എഴുത്തുകുത്ത്

എന്നിട്ടും പഠിക്കാത്ത കോൺഗ്രസ്പുരയാകെ കത്തിനിൽക്കു​മ്പോഴും വാഴവെട്ടൽ തുടർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ കൃത്യമായി പകർത്തിവെക്കാൻ എ.എസ്. സുരേഷ് കുമാർ എഴുതിയ 'ന​​ട​​ക്കു​​ന്ന രാ​​ഹു​​ൽ; കി​​ത​​ക്കു​​ന്ന ഖാ​​ർ​​ഗെ' എന്ന ലേഖനത്തിനായി (ലക്കം 1285). ഒരുപക്ഷേ അനിവാര്യമായ ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏതാനും വർഷങ്ങൾക്ക​ു മുമ്പേ, ചുരുങ്ങിയത് ഒന്നാം മോദി സർക്കാറിന്റെ കാലത്തെങ്കിലും ആയിരുന്നെങ്കിൽ എന്തെങ്കിലും ഫലം കണ്ടേനെ. ഒരു അഞ്ച് വർഷം മുമ്പുവരെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് വലിയ വോട്ടുബാങ്കുണ്ടായിരുന്നു. ആ വോട്ടുബാങ്കിനെ തെരഞ്ഞെടുപ്പു വിജയത്തിലേക്ക് എത്തിക്കുന്നതിൽ...

എന്നിട്ടും പഠിക്കാത്ത കോൺഗ്രസ്

പുരയാകെ കത്തിനിൽക്കു​മ്പോഴും വാഴവെട്ടൽ തുടർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ കൃത്യമായി പകർത്തിവെക്കാൻ എ.എസ്. സുരേഷ് കുമാർ എഴുതിയ 'ന​​ട​​ക്കു​​ന്ന രാ​​ഹു​​ൽ; കി​​ത​​ക്കു​​ന്ന ഖാ​​ർ​​ഗെ' എന്ന ലേഖനത്തിനായി (ലക്കം 1285). ഒരുപക്ഷേ അനിവാര്യമായ ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏതാനും വർഷങ്ങൾക്ക​ു മുമ്പേ, ചുരുങ്ങിയത് ഒന്നാം മോദി സർക്കാറിന്റെ കാലത്തെങ്കിലും ആയിരുന്നെങ്കിൽ എന്തെങ്കിലും ഫലം കണ്ടേനെ. ഒരു അഞ്ച് വർഷം മുമ്പുവരെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് വലിയ വോട്ടുബാങ്കുണ്ടായിരുന്നു. ആ വോട്ടുബാങ്കിനെ തെരഞ്ഞെടുപ്പു വിജയത്തിലേക്ക് എത്തിക്കുന്നതിൽ ​കോൺഗ്രസ് പരാജയപ്പെട്ടിരുന്നെങ്കിലും പ്രതീക്ഷയുടെ കണികകൾ പലയിടത്തും ബാക്കിയുണ്ടായിരുന്നു. എന്നാൽ, സ്വന്തം പിടിപ്പുകേടുകൊണ്ടും കുതികാൽ വെട്ടുകൊണ്ടും നിലപാടില്ലായ്മകൊണ്ടും മുത്തശ്ശിപ്പാർട്ടി ഇന്ന് ആകെ വരണ്ടുപോയിരിക്കുന്നു.

വലിയ സംസ്ഥാനങ്ങൾ എന്നു പറയപ്പെടുന്ന പലയിടത്തും കോൺഗ്രസ് പാടെ നിർജീവമായിരിക്കുന്നു. ഒരുകാലത്ത് കോൺഗ്രസിന്റെ ഹബ്ബായിരുന്ന ആ​ന്ധ്ര, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലെല്ലാം പാർട്ടി വറ്റിവരണ്ടിരിക്കുന്നു. കൈയിലുണ്ടായിരുന്ന പഞ്ചാബ് പിടിപ്പുകേടുകൊണ്ട് കളഞ്ഞുകുളിച്ചു. സമാന അവസ്ഥതന്നെ രാജസ്ഥാനിലും ഛത്തിസ്ഗഢിലും സംഭവിച്ചേക്കാം. ഏറക്കുറെ പാർട്ടി സംവിധാനം നിലനിന്നിരുന്ന ഗുജറാത്തിലും ഹിമാചൽപ്രദേശിലും ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ആം ആദ്മി പാർട്ടിക്കും പിന്നിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാധ്യത രാഷ്ട്രീയ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നു. എന്നിട്ടും പ്രതി​ക്രിയകൾ ഒന്നും ചെയ്യുന്നില്ല.

പാർട്ടി സ്ഥാനങ്ങൾക്കും അധികാര കേന്ദ്രങ്ങൾക്കും വേണ്ടി അടിപിടികൂടുകയാണ് ഇപ്പോഴും. മറുവശത്ത് ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് യഥേഷ്ടം തുടരുകയും ചെയ്യുന്നു. രാജ്യം ശക്തമായ പ്രതിപക്ഷത്തെ ആവശ്യപ്പെടുന്ന സമയമാണിത്. ആ സമയത്തുപോലും രാജ്യത്തെ പൗരന്മാരിൽ പ്രതീക്ഷയുടെ ചെറുകണികയെങ്കിലും നിറക്കാൻ ഈ കൂട്ടത്തിന് ആകുന്നില്ല. ലേഖകൻ പറഞ്ഞപോലെ രാ​​ഹു​​ലി​​ന്റെ ന​​ട​​പ്പി​​നും ഖാ​​ർ​​ഗെ​​യു​​ടെ കി​​ത​​പ്പി​​നു​​മ​പ്പുറം നാ​​ശോ​​ന്മു​​ഖ​​ത​​യി​​ൽ നി​​ൽ​​ക്കു​​ന്ന കോ​​ൺ​​ഗ്ര​​സ് ഒ​​ന്നും വീ​ണ്ടെടുക്കുന്നില്ല.

രാധാകൃഷ്ണൻ, തൃശൂർ

സാമൂഹിക വ്യവസ്ഥിതിയുടെ പരിച്ഛേദമാകുന്ന കഥ

പ്രിൻസ് അയ്മനം എഴുതിയ രണ്ടുലക്കങ്ങളിലായി വന്ന 'കുഴിക്കെണി' എന്ന കഥ പലതിന്റെയും തുറന്നു പറച്ചിലിൽകൂടിയാണ് (1284, 1285). സൗഭാഗ്യസുന്ദരമെന്ന് സമൂഹം വിലയിരുത്തുന്ന ഒരു ഇടത്തരം കുടുംബമാണ് കഥാനായകനായ സാബുവിന്റേത്. എന്നാൽ, അവിടത്തെ പൊരുത്തക്കേടുകൾ മുതൽ കഥാഗതിയിൽ വന്നുചേരുന്ന ജീവിതപരിസരങ്ങളിലെ ഒാരോ സൂക്ഷ്മമായ കാര്യങ്ങളും കഥാകൃത്ത് ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു.

കഥാനായകനായ സാബുവിന് ബാല്യകൗമാരങ്ങളിൽ ഉണ്ടാകുന്ന ലൈംഗിക ചോദനകളും എന്നാൽ അത് പ്രകടിപ്പിക്കാനാകാതെ അടിച്ചമർത്തി ദ്വന്ദ്വവ്യക്തിത്വമായി നടക്കുന്നതിലെ മാനസിക സംഘർഷങ്ങളും കഥയിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഈ പ്രായത്തിൽ ലഭിക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമുള്ളതിനാൽതന്നെ ജീവിതപരിസരങ്ങളിൽനിന്നും ലഭിക്കുന്ന വികലമായ അറിവുകൾ ഒരു ചെറുപ്പക്കാരനെ എങ്ങനെ വഴിതെറ്റിക്കുന്നു എന്നുള്ളത് ഇവിടെ കൃത്യമായി വരച്ചുകാട്ടുന്നു.

യൗവനദശയിൽ അയാൾക്ക് സ്വന്തം പൗരുഷത്തിൽ ഉറപ്പില്ലാതാകുന്നു. ഇതിൽ സ്ഥിരതവരുത്താനായി കണ്ടുപിടിച്ച മാർഗത്തിൽ അയാൾ കുറ്റവാളിയുമാകുന്നു. വർത്തമാനകാലത്തെ വലിയ സാമൂഹികവിഹ്വലതകളുടെ തുറന്നുകാട്ടലാണ് ഇവിടെ അനാവരണംചെയ്തിരിക്കുന്നത്. മനസ്സിന്റെ ഇഷ്ടങ്ങൾ സാധൂകരിക്കുന്നതിന് ആധുനിക വിവരസാങ്കേതിക വിദ്യ എങ്ങനെയെല്ലാം ഉപയോഗപ്പെടാം, സ്വന്തം ശരീരത്തിന്റെ വില അറിയിക്കുന്ന സെക്സ് വർക്കർ അവരുടെ ജീവിതപരിസരത്ത് എത്രമാത്രം സ്വതന്ത്രയാണ്, സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടി അനായാസം കുറ്റകൃത്യത്തിൽനിന്നും രക്ഷപ്പെടാവുന്ന പഴുതുകൾ, നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന നടപടിക്രമങ്ങൾ... ഇങ്ങനെ ഒട്ടനവധി വിഷയങ്ങൾ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാം ഗൗരവമായി ചർച്ചചെയ്യപ്പെടേണ്ടതുമാണ്.

എന്നാൽ, കഥയുടെ സാങ്കേതികവശത്തേക്കു വന്നാൽ രണ്ടു ഭാഗങ്ങൾ തമ്മിൽ ചേർച്ചക്കുറവുണ്ട്. തനി നാട്ടിൻപുറത്തുകാരനായ കഥാനായകന് ഞൊടിയിടയിൽ ഇത്രയും ക്രിമിനൽബുദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസം. എന്നിരുന്നാലും ഇന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പല അരുതായ്മകളുടെയും നേർക്കുള്ള വിരൽചൂണ്ടൽ എന്ന നിലയിൽ ഈ കഥ ശ്രദ്ധേയമാണ്.

ബദറുദ്ദീൻ എം, കുന്നിക്കോട്

സർവകലാശാലകളെ നന്നാക്കാൻ ആർക്കാണ് ധൈര്യം?

കേരളത്തിലെ വിവിധ സർവകലാശാലകളിലും കേരളത്തിലെ കേന്ദ്രസർവകലാശാലയിലും നടക്കുന്ന അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അവിഹിതമായ കാര്യങ്ങൾ വിശദമാക്കുന്ന രണ്ട് ലേഖനങ്ങൾ (ലക്കം: 1284) വായിക്കുകയുണ്ടായി.

യൂനിവേഴ്സിറ്റി ഭരണവിഭാഗത്തിൽ നടക്കുന്ന കെടുകാര്യസ്ഥതയും ധൂർത്തുംകൂടി പുറത്തുവരേണ്ടതുണ്ട്.

കേരളത്തിലെ ആദ്യ സർവകലാശാലകളാണ് കേരള സർവകലാശാലയും (1937) കോഴിക്കോട് സർവകലാശാലയും (1968). പിന്നീട് മധ്യകേരളത്തിലെ ജില്ലകൾക്കുവേണ്ടി മഹാത്മാഗാന്ധി സർവകലാശാലയും (1983) നിലവിൽ വന്നു. ഈ സർവകലാശാലകൾക്ക് കീഴിൽ വരുന്ന ജില്ലകളിലെ മെഡിക്കൽ, എൻജിനീയറിങ് അടക്കമുള്ള മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാര്യങ്ങൾ കൈകാര്യംചെയ്തിരുന്നത് ഈ സർവകലാശാലകളായിരുന്നു. കൂടാതെ, ഒന്നരലക്ഷത്തോളം വരുന്ന പ്രീഡിഗ്രി വിദ്യാർഥികളുടെ പ്രവേശനം മുതൽ പരീക്ഷ നടത്തിപ്പു വരെ സർവകലാശാലകളായിരുന്നു നടത്തിയിരുന്നത്.

1986ൽ ടി.എം. ജേക്കബ് പ്രീഡിഗ്രി ബോർഡ് കൊണ്ടുവരുന്നതിനെതിരെ അക്രമാസക്തമായ സമരം നടത്തിയിരുന്നത് ഈ യൂനിവേഴ്സിറ്റി ജീവനക്കാരായിരുന്നു. തങ്ങളുടെ പോസ്റ്റുകൾ നഷ്ടപ്പെടുമെന്നതായിരുന്നു അവർ ഉന്നയിച്ചിരുന്ന മുഖ്യ കാരണം. അന്ന് പരീക്ഷ എഴുതിയ ആയിരക്കണക്കിന് കുട്ടികളുടെ മുഴുവൻ രേഖകളും സമരക്കാർ നശിപ്പിക്കുകയുണ്ടായി.

എന്നാൽ, പിന്നീട് വന്ന നായനാർ സർക്കാറിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പി.ജെ. ജോസഫിന്റെ കാലത്താണ് പ്രീഡിഗ്രി കോളജുകളിൽ നിന്ന് സ്കൂളിലേക്ക് മാറ്റിയത്. ഇതിനായി 1990ൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ഉണ്ടാക്കി.

യൂനിവേഴ്സിറ്റികളിൽ ഏറ്റവും കൂടുതൽ ജോലിയുണ്ടായിരുന്നത് പ്രീഡിഗ്രിയുമായി ബന്ധപ്പെട്ടായിരുന്നു. അവ ഹയർസെക്കൻഡറിയിലേക്ക് മാറിയപ്പോൾ യൂനിവേഴ്സിറ്റികളുടെ പണി പകുതിയോളം കറഞ്ഞു. ഹയർസെക്കൻഡറി ഡയറക്‌ടറേറ്റ് രൂപവത്കരിക്കുമ്പോൾ യൂനിവേഴ്സിറ്റികളിൽ ജോലിയില്ലാതാവുന്നവർക്ക് ഓപ്ഷൻ കൊടുത്ത് ഹയർസെക്കൻഡറി ഡയറക്‌ടറേറ്റിൽ പോകാൻ സർക്കാർ അനുമതി കൊടുത്തിരുന്നു. എന്നാൽ, വളരെ കുറച്ചുപേർ മാത്രമാണ് ഇങ്ങനെ ഓപ്ഷൻ കൊടുത്തുപോയത്. ഫലത്തിൽ മതിയായ പണിയില്ലാതെ ആ ജീവനക്കാർ യൂനിവേഴ്സിറ്റികളിൽ തുടർന്നു. കോളജുകളിൽനിന്ന് പ്രീഡിഗ്രി പോയപ്പോൾ ജോലിയില്ലാതായ അധ്യാപകരെ അവിടെതന്നെ നിർത്തി ശമ്പളം കൊടുത്ത​ുകൊണ്ടിരുന്നു.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ വിഭജിച്ച് (കണ്ണൂർ, കാസർകോട് ജില്ലകളും മാനന്തവാടി താലൂക്കും) ചേർത്താണ് 1996ൽ കണ്ണൂർ യൂനിവേഴ്സിറ്റി രൂപവത്കരിക്കുന്നത്. സ്വാഭാവികമായും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ജോലിഭാരം ഗണ്യമായി കുറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലുള്ള ജീവനക്കാർക്ക് കണ്ണൂർ സർവകലാശാലയിലേക്ക് പോകുന്നതിന് ഓപ്ഷൻ കൊടുത്തിരുന്നു. വളരെ കുറച്ചു പേർ മാത്രമാണ് ഈ സൗകര്യം ഉപയോഗിച്ച് കണ്ണൂരിലേക്ക് പോയത്. ആ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈകാര്യം ചെയ്തിരുന്ന ജീവനക്കാർ ഇവിടെതന്നെ പണി യില്ലാതെ കൂടി.

നേരത്തേ എൻജിനീയറിങ് കോളജുകൾ സർവകലാശാലക്ക് കീഴിലായിരുന്നു ഉണ്ടായിരുന്നത്. അഡ്മിഷൻ മുതൽ പരീക്ഷാ നടത്തിപ്പു വരെ ചെയ്തിരുന്നത് ഈ സർവകലാശാലകളായിരുന്നു. ധാരാളം ജീവനക്കാർ ഇതിനായി നിയോഗിച്ചിരുന്നു. 2014 ൽ തിരുവനന്തപുരം ആസ്ഥാനമായി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല രൂപവത്കരിച്ച് കേരളത്തിലെ മുഴുവൻ എൻജിനീയറിങ് കോഴ്സുകളും കോളജുകളും ഇതിന് കീഴിലാക്കി. ഇത് കാരണം ജോലി ഇല്ലാതാകുന്ന സർവകലാശാല ജീവനക്കാർക്ക് ഓപ്ഷൻ കൊടുത്ത് സാങ്കേതിക സർവകലാശാലയിലേക്ക് പോകാൻ അനുമതി കൊടുത്തിരുന്നു. നേരത്തേ പറഞ്ഞതുപോലെ വളരെ കുറച്ചുപേർ മാത്രമാണ് സർവകലാശാലകളിൽനിന്ന് പോയത്. അപ്പോൾ ആ ജീവനക്കാരും സർവകലാശാലയിൽതന്നെ തുടർന്നു.

പിന്നീട് സർവകലാശാലയിൽ ഏറ്റവും കൂടുതൽ ജോലിയുണ്ടായിരുന്ന ഒന്നായിരുന്ന മെഡിക്കൽ മേഖല, മെഡിക്കൽ കോളജുകൾ, നഴ്സിങ് കോളജുകൾ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങി ആരോഗ്യവുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളും 2010ൽ സ്ഥാപിതമായ തൃശൂരിലുള്ള ആരോഗ്യ സർവകലാശാലക്ക് കീഴിലായി. സർവകലാശാലക്ക് വലിയ ജോലിഭാരം കുറഞ്ഞു.

ഫലത്തിൽ ഇപ്പോൾ യൂനിവേഴ്സിറ്റിക്ക് കീഴിൽ ആർട്സ് ആൻഡ് സയൻസ് കോളജുകൾ മാത്രമായി. പ്രീഡിഗ്രി, ആരോഗ്യം, എൻജിനീയറിങ് കോഴ്സുകൾ പോയതോടെ ആ മേഖല കൈകാര്യംചെയ്തിരുന്ന ഉദ്യോഗസ്ഥരെ അവിടെതന്നെ നിലനിർത്തി ശമ്പളം കൊടുത്തു പോന്നു.

എന്നാൽ, ഇത്രയും ജീവനക്കാർ അധികമുണ്ടായിട്ടും ഇപ്പോഴുള്ള കോളജുകളിലെ പരീക്ഷകളും സർട്ടിഫിക്കറ്റ് വിതരണവും സമയത്തിന് നടത്താതെ ഈ യൂനിവേഴ്സിറ്റികൾ വിദ്യാർഥികളെ വട്ടം കറക്കുകയാണ്.

ഈ സർവകലാശാലക്ക് കീഴിലെ വിദൂര പഠനകേന്ദ്രങ്ങൾ കൊല്ലം ആസ്ഥാനമായുള്ള ഓപൺ യൂനിവേഴ്സിറ്റിയിലേക്ക് മാറുകയാണ്. അപ്പോഴും ജീവനക്കാർ അധികമാകുകയാണ്.

കൂടാതെ, ഫയലുകൾ ഡിജിറ്റലായപ്പോൾ പല പോസ്റ്റുകളും അപ്രസക്തമായി. ടൈപ്പിസ്റ്റുകൾ, ഓഫിസ് അറ്റൻഡർമാർ എന്നിവരുടെ പണി ഭൂരിഭാഗവും ഇല്ലാതായി. എന്നാൽ, അവരെ ആരെയും ഒഴിവാക്കാനായിട്ടില്ല. ഒഴിവു വരുന്നതിലേക്ക് മുറപോലെ നിയമനം നടത്തിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഇത്രയും ജീവനക്കാർ ഇവിടെ അധികമായിട്ടും പുതിയ പോസ്റ്റുകൾ ഉണ്ടാക്കി അതിലേക്കുകൂടി നിയമനം നടത്തിക്കൊണ്ടിരിക്കുകയാണ്. കോളജുകളിൽ നടക്കുന്ന പരീക്ഷാ നടത്തിപ്പാണ് ഇപ്പോൾ സർവകലാശാലകളുടെ പ്രധാനജോലി. ചോദ്യപേപ്പർകൂടി ഡിജിറ്റലാകുന്നതോടെ ആ മേഖലയിലുള്ള (ഡ്രൈവർമാർ, പ്രസ്) ജോലിക്കാരും ആവശ്യമില്ലാതാവുകയാണ്.

മര്യാദക്ക് പണി ഇല്ലാതായവരെക്കൊണ്ട് ഏതെങ്കിലും വി.സിമാരോ രജിസ്​ട്രാർമാരോ പണി എടുപ്പിക്കാൻ മുതിർന്നാൽ സംഘടനകൾ ഒന്നിച്ച് സമരരംഗത്തിറങ്ങും. യൂനിയൻ പ്രവർത്തനമാണ് ഇപ്പോൾ സർവകലാശാലകളിൽ പ്രധാനമായും നടക്കുന്നത്. വളരെ ദൂരത്തുനിന്ന് വരുന്ന വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ സമയത്തിന് ഒരു കാര്യം ചെയ്ത് കൊടുക്കാത്തവരാണ് ഇവരിലധികപേരും.

യൂനിവേഴ്സിറ്റികളിൽ ഇപ്പോഴുള്ള ജോലിഭാരത്തെക്കുറിച്ച് പഠിച്ച് ആവശ്യമായവരെ മാത്രം നിലനിർത്തി, മറ്റുള്ളവരെ പുതിയ മേഖലകളിലേക്കു നിയോഗിച്ച് സമഗ്രമാറ്റത്തിന് സർക്കാറുകൾ തയാറായാൽ ഖജനാവിൽനിന്ന് കോടികൾ ചോരുന്നത് ഇല്ലാതാക്കാൻ പറ്റും. പക്ഷേ, അതിന് മുൻകൈയെടുക്കാൻ ആരാണുള്ളത്?

അബ്ദുൽ ലത്തീഫ് മാറഞ്ചേരി

വേമ്പനാട്ട് കായലിലൂടെ ഒരു മനോഹര യാത്ര

കോടിമത ജെട്ടിയിൽനിന്ന് പുറപ്പെട്ട ബോട്ടിലൂടെ വേമ്പനാട്ട് കായലിലൂടെയുള്ള മനോഹരയാത്രയിലൂടെയാണ് വിനു എബ്രഹാം മാധ്യമം ആഴ്ചപ്പതിപ്പിലെ കഥ 'യാന'ത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്.

ഇരു കരകളിലുമുള്ള മുളങ്കൂട്ടങ്ങളെയും ഓളങ്ങളോട് മുട്ടിയുരുമ്മി നിൽക്കുന്ന പേരറിയാത്ത മരപ്പച്ചകളെയും കൊക്കുമുണ്ടികളെയും നീർകാക്കകളെയും എരണ്ടകളെയും താറാവ് പറ്റങ്ങളെയും കണ്ടുകൊണ്ടുള്ള യാത്ര മനോഹരമാണ്.

ബോട്ടിൽ സഞ്ചരിക്കുന്ന അമ്പതിനുമേൽ പ്രായമുള്ള കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.കഥയുടെ താളുകളിൽ സുഖകരമായ കാറ്റ് വന്ന് അടിക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ ആനന്ദകരമായൊരു അനുഭവം പതഞ്ഞൊഴുകും.

വിനു എബ്രഹാം ജീവിക്കുന്ന നാട്ടിലെയും ജനിച്ച നാട്ടിലെയും സഞ്ചരിച്ച നാട്ടിലെയും മനുഷ്യരുടെ ജീവിതത്തിൽനിന്ന് കണ്ടെത്തിയത് കലാപരമായി ആവിഷ്കരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അതിഭാവുകത്വമില്ലാത്ത വിവരണങ്ങൾ വായനക്കാരിൽ വിശ്വസ്തത ജനിപ്പിക്കുന്നു. സാധാരണ കഥാകൃത്തുക്കൾ കടന്നുകയറാത്ത വിഷയമൗലികത ഇദ്ദേഹത്തിനുണ്ട്. നല്ല ഭാഷ. നല്ല ശൈലി. അഭിനന്ദനങ്ങൾ വിനു എബ്രഹാം.

സന്തോഷ് ഇലന്തൂർ

കൊള്ളേണ്ടവർക്കു കൊള്ളുന്ന കഥ

സുന്ദർ ചിറക്കലിന്റെ 'മറവിസാമ്രാജ്യം' 1921 (ലക്കം: 1283) എന്ന കഥ ജന്മിത്ത ഭൂപ്രഭുക്കളുടെ മാനസികവൈകൃതത്തിന്റെ നേർക്കാഴ്ചയാണ്. കഥയിൽ കാലം നിലയില്ലാക്കയത്തിലേക്ക് താഴ്ന്നുപോകുന്നത് നമുക്ക് അനുഭവിച്ചറിയാൻ കഴിയും. ഫ്യൂഡൽ വ്യവസ്ഥിതിയുടെ ആലസ്യം മാറാത്ത സമകാലികത്തിൽ ഈ കഥക്ക് പ്രാധാന്യമുണ്ട്.

അടിയോടിയുടെ ജീവിതത്തിൽ കുഞ്ഞൻകീടം ഉയർത്തിയ ദാമ്പത്യവിടവ് നമ്മുടെ സമൂഹത്തിൽ മഹാമാരി നടത്തിയ ദുരന്തത്തിന്റെ ആഴം കാണിച്ചുതരുന്നുണ്ട്.

കാലം മാറിയതിനെ ഒട്ടും അംഗീകരിക്കാൻ കഴിയാത്ത ഒരു സമൂഹം ഇവിടെയുണ്ട് എന്ന യാഥാർഥ്യം ഈ കഥയിലൂടെ തുറന്നുകാണിക്കുന്നു. മനസ്സിൽ അടിഞ്ഞുകൂടിയ മുതലാളിത്തത്തിന്റെ വൈകൃതങ്ങൾ ഫലിതത്തിന്റെ മേമ്പൊടി ചേർത്ത് വായിക്കുമ്പോൾ കൊള്ളേണ്ടവർക്ക് കൃത്യമായി കൊള്ളുന്നുണ്ട്.

രേഖ സി.ജി, തൃശൂർ

മിണ്ടാമഠം മികച്ച വായനാനുഭവം

ജേക്കബ് എബ്രഹാം മാധ്യമം കഥാപതിപ്പിൽ എഴുതിയ 'മിണ്ടാമഠം' വായിച്ചു. ഇനി ഇച്ചിരി മിണ്ടിതുടങ്ങാം. വായിച്ച് തുടങ്ങിയാൽ പൂർത്തിയാക്കാതെ മടക്കിവെക്കാൻ കഴിയാത്ത കഥയാണത്. കാരണം, ഇതിലെ നിശ്ശബ്ദതയിൽ ശ്വാസത്തിനും കൊടുങ്കാറ്റിന്റെ ശക്തിയുണ്ട്.

വായിക്കുന്തോറും മനസ്സിൽ ഇടംപിടിക്കുന്ന ലില്ലിപ്പൂവിന്റെ നൈർമല്യമുള്ള സിസ്റ്ററമ്മ. വായനയിൽ മുന്നോട്ടു വരുമ്പോൾ റബർത്തോട്ടത്തിലെ മൂടൽമഞ്ഞ് മാറി വഴി തെളിഞ്ഞു വരുന്നപോലെ സിസ്റ്ററമ്മ ഉള്ളിലൊരു നൊമ്പരമായി മാറും.

ചുരമിറങ്ങി ജോമോന്റെ ജീപ്പ് മിണ്ടാമഠത്തിൽ പാർക്ക് ചെയ്യുമ്പോൾ വാക്കുകൾ മറന്നു വറ്റിവരണ്ട ചുണ്ടുമായി ആരോ ചുമലിൽ പിടിച്ചതായി തോന്നിപ്പോകുന്നു.

കഥയിൽ ചോദ്യമില്ലെങ്കിലും ആ ചുരുളൻ മുടിയുള്ള ചുവന്ന കടലാസുപൂക്കളുടെ മുന്നിൽ ബെൽബോട്ടം പാന്റും നീണ്ട കോളറുള്ള ഉടുപ്പുമിട്ട് ചിരിച്ചുനിൽക്കുന്ന ആ യുവാവിനെ അവസാനം വരെയും തിരഞ്ഞു പോയി.

യമുന നായർ

Tags:    
News Summary - madhyamam weekly letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.