ഭയത്തെ മറികടക്കാൻ മുസ്ലിം ലീഗിനാകട്ടെ
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് 75 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ വിവിധ വശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ പ്രത്യേക പതിപ്പ് ശ്രദ്ധേയമായി (ലക്കം:1309). ഇവിടെ ന്യൂനപക്ഷമാണെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകൾ അധിവസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പക്ഷേ, ചരിത്രപരമായ കാരണങ്ങളാൽ ഇന്ത്യയിൽ മുസ്ലിംകൾ അരികുവത്കരിക്കപ്പെട്ടവരാണ്. അർഹതക്കൊത്ത അധികാര പ്രാതിനിധ്യമോ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയോ നേടിയെടുക്കാൻ അവർക്കായിട്ടില്ല. മുൻകാലങ്ങളിലേ ഇതാണ് സ്ഥിതിയെങ്കിലും നരേന്ദ്ര മോദിയുടെ കടന്നുവരവോടെ അത് പൂർണമായെന്ന് പറയാം. മുസ്ലിംകളെ എപ്പോഴും ശത്രുഭാഗത്ത് നിർത്തിയുള്ള നടപടികൾ ഈ സമുദായത്തിൽ വലിയ ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്. നാൾക്കുനാൾ അത് വർധിച്ചുവരുകയും ചെയ്തു.
20 കോടിയോളം മുസ്ലിംകളുള്ള രാജ്യത്തുനിന്നും വിജയിച്ചുവെന്ന് പേരിനെങ്കിലും പറയാവുന്ന ഒരു രാഷ്ട്രീയപാർട്ടിയാണ് മുസ്ലിം ലീഗ്. പക്ഷേ ഒരുപാട് പരിമിതികൾ അതിനുണ്ട്. ഒരേസമയം ‘മതേതര’ പട്ടം നിർത്താനും അതേസമയം തന്നെ സാമുദായിക താൽപര്യങ്ങൾ സംരക്ഷിക്കാനുമുള്ള തത്രപ്പാടുകളിലാണ് ലീഗ് ചലിക്കുന്നത്. പലപ്പോഴും ഒന്നിന് വേണ്ടി മറ്റൊന്നിനെ ബലികഴിക്കുന്ന സാഹചര്യം. ലീഗിന്റെ മറ്റൊരു പ്രധാന പ്രതിസന്ധി ചില മതസംഘടനകൾക്ക് അതിനുമേലുള്ള അമിതാധികാര പ്രവണതയാണ്. രാജ്യത്തും വിദേശത്തുമുള്ള യൂനിവേഴ്സിറ്റികളിൽനിന്നും കോളജുകളിൽനിന്നും പഠിച്ചിറങ്ങിയ ധിഷണാശാലികളായ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വലിയ സംഘം ലീഗിന് കീഴിലുണ്ട്. എന്നാൽ, ഇവരുടെ കാഴ്ചപ്പാടുകളും ധൈഷണിക നിലവാരവും പലപ്പോഴും ഉൾക്കൊള്ളാൻ സംഘടനക്കാവുന്നില്ല. ചില മതസംഘടനകളുടെ സ്വാധീനമോ അല്ലെങ്കിൽ ഭയമോ ആണതിന് കാരണമെന്ന് പറയേണ്ടിവരും. പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയരുമ്പോഴാണ് ലീഗിന് ഈ സംഘടനകളെ പേടിക്കേണ്ടിവരുന്നത്. ഇൗ പേടി മറ്റു കാര്യങ്ങളിൽ മുന്നേറുമ്പോഴും ലീഗിനെ പിന്നോട്ടടിക്കുന്നുവെന്ന് പറയാതെ വയ്യ. ലീഗിന്റെ മുൻകാല നേതാക്കൾ വോട്ടിനും അധികാരത്തിനും അപ്പുറത്ത് നിർഭയമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയവരായിരുന്നു. ഈ ഫാഷിസ്റ്റ് കാലത്ത് പുറത്തുനിന്നും അകത്തുനിന്നുമുള്ള വെല്ലുവിളികളെ നേരിടാൻ ലീഗിന് കഴിയട്ടെ എന്നാശംസിക്കുന്നു.
മുഹ്സിൻ, കോഴിക്കോട്
ഒറ്റപ്പെടുന്നവരുടെ കവിതകൾ
ഒറ്റപ്പെടുന്നവരുടെ ഏകാന്തസ്വരമായ കവിതകളോട് മാധ്യമം ആഴ്ചപ്പതിപ്പിന് ഒരു പ്രത്യേക മമതയുള്ളതുപോലെ തോന്നുന്നു. കാരണം കവികളെ ആകര്‍ഷിക്കാനുള്ള ഒരു കാന്തികശക്തി മാധ്യമത്തിനുള്ളതായി തോന്നിയിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ആഴ്ചതോറും നിരവധി പുതുകവികളുടെ രചനകള്‍ അതില്‍ വരുന്നതും കൊല്ലത്തില്‍ രണ്ടുമൂന്നു കവിതാപതിപ്പുകള് ഇറക്കുന്നതും. ലക്കം 1309ലെ കവിതകളും അതിന് അടിവരയിടുന്നു. സന്ധ്യ എന്‍.പിയുടെ ‘സ്വപ്നം’, കെ.ജെ. വിനോദിന്റെ ‘കാറ്റിലാടിയ വാഴക്കൈകള്‍’, ഫ്രേയ രതീഷിന്റെ 'അണ്ണന്', സമുദ്ര നീലിമയുടെ ‘കെച്ചപ്പ് മഹാരാജാവ്' എന്നിങ്ങനെ നാലു കവിതകള്‍. എല്ലാം നവ്യാനുഭൂതികള്‍ പ്രദാനംചെയ്യുന്നവയായിരുന്നു.
സന്ധ്യയുടെ മൂന്നു സ്വപ്നങ്ങള്‍ കവിതയായി വിരിഞ്ഞിരിക്കുന്നതില് ഉച്ചക്ക് കുളിമുറിയിലെ കുഴമ്പിന് കുപ്പിയില്നിന്നും അവള് എടുത്തുമാറ്റിയ നരച്ച മുടി അന്വേഷിച്ചുവരുന്ന 28 ദിവസം മുമ്പേ മരിച്ച അമ്മ മനസ്സില്‍ നനവു പടര്‍ത്തി. കെ.ജെ. വിനോദിന്റെ ‘കാറ്റിലാടിയ വാഴക്കൈകള്‍’ ഉത്തരാധുനിക കവിതയുടെ പ്രതീതിയുളവാക്കുന്നു. അതിന്റെ ആവിഷ്കാര ചാരുത എന്നെ അത്ഭുതപ്പെടുത്തി. സ്കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ കാന്താരിയും ഉപ്പും ചേര്‍ത്ത് കപ്പ തിന്ന് വിശപ്പുമാറ്റുമ്പോള് ആകാശത്ത് ആനയും കുതിരയുമായി നിരക്കുന്ന മേഘങ്ങള്‍. അടുപ്പിനു ചുറ്റുമിരുന്ന് അവര്‍ ചക്കക്കുരു തൊണ്ടു പൊളിക്കുമ്പോള്‍ പട്ടിയും കാക്കയുമായി വരുന്ന നിഴലുകള്‍. എത്ര ദീപ്തമായ ഭാവന...
കാലികപ്രസക്തിയുള്ള കവിതയാണ് ഫ്രേയ രതീഷിന്റെ ‘അണ്ണന്’.
‘‘ഇരുട്ടീന്ന് അപ്പന്റെ
അടിവസ്ത്രം കിട്ടിയ
അന്നു മുതൽക്കാണ്
അടിവയറ്റിന്മേ കാരിക്കുത്തേറ്റ
പെടച്ചിലും
എന്റെ മൂട്ടീന്ന്
ചോരയും ഒലിക്കാൻ
തൊടങ്ങീത്’’ എന്ന വരികള്‍ കല്ലേപ്പിളര്ക്കുംവിധം ശക്തമാണ്.
സമുദ്ര നീലിമയുടെ ‘കെച്ചപ്പ് മഹാരാജാവ്’ അനിതരസാധാരണമായ കൈയടക്കത്താല്‍ മികവു പുലര്‍ത്തുന്നു.
‘‘നിന്റെ ചുവപ്പു റാണി
എന്റെ ഉടുപ്പിലേക്കും പടരുന്നു
അടുക്കളയിലേക്ക് പോയ മഹാരാജാവ്
നിന്റെ കണ്ണില്‍ പറന്നുയരുന്നു’’ - പുതിയ വീഥികള്‍, പുതിയ ഭാവനകള്‍, പുതിയ കാഴ്ചകള്‍. അതേ പുതുകവികള്‍ക്ക് ചാകര നല്‍കിക്കൊണ്ട് കാലം ഒഴുകിക്കൊണ്ടേയിരിക്കുന്നു...
സണ്ണി ജോസഫ്, മാള
ബിജുവിന്റെ ഓർമകൾ നൊമ്പരമുണർത്തുന്നു
ബിജു കാഞ്ഞങ്ങാടിന്റെ അപ്രതീക്ഷിത മരണം മലയാളിയുടെ കാവ്യകാളിയെ വർഷങ്ങളോളം, നൊമ്പരപ്പെടുത്തുമെന്നതിൽ സംശയമില്ല. അനുവാദത്തിന്ന് കാത്തിരിക്കാതെ കടന്നുവരുന്ന പ്രതിഭാസമാണ് മരണം. ബിജു കാഞ്ഞങ്ങാടിന്റെ കാര്യത്തിലും മറിച്ചൊന്നും സംഭവിച്ചില്ലെന്നതാണ് സത്യം. ജീവിതപ്രതീക്ഷയിൽ ഒഴുകിനടക്കുമ്പോഴാണ് മരണം നമ്മെ തൊട്ട് നോക്കുന്നത്, പിന്നെയെല്ലാം തുരീയം, സ്വപ്നം, ജാഗ്രത.
ഉമർ ഖയ്യാം പാടിയപോലെ വിധിയുടെ കളിപ്പന്തുകളും ചതുരംഗ കരുക്കളുമാണ് മനുഷ്യൻ. കൈകൊണ്ടെഴുതിയ ചിത്രാവസ്ഥയാണ് മനുഷ്യരുടേത്. വായനയെ പ്രയാസകരമാക്കി മാറ്റുന്ന രീതിയായിരുന്നു ബിജു കാഞ്ഞങ്ങാടിന്റേത്. പുരാതന ബിംബ കൽപനകളും ആധുനിക ആത്മഭാവലോകത്തിൽ തീവ്രവിരോധാഭാസങ്ങളും ചേർത്തു വിളക്കിയെടുത്ത ഒരു മിശ്രണമാണ് ജിബ്രാന്റെ കവിതയെങ്കിൽ അതിനോട് സമം നിൽക്കുന്ന കവിതയാണ് കാഞ്ഞങ്ങാടിന്റേത്. കവിതയുടെ രചനാ തന്ത്രങ്ങൾ ശരിക്കറിഞ്ഞ് പ്രവർത്തിച്ച യുവ തുർക്കിയായിരുന്നു ആ വലിയ മനുഷ്യൻ.
സാഹിത്യം, കവിത, കവി തുടങ്ങിയവ എന്തെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ബിജു. സുന്ദരമായ ചെറിയ ജീവിതംകൊണ്ട് വലിയ ആകാശം മെനെഞ്ഞടുത്തു എന്നതാണ് കവിയുടെ വിജയരഹസ്യം. പ്രാസവൃത്തങ്ങളിൽ അഭിരമിക്കലല്ല കവിതയുടെ മാനദണ്ഡം. പുതുകാലത്തിന്റെ തേങ്ങലുകളായിരുന്നു കവിതയുടെ അസ്തിത്വം.
ബിജുവിനെ കുറിച്ച് അറിയേണ്ടെതല്ലാം അനുസ്മരണത്തിലുണ്ട്. ഞങ്ങൾ തമ്മിൽ സൗഹൃദത്തിലായിരുന്നു. വിധിയുടെ വേട്ടമൃഗമാണ് മനുഷ്യരെങ്കിലും രഹസ്യങ്ങൾ നിറഞ്ഞ മറ്റൊരു സ്വർഗത്തിലേക്കാവട്ടെ ബിജുവിന്റെ യാത്ര. ബ്രഹ്മം സച്ചിദാനന്ദമാണ്. കവിതയാണ്, ആനന്ദപ്രദാനമാണ്, ജ്ഞാനസാഗരമാണ്. അബോധത്തിന്റെയും ബോധത്തിന്റെയും ബോധാതീത സത്തയുടെയും പാരമ്യമാണ് കവിത (ഗുരു നിത്യചൈതന്യ യതി).
വി.കെ.എം. കുട്ടി, ഈസ്റ്റ് മലയമ്മ
രാഷ്ട്രീയം പുരണ്ട കഥ
മാധ്യമം ആഴ്ചപ്പതിപ്പിൽ പി.കെ. സുധി എഴുതിയ ‘ക്ലൈമാറ്റിക് റഫ്യൂജീസ്’ വായിച്ചു (ലക്കം: 1309). ആർദ്രത നനവും കനിവുമാണ്. ആർദ്രത വറ്റിയ നാടുകളെക്കുറിച്ചാണ് പി.കെ. സുധിയുടെ കഥ പറയുന്നത്. സാമ്പ്രദായികമായ കഥാതന്തുവോ പരിണാമഗുപ്തിയോ പാത്രസൃഷ്ടിയോ സ്ഥലകാലവിവരണങ്ങളോ ഒന്നുമില്ലാത്ത കഥ. എന്തുകൊണ്ട് വാട്സ്ആപ് ഒരു ആന്റി സോഷ്യൽ മാധ്യമമാണെന്ന് ഗംഭീരമായി പറഞ്ഞുവെച്ചിരിക്കുന്നു. അകലങ്ങളെയും കാലവിളംബത്തെയും കീഴടക്കാനായി മനുഷ്യൻ കണ്ടെത്തുന്ന സാങ്കേതികത എങ്ങനെ അകലങ്ങളും കാലവിളംബവും സൃഷ്ടിക്കുന്നു എന്ന് കഥ വ്യക്തമാക്കുന്നു.
ജാതി മത ഭേദമന്യേ ഒരേ വിഷവാതകം വ്യാപക മരണവും നാശവും വിതച്ചതിന് ശേഷമാണ് ഭോപാലിൽ ഈ കഥ തുടങ്ങുന്നത്. ഗുജ്ജൂസ് എന്ന് ഗുജറാത്തുകാരെ കളിയാക്കി വിളിച്ചിട്ട് മജൂസ് എന്ന് സ്വയം ആക്ഷേപിക്കുന്നതിൽ തുടങ്ങുന്നു കഥ. പേരുകൾ പലപ്പോഴും തെളിവുകളാണ്. മാറുന്ന കാലങ്ങളുടെ സൂചകങ്ങളാണ്. യൂനിറ്റി പോയി ഡൈവേഴ്സിറ്റി മാത്രമായി കഴിഞ്ഞ ഇന്ത്യയെ തുടക്കത്തിൽതന്നെ നന്നായി ധ്വനിപ്പിച്ചിരിക്കുന്നു. തുടർന്ന് ഒരു രാഷ്ട്രം, ഒരു സ്ഫോടനത്തിലെന്നപോലെ ഛിന്നമാകുന്ന കാഴ്ച കഥാകൃത്ത് വരച്ചിടുന്നു. ഇതൊന്നും ഒരു സോദാഹരണ കഥയുടെ രീതിയിലല്ല, മറിച്ച് യഥാർഥത്തിൽ നടക്കാവുന്ന ഇന്ന് നിത്യം നടക്കുന്ന ചില സംഭവങ്ങൾക്ക് സോദാഹരണ കഥയുടെ വായന സാധ്യമാക്കാനാണ് കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത്.
കഥാപാത്രങ്ങൾ മിക്കവരും മുന്നാക്ക ജാതിക്കാരാണ്. അവർ കേരളത്തിൽനിന്ന് പോയെങ്കിലും പോയകാലത്തെ കേരളം അവരിൽനിന്നും പോയിട്ടില്ല. നായർ സമുദായം ബ്രാഹ്മണ പുരോഹിതരുടെ കണ്ണിൽ ശൂദ്രവിഭാഗത്തിൽപെട്ടതാണ്. മധ്യേന്ത്യയിൽ ചെല്ലുമ്പോഴേ അവർക്ക് കളി മനസ്സിലാകൂ. ന്യൂജൻ പിള്ളേരുടെ സംഘവും അവരെ തുടർന്ന് മധ്യേന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട്. വംശീയതയിൽ ദുരഭിമാനം കൊള്ളാത്ത അവർക്ക് അവരുടെ കൗണ്ടർപാർട്ടുകളുടെ ആക്ഷേപവും സഹിക്കേണ്ടിവരുന്നില്ല. പുതുതലമുറ പാരമ്പര്യവാദങ്ങളിൽനിന്ന് എങ്ങനെയോ രക്ഷപ്പെട്ടിരിക്കുന്നു എന്നത് ആഹാര കാര്യത്തിലുള്ള അവരുടെ പുതു താൽപര്യങ്ങളായി കഥയിൽ വായിക്കാം. ഈ പുതുതലമുറ സമ്പത്തിന്റെ അതിരുകൾ മാത്രമുള്ള മറ്റൊരു വിഭാഗീയ ലോകത്താണ് ജീവിക്കുന്നത്.
‘‘മൊബൈൽ തുറന്നാൽ നാടും മറുനാടും തമ്മിൽ ഭേദമില്ല.’’
‘‘രാഷ്ട്രീയ അതിരുകൾ ഇല്ലാത്ത ആ ലോകത്ത് ദേശസ്നേഹം അവർക്ക് ഒരു പ്രയോറിറ്റി അല്ല.’’
“നാട്ടിലും അങ്ങനാന്ന്. പൊതുപരിപാടികളിൽ യുവജനങ്ങൾ തീരെ ഇല്ലത്രേ...”
‘‘പക്ഷേ സാമ്പത്തിക തട്ട് തിരിവുകൾ അവർക്ക് പ്രധാനമാണ്. അച്ഛനും മുത്തച്ഛനുമൊക്കെ അങ്ങനെ അവരുടെ ലോകത്ത് അന്യരാജ്യക്കാരാകുന്നു...’’
ഇതെല്ലാം ഈ കഥയിലെ വരികൾക്കിടയിൽ വായിച്ചെടുക്കാം.
കഴിഞ്ഞ മുപ്പത് വർഷങ്ങൾക്കുള്ളിൽ ഭാരതീയർക്ക് വന്ന സാംസ്കാരിക അപചയം കഥയിൽ തെളിഞ്ഞ് നിൽക്കുന്നു. വീടിന്റെ ഭിത്തിയിൽ മഞ്ഞളിൽ കുത്തിക്കുറിച്ച് വെക്കുന്ന പ്രാർഥനകൾ ഫലം ചെയ്യില്ല എന്ന് അനുഭവത്തിലൂടെ ആഖ്യാതാവിന്റെ ഭാര്യ മനസ്സിലാക്കി. പക്ഷേ, അവരൂരിയ ഉടുപ്പാണ് രമ്യയും മറ്റും ഇടുന്നത്! ഭൗതികസുഖങ്ങളുടെ മാസ്മരികലോകത്ത് നഷ്ടങ്ങളെക്കുറിച്ച് ഭയമുണ്ടാകുമ്പോൾ ഭക്തി തന്നെയാണ് നല്ല ഒളിയിടം.
രമ്യയും അമ്മയും നായരെന്ന വാല് എവിടെയും പ്രദർശിപ്പിക്കുന്നുമുണ്ട്. നായർ എന്ന പേര് ഒരു ജാതിക്കുമില്ല എന്നത് ഒരു ചരിത്രവസ്തുതയാണ്. (മോദി എന്ന പേര് പോലെ അത് ആർക്കും സ്വീകരിക്കാം. ആരാണ് അത് സ്വീകരിക്കുന്നത് എന്ന് ചോദിച്ചാൽ രണ്ടുവർഷം ജയിലിലാകും.)
സമൂഹത്തെ ഭയന്ന് ജീവിക്കേണ്ടതുകൊണ്ടാണ് യുവാക്കൾ കേരളം വിടുന്നതെന്നും പെൻഷൻകാർ മടങ്ങിവരാത്തതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. വടക്കേ ഇന്ത്യയിലേക്ക് പോകുന്നവർ നാണക്കേട് കൊണ്ടാണ് മടങ്ങിവരാത്തത് എന്നും കഥയിലുണ്ട്. ഇത് സത്യമാണെങ്കിൽ സ്വന്തം ഭയമാണ് പ്രശ്നമെന്നത് ആരും തിരിച്ചറിയുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു. കേരളത്തിലെ കാലാവസ്ഥ മാറിയപ്പോൾ സാമ്പത്തിക നഷ്ടം ഉണ്ടായവരാണ് വടക്കേ ഇന്ത്യയിലെ ഈ കുടിയേറ്റക്കാരിൽ ചിലരെങ്കിലും. അത് വ്യക്തമാക്കാനായി അവരുടെ പ്രായം കൊടുത്തിട്ടുണ്ട്. ഭൗതികസാഹചര്യങ്ങൾക്ക് അമിതപ്രാധാന്യം കിട്ടുമ്പോൾ സാമൂഹിക സാംസ്കാരിക വിഷയങ്ങൾക്ക് പ്രാധാന്യം ഇല്ലാതാവുന്നതാണ് ഇന്ന് നമ്മൾ കാണുന്നത്.
കഥയിലെ ൈക്ലമാറ്റിക് റഫ്യൂജീസ് ഒരു നാട് വിട്ട് മറുനാട്ടിൽ പോകുന്നവരാണ്. പക്ഷേ, കഥയിൽനിന്നും വായിച്ചെടുക്കേണ്ടത് മനുഷ്യരുടെ പലായനമല്ല, മനസ്സിന്റെ പലായനമാണ്. പകുതിയിലധികം ജനങ്ങൾക്ക് എഴുത്തും വായനയും അറിയാത്ത ഒരു സമൂഹത്തിന്റെ ആചാരവും വിശ്വാസവും നമ്മുടെ ആഘോഷങ്ങളിൽ അധിനിവേശം നടത്തിയത് വിചിത്രമല്ലേ. കാലം ഇങ്ങനെ പിറകോട്ട് നടക്കില്ല, അതിനെ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയതാണ്. മലയാളി മനസ്സാണ് പ്രധാനമായി സാംസ്കാരിക കാലാവസ്ഥയിലെ മാറ്റം ഉൾക്കൊള്ളാൻ മടിച്ച് ക്ലൈമാറ്റിക് അഭയാർഥിയായത്, അവരുടെ ദേഹമല്ല.
ശ്രീകുമാർ കെ
വി.കെ. ദീപയുടെ ഇലങ്ക
പ്രവാസത്തിനിടക്ക് നാട്ടിലെ ഓട്ടപ്രദക്ഷിണത്തിൽ ഞാനും ദുരൂഹമായ ചില ഇലങ്കകളെ നോക്കി അന്തിച്ചുനിന്നിട്ടുണ്ട്. അവയുടെ കോട്ടമതിലുകൾക്ക് ചുറ്റും നടക്കുകയും ഇരുമ്പുകവാടങ്ങളിൽ ചെവി ചേർത്തുെവച്ച് ഭാവനകളിലേക്ക് പറന്നുയരുകയും ചെയ്തിട്ടുണ്ട്.
സത്യത്തിന്റെയും മിഥ്യയുടെയും ഭാവനകളുടെയും മിഴിവേറിയ രസക്കൂട്ടിലൂടെയാണ് ഇലങ്കയിലെ ഭദ്രനും കുഞ്ഞിമാളുവും വായനക്കാരനിലേക്ക് സന്നിവേശിക്കുന്നത്. വിശ്വേട്ടനാണ് വായനക്കാരനെ എല്ലായിടത്തും കൊണ്ടുപോകുന്നത്. നമ്മെ ഭദ്രനോ ഇലങ്കയുടെ കാവൽക്കാരനോ കാണുന്നതേയില്ല. ഇലങ്കക്കകത്തെ ദുരൂഹത കഥയിലുടനീളം തുറന്നുകാട്ടാതെ ദീപ വായനക്കാരനെ കൈപിടിച്ച് കൊണ്ടുപോകുന്നു.
സാധാരണക്കാരന്റെ ഭാഷയിൽ ഭ്രമാത്മക കഥ എങ്ങനെ പറയണമെന്ന് ദീപ ഇലങ്കയിലൂടെ കാണിച്ചുതരുന്നു. സമീപകാലത്ത് ആനുകാലികങ്ങളിൽ വായിച്ച ഒരു നല്ല കഥ.
ശ്രീപ്രസാദ് വടക്കേപ്പാട്ട്, മുംബൈ
നിങ്ങളുടെ വീട്ടിലെ മാലിന്യം എന്തുചെയ്യുന്നു?
‘മാലിന്യം ഇങ്ങനെ തുടർന്നാൽ മതിയോ’ എന്ന തലക്കെട്ടിൽ മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 308) ഒരുക്കിയ പതിപ്പ് വായിച്ചു. സ്വയം അവബോധമാണ് ഇക്കാര്യത്തിൽ ആദ്യം വേണ്ടതെന്ന് കുറിക്കട്ടെ. മാലിന്യസംസ്കരണത്തിന് നിങ്ങൾ എന്താണ് ചെയ്യുന്നത്? പരിസ്ഥിതി പഠനം, മാലിന്യസംസ്കരണം എന്നീ വിഷയങ്ങൾ സ്കൂളുകളിൽ വേണ്ടത്ര പ്രാധാന്യത്തോടെ പഠിപ്പിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പുതിയ തലമുറയെ അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അമ്പേ പരാജയമാണ്. വർഷങ്ങളായി കടകളിൽ പോവുമ്പോൾ ഞാൻ ഒരു സഞ്ചിയുമായാണ് പോവുന്നത്. മാംസം, മീൻ എന്നിവ ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിലാണ് വാങ്ങുന്നത്. ഇവയുമായി നടന്നു പോവുന്ന എന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് പറയുന്നു എന്നത് ഞാൻ ശ്രദ്ധിക്കുന്നില്ല.
മതപഠനവും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ക്ലാസുകളുമാണ് എനിക്ക് ഇത്തരം ബോധം ഉണ്ടാക്കിയത്. ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്കരിക്കുന്നതിന് വെവ്വേറെ സംവിധാനങ്ങൾ വീട്ടിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എത്രയൊക്കെ ശ്രമിച്ചാലും പിന്നെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറച്ചെങ്കിലും വീട്ടിലെത്തും. മാത്രമല്ല, അയൽ വീടുകളിൽ താൽക്കാലിക പരിഹാരത്തിനായി പ്ലാസ്റ്റിക് കത്തിക്കുന്നതിനാൽ പുക വീട്ടിലെത്തുന്നുണ്ട്. കടകളിൽ പ്ലാസ്റ്റിക് കവറുകൾ നിരോധിക്കുകയും അവയുടെ ഉൽപാദനത്തിന് സകല ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്യുന്ന അധികാരികളെ പാഠം പഠിപ്പിക്കണം.
സി. ഹനീഫ മുഹമ്മദ്, വാഴക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.