വായിച്ചു തീർന്നപ്പോൾ അമ്പത് കഴിഞ്ഞ എന്റെ സ്വന്തം ഉമ്മയെയാണ് ഓർമവന്നത്. പാവത്തിന് അമ്പത് എത്തുന്നതിന്റെ എത്രയോ മുമ്പേ അതായത് പതിനാറാം വയസ്സ് മുതൽ ശ്രവണശേഷിക്ക് തകരാറ് വന്നു. പല ചികിത്സകളും നടത്തി. ആയകാലത്ത് വാപ്പയുടെ കീശ വെളുത്തതല്ലാതെ ഫലമുണ്ടായില്ല. എത്രയോ വർഷങ്ങളായി അവർക്ക് കേൾക്കാൻ കഴിയുന്നില്ല. മക്കളെ, മക്കളുടെ മക്കളെ, അയൽക്കാരെ, കൂട്ടുകാരികളെ ഒന്നും അവർക്ക് ശരിയായി കേൾക്കാൻ പറ്റുന്നില്ല. ഈയിടക്ക് നടത്തിയ ഒരു പരിശോധനയിൽ...
വായിച്ചു തീർന്നപ്പോൾ അമ്പത് കഴിഞ്ഞ എന്റെ സ്വന്തം ഉമ്മയെയാണ് ഓർമവന്നത്. പാവത്തിന് അമ്പത് എത്തുന്നതിന്റെ എത്രയോ മുമ്പേ അതായത് പതിനാറാം വയസ്സ് മുതൽ ശ്രവണശേഷിക്ക് തകരാറ് വന്നു. പല ചികിത്സകളും നടത്തി. ആയകാലത്ത് വാപ്പയുടെ കീശ വെളുത്തതല്ലാതെ ഫലമുണ്ടായില്ല. എത്രയോ വർഷങ്ങളായി അവർക്ക് കേൾക്കാൻ കഴിയുന്നില്ല. മക്കളെ, മക്കളുടെ മക്കളെ, അയൽക്കാരെ, കൂട്ടുകാരികളെ ഒന്നും അവർക്ക് ശരിയായി കേൾക്കാൻ പറ്റുന്നില്ല. ഈയിടക്ക് നടത്തിയ ഒരു പരിശോധനയിൽ ചെവിക്കകത്ത് വെക്കാൻ കഴിയുന്ന വലുപ്പം കുറഞ്ഞ ശ്രവണസഹായി ഉപയോഗിച്ചാൽ കേൾക്കും എന്ന് മനസ്സിലായി. പക്ഷേ, ലക്ഷത്തോളം വിലയാവും എന്ന് പറഞ്ഞപ്പോൾ നിരാശ ഉള്ളിൽ മറച്ചുവെച്ച് ഉമ്മ ചിരിച്ചു. ഇത്രനാളും കേൾക്കാതെ ജീവിച്ചില്ലേ? ഇനിയും അങ്ങനെ തന്നെ ജീവിക്കാം എന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് ആശ്വസിപ്പിച്ചു. അതാണ് ഉമ്മ.
വർഷങ്ങളായി കേൾവിയുടെ ലോകത്തുനിന്ന് അകലെയാക്കപ്പെട്ട പെറ്റവയറിനെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി. ‘കാതിലോല’യുടെ താളിൽ ഉതിർന്ന് വീണ് നനഞ്ഞുപോയി.
‘കാതിലോല’ എല്ലാ അമ്മമാരുടെയും കവിതയാണ്. എല്ലാ പെൺജീവിതങ്ങളുടെയും കവിതയാണ്. നാരങ്ങാമിഠായിപോലെ, വല്യ പേരൊന്നുമില്ലാതെ, വർണക്കടലാസിന്റെ പത്രാസില്ലാതെ ഞാൻ ‘ചീനി’ എന്ന് വിളിക്കുന്ന എന്റെ ഉമ്മച്ചിയെ പോലെയുള്ള എല്ലാ അമ്മമാരുടെയും മധുരമുള്ള ജീവിതത്തെ ഓർമിക്കുന്ന കവിത. മക്കൾക്കുവേണ്ടി പുകയൂതി പുകയൂതി കരിപിടിച്ച കൈകളാൽ വെളുത്ത ചോറൂട്ടിയും വെറുപ്പ് പിടിച്ചാൽ കണ്ണുരുട്ടുന്ന അമ്മമാരുടെ കവിത, എനിക്കുവേണ്ടി നടന്നുനടന്ന് ചെരുപ്പ് തേഞ്ഞ വാപ്പച്ചിക്ക് തണലായ ചീനിയെപ്പോലുള്ള അമ്മമാരുടെ ജീവിതങ്ങളുടെ കവിത.
സെബാസ്റ്റ്യന് അഭിനന്ദനങ്ങൾ
ഒപ്പം ആഴ്ചപ്പതിപ്പിനും.
മൻസീദ്, C 322, വിയ്യൂർ
നിർമിതബുദ്ധിയെയും ചാറ്റ്ജിപിടിയെയും കുറിച്ചുള്ള എഴുത്തുകൾ അത്ഭുതത്തോടെ വായിച്ചു. ആദ്യമായി ഒരു സൂപ്പർ കമ്പ്യൂട്ടറിനു മുന്നിൽ വിശ്വനാഥൻ ആനന്ദ് എന്ന ചെസ് താരം പരാജയപ്പെട്ടപ്പോൾ, നിരാശയുടെ പടുകുഴിയിലേക്കും അഗാധമായ ഡിപ്രഷനിലേക്കും വീണുപോയത് മറ്റൊരു ലോക ചാമ്പ്യനായിരുന്ന ഗാരി കാസ്പറോവാണ് എന്ന കാര്യം വല്ലാതെ ഉള്ളിൽകൊണ്ടു.
വി.എം. ദേവദാസിന്റെ ലേഖനത്തിൽ കാഫ്കയുടെ ശൈലിയിൽ ഒരു കഥ പറയാൻ നിർദേശിക്കുമ്പോൾ ഇതാ, ഇങ്ങനെ വന്ന ഭാഗം വായിച്ച് ഒരു നിമിഷം അന്തിച്ചു പോയി!
‘‘ഒരുകാലത്ത് അഭിമാനത്തോടെ ഉയർന്നുനിന്ന മരങ്ങൾ ഇപ്പോൾ നിരാശയുടെ ഭാരത്താൽ തളർന്ന് തല താഴ്ത്തുന്നു. അവയുടെ ശാഖകൾ ഏതോ വലിയ മൃഗത്തിന്റെ നഖങ്ങൾപോലെ വളഞ്ഞുപുളഞ്ഞു പോകുന്നു. മേലെ നീലാകാശം ദീനതയാർന്നൊരു മഞ്ഞനിഴലായി മാറുന്നു...’’ സർഗാത്മകത എന്ന മനുഷ്യന്റെ ഏറ്റവും വലിയ സ്വത്വം ഏത് രീതിയിലാകും ഇനി അതിജീവിക്കുക? എന്നോർക്കുമ്പോൾ ഒരെത്തുംപിടിയും കിട്ടുന്നില്ല!
ഈ ലേഖനങ്ങളെല്ലാം വായിച്ച് തല ചൂടായപ്പോൾ പ്രിയ കവികളായ ബി.എസ്. രാജീവിന്റെയും രാജീവ് നെടുമങ്ങാടിന്റെയും കളത്തറ ഗോപന്റെയും കവിതകൾ വായിച്ച് ആശ്വാസത്തോടെ കിടന്നു. ഇവർ എഴുതുന്ന നാട്ടുമുഴക്കങ്ങൾ, വഴികൾ, മനുഷ്യ മനസ്സിന്റെ പിടിതരാത്ത ഭാവങ്ങൾ, ആ നൈർമല്യം എല്ലാം ചാറ്റ്ജിപിടി കവർന്നെടുക്കില്ലെന്ന ആശ്വാസത്തോടെ. എന്തായാലും ആദ്യമായി ഇങ്ങനെയൊരു പ്രിന്റ് പതിപ്പ് മലയാളത്തിൽ അവതരിപ്പിച്ച മാധ്യമം ആഴ്ചപ്പതിപ്പിന് അഭിനന്ദനങ്ങൾ.
ശ്രീകണ്ഠൻ കരിക്കകം, കഥാകൃത്ത്. ഫേസ്ബുക്ക്
മാധ്യമത്തിന് ആശംസകൾ
മാധ്യമം ആഴ്ചപ്പതിപ്പ്- നിർമിതബുദ്ധിയാൽ തയാറാക്കിയ മലയാളത്തിലെ ആദ്യ പതിപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കവർചിത്രം, എഡിറ്റോറിയൽ, കത്തുകൾ ഇവയെല്ലാം സാധ്യമാണോ? ആണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
മാറിയ ടെക്‌നോളജിക്കൊപ്പം മലയാളത്തിൽനിന്ന് ഏറ്റവും ആദ്യം ചേർന്ന മാധ്യമത്തിന് ആശംസകൾ.
ഫർസാന അലി, എഴുത്തുകാരി. ഫേസ്ബുക്ക്
നാടകമേ ഉലകം
മാധ്യമം ആഴ്ചപ്പതിപ്പ് എഐ ടൂളുപയോഗിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ആഴ്ചപ്പതിപ്പായി മാർച്ച് 13ന് തിങ്കളാഴ്ച പുറത്തിറങ്ങാൻ പോകുന്നുവെന്ന വാർത്ത പുറത്തുവരുന്നു.
അങ്ങനെ വിട്ടുകൊടുക്കാൻ പറ്റോ, ഇത് കണ്ടമാത്രയിൽ ‘ട്രൂ കോപ്പി’ക്കാരൻ മുറപ്രകാരം അടുത്ത 14ന് ഇറങ്ങേണ്ട വെബ്സീൻ എഐയിൽ മാധ്യമത്തിന് മുമ്പേ പ്രീപോണ്ട് ചെയ്തു.
അത് അതിലും തമാശയായത് അതിന്റെ പ്രഖ്യാപനമാണ്, ‘ട്രൂ കോപ്പി’യുടെ അസോസിയേറ്റ് എഡിറ്റർ ഹർഷന്റെ പോസ്റ്റ് പ്രകാരം ‘ട്രൂകോപ്പി’ ഇറങ്ങുന്നത് മാർച്ച് 11നാണ്. പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ഷഫീഖ് താമരശ്ശേരിയുടെ പോസ്റ്റ് പ്രകാരം അത് മാർച്ച് 12 ആണ്. അപ്പോഴേക്കും എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനും ഡേറ്റ് എഡിറ്റ് ചെയ്തുകൊണ്ട് മാർച്ച് 12ൽ എത്തി.
പക്ഷേ എന്ത് ചെയ്യാനാണ്, മാധ്യമം വെബ്സീനിൽ ആറ് മണിക്കൂർ മുമ്പേ സാധനം പുറത്തിറക്കി അടപടലേ പണികൊടുത്തു.
ഹിലാൽ ബാബു, ഫേസ്ബുക്ക്
പ്രതികരിക്കുന്ന കവിത
ഒളിച്ചോട്ടങ്ങൾ ഒറ്റുകൊടുക്കുന്നതാരെ? മാറുന്ന ലോകത്തിനനുസരിച്ച് മനുഷ്യന്റെ മൂല്യങ്ങളിലും ചിന്താഗതികളിലും വിസ്ഫോടനാത്മകമായ വളർച്ചകളാണ് സംഭവിച്ചത്. നിർമിതബുദ്ധിയുടെ അഭൂതപൂർവമായ വളർച്ചയിൽ അഭിമാനത്തോടെ തലയുയർത്തുന്ന നിമിഷംതന്നെ മനുഷ്യനിലെ മൂല്യത്തകർച്ചകൾ സൃഷ്ടിക്കുന്ന അപമാനങ്ങളിൽ തലകുനിക്കേണ്ട അവസ്ഥയും വന്നുചേരുന്നു. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സജീദ് ആയങ്കിയുടെ ‘ദെ വെളുത്ത നിറങ്ങൾ’ എന്ന കവിത വായിച്ചപ്പോഴാണ് ഈയിടെയായി ഒളിച്ചോടിപ്പോകുന്ന മാതാപിതാക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരുന്ന കാര്യം ശ്രദ്ധയിൽപെട്ടത്. വർധിച്ചുവരുന്ന കൂട്ടായ്മകളും കൂടിച്ചേരലുകളും ഒഴിവുവേളകളിലെ ആനന്ദങ്ങൾക്കപ്പുറം കുടുംബ തകർച്ചകളും അതുവഴി തീരാദുഃഖങ്ങളും ഇടവരുത്തുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. തീർച്ചയായും ഇതൊരു നല്ല മാറ്റമായി കാണാനാകില്ല. ഇതുമൂലം അപമാനിതരാകുന്നത് ഒരു സമൂഹവും കുടുംബവും മാത്രമല്ല, മാതാപിതാക്കളുടെ തണലിൽ ജീവിക്കേണ്ട പ്രായത്തിൽ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്ന കുട്ടികൾ കൂടിയാണ്. കവിതയിലെ ഓരോ വരികളിലും അത്തരത്തിൽ ഒറ്റുകൊടുക്കപ്പെട്ട കുരുന്നുകളുടെ നൊമ്പരങ്ങളാണ്. ആ നൊമ്പരക്കടലിലൂടെ ഹൃദയമുള്ള ആർക്കും കണ്ണുനീരോടെയല്ലാതെ പ്രയാണം ചെയ്യാനാകില്ല. വികാരങ്ങൾ വിചാരങ്ങളെ കീഴടക്കുമ്പോൾ മനുഷ്യർ ദുർബലരായി മാറുന്നു. ആ ദുർബലത ഒരു തലമുറയെ ഇല്ലായ്മ ചെയ്യുന്നു. ഇത്തരം അനീതികൾക്കെതിരെ തൂലികകൊണ്ടെങ്കിലും പ്രതികരിക്കുന്ന കവിക്കും കവിത പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിനും എല്ലാ ആശംസകളും നേരുന്നു...
നജാ ഹുസൈൻ, അഞ്ചൽ
ആദിവാസികളും മനുഷ്യരാണ്
ആദിവാസി വിശ്വനാഥന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഡോ. പി.ജി. ഹരി എഴുതിയ റിപ്പോർട്ട് ‘നവോത്ഥാനം’ പ്രസംഗവേദിയിൽ ഒതുങ്ങിനിൽക്കുന്നു എന്നതിന്റെ തെളിവാണ് (ലക്കം: 1306). മനുഷ്യാവകാശ കമീഷനും പട്ടികവർഗ വകുപ്പും നോക്കുകുത്തിയായിരിക്കുന്ന നമ്മുടെ നാട്ടിലെ അവസ്ഥ പരമദയനീയം തന്നെ. കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ കേരളത്തിലെ ആദിവാസികൾക്കായി 1347 കോടി രൂപ ചെലവഴിച്ചുവെന്നാണ് വായിച്ചറിഞ്ഞത്. 1347 കോടിയിൽ 10 ശതമാനംപോലും ആദിവാസികളുടെ സംരക്ഷണത്തിനുവേണ്ടി ചെലവഴിച്ചിട്ടില്ല എന്നത് വ്യക്തം. കിടപ്പാടവും
തൊഴിലുമില്ലാതെ അലയുന്ന ആദിവാസികളുടെ ഉന്നമനം സാക്ഷാത്കരിക്കപ്പെടാത്ത ഒരു സ്വപ്നമായി ഇന്നും അവശേഷിക്കുന്നതിന്റെ ബാക്കിപത്രമാണ് ഡോ. പി.ജി. ഹരിയുടെ എഴുത്ത്. കേരളത്തിൽ വ്യത്യസ്ത വിഭാഗത്തിലായി 37 ആദിവാസി വിഭാഗങ്ങളുണ്ട്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിൽ ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാർ പൂർണ പരാജയമാണ്. ആദിവാസികളെ സംരക്ഷിച്ചില്ലെങ്കിലും കൊല്ലരുത്. കാരണം, വിശ്വനാഥനെപ്പോലുള്ളവരും മജ്ജയും മാംസവുമുള്ള മനുഷ്യരാണ്.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ മുളന്തുരുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.