സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് സമയപരിധി നിശ്ചയിക്കുന്നത് ആരാണെന്ന ചോദ്യമുയർത്തിയ സിനിമയും നായികയും സമൂഹത്തിൽ വലിയ തരംഗം സൃഷ്ടിച്ചിട്ട് കാലമധികമായില്ല. മുപ്പതു വയസ്സു കഴിഞ്ഞ് നൃത്തം പഠിക്കുന്ന കുടുംബിനിയെ പുച്ഛം കലർന്ന ആശ്ചര്യത്തോടെ വീക്ഷിച്ചിരുന്ന കാലം കഴിഞ്ഞു. പൊതുനിരത്തിൽ ആത്മവിശ്വാസത്തോടെ വണ്ടിയോടിച്ചു പോകുന്ന പെണ്ണുങ്ങൾ സാധാരണ കാഴ്ചയാവുന്നു.
പിതാവ്, ഭർത്താവ്, മകൻ എന്നിവർ നിശ്ചയിച്ച പരിധിക്കുള്ളിൽ കുടുംബം എന്ന വ്യവസ്ഥിതിയെ ചുറ്റിക്കൊണ്ടിരുന്ന ഉപഗ്രഹപദവിയെ തകർത്തുകൊണ്ട് തന്റെ സ്വകാര്യ സന്തോഷങ്ങളെ ആസ്വദിക്കാൻ അവൾക്ക് ധൈര്യം ലഭിച്ചത് വിവര സാങ്കേതിക വിനിമയരംഗത്തുണ്ടായ വിപ്ലവകരമായ മുന്നേറ്റത്തിലൂടെയാണ്.
തന്റെ സർഗാത്മകമായ വാഴ്വിനെ അടയാളപ്പെടുത്തുന്ന സൈബറിടം നൽകുന്ന അപരിമേയമായ സ്വാതന്ത്ര്യം അവളുടെ ജീവിതത്തെ മാത്രമല്ല പൊതുബോധത്തെ തന്നെ മാറ്റിമറിച്ചു. സാഹിത്യത്തിലും സിനിമയിലും ആ മാറ്റം ഏറെ പ്രകടമായി. കോവിഡിന്റെ വരവോടെ ജീവിതം തന്നെ വിരൽത്തുമ്പിലെ ഒരു ക്ലിക്കിലേക്ക് ചുരുങ്ങുകയും ചെയ്തു.
ഫേസ്ബുക്കിനും വാട്സ്ആപ്പിനും ട്വിറ്ററിനുമൊക്കെ ശേഷം കോവിഡ് കാലത്ത് ഞാൻ ഏറെ ശ്രദ്ധിച്ച ഒരു ആപ്പാണ് ക്ലബ്ഹൗസ്. നമുക്കിഷ്ടപ്പെട്ട സർഗാത്മകമായതും അല്ലാത്തതുമായ വിഷയങ്ങളെക്കുറിച്ച് സമാന മനസ്കരായവരോടൊത്തു വിശാലമായി സംസാരിക്കാൻ സാധിക്കുന്ന ഒരിടം.
അത്തരം ഒരിടം, റിട്ടയർചെയ്തു വീട്ടിൽ പേരക്കുഞ്ഞിനെയും കളിപ്പിച്ചുകൊണ്ട് അതു മാത്രമാണ് തന്റെ ലോകമെന്ന് കരുതി ജീവിക്കുന്ന ഒരു മധ്യവർഗ വീട്ടമ്മയുടെ ജീവിതത്തിലും ചിന്തകളിലും ഉണ്ടാക്കുന്ന വിപ്ലവകരമായ വഴിത്തിരിവിനെ അടയാളപ്പെടുത്തുകയാണ് പ്രിയ സുനിലിന്റെ 'റെവലൂഷനറി ഇറ' എന്ന കഥ ( മാധ്യമം കഥാപതിപ്പ് ).
പദ്മിനി പദ്മനാഭൻ എന്ന റിട്ടേയഡ് കോളജ് അധ്യാപികയുടെ ജീവിതത്തെയും ചിന്തകളെയും 'പോയട്രി ലവേഴ്സ്' എന്ന ക്ലബ് ഹൗസ് കൂട്ടായ്മയിലെ കരോളിൻ എമ്മ ഫ്രഡ്ഡി എന്ന വിദേശി സുഹൃത്ത് സ്വാധീനിക്കുന്നു.
സ്വന്തമെന്ന് കരുതുന്ന ജീവിതം എത്രമാത്രം തന്റേതായിരുന്നുവെന്ന് അവൾ തിരിച്ചറിയാൻ തുടങ്ങുന്നിടത്തു കഥ അവസാനിക്കുന്നുവെങ്കിലും അവളുടെ ജീവിതം തുടങ്ങുന്നത് അവിടെനിന്നുമാണ്.
സംസ്കാരസമ്പന്നമെന്ന് താൻ കരുതുന്നതെല്ലാം എത്രമാത്രം പൊള്ളയായിരുന്നുവെന്നും സ്നേഹബന്ധങ്ങൾക്കും പ്രണയത്തിനും പുതിയ തലമുറ കൽപിക്കുന്ന മാനം എന്തെന്ന് ഉൾക്കൊള്ളാനും കഴിയുന്നിടത്തു പദ്മിനി തന്റെ ജീവിതം അഴിച്ചുപണിയുന്നു. മിടുക്കിയും സ്നേഹസമ്പന്നയുമായ മരുമകളുടെ പ്രണയസ്ഥൈര്യത്തെ അംഗീകരിക്കാൻ കഴിയുന്നതോടൊപ്പം സ്വന്തം സ്വപ്നങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ചിറകുവിരിക്കാനും അവൾക്കു കഴിയുന്നു. കുടുംബത്തിനു പിറകെ എല്ലാം ഉപേക്ഷിച്ചു കറങ്ങുകയല്ല തന്റെ സന്തോഷങ്ങളിലേക്ക് കുടുംബത്തെ നയിക്കുകയാണ് വേണ്ടതെന്നു മനസ്സിലാക്കാൻ അവൾക്ക് പുതിയ സുഹൃദ്ബന്ധം സഹായകമാകുന്നു. മറ്റാരോടും പങ്കുവെക്കാത്ത നഷ്ടപ്രണയത്തെയും മറ്റു സ്വകാര്യ സങ്കടങ്ങളെയും പങ്കുവെക്കാൻ മാത്രമല്ല കരോളിൻ എന്ന സുഹൃത്ത്. അതുവരെ ഏതോ ഒരു തീരത്ത് നങ്കൂരമിട്ടിരുന്ന തന്റെ ജീവിതത്തെ തന്റെ നിഗൂഢ മോഹങ്ങളിലേക്ക് ഒഴുക്കിവിടാൻ പ്രേരണയും പ്രചോദനവുമാകുന്നു അവർ.
വിശ്വവിശാലമായ സൈബറിടം രണ്ടു ഭൂഖണ്ഡങ്ങളെ വിരൽത്തുമ്പിലേക്ക് ചുരുക്കുമ്പോൾ നടക്കുന്ന സാംസ്കാരിക വിനിമയത്തെ കഥ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
എന്ത് വായിച്ചാലും എവിടെയെങ്കിലും അത് കുറിച്ചിടുന്ന ശീലം എനിക്കുണ്ടായിരുന്നു. ഫേസ്ബുക്ക് എന്ന ആപ്പിലൂടെ എന്റെ കുറിപ്പുകൾ വെർച്വൽ ലോകത്തിലേക്ക് വിനിമയം ചെയ്യപ്പെടുകയും ഞാനറിയാത്ത, എന്നെയറിയാത്ത ഒരുകൂട്ടം അത് വായിക്കുകയും അതുവഴി ആത്മബന്ധങ്ങൾ ഉരുവപ്പെടുകയും ചെയ്യുന്നത് പത്തു വർഷങ്ങൾക്കപ്പുറം എനിക്ക് ചിന്തിക്കാൻപോലും സാധിക്കുമായിരുന്നില്ല.
കുടുംബം, ജോലി എന്നതിനപ്പുറം പെണ്ണുങ്ങൾക്ക് സ്വന്തമായി ഒരിടമുണ്ടെന്നുള്ള തിരിച്ചറിവും സ്വയം ആവിഷ്കരിക്കാൻ കരുത്തും പകർന്ന സൈബറിടങ്ങളെ തന്റെ കഥയിലൂടെ അടയാളപ്പെടുത്താൻ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
സിജി വി.എസ്, ഇരിങ്ങാലക്കുട
തമിഴകത്തെ പ്രശസ്ത എഴുത്തുകാരില്‍ ഒരാളായ സ. വിജയലക്ഷ്മിയുടെ 'യവനാ' എന്ന കഥ ആഖ്യാനഭംഗിയാല് ആസ്വാദകഹൃദയങ്ങളെ മഥിപ്പിക്കുന്നു –മാധ്യമം ലക്കം 1280. പത്തു വയസ്സുള്ള യവനാ എന്ന കുട്ടിയുടെ മരണം എത്ര വൈകാരികതയോടെയാണ് കഥാകാരി കോറിയിട്ടിരിക്കുന്നതെന്നോ? കഥയുടെ ആത്മാവൊട്ടുംതന്നെ ചോര്‍ന്നുപോകാതെ പി.എസ്. മനോജ്കുമാര്‍ അത് മൊഴിമാറ്റം ചെയ്തിരിക്കുന്നു. നല്ല കൈയൊതുക്കത്തോടെ, ധ്വനിസാന്ദ്രതയോടെ കഥക്ക് ജീവൻ നൽകാന് കഴിഞ്ഞിട്ടുണ്ട് കഥാകാരിക്ക്. സ്നേഹം പ്രകടിപ്പിക്കാന്‍ എഴുത്തല്ലാതെ മറ്റൊന്നും എനിക്കറിയില്ലെന്നു പറഞ്ഞുതരുകയാണ് ഈ കഥാകൃത്ത്. ഇത്തരം കഥകള്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെ താളുകളെ വർണാഭമാക്കുന്നു.
സണ്ണി ജോസഫ്, മാള
ചിറകൊടിഞ്ഞ സ്വപ്നങ്ങൾ
വിഴിഞ്ഞം തുറമുഖത്തിെന്റ നിർമാണം പൂർത്തിയായാൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക യായിരുന്നു. അപ്പോഴാണ് ആഴ്ചപ്പതിപ്പിന്റെ 1279ാം ലക്കം കണ്ണിൽപെടുന്നത്. ഈ പദ്ധതിയോട് കടുത്ത പ്രതിഷേധം ഉന്നയിക്കുന്ന ഏറെ ആനുകാലികമായ ഒരു പതിപ്പായി ഇതിനെ ഞാൻ കരുതുന്നു. കടലും കരയും ജീവിതവും തിരികെ നൽകുക എന്ന കാലോചിതമായ തുടക്കവും മോഷ്ടിക്കപ്പെട്ട തീരങ്ങൾക്ക് പറയാനുള്ളത് എന്ന കെ.എ. ഷാജിയുടെ ലേഖനവും ഈ പതിപ്പിന്റെ പ്രസക്തി വർധിപ്പിക്കുന്നു. എരിയുന്ന ജീവനുകളുടെ നികൃഷ്ടമായ നൊമ്പരം വിരൽ ചൂണ്ടി കാണിക്കുന്ന ഈ വരികൾ ഏറെ വായിക്കപ്പെടേണ്ടതാണ്. ഖേദകരമെന്ന് പ റയട്ടേ, ഒരു പ്രദേശത്തെ ഒരു ലക്ഷത്തോളം മനുഷ്യരുടെ ജീവൻ കടലെടുക്കുന്ന ഭരണകൂടത്തിന്റെയും കോർപറേറ്റ് മുതലാളിമാരുടെയും ഈ ആപൽക്കരമായ പദ്ധതിക്കൊപ്പം നിലകൊള്ളുകയാണ് മൂന്ന് പ്രധാന മുന്നണികളും. വികസനം വൈരുധ്യാധിഷ്ഠിതമാക്കാനുള്ള ശ്രമങ്ങൾകൊണ്ട് ഉണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് കൂടുതൽ പഠനം നടത്താൻ ഈ ലക്കം കാരണമാവട്ടെ...
ജസിൽ, മണ്ണാർക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.