ഭാരതശിൽപികൾ റസ്റ്റ്ഹൗസിലേതോ?
ശ്രീകുമാരൻ തമ്പി എഴുതിവരുന്ന മലയാള ചലച്ചിത്രഗാന ചരിത്രമായ ‘സംഗീതയാത്രകളി’ൽ (ലക്കം: 1314) ‘റസ്റ്റ് ഹൗസ്’ എന്ന ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചെഴുതുമ്പോൾ ഒരു ഓർമത്തെറ്റു വന്നുപോയിട്ടുണ്ട്. ‘‘ശിൽപികൾ നമ്മൾ, ഭാരത ശില്പികൾ നമ്മൾ’’ എന്ന ദേശീയോദ്ഗ്രഥനഗാനം ആ ചലച്ചിത്രത്തിലുള്ളതല്ല, 1975ൽ പുറത്തിറങ്ങിയ ‘പിക്നിക്’ എന്ന ഹിറ്റ് സിനിമയിലെ തുടക്കത്തിലുള്ളതാണ്. ‘റസ്റ്റ് ഹൗസും’ ‘പിക്നിക്കും’ കോളജ് വിദ്യാർഥികളുടെ വിനോദയാത്രയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥകളായതുകൊണ്ട് പാട്ടുകൾക്കും ചില സാമ്യങ്ങളുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം കളിയാക്കിക്കൊണ്ടു പാടുന്ന “മാനക്കേടായല്ലോ നാണക്കേടായല്ലോ മാളികപ്പുറത്തമ്മമ്മാരേ/ കാലുതെറ്റിയ കൊമ്പൻമാരേ” എന്ന ‘റസ്റ്റ്ഹൗസി’ലെ പാട്ടും “കുടൂ കുടു പാടിവരാം കുവലയ മിഴിമാരേ/ പിടിവാശിക്കാരേ” എന്ന ‘പിക്നിക്കി’ലെ പാട്ടും ഉദാഹരണം. ശ്രീകുമാരൻ തമ്പി - എം.കെ. അർജുനൻ ടീമായിരുന്നു ‘പിക്നിക്കി’ലെയും ഗാനങ്ങൾ ഒരുക്കിയത്. അഭിനേതാക്കളും ഏറക്കുറെ ഒരേ ആൾക്കാർ (‘പിക്നിക്കി’ൽ ഉമ്മർ ഉണ്ടായിരുന്നില്ല). സംവിധായകൻ ശശികുമാർ. ഒരുപക്ഷേ, അതൊക്കെക്കൊണ്ടാകണം ശ്രീകുമാരൻ തമ്പിക്ക് പാട്ടിന്റെ സാഹചര്യം മാറിപ്പോയത്.
ശിവകുമാർ ആർ.പി, തിരുവനന്തപുരം
അവസാനിക്കാത്ത ബ്രണ്ണൻ കോളജ് കഥകൾ
ബ്രണ്ണൻ കോളജിലെ വീരഗാഥകൾ പാടി മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തമ്മിൽ പോരടിച്ചത് കേരളം കണ്ടതാണല്ലോ. എ.കെ. ബാലൻ മാധ്യമം ആഴ്ചപ്പതിപ്പിൽ നൽകിയ അഭിമുഖത്തിൽ ബ്രണ്ണൻ കോളജിലെ പല പഴയ കഥകളും പറയുന്നുണ്ട്. എ.കെ. ബാലനെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതിലും ചെയർമാനായതിനും പിന്നിൽ സംഘടന കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗം നേതാവായിരുന്ന കെ. സുധാകരൻ ഉണ്ടായിരുന്നുവെന്നത് കൗതുകമായി തോന്നി. അതുപോലെ കാമ്പസിൽ കെ.എസ്.യുക്കാരാൽ കുത്തേറ്റ അഷ്റഫിനെ ആശുപത്രിയിലെത്തിച്ചത് കെ. സുധാകരൻ ആണെന്ന ബാലന്റെ തുറന്നുപറച്ചിലും കൗതുകം സൃഷ്ടിക്കുന്നു. അതേസമയം, അഷ്റഫിനെ കുത്തിയത് കെ. സുധാകരൻ ആണെന്നതരത്തിലുള്ള പല പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റും കണ്ടിട്ടുണ്ട്. അഷ്റഫിനെ രക്തസാക്ഷിയായാണ് ബാലൻ അവതരിപ്പിക്കുന്നത്. എന്നാൽ, മുതിർന്ന മാധ്യമപ്രവർത്തകനും ബ്രണ്ണൻ കോളജ് വിദ്യാർഥിയുമായിരുന്ന എൻ.പി. രാജേന്ദ്രൻ പറയുന്നത് മറ്റൊരു കഥയാണ്. കുത്തേറ്റ സമയത്ത് ഗൗരവമുള്ള പരിക്ക് അഷ്റഫിന് പറ്റിയിരുന്നില്ലെന്നും ആശുപത്രിവാസം അവസാനിപ്പിച്ച് അഷ്റഫ് കോളജിൽ തിരിച്ചെത്തിയെന്നും ഫുട്ബാൾ കളിക്കാരനായ അദ്ദേഹം കളിക്കിറങ്ങിയെന്നും അദ്ദേഹം എഴുതുന്നു. പിന്നീട് കുറച്ചുകാലങ്ങൾക്കുശേഷം അപ്പന്റിസൈറ്റിസ് ആണെന്ന് മനസ്സിലാക്കി ശസ്ത്രക്രിയ നടത്തിയെങ്കിലും അഷ്റഫ് മരണപ്പെടുകയായിരുന്നുവെന്നുമാണ് അദ്ദേഹം എഴുതുന്നത്. സത്യം എന്തെന്ന് ആർക്കറിയാം?
ജയൻ, കാസർകോട്
വട്ടപ്പേര്: നാട്ടിൻപുറക്കാഴ്ചകൾ
ജേക്കബ് എബ്രഹാം എഴുതിയ ‘വട്ടപ്പേര്’ (ലക്കം: 1313) എന്ന കഥ വായിച്ചു. ഫലിതത്തിൽ ചാലിച്ച ചില നാട്ടുഭാഷകളും (തിരുവനന്തപുരത്തെ നാട്ടിൻപുറങ്ങളിൽ ഇന്നും ഉപയോഗിക്കുന്ന ചില സംസാരരീതികൾ) വട്ടപ്പേരുകളും നാട്ടിൻപുറക്കാഴ്ചകളുമെല്ലാം കഥയിലെ ഓരോ കഥാപാത്രവും സംഭവങ്ങളും കൺമുന്നിൽ കാണുന്നതുപോലുള്ള വായനാനുഭവമാണ് നൽകിയത്. എന്തരണ്ണാ മുഖത്തൊരു വാട്ടം... കാപ്പി അനത്തട്ടെ, ഇത്തിരിപ്പൂലം, അണ്ണന്റെ പേര് എന്തരണ്ണാ തുടങ്ങിയ നാട്ടുപ്രയോഗങ്ങൾ കഥയിൽ ഫലിതം പ്രതിഫലിപ്പിച്ചു.
കഥ വായിച്ചപ്പോൾ നേരിട്ട് കാണുന്ന രംഗംപോലെ വായനാനുഭവം നൽകിയ നാട്ടിൻപുറത്തെ കാഴ്ചയായിരുന്നു ഒരു പെൺകുട്ടി മുറ്റം തൂക്കുന്നതും അവളുടെ രീതികളുമൊക്കെ (ഉദാ: എടുത്തു കുത്തിയ പാവാട അഴിച്ചിട്ട്... തൊറപ്പ ഒന്നുകൂടി അടിച്ചുകൂട്ടി അണ്ണോ... അണ്ണാ എന്ന് അകത്തേയ്ക്ക് നോക്കി വിളിയ്ക്കുന്നതും). നാവ് കൊണ്ട് പഴങ്കഞ്ഞി കല്ല് തുഴഞ്ഞെടുക്കുന്ന വിവരണവും കൃഷിപ്പണി കഴിഞ്ഞ് വന്ന വീട്ടുകാരനെ വർണിച്ചിരിക്കുന്നതും തുടങ്ങി ധാരാളം നാട്ടുചിത്രങ്ങൾ നിറഞ്ഞ ഈ കഥ വളരെ രസകരമായി ഒറ്റയിരിപ്പിൽ വായിച്ചുതീർത്തു.
നാട്ടിൻ പ്രദേശങ്ങളിലാണ് വട്ടപ്പേര് (ഇരട്ടപ്പേര്) കൂടുതൽ പ്രചാരത്തിലുള്ളതെന്നാണ് തോന്നുന്നത്. ഓരോരുത്തരുടെ വൈകല്യം സൂചിപ്പിച്ചുകൊണ്ട് വട്ടപ്പേര് ചേർത്ത് വിളിക്കാൻ ചിലർക്ക് ഒരു മടിയുമില്ല. നമ്മുടെ പ്രദേശങ്ങളിലൊക്കെ വട്ടപ്പേര് (ഇരട്ടപ്പേര്) പറഞ്ഞാലേ ചിലരെയൊക്കെ അറിയാൻ കഴിയൂ. നാട്ടിൻപുറ ചിത്രങ്ങളുടെ ഒരു തനിപ്പകർപ്പായ കഥ വളരെ ഇഷ്ടപ്പെട്ടു.
ഷീജ ഷാഫി
വേറിട്ട രണ്ടു കഥകൾ
നിഷ്കളങ്കമായ ഒരു കഥയാണ് കെ.എസ്. രതീഷിന്റെ ‘നിറം’ (ലക്കം: 1314). കറുപ്പു നിറത്തെ അവജ്ഞയോടെ നോക്കിക്കാണുന്ന സമൂഹത്തെ കൊഞ്ഞനംകുത്തി കാണിക്കുന്ന ഇതിവൃത്തത്തെ പ്രൊജക്ട് ചെയ്യുംവിധം ചിത്രീകരണം നടത്തി മറിയം ജാസ്മിനും കഥാകാരനെ സഹായിച്ചിരിക്കുന്നു. ചെറിയ ക്ലാസില്‍ പഠിക്കുന്ന മൂന്നു കറുത്ത കുട്ടികളുടെ മേല്‍ സ്കൂളില്‍ നടക്കുന്ന എല്ലാ തോന്ന്യാസങ്ങളും ആരോപിച്ച് ശിക്ഷിച്ചിരുന്ന പപ്പനാഭന് മാഷുടെ അതിക്രമങ്ങള്‍ക്ക് പകരം വീട്ടാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇറങ്ങിത്തിരിക്കുന്നവരുടെ കഥപറയുകയാണ് കഥാകൃത്ത്. തങ്ങളുടെ ആത്മാർഥ സുഹൃത്തും ഇപ്പോള്‍ തെങ്ങില്‍നിന്നും വീണ് പരിക്ക് പറ്റി കിടക്കുന്നതുമായ മണ്ടേല ബിനുവിനുവേണ്ടിയാണ് അവര്‍ ഈ ദൗത്യം ഏറ്റെടുത്തത്. എന്നാല്‍, പപ്പനാഭന് മാഷുടെ വീട്ടിലെത്തിയപ്പോള്‍ ആത്മഹത്യാമുനമ്പില്‍ നില്ക്കുന്ന മാഷെയും ഭാര്യയെയുമാണ് അവര്‍ കാണുന്നത്.
ഈ കഥ വായിക്കുന്ന ചിലരിലെങ്കിലും ഗതകാലസ്മരണകള്‍ ഉണര്‍ന്നേക്കാം. വലിയ വാചക കസര്‍ത്തുക്കള്‍ ഒന്നും ഇല്ലാതെ തെളിമയുള്ള ഭാഷയില്‍ പറഞ്ഞിരിക്കുന്ന ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു.
ഇതേ ലക്കത്തിൽ കറുത്തവരെ ചൂഷണം ചെയ്യുന്ന ഇതിവൃത്തത്തില്‍ ജിതേഷ് ആസാദ് എഴുതി സന്തോഷ് ആര്.വി ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്ന ‘കാല്‍ബേലിയ’ എന്നൊരു കഥയും വായിച്ചു. രാജസ്ഥാന് മരുഭൂമിയിലെ ജിപ്സികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ കഥയില്‍ ആധുനിക ലോകത്തിന്റെ ചതിയാണ് പരാമര്‍ശിച്ചിരിക്കുന്നത്. സപേര എന്ന ജിപ്സിയുടെ സ്നേഹം പിടിച്ചെടുക്കന്ന ഏതോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ദല്ലാളായ കഥാനായകന് പതിയെ മരുഭൂമിയിലെ വിഷപ്പാമ്പുകളെ പിടിക്കുന്നതെങ്ങനെയെന്നും ആ പാമ്പുകളുടെ വിഷം അവരെന്തു ചെയ്യുന്നുവെന്നും മനസ്സിലാക്കുന്നു.
ആവര്‍ത്തനവിരസങ്ങളായ കഥകള്‍ വായിച്ച് ബോറടിച്ചിരിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഈ കഥ ഒരു ആശ്വാസമാണ്.
സണ്ണി ജോസഫ്, മാള
ഈ പൊലീസ് എന്നു നന്നാകും?
കേരളത്തിൽ ആദിവാസികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ദിനേന പെരുകിവരുന്നു എന്നതിന്റെ സൂചനകൾ ഇന്നോ ഇന്നലെയോ കണ്ടു തുടങ്ങിയതല്ല. എൻ.സി.ആർ.ബിയുടെ കണക്കനുസരിച്ച് ദേശവ്യാപകമായി പട്ടികവിഭാഗങ്ങളുടെ നേർക്കുള്ള കുറ്റകൃത്യങ്ങളിൽ 26.71 ശതമാനം വർധനയാണ് 2018-2020 കാലയളവിൽ രേഖപ്പെടുത്തിയത്. 2020ൽ മാത്രം 39,138 കുറ്റകൃത്യങ്ങൾ പട്ടികവർഗക്കാർക്ക് നേരെ ഉണ്ടായെങ്കിലും, 19,825 കേസുകൾ (50.65 ശതമാനം) ഇന്നും തീർപ്പാകാതെ കിടക്കുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത്, ആദിവാസികളെ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽനിന്നും പടിക്കു പുറത്തു നിർത്താനാണ് നാം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ്.
2022 ഫെബ്രുവരി 11ന് കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത പറമ്പിൽ മരത്തിൽ ‘തൂങ്ങിമരിച്ച’ നിലയിൽ കണ്ട വിശ്വനാഥന്റെ മരണം ആത്മഹത്യയല്ല മറിച്ച് കൊലപാതകം തന്നെയാണെന്ന് ബന്ധുക്കൾ ആവർത്തിച്ചു പറഞ്ഞിട്ടും ശരിയായ അന്വേഷണം നടന്നില്ല. ആദിവാസിയുടെ കാര്യത്തിൽ നമ്മുടെ പൊലീസും നിയമസംവിധാനവും കാണിക്കുന്ന നിഷ്ക്രിയത്വമാണ് ഇതിൽനിന്നെല്ലാം വെളിവാകുന്നത്. അവിടെ നടന്നത് എന്തൊക്കെയാണെന്ന് അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് അറിയാമെന്ന് വിനോദിന്റെ ഭാര്യാമാതാവ് പറയുന്നു. സെക്യൂരിറ്റിക്കാരാണ് പണാപഹരണക്കുറ്റം വിശ്വനാഥന്റെ മേൽ ചുമത്തിയതെന്നും അവർ ആവർത്തിച്ച് പറയുന്നുണ്ട്. വിശ്വനാഥന്റെ മരണത്തെക്കുറിച്ചും പിന്നീട് നടന്ന പൊലീസിന്റെ പ്രഹസന അന്വേഷണങ്ങളെക്കുറിച്ചും ഡോ. പി.ജി. ഹരി എഴുതിയ ലേഖനം (ലക്കം:1306) ഇതുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നു.
വയനാടിന്റെ കാടകങ്ങളിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ മകളുടെ പ്രസവത്തിനായി വന്ന ഒരു ആദിവാസി സ്ത്രീ അർധരാത്രിയിൽ അവിടത്തെ പൊലീസ് സ്റ്റേഷനിൽ എത്തി മകളുടെ ഭർത്താവിനെ കാണാനില്ല എന്ന് പരാതി പറഞ്ഞപ്പോൾ ഒരു പൊലീസുകാരൻ അവരുടെ കൂടെ ചെന്നുവെന്നും, എന്നാൽ അദ്ദേഹത്തിന്റെ കൈയിൽ ഒരു ടോർച്ച് പോലുമില്ലായിരുന്നു എന്നും അവർ പറയുന്നു. ഒന്നാലോചിച്ചുനോക്കൂ, കൈയിൽ വെളിച്ചമില്ലാതെ അർധരാത്രിയിൽ കേസന്വേഷണത്തിന് നിയോഗിച്ച പൊലീസ് അധികാരിയുടെയും ഇറങ്ങിപ്പുറപ്പെട്ട പൊലീസുകാരന്റെയും മനസ്സ് എത്രമാത്രം വികലമായിരുന്നു എന്ന്! നിരാലംബനായ ഒരു ആദിവാസിയുടെ മരണത്തെക്കാൾ മെഡിക്കൽ കോളജ് പൊലീസ് പ്രാധാന്യം കൊടുത്തത് മെഡിക്കൽ കോളജിലെ ഒരു പെറ്റി കേസിനാണ്. ഇതൊക്കെ നോക്കുമ്പോൾ പൊലീസിന്റെ മുഖ്യ റഫറൻസ് ഗ്രന്ഥമായ പൊലീസ് മാന്വൽ മെഡിക്കൽ കോളജ് പൊലീസ് വായിച്ചിട്ടില്ലേ എന്ന സംശയം ബലപ്പെടുന്നു. കേരളത്തിലെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തലങ്ങും വിലങ്ങും യാത്ര ചെയ്യുമ്പോൾ അവരുടെ കൂടെ സർവചട്ടങ്ങളും പാലിച്ചുകൊണ്ട് ശുഷ്കാന്തിയോടെ, വിധേയത്വത്തോടെ പാഞ്ഞു നടക്കുന്ന കേരള പൊലീസാണ് ആദിവാസിയുടെ കാര്യത്തിൽ ഇത്രയും വലിയ അലംഭാവം കാണിക്കുന്നതെന്നോർക്കുക. ഇത് തികഞ്ഞ കൃത്യവിലോപമാണ്.
പൊലീസ് സ്റ്റേഷൻ സേനയുടെ പ്രാദേശിക ആസ്ഥാനമാണ്. ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തെ ക്രമസമാധാന പരിപാലനം നിർവഹിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ കേന്ദ്രം എന്ന സ്ഥാനമാണ് പൊലീസ് സ്റ്റേഷനുള്ളത്. പരാതിയുമായി എത്തുന്ന പീഡിതരെ പൊലീസ് അവരുടെ ഒരു സുഹൃത്തിനെ എന്ന പോലെ കാണുകയും പരാതി കേൾക്കുകയും അതിന്മേൽ നടപടികൾ കൈക്കൊള്ളുകയും വേണം. പൊലീസിനെ സംബന്ധിച്ചിടത്തോളം പരാതിക്കാരന്റെ ദേശമോ രാഷ്ട്രീയ നിലപാടോ ലിംഗ വ്യത്യാസമോ മതമോ ജാതിയോ പ്രായമോ ഒന്നും തന്നെ പ്രശ്നമാകാൻ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും, കൊല്ലപ്പെട്ട വിശ്വനാഥന്റെ സഹോദരൻ വിനോദിനോട് മാന്യതയുടെ സകല അതിർവരമ്പുകളും ലംഘിച്ചു. ആദിവാസികൾ കള്ളന്മാരാണെന്നും മദ്യപിച്ച് സ്ഥിരം മെഡിക്കൽ കോളജിൽ വന്ന് പ്രശ്നമുണ്ടാക്കുന്നവരാണെന്നും പറഞ്ഞത്രേ!
പൊലീസുകാർ ഇതൊക്കെ പറയുമ്പോൾ സി.ഐയടക്കം മറ്റു പൊലീസുകാർ ആദിവാസികളെ കളിയാക്കി ചിരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുപോൽ! കേരള പൊലീസിന് മൊത്തം നാണക്കേട് ഉണ്ടാക്കുന്ന പെരുമാറ്റ രീതിയായിപ്പോയി ഇത് എന്ന് പറയാതെ വയ്യ. ഇത്തരം പൊലീസുകാർക്കെതിരായി അന്വേഷണം വേണം, അവർ ശിക്ഷിക്കപ്പെടുകയും വേണം.
പൊതുസമാധാന സംരക്ഷണമാണ് പൊലീസിന്റെ മൗലിക ധർമമെങ്കിലും ഒരു സാധാരണ പൗരന്റെ അവകാശങ്ങളെ സംരക്ഷിച്ചു നിർത്തുന്നതിനും പൊലീസിന് ധാർമിക ചുമതലയുണ്ട്. ഇവിടെ നടന്നത് തികഞ്ഞ അധാർമികതയാണ്. വയനാട്ടിൽനിന്നും സർക്കാറിന്റെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് വന്ന ആദിവാസികൾ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരാലും പൊലീസുകാരാലും എത്തരത്തിലുള്ള പീഡനങ്ങൾക്കൊക്കെ വിധേയരായി എന്നറിയുമ്പോൾ മലയാളി അവകാശപ്പെടുന്ന ‘മുന്നേറ്റ’ത്തിന്റെ അളവുകോൽ എത്രമാത്രം ചെറുതാണെന്ന് ചിന്തിക്കുന്ന മനുഷ്യന് ബോധ്യമാകും.
പി.ടി. വേലായുധൻ, ഇരിങ്ങത്ത്, പയ്യോളി
നാട്ടുസൗന്ദര്യമുള്ള കഥ
അറിയാത്തതുകൊണ്ടും മടികൊണ്ടും റിവ്യൂ എഴുതൽ പതിവില്ലാത്തതാണ്. മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ജേക്കബ് എബ്രഹാമിന്റെ ‘വട്ടപ്പേര്’ എന്ന കഥ പ്രമേയംകൊണ്ടും നാട്ടുഭാഷകൊണ്ടും വളരെയധികം ഇഷ്ടപ്പെട്ടു. വട്ടപ്പേരിലറിയപ്പെടുന്ന നാട്ടുമ്പുറത്തെ നിരവധി കഥാപാത്രങ്ങളുണ്ട് കഥയിൽ. ചിലർ ഇരട്ടപ്പേര് കേട്ടാൽ ചിരിച്ചു കളയും. ചിലർക്ക് ഭയങ്കര കോപം വരും. എന്നതായാലും ഇരട്ടപ്പേര് ഉറച്ചാൽ ഉറച്ചതുതന്നെ. നാവ് തുഴഞ്ഞെടുക്കുന്ന പഴങ്കഞ്ഞി കല്ലും അടക്ക ഞുറുക്കി ചുണ്ണാമ്പ് തേയ്ക്കുന്ന വെറ്റിലമുറുക്ക് വിവരണവും അക്കന്റെ ‘ഇത്തിരിപ്പൂലം’ പ്രയോഗവും വരികൾക്കിടയിലെ വായനയിൽ കിട്ടുന്ന നാട്ടുഫലിതത്തിന്റെ മേമ്പൊടിയും. ഒറ്റയിരിപ്പിൽ വായിച്ചാസ്വദിക്കാവുന്ന കലർപ്പില്ലാത്ത നാട്ടുസൗന്ദര്യമുള്ള കഥ.
വിനോദ് ആനന്ദ്, ഫേസ്ബുക്ക്
മനോഹരമായ കഥ
മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ജിതേഷ് ആസാദിന്റെ ‘കാൽബേലിയ’ എന്ന കഥ വായിച്ചു (ലക്കം: 1314).
ചുവപ്പും കറുപ്പും നിറങ്ങൾ ഇടകലർന്ന ലെഹങ്കകളണിഞ്ഞ്, ബഹുവർണത്തിൽ ചെറുതും വലുതുമായ മാലകളും കടും നിറത്തിലുള്ള വളകളും ചിലങ്കയിൽനിന്ന് വേർപെടുത്തിയ കണ്ണിപോലുള്ള കമ്മലുകളും തോടകളും ധരിച്ച് മഴവില്ലിന്റെ സപ്തവർണങ്ങൾ ഉടലിൽ വെട്ടിയൊട്ടിച്ചതുപോലുള്ള സുന്ദരികളുടെ മനോഹരമായ കാൽബേലിയ നൃത്തംപോലെ മനോഹരമായ ഒരു കഥ. അഭിനന്ദനങ്ങൾ ചങ്ങായീ.
ഷനീബ് കാളിയത്തൻ (ഫേസ്ബുക്ക്)
ഓർമകളെ തിരിച്ചേൽപിക്കുന്ന കഥ
ജേക്കബ് എബ്രഹാമിന്റെ ‘വട്ടപ്പേര്’ വായിച്ചു. പഞ്ചവടി ബാറിൽ തുടങ്ങി ഗ്രാമീണതയിലേക്ക് ചേക്കേറുന്ന യേശു എന്ന യേശുവിനൊപ്പം വട്ടപ്പേരിൽ വട്ടം ചുറ്റുന്ന ഒരുപറ്റം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കഥ. വട്ടപ്പേര് വന്നുചേരാൻ ഓരോരുത്തർക്കും ഹേതുവാകുന്നവയെ രസകരമായി തന്നെ പറഞ്ഞു.
രൂപസാദൃശ്യംകൊണ്ടും പേര് കൊണ്ടും യേശുവിനെ നിരന്തരം ഓർമിക്കേണ്ട അവസ്ഥയിൽ സ്വയം ഭാഗ്യമായും ഫലിതമായും പരിഗണിക്കപ്പെടുന്ന സമയങ്ങളെ യേശുദാസ് അഭിമുഖീകരിക്കുന്നു. വന്നുചേരുന്ന നിമിഷങ്ങൾ സമാശ്വാസം പകരുന്നപോലെ, മിക്കവരും വട്ടപ്പേരുമായാണ് എത്തുന്നത്. ചിരി മുതൽ മരണംവരെ സമ്മാനിക്കുന്ന വട്ടപ്പേരിനൊപ്പം, നീറിനീറി പുകയുന്ന തീരാത്ത നൊമ്പരമായി ഒറ്റ് വീടും വട്ടപ്പേരിനാൽ നാളുകൾ തീർക്കുന്നു. ‘‘പേര് യേശുദാസ്, ക്രിസ്ത്യാനിയല്ല’’ എന്ന് പറയുമ്പോൾ ‘‘പേര് ചിത്ര, പാടില്ല’’ എന്ന് കേട്ടത് ഓർമ വന്നു. ഓരോരുത്തർക്കും, വട്ടപ്പേര് തീർത്ത ഓർമകളെ തിരിച്ചേൽപിക്കുന്ന കഥ.
ഫെബിന പി.എസ്, ഫേസ്ബുക്ക്
ഒന്നിച്ച് പ്രതിരോധിക്കാം
ആഴ്ചപ്പതിപ്പിന്റെ ലക്കം 1314 കവർസ്റ്റോറിയായി കൈകാര്യംചെയ്ത വിഷയം കാലികപ്രസക്തിയുള്ളതാണ്. ചരിത്രം തിരുത്തിയെഴുതുന്ന ഫാഷിസ്റ്റുകൾക്കെതിരെ നാം ചെറുത്തുനിന്നേ മതിയാകൂ. അധികാരവും അന്തസ്സും സ്വാതന്ത്ര്യവും ജുഡീഷ്യറിയും എല്ലാം നഷ്ടപ്പെട്ട നാം നമ്മുടെ സമ്പന്നമായ ചരിത്രത്തെക്കൂടി വിട്ടുകൊടുക്കരുത്. 3000 പെൺകുട്ടികൾ സിറിയയിലേക്ക് പോയി എന്നത് വെറും മൂന്നെണ്ണമായി ചുരുങ്ങിയ ദിവസംകൊണ്ട് തിരുത്തിച്ചത് നമ്മുടെ പ്രതിരോധമാണ്. അസത്യ പ്രചാരണങ്ങൾക്കെതിരെയും വെറുപ്പിനെതിരെയും രാഷ്ട്രീയഭേദമന്യേ ഒന്നിച്ചുനിൽക്കാം.
മുഹമ്മദലി, മലപ്പുറം
നോവൽ പുരസ്കാരം
പ്രമുഖ ചരിത്രകാരനും കോളജ് അധ്യാപകനുമായിരുന്ന പ്രഫ. ടി.വി.കെ. കുറുപ്പിന്റെ സ്മരണാർഥം മട്ടന്നൂർ പബ്ലിക് ലൈബ്രറി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു.
10,000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. 2020 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച 40ന് താഴെ പ്രായമുള്ള മലയാള നോവലിനാണ് ഇത്തവണ പുരസ്കാരം. ജൂൺ 6ന് മട്ടന്നൂരിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. കൃതിയുടെ മൂന്ന് കോപ്പികൾ 2020 മേയ് 25നകം കൺവീനർ, പ്രഫ. ടി.വി.കെ. കുറുപ്പ് സ്മാരക പുരസ്കാര സമിതി, മട്ടന്നൂർ പബ്ലിക് ലൈബ്രറി, മട്ടന്നൂർ 670702, കണ്ണൂർ ജില്ല എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക്: 8547922020, 8078211093.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.