അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി കേസിനെക്കുറിച്ചും സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികളെക്കുറിച്ചും സംസാരിക്കുന്നു.കോടതി നടപടിക്രമങ്ങളിൽ തൃപ്തയല്ലാതെ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. ഇത്തരം സുപ്രധാനമായ കേസുകളിൽപോലും കോടതികളുടെ പ്രവർത്തങ്ങൾ സംശയമുളവാക്കുന്നതായി അഭിപ്രായമുണ്ടോ? ട്രയല്‍ കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ തുടർന്നുകൊണ്ടിരിക്കെ, അതിജീവിതക്കായി...
അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി കേസിനെക്കുറിച്ചും സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികളെക്കുറിച്ചും സംസാരിക്കുന്നു.
കോടതി നടപടിക്രമങ്ങളിൽ തൃപ്തയല്ലാതെ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. ഇത്തരം സുപ്രധാനമായ കേസുകളിൽപോലും കോടതികളുടെ പ്രവർത്തങ്ങൾ സംശയമുളവാക്കുന്നതായി അഭിപ്രായമുണ്ടോ?
ട്രയല്‍ കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ തുടർന്നുകൊണ്ടിരിക്കെ, അതിജീവിതക്കായി കോടതി നടപടികളുടെ ഭാഗമാവുന്ന അഭിഭാഷക എന്ന നിലയില്‍, കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പങ്കുവെക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് ആദ്യമേ അറിയിക്കെട്ട –വ്യക്തി എന്ന നിലയില്‍ സംസാരിക്കുകയാണെങ്കില്‍ ആവാം. ഒരു അഭിഭാഷക എന്ന നിലയില്‍ കോടതി നടപടികളെ ഞാന്‍ സംശയിക്കാനോ കുറ്റംപറയാനോ പാടില്ല. എന്നിരുന്നാലും ക്രിയാത്മകമായി വിമര്‍ശിക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ പക്ഷം.
ഇവിടെ അതിജീവിത അങ്ങനെ ആരോപിക്കുന്നതിനാല്‍ അവരുടെ ഭാഗത്തുനിന്നും നോക്കുമ്പോള്‍ ഇത്തരം ഒരു സംശയം ഉണ്ടായിട്ടുണ്ട് എന്നുതന്നെ വേണം കരുതാന്‍. കേസില്‍ പുറമെനിന്നുള്ള വലിയ സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ അത് വളരെ സ്പഷ്ടമാണ്. അതിജീവിതയുടെ സ്വകാര്യതക്കു മേലുള്ള ഒരു കടന്നുകയറ്റമായിരുന്നു ആ പ്രവൃത്തി. പ്രഥമ ദൃഷ്ടിയാല്തന്നെ FIR രജിസ്റ്റര്‍ ചെയ്യാവുന്ന ആരോപണമായിരുന്നിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും അത്തരം ഒരു സമീപനം ഉണ്ടായില്ല.
Sexual Assault കേസുകളിൽ ഇപ്പോഴുള്ള നിയമങ്ങൾ അപര്യാപ്തമായി തോന്നിയിട്ടുണ്ടോ?
നിയമങ്ങള്‍ അപര്യാപ്തമാണ് എന്ന അഭിപ്രായമില്ല. പക്ഷേ, നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നത് അതിലേറെ വ്യക്തവുമാണ്.
അതിജീവിതയുടെ കേസ് ഒരു ഉദാഹരണമായി എടുത്താൽ, കോടതി നടപടികളിലെടുക്കുന്ന കാലതാമസം കേസിന്റെ ഘടനയെ എത്രത്തോളം ബാധിക്കുന്നുണ്ട്? ഇത് കുറ്റാരോപിതരെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്നതായി തോന്നിയിട്ടുണ്ടോ? വിചാരണ അതിവേഗം തീർക്കാൻ ഏതെല്ലാം മാർഗങ്ങൾ നിർദേശിക്കാനാവും?
തീര്‍ച്ചയായും. ഇപ്പോഴും അങ്ങനെതന്നെയാണ് എന്നു പറയാം. ഒരുപാട് കാലങ്ങളായി ഉയരുന്ന ഒരു ആവശ്യമെന്ന നിലയില്‍ നോക്കുമ്പോഴും, ഇത്തരം കേസുകളില്‍ വേഗത്തില്‍ നടപടിക്രമങ്ങള്‍ നടക്കുന്ന പ്രത്യേക കോടതികള്‍ തന്നെയാണ് പ്രതിവിധി. സാധാരണയായി ഇത്തരം കേസുകളില്‍, പ്രത്യേകമായി പോക്സോ കേസുകളില്‍ എല്ലാം കുറ്റാരോപിതരായി വരുന്നവര്‍ സ്വന്തക്കാരോ ബന്ധക്കാരോ തന്നെ ആയിരിക്കാം.
അതിനാല്‍ തന്നെ സാക്ഷികളെയും ഇരയെയും തന്നെ പല മാര്‍ഗത്തിലും സ്വാധീനിക്കാനുള്ള (മൊഴി മാറ്റി പറയാനുള്ള മാനസിക സമ്മര്‍ദം) അവസരം ഉണ്ടാവുന്നു. വളരെ വേഗത്തില്‍ തീര്‍പ്പാക്കുന്ന കോടതികള്‍ വന്നാല്‍ ഇത്തരം പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാം. ഇത്തരം ദുരവസ്ഥയിലൂടെ പോവുന്ന ഇരകള്‍/ അതിജീവിത പൊതുവെ വീട്ടില്‍/ പീഡനം അനുഭവപ്പെട്ടവരുടെ അടുത്തുനിന്നും അകന്നു നില്ക്കുന്നവരുമാവാം. അവരുടെ സ്വാഭാവിക ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കുകള്ക്കും അതിവേഗ കോടതി നടപടികള്‍ സഹായകമായിരിക്കും.
ജാമ്യം അനുവദിക്കപ്പെട്ട കുറ്റാരോപിതന്റെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ/ അയാൾക്കായി മറ്റുള്ളവരുടെ ഇടപെടൽ കേസിന്റെ വിചാരണയെ ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ?
ഇന്നത്തെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ നമുക്ക് തടയാന്‍ ഒക്കില്ല. എന്നിരുന്നാലും സത്യത്തെ മറച്ചുവെക്കാന്‍ പറ്റാത്ത ഒരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ സോഷ്യല്‍ മീഡിയ വലിയ പങ്ക് വഹിക്കുന്നു എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍, അത് വളരെ മോശമായ ഒരു അവസ്ഥ ഉണ്ടാക്കുന്നു എന്നും പറയാനാവില്ല. പ്രതികള്‍ പറയുന്നതെല്ലാം അവര്‍ക്ക് ഗുണകരമാവുന്നില്ല എന്നതും കാണുന്നു. പിന്നെ പ്രത്യേകിച്ചും നടന്മാര് കുറ്റാരോപിതരായി വരുന്ന കേസുകളില്‍ മാത്രമേ ഇത്തരം പ്രവണതകള്‍ കാണുന്നുള്ളൂ എന്നതും വാസ്തവമാണ്.
ഇത്തരം കേസുകളിൽ കുറ്റാരോപിതരായവർ, നല്ലൊരു ശതമാനം വിദേശ രാജ്യങ്ങളിലേക്ക് കടന്നുകളയുന്നതായി കാണുന്നു. മറ്റെല്ലാ കേസിലും ഈ അവസ്ഥ തടയപ്പെടേണ്ടതാണ് എന്നിരിെക്കത്തന്നെ, നിയമനിർമാണ സഭക്ക് എന്ത് ചെയ്യാനാവും?
പൊലീസുകാര്‍ അവരുടെ ഭാഗം ആത്മാര്‍ഥതയോടെ ചെയ്യുക എന്നത് മാത്രാണ് വഴി. കുറ്റാരോപിതനായ വ്യക്തി ആ കുറ്റം ചെയ്തിട്ടുണ്ടെന്ന് ആദ്യാന്വേഷണത്തില്‍ ബോധ്യപ്പെടുന്ന പക്ഷം, രക്ഷപ്പെടാനുള്ള പഴുതുകള്‍ അടക്കണം എന്നതു മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.
നിർഭയ കേസിന്റെ അലയൊലികളുടെ ഭാഗമായി രാജ്യത്തെ നിയമങ്ങൾ മാറുകയുണ്ടായി. എന്നിരുന്നാലും Sexual Assault ന്റെ കൂടെ കൃത്യത്തിന്റെ വിഡിയോ എടുത്ത് ഭീഷണിപ്പെടുത്തുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഇൗ കേസിലും അത്തരം പ്രവൃത്തിയുണ്ടായി. ഇത് തടയാനായി പ്രത്യേകം കർക്കശ നിയമങ്ങൾ ഇല്ല എന്നിരിക്കെ, നിയമനിർമാതാക്കളോട് എന്തെല്ലാം നിർദേശങ്ങളാണ് നൽകാനുള്ളത്?
ഞാന്‍ ഒരു ഐ.പി.എസ് ഓഫിസറുടെ ആത്മകഥ വായിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ ആ പുസ്തകത്തിലെ ഒരു ഭാഗം വ്യക്തമായി ഓര്‍ക്കുന്നു. മഹാരാഷ്ട്രയിലെ ഏതോ ഉള്ഗ്രാമത്തിലാണെന്ന് തോന്നുന്നു, ഈയടുത്ത് 2021-22ല്‍, ഒരു കോളജില്‍ പഠിക്കുന്ന 150ഓളം കുട്ടികളെ ഒരാള്‍, ആ പ്രദേശത്തെ ഒരു ജനപ്രതിനിധി പീഡിപ്പിക്കുകയുണ്ടായി. ട്രാപ്പില്‍ പെട്ടുകൊണ്ട് അയാളുടെ അടുത്തെത്തുന്ന കുട്ടികളുടെ വിഡിയോ പകര്‍ത്തി വീണ്ടും വീണ്ടും വിളിച്ചുവരുത്തി പീഡിപ്പിക്കലായിരുന്നു കുറ്റകൃത്യത്തിന്റെ സ്വഭാവം. അതൊരു വലിയ കേസ് ആയി മാറി.
പൊലീസ് അന്വേഷിച്ച് കണ്ടെത്തുകയുംചെയ്തു. ഇത് നടന്നത് നിയമം ഇല്ലാഞ്ഞിട്ടാണോ. അല്ലല്ലോ... ഇപ്പോഴത്തെ ഐ.ടി നിയമം അനുസരിച്ച് തന്നെ കുറ്റകൃത്യവും, 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. എന്നാല്‍ 2018ലെ 66ാം അനുച്ഛേദം മാറ്റം വരുത്തി കുറ്റകൃത്യം ചെയ്യണമെന്ന മനസ്സോടെ ദുരുദ്ദേശ്യം െവച്ച് ചെയ്യുന്ന പ്രവൃത്തികള്ക്കുമാത്രം ഈ ശിക്ഷ നല്കിയാല് മതി എന്ന് കൂട്ടിച്ചേര്‍ത്തു. ഇത് ഗൂഢാലോചന തെളിയിക്കുന്നതുപോലെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായതിനാല്‍, കുറ്റാരോപിതര്‍ക്ക് കേസില്‍നിന്നും രക്ഷപ്പെടാന്‍ ഒരു പഴുത് നല്കി.
ഇരകളാക്കപ്പെടുന്നവർ പെെട്ടന്നുതന്നെ നിയമസഹായം തേടുന്നത് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറക്കാൻ കാരണമാവും എന്നിരിക്കെ, ധൈര്യത്തോടെ മുന്നോട്ടു വരാൻ സർക്കാർ/ നിയമവ്യവസ്ഥകൾക്ക് എന്തെല്ലാം ചെയ്യാനാവും?
കേരളം ഒരു അപൂർവമായ കേസ് ആയിരിക്കാം. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ എടുക്കൂ. വേലക്കാരിയുടെ മകളെ ഒരു ബി.ജെ.പി എം.എൽ.എ പീഡിപ്പിക്കുന്ന അവസ്ഥ ഉണ്ടായില്ലേ. അതിനെതിരെ നിയമപോരാട്ടം നടത്തിയവര്‍ എന്തായി. ഒന്നിന് പിറകെ ഒന്നായി കൊല്ലപ്പെടുന്ന അവസ്ഥപോലുമുണ്ടായി. നിയമപോരാട്ടം നടത്തിയ വക്കീലിനു നേരെപ്പോലും വധശ്രമമുണ്ടായി.
അതുകൊണ്ട്, ഇത്തരം കേസുകളില്‍ കുറ്റാരോപിതര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് പൊലീസിനു ബോധ്യപ്പെടുന്ന നിമിഷം, അവരുടെ കേസ് നടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ സഹായവും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന അവസ്ഥ ഉണ്ടാവണം. പ്രൈവറ്റായിട്ട് ഒരു വക്കീലിനെ വെക്കണമെങ്കില്പോലും അതിനായുള്ള സാമ്പത്തിക സഹായം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം.
പണത്തിന്റെ സ്വാധീനം ഇത്തരം കേസുകളിൽ വലിയ നിർണായക ഘടകമായി വരാറുള്ളതായി ശ്രദ്ധിച്ചിട്ടുണ്ട്. Sexual Assault കേസുകളിൽ അതിജീവിത സാമ്പത്തികമായി കുറ്റാരോപിതനോളം സ്വാധീനമില്ലാത്തവരാവുന്നതും സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ അതിജീവിതയുടെ ഭാഗം നിൽക്കാനുള്ള ധാർമിക ബാധ്യത സർക്കാറിനുണ്ട് എന്ന് കരുതുന്നുണ്ടോ? അതിജീവിതക്ക് അധിക പരിരക്ഷ നൽകാനായി എന്തെല്ലാം ഭേദഗതികൾ നിർദേശിക്കാനാവും?
തീര്‍ച്ചയായും. അവര്‍ അവരുടെ പണത്തിന്റെ സ്വാധീനം വ്യക്തമായും കാണിച്ചിട്ടുണ്ട്. ഞാന്‍ അതിജീവിതയുടെ അഭിഭാഷകയായി ഈ കേസിന്റെ ഭാഗമാവുന്നത് തുടരന്വേഷണം തുടങ്ങിയ സമയത്താണ്. ആ സമയത്ത് ഞാന്‍ ശ്രദ്ധിച്ച പ്രധാന കാര്യങ്ങളിലൊന്ന് ഇതായിരുന്നു. ആ ഘട്ടം ആയപ്പോേഴക്കും സമൂഹത്തില്‍ ഉയര്‍ന്ന നിലയിലുള്ളവര്‍, അതായത് ജഡ്ജിമാര്‍, അഭിഭാഷകര്‍, സിനിമാരംഗത്തുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇടയില്‍ അതിജീവിതയെ ഒരു മോശക്കാരിയാണ് എന്നു ചിത്രീകരിക്കുന്ന തരത്തിലൊരു സംസാരം ഏറെ പ്രകടമായിരുന്നു. ഞാന്‍ ഈ കേസിന്റെ ഭാഗമായതിനുശേഷം ശരിയായ വശം ഏതാണെന്നുള്ള ഭാഗം വ്യക്തമാക്കാന്‍ എനിക്കു പറ്റി. അപ്പോഴാണ് സമൂഹം ഈ കേസ് ചര്‍ച്ചചെയ്തു തുടങ്ങിയത്.
ദുബൈയില്‍ ആത്മഹത്യ ചെയ്ത റിഫയുടെ കേസ് ഓര്‍മയില്ലേ. ഒരു പെണ്‍കുട്ടി ശാരീരികമായി ഉപദ്രവിക്കപ്പെടുന്നത് അവളുടെ കുറ്റംകൊണ്ടാണോ? ഞാന്‍ ഒരു ഇടതുപക്ഷക്കാരിയാണ്. ശൈലജ ടീച്ഛറെയും ബിന്ദുവിനെയും വീണ ജോര്ജിനെയുംപോലുള്ള സ്ത്രീ മന്ത്രിമാര്‍ കഴിഞ്ഞ രണ്ടു തവണയിലായി ഉണ്ടായെങ്കിലും, വളരുന്ന ലോകത്തിലെ സ്ത്രീ കാഴ്ചപ്പാടുകളെ ഉൾക്കൊള്ളാനോ അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് അതിനനുസരിച്ച് ഉയരാനോ സര്‍ക്കാറിനായിട്ടില്ല. പാഠ്യപദ്ധതികളില്‍ ഇത്തരം സാമൂഹിക വിഷയങ്ങള്‍ ഉള്‍പ്പെടുത്താമല്ലോ. സമൂഹത്തിന്റെ മാറേണ്ട പുരുഷാധിപത്യ പ്രവണതകള്‍ പഠിപ്പിക്കാന്‍ അതിലും നല്ലവഴികള്‍ വേറെയുണ്ടോ... നിയമം പഠിക്കുന്ന വിദ്യാർഥികളെ ഉള്‍ക്കൊള്ളിച്ചു സമൂഹത്തെ അവബോധപ്പെടുത്താമല്ലോ.
അത്തരം പ്രവൃത്തികള്‍ ഒന്നും ഇവിടെ കാണുന്നില്ല. ഒരുപക്ഷേ, അതിജീവിതയെക്കാള് സാമൂഹിക അവഗണന അവളുടെ സഹോദരന്മാരും കുടുംബവും നേരിടുകയുണ്ടായി. മുഴുവന്‍ സമൂഹം തന്നെ അവരെ മാനസികമായി തളര്‍ത്തുകയും, കൂടെ നിന്നു എന്ന കാരണത്താല്‍ ജോലി നഷ്ടപ്പെടുത്തുകയും, വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുകയുംചെയ്തു. അവര്‍ക്ക് കിട്ടേണ്ട പ്രോജക്ടുകള്‍ ഇല്ലാതാക്കി കൊല്ലാന്‍ ശ്രമിക്കുക വരെയുണ്ടായി.
ഇെതല്ലാം അവര്‍ക്ക് അനുഭവിക്കേണ്ടി വന്നത് സഹോദരിയുടെ കൂടെനിന്നതിനാലായിരുന്നു. അതുപോലും ഇതുവരെ നമ്മുടെ സമൂഹം ചർച്ചക്കെടുത്തിട്ടില്ല. അതിജീവിതയാണെന്ന് അവര്‍ പ്രഖ്യാപിച്ചശേഷം മാത്രമേ കുറച്ചെങ്കിലും സത്യം മനസ്സിലാക്കാന്‍ നമ്മില്‍ ബഹുഭൂരിപക്ഷവും ശ്രമിച്ചുള്ളൂ എന്നതായിരിക്കും വാസ്തവം. അതും കുറച്ചു നാളത്തേക്ക്. പിന്നീടതെല്ലാം സൗകര്യപൂർവം മറക്കുന്നു.
സുനിത കൃഷ്ണ നടത്തുന്ന എൻ.ജി.ഒ പ്രജ്വല, ശാരീരിക പീഡനം അനുഭവിച്ച സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു സംഘടന ആണത്. അതുപോലെ, ഇത്തരം കുറ്റങ്ങള്‍ക്കെതിരെ അവബോധം വളര്‍ത്താനായി നടത്തുന്ന പരിപാടികളെ എടുക്കാം. അതിലധികവും സ്ത്രീകളെ ‘നേര്‍വഴി’ കാണിക്കുന്നതായിരിക്കും.
കോളജുകള്‍ കേന്ദ്രീകരിച്ചു നോക്കൂ... ആണ്‍കുട്ടികളെ ബോധവാന്മാരാക്കുന്ന എത്ര പ്രോഗ്രാമുകള്‍ നടക്കുന്നുണ്ട്. വളരെ തുച്ഛമായിരിക്കാം. തീര്‍ച്ചയായും അവരാണ് കൂടുതല്‍ ബോധവാന്മാരാവേണ്ടത്. അതിലൂടെ മാത്രമേ ഒരു ലിംഗസൗഹൃദ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കൂ. ഇത്തരം പോരാട്ടങ്ങള്‍ക്ക് മുന്നില്‍നിന്ന് നയിക്കാന്‍ ആണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങുന്ന ഒരു ലോകമാണ് നമ്മുടെയെല്ലാം സ്വപ്നം.
ഇരയായവള്‍ക്ക് അവള് ഉദ്ദേശിക്കുന്ന അഭിഭാഷകരെ തന്നെ എത്തിച്ചുകൊടുക്കുക എന്നതാണ് സര്‍ക്കാറിനു ചെയ്യാന്‍ കഴിയേണ്ട മറ്റൊരു കാര്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരയുടെ പൂര്‍ണസമ്മതത്തോടെ കേസ് നടത്തിപ്പ് മുഴുവനായും തന്നെ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഇര ആഗ്രഹിക്കുന്നപോലെയുള്ള ഒരു അഭിഭാഷകനെ നിയമിക്കാനായി, ഒരുപക്ഷേ നല്ല വേതനം ആവശ്യപ്പെടുന്ന അഭിഭാഷകനാണ് എങ്കില്‍കൂടിയും, മോശമല്ലാത്ത തുക വേതനമായി സര്‍ക്കാര്‍ നല്കാന് സ്വമേധയാ തീരുമാനിക്കേണ്ടതുണ്ട്. ഇതുവഴി സര്‍ക്കാറിന് എന്തെങ്കിലും നിക്ഷിപ്ത താൽപര്യങ്ങള് ഉണ്ടെങ്കില്‍ അവ തടയാനും സാധിക്കുന്നു. അത് ഒരു നിയമമായിതന്നെ വരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഇത്തരം കേസുകളില്‍ നമ്മുടെ കോടതികള്‍ പിന്തുടരുന്ന Burden of Proof തെളിയിക്കാനുള്ള നടപടിക്രമം പലപ്പോഴും അതിജീവിതക്ക് ഒരു പ്രശ്നമായി കാണാറുണ്ട്. അതില്‍ അഭിപ്രായം എന്താണ്?
ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമത്തില്‍, ഈ വ്യവസ്ഥയില്‍നിന്നും പൂർണമായല്ലാതെയുള്ള ഒരുമാറ്റം വരുന്നുണ്ട്. നമുക്ക് പോസിറ്റിവായി കാണാം. സംശയത്തിന്റെ ചെറിയ ആനുകൂല്യത്തില്‍ കുറ്റമുക്തമാക്കപ്പെടുന്ന അവസ്ഥ ഇല്ലാതാവാം.
തെറ്റായ കുറ്റാരോപണങ്ങൾ ഇത്തരം കേസുകളുടെ മറ്റൊരു വശമാണല്ലോ... അത്തരം അവസ്ഥകൾ ഒഴിവാക്കാൻ എന്തെങ്കിലും വഴികൾ ഉള്ളപോലെ തോന്നുന്നുണ്ടോ?
ഇത്തരം കേസുകള്‍ ഒരുപാട് അഭിമുഖീകരിച്ച ഒരു വ്യക്തി എന്നനിലയില്‍ പറയുകയാണെങ്കില്‍, നിയമ ആനുകൂല്യങ്ങളെ പ്രതികാരബുദ്ധിയാല്‍ ഉപയോഗിക്കുന്ന സ്ത്രീകളും ഒരുപാടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി അവര്‍ സ്വമേധയായോ, മറ്റാരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ തെറ്റായ കേസുകള്‍ കൊടുക്കുന്ന പ്രവണതയും മുന്നിലുണ്ട്. പ്രധാനമായും കുടുംബവഴക്ക് കേസുകളിലാണ് ഇത് കണ്ടിട്ടുള്ളത്.
ഇത്തരം കേസുകളില്‍, കേസിന്റെ വിശ്വാസ്യത പൊലീസ് ഉള്‍ക്കൊള്ളുക എന്നതാണ് ആദ്യത്തെ കടമ്പ. കേസെടുക്കുന്നത് നിയമപ്രകാരം പൊലീസിനുമേല്‍ നിര്‍ബന്ധമാക്കപ്പെട്ടിട്ടുണ്ടെങ്കിലും കേസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് കേസിന്റെ വിശ്വാസ്യത പ്രസ്താവിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.