എന്താണ് യുവത്വത്തിന്റെ പ്രതീക്ഷകൾ, വെല്ലുവിളികൾ, ബദലുകൾ? കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ചില ചെറുപ്പക്കാർ തങ്ങളുടെ നിലപാടുകളും അനുഭവങ്ങളും തുറന്നു പറയുന്നു. മാധ്യമപ്രവർത്തക ധന്യാ രജേന്ദ്രൻ, ചരിത്രകാരൻ ഡോ. വിനിൽപോൾ, കഥാകൃത്ത് വി.എം. ദേവദാസ്, പൗരത്വ സമര പ്രക്ഷോഭത്തിലെ വിദ്യാർഥി നേതാവ് ലദീദ ഫർസാന, യുവ ചിന്തകൻ ദിനു വെയിൽ, നടൻ ലുക്മാൻ അവറാൻ, ഓളം പോലുള്ള സൗജന്യ സൈറ്റുകൾ ഒരുക്കിയ ഐ.ടി പ്രഫഷനൽ കൈലാഷ് നാഥ് എന്നിവരാണ് ഈ ചർച്ചയിൽ പങ്കാളിയാകുന്നത്.
വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന യുവാക്കൾ/ യുവതികൾ തങ്ങളുടെ പ്രവർത്തനമേഖലകളിലെ പ്രതീക്ഷയും പ്രതിസന്ധികളും പങ്കുവെക്കുകയാണ് ഈ ചർച്ചയിൽ. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇവിടെ ചർച്ചയാവുന്നത്.
1. ഈ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ എന്തു പ്രതീക്ഷയാണ് മുന്നോട്ടു നയിച്ചത്? എന്തായിരുന്നു പ്രത്യയശാസ്ത്രം, കരിയർ സ്വപ്നങ്ങൾ?
2. വർത്തമാനകാല രാഷ്ട്രീയ പരിസരത്തിൽ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള തടസ്സങ്ങൾ/ പ്രതിസന്ധികൾ എന്തൊക്കെയാണ്? ഭരണകൂട ഇടപെടലുകളെയും സാമൂഹിക പ്രതിബന്ധങ്ങളെയും എങ്ങനെ കാണുന്നു?
3. പുതിയ കാലത്ത് എന്തൊക്കെ ബദൽ മാർഗങ്ങൾ മുന്നോട്ടുവെക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അത്തരത്തിലുള്ള പരീക്ഷണങ്ങൾ എന്താണ്?
ഈ മൂന്ന് ചോദ്യങ്ങളിൽ ഊന്നിയ ചർച്ചയുടെ പ്രസക്തഭാഗങ്ങളാണ് ചുവടെ:
മുന്നോട്ടു നയിച്ച പ്രതീക്ഷകൾ, സ്വപ്നങ്ങൾ
ഇൗ ചർച്ചയിൽ ആദ്യം പെങ്കടുക്കുന്നത് സാേങ്കതിക വിദഗ്ധനും ‘ഒാളം’ പോലുള്ള ലാഭേച്ഛയില്ലാത്ത സാമൂഹിക സൈറ്റുകൾ മലയാളത്തിന് നൽകുകയും ചെയ്ത, െഎ.ടി പ്രഫഷനൽ കൈലാഷ് നാഥാണ്. Zerodha Techന്റെ സഹസ്ഥാപകനും ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറായ, Zerodhaയുടെ സി.ടി.ഒയുമാണ് കൈലാഷ് നാഥ്. കോഴിക്കോട് പാറോപ്പടി സ്വദേശിയാണ് അദ്ദേഹം.
കൈലാഷ് നാഥ്: 2001-2002 കാലഘട്ടത്തിൽ തികച്ചും യാദൃച്ഛികമായാണ് ഇന്റർനെറ്റും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങുമായി ഇടപെട്ട് തുടങ്ങുന്നത്. മനസ്സിൽ സങ്കൽപിക്കാവുന്ന പല ആശയങ്ങളും വീട്ടിലിരുന്നുതന്നെ സോഫ്റ്റ്വെയർ രൂപത്തിൽ ആവിഷ്കരിച്ചെടുക്കാനാവുമെന്ന അറിവ് എന്നെ ആവേശഭരിതനാക്കുകയും, ദിനരാത്രങ്ങളിലായുള്ള അനേകം പരീക്ഷണങ്ങളും വിജയങ്ങളും എന്നെ പൂർണമായും ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കടുപ്പിക്കുകയും ചെയ്തു. പിന്നെ കളിയും കാര്യവും അതിലായി. അറിയാത്ത എന്തും നിമിഷനേരം കൊണ്ടറിയാം, ലോകത്തിലെവിടെയുമുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകൾ മറ്റെവിടെയും ഉപയോഗിക്കാം, നമ്മൾ നിർമിക്കുന്ന സോഫ്റ്റ്വെയർ ലോകമെമ്പാടുമുള്ള എണ്ണിയാലൊടുങ്ങാത്ത ജനങ്ങൾക്ക് ഉപകാരപ്രദമാകാം. ഇന്റർനെറ്റിന്റെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ഈ അനന്തസാധ്യതകൾ രണ്ടു പതിറ്റാണ്ടു മുമ്പ് എന്നിലുണ്ടാക്കിയ വിസ്മയവും ജിജ്ഞാസയും ഇന്നും അതേപോലെ തുടരുന്നു. ‘ഓളം’, ‘അലർ’ നിഘണ്ടുകൾ ഇത്തരത്തിൽ നിർമിച്ച പ്രോജക്ടുകളാണ്. ഒരിക്കലും തൊഴിലിനായി എത്തിപ്പെട്ട മേഖലയെല്ലങ്കിലും, ഒട്ടും അതിശയമില്ലാതെ കാലക്രമേണ അതുതന്നെ തൊഴിലാവുകയും തൊഴിലും വിനോദവും ഒന്നുതന്നെ എന്ന ഭാഗ്യം കൈവരുകയും ചെയ്തു.
ഠ ഠ ഠ
ഈ ചർച്ചയിൽ രണ്ടാമതായി പങ്കെടുക്കുന്ന ധന്യ രാജേന്ദ്രൻ ‘ദ ന്യൂസ് മിനിറ്റി’ന്റെ സഹസ്ഥാപകയും ചീഫ് എഡിറ്ററുമാണ്. 2003ൽ ഇന്ത്യാവിഷനിലൂടെ മാധ്യമരംഗത്ത് വന്നു. പിന്നീട് ‘ന്യൂ ഇന്ത്യൻ എക്സ്പ്രസ്’, ‘ടൈംസ് ഒാഫ് ഇന്ത്യ’ എന്നിവയിലും പ്രവർത്തിച്ചു. ശബരിമല വിഷയങ്ങളക്കം റിപ്പോർട്ട് ചെയ്തതിലൂടെ ദേശീയതലത്തിൽ ശ്രദ്ധേയായി. പലവട്ടം ഹിന്ദുത്വവാദികളുടെ സൈബർ അറ്റാക്കിന് വിധേയയായി. പാലക്കാട് സ്വദേശിയാണ്.
ധന്യ രാജേന്ദ്രൻ: ഒരു കരിയർ ഓപ്ഷനായി എനിക്കു മുന്നിൽ ആദ്യമേ ഉണ്ടായിരുന്നത് മാധ്യമപ്രവർത്തനമായിരുന്നു. നിയമപഠനം രണ്ടാമതേ പരിഗണിച്ചിരുന്നുള്ളൂ. ആളുകളുടെ കഥകൾ പറയുന്നതിലും അവർക്കൊപ്പം നിന്ന് പോരാടുന്നതിലും ഞാൻ തൽപരയായതുകൊണ്ടായിരുന്നു അത്. കടന്നുപോയ വർഷങ്ങളിൽ ഒരു മാധ്യമപ്രവർത്തക എന്ന നിലക്കുള്ള എന്റെ ലക്ഷ്യങ്ങൾ പലതരത്തിൽ മാറിയിട്ടുണ്ട്. ഒരു ഓഫിസിലെ ജൂനിയറായി വർക്ക് ചെയ്തിരുന്ന തുടക്കകാലങ്ങളിൽ എന്റെ ലക്ഷ്യം ഒരു വലിയ ബ്രേക്കിങ്ങോ ഇന്റർവ്യൂവോ കിട്ടുകയെന്നതായിരുന്നു. ഡൽഹിയിലെ ഹെഡോഫിസിൽനിന്ന് ഏറെയകലെയായി, ചെന്നൈയിൽ വർക്ക് ചെയ്യുന്ന ഒരു ജൂനിയർ റിപ്പോർട്ടർ അദൃശ്യയാക്കപ്പെടാനും അവർ ചെയ്യുന്ന സ്റ്റോറികൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാനും സാധ്യതകളേറെയായിരുന്നു. പരിഗണിക്കപ്പെടാനും വലിയൊരു സ്റ്റോറി ബ്രേക്ക് ചെയ്യാനുമൊക്കെ ശക്തമായ പോരാട്ടംതന്നെ വേണ്ടിവന്നു. ദിവസേനയുള്ള പണി ഒരേസമയം ഉന്മേഷദായകവും മടുപ്പിക്കുന്നതുമായിരിക്കുമ്പോൾ തന്നെ വലിയ രാഷ്ട്രീയ അഭിമുഖമോ ലൈവ് പരിപാടി കവർ ചെയ്യുന്നതോ മാത്രമായി എന്റെ മാധ്യമപ്രവർത്തനം പരിമിതപ്പെടരുതെന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ ഞാൻ മനസ്സിലാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെയും കഥകൾ പറയുന്നതിലേക്ക് പതുക്കെ ശ്രദ്ധതിരിച്ചു. ഉറക്കെപ്പറയുക എന്നതിനേക്കാൾ സെൻസിറ്റിവായി കഥകൾ പറയുന്നതിനെ കുറിച്ച്; ഞാൻ ഏറെ പഠിക്കുകയും മാറ്റിപ്പഠിക്കുകയും ചെയ്തു. ഒരു ‘ദേശീയ’ ചാനലിൽ എട്ടു വർഷത്തോളം ജോലിചെയ്തശേഷം അതിൽ ‘ദേശീയമായി’ ഒന്നുമില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വാർത്തകൾക്ക് കൂടുതൽ ദൃശ്യത ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് എന്റെ ജീവിതലക്ഷ്യമായി മാറിയത്.
വർഷങ്ങളായി ഞാൻ പല ടി.വി ചാനലുകളിലും ഒരു പത്രത്തിലും ജോലിചെയ്യുകയും ഒരു ഡിജിറ്റൽ വാർത്താ സ്ഥാപനം നടത്തുകയും ചെയ്യുന്നുണ്ട്. ഇക്കാലയളവിൽ പ്രവർത്തിക്കുന്ന മീഡിയം മാറിയിട്ടുണ്ടെങ്കിലും, മാധ്യമപ്രവർത്തനം പൊതുനന്മക്കാണെന്ന് ഞാനെപ്പോഴും വിശ്വസിച്ചിരുന്നു. നിർഭാഗ്യവശാൽ, മാർക്കറ്റ് യാഥാർഥ്യങ്ങൾ മാധ്യമപ്രവർത്തനത്തെ പലപ്പോഴും പൊതുനന്മയിൽനിന്ന് വിച്ഛേദിക്കുന്നു. എന്നാൽ, ഇവിടെ എന്താണ് നമ്മുടെ ഉദ്ദേശ്യമെന്ന് കൃത്യമായ ഇടവേളകളിൽ നമ്മെത്തന്നെ ഓർമിപ്പിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
ഠ ഠ ഠ
ലുക്മാൻ അവറാൻ
‘‘എന്തിനാണ് സാറെ ഇങ്ങനെയൊക്കെ പറയുന്നേ?..’’ ‘‘എടാ ആദിവാസി, നീയൊക്കെ അല്ലേടാ മാവോയിസ്റ്റ്?’’ എന്ന് മുതിർന്ന പൊലീസുകാരൻ ചോദിക്കുമ്പോൾ പി.സിയായ ബിജുകുമാർ പറയുന്ന ഉത്തരമുണ്ട്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’യിൽ ആരും നെടുവീർപ്പിട്ടുപോകുന്ന രംഗം. ബിജുകുമാർ എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ ഒട്ടും അതിശയോക്തിയില്ലാതെ കൈയടക്കത്തോടെ അവതരിപ്പിച്ചത് അന്ന് അധികം ആർക്കും പരിചയമില്ലാതിരുന്ന ലുക്മാൻ അവറാൻ എന്ന ചെറുപ്പക്കാരനായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’, ‘കലി’, ‘കെ.എൽ 10 പത്ത്’, ‘വൈറസ്’ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത് കൈയടി നേടിയിരിക്കുന്ന സമയത്തായിരുന്നു ‘ഉണ്ട’യിലെ ബിജുകുമാറിലേക്ക് ലുക്മാനെത്തുന്നത്. അവിടെനിന്ന് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷൻ ജാവ’യിലെ വിനയ് ദാസനിലെത്തിയപ്പോൾ ഇവന് മലയാള സിനിമയിൽ ഒരിടമുണ്ടെന്ന് എല്ലാവരും ഉറപ്പിച്ചു. ഖാലിദ് റഹ്മാന്റെ ‘തല്ലുമാല’യിലെ ജംഷിയെ സ്ക്രീനിൽ നിറച്ചത് ലുക്മാനായിരുന്നു. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 53ാം ഐ.എഫ്.എഫ്.ഐയിൽ പ്രദർശിപ്പിച്ച തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’യിൽ മുഖ്യകഥാപാത്രങ്ങളിലൊന്ന് ലുക്മാൻ തന്റേതായ ശൈലിയിൽ കൈയടക്കത്തോടെ അവതരിപ്പിച്ചു.
ലുക്മാൻ അവറാൻ: 2013ഓടെയാണ് സിനിമയിലേക്ക് എത്തുന്നത്. ചെറിയ വേഷങ്ങൾ ഒന്നു രണ്ട് സിനിമകളിൽ ചെയ്തായിരുന്നു തുടക്കം. അറിയപ്പെടുന്ന ഒരു സിനിമ നടനാകണം എന്ന് സ്വപ്നം കണ്ടുതുടങ്ങുന്നത് അവിടെനിന്നായിരുന്നു. സിനിമയിൽ ഞാൻ ആരാകും എന്താകും എന്നൊന്നും അറിയാത്തതിനാൽതന്നെ തുടക്കസമയത്ത് സമാധാനമായി സ്വപ്നം കാണാൻപോലും എനിക്ക് കഴിയുമായിരുന്നില്ല. ഓരോ സ്വപ്നവും അത്രക്കും പേഴ്സനലായിരിക്കും. അതിൽ തീർച്ചയായും ഒരുപാട് ആഗ്രഹങ്ങളുണ്ടാകും. ഓരോരുത്തർക്കും ഓരോ സ്വപ്നമുണ്ടാകുമല്ലോ... ആ സ്വപ്നങ്ങൾ മറ്റുള്ളവരോട് തുറന്നുപറയാൻ തീർച്ചയായും മടിയായിരിക്കും. കേൾക്കുന്നവർ ‘‘ഇതെന്ത്’’, ‘‘ഇവനെന്താ ഇങ്ങനെ’’ എന്നെല്ലാമായിരിക്കും തിരിച്ച് ചോദിക്കുക. അത്രയും വലിയ സ്വപ്നങ്ങളായിരിക്കും. അങ്ങനെ കുറെ സ്വപ്നങ്ങൾ കണ്ടുകൊണ്ടാണ് സിനിമയിലെത്തിയതും. ലുക്മാൻ അവറാൻ എന്ന നടന്റെ സിനിമ കരിയർ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഇനിയും ഒരുപാട് കാര്യങ്ങൾ, കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യാനുണ്ട്. അഭിനയത്തിൽ മെച്ചപ്പെടുത്താൻ ഒരുപാടുണ്ട്. എന്നിൽതന്നെ എന്തെല്ലാം മെച്ചപ്പെടുത്താനുണ്ടെന്ന ബോധ്യം എനിക്കുണ്ടെന്ന് പറയാം. അത് ഞാൻ എന്തായാലും മെച്ചപ്പെടുത്തുമെന്ന് എനിക്കറിയാം. തുടക്കക്കാലത്ത് ചെറിയ ചെറിയ കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാണ് ഇപ്പോൾ മുഴുനീള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് കഴിയുന്നത്. സംവിധായകർ വിശ്വസിച്ച് വലിയ കഥാപാത്രങ്ങൾ ഏൽപിക്കുന്നതും അതുകൊണ്ടുതന്നെയാണെന്നും എനിക്കറിയാം. അല്ലെങ്കിൽ വലിയ കഥാപാത്രങ്ങൾ ഒരിക്കലും വിശ്വസിച്ച് അവർ ഏൽപിക്കില്ല. സിനിമയിൽ വലിയൊരു ബാക്ക്അപ്പ് എനിക്കില്ലാത്തതുതന്നെയാണ് കാരണം. ഈ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് അവർ എന്നെ വിലയിരുത്തുന്നത്.
ഠ ഠ ഠ
ലദീദ ഫർസാന
കണ്ണൂർ സ്വദേശിയായ ലദീദ ഫർസാന പൗരത്വ പ്രക്ഷോഭ വേളയിൽ വിദ്യാർഥികളുടെ മുന്നണിയിൽ നിന്നതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയയാകുന്നത്. ജാമിഅ മില്ലിയ്യ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്.
ലദീദ ഫർസാന: വിദ്യാർഥി ജീവിതവും ആക്ടിവിസവും സമന്വയിപ്പിക്കുന്ന രീതിശാസ്ത്രത്തിലൂടെ മുന്നോട്ടുപോകാൻ ആണ് ഞാൻ ശീലിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒന്നിനെ മറ്റൊന്നിൽനിന്നും വേർതിരിക്കാൻ സാധിക്കാത്തവിധം എന്നെ സംബന്ധിച്ച് പരസ്പരപൂരകങ്ങളാണ്. ഒരുപക്ഷേ കുടുംബം, ഞാൻ ഇടപെടേണ്ടി വന്ന ജീവിതസാഹചര്യങ്ങൾ ഇതൊക്കെയാണ് ആ രീതിയിൽ എന്നെ ക്രമീകരിച്ചിട്ടുണ്ടാകുക. അതുകൊണ്ട് തന്നെ വായനയും ആലോചനയും രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളും അക്കാദമികമായ കരിയർ ആലോചനകളും ആക്ടിവിസവും ഒരേ അച്ചിൽ വാർത്ത ശൈലിയിലാണ് ഞാൻ എന്നിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. അതിന് പരിമിതികളും ഉണ്ടാകും. ജാമിഅ മില്ലിയ്യപോലുള്ള ഒരു ഉന്നത സർവകലാശാലയിൽ പഠിക്കുമ്പോൾ, അതും ഒരു മുസ്ലിം വിദ്യാർഥിനി എന്ന നിലയിൽ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ നമ്മുടെ മേൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ നാം അറിയാതെതന്നെ വന്നുചേരുന്നു. ഇന്ത്യയിൽ വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെടുന്ന സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയത്തെ പിന്തുണക്കുക, അല്ലെങ്കിൽ അടിച്ചമർത്തപ്പെടുന്ന ഒരു സമുദായത്തിലെ പ്രതിനിധി എന്ന നിലയിൽ എന്റെ സാമൂഹിക ഇടപെടൽ ദൗത്യം എന്താണ് എന്ന് സ്വയം തിരിച്ചറിയുക എന്നത് ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്. അതിൽ പരിമിതമായ സാന്നിധ്യമെങ്കിലും ഈ വിദ്യാർഥി ജീവിതത്തിൽ ഉറപ്പുവരുത്തുക എന്നതുതന്നെയാണ് പലരെയുംപോലെ ഞാനും കരുതുന്നത്.
ഠ ഠ ഠ
കേരളത്തിലെ പുതു ചരിത്രകാരന്മാരിൽ ശ്രദ്ധേയനാണ് ഡോ. വിനിൽ പോൾ. കോട്ടയം ജില്ലയിലെ ആർപ്പുക്കരയിൽ 1987ൽ അന്നമ്മ പോൾ- പോൾ ജോസഫ് ദമ്പതികളുടെ മകനായി ജനനം. മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽനിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എം.ഫിൽ ബിരുദവും പാസായി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ ആധുനിക ചരിത്ര വിഭാഗത്തിൽനിന്ന് കേരളത്തിലെ അടിമത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണ ബിരുദം നേടി. ‘അടിമകേരളത്തിന്റെ അദ്യശ്യ ചരിത്രം’ (ഡി.സി ബുക്സ് 2021), ‘ദലിത് ചരിത്രദംശനം’ (മാതൃഭൂമി, 2022), ‘മഞ്ചാടിക്കരി ഒളിച്ചോട്ടത്തിെന്റ വിമോചന ദൈവശാസ്ത്രം’ (സാഹിത്യപ്രവർത്തക സംഘം, 2022) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ഡോ. വിനിൽ പോൾ: ചരിത്ര വിദ്യാർഥിയെന്ന നിലയിൽ എന്റെ വിദ്യാഭ്യാസകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ചരിത്രമെന്ന വിഷയത്തെ സംബന്ധിച്ചുള്ള എന്റെ ധാരണകളിലെ മാറ്റം ഒരു പരിധിയോളം തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്ലസ്ടുവിനു ഹ്യൂമാനിറ്റീസും അതിനുശേഷം ചരിത്രത്തിൽ ബി.എ, എം.എ, എം.ഫിൽ, പിഎച്ച്.ഡി തുടങ്ങിയ കോഴ്സുകളുമാണ് ഞാൻ പൂർത്തിയാക്കിയത്. കേരളത്തിൽ ഹ്യൂമാനിറ്റീസ്, സാമൂഹികശാസ്ത്ര കോഴ്സുകൾക്ക് രണ്ടാംകിട പദവി അല്ലെങ്കിൽ പഠിക്കാൻ ശേഷികുറഞ്ഞവർക്കുള്ള വിഷയങ്ങൾ എന്ന പദവിയാണല്ലോ പൊതുസമൂഹം നൽകിയിരിക്കുന്നത്. ഇത്തരം ഒരു സാമൂഹിക കാഴ്ചപ്പാടിലാണ് പത്താം ക്ലാസിൽ നന്നേ മാർക്ക് കുറവുള്ള എന്നെ അച്ഛൻ ഹ്യൂമാനിറ്റീസിന് ചേർക്കുന്നത്. എന്തായാലും ആദ്യകാല പ്ലസ്ടു ബാച്ചുകളിൽ ഉൾപ്പെട്ടിരുന്നതിനാൽ എൻ.സി.ആർ.ടി.സിക്കുവേണ്ടി ബിപൻ ചന്ദ്രയും സതീഷ് ചന്ദ്രയുമൊക്കെ എഴുതിയ ചരിത്ര പാഠപുസ്തകങ്ങളായിരുന്നു പഠിക്കാനുണ്ടായിരുന്നത്. ആ സമയത്ത് അവരെക്കുറിച്ച് കാര്യമായ അറിവില്ലെങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ പാഠപുസ്തകങ്ങൾ ഒരു ചരിത്രവിദ്യാർഥിയെന്ന നിലയിൽ ചില ധാരണകൾ രൂപപ്പെടുന്നതിനു കാരണമായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ, ബിരുദപഠന കാലയളവിൽ പറയത്തക്ക ഒരു അക്കാദമിക ഓർമകളുമില്ലായെന്നതാണ് യാഥാർഥ്യം. അധ്യാപകർ പരിചയപ്പെടുത്തിയ ഒരു ചരിത്ര പുസ്തകമോ സിനിമയോ ചരിത്രകാരനോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഇത് കേവലമായി ഞാൻ പഠിച്ച കോളജിന്റെ പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. മറിച്ച്, കേരളത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ സംഭവിച്ച/ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപത്തിന്റെ ഭാഗമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കേരളത്തിലെ തൊണ്ണൂറ്റിയൊമ്പത് ശതമാനം എയ്ഡഡ് കോളജുകളിലും ജോലിചെയ്യുന്നത് മെറിറ്റ് ഇല്ലാതെ പണം കൊടുത്ത് ജോലിക്ക് കയറിയ അധ്യാപകരായതിനാൽ നിലവാരം കുറഞ്ഞ പ്രകടനം കാഴ്ചവെക്കാൻ മാത്രമേ അവർക്ക് സാധിക്കുകയുള്ളൂ. നിലവാരം കുറഞ്ഞ ഗൈഡുകൾ അല്ലാതെ മറ്റൊരു ചരിത്ര പുസ്തകവും അധ്യാപകർ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഏവരെയുംപോലെ ബിരുദകാലത്ത് ചരിത്രരചനാ രീതിയെ കുറിച്ച് എന്നിലും ചില സങ്കൽപങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മതസ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യ സമരത്തിന്റെയും രാജാക്കന്മാരുടെയും നാൾവഴികൾ അടുക്കിവെക്കുന്ന പണിയാണ് ചരിത്രകാരന്മാർക്കുള്ളതെന്നാണ് ആ സമയങ്ങളിൽ ഞാൻ കരുതിയിരുന്നത്. എന്നാൽ, എം.എ പഠനത്തിനായി മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എത്തിയതോടെയാണ് ചരിത്രരചനാ സങ്കൽപങ്ങൾ എന്നിൽ മാറിത്തുടങ്ങുന്നത്. രാജൻ ഗുരുക്കൾ, സനൽ മോഹൻ, എസ്. രാജു, കെ.ടി. റാം മോഹൻ തുടങ്ങി ഏറ്റവും ശ്രദ്ധേയരായ സാമൂഹികശാസ്ത്രജ്ഞരുടെ ക്ലാസുകളിലേക്കാണ് എത്തിച്ചേർന്നത്. എം.എ പഠനകാലയളവിൽ വ്യത്യസ്ത പേപ്പറുകൾ പഠിക്കാൻ ഉണ്ടെങ്കിലും ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ മാറ്റങ്ങളെ വിമർശനപരമായി വിശകലനം ചെയ്യുന്ന പേപ്പറുകളാണ് എനിക്ക് ഏറ്റവും ആകർഷണമായി തോന്നിയത്. പ്രത്യേകിച്ച് ബ്രിട്ടീഷ് ഭരണകാലത്തെ സാമ്പത്തിക ചരിത്രമായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട മേഖല. ബിപൻ ചന്ദ്ര, തീർഥങ്കർ റോയ്, ഇർഫാൻ ഹബീബ് തുടങ്ങിയവരുടെ സാമ്പത്തിക ചരിത്ര രചനകൾ പഠിക്കാൻ ഉണ്ടായിരുന്നതിനാൽ സ്വാഭാവികമായും അവരെ വായിക്കാൻ ശ്രമിച്ചു. പി. ഗോവിന്ദപ്പിള്ളയുടെ ചില പരിഭാഷകളും സി. ഭാസ്കരൻ എഡിറ്റ് ചെയ്ത പുസ്തകങ്ങളും തുടങ്ങി ചിന്ത പബ്ലിഷേഴ്സ് ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധെപ്പട്ടു പ്രസിദ്ധീകരിച്ച പുസ്തകങ്ങളും അതോടൊപ്പം പ്രോഗ്രസ്, പ്രഭാത് തുടങ്ങിയ പ്രസാധകരുടെ കൊളോണിയൽ ചരിത്ര പുസ്തകങ്ങളെയും പരിചയപ്പെട്ടപ്പോൾ മറ്റൊരു ചരിത്രബോധം രൂപപ്പെടുകയുണ്ടായി. കോട്ടയം പബ്ലിക് ലൈബ്രറിയും സി.പി.എമ്മിന്റെ ഓഫിസിലുള്ള ലൈബ്രറിയുമായിരുന്നു പ്രധാന സങ്കേതങ്ങൾ. ആധുനിക ചരിത്രമെന്നത് ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളുടെ ചരിത്രമാണെന്നും അധിനിവേശ കാലമെന്നാൽ സാമ്പത്തിക ചൂഷണത്തിന്റെ ചരിത്രം പറയുന്ന കാലഘട്ടം മാത്രമായിരുന്നു എന്നാണ് ഞാൻ കരുതിയിരുന്നത്. കൊളോണിയൽ ഇക്കോണമിയുമായി ബന്ധെപ്പട്ട ചർച്ചകൾ എന്തുകൊണ്ട് മലയാളി പൊതുസമൂഹത്തിൽ നടക്കുന്നില്ല എന്ന സംശയം ആ കാലത്ത് എനിക്കുണ്ടായിരുന്നു. അതായത് ചരിത്രമെന്നത് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ മാത്രമാണെന്നും സാമ്പത്തിക/ഭൗതിക അളവുകോലുകളാൽ അളക്കാൻ സാധിക്കുന്ന അനുഭവങ്ങളാണ് പുരാരേഖകളിൽനിന്നും കണ്ടെടുക്കേണ്ടതെന്നുമാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, എം.ഫിൽ പഠനകാലയളവിൽ ചരിത്രരചനയെ സംബന്ധിച്ചുള്ള ആലോചനകൾ എന്നിൽ വീണ്ടും പരിഷ്കരിക്കപ്പെട്ടു. എം.ഫിൽ ചെയ്യുന്ന കാലത്ത് പ്രഫ. സനൽ മോഹന്റെ മേൽനോട്ടത്തിൽ നടന്ന രണ്ട് വലിയ ഗവേഷണ പദ്ധതികളിൽ ഗവേഷക സഹായിയായി ഞാൻ ജോലി ചെയ്തിരുന്നു. ദലിത് വിഭാഗങ്ങളിൽപെട്ട പ്രായമായ വ്യക്തികളുമായുള്ള അഭിമുഖ സംഭാഷണം നടത്തുകയെന്നതായിരുന്നു ഫീൽഡ് വർക്ക്. അതിന്റെ ഭാഗമായി പ്രായമായ കുറെയധികം ആളുകളെ നേരിൽകണ്ട് അഭിമുഖം നടത്തുകയും അവരിൽനിന്നും ശേഖരിച്ച വാമൊഴികളും അതോടൊപ്പം ചുരുക്കം ചിലർ നടത്തിയ പ്രാദേശിക ചരിത്രരചനകൾ ശേഖരിക്കാനും സാധിച്ചു. ഒരു ഗവേഷക വിദ്യാർഥിയെന്ന നിലയിൽ എന്നിൽ ഏറ്റവും വലിയ മാറ്റമുണ്ടായ കാലമായിരുന്നു ഫീൽഡ് വർക് കാലം. ദലിതരുടെ ജീവിതവും അവരുടെ സാമൂഹിക അനുഭവങ്ങളുടെ നേർക്കാഴ്ചയും തുടങ്ങി സാമൂഹികശാസ്ത്രം കൈകാര്യം ചെയ്യുന്ന നിരവധി വിഷയങ്ങളെ നേരിൽകാണാനും സാധിച്ചു. സാമൂഹിക വ്യവസ്ഥകളോടും ചരിത്രത്തോടും എങ്ങനെയാണ് ദലിതർ യോജിപ്പും വിയോജിപ്പും പ്രകടിപ്പിച്ചതെന്നും അവരുടെ എഴുതാനുള്ള ശ്രമങ്ങൾ എന്തെല്ലാമായിരുന്നെന്നും മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ് ആ കാലത്തെ ഏറ്റവും വലിയ നേട്ടമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഫീൽഡ് വർക്കിനുശേഷം സനൽ മാഷും സഹപ്രവർത്തകരുമായി നടത്തിയ നിരന്തരമായ ചർച്ചകളുമെല്ലാം ചരിത്രമെന്ന സങ്കൽപത്തിനെ പൂർണമായും മാറ്റുകയുണ്ടായി. നിലവിൽ സാമ്പ്രദായിക ചരിത്രകാരന്മാർ കേരളത്തിന്റെ ഭൂതകാലത്തെ മുൻനിർത്തി പ്രശ്നവത്കരിക്കാൻ ശ്രമിച്ചത് സാമ്പത്തിക മാതൃകകൾ ഉപയോഗിച്ചായിരുന്നു എന്നത് ഒരു പ്രധാന പ്രശ്നമായി മനസ്സിലാക്കാൻ സാധിച്ചതും ഈ കാലയളവിലാണ്. ജാതിയെ അഭിമുഖീകരിക്കാതെ തൊഴിലാളികളുടെ പരിണാമദിശകൾ അടയാളപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടത്തുന്ന കേരളത്തിന്റെ ചരിത്രകാരന്മാർ തോട്ടം-കാർഷിക മേഖലകളിലെ തൊഴിലിടങ്ങളുടെ നിർമിതിയുടെ സൂക്ഷ്മ വശങ്ങളിലേക്കും അവരുടെ ആലോചനകൾ എത്തിയിരുന്നില്ല എന്നതും ഒരു തിരിച്ചറിവായിരുന്നു. മാത്രമല്ല നിരവധി മേഖലകളിൽ ഗവേഷണ സാധ്യതയുണ്ടെന്നും കേരളത്തിൽ ദലിതരെക്കുറിച്ചും സമ്പന്നമായ കൊളോണിയൽ പുരാശേഖരങ്ങളുണ്ടെന്നും ഈ കാലയളവിലാണ് മനസ്സിലാക്കാൻ സാധിച്ചത്. ഒരു ചരിത്ര വിദ്യാർഥിയെന്ന നിലയിൽ ഗവേഷണ സമയത്ത് തോന്നിയ ഏറ്റവും വലിയ പ്രശ്നം, അല്ലെങ്കിൽ ചരിത്രരചനയിൽ ഇടപെടണമെന്ന തോന്നൽ ഉണ്ടായത് ജനപ്രിയ മേഖലയിലെ ദലിത് ചരിത്ര പുസ്തകങ്ങളിലെ പുരാശേഖര രേഖകളുടെ ഇല്ലായ്മയായിരുന്നു. അതായത് പുരാശേഖരത്തിൽനിന്നും ലഭിക്കുന്ന ദലിത് അനുഭവങ്ങൾ പൊതുസമൂഹത്തിൽ പ്രതിഫലിച്ചിരുന്നില്ല. മാത്രമല്ല ബഹുഭൂരിപക്ഷം ജനപ്രിയ ദലിത് ചരിത്രങ്ങളും വാമൊഴി സ്രോതസ്സിനുള്ളിൽ ചുറ്റിക്കറങ്ങുകയായിരുന്നു. ഇത് ഒരു ചരിത്രപരമായ പ്രതിസന്ധിയായി തിരിച്ചറിഞ്ഞുകൊണ്ട് ബോധപൂർവം വാമൊഴികളിൽനിന്നും പുരാശേഖരത്തിലേക്ക് ഒരു കണ്ണി നിർമിക്കുന്നതിനാണ് ഞാൻ ശ്രമിച്ചത്. പുരാരേഖകൾ ഉപയോഗിച്ചുള്ള ഗവേഷണം -അവയിലെ വിമർശനങ്ങൾ നിലനിൽക്കുമ്പോൾപോലും- സാമൂഹിക പ്രവർത്തനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഠ ഠ ഠ
മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ് വി.എം. ദേവദാസ്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ 1981ൽ ജനിച്ചു. ഇപ്പോൾ ചെന്നൈയിലെ ഐ.ടി കമ്പനിയിൽ ജോലി. ‘ഡിൽഡോ: ആറ് മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം’ (2009), ‘പന്നിവേട്ട’ (2010), ‘ചെപ്പും പന്തും’ (2017, ‘ഏറ്’ (2021) എന്നീ നോവലുകളും ‘മരണസഹായി’ (2011), ‘ശലഭജീവിതം’ (2014), ‘അവനവൻ തുരുത്ത്’ (2016), ‘വഴി കണ്ടുപിടിക്കുന്നവർ’ എന്നിവ കൃതികൾ. ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ.
ദേവദാസ് വി.എം: എഴുതുന്നതെല്ലാം വായനക്കാരെ ലക്ഷ്യമാക്കിയുള്ളതാണ് എന്നാണല്ലോ പൊതുവെയുള്ള ധാരണ. എന്നാലത് പൂർണമായും ശരിയല്ലെന്നാണ് എന്റെ പക്ഷം. നല്ലൊരു എഴുത്തുകാരനോ എഴുത്തുകാരിയോ എഴുതുന്നത് പ്രധാനമായും സ്വയം സംതൃപ്തിക്കാണ്. അവനവനെ തൃപ്തിപ്പെടുത്തുന്ന എഴുത്തിലാണ് അവർ അഭിരമിക്കുന്നത്. അപ്പോൾ പിന്നെ വാരികകളിലും പുസ്തകങ്ങളിലുമായി ഇതൊക്കെ അച്ചടിക്കുന്നതെന്തിനാണ്, അവാർഡുകളെന്തിനാണ്, വായനക്കൂട്ടങ്ങളിലും സാഹിത്യോത്സവങ്ങളിലും പങ്കെടുക്കുന്നതെന്തിനാണ് എന്നൊക്കെ ചോദ്യങ്ങളുയർന്നേക്കാം. പൊതുവിടങ്ങളിൽ എന്റെ വായനക്കാരേ... എന്നാശ്ലേഷിക്കുകയും നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്നമട്ടിൽ വിനീതരാകുകയും ചെയ്യുന്ന എഴുത്തുകാരോട് സ്വകാര്യമായി ചോദിക്കൂ, നിങ്ങളെഴുതുന്നത് വായനക്കാരെ മുന്നിൽക്കണ്ടാണോയെന്ന്. സത്യസന്ധമായ മറുപടിയാണ് അവർ നൽകുന്നതെങ്കിൽ, എന്റെയഭിപ്രായത്തിൽ മിക്കവാറുമത് ‘അല്ല’ എന്നായിരിക്കാനുള്ള സാധ്യതയേറെയാണ്. അത് വായനക്കാരെ വിലകുറച്ചുകാണുന്നതുകൊണ്ടോ അല്ലെങ്കിൽ അഹങ്കാരംകൊണ്ടോ ആകണമെന്നില്ല. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം എഴുത്തിലെ ആനന്ദവും അത് പ്രസിദ്ധീകരിക്കുന്നതിലെ ആനന്ദവും രണ്ടാണെന്നതാണ് വാസ്തവം.
ഒരാളൊരു കഥ എഴുതുകയാണെന്ന് വിചാരിക്കൂ. അതിനായുള്ള ആലോചന, അതിലെ കഥാപാത്രം, പ്രദേശം, ചരിത്രം, വസ്തുവകകൾ എന്നിവയെ സംബന്ധിച്ച വിവരങ്ങളുടെ ശേഖരണം, അതു തിരഞ്ഞുകൊണ്ടുള്ള ചില യാത്രകൾ, അതല്ലെങ്കിൽ ചില അനുഭവങ്ങളിലേക്ക് മനസ്സുകൊണ്ടൂള്ള മടക്കയാത്ര... ഇതൊക്കെ എങ്ങനെ എഴുത്തിലേക്ക് വൈകാരികമായും ഘടനാപരമായും കൊണ്ടുവരണമെന്ന ആലോചന, ഏതുതരം ഭാഷയാണ് ഉപയോഗിക്കേണ്ടതെന്ന തിരഞ്ഞെടുപ്പ്, എഴുതുന്നതിനിടെ അവനവനെ പോലും വിസ്മയിപ്പിക്കുന്ന തരത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകൾ, ചില വെട്ടിത്തിരുത്തലുകൾ... ഒരാൾ എഴുതുന്നത് പ്രധാനമായും ഇത്തരത്തിലുള്ള അനുഭവങ്ങൾക്കായാണ്. അതിലൂടെ കടന്നുപോകുമ്പോഴുള്ള അസ്വസ്ഥതകൾക്കാണ്. ഏറെ നാളായി മനസ്സിലിട്ടുരുട്ടിയത് ഒരുവിധമെഴുതിത്തീരുമ്പോഴുള്ള ആശ്വാസത്തിനാണ്. അതിന് പകരം വെക്കാൻ മറ്റൊന്നിനുമാകില്ല. അതുകൊണ്ടുതന്നെയാണ് അയാൾ നിരന്തരം എഴുത്തിന്റെ പ്രേരണയിലേക്ക് പെട്ടുപോകുന്നത്. ഇപ്പറഞ്ഞതൊക്കെ ചേർന്നതാണ് എഴുത്തിലെ ആനന്ദം. ഇവിടെ വായനക്കാർ എന്നയാളെ കണ്ടുകൊണ്ടെഴുതാനാകില്ല. അന്നേരം എഴുതുന്നയാൾതന്നെയാണ് വായനക്കാരൻ. താനെന്ന വായനക്കാരനെ തൃപ്തിപ്പെടുത്താനാണ് അയാൾ എഴുതുന്നത്. ആ താൻ കേൾക്കാനാഗ്രഹിക്കുന്ന ഭാഷയും വിവരണങ്ങളുമാണ് എഴുത്തിൽ ഉൾക്കൊള്ളിക്കുന്നത്. വായനയിലൂടെയും ചർച്ചകളിലൂടെയുമൊക്കെ സ്വയം പുതുക്കിയാണ് ഒരെഴുത്തുകാരൻ തന്റെയുള്ളിലെ വായനക്കാരനെ നവീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, എഴുതുന്ന സമയത്ത് ഇപ്പറഞ്ഞതെല്ലാം മനസ്സിലോടണമെന്നില്ല. അന്നേരം ഒരാൾക്ക് വിനീതവിധേയനാകാൻ കഴിയില്ല. ലോകത്ത് ഇന്നേവരെയുള്ള മഹാസാഹിത്യകാരന്മാരെയും അവരെഴുതിയ സൃഷ്ടികളെയും അതിലെ ഉള്ളടക്കത്തെയുമൊക്കെ ഓർത്തിരുന്നാൽ അവനവന്റെ എഴുത്തിൽ ഒരു വരി മുന്നോട്ടുപോകാനാകില്ല. നിരത്തിലോടുന്ന സകല വാഹനങ്ങളെയും അതിലെ യന്ത്രവിന്യാസങ്ങളെയും അവയുടെ ഡ്രൈവർമാരെയും ഒക്കെയോർത്തുകൊണ്ട് വണ്ടിയോടിക്കാനാകുമോ? മുഴുവൻ മർമവുമറിഞ്ഞ് പശുവിനെ തല്ലാനാകുമോ? താനെഴുതുന്നത് മികച്ച ഒന്നാണെന്ന ധാരണയില്ലെങ്കിൽ എഴുത്ത് ആ നിമിഷം കുന്തസ്യയായിപ്പോകും.
എഴുതിയതിനുശേഷം അതൊക്കെ അച്ചടിച്ചുവന്നാൽ തുടർന്നുള്ള അനുഭവങ്ങൾ മറ്റൊന്നാണ്. അതായത്... വാരികകളിലത് സചിത്രമായി പ്രത്യക്ഷപ്പെടുന്നത്, പുസ്തകത്തിന് പല പതിപ്പുകളിറങ്ങുന്നത്, വായിച്ചശേഷം മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുന്നത്, അതിലെ അഭിനന്ദനങ്ങളിൽ സന്തോഷിക്കുന്നത്, സക്രിയമായ വിമർശനങ്ങളെ ശ്രദ്ധിക്കുന്നത്, അങ്ങനെയല്ലാത്ത അടച്ചാക്ഷേപങ്ങളോട് അമർഷം തോന്നുന്നത്, സമാനഹൃദയരായ വലിയ കൂട്ടത്തെ സാഹിത്യോത്സവങ്ങളിൽ കണ്ടുമുട്ടുന്നത്, അവരുമായി തർക്കവിതർക്കങ്ങളിലേർപ്പെടുന്നത്, പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത്... ഇതെല്ലാം എഴുത്തിലെ ആനന്ദമല്ല, മറിച്ച് എഴുതിയതിനുശേഷമുള്ള അനുഭവങ്ങളാണ്. അതതിലെ സന്തോഷങ്ങൾ മറ്റൊന്നാണ്. എന്നാൽ, ഇവിടെ എഴുത്തുകാർ വായനക്കാരെ തരംതാണു കാണുകയല്ല ചെയ്യുന്നത്. അങ്ങനെ കരുതുന്നത് തെറ്റിദ്ധാരണയാണ്. മറിച്ച്, അവരെ സമന്മാരായി പരിഗണിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം തന്നോളം യുക്തിയും ബുദ്ധിയും ആലോചനയും വായനയുമൊക്കെയുള്ള മറ്റൊരു സത്ത (entity) ആയാണ് വായനക്കാരെ പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെയാണ് താനെഴുതിയത് ഒരാൾക്ക് മനസ്സിലായില്ലെങ്കിൽ അത് വിട്ടുകളഞ്ഞേക്കൂ, വിശദീകരണങ്ങളുടെ ആവശ്യമില്ലെന്ന് പലപ്പോഴും വാശിപിടിക്കുന്നത്. വാസ്തവത്തിൽ ആ മൂന്നാമത്തെ മുയൽക്കൊമ്പിന്മേലുള്ള പിടുത്തമാണ് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസത്തോടെയുള്ള എഴുത്ത് മുന്നോട്ടുകൊണ്ടുപോകാനാകുന്നത്. ലോകം മുഴുവൻ എതിരെനിന്നാലും അതൊന്നും വകവെക്കാതെ ഒരാളെ എഴുതാൻ പ്രേരിപ്പിക്കുന്നത് അതുതന്നെയാണെന്നാണ് എന്റെ വിശ്വാസം.
കഥയെഴുത്തിനെക്കുറിച്ച് വിശദീകരിക്കുമ്പോൾ ഞാൻ പതിവായി ഉപയോഗിക്കാറുള്ളൊരു ഉപാഖ്യാനം നല്ലവനായ ശമരിയാക്കാരനെക്കുറിച്ചുള്ള ബൈബിൾ കഥയാണ്. ജറൂസലമിൽ നിന്ന് ജെറീക്കോയിലേക്കുള്ള യാത്രാമധ്യേ ആക്രമിക്കപ്പെട്ട ഒരാളെ ആരും സഹായിക്കുന്നില്ല. വഴിയരികിൽ വീണുകിടന്ന അയാളെ സഹായിക്കാനെത്തുന്നതും ചികിത്സാ സഹായം നൽകുന്നതും നല്ലവനായൊരു ശമരിയാക്കാരനാണ്. അയാൾ പരിക്കേറ്റയാളെ സ്വന്തം കഴുതയുടെ പുറത്തേറ്റി സത്രത്തിലെത്തിക്കുകയും പണം നൽകുകയുമൊക്കെ ചെയ്യുന്നു. നന്മയുടെ പക്ഷത്തുനിന്നുള്ള ഈ സാരോപദേശ കഥക്ക് നീതിയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ മറ്റു ചില മാനങ്ങളുമുണ്ടാകുമെന്ന് കാണാം. കാര്യസ്ഥഭരണവും കാനേഷുമാരിയും കരംപിരിവുമൊക്കെയുള്ള റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന യഹൂദിയയിൽ വഴിയരികെ വീണുകിടക്കുന്നവന് എന്തുകൊണ്ട് വൈദ്യസഹായം ലഭിക്കുന്നില്ല? ആരുമയാളെ തിരിഞ്ഞുനോക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ആ പഴങ്കഥയെ പുതിയ രീതിയിൽ സമീപിക്കാൻ ഒരെഴുത്തുകാരനെ സന്നദ്ധനാക്കുന്നത്. എന്നാൽ ഈ ചോദ്യങ്ങളുയരേണ്ട മാനസികാവസ്ഥ എഴുത്തുകാർക്കുണ്ടാകുന്നത് സ്വന്തം അനുഭവങ്ങളുടെയും, താൻ പേറുന്ന രാഷ്ട്രീയത്തിന്റെയും, പാലിച്ചുപോരുന്ന തത്ത്വദർശനങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിൽ തന്നെയായിരിക്കണം. എന്നാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടൊരു സാമൂഹിക-രാഷ്ട്രീയ നീതിയുടെ ചട്ടക്കൂടിലേക്ക് അതിനെ വഴി തിരിച്ചുവിട്ട് പരിപൂർണതക്കായി ശ്രമിച്ചാൽ ‘‘റോമാ സാമ്രാജ്യം തുലയട്ടെ’’ എന്ന മട്ടിലൊരു മുദ്രാവാക്യ കഥയായിരിക്കും മിക്കവാറും അവശേഷിക്കുക. സാഹിത്യം എല്ലായ്പോഴും അത്തരത്തിൽ നീതിയുടെ നിർവചനമാകണമെന്നില്ല. പലപ്പോഴുമത് തീർത്തും സ്വാഭാവികമായി നമ്മുടെ ചുറ്റിലുമൊക്കെ കാണുന്നതുപോലെ അനീതിയുടെയും അപൂർണതയുടെയും അർഥനിർണയം കൂടി നിർവഹിക്കുന്നു.
ഠ ഠ ഠ
സാമൂഹിക പ്രവർത്തകൻ, ചിന്തകൻ, ദലിത് ആക്ടിവിസ്റ്റ് എന്നീ നിലകളിൽ സജീവമാണ് ദിനു വെയിൽ. നിലപാടുകൾ പലവട്ടം വിവാദം സൃഷ്ടിച്ചു. കാലടി സർവകലാശാലയിൽനിന്ന് സോഷ്യോളജി ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് നേടി. ടെലിവിഷൻ ചാനലുകളിൽ ഉൾെപ്പടെ നിലപാടുകൾ തുറന്നവതരിപ്പിക്കുന്ന ദിനു ഇവിടെയും തന്റെ ജീവിതവും അനുഭവങ്ങളും പറയുന്നു.
ദിനു വെയിൽ: ഒരു വ്യക്തി എന്നനിലയിൽ ഒരിക്കലും മനുഷ്യൻ തന്റെ ചുറ്റുമുള്ള മനുഷ്യരെ കാണുന്നില്ല എന്നതാണ് യാഥാർഥ്യം. ഓരോ വ്യക്തിയെയും തങ്ങളുടെ സാമൂഹിക നിലയിൽനിന്നുകൊണ്ടും അതുൽപാദിപ്പിക്കുന്ന പ്രിവിലേജുകളുടെയും മുൻകാല ധാരണകളുടെയും അടിസ്ഥാനത്തിലുമാണ് മറ്റൊരാളെ നോക്കിക്കാണുന്നത്. ഇത്തരം മുൻവിധിയുടെ നോട്ടങ്ങൾ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പാർശ്വവത്കൃത സമൂഹത്തിലെ മനുഷ്യർ അനുഭവിക്കേണ്ടിവരാറുണ്ട്. ദൈനംദിന ജീവിതംതന്നെ കലഹങ്ങളായി, പ്രതിരോധങ്ങളായി, ആക്ടിവിസമായി നമ്മൾ പോലും അറിയാതെ മാറ്റപ്പെടും. ഒരു ദലിത് ക്വീർ വിദ്യാർഥി എന്നനിലയിൽ എന്റെ സാമൂഹിക പ്രവർത്തനത്തിന്റെ മണ്ഡലം ഒരിക്കലും സുഖകരമായ പാതയേയല്ല. വ്യത്യസ്തങ്ങളായ ദലിത്-ക്വീർ-ബ്ലാക്ക്-വിദ്യാർഥി എന്നീ സ്വത്വനിലകൾ പേറിക്കൊണ്ട് ജീവനവും അതിജീവനവും നടത്തുന്നതിനോടൊപ്പമാണ് ഞാൻ സാമൂഹിക ഇടപെടലുകൾ നടത്തുന്നത്. ഒരേസമയം അനേകം വെട്ടേൽക്കേണ്ടി വരുന്ന, ഒരേസമയം അനേകം ചെറുക്കലുകൾ നടത്തേണ്ട ആന്തരികവും ബാഹ്യവുമായ യുദ്ധഭൂമികകളിൽ അകപ്പെടുന്നവരാണ് ഒാരോ ഇന്റർ സെക്ഷനൽ മനുഷ്യാവകാശ പ്രവർത്തകരും. സാമൂഹികവത്കരണത്തിന്റെ വ്യത്യസ്ത ഏജൻസികളായ കുടുംബം, അയൽപക്കം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ നിരന്തരം ഒരു കുട്ടിയോട് പറയുന്നത് അച്ചടക്കമുള്ള വ്യക്തിയായി വളരാനാണ്. ഈ സാമൂഹിക സ്ഥാപനങ്ങൾ വിഭാവനം ചെയ്യുന്ന ‘അച്ചടക്കം’ പലപ്പോഴും കുട്ടികളുടെ പ്രതികരണശേഷിയുടെയും ജനാധിപത്യ ബോധത്തിന്റെയും അടക്കംകൂടിയാണ്. എൽ.പി ക്ലാസ് മുറിയിലെ, പഠനത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന, ഏറ്റവും അനുസരണയുള്ള വിദ്യാർഥിയിൽനിന്ന് പ്രതികരണശേഷിയുള്ള ഒരു വിദ്യാർഥിയിലേക്കുള്ള എന്റെ യാത്രയിൽ കരുത്തായത് ഓർമകൾ, അനുഭവങ്ങൾ, വായന എന്നീ മൂന്ന് ജ്ഞാന സ്രോതസ്സുകളാണ്. പാർശ്വവത്കൃത സമൂഹത്തിൽപെട്ട വ്യക്തികളുടെ മനുഷ്യാവകാശ സംരക്ഷണത്തിനായ് 2014ൽ ദിശ എന്ന സംഘടന ആരംഭിക്കാനും എന്നെ പ്രേരിപ്പിച്ചത് ഇതേ അറിവിടങ്ങളാണ്. ‘‘ഞാനെന്റെ കുട്ടികളെ വളർത്തി കൊണ്ടുവന്നത് ബസിന്റെ പിറകിൽ ഇരിക്കാനല്ല. അവർ എല്ലായിടങ്ങളിലും പ്രവേശിച്ച് അവകാശങ്ങൾക്കായി പോരാടിയിരിക്കും. 1993ൽ പുറത്തിറങ്ങിയ ക്വീർ ചിത്രമായ ‘ഫിലാഡൽഫിയ’യിൽ സാറാ ബെക്കറ്റിന്റെ അമ്മ കഥപ്രാത്രം സമൂഹത്തോട് വിളിച്ചുപറയുന്നത് ഇപ്രകാരമാണ്. ഞാൻ അംഗമായ ദലിത് വിഭാഗത്തിലെ കണക്കസമുദായം പൂർവികാരാധന നടത്തുന്ന ഒരു സമുദായമാണ്. വിളിക്കുമ്പോൾ വിളിപ്പുറം വന്ന് കാക്കണേ എന്ന് പ്രാർഥിച്ചുകൊണ്ട് പൂർവികരെ അപ്പനും അമ്മയുമായി കണ്ട് അവരുടെ അടിമജീവിതത്തിന്റെ ഓർമകൾ പാട്ടും പറച്ചിലുമായ് കൈമാറി വരുന്നത് കേട്ടാണ് ഞാനും വളർന്നത്. ഒരേസമയം മുൻതലമുറ അനുഭവിച്ച കൊടിയ വേദനകളുടെ നീറ്റലും എന്നാൽ ഫീനിക്സ് പക്ഷികളെ പോലെ നിരന്തരം പ്രതിരോധിച്ച്, അതിജീവിച്ച അതേ മനുഷ്യരുടെ കരുത്തിന്റെ തണലിലും, പോയ കാലത്തിന്റെ ഓർമകളുടെ വേരുകളിൽനിന്ന് നീരും നനവുമേറ്റാണ് ഞാനും വളർന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ ഒരു ജന്മിയുടെ വീട്ടിൽ അടിമയായിരുന്ന ആദ്യ കാരണവർ കാളക്ക് വേലചെയ്തതും ഉറങ്ങാൻ ഒരു തൊഴുത്തു പോലുമില്ലാതിരുന്നതും അവർ നട്ടു നനച്ചുണ്ടാക്കിയ ഇടമൊക്കെയും ജന്മി കവർന്നെടുത്തതും പ്രസവിച്ച് കുഞ്ഞുങ്ങളെ നോക്കാൻപോലും നേരം കിട്ടാതെ പാടത്തേക്ക് ഓടേണ്ടി വന്ന അച്ചമ്മയുടെ അഞ്ച് മക്കൾ കുഞ്ഞിലേ മരണപ്പെട്ടതും, അച്ഛച്ഛൻ പാടത്ത് വെച്ച് നെഞ്ച് വേദനയിളകി മരിച്ചതും, കുഞ്ഞിലേ ചുങ്കത്തേക്ക് പുൽകെട്ട് ചുമന്ന് നടന്ന് വെയിലിൽ എന്റച്ഛൻ തലകറങ്ങി വീണതും ഹോട്ടലിൽനിന്ന് വലിച്ചെറിഞ്ഞ ഭക്ഷണം കഴിക്കേണ്ടി വന്നതും നീറ്റലായപ്പോൾ തമ്പ്രാന്റെ കോട്ടയ്ക്ക് നേരെ കല്ലെറിഞ്ഞ കാർന്നോരുടെ പാമ്പാടി പാട്ടും അമ്മയുടെ വീട്ടിലെ പതികളിൽ പ്രതിരോധം തീർത്ത കാർന്നോർമാരും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മൂന്ന് സർക്കാർ ജോലികൾ നേടിയ അച്ഛനും മഹാത്മാ അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനും ഡോ. ബി.ആർ. അംബേദ്കറും എന്റെ നീരായിരുന്നു. ഓർമയെന്നത് പ്രതിരോധത്തിന്റെ ആദ്യ സ്രോതസ്സാണ്.
കുട്ടിക്കാലത്ത് വീട്ടിനടുത്ത കളിക്കളങ്ങളിൽവെച്ച് നിരന്തരം Gender performanceന്റെ പേരിൽ സ്ത്രൈണതയുള്ള ആൺകുട്ടി എന്ന നിലയിൽ ഞാൻ നിരന്തരം അപമാനിക്കപ്പെട്ടിരുന്നു. എനിക്ക് നേരെ കുഞ്ഞിലേ ലൈംഗിക അതിക്രമം നടത്തിയ ഒരു വ്യക്തിയായിരുന്നു ഈ കളിയാക്കലുകൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇത് രണ്ടും കാരണം ഞാൻ ഒരു ഇൻട്രോവെർട്ടായ് ക്ലാസ് മുറിയുടെ മൂലകളിലേക്ക് ഒതുങ്ങിത്തുടങ്ങുകയായിരുന്നു. നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ മുറിവൊട്ടികൾപോലെ കടന്നുവരുന്ന ചില അധ്യാപകരുണ്ടാവും. അതുപോലെ എന്നെ ചേർത്തുപിടിച്ചത് ചിത്രകലാ അധ്യാപകനായിരുന്ന സന്തോഷ് സാറായിരുന്നു. അത്തവണത്തെ സ്കൂൾ യുവജനോത്സവത്തിൽ നാടകം കളിക്കാൻ എന്നെക്കൂടി സാർ ടീമിൽ ഉൾപ്പെടുത്തി. നാടകമാണ് എനിക്ക് സാമൂഹിക ഇടപെടലുകൾക്കുള്ള പ്രാഥമിക ഊർജം നൽകിയത്. ഈ കാലയളവിൽതന്നെ പ്രസംഗമത്സരത്തിനും എന്റെ പേര് സാറ് നൽകി. ഇന്ന് നിരവധി വേദികളിൽ, ചാനൽ ചർച്ചകളിൽ, സമരയിടങ്ങളിൽ ധൈര്യത്തോടെ സംസാരിക്കുന്ന എന്റെ ആദ്യത്തെ പ്രസംഗം വിയർത്തുകുളിച്ച് പേടിച്ച് വിറച്ചുപോയ ഒന്നായിരുന്നു. എന്നാൽ, തുടർച്ചയായ പരിശ്രമത്തിലൂടെ കളിയാക്കി ചിരിച്ച സഹപാഠികളെ കൊണ്ടുതന്നെ തുടർച്ചയായ പ്രസംഗ മത്സരങ്ങളിലെ വിജയത്തിന് കൈയടിപ്പിക്കാനായി. സ്കൂളിലെ ജൂനിയർ റെഡ് ക്രോസിൽ അംഗമായ കാലത്ത് സാമൂഹിക അവബോധം പതിയെ വികസിച്ചുവന്നു. ഏഴാംതരത്തിൽ ആ സ്കൂളിൽനിന്ന് ‘ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റ്’ അവാർഡ് വാങ്ങിയാണ് ഞാൻ യു.പി പഠനം പൂർത്തിയാക്കുന്നത്. ഹൈസ്കൂൾ കാലഘട്ടം ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു. ഞങ്ങളുടേത് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഒന്നായിരുന്നു. സ്കൂൾ വൈവിധ്യമാർന്ന ഒരിടമായ് അനുഭവപ്പെടുന്നത് ഇവിടം മുതലാണ്. ഇക്കാലയളവിൽതന്നെ വാഴയൂർ പഞ്ചായത്തിന്റെ കുടുംബശ്രീയുടെ ബാലസഭയിൽ അംഗമാവുകയും ബാലപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കുടുംബശ്രീയിലെ പ്രമീളേച്ചിയും സരസ്വതി ചേച്ചിയുമൊക്കെയാണ് ഞാൻ അക്കാലത്ത് കണ്ട ഏറ്റവും ആത്മാർഥതയുള്ള സാമൂഹിക പ്രവർത്തകർ. നിരവധി പ്രവർത്തനങ്ങൾ പഞ്ചായത്തുതലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സാധിക്കുകയും മലപ്പുറം ജില്ലയിലെ ബാല പാർലമെന്റിൽ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് സംസ്ഥാനതലത്തിൽ പഴയ നിയമ സഭയിൽവെച്ച് നടന്ന മോക്ക് പാർലമെന്റിൽ പങ്കെടുക്കാൻ സാധിച്ചു. ഇക്കാലയളവിൽ തന്നെ ‘മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സി’ന്റെ മോക്ക് പാർലമെന്റിൽ പങ്കെടുക്കുകയും സംസ്ഥാനത്തെ മികച്ച ബാലപാർലമെേന്ററിയനായി തെരഞ്ഞെടുക്കപ്പെടുകയും ഡൽഹിയിൽ 10 ദിവസത്തെ സൗജന്യയാത്ര സർക്കാർ അനുവദിക്കുകയും ചെയ്തു. പാർലമെന്റും നിയമസഭയും അടക്കമുള്ള നിയമനിർമാണസഭകൾ കാണുകയും പ്രവർത്തനരീതികൾ മനസ്സിലാക്കുകയും ചെയ്തതിലൂടെ പൗരബോധമുള്ള ഒരു വിദ്യാർഥിയായി പതുക്കെ പരുവപ്പെടുകയായിരുന്നു. യു.പി-ഹൈസ്കൂൾ കാലഘട്ടത്തിൽ ശാസ്ത്രമായിരുന്നു ഏറ്റവും പ്രിയപ്പെട്ട വിഷയം. എന്നാൽ, ഹയർ സെക്കൻഡറി കാലഘട്ടത്തിൽ ഹ്യൂമാനിറ്റീസ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചത് സാമൂഹിക ഇടപെടലുകൾക്ക് കൂടുതൽ തെളിച്ചം വേണം എന്നതുകൊണ്ട് കൂടിയായിരുന്നു. സ്കൂൾ ലീഡർ എന്നനിലയിൽ പലപ്പോഴും സ്കൂൾ അധികൃതരുമായി ആശയവ്യത്യാസങ്ങൾ ശക്തമായി പ്രകടിപ്പിച്ചിരുന്നു. നാഷനൽ സർവിസ് സ്കീമിലെ വളന്റിയർഷിപ്പും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിയായി പരുവപ്പെടാൻ സഹായിച്ചു. സംസ്ഥാനത്ത് ആ വർഷം ഹ്യൂമാനിറ്റീസ് വിഷയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥിയായി കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ ഡോ. ബി.ആർ. അംബേദ്കർ ദേശീയ മെറിറ്റോറിയസ് അവാർഡ് നേടാൻ സാധിച്ചു. അംബേദ്കറുടെ പേരിലുള്ള ഒരു അവാർഡ് ലഭിച്ചത് തുടർപഠനത്തിനായുള്ള വലിയ ഊർജമായിരുന്നു. Educate, Agitate, Organise എന്നത് തന്നെയായിരിക്കണം ജീവിതത്തിലെ പ്രധാനപ്പെട്ട മുദ്രാവാക്യം എന്ന് അപ്പോൾതന്നെ ഉറപ്പിച്ചിരുന്നു.
HSEEE എൻട്രൻസ് പാസായി ഐ.ഐ.ടി മദ്രാസിൽ ഇന്റഗ്രേറ്റഡ് എം.എ പ്രോഗാമിൽ പ്രവേശനം ലഭിച്ചു. ഐ.ഐ.ടി തുറന്നു നൽകിയത് വലിയ തുറവികളായിരുന്നു. കാമ്പസ് പാലിയേറ്റിവ് കെയർ യൂനിറ്റിന്റെ ഭാഗമായി നാവല്ലൂരിലുള്ള Hospice സെന്ററിലും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളുടെ വാർഡിലും വളന്റിയറായി ഒന്നര വർഷം പ്രവർത്തിച്ചു. ഒരിടത്ത് പ്രായമായ രക്ഷിതാക്കളെ ഉപേക്ഷിച്ച് തങ്ങളുടെ സുഖങ്ങളിൽ മുഴുകിയ മക്കളെ തിരിച്ചറിഞ്ഞു. മറ്റിടത്ത് തന്റെ കുഞ്ഞിനെ ചികിത്സിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്ന രക്ഷിതാക്കളെയും. IViL ന്റെ (IIT for Villages) ഭാഗമായി എല്ലാ ആഴ്ചയും തമിഴ്നാട്ടിലെ ഏറ്റവും ഉൾപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ, പ്രത്യേകിച്ച് നത്തത്തിൽ പോവുകയും കുട്ടികൾക്കായ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുകയും സ്ത്രീകൾക്ക് സ്വയം തൊഴിലിനായ് പിന്തുണ നൽകുകയും ചെയ്തു. എന്നാൽ, ഐ.ഐ.ടി മദ്രാസിലെ പഠനകാലയളവിൽ എല്ലായ്പോഴും ആ സ്ഥാപനം എന്നെ ഉൾക്കൊള്ളുന്നില്ല എന്ന തോന്നൽ എന്റെ മനസ്സിൽ ശക്തമായിട്ടുണ്ടായിരുന്നു. അത് എന്റെയെന്തോ പോരായ്മകൊണ്ടാണെന്നാണ് അന്നത്തെ എനിക്ക് തോന്നിയിരുന്നത്. അതുകൊണ്ടുതന്നെ രണ്ടാം വർഷം അവിടെ നിന്ന് പുറത്തുകടക്കുക എന്നത് ഞാനെടുത്ത തീരുമാനമായിരുന്നു, ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ സ്ഥാപനം എന്നെക്കൊണ്ട് എടുപ്പിച്ച തീരുമാനമായിരുന്നു അതെന്ന് ഞാൻ തിരിച്ചറിയുന്നു. ഐ.ഐ.ടി മദ്രാസിൽനിന്ന് ഡ്രോപ്ഔട്ട് ചെയ്തതിനുശേഷം ഉടനെതന്നെ ‘ദിശ’ എന്ന സന്നദ്ധ സംഘടനക്ക് രൂപം നൽകി. ആദ്യകാലഘട്ടത്തിൽ ‘സൊലാസു’മായ് ചേർന്ന് ദീർഘകാല രോഗങ്ങൾ അനുഭവിക്കുന്ന മലപ്പുറം ജില്ലയിലെ അമ്പതോളം കുട്ടികളുടെ ഹോം കെയർ, ‘പച്ച’ എന്ന പാരിസ്ഥിതിക ഇടപെടലിനായുള്ള വിങ്, ‘ഇടം’ എന്ന പേരിൽ ലിംഗനീതിക്കായുള്ള വിങ് എന്നിവയായിരുന്നു ‘ദിശ’യിലുണ്ടായിരുന്നത്. ഈ കാലയളവിൽ വീടിനടുത്തുള്ള പ്രധാനപ്പെട്ട സ്ഥാപനമെന്ന നിലയിൽ ഫാറൂഖ് കോളജിലാണ് ബി.എ സോഷ്യോളജിക്ക് അഡ്മിഷൻ എടുത്തത്. ആദ്യദിവസം ഓറിയന്റേഷൻ പ്രോഗ്രാമിന്റെ സമയത്ത് തന്നെ പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായ ചില പരാമർശങ്ങൾ മനസ്സിനെ അസ്വസ്ഥപ്പെടുത്തിയിരുന്നെങ്കിലും മറ്റൊരു സ്ഥാപനത്തിൽനിന്ന് തിരിച്ചെത്തേണ്ടി വന്ന വ്യക്തി എന്നനിലയിൽ നിശ്ശബ്ദത പാലിച്ചിരുന്നു. എന്നാൽ, തുടർന്ന് ലിംഗവിവേചനവും സദാചാര പൊലീസിങ്ങും കാമ്പസിൽ ശക്തമായി അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. നാടകത്തിലോ സ്കിറ്റിലോ ആൺ-പെൺ വിദ്യാർഥികൾ ഒന്നിച്ച് അഭിനയിക്കരുത്, കാമ്പസിന് മുന്നിലായി സ്ഥാപിച്ച ഇരിപ്പിടത്തിൽ പുരുഷന്മാർക്ക് മാത്രം ഇരിക്കാൻ അനുവാദം നൽകുക തുടങ്ങിയ പ്രശ്നങ്ങൾ അവിടെയുണ്ടായി. ഒടുവിൽ മലയാളം കോമൺ ക്ലാസിൽവെച്ച് അധ്യാപകനിൽനിന്ന് അപമാനിക്കപ്പെട്ടതിനെ തുടർന്ന് ക്ലാസ് റൂമിൽനിന്ന് പുറത്തുപോകേണ്ടി വന്നു. ഗത്യന്തരമില്ലാതെ ഈ വിഷയങ്ങൾ മാധ്യമങ്ങളുമായി സംസാരിച്ചതിന്റെ പേരിൽ കലാലയത്തിൽ രക്ഷിതാക്കളെ കൊണ്ടുചെന്ന് മാപ്പെഴുതിയാൽമാത്രം തിരികെ പ്രവേശിക്കാം എന്ന നിബന്ധന വെക്കുകയുമുണ്ടായി. തൊട്ടടുത്ത പ്രവൃത്തിദിവസം കലാലയത്തിൽ പ്രിൻസിപ്പൽ കാമ്പസിനെ തകർക്കാനുള്ള ശ്രമമാണെന്ന് വരുത്തിത്തീർക്കുകയും ഇതിനെ തുടർന്ന് കലാലയത്തിനു മുന്നിൽ അധികൃതരുടെ ഒത്താശയോടെ നിരവധി വിദ്യാർഥികൾ അധികൃതരുടെ അജണ്ടക്ക് അനുസൃതമായി മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. എനിക്കൊപ്പം വിഷയത്തിൽ പ്രതികരിച്ച എല്ലാ വിദ്യാർഥികളും കടുത്ത സമ്മർദത്താൽ മാപ്പ് എഴുതിക്കൊടുക്കേണ്ടി വന്നു. എന്നാൽ, യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ലിംഗ നീതിക്ക് വേണ്ടി നിലകൊള്ളുക മാത്രമാണ് ചെയ്തതെന്ന് ഉറപ്പുള്ളതിനാൽ മാപ്പ് എഴുതിക്കൊടുക്കുവാൻ ഞാൻ തയാറല്ലെന്ന് അറിയിച്ചു. തുടർന്ന് കോളജ് അധികൃതർ എന്നെ സസ്പെൻഡ് ചെയ്തു. ഈ കാലയളവിൽ വലിയ രീതിയിലുള്ള മാനസിക സംഘർഷമാണ് അനുഭവിക്കേണ്ടിവന്നത്. നാട്ടിൽ ഒറ്റപ്പെടുത്താനുള്ള ശ്രമവും മാപ്പ് പറയാനുള്ള സമ്മർദവും റെസിഡന്റ്സ് അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടായി. മുസ്ലിം സമുദായം കെട്ടിപ്പടുത്ത ഒരു സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്നു എന്ന രീതിയിൽ കോളജ് അധികൃതർ പുറത്തുവിട്ട പ്രചാരണങ്ങളാണ് മനസ്സിനെ ഏറ്റവും തളർത്തിയത്. തുടർന്ന് ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്യുകയും എന്റെ സസ്പെൻഷൻ ഉത്തരവ് ഹൈകോടതി മരവിപ്പിക്കുകയും ചെയ്തു. മൂന്നുവർഷവും ഹൈകോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഞാൻ എന്റെ പഠനം പൂർത്തിയാക്കിയത്. കാലടി സർവകലാശാലയിലേക്കാണ് പി.ജി പഠനത്തിനായി ചെന്നെത്തിയത്. എസ്.എഫ്.ഐയിൽനിന്ന് മാറി അംബേദ്കെറെറ്റ് രാഷ്ട്രീയ ബോധത്തിലേക്ക് ഞാൻ പരിവർത്തനപ്പെട്ടിരുന്നു. ഒന്നാം വർഷത്തിൽ യു.യു.സി പോസ്റ്റിലേക്ക് സ്വതന്ത്ര അംബേദ്കറൈറ്റ് സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചു. എതിർ സ്ഥാനാർഥിയായി ആരും തന്നെ നോമിനേഷൻ നൽകിയിരുന്നില്ല. എന്നാൽ, സ്ക്രൂട്ടി നിക്കായി റിട്ടേണിങ് ഓഫിസറുടെ മുറിയിലേക്ക് ചെന്നപ്പോൾ എസ്.എഫ്.ഐയുടെ രണ്ടു പ്രതിനിധികൾ സമയമവസാനിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ് നോമിനേഷൻ പത്രിക ബോക്സിൽ നിക്ഷേപിക്കുന്നത് കണ്ടു. നോമിനേഷൻ സമർപ്പിക്കുവാനുള്ള സമയം അവസാനിച്ചതിനുശേഷം നോമിനേഷൻ സമർപ്പിക്കുന്നത് ശരിയല്ലെന്ന് പറയുകയും മൊബൈലിൽ ഈ ദൃശ്യം പകർത്തുകയും ചെയ്തു. തുടർന്ന് വരാന്തയിൽ കാത്തുനിൽക്കുമ്പോൾ ഏതാനും പ്രതിനിധികൾ എന്റെ അടുത്തേക്ക് വരുകയും നീയൊക്കെ ആരാടായെന്ന് ചോദിക്കുകയും വിഡിയോ എടുത്തിട്ടുണ്ടെങ്കിൽ എന്റെ ഫോൺ എറിഞ്ഞു പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് വർഷക്കാലം ഞാൻ പ്രവർത്തിച്ചിരുന്ന, ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ഒരു പ്രസ്ഥാനത്തിന്റെ മറ്റൊരു രൂപം അവിടെ വെച്ചാണ് ഞാൻ തിരിച്ചറിഞ്ഞത്.
എസ്.എഫ്.ഐയിൽ പ്രവർത്തിച്ചിരുന്ന സഹപാഠിയായ തീർഥ ഇലക്ഷൻ ഗ്രീവൻസ് കമ്മിറ്റിയിൽ അംഗമായിരുന്നു. ഈ വിഷയങ്ങളറിഞ്ഞ അവൾ സത്യസന്ധമായ നിലപാട് പറയുമെന്ന് പറഞ്ഞതിനെ തുടർന്ന് ഡീൻ ഓഫ് സ്റ്റുഡന്റ്സിന്റെ ഓഫിസിൽ മുൻവശത്തായി മീറ്റിങ്ങിന് പ്രവേശിക്കാൻ നിൽക്കവെ, കാമ്പസിന്റെ പുറത്തുനിന്ന് വന്ന എസ്.എഫ്.ഐയുടെ ജില്ല കമ്മിറ്റി അംഗമായ ആർഷോ തീർഥയെ ഭീഷണിപ്പെടുത്തുകയും നീയൊക്കെ കാമ്പസിൽ എങ്ങനെയാണ് ഇനി പഠിക്കുക എന്ന് കാണിച്ചുതരാമെന്ന് പറയുകയും അവൾ മാനസിക സമ്മർദത്താൽ ബോധംകെട്ടു നിലത്തുവീഴുകയും ചെയ്തു. തുടർന്ന് തീർഥയെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തു. കാലടി സർവകലാശാലയിലെ അന്നത്തെ െവെസ് ചാൻസലറുടെ ഓഫിസിലേക്ക് താഴെ പേരെഴുതാതെ പ്രവേശിക്കുവാൻ അനുവാദമുണ്ടായിരുന്നത് എസ്.എഫ്.ഐയുടെ ഭാരവാഹികൾക്ക് മാത്രമായിരുന്നു. എല്ലാ രീതിയിലും തങ്ങളുടെ രാഷ്ട്രീയ ചായ്വ് അനുസരിച്ച് വിദ്യാർഥികളോട് അനുകൂലവും പ്രതികൂലവുമായ നിലപാടും പെരുമാറ്റവും എടുക്കാൻ മാത്രം അറിയുന്ന ഉന്നത അധികൃതരെ കണ്ടു മടുത്ത കാലമായിരുന്നു പി.ജി പഠനകാലം. ഇക്കാലയളവിൽ തന്നെയാണ് പൊലീസ് അതിക്രമം ഏൽക്കേണ്ടിവന്നത്. കൊച്ചിയിൽ പോയശേഷം രാത്രി സർവകലാശാലയിലേക്ക് തിരിച്ചു നടക്കുകയായിരുന്നു. മുന്നിൽ നിർത്തിയിട്ട പൊലീസ് ജീപ്പിൽനിന്ന് ഉദ്യോഗസ്ഥർ എന്റെ പേരും അഡ്രസ്സും ചോദിച്ചപ്പോൾ എന്തിനാണ് സാർ എന്ന് ചോദിച്ചതിനെ തുടർന്ന് ആദ്യത്തെ ഉദ്യോഗസ്ഥൻ വണ്ടിയിൽനിന്ന് ചാടിയിറങ്ങുകയും തോളിൽ തള്ളുകയും രണ്ടാമത്തെ ഉദ്യോഗസ്ഥൻ വണ്ടിയിൽനിന്നിറങ്ങി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തുടർന്ന് 20 മിനിറ്റോളം റോഡിൽ അനധികൃതമായി തടയപ്പെട്ടു. അന്നേരം ഭാഗ്യത്തിന് സുഹൃത്തുക്കൾ ആ വഴി വന്നതിനാൽ പൊലീസ് വെറുതെ വിടുകയാണുണ്ടായത്. എന്നാൽ, എന്റെ സുഹൃത്ത് എന്തിനാണ് എന്നെ തടഞ്ഞുവെച്ചതെന്ന് ചോദിച്ചപ്പോൾ എന്റെ രൂപം ശരിയല്ലാത്തതുകൊണ്ടാണെന്നാണ് പ്രസ്തുത ഉദ്യോഗസ്ഥൻ പറഞ്ഞത്. ഒരിക്കൽ പാലക്കാട് നിന്ന് തിരികെ കോഴിക്കോടേക്ക് യാത്ര ചെയ്യുമ്പോഴും മിന്നൽ പരിശോധനക്കായി കയറിയ നാർകോട്ടിക് ഉദ്യോഗസ്ഥൻ എെന്ന കണ്ടപാടെ കൈയിലുള്ള പാക്കറ്റ് എടുെക്കടാന്ന് അലറിവിളിച്ചതും ഇതേ രൂപത്തിലുള്ള വിവേചനബോധത്താലാണ്.
തടസ്സങ്ങൾ, പ്രതിസന്ധികൾ
കൈലാഷ് നാഥ്: ശാസ്ത്രം, സാമൂഹികം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളും ലോകമെമ്പാടും സോഫ്റ്റ് വെയർവത്കരിക്കപ്പെടുമ്പോൾ, ‘‘Software ate the world’’ എന്ന പ്രയോഗത്തിന്റെ പ്രസക്തി ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഡിജിറ്റൽ സാങ്കേതിക വിദ്യയാണെന്ന ഒരു മിഥ്യാധാരണയും വളർന്നുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റും ഡിജിറ്റൽ സാങ്കേതികവിദ്യകളും കൊണ്ട് മനുഷ്യരാശിക്ക് ഇത്രയേറെ നേട്ടങ്ങളുണ്ടായിട്ടുണ്ടോ, അതിനനുപാതമായി കോട്ടങ്ങളുമുണ്ടാവാമെന്നതിന് വലിയൊരു ഉദാഹരണമാണ് എന്നും അരങ്ങേറുന്ന സൈബർ യുദ്ധങ്ങൾ, പലവിധത്തിലുള്ള സാമ്പത്തിക ചൂഷണങ്ങൾ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾ, ഇന്റർനെറ്റ് നവമാധ്യമങ്ങളുടെ ആയുധവത്കരണം തുടങ്ങിയവ. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ പല ഡിജിറ്റൽ സാങ്കേതികവിദ്യകളും വൻകിട വ്യവസായ സാമ്രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും കൈകളിൽ അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും ഉപകരണങ്ങളായി മാറി. അതുകൊണ്ടുതന്നെ അവയെ ചിട്ടപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള നിയമനിർമാണ പ്രക്രിയകൾ ഒരുവിധം എല്ലാ രാഷ്ട്രങ്ങളിലും നടന്നുവരുന്നു. ഇത്തരം ഉദ്യമങ്ങൾ വളരെയധികം ജാഗ്രതയോടുകൂടി, സൂക്ഷ്മമായ സാങ്കേതിക വൈദഗ്ധ്യമുപയോഗിച്ച് മാനുഷികമൂല്യങ്ങളെ മുൻനിർത്തി ചെയ്തില്ലെങ്കിൽ, മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് മാത്രമല്ല ജീവനുതന്നെ ഹാനി വരാവുന്ന ഒരു വ്യവസ്ഥയിലേക്കു സമൂഹം വഴുതിവീഴാം. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വിസ്മയംകൊണ്ട് ആകൃഷ്ടനായി ഈ മേഖലയിലെത്തിയ ഞാൻ ലോകത്തിന്റെ ഈ പോക്കിനെയും പ്രവണതകളെയും വളരെയധികം ഭയത്തോടുകൂടിയാണ് ഇന്ന് നോക്കിക്കാണുന്നതെങ്കിൽകൂടി അനന്തസാധ്യതകളുടെ വിസ്മയവും ആശ്ചര്യവും ഇന്നും എന്നെ മുന്നോട്ടു നയിക്കുന്നു.
ധന്യ രാജേന്ദ്രൻ: മാധ്യമപ്രവർത്തകരെ ആക്ഷേപിക്കുകയും അവരുടെ ജോലിയെ അപകീർത്തിപ്പെടുത്തുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പോപുലിസ്റ്റ് വലതുപക്ഷത്തെയാണ് ലോകത്തെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്കും – ഇന്ത്യയിൽപോലുമുള്ളവർക്കും ഏറ്റവും വലിയ തടസ്സമായി ഞാൻ കരുതുന്നത്. നിർഭാഗ്യവശാൽ, ഇന്ത്യയിലിത് ചെയ്യുന്നത് ജനകീയ വലതുപക്ഷം മാത്രമല്ല; മാധ്യമങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഈ ദൗത്യത്തിൽ പല വിഭാഗങ്ങളും സജീവമാണ്. മാധ്യമ-വിരുദ്ധ പ്രക്ഷോഭണങ്ങളിലൂടെ മാധ്യമങ്ങൾക്കെതിരായ ജനങ്ങളുടെ അഭിപ്രായങ്ങൾ ധ്രുവീകരിക്കപ്പെട്ടത് പല മാധ്യമപ്രവർത്തകരെയും സ്വയം സെൻസർ ചെയ്യുന്നതിലേക്ക് നയിച്ചു. മാധ്യമങ്ങളിൽ ഭൂരിഭാഗവും സർക്കാറിനോട് യോജിച്ചുനിൽക്കുന്ന ഒരു രാഷ്ട്രീയാന്തരീക്ഷത്തിൽ, സ്വതന്ത്രരും നിർഭയരുമായ മാധ്യമപ്രവർത്തകർ സ്വയം സെൻസർ ചെയ്യുന്നതാണ് വലിയ അപകടം. നാം സ്ഥിരം ചർച്ചചെയ്യപ്പെടുന്ന ഭയപ്പെടുത്തുന്ന ഈ അന്തരീക്ഷത്തിന് പുറമെ, മാധ്യമപ്രവർത്തകരെ അലട്ടുന്നത് ഒരൊറ്റ പ്രശ്നം മാത്രമല്ലെന്ന് ഒരു മാധ്യമസംരംഭകയെന്ന നിലയിൽ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഭിന്നാഭിപ്രായമുള്ള മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടായിരിക്കുകയാണ്. സർക്കാറിനെ വിമർശിക്കുന്ന മാധ്യമങ്ങളിൽ നിക്ഷേപം നടത്താൻ ആരും ആഗ്രഹിക്കുന്നില്ല, ദേശീയവും അന്തർദേശീയവുമായ ഫണ്ടിങ്ങിന് എല്ലാത്തരം നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ലുക്മാൻ അവറാൻ: വളരെ യാഥാസ്ഥിതികമായ ഒരു കുടുംബമാണ് എന്റേത്. സിനിമയൊന്നും ഒരുപാട് കാണില്ല. അങ്ങനെയുള്ള ഒരു കുടുംബത്തിൽനിന്നായതുകൊണ്ടുതന്നെ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നും ഒരുപക്ഷേ ഒരു പ്രശ്നമായി തോന്നുന്നില്ല. അന്ന് ശരിക്കും എന്നെ മാറ്റിമറിക്കാൻ കഴിയുന്ന പ്രതിസന്ധികൾതന്നെയായിരുന്നു. ഇപ്പോൾ അതെല്ലാം ഒരു അസറ്റായി (ആസ്തി) മാത്രമേ കാണാനാകൂ. ഒരു നടനെന്ന നിലയിൽ സ്വയം മെച്ചപ്പെടുത്താൻ സാധിച്ചതും ഒരു വ്യക്തിയെന്ന നിലയിൽ സ്വയം ചിന്തിക്കാൻ പ്രാപ്തനാക്കിയതുമെല്ലാം ഈ പ്രതിസന്ധികളായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അതെല്ലാം നല്ലതിനുവേണ്ടിയായിരുന്നുവെന്ന് തോന്നും.
അന്ന് ഒരുപാട് ടെൻഷനുണ്ടായിരുന്നു. വീട്ടിൽനിന്നും നാട്ടിൽനിന്നുമുള്ള ഓരോ സമ്മർദങ്ങളിലും പല ഘട്ടങ്ങളിലും തളർന്നുപോകും. സ്വന്തമായും ഒരുപാട് മാനസിക സമ്മർദങ്ങളുണ്ടാകും. ഇനി എന്ത് ചെയ്യും? ഞാൻ ഒറ്റക്ക് എടുത്ത തീരുമാനം ശരിയാണോ തുടങ്ങിയ ചോദ്യങ്ങൾ മാത്രം സ്വയം ചോദിച്ചുകൊണ്ടിരിക്കും. കൂടെയുള്ളവർ പല ജോലികൾക്കായി പോകുമ്പോഴോ വിവാഹം കഴിയുമ്പോഴോ വീട്ടിൽനിന്നും നാട്ടിൽനിന്നുമുള്ള പ്രഷറെല്ലാം താങ്ങാൻ കഴിയാതെ വരും. ഒരു സമയത്ത് ‘ഇനി സിനിമയുടെ പിന്നാലെ പോകണ്ട, ഇത് നിർത്താം’ എന്നെല്ലാം സ്വയം ചിന്തിച്ചുപോകും. ഗൾഫിൽ ജോലിക്ക് പോകാമെന്നും അല്ലെങ്കിൽ നാട്ടിൽതന്നെ മറ്റൊരു ജോലിനോക്കാമെന്നെല്ലാമുള്ള നിരവധി ചിന്തകളുമുണ്ടാകും. എപ്പോഴൊക്കെ സിനിമയും ആഗ്രഹങ്ങളും വിട്ടുപോകാമെന്ന് തോന്നുന്നോ, അപ്പോഴെല്ലാം ഒരു ഓപ്ഷൻ എന്റെ അടുത്തെത്തുമായിരുന്നു. ഏതെങ്കിലും സിനിമയിൽ ചാൻസോ അല്ലെങ്കിൽ സംവിധായകനുമായുള്ള കൂടിക്കാഴ്ചയോ എല്ലാമായിരിക്കും. അത് ചിലപ്പോൾ ഭാഗ്യമായിരിക്കും. തളർന്നുപോയ പല ഘട്ടങ്ങളിലും താങ്ങിനിർത്തിയത് സുഹൃത്തുക്കളായിരുന്നു. സൗഹൃദംകൊണ്ടു മാത്രമാണ് എനിക്ക് എന്റെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നതും. സാമ്പത്തികമായും മാനസികമായും എന്നെ അവർ ഓരോ ഘട്ടങ്ങളിലും സഹായിച്ചുകൊണ്ടിരുന്നു. എന്റെ ഒപ്പം സിനിമ സ്വപ്നം കണ്ടിരുന്ന, ഇപ്പോൾ സിനിമയിലുള്ളവരാണ് അവരെല്ലാം. അവർ ഇപ്പോഴും സുഹൃത്തുക്കളാണ്, അതിനൊപ്പം അറിയപ്പെടുന്ന സംവിധായകരും എഴുത്തുകാരുമാണ്.
ലദീദ ഫർസാന: അടിച്ചമർത്തപ്പെടുന്നവരുടെ രാഷ്ട്രീയത്തിനും അതിജീവനത്തിനും അക്കാദമികവും സൈദ്ധാന്തികവും ക്രിയാത്മകവുമായ കരുതിവെക്കലുകൾ എല്ലാ തലമുറയും നിർവഹിച്ചാൽ മാത്രമേ സാമൂഹിക നീതി ഉറപ്പുവരുത്തുന്ന ഒരു ഭാവി സൃഷ്ടിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. സ്വാഭാവികവത്കരിക്കപ്പെട്ട ഭരണകൂടവേട്ടയാണ് ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ച് ആക്ടിവിസ്റ്റുകളെയും വിദ്യാർഥികളെയും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. ഒരു തലമുറയുടെ എല്ലാ സ്വപ്നങ്ങളെയും അത് നശിപ്പിക്കുന്നുണ്ട്. ജനാധിപത്യപരമായ ഒരു പ്രവർത്തന മണ്ഡലം ഇന്ന് ഇന്ത്യയിലെ സാമൂഹിക പ്രവർത്തനത്തിന്റെ ഒരു മേഖലയിലും കാണാൻ സാധിക്കില്ല. പ്രത്യേകിച്ച് ഒരു വ്യവസ്ഥാപിത വംശീയ ഭരണകൂടം ജനാധിപത്യപരമായ എല്ലാ ഘടനകളെയും ദുർബലപ്പെടുത്തി മുന്നേറുമ്പോൾ, അതിനെ സാധാരണവത്കരിക്കാനും, പിന്തുണക്കാനും കഴിയുന്ന വിദ്വേഷത്തിലൂന്നിയ പോപുലിസ്റ്റ് രാഷ്ട്രീയ സംസ്കാരം നമ്മുടെ പൊതുബോധമായി മാറുമ്പോൾ, സാമൂഹിക പ്രവർത്തനം എന്നത് അസാധ്യമായ ഒരു കാര്യംകൂടിയാണ്. എന്നാൽ, ലോകചരിത്രത്തിൽതന്നെ ഇത്തരം പ്രതിസന്ധികളെ മറികടന്നു മുന്നോട്ടുപോയ അനവധി ഉദാഹരണങ്ങളുണ്ട്. അതിൽനിന്നൊക്കെയും പ്രചോദനം ഉൾക്കൊണ്ട് പുതിയ മാതൃകകൾ കണ്ടെത്തുക എന്നതുതന്നെയാണ് നമുക്ക് ആവശ്യം.
ഡോ. വിനിൽ പോൾ: ദലിത് ചരിത്രരചന എന്നത് ഒരു വിമർശനപരമായ സമീപനമാണെന്നും ഏതെങ്കിലും ജനതയെ കേന്ദ്രസ്ഥാനത്ത് കേവലമായി നിർത്തുകയെന്നത് അതിെന്റ ലക്ഷ്യമെല്ലന്നും നമുക്ക് അറിവുള്ളതാണ്. എന്നാൽ ദലിത് ചരിത്രരചനയെ ഒരു വിമർശന ചരിത്രരചന രീതിയായി പൊതുസമൂഹം പരിഗണിക്കാറില്ല എന്നതാണ് യാഥാർഥ്യം. ഈ കാരണത്താൽ ഒരു ജനതയെ അതിന്റെ കേന്ദ്രത്തിലേക്ക് പ്രതിഷ്ഠിക്കേണ്ടി വരുകയാണ് കേരളത്തിന്റെ ചരിത്ര ആലോചനകളിൽ. എന്തായാലും കേരളത്തിലെ ദലിതരെക്കുറിച്ചുള്ള ചരിത്രരചനക്ക് ഫീൽഡ് വർക്ക് വളരെ പ്രധാനപ്പെട്ട ഘടകമാണ്. പ്രാദേശിക മേഖലകളിൽ പ്രചരിക്കുന്ന വാമൊഴിയും ഓർമകളും പലപ്പോഴും പുരാശേഖരങ്ങളുമായി ചേർന്നുനിൽക്കുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അധിനിവേശ ഭരണകാലം നിരവധി വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും അവ ദലിതർ ഉൾപ്പെടെയുള്ള ജനതയുടെ പുരാശേഖര നിർമിതി നടത്തുകയുണ്ടായി. പലതലങ്ങളിൽ എഴുതപ്പെട്ട കൊളോണിയൽ രേഖകളിൽ സമ്പന്നമായ രീതിയിലാണ് കേരളത്തിലെ ദലിതരെ കുറിച്ച് അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ദലിതരെ സംബന്ധിച്ച് എഴുതപ്പെട്ട രേഖകൾ ഒന്നുംതന്നെയില്ല എന്നതായിരുന്നു കേരളത്തിന്റ പൊതുബോധം. ഈ കാരണത്താൽ പുരാശേഖരങ്ങളിൽനിന്ന് ഒരു ദലിത് വ്യക്തിയെ, സംഭവത്തെ കണ്ടെടുക്കുക എന്നതും ഒരു രാഷ്ട്രീയ ദൗത്യമായിത്തീരുകയാണ് കേരളത്തിെന്റ പൊതുമണ്ഡലത്തിൽ.
'തല്ലുമാലയിൽ' ലുക്മാൻ അവറാൻ
ദേവദാസ് വി.എം: സമകാലത്തെ എഴുത്തിന് രാഷ്ട്രീയശരിമാനങ്ങളുടെ (political correctness) ചുറ്റികയടികൂടി അമിതമായിഏൽക്കേണ്ടി വരുന്നുണ്ട്. അലിഖിതമായ നിയമങ്ങളിലൂടെയും രാഷ്ട്രീയമായ ഇടപെടലുകളിലൂടെയുമൊക്കെ അതിന് ഈയിടെയായി ഏറെ പ്രാമാണികത ലഭിക്കുന്നുമുണ്ട്. ഒരു വ്യക്തി അഥവാ സാമൂഹികജീവി എന്ന നിലയിലും, സർഗപരമായി ഇടപെടുന്ന എഴുത്തുകാരൻ എന്ന നിലയിലും ഈ സമസ്യയെ രണ്ട് തരത്തിൽ സമീപിക്കേണ്ടതുണ്ട്. സാമൂഹികജീവിയായ എഴുത്തുകാരൻ തന്റെ കുഴമറിഞ്ഞ മനോനിലകളെക്കൂടി തരണംചെയ്താണ് ഇക്കാലത്ത് എഴുത്തു തുടരുന്നതെന്നാണ് പലപ്പോഴും തോന്നാറുള്ളത്. രാഷ്ട്രീയ ശരികളെ വ്യക്തിയെന്ന രീതിയിൽ കഴിയാവുന്നവിധം സത്യസന്ധതയോടെ ജീവിതത്തിലേക്ക് പകർത്താൻ ശ്രമിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. അണുകുടുംബത്തിലെ ഒരംഗം നിലവിൽ പങ്കാളിയോടോ മക്കളോടോ ഒപ്പമിരുന്ന് സമയം ചെലവിടുന്നതു പോലെയോ സിനിമ കാണുന്നതു പോലെയോ യാത്രകൾ ചെയ്യുന്നതു പോലെയോ അല്ല സർഗപ്രവൃത്തികളിലേർപ്പെടുന്നത്. ഒരു മുഴുവൻ സമയ എഴുത്തുകാരനല്ലാത്തതിനാൽ ജോലിസമയങ്ങളിൽ അവരിൽനിന്ന് അകന്നുനിൽക്കേണ്ടി വരാറുണ്ട്. അതുകൂടാതെയാണ് എഴുത്ത്, അതിനായുള്ള ഗവേഷണം, വായന എന്നിവക്കായി കുടുംബത്തിനകത്തു തന്നെ തനിച്ചുമാറിയൊരിടം കണ്ടെത്തുന്നത്. എന്നാൽ അന്നേരങ്ങളിൽ ആ പ്രവൃത്തികൾ പലപ്പോഴും കുറ്റബോധമായി അവശേഷിക്കുന്നു. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കേണ്ട, അവർകൂടി ഉപകാരപ്പെടേണ്ട സമയമാണല്ലോ അവനവൻ പ്രവൃത്തികൾക്കായി ഉപയോഗപ്പെടുത്തുന്നത് എന്ന ചിന്ത കടന്നുവരുന്നതോടെ ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് ഈ എഴുതിക്കൂട്ടുന്നതെന്നൊരു തോന്നലുകളുയരുന്നു. സ്വാഭാവികമായും എഴുത്ത് പലപ്പോഴും പാതിയിൽ നിലക്കുന്നു. ഇക്കാര്യത്തെ അൽപം തമാശകലർത്തി പറയുകയാണെങ്കിൽ... ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ ‘‘നൈജാം ഫോട്ടോ പതിനൊന്നാം നമ്പർ ബീഡികൾ ആരോക്കിയകരം. വെസപ്പുണ്ടാക്കും. തിന്ന തീൻപണ്ടങ്ങൾ എരിയും’’ എന്നൊരു പരസ്യമുണ്ട്. അക്കാലത്ത് മറ്റു ചിന്തകളൊന്നുമില്ലാതെ ബീഡി വലിച്ച് ആസ്വദിക്കാമായിരുന്നു. എന്നാലിപ്പോഴത്തെ സിഗരറ്റിന്റെ കൂടിന്മേൽ അർബുദത്തിന്റെ മുന്നറിയിപ്പും ശ്വാസകോശം സ്പോഞ്ച് പോലായതിന്റെ ചിത്രവുമൊക്കെയാണ്. അതുണ്ടാക്കുന്ന അസ്വസ്ഥതകളെക്കൂടി മറികടന്നുവേണം ഒരാൾക്ക് പുകയിലപ്പുകയൂതാൻ.
വ്യക്തിയായ എന്നെ സംബന്ധിച്ചിടത്തോളം പൊളിറ്റിക്കൽ കറക്റ്റ്നസ് എന്നതൊരു സുജനമര്യാദയാണ്. മറ്റൊരാളോട് ഇടപെടുമ്പോൾ പുലർത്തേണ്ട ചില നിയന്ത്രണങ്ങൾ, ഒഴിവാക്കേണ്ട ചില പ്രയോഗങ്ങൾ, സ്വാഭാവികമായി മയപ്പെടേണ്ടതോ മാറ്റേണ്ടതോ ആയ ചില മനോവിചാരങ്ങൾ എന്നതൊക്കെ കൂടിച്ചേർന്നതാണത്. എന്നാൽ എഴുത്തിലേക്ക് വരുമ്പോൾ അത് പിന്നെയും സങ്കീർണമാകുന്നു. എഴുത്തുകാരൻ നടത്തുന്ന ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ ഇടപെടലുകളിലുമെല്ലാം രാഷ്ട്രീയശരിമാനങ്ങൾ വെവ്വേറെ നിലക്കാണ് പ്രവർത്തിക്കുന്നത്. മുൻകാലത്തുനിന്ന് ചില ഉദാഹരണങ്ങൾ ചികഞ്ഞുനോക്കാം. 'നീലവെളിച്ചം' എന്ന കഥയിൽ പോൾ റോബ്സനെ ‘നീഗ്രോ ഗായകൻ’ എന്നാണ് വൈക്കം മുഹമ്മദ് ബഷീർ സംബോധന ചെയുന്നത്. മാറിയകാലത്ത് നീഗ്രോ എന്നത് ശരിയല്ലാത്തൊരു വിശേഷണമാണെന്ന് നമുക്കറിയാം. പൊളിറ്റിക്കൽ കറക്റ്റ്നസിന്റെ സ്വർണച്ചുറ്റിക (golden hammer) കൈയിലുണ്ടെന്നു കരുതി ചുറ്റിലുള്ളതെല്ലാം ആണിയാണെന്നു കരുതി പ്രഹരിച്ചാൽ അത് ബഷീറീന്റെ മണ്ടക്കും ചെന്നു പതിക്കാം. എന്നാൽ 'ശബ്ദങ്ങൾ' പോലെയൊരു നോവലെഴുതിയ ബഷീർ സമൂഹത്തിലെ പാർശ്വവത്കൃതരെ എങ്ങനെയാണ് മാനസികമായി സമീപിച്ചിരുന്നതെന്ന് മനസ്സിലാക്കണമെങ്കിൽ 'ആണിക്കാഴ്ച'യിൽനിന്ന് നമ്മുടെ വായനയെ മോചിപ്പിക്കേണ്ടതുണ്ട്, അതിനായി ആ ചുറ്റികയുടെ ആയവും പ്രയോഗവുമൊക്കെ കൂടുതൽ കരുതലോടെയാകേണ്ടതുണ്ട്. എൻ.എസ്. മാധവന്റെ 'എന്റെ മകള് ഒരു സ്ത്രീ' എന്ന കഥ ‘വൾഗറാ’ണെന്ന് സ്ഥാപിക്കാനായി എം. കൃഷ്ണന് നായര് എഴുത്തുകാരന്റെ വ്യക്തിപരതയെയും ഔദ്യോഗികസ്ഥാനത്തെയുമൊക്കെ വലിച്ചിഴച്ചുകൊണ്ടാണ് തീർപ്പു കൽപിക്കുന്നത്. സർഗസൃഷ്ടികളെ അതിന്റെ ആഴത്തിലും പരപ്പിലും പരിഗണിക്കാതെ, സാമൂഹികനീതി മാനങ്ങളുടെ സംരക്ഷണമാണ് ആത്യന്തികമായി തങ്ങളുടെ ഉത്തരവാദിത്തമെന്ന് കരുതുന്നതോടെ വായനയെന്നത് സദാചാര പൊലീസിങ്ങിലേക്ക് വഴിമാറുന്നു. പലതരക്കാരും ചിന്താഗതിക്കാരുമായ കഥാപാത്രങ്ങളുടെ ചേഷ്ടകളും വർത്തമാനങ്ങളുമെല്ലാം അമിതമായി നിയന്ത്രിക്കപ്പെടേണ്ട നിലയിലേക്ക് അതിരുകയറുന്നു.
ദിനു വെയിൽ: വേദികളിൽനിന്ന് നിരവധിതവണ പുറന്തള്ളപ്പെട്ടിട്ടുണ്ട്. ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ അന്ന് മുസ്ലിം ലീഗിന്റെ ഇടപെടൽ കാരണം എൻ.എസ്.എസിന് ക്ലാസ് എടുക്കാൻ വേണ്ടി യാത്രതിരിച്ച് സ്കൂളിനു മുന്നിൽ എത്തി അപമാനിതനായി തിരിച്ചുപോരേണ്ടി വന്നിട്ടുണ്ട്. സമാനമായി, സുഹൃത്ത് നടത്തിയ പ്രദർശനത്തിൽനിന്നും ഞാൻ മാറിനിന്നുകൊള്ളാമെന്ന് സ്വയം പറയേണ്ടിവന്നിട്ടുണ്ട്. എസ്.എഫ്.ഐയിൽനിന്ന് മാറിയതിൽ പിന്നെ പലപ്പോഴായി സാംസ്കാരിക ഇടങ്ങളിൽനിന്ന് വെട്ടിമാറ്റലുകൾ അനുഭവപ്പെട്ടിട്ടുണ്ട്. ഒരിക്കൽ കോട്ടയം മെഡിക്കൽ കോളജിൽ ഞാൻ പങ്കെടുക്കുന്ന പരിപാടി റദ്ദ് ചെയ്യണമെന്ന് വിളിച്ചുപറഞ്ഞത് എസ്.എഫ്.ഐയുടെ ജില്ല കമ്മിറ്റി അംഗങ്ങളായിരുന്നു. പുറമേനിന്ന് രാഷ്ട്രീയ വ്യത്യാസങ്ങളാൽ റദ്ദ് ചെയ്യുന്നതിനേക്കാൾ കൂടുതൽ വേദന അനുഭവപ്പെടുന്നത് സ്വന്തം ഇടങ്ങൾ എന്ന് കരുതുന്ന സ്ഥലങ്ങളിൽനിന്ന് നമ്മൾക്ക് പുറന്തള്ളലുകൾ അനുഭവപ്പെടുമ്പോഴാണ്. തൃശൂരിൽെവച്ച് നടന്ന ‘റീഡിസൈനിങ് കേരള’ക്ക് ഞാൻ വിളിക്കപ്പെട്ടതേയില്ല. അന്ന് മുഖ്യ സംഘാടകനായ, സഹോദരതുല്യനായി കണ്ട കെ. സന്തോഷ് കുമാർ പറഞ്ഞ മറുപടി ആദ്യത്തെ നൂറുപേരെ ആലോചിച്ചപ്പോൾ ആരും ദിനുവിനെ ഓർത്തത് പോലുമില്ല എന്നായിരുന്നു. ജീവിതത്തിൽ നേരിടേണ്ടിവന്ന മറ്റൊരു പ്രധാനപ്പെട്ട പ്രതിസന്ധി നടൻ വിനായകന് ഏൽക്കേണ്ടിവന്ന വെർബൽ അബ്യൂസിനെതിരെ പ്രതികരിച്ചതിനെ തുടർന്നായിരുന്നു. ചുറ്റുമുള്ള പലരും ജീവിതത്തിന്റെ ഏറിയ പങ്കും ദലിത് സമുദായത്തിനായി മാറ്റിവെച്ച ഞങ്ങളെ തള്ളിപ്പറഞ്ഞു. പേരും പ്രശസ്തിക്കുമായി ഒരു ദലിതനായ നടനെ ചതിച്ച് കുടുക്കിയതാണെന്നുവരെ പഴികേൾക്കേണ്ടി വന്നു. വൈകാരികമായി അടുപ്പമുള്ള മനുഷ്യരിൽനിന്നുപോലും ഇരട്ട നിലപാടുകൾ അനുഭവപ്പെടുക എന്നത് വലിയ വേദനയുളവാക്കുന്ന ഒന്നാണ്. ‘ദിശ’യുടെ പ്രവർത്തനങ്ങൾ ആദ്യ കാലഘട്ടത്തിൽനിന്ന് ഏറെ മാറിയിട്ടുണ്ട്. മനുഷ്യാന്തസ്സാണ് സാമൂഹിക പ്രവർത്തനത്തിന്റെ അടിസ്ഥാന ശില എന്ന് മനസ്സിലാക്കി സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗങ്ങൾക്ക് നീതി ഉറപ്പിക്കാനാവുന്ന സാമൂഹിക ഇടപെടലുകൾ നടത്തുക എന്നതാണ് ‘ദിശ’ കഴിഞ്ഞ മൂന്ന് വർഷമായി ചെയ്തുപോരുന്ന പ്രധാന പ്രവർത്തനം. പിങ്ക് പൊലീസ് അതിക്രമം നേരിട്ട എട്ടു വയസ്സുകാരിയായ കുട്ടിയുടെ നീതിക്കായി, ട്രാൻസ്ജെൻഡർ വിദ്യാർഥികളുടെ സ്കോളർഷിപ് സമയബന്ധിതമായി ലഭിക്കുന്നതിന്, തെന്മലയിലെ പൊലീസ് അതിക്രമം നേരിട്ട രാജീവേട്ടനായി, ഓൺലൈൻ പഠനകാലത്ത് പുറംതള്ളപ്പെട്ട അനേകം കുട്ടികളെ ഉൾച്ചേർക്കുന്നതിനായി, ലൈംഗിക അതിക്രമവും ഗാർഹിക പീഡനവും നേരിട്ട അനേകം സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘ദിശ’ക്ക് നിലകൊള്ളാൻ സാധിച്ചിട്ടുണ്ട്. ‘ദിശ’യിലെ നേതൃസ്ഥാനങ്ങളിലുള്ള എല്ലാവരുംതന്നെ വ്യത്യസ്ത പാർശ്വവത്കൃത സമൂഹങ്ങളിൽനിന്നുള്ളവരാണ്.
ബദലുകൾ
കൈലാഷ് നാഥ്: ഞാൻ നേരത്തേ പറഞ്ഞപോലെ, പല ഡിജിറ്റൽ സാങ്കേതിക വിദ്യകളും ക്രമാതീതമായ അധികാര കേന്ദ്രീകരണത്തിനുള്ള ഉപായങ്ങളായി ഇക്കാലത്ത് മാറുന്നുണ്ട്. Decentralisation (വികേന്ദ്രീകരണം), federation എന്നീ ആശയങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുക അത്യാവശ്യമാണ്. നമ്മൾ ആവേശപൂർവം നിർമിക്കുന്ന സാങ്കേതികവിദ്യകൾ മാനുഷിക മൂല്യങ്ങളെ മുൻനിർത്തിയായിരിക്കുകയും, നാളെ അവ ഏതൊക്കെ രീതിയിൽ രൂപാന്തരപ്പെടാം എന്ന് ഒരു പരിധിവരെ കാണാനുള്ള ദീർഘദൃഷ്ടി വളർത്തുകയും ചെയ്യുക എന്നത് അത്യാവശ്യമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുംതന്നെ അവരുടെ വീക്ഷണങ്ങൾ ഇത്തരത്തിൽ മാറ്റേണ്ടിയിരിക്കുന്നു.
ധന്യ രാജേന്ദ്രൻ: ബദൽ = അടിസ്ഥാനങ്ങളിലേക്ക് മടങ്ങുക. പ്രവർത്തിക്കുന്ന മീഡിയം പരിണമിച്ചേക്കാം, പക്ഷേ മാധ്യമപ്രവർത്തനത്തിന്റെ കാതലെന്നത് എപ്പോഴും സത്യവും നീതിയും വിളിച്ചുപറയുകയെന്നതാവണം. എല്ലാ പുതിയ മാർഗങ്ങളും പഠിക്കണം – അത് ഷോർട്ട്സോ റീലുകളോ മറ്റെന്തുമാവട്ടെ; എന്നാൽ എല്ലാറ്റിനുമൊടുക്കം ലക്ഷ്യം അതേപടി തുടരുന്നു.
ലുക്മാൻ അവറാൻ: സിനിമയുടെ വിജയമാണ് ഏറ്റവും പ്രധാനകാര്യം. ചെറിയ വേഷങ്ങളായാലും നല്ല കഥാപാത്രങ്ങളാണെങ്കിലും ആ സിനിമ വിജയിച്ചാൽ ഒരുപാട് സന്തോഷം. അതുപോലെതന്നെ മുഴുനീള കഥാപാത്രങ്ങളായെത്തിയ സിനിമ വിജയിക്കുന്നതിൽ അതിലും വലിയ സന്തോഷം തോന്നും. ജനങ്ങൾ സിനിമ ശ്രദ്ധിക്കുന്നു, കാണുന്നു, സാമ്പത്തികമായി വിജയം കാണുന്നു, കലാപരമായി ശ്രദ്ധനേടുന്നു എന്നു പറയുന്നതിലാണ് വലിയ കാര്യം. ഓരോ സിനിമയിൽനിന്നും ഓരോ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയും. പുതിയ നടൻമാരോ അല്ലെങ്കിൽ വർഷങ്ങളുടെ പരിചയമുള്ള നടീനടൻമാരോ ആണെങ്കിലും ഒരുപാട് കാര്യങ്ങൾ അവരിൽനിന്ന് മനസ്സിലാക്കാനാകും. ഓരോ സിനിമയിൽനിന്നും അങ്ങനെതന്നെ. അങ്ങനെ മാത്രമേ ഓരോരുത്തർക്കും സ്വയം മെച്ചപ്പെടുത്താൻ കഴിയൂ. ഏതൊരാളായാലും ഓരോ ഘട്ടത്തിലും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കണം. ഓരോ സിനിമയിൽനിന്നും ഞാൻ സ്വയം മിനുക്കിയെടുത്തുവരുകയാണെന്ന് നിരവധി ഇന്റർവ്യൂകളിൽ മമ്മൂക്ക (മമ്മൂട്ടി) തന്നെ പറഞ്ഞിരുന്നു. അത് ശരിയാണ്. പുതിയ ഒരു നടനാണെങ്കിൽപോലും എന്തെങ്കിലും സിനിമയോ അഭിനയമോ ആയി ബന്ധപ്പെടുത്തി ഒരു ബാക്സ്റ്റോറിയുണ്ടാകും. ഓരോ സിനിമയിൽനിന്നും ഓരോ കാര്യങ്ങൾ പഠിക്കണം. എങ്കിൽ മാത്രമേ മുന്നോട്ടുപോകാനാകൂ. ജീവിതകാലം മുഴുവൻ സിനിമയിൽതന്നെ സജീവമായി നിൽക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. ചെയ്ത ഓരോ ചിത്രവും പ്രിയപ്പെട്ടവയാണ്. ‘തല്ലുമാല’യിലെയും ‘സൗദി വെള്ളക്ക’യിലെയുമെല്ലാം കഥാപാത്രങ്ങൾ ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ട്. ‘ഓപ്പറേഷൻ ജാവ’യും ‘ഉണ്ട’യുമെല്ലാമാണ് എന്റെ അടിസ്ഥാനം. ആളുകൾ ഈ ചിത്രങ്ങൾ നല്ലരീതിയിൽ സ്വീകരിച്ചു. അത് ഭാഗ്യമായാണ് കരുതുന്നത്. പല മേഖലകൾ കൂടിച്ചേർന്നതാണ് സിനിമ. അതിന് അനുസരിച്ചാണ് ഓരോരുത്തരുടെയും നിലനിൽപ്. സിനിമയിൽ തന്നെ സജീവമായി നിൽക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം. പിന്നീടുള്ളതെല്ലാം ഭാഗ്യമോ നിർഭാഗ്യമോ ആകാം. നല്ല കഥാപാത്രങ്ങൾ ചെയ്യുക, നല്ല സിനിമകളുടെ ഭാഗമാകുക, വലിയ സിനിമകളുടെ ഭാഗമാകുക, ഹിറ്റുകളുടെ ഭാഗമാകുക എന്നുള്ളതാണ് എക്കാലത്തെയും ആഗ്രഹം. എല്ലാതരത്തിലുമുള്ള സിനിമകൾ ചെയ്യണം, കഥാപാത്രങ്ങളും ചെയ്യണം.
പൗരത്വ പ്രക്ഷോഭത്തിനിടെ ലദീദ ഫർസാന
ലദീദ ഫർസാന: സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് അക്കാദമികവും സാംസ്കാരികവുമായ ആവിഷ്കാര സ്വാതന്ത്ര്യം അനിവാര്യമാണ്. എന്നാൽ അത് ദുർബലപ്പെടുത്തപ്പെടുന്ന ഘട്ടത്തിൽ ബദലുകൾ അന്വേഷിക്കുക, അല്ലെങ്കിൽ ഉള്ളതിനെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് സ്വീകരിക്കാവുന്ന മാർഗം. വിജ്ഞാനത്തെയും ചരിത്രത്തെയും നമ്മുടെ സമകാലികമായ രാഷ്ട്രീയ ഓർമകളിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയണം. അവിടെയാണ് വംശീയ പ്രത്യയശാസ്ത്രങ്ങളുടെയും പദ്ധതികളുടെയും മുന്നിൽ അടിച്ചമർത്തപ്പെടുന്നവരുടെ രാഷ്ട്രീയത്തിന് അതിജീവനമുണ്ടാകുകയുള്ളൂ. അമേരിക്കയിലെയും യൂറോപ്പിലെയും കറുത്തവർഗക്കാരുടെയും ഫലസ്തീനിലെ ഓരോ തലമുറയുടെയും അതിജീവന പോരാട്ടങ്ങൾ പരിശോധിച്ച് പ്രചോദനം ഉൾക്കൊണ്ടാൽ ഇന്നത്തെ ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ നമുക്ക് പലതും നിർവഹിക്കാനുണ്ടാകും.
ഡോ. വിനിൽ പോൾ: സാമ്പ്രദായിക രീതിയിലുള്ള ചരിത്രരചനകളിൽ തൊഴിലാളി വർഗങ്ങളെക്കുറിച്ചോ, കാർഷിക മേഖലയിലെ തൊഴിലാളികളെ കുറിച്ചോ എഴുതുമ്പോൾ അതിനുള്ളിൽ, സാമ്പത്തിക മാനദണ്ഡങ്ങളാൽ അളക്കാൻ സാധിക്കുന്ന അസമത്വത്തിന്റെ പ്രശ്നങ്ങളാണ് പലപ്പോഴും വളരെ പ്രാമുഖ്യത്തോടെ വിശദമാക്കുന്നത്. ആരാണ് തൊഴിലാളി, ആരാണ് തൊഴിലിടങ്ങളുടെ നിർമിതിയിൽ രക്തസാക്ഷികളായിത്തീർന്നത് തുടങ്ങിയ വിമർശന ചോദ്യങ്ങൾ ഒന്നുംതന്നെ നിലവിലെ ചരിത്ര രചനകളിൽ കടന്നുവരാറില്ല. ഇത്തരം ചില നിമിഷങ്ങളിൽ ഇടപെടാനുള്ള ശ്രമങ്ങളാണ് ഞാൻ ഉൾപ്പെടെയുള്ള ആളുകൾ നടത്തികൊണ്ടിരിക്കുന്നതെന്നാണ് എെന്റ വിശ്വാസം. മഞ്ചാടിക്കരിയെ കുറിച്ചുള്ള ഗവേഷണ പഠനങ്ങളൊക്കെ ഈ ഒരു സാഹചര്യത്തിലാണ് ഉണ്ടായിവന്നത്. വാമൊഴി സ്രോതസ്സുകളെയും പുരാരേഖകളെയും അടിസ്ഥാനമാക്കി സാമ്പത്തികേതര വിഷയങ്ങളെ, പ്രത്യേകിച്ച് ജാതി നിയമങ്ങൾ ഉപയോഗിച്ച് കീഴാള ജാതികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും, ദലിതരുടെ സ്വയംനിർണയ ശേഷികളെയും പുറത്തെടുക്കുന്ന സമയത്താണ് പുതിയ ഒരു വിമർശനപരമായ ചരിത്രം രൂപംകൊള്ളുന്നത്. ഇതാകട്ടെ ഒരേപോലെ എല്ലാവിധ ചരിത്രരചന സ്കൂളുകൾക്കും വിയോജിപ്പ് ഉണ്ടാക്കുന്നതാണ്. എെന്റ മുഖ്യ ഗവേഷണം അടിമത്തം എന്ന വിഷയത്തിലായിരുന്നു. ഇതാകട്ടെ കേരളത്തിെന്റ മുഖ്യധാരാ ചരിത്ര ആലോചനകളിൽനിന്നും ഒഴിവാക്കിയിരിക്കുന്ന ഒരു അനുഭവമായിരുന്നു. ഈ കാരണത്താൽ അടിമത്തവുമായി ബന്ധപ്പെട്ടു ഞാൻ എഴുതിയ ചില പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ സാമ്പ്രദായിക ചരിത്രകാരന്മാർക്കും വർഗീയ ചരിത്രകാരന്മാർക്കും അത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. വിശാല ഹിന്ദുത്വ ചരിത്രം പറയാൻ ശ്രമിക്കുന്നവർക്ക് അടിമത്തം, ജാതിയുടെയും അയിത്തത്തിന്റെയും ചരിത്രത്തെ ഉൾക്കൊള്ളാൻ സാധിക്കുകയില്ല. അവരുടെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച് കേസരി പോലുള്ള പ്രസിദ്ധീകരണങ്ങളിൽനിന്നാണ് വ്യാപകമായ ചില മറുപടി ലേഖനങ്ങൾ ഉയർന്നുവന്നത്. അവയാകട്ടെ നന്നേ ദുർബലവുമായിരുന്നു. ദലിത് ക്രൈസ്തവരെ കുറിച്ചുള്ള പഠനങ്ങൾക്കും അവർ സ്വയം നിർണയശേഷിയുള്ള വിഭാഗമായിരുന്നു എന്നുള്ള പുരാശേഖര പിൻബലത്താലുള്ള പ്രഖ്യാപനത്തിനും നേരെയാണ് മറ്റ് ചില വിമർശനങ്ങൾ ഉയർന്നുവന്നത്. ഇതാകട്ടെ കൂടുതലും ദലിതരിൽനിന്നായിരുന്നു. ഈ കാരണത്താൽ കേരളത്തിലെ ദലിത് ചരിത്രരചനയിൽ ഇടപെടുകയെന്നത് ഒരു ഗവേഷക വിദ്യാർഥിയെ സംബന്ധിച്ചു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. അതായത് ചരിത്രപരമായ അനീതിക്കെതിരെ അംബേദ്കർ മുന്നോട്ടുവെക്കുന്ന സാമൂഹിക ജനാധിപത്യ നിർമിതിയുടെ ഭാഗംകൂടിയായി മാറുകയാണ് ഇവിടെ ചരിത്ര അന്വേഷികൾ.
ദേവദാസ് വി.എം: വിമർശനങ്ങളെയും വായനാഭിപ്രായങ്ങളെയുമൊക്കെ നേരിട്ടുകൊണ്ടാണ് ഏതൊരെഴുത്തിനും മുന്നോട്ട് പോകേണ്ടത്. എല്ലാ എഴുത്തും ഏവരും സ്വീകരിക്കണമെന്നില്ല. എഴുത്ത് നല്ലതെന്ന് വായനാഭിപ്രായമായി കേൾക്കുമ്പോൾ സന്തോഷം തോന്നാം. മോശമെന്ന് കേൾക്കുന്നതിനെയും കടുത്ത വിമർശനങ്ങളെയുമൊക്കെ അതതിന്റെ തലത്തിലും തരത്തിലും കണ്ടുകൊണ്ട്, വായനയുടെ ആത്മനിഷ്ഠതയെ (subjectivity) പരിഗണിച്ചുകൊണ്ട് മറികടക്കുകയാണ് പതിവ്. അത്തരം പ്രതികരണങ്ങളോട് പ്രത്യേകിച്ചൊരു വിരോധവും തോന്നാത്ത മനോനിലയിലേക്ക് വളർന്നുവെന്നാണ് സ്വയം കരുതുന്നത്. എന്നാൽ, അമർഷം തോന്നിപ്പിക്കുന്ന ചിലതുമുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്നയാളെ വായിക്കാറില്ലേ, അയാളെപ്പോലെ എഴുതിക്കൂടേ? മറ്റേയാളുടെ നോവൽ കണ്ടില്ലേ, അത് മാതൃകയാക്കിക്കൂടേ? കഥക്ക് നീളക്കൂടുതലുണ്ടല്ലോ, ചുരുക്കെഴുത്ത് ശീലമില്ലേ? എന്ന രീതിയിലുള്ള പ്രതികരണങ്ങളാണവ. ഇപ്പറയുന്ന അയാളും ഇയാളുമൊക്കെ എനിക്കും പ്രിയപ്പെട്ട എഴുത്തുകാരാണ്. പക്ഷേ ഒരാളെപ്പോലെ എഴുതാനാണെങ്കിൽ മറ്റൊരാളുടെ ആവശ്യമെന്തിനാണ്. അതുകൊണ്ട് എന്നെ എന്റേതായ എഴുത്തിലേക്ക് ചുരുങ്ങാനനുവദിക്കൂ...
ദിനു വെയിൽ: ‘‘My mission in life is not merely to survive, but to thrive; and to do so with some passion, some compassion, some humor, and some style.’’ ജീവിതത്തിലെ തുടർപ്രതീക്ഷകളെ കുറിച്ച് ഓർക്കുമ്പോൾ എപ്പോഴും ചേർത്ത് വെക്കുന്നത് മായാ എയ്ഞ്ചലോയുടെ ഈ വാക്കുകളാണ്. വെറുതെ ജീവിക്കുക എന്നതോ എപ്പോഴും അതിജീവിക്കുക എന്നതോ അല്ല അന്തസ്സോടെ സമാധാനത്തോടെ ജീവിതത്തെ ആഘോഷമാക്കാൻ കഴിയുക എന്നതാണ് ലക്ഷ്യം. ‘ദിശ’യുടെ പ്രവർത്തനങ്ങളിൽ കൂടുതൽ മനുഷ്യരെ ഉൾച്ചേർക്കുവാൻ സാധിക്കണം എന്നതും അടിസ്ഥാനപരമായ സൗകര്യങ്ങൾ സംഘടനക്ക് ഉണ്ടാകണം എന്നതും സംഘടനാപരമായ ലക്ഷ്യങ്ങളാണ്. ഹിന്ദുത്വ രാഷ്ട്രീയം ഇല്ലാതാകുന്ന, സാമൂഹിക നീതിയും രാജ്യത്തിന്റെ വിഭവങ്ങളും എല്ലാ മനുഷ്യർക്കും വിതരണം ചെയ്യപ്പെടുന്ന ഒരുകാലത്ത് ജീവിക്കാൻ ആവുക എന്നതാണ് ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന്. ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛമായ വായു ശ്വസിക്കാനാവുന്ന ഒരു കാലത്തിനു വേണ്ടി പ്രവർത്തിക്കുക എന്നത് ഈ രാജ്യത്തെ പൗരൻ എന്നനിലയിൽ നമ്മുടെ എല്ലാവരുടെയും സാമൂഹിക ഉത്തരവാദിത്തമാണ്.
ഡോ. വിനിൽ പോൾ അടക്കം ഏതാണ്ട് എല്ലാവരുംതന്നെ തങ്ങളുടെ അഭിപ്രായങ്ങൾ എഴുതിത്തരുകയാണുണ്ടായത്. ആ കുറിപ്പുകളെ സംഭാഷണത്തിന്റെ തലത്തിലേക്ക് ഒന്നിപ്പിക്കുകയായിരുന്നു. ലുക്മാൻ അവറാന്റെ സംഭാഷണം മാധ്യമം സബ് എഡിറ്റർ അനിത എസ് ആണ് രേഖപ്പെടുത്തിയത്. ധന്യ രാജേന്ദ്രൻ ഇംഗ്ലീഷിലെഴുതിയ കുറിപ്പ് മൊഴിമാറ്റിയത് ബാസിൽ ഇസ്ലാം. സംയോജനം: മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.