകയായിരുന്നു. വാസ്​തവത്തിൽ മലയാറ്റൂരി​ന്റെ ‘ബ്രിഗേഡിയർ കഥകളും’ ഞാൻ വിവർത്തനം ചെയ്യണമെന്ന് മലയാറ്റൂരിനുണ്ടായിരുന്നു. പക്ഷേ, അതി​ന്റെ അന്തരീക്ഷം കൃത്യമായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും പറ്റില്ല എന്ന് തോന്നിയതുകൊണ്ട് ഞാനത് സ്​നേഹപൂർവം നിരസിച്ചു.

സേതുവി​ന്റെ ‘പാണ്ഡവപുരം’ 1995ൽ വിവർത്തനം ചെയ്യുന്നുണ്ട്. തുടർന്ന് മറ്റുചില കൃതികളും. എങ്ങനെയാണ് സേതുവിലേക്കെത്തുന്നത്?

‘പാണ്ഡവപുരം’, ‘നിയോഗം’, ‘മറുപിറവി’, ‘ചില കഥകൾ’ ഇതൊക്കെയാണ് ഞാൻ ചെയ്ത സേതുവി​ന്റെ കൃതികൾ. ‘പാണ്ഡവപുരം’ എനിക്ക് ആ കൃതിയോടുള്ള വലിയ താൽപര്യത്തി​ന്റെ പുറത്ത് ചെയ്തതാണ്. അന്ന് സേതുവി​ന്റെ അയൽക്കാരൻ ബാങ്കിൽ ജോലി ചെയ്യുമ്പോഴുള്ള സുഹൃത്തായിരുന്നു. അദ്ദേഹം അത് സേതുവിനെ കാണിച്ചു. അതാണ് തുടക്കം.

 

മലയാറ്റൂർ രാമകൃഷ്ണൻ

‘പാണ്ഡവപുരം’ മാജിക്കൽ റിയലിസമുള്ള ഒരു കൃതിയല്ലേ. അതി​ന്റെ വിവർത്തനത്തിൽ ബുദ്ധിമുട്ടുകൾ തോന്നിയോ?

ഒട്ടും തോന്നിയില്ല എന്ന് വേണമെങ്കിൽ പറയാം. ഞാൻ അനായാസം ചെയ്തുതീർത്ത ഒരു വിവർത്തനമാണത്.

‘നിയോഗം’ മറ്റൊരു തരത്തിൽപെടുന്ന നോവലാണ്, അതോ?

ഒരർഥത്തിൽ അത് കുറച്ചു അടരുകളുള്ള നോവലാണ്. കാറ്റ് അതിൽ ഒരു പ്രധാന കഥാപാത്രമാണ്. കഥകൾ പരത്തുന്ന ഒരാൾ എന്ന ധർമമാണ് അതിൽ കാറ്റ് അനുഷ്ഠിക്കുന്നത്. അതുപോലെ ‘നിയോഗം’ എന്ന പദം. നാം സാധാരണ വ്യവഹാരത്തിൽ പറഞ്ഞുപോരുന്നതിനപ്പുറം ഒരു തലം ആ പദത്തിനുണ്ടെന്ന് സേതുവുമായി ചർച്ച ചെയ്യുന്ന അവസരത്തിലാണ് മനസ്സിലായത്. സഹോദര​ന്റെ ഭാര്യയിൽ കുട്ടികളെ ഉണ്ടാക്കുക എന്ന ഒരർഥം കൂടി ആ പദത്തിനുണ്ട​േത്ര! ഇതിന്റെ സാധ്യതകൾ സേതു നോവലിൽ ആരായുന്നുണ്ട്. ഈ പശ്ചാത്തലമെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് ഒരു വിവർത്തനത്തി​ന്റെ ശീർഷകം ‘Winds from the Hills’ എന്നാക്കിയത്.

 

‘മറുപിറവി’യോ?

അതി​ന്റെ ആഖ്യാനാത്മക ശൈലിതന്നെ വേറെയാണ്. ഭൂതവും വർത്തമാനവും ചരിത്രവും യാഥാർഥ്യവും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു രീതി. ചരിത്രം എനിക്ക് പൊടുന്നനെ വഴങ്ങാത്ത ഒരു മേഖലയാണ്. ഇക്കാര്യത്തിൽ ഭർത്താവ് ജയൻ കുറെയൊക്കെ സഹായിച്ചു. പിന്നെ സേതുവി​ന്റെ സഹായവും തേടി.

ചരിത്രത്തി​ന്റെ കാര്യം പറഞ്ഞപ്പോഴാണ്, സി.വി. രാമൻപിള്ളയുടെ നോവൽ ത്രയത്തിലെ ഗഹനവും ഗംഭീരവുമായ നോവലെന്നു പറയാവുന്ന ‘രാമരാജ ബഹദൂർ’ േപ്രമ വിവർത്തനം ചെയ്തിട്ടുണ്ട്. അക്കാദമിക്ക് വേണ്ടിയാണത് ചെയ്തതല്ലോ. അതി​ന്റെ വിവർത്തനത്തെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?

1936ൽ ‘മാർത്താണ്ഡവർമ്മ’ എ​ന്റെ അച്ഛൻ തർജമ ചെയ്തിരുന്നു. തിരുവനന്തപുരത്തുള്ള നാരായണൻ നായർ നടത്തിയിരുന്ന ഒരു കമലാലയം പ്രസിദ്ധീകരണശാലക്കു വേണ്ടിയായിരുന്നു അത്. 1998ൽ അക്കാദമി അത് പുനഃപ്രസിദ്ധീകരിച്ചു. അതി​ന്റെ പ്രകാശനവേളയിൽ ‘രാമരാജ ബഹദൂർ’ മകൾ ചെയ്യണമെന്ന് അയ്യപ്പപ്പണിക്കർ നിർദേശിച്ചു. എനിക്കത് ചെയ്യാൻ പറ്റില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

പക്ഷേ, സാർ വീട്ടിൽ വന്നിരുന്ന് അമ്മയെക്കൊണ്ട് നിർബന്ധിച്ച് എന്നെ ഇതിലേക്ക് കൊണ്ടുവരികയായിരുന്നു. ഏതാണ്ട് രണ്ടു കൊല്ലമെടുത്തു അത് പൂർത്തിയാക്കാൻ. ചിട്ടയായി രാവിലെ 4 മുതൽ 6 വരെ ഇരുന്നിട്ടാണ് അത് ചെയ്തുതീർത്തത്. നീണ്ട വാചകങ്ങൾ പരിഭാഷപ്പെടുത്തുമ്പോൾ പലപ്രാവശ്യം മാറ്റി എഴുതേണ്ടിവന്നിട്ടുണ്ട്. ഇതി​ന്റെ വിവർത്തനത്തിൽ എന്നെ സഹായിച്ച ചില വ്യക്തികളെ ഓർക്കാതെ വയ്യ. അയ്യപ്പപ്പണിക്കർ സാർ ഒരുപാട് പിന്തുണച്ചു. പിന്നെ ലക്സിക്കണിൽ ജോലിചെയ്തിരുന്ന ഡോ. പി. വേണുഗോപാൽ, അഡ്വക്കറ്റ് ജനറലായിരുന്ന കെ. സുധാകരൻ എന്നിവരെല്ലാം പുസ്​തകത്തെയും സി.വിയെയും കുറിച്ചുള്ള എ​ന്റെ സംശയങ്ങൾ നിവാരണം ചെയ്തിരുന്നു. ഇങ്ങനെ ഒരുപാട് ഗൃഹപാഠങ്ങളിലൂടെയാണ് ആ വിവർത്തനം പൂർത്തിയാക്കിയത്. അതുകൊണ്ട് അധികം മാറ്റി എഴുതേണ്ടിവന്നില്ല.

പരിഭാഷക്ക് ഒരു കൃതി തിരഞ്ഞെടുക്കുമ്പോൾ എന്തു മാനദണ്ഡമാണ് സ്വീകരിക്കുക? എം. മുകുന്ദ​ന്റെ കൃതികളിൽ ‘ദൈവത്തി​ന്റെ വികൃതികളും’, ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്നതുമാണ് വിവർത്തനം ചെയ്തിരിക്കുന്നത്?

ഞാൻ വിവർത്തനം ചെയ്യാറുള്ളത് എനിക്ക് ഇഷ്ടം തോന്നുന്ന കൃതികളാണ്. ‘ദൈവത്തി​ന്റെ വികൃതികൾ’ എന്നെ ഏറെ ആകർഷിച്ച നോവലാണ്. ഒരു ഗ്രീക് ട്രാജഡിയുടെ ഗാംഭീര്യം പകർന്നുതരുന്ന നോവലായിട്ടാണ് അത് എനിക്ക് അനുഭവപ്പെട്ടത്. അതുതന്നെയാണ് അത് തിരഞ്ഞെടുക്കാൻ കാരണവും.‘നഗ്​നനായ തമ്പുരാൻ’ എന്നത് ചെയ്തു മുകുന്ദനെ കാണിച്ചപ്പോൾ ‘ഹരിദ്വാറിൽ മണിമുഴങ്ങുന്നു’, ‘സാവിത്രിയുടെ അരഞ്ഞാണം’ എന്നിവകൂടി ചെയ്തു അതിൽ ചേർക്കാൻ അദ്ദേഹം സജസ്റ്റ് ചെയ്തു. അങ്ങനെ മൂന്നു വിവർത്തനങ്ങളും ചേർത്താണ് പുസ്​തകമിറക്കിയത്. പുസ്​തകത്തി​ന്റെ വലുപ്പം പ്രശ്നമായിരുന്നു.

 

പലരുടെയും ഒന്നിലധികം കൃതികൾ േപ്രമ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ, ഏതാണ്ട് ആറര ദശകക്കാലമായി വിവർത്തനരംഗത്തുള്ള േപ്രമ അംഗീകരിക്കപ്പെടുന്നത് 2023ൽ സി. രാധാകൃഷ്ണ​ന്റെ ‘തീക്കടൽ കടഞ്ഞ തിരുമധുരം’ എന്ന നോവലിലൂടെയാണ്. ഇതേക്കുറിച്ച് എന്തുപറയുന്നു?

‘ക്രോസ് വേഡ്’ അവാർഡി​ന്റെ ചുരുക്കപ്പട്ടികയിൽ മൂന്നു പ്രാവശ്യം ഞാൻ ഇടംപിടിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ കിട്ടിയിട്ടില്ല. പുരസ്​കാരം ലഭിക്കാതെ പോകുന്നത് ഒരു പരിധിവരെ എ​ന്റെ കുറ്റംകൊണ്ടുതന്നെയാണ്. പുസ്​തകം വിവർത്തനം ചെയ്തു കഴിഞ്ഞാൽ എ​ന്റെ ജോലി തീർന്നു എന്ന മനോഭാവമാണെനിക്ക്. വിവർത്തനത്തിന് അവാർഡുകൾ ഉണ്ട്, അതിന് കോപ്പികൾ എത്തിക്കണം എന്നൊന്നും ഞാൻ വേണ്ടപോലെ ശ്രദ്ധിക്കാറില്ല. ‘ക്രോസ് വേഡ്’ അവാർഡിന് ചുരുക്കപ്പട്ടികയിൽ വന്നത് പബ്ലിഷേഴ്സ്​ അയച്ചതുകൊണ്ടാണ്. അവാർഡ് ലഭിച്ചാൽ സ്വാഭാവികമായും കൂടുതൽ ദൃശ്യത ലഭിക്കും. അതു​െകാണ്ട് നല്ല എഴുത്തുകാരുടെ കൃതികൾ വായനക്കാരുടെ കണ്ണിൽപെടാതെ പോയല്ലോ എന്ന കുറ്റബോധമുണ്ട്. ഈ പുസ്​തകംതന്നെ സി. രാധാകൃഷ്ണ​ന്റെ താൽപര്യംകൊണ്ടാണ് അവാർഡ് കമ്മിറ്റിയുടെ മുന്നിലെത്തിയത്.

 

േപ്രമ അവാർഡ് സ്വീകരിക്കുന്നത് എം.ടി. വാസുദേവൻ നായരിൽനിന്നാണ്. എം.ടിയുടെ പല പ്രസിദ്ധമായ നോവലുകൾ ഇരിക്കെ കുട്ടികളുടെ നോവലായ ‘മാണിക്യക്കല്ലാ’ണ് േപ്രമ വിവർത്തനം ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ്?

എം.ടിയുടെ പ്രധാന കൃതികളെല്ലാം ഗീതാ കൃഷ്ണൻകുട്ടി വിവർത്തനം ചെയ്തിട്ടുണ്ട്. വാസ്​തവത്തിൽ കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട കഥയായിരുന്നു അത്. എ​ന്റെ മകന് കഥ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചപ്പോൾ എനിക്കും എന്റെ അനുജൻ കൃഷ്ണകുമാറിനും അതി​ന്റെ അവസാനഭാഗം കൃത്യമായി ഓർക്കാൻ പറ്റിയില്ല. അങ്ങനെ ഞങ്ങൾ ആ പുസ്​തകം തേടിപ്പോയി. അപ്പോഴാണ് അത് എഴുതിയത് എം.ടിയാണെന്ന് മനസ്സിലായത്. അതുവരെ ഒരു സ്​ത്രീ എഴുതിയ കൃതിയാണെന്നാണ് ഞാൻ ധരിച്ചിരുന്നത്. അതി​ന്റെ വിവർത്തനം എം.ടിയെ കാണിച്ചത് എ. സഹദേവനായിരുന്നു. വിവർത്തനം എം.ടിക്ക് ഇഷ്ടപ്പെട്ടു എന്നത് എനിക്ക് വലിയ ചാരിതാർഥ്യം നൽകി. അത് പ്രസിദ്ധീകരിച്ചത് ബാലസാഹിത്യ അക്കാദമിയാണ്.

എം.ടിയെക്കുറിച്ച് പറഞ്ഞപ്പോഴാണ്, എസ്​.കെ. പൊ​െറ്റക്കാട്ടിന്റെ ‘ഒരു ദേശത്തി​ന്റെ കഥ’ വിവർത്തനം ചെയ്ത അനുഭവം ഒന്ന് വിവരിക്കാമോ?

കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും ഞാൻ വളരെ എൻജോയ് ചെയ്ത ഒരു വിവർത്തനമാണ്. വീട്ടിൽ പറഞ്ഞു കേട്ട പല കഥകളും അതിൽ കടന്നുവരുന്നുണ്ട്. പിന്നെ വിവരിക്കുന്ന കാര്യങ്ങൾക്ക് ദൃശ്യാത്മകത കൊണ്ടുവരുന്നതിൽ എസ്​.കെയുടെ മിടുക്ക് –അതാണെന്നെ ഏറെ ആകർഷിച്ചത്. നമുക്ക് പരിചയമുള്ള ഒരു ലോകത്തിലെത്തിയ പ്രതീതി ജനിപ്പിക്കുന്ന ആ കൃതിയോടുള്ള ഇഷ്​ടം തന്നെയാണ് അക്കാദമി പറഞ്ഞപ്പോൾ അതി​ന്റെ വിവർത്തനം ഏറ്റെടുക്കാൻ േപ്രരിപ്പിച്ചത്.

എട്ടിലധികം ബാലസാഹിത്യ കൃതികൾ േപ്രമ രചിച്ചിട്ടുണ്ട്. ഈ രംഗത്ത് ഇപ്പോഴും സജീവമാണോ?

ഈയിടെ ‘പഞ്ചതന്ത്രം’ ഇംഗ്ലീഷിൽ ചെയ്തിട്ടുണ്ട്. ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച പാറുക്കുട്ടി അമ്മയും സരോജിനി നായരും ചേർന്നെഴുതിയ ‘കുട്ടികളുടെ മഹാഭാരത’ത്തി​ന്റെ സമീപനരീതി എനിക്കിഷ്ടമാണ്. ഒന്നും അടിച്ചേൽപിക്കില്ല. അതി​ന്റെ ഒപ്പം നിൽക്കാവുന്ന ഒരു ഇംഗ്ലീഷ് പുസ്​തകം ഇല്ല എന്ന തോന്നലിൽനിന്നാണ് പുരാണ പുസ്​തകങ്ങൾ ചെയ്യാൻ തുടങ്ങിയത്. ഇന്നത്തെ കുട്ടികൾക്ക് വീട്ടിൽ കഥ കേൾക്കാനുള്ള സാഹചര്യം കുറവാണല്ലോ എന്നോർത്ത് സങ്കടമുണ്ട്. ഒരളവു വരെയെങ്കിലും ഈ പുസ്​തകങ്ങൾ ആ കഥകൾ കേൾപ്പിക്കും എന്ന് ഒരു മോഹം.

വിവർത്തനത്തി​ന്റെ മേഖലയിൽ വളരെ കാലമായി പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ മേഖലയിലുള്ള മാറ്റത്തെ േപ്രമ എങ്ങനെ കാണുന്നു?

വിവർത്തനം ഒരു രണ്ടാംതരം സാഹിത്യമാണെന്ന മ​േനാഭാവത്തിൽനിന്നു മാറി അത് accepted ആയിരിക്കുന്നു. ബുക്കർ വരെ അത് എത്തിനിൽക്കുന്നു. ഞാൻ രണ്ടു വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ, എന്നാണ് ഇനി സ്വന്തം പുസ്​തകം പുറത്തുവരിക എന്ന ചോദ്യം സ്ഥിരമായി കേട്ടിരുന്നു. ഇന്ന് ആരും വിവർത്തകരോട് ആ ചോദ്യം ചോദിക്കാറുണ്ടെന്ന് തോന്നുന്നില്ല.

ഒരു കൃതി വിവർത്തനംചെയ്യാൻ തീരുമാനിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കാറുള്ളത്?

എനിക്ക് പുസ്​തകം ഇഷ്​ടമാവണം. എ​ന്റെ ഭാഷക്ക് വഴങ്ങുന്നതാവണം പുസ്​തകം. Immoral stories, very violent scenes, very tainted prose –ഒന്നും സാധിക്കില്ല. വലിയ വയലൻസ്​, ആണുങ്ങൾ മാത്രം സംസാരിക്കുന്ന ഒരു രംഗം, പ്രത്യേകിച്ച് സ്​ത്രീകളെ പറ്റിയുള്ള സംസാരമാകുമ്പോൾ, ഇംഗ്ലീഷിലും ഞാൻ ഉപയോഗിക്കാൻ സാധ്യതയില്ലാത്ത ഒരുപാടു വാക്കുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ പറ്റില്ല. എ​ന്റെ ഇംഗ്ലീഷ് എത്ര മാറിയാലും, മാറ്റിയാലും എ​ന്റെ ഭാഷതന്നെയാണല്ലോ.

 

പ്രേമ ജയകുമാറും ജീവിതപങ്കാളി ജയകുമാറും

വിവർത്തനം ചെയ്യുമ്പോൾ പദാനുപദ തർജമയാക്കാതെ ആശയം പകർന്നുനൽകുക എന്ന രീതിക്കാണോ മുൻഗണന നൽകാറുള്ളത്?

പദാനുപദം ശ്രമിക്കും. പദാനുപദം അല്ലെങ്കിലും ഒരു വാചകത്തിനു പകരം എന്നനിലക്കും നോക്കും. പക്ഷേ, അതിൽ കടിച്ചുതൂങ്ങി നിൽക്കില്ല. ആശയം അനുവാചകനിലേക്ക് എത്തണമല്ലോ. ഉദാഹരണത്തിന്, ‘നല്ല തലവേദന’ എന്ന ആശയം പകർന്നുകിട്ടണമെങ്കിൽ ‘bad head ache’ എന്നു വിവർത്തനം ചെയ്യണം. ആശയമാണ് ആദ്യം നോക്കുക. സാധിക്കുമെങ്കിൽ situations. അതും കിട്ടിയാൽ സന്തോഷം. ഇടക്ക് കിട്ടും. റീഡബിലിറ്റി വളരെ പ്രധാനമാണ്.

‘പൊന്നുങ്കുടം’ തർജമ ചെയ്യുമ്പോൾ my little gold pot എന്നത് ഇംഗ്ലീഷിൽ വേറെ അർഥമുള്ള ഒരു phrase ആയിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. മഴവില്ലി​ന്റെ അറ്റത്തുള്ള ഒരു trace ആണ് ആ gold pot. സന്ദർഭം പ്രധാനമാണ്. കുഴിയാനയെ ant lion എന്നാണ് ആഷർ ഉപയോഗിച്ചിരിക്കുന്നത്. കെ.ജി. ശങ്കരപ്പിള്ളയുടെ കവിതയിലെ ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന പ്രയോഗം ഒരു മോഹത്തി​ന്റെ പ്രതീകമാണ്. അതിൽ ഭ്രമിപ്പിച്ച പൊള്ളയായ വാഗ്ദാനങ്ങൾ എന്ന ഒരടരുണ്ട്. ഞാനത് ‘Oh Brave New World’ എന്ന് മിറാൻഡ പറഞ്ഞതാണ് അവിടെ എടുത്തത്. ഒരു പദമോ പ്രയോഗമോ എടുക്കുമ്പോൾ എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്നതാകണം എന്നതാണ് എ​ന്റെ പ്രഥമ പരിഗണന.

ഞാൻ േപ്രമയെ ആദ്യം പരിചയപ്പെടുമ്പോൾ േപ്രമയും സുഹൃത്ത് േപ്രമ വിശ്വനാഥനുംകൂടി ജിയുടെ കവിത തർജമചെയ്ത് അൽപം പ്രശസ്​തരായിരിക്കുകയായിരുന്നു. പക്ഷേ, േപ്രമ പ്രസിദ്ധീകരിച്ചതെല്ലാം നോവലുകളാണല്ലോ?

പ്രസിദ്ധീകരിച്ച കൃതികളുടെ ലിസ്റ്റിലില്ലെങ്കിലും ഞാൻ ഒരുപാട് കവിതകളും വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ലിറ്ററേച്ചറിൽ കുറെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻ.എൻ. കക്കാടി​ന്റേതാണ് മിക്കതും. കെ.ജി.എസിന്റെയും 35ഓളം കവിതകൾ ചെയ്തിട്ടുണ്ട്. ചിലത് സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണത്തിൽ വന്നിട്ടുണ്ട്. ആലങ്കോട് ലീലാകൃഷ്ണ​ന്റെ ചില കവിതകൾ ചെയ്തിട്ടുണ്ട്. അങ്ങനെ കുറെയൊക്കെ.

കവിത വിവർത്തനം ചെയ്യുക ബുദ്ധിമുട്ടാണ്. കാരണം, ഇംഗ്ലീഷ് ഭാഷ ഒരുവിധം നന്നായി കൈകാര്യംചെയ്യുമെന്ന് തോന്നുന്നുണ്ടെങ്കിലും ഞാൻ ഒരു കവിയല്ല. അതെനിക്കു ബോധ്യമുണ്ട്. ഒരുവിധം നന്നായി എന്ന തോന്നലുണ്ടായാൽ ഭയങ്കര സംതൃപ്തിയാണ്. കക്കാടി​ന്റെ കവിതകളുടെ വിവർത്തനം ഒരു സമാഹാരമാക്കി ഇറക്കുക എന്നത് വലിയൊരു സ്വപ്നമാണ്. കുറെ ചെയ്തുവെച്ചിട്ടുണ്ട്.

 

സേതു

ടി. പത്മനാഭന്റെ കുറെ കഥകൾ, സേതുവി​ന്റെ കുറെ കഥകൾ, കുറെ സ്​ത്രീകളുടെ കഥകൾ ഒക്കെ തർജമ ചെയ്തിട്ടുണ്ടല്ലേ?

മലയാളത്തിലെ ഏറ്റവും ശക്തമായ എഴുത്ത് ചെറുകഥകളിലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവയുടെ വിവർത്തനം പ്രസിദ്ധീകരിക്കാൻ ആളില്ലായിരുന്നു. ഇപ്പോൾ കൂടുതൽ പ്രസാധകർ അവ പുറത്തിറക്കുന്നുണ്ട്.

‘കരുണാകര മേനോനും ഈസ്റ്റിന്ത്യാ കമ്പനിയും’ എന്നൊരു പുസ്​തകം േപ്രമ രചിച്ചിട്ടുണ്ട്. അതി​ന്റെ സാഹചര്യം എന്താണ്?

വാസ്​തവത്തിൽ എനിക്ക് ചരിത്രത്തിൽ വലിയ താൽപര്യമില്ല. ഞങ്ങളുടെ കുടുംബത്തിലെ പ്രഗല്ഭനായ വ്യക്തിയായിരുന്നു കരുണാകര മേനോൻ. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തലശ്ശേരി ഡെപ്യൂട്ടി കലക്ടറുടെ വിശ്വസ്​തനായിരുന്നു. പഴശ്ശിയെ പിടിച്ചതും കൊന്നതും അദ്ദേഹമാണെന്നും കെട്ടിലമ്മ അദ്ദേഹത്തി​ന്റെ കുടുംബത്തെ ശപിച്ചെന്നുമൊക്കെ കഥകൾ നിരവധി പ്രചരിച്ചിരുന്നു. എന്നാൽ, ഇതി​ന്റെ നിജസ്​ഥിതി അറിയാൻ എ​ന്റെ അമ്മാവൻ രാമുണ്ണി മേനോൻ കുറെ ഗവേഷണം നടത്തി. പറഞ്ഞു നടക്കുന്നതിൽ പലതും വാസ്​തവവിരുദ്ധമാണെന്ന് മനസ്സിലാക്കി. അദ്ദേഹം വെരി അക്കംപ്ലിഷ്ഡ് പേഴ്സൻ ആയിരുന്നു. നാലഞ്ചു ഭാഷകൾ അറിയാവുന്ന ബ്രിട്ടീഷുകാരുടെ പ്രതിനിധി എന്നനിലയിൽ രണ്ട് രാജധാനികളിലെങ്കിലും പോയി സംസാരിച്ചിട്ടുള്ള ഒരാൾ എന്ന കണ്ടെത്തൽ അദ്ദേഹത്തെ യഥാതഥമായി അവതരിപ്പിക്കേണ്ടതുണ്ട് എന്ന തോന്നലിൽ അമ്മാവനെ എത്തിച്ചു. ആ ദൗത്യം അദ്ദേഹം എന്നെ ഏൽപിച്ചു. അങ്ങനെയാണ് ആ പുസ്​തകം രചിക്കുന്നത്.

ബാങ്കിലെ ഉയർന്ന ഉദ്യോഗം രാജി​െവച്ച് സാഹിത്യത്തി​ന്റെ ലോകത്തിലേക്ക് വന്ന ഒരാളാണ് േപ്രമ. കുടുംബത്തെക്കുറിച്ചും അവരുടെ സഹകരണത്തെക്കുറിച്ചും ഒന്നു പറയാമോ...

ബാങ്ക് എനിക്ക് ഇടത്താവളം മാത്രമായിരുന്നു. കുറച്ചു നീണ്ടുനിന്നു അവിടത്തെ താമസം എന്നു മാത്രം. അന്ന് എനിക്ക് ജോലി ആവശ്യമായിരുന്നു. ഡെപ്പോസിറ്റ് നൽകാതെയും ശിപാർശ ഇല്ലാതെയും പെട്ടെന്ന് കിട്ടിയ ജോലി അതായിരുന്നു. ബാങ്ക് ജോലി ആവുന്നത്ര ഭംഗിയായി ചെയ്യാൻ ഞാൻ ശ്രമിച്ചു. നല്ല ബാങ്കറായിരുന്നു എന്നാണ് വിശ്വാസം. കണക്ക് എ​ന്റെ ഇഷ്ടവിഷയമായിരുന്നു എന്നതും ഈ ജോലിയിൽ സഹായിച്ചിട്ടുണ്ടാകാം.

എഴുത്തിനെ ഏറെ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു അമ്മ. ഒരു കവിയുടെ പെങ്ങളും മറ്റൊരു കവിയുടെ ഭാര്യയുമായ ശാരദദേവിക്ക് അങ്ങനെയല്ലേ പറ്റൂ. ഭർത്താവ് ജയൻ നല്ലൊരു വായനക്കാരനാണ്. ‘യക്ഷി’ തർജമ ചെയ്യാൻ േപ്രരിപ്പിച്ചത് ജയനാണ്. ഞാൻ വിവർത്തനംചെയ്തത് വായിച്ചിട്ട് കറക്ട് ചെയ്യാറുണ്ട് – ട്രാൻസ് ലേഷൻ അല്ല ഇംഗ്ലീഷ്. ഒരു മകൻ ഭാര്യയോടൊപ്പം ഇംഗ്ലണ്ടിൽ ജോലിചെയ്യുന്നു. അവർക്കും ഒരു മകനുണ്ട്.

എൻ.എൻ. കക്കാട്,മാടമ്പ് കുഞ്ഞുകുട്ടൻ,ടി.പി. രാജീവൻ,ഒ.വി. ഉഷ

 

പുതിയ േപ്രാജക്ടുകൾ എന്താണ്?

മനസ്സിൽ ഒരുപാടെണ്ണമുണ്ട്. ഒരു ആയുസ്സ് മതിയാവും എന്ന് തോന്നുന്നില്ല.

വിവർത്തനത്തിൽനിന്ന് എന്തുകിട്ടി?

ഭാഷകൾ ഇഷ്ടമാണ്. അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുക നല്ല രസമുള്ള പണിയാണ്. മലയാളത്തിലെ നല്ല കൃതികൾ മലയാളം അറിയാത്തവർ വായിക്കുക എന്നത് ഒരു നല്ല കാര്യമാണല്ലോ. പിന്നെ ഇതിൽനിന്നുണ്ടായ സൗഹൃദങ്ങൾ.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.