പണ്ഡിറ്റ് കറുപ്പന് ഉചിതമായ സ്മാരകം വേണംബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ 'ദലിത് ജീവിതവും ആചാരഭൂഷണവും' (ലക്കം: 1285) എന്ന ലേഖനമാണ് ഈ കുറിപ്പിന് ആധാരം.ഒരുകാലത്ത് വഴിനടക്കാൻപോലും അവകാശമില്ലാതിരുന്ന തിരുവിതാംകൂർ-കൊച്ചി രാജ്യത്തെ പുലയർക്കുവേണ്ടി എറണാകുളം കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി ചങ്ങാടം ഉണ്ടാക്കി യോഗംചേരാൻ നേതൃത്വം നൽകിയ പണ്ഡിറ്റ് കറുപ്പനെ കായൽ സമ്മേളനത്തിന്റെ ഓർമപുതുക്കാൻ ഈ അടുത്തകാലത്ത് ചേർന്ന യോഗത്തിൽ തമസ്കരിച്ചത് നവോത്ഥാന...
പണ്ഡിറ്റ് കറുപ്പന് ഉചിതമായ സ്മാരകം വേണം
ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ 'ദലിത് ജീവിതവും ആചാരഭൂഷണവും' (ലക്കം: 1285) എന്ന ലേഖനമാണ് ഈ കുറിപ്പിന് ആധാരം.
ഒരുകാലത്ത് വഴിനടക്കാൻപോലും അവകാശമില്ലാതിരുന്ന തിരുവിതാംകൂർ-കൊച്ചി രാജ്യത്തെ പുലയർക്കുവേണ്ടി എറണാകുളം കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി ചങ്ങാടം ഉണ്ടാക്കി യോഗംചേരാൻ നേതൃത്വം നൽകിയ പണ്ഡിറ്റ് കറുപ്പനെ കായൽ സമ്മേളനത്തിന്റെ ഓർമപുതുക്കാൻ ഈ അടുത്തകാലത്ത് ചേർന്ന യോഗത്തിൽ തമസ്കരിച്ചത് നവോത്ഥാന കേരളം കണ്ടതാണ്.
അറക്കൽ-ചിറക്കൽ രാജാക്കന്മാർക്കും കുട്ടനാടൻ കായൽ രാജാക്കന്മാർക്കും മങ്കൊമ്പ് പട്ടർക്കും തിരുമുൽപ്പാടുമാർക്കും തിരുമേനിമാർക്കും പാറായി തരകന്മാർക്കും പാട്ടവും വാരവും കൊടുത്ത് ഓണക്കാഴ്ചകളുംവെച്ച് അടിയാന്മാരായി കഴിഞ്ഞിരുന്ന ആയിരക്കണക്കിന് അവശവിഭാഗങ്ങളെ പ്രബുദ്ധരാക്കാൻ പണ്ഡിറ്റ് കറുപ്പൻ എഴുതിയ കാവ്യമാണ് 'ജാതിക്കുമ്മി'. അക്കാലത്തെ ദുരാചാരങ്ങളെ കത്തിച്ച് ചാമ്പലാക്കാൻ പോന്ന കാവ്യാഗ്നി ജ്വാലയാണ് അത്. ഇതുകൂടാതെ കാവ്യപേടകം (കവിതകൾ), ചിത്രാലങ്കാരം, ജലോദ്യാനം, രാജരാജപർവം,വിലാപഗീതംബാലാകലേശം (നാടകം) തുടങ്ങിയ കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
പണ്ഡിറ്റ് കറുപ്പന്റെ തട്ടകമായ എറണാകുളത്ത് ഉചിതമായ ഒരു സ്മാരകം നിർമിക്കുകയും കറുപ്പൻ കൃതികൾ പാഠപുസ്തകമാക്കുകയും ചെയ്യുക എന്നത് ഒരു സാമാന്യനീതി മാത്രമാണ്.
തങ്കപ്പൻ കുണ്ടയിൽ, അരൂക്കുറ്റി
കോൺഗ്രസ് ജനങ്ങൾക്കിടയിലൂടെ ഓടണം
കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുന്നവരോ ആ പാർട്ടിയിൽ ചാരി നിൽക്കുന്നവരോ ആരുംതന്നെ പറയാൻ മടിക്കുന്ന ചില യാഥാർഥ്യങ്ങളുടെ സൂക്ഷ്മതല അവലോകനമായിരുന്നു മുതിർന്ന മാധ്യമപ്രവർത്തകനായ എ.എസ്. സുരേഷ് കുമാർ എഴുതിയ 'നടക്കുന്ന രാഹുൽ; കിതക്കുന്ന ഖാർഗെ' എന്ന ലേഖനം (ലക്കം: 1285). രാജ്യം നിരവധി വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ പ്രത്യേകിച്ചും ജനാധിപത്യംതന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ കോൺഗ്രസ് പാർട്ടിയുടെ സാന്നിധ്യം അനിവാര്യമാണ്. എന്നാൽ, വർത്തമാനകാലത്ത് കോൺഗ്രസ് അധികാരത്തിലെത്താനുള്ള സാധ്യത എത്രയോ അകലെയാണ്. ഒരർഥത്തിൽ ഇത് എന്തുകൊണ്ട് എന്നതിന്റെ വ്യക്തമായ കാര്യകാരണസഹിതമായ വിശദീകരണമായിരുന്നു പ്രസ്തുത ലേഖനം.
ചരിത്രമുള്ള പാർട്ടിയും ചരിത്രം സൃഷ്ടിച്ച പാർട്ടിയുമാണ് കോൺഗ്രസ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഊളിയിട്ട് ഇറങ്ങിയതുകൊണ്ട് കോൺഗ്രസ് പാർട്ടി രക്ഷപ്പെടുകയില്ല എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും അത്തരം ഒരു പാർട്ടിയിൽ നേതാവിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത് സ്വാഭാവികമാണെന്നുമൊക്കെ പറയുന്നത് അംഗീകരിക്കാം. പക്ഷേ പിന്നെന്തിനാണ് പാർട്ടിയിൽ പ്രസിഡന്റിനെ കണ്ടെത്തേണ്ട സാഹചര്യം വരുമ്പോഴൊക്കെ നെഹ്റു കുടുംബത്തിനുചുറ്റും കറങ്ങിക്കൊണ്ടിരുന്നതെന്ന മറുചോദ്യം ചോദിച്ചു പോകുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം വന്നത് ഏത് സാഹചര്യത്തിലാണെന്നും മത്സരാർഥികൾ ആരൊക്കെയാണെന്നും ലേഖനം പ്രദാനം ചെയ്യുന്നു.
കോൺഗ്രസിന് ഇനി അധികാരത്തിൽ തിരിച്ചുവരാൻ പോയിട്ട് ലേഖനത്തിൽ ആശങ്കപ്പെടുന്നതുപോലെ പാർലമെന്റിൽ സീറ്റുകളുടെ എണ്ണം മൂന്നക്കത്തിൽ എത്തിക്കണമെങ്കിൽ പോലും അതിവേഗം ബഹുദൂരം ജനങ്ങളുടെ ഇടയിലൂടെ ഓടണം. അല്ലാതെ ഭാരത് ജോഡോ യാത്രമാത്രം മതിയാകില്ല.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
വായിക്കേണ്ടത് നൽകുന്നതാണ് മാധ്യമപ്രവർത്തനം
മാധ്യമങ്ങളെല്ലാം സെൻസേഷനലിസത്തിന് പിന്നാലെയാണ്. ഇക്കിളി വാർത്തകളും കൽപിത കഥകളും വിദ്വേഷ വാർത്തകളും അരങ്ങുതകർക്കുന്നു. കൊള്ളാവുന്ന കണ്ടന്റിനും എഴുത്തുകൾക്കും വാർത്തകൾക്കും വായനക്കാരില്ലാത്ത കാലം. അത്തരമൊരു സമൂഹത്തിലേക്ക് മാതൃകയായി വെക്കാവുന്ന ഒന്നാണ് മാധ്യമം ടൂറിസം പതിപ്പ്.
ആളെക്കൂട്ടാനുള്ള ഗിമ്മിക്കുകളൊന്നുമില്ലാതെ ഒരേ വിഷയത്തെ അധികരിച്ചുള്ള ഗൗരവമായ ലേഖനങ്ങളും കാഴ്ചകളും ഉൾക്കാഴ്ചകളും ഉൾപ്പെടുത്താനായിട്ടുണ്ട്. നാം നിൽക്കുന്ന സമൂഹത്തിനും സ്റ്റേറ്റിനും ഗുണകരമാകുന്ന ഇത്തരം ഡെവലപ്മെന്റൽ ജേണലിസം കൂടുതൽ ഉണ്ടാകട്ടെ. വിവാദങ്ങൾക്കും കുത്തിത്തിരിപ്പുകൾക്കും അപ്പുറം ഗുണാത്മകമായ ഇത്തരം ചർച്ചകൾ നിറയട്ടെ. വായനക്കാരുടെ ബലഹീനതകൾ അറിഞ്ഞുനൽകുന്നതല്ല, അവർ അറിയേണ്ട, ചർച്ചചെയ്യേണ്ട കാര്യങ്ങൾ നൽകലാണ് മാധ്യമപ്രവർത്തനമെന്നതിന് ഉത്തമ ഉദാഹരണമാണിത്.
കെ. സത്യൻ, എറണാകുളം
പ്രകൃതിയും മനുഷ്യരും ഇഴചേരുന്ന കഥ
''ജയിലിൽനിന്നിറങ്ങിയ ശേഷം ഞാനങ്ങനെ അധികമൊന്നും പുറത്തേക്കിറങ്ങാറില്ല. എന്തെങ്കിലും മിണ്ടീം പറഞ്ഞും തന്നെത്താനെയങ്ങ് ശീലിച്ചു. എന്റെതന്നെയുള്ളിൽ മറ്റൊരാളുണ്ടെന്നപോലെ അയാളോടുമാത്രം ഞാൻ സംസാരിച്ചു''
എന്നുപറഞ്ഞാണ് പ്രകാശ് മാരാഹിയുടെ മാധ്യമം ആഴ്ചപ്പതിപ്പിലെ കഥ 'നിഗൂഢം' (ലക്കം: 1287) ആരംഭിക്കുന്നത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ മനോഹര ഭാഷയിലാണ് ഇതിൽ എഴുതിയിരിക്കുന്നത്. സാധാരാണ കഥാകൃത്തുക്കൾ കടന്നുകയറാത്ത പ്രമേയത്തിലുള്ള എഴുത്ത് വായനയെ ത്രസിപ്പിക്കുന്നതാക്കുന്നു. ജയിലിൽനിന്നിറങ്ങിയ ആഖ്യാതാവിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
ജയിലിൽ ഒപ്പം കിടന്ന ചന്ദ്രന്റെ ജീവിതമാണ് ഈ കഥയിൽ വിവരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഒപ്പം കഥയുടെ പേജിൽ ഒരു പറ്റം പക്ഷിമൃഗാദികളും കടന്നുകയറുന്നു. കഥയുടെ അവസാനത്തിൽ ആർക്കും മനസ്സിലാകാത്ത അജ്ഞാതഭാഷയിലുള്ള വാക്കുകൾ ഉലയിൽനിന്നുള്ള അഗ്നി സ്ഫുലിംഗങ്ങൾപോലെ താളുകളിൽ പരക്കുമ്പോൾ വായനക്കാർ നിശ്ശബ്ദരാകുന്നു.
''എന്റെ പൊന്നു ചന്ദ്രാ... എനിയ്ക്കും നിങ്ങളുടെ ഭാഷ പഠിക്കണം. എനിയ്ക്കും നിങ്ങളെപ്പോലെ സ്വാതന്ത്ര്യത്തോടെ ഈ ഭൂമിയിൽ ജീവിക്കണം ...'' –വായനക്കാരെ ചിന്തിപ്പിക്കുന്ന കഥയിലെ ഈ വരികൾ ഹൃദയത്തെ പിടപ്പിക്കും. ആ ചിന്തയിലേക്കാണ് കഥാകാരൻ ടൈറ്റിലിനെ ഘടിപ്പിച്ചിരിക്കുന്നത്. അത്ര പെട്ടെന്നൊന്നും ഈ കഥ മറക്കില്ല.
ഫാന്റസിയുടെ സാന്നിധ്യം കഥക്ക് സ്നേഹത്തിന്റെ മാനം നൽകുന്നു. മനോഹരമായ എഡിറ്റിങ്. ഭൂപ്രകൃതിയിൽ മുറുകെപ്പിടിച്ച് കയറുന്ന ക്രാഫ്റ്റ്. പ്രകാശ് മാരാഹിക്കും, മനോഹര ചിത്രീകരണത്തിന് സുധീഷ് കോട്ടേമ്പ്രത്തിനും അഭിനന്ദനം.
സന്തോഷ് ഇലന്തൂർ
സംഗീത യാത്രകൾ സ്മൃതികളെ ഉണർത്തുന്നു
എന്തെഴുതിയാലും ചന്ദനലേപസുഗന്ധം പൊഴിയുന്ന ശ്രീകുമാരന്‍ തമ്പിയുടെ മലയാള ചലച്ചിത്ര ഗാനചരിത്രം മാധ്യമം ആഴ്ചപ്പതിപ്പിനെ ഹര്‍ഷപുളകിതമാക്കുന്നു. മലയാള സിനിമാഗാന ചരിത്രം ഇഴകീറി പരിശോധിക്കാന്‍ നിലവിൽ ശ്രീകുമാരന്‍ തമ്പിയെക്കാള്‍ യോഗ്യനായ ഒരു സകലകലാവല്ലഭന് വേറെയില്ല. തൊട്ടതെല്ലാം പൊന്നാക്കിയ ആ പ്രതിഭാധനന് ആകെ തകര്‍ന്നുപോയത് തന്റെ മകന്റെ ആകസ്മിക വിയോഗത്തില്‍ മാത്രമാണ്. അദ്ദേഹത്തിന്റെ 'സംഗീതയാത്രകള്‍' അനുവാചക മനസ്സുകളിൽ ഒരുപാട് ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്നു. കവിയും സഹൃദയനും ചേരുമ്പോഴുണ്ടാകുന്ന സരസ്വതീതത്വം അദ്ദേഹത്തില്‍ നിറഞ്ഞുനില്ക്കുന്നു. മറന്നുപോയ ഗാനരംഗങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും അഭിനേതാക്കളും എന്നവണ്ണം മനസ്സിലേക്ക് കയറിവരുന്നു. ഭാസ്കരന് മാഷ്, ബാബുരാജ്, വയലാര്‍, ദേവരാജന്‍ മാസ്റ്റര്‍, യേശുദാസ്, കമുകറ പുരുഷോത്തമന്, ദക്ഷിണാമൂര്‍ത്തി സീറോ ബാബു, ജയചന്ദ്രന്, പി. ലീല, ജാനകി, പി. സുശീല, ചിത്ര തുടങ്ങിയ എല്ലാ ഗായകരും സ്മൃതിയിൽ നിറയുന്നു. ആരോടും പക്ഷം ചേരാതെയുള്ള സ്വതന്ത്രമായ നിരീക്ഷണങ്ങള്‍കൊണ്ടും വിശാലവും ഗഹനവുമായ താത്ത്വികപ്പാലാഴികള്കൊണ്ടും വായനക്കാരെ ഊട്ടുന്ന സ്തുത്യര്‍ഹ കർമമാണ് ശ്രീകുമാരന്‍ തമ്പി നിര്‍വഹിക്കുന്നത്. അഭിനന്ദനങ്ങള്‍.
സണ്ണി ജോസഫ്, മാള
സംഗീതയാത്രകൾക്കൊരു തിരുത്ത്
സംഗീതയാത്രകൾ (മലയാള ചലച്ചിത്രഗാന ചരിത്രം) എന്ന എന്റെ പരമ്പരയിൽ 'കലക്ടർ മാലതി' എന്ന ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് എഴുതിയപ്പോൾ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ചിത്രത്തിലെ ഒരു ഗാനം അബദ്ധവശാൽ കടന്നുവരുകയുണ്ടായി (ലക്കം: 1287). ''അമ്പലപ്പറമ്പിലെയാരാമത്തിലെ ചെമ്പരത്തിപ്പൂവേ...'' എന്ന ഗാനം 'കലക്ടർ മാലതി'യിലെ ഗാനമല്ല; 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന സിനിമയിലെ ഗാനമാണ്. ഈ ഗാനത്തിന്റെ സംഗീതസംവിധായകൻ ബാബുരാജ് അല്ല, ദേവരാജൻ ആണ്. ഇങ്ങനെയൊരു ഓർമപ്പിശക് സംഭവിച്ചതിൽ ഖേദിക്കുന്നു. വായനക്കാർ സദയം ക്ഷമിക്കുക.
ശ്രീകുമാരൻ തമ്പി
അറിയിപ്പ്
ചെറുകഥാ മത്സരം
തിരുവനന്തപുരം ഇന്ത്യ ബുക്സ് പ്രസിദ്ധീകരണമായ അക്ഷിത മാസിക, ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ സ്മരണാർഥം അറുപത് വയസ്സ് കഴിഞ്ഞവർക്ക് മാത്രമായി ചെറുകഥാമത്സരം നടത്തുന്നു. പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ കഥകളുടെ രണ്ട് പ്രതികൾ 2023 ജനുവരി 15നകം താഴെപറയുന്ന വിലാസത്തിൽ അയക്കണം. കഥകൾ തപാലിലോ ഇ-മെയിലിലോ അയക്കാം. കഥകൾക്കൊപ്പം ശരിയായ വിലാസവും ഫോൺ നമ്പറും ചേർത്തിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന കഥക്ക് 10,000 രൂപയും പ്രശസ്തിപത്രവും മാർകേസിന്റെ ജന്മദിനമായ മാർച്ച് ആറിന് നടക്കുന്ന സമ്മേളനത്തിൽവെച്ച് നൽകുന്നതാണ്. കഥകൾ അയക്കേണ്ട വിലാസം: അക്ഷിത മാസിക, ഇന്ത്യ ഹോസ്പിറ്റൽ കോംപ്ലക്സ്, മേലേ തമ്പാനൂർ, തിരുവനന്തപുരം, 695 001.
ഫോൺ: 0471 2334475, 8590 460470
Email: indiabooks123@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.