മാമുക്കോയക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയോ?
സിനിമ സാമ്പത്തികമായി വിജയിച്ചാലും ഇല്ലെങ്കിലും അതിലെ നായകനോ നായികയോ വിസ്മൃതിയിൽ മാഞ്ഞാലും അപ്രസക്തമെന്നു തോന്നുന്ന ചില കഥാപാത്രങ്ങളും അവക്ക് ജീവൻ നൽകിയ അഭിനയപ്രതിഭകളും എക്കാലവും ഓർമയിൽ തങ്ങിനിൽക്കും. ഇതിന് എത്രയോ ഉദാഹരണങ്ങൾ മലയാള സിനിമാ ചരിത്രത്തിലുണ്ട്. ആ പട്ടികയിൽ അദ്വിതീയസ്ഥാനമുള്ള മഹാനടനായിരുന്നു ഈയിടെ വിട പറഞ്ഞ സാധാരണക്കാരന്റെ ചിരിയും ചിന്തയും കൈമുതലായുണ്ടായിരുന്ന മാമുക്കോയ. ഈ കലാകാരന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പരമപ്രധാനമായ ചില അഭിനയമുഹൂർത്തങ്ങൾ ചേർത്ത് വി. മുസഫർ അഹമ്മദ് എഴുതിയ 'മാമുക്കോയച്ചിരിയിലെ, കരച്ചിലിലെ ലോക മലയാളി’ എന്ന ലേഖനം (ലക്കം: 1315) അക്ഷരാർഥത്തിൽ ആ നടന് അർപ്പിച്ച ആദരാഞ്ജലികളായി. ഒപ്പം, മാമുക്കോയ എന്ന മഹാനടനെ എന്നും എപ്പോഴും വിളക്കു ലോഹമായി കണ്ടിരുന്ന സിനിമാ പ്രഭുക്കൻമാരുടെ തലക്കേറ്റ കനത്ത പ്രഹരവുമായി.
ശരാശരി മലയാളിയുടെ ഗൾഫ് ജീവിതത്തിന്റെ നേർചിത്രമായ നാല് യഥാർഥ മുഹൂർത്തങ്ങൾ വരച്ചിടുന്ന ‘നാടോടിക്കാറ്റ്’, ‘ഗുരുശിഷ്യൻ’, ‘ദുബായ്’, ‘പെരുമഴക്കാലം’ എന്നീ ചിത്രങ്ങൾക്ക് ഊന്നൽ നൽകിയുള്ള ലേഖനം പ്രൗഢഗംഭീരമായി. ഇതിൽ ‘ഗുരു ശിഷ്യൻ’ എന്ന ചിത്രം അനുവാചക മനസ്സുകളിൽ ഒരുപക്ഷേ അത്രകണ്ട് സ്ഥാനംപിടിച്ചിട്ടില്ല. മറ്റു മൂന്നു ചിത്രങ്ങളിലെയും മാമുക്കോയ മലയാള സിനിമ ഉള്ളിടത്തോളം കാലം മായാതെ നിൽക്കും. മാമുക്കോയ എന്ന നടൻ അയത്നലളിതമായി അവതരിപ്പിച്ച നിരവധി രംഗങ്ങളിൽനിന്ന് തിരഞ്ഞെടുത്ത പതിനഞ്ചോളം രംഗങ്ങൾ കൂട്ടിച്ചേർത്തത് ലേഖനത്തിന് മിഴിവേകി. എല്ലാം ഒന്നിനൊന്ന് ഗംഭീരമായ മുഹൂർത്തങ്ങൾ.
അധികമാർക്കുമറിവില്ലാത്ത ലോക മലയാളിയായ മാമുക്കോയയെ ലേഖനത്തിന്റെ അവസാന ഭാഗത്ത് അവതരിപ്പിക്കുന്നതും ശ്രദ്ധേയമായി. ഓക്സ്ഫഡ് സർവകലാശാലയിലെ വിശാല ലൈബ്രറിയിൽ മാമുക്കോയയെ അദ്ദേഹം തന്നെ കണ്ടെത്തിയത് ശരിക്കും ആരെയും അസൂയപ്പെടുത്താൻ തക്ക കാമ്പുള്ള വസ്തുതയാണ്. ലൈേബ്രറിയൻ തിരിച്ചറിഞ്ഞതും സൽക്കരിച്ചതുമെല്ലാം ഏറെ ശ്രദ്ധേയമായി. ലേഖകൻ ആശങ്കപ്പെടുന്നതുപോെല തന്നെ മലയാളത്തിന്റെ ഈ മഹാനടന് സിനിമാലോകത്ത് അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്നേ സംശയമുള്ളൂ.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
എ.കെ. ബാലൻ പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്
സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് മെംബറും കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലൻ ആർ.സുനിലുമായി നടത്തിയ ദീർഘ സംഭാഷണത്തിൽ, കാലമേറെ വൈകിയിട്ടാണെങ്കിലും ‘കാര്യമായി’ ചിലതൊക്കെ പറഞ്ഞുവെന്ന് നമുക്കാശ്വസിക്കാം (ലക്കം: 1313, 1314). അധികാരം കൈയിലുണ്ടായിരുന്നപ്പോൾ പറയാതിരുന്ന കേരളത്തെ സംബന്ധിച്ച അതിസങ്കീർണവും പ്രാധാന്യമർഹിക്കുന്നതുമായ ഭൂമി വിഷയം, ആദിവാസി ഭൂമി വിഷയം എന്നിവയെ കുറിച്ച് വാചാലനായപ്പോൾ ‘better late than never’ എന്ന ആംഗലേയ പഴമൊഴിയാണ് ഓർമയിൽ എത്തിയത്. തന്റെ പാർട്ടിയെയും മുന്നണിയെയും ചാരിനിന്നുകൊണ്ട് ഏതൊരു രാഷ്ട്രീയക്കാരനെയുംപോലെ അദ്ദേഹവും താൻ പ്രതിനിധിയായിരുന്ന സർക്കാറിന്റെ കോട്ടങ്ങളെ മറച്ചുവെക്കുകയും എതിർമുന്നണിയുടെ ഭരണപരാജയങ്ങളെ എടുത്തുപറയുകയും ചെയ്യുന്നുണ്ട്.
രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂവിസ്തൃതി തുലോം കുറവായ കേരളത്തിലെ തോട്ടം മേഖലയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അന്ത്യം കുറിക്കാൻ നവോത്ഥാന പോരാട്ടങ്ങൾകൊണ്ട് മുഖരിതമായ കേരളത്തിൽ മാറിമാറി ഭരിച്ച ഇടത് വലതു മുന്നണികൾക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഇത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, ഭരണഘടനാ മൂല്യങ്ങൾ ഏറ്റുപിടിക്കുന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം അത്യന്തം ഖേദകരവും ലജ്ജാകരവും നിരാശജനകവുമാണ്. കേരളത്തിന്റെ റവന്യൂ ഭൂമിയുടെ 58 ശതമാനം വരുന്ന, അറബിക്കടലിനോളം വ്യാപ്തിയുള്ള, കേരളത്തിലെ ജനങ്ങൾക്ക് എന്നോ അവകാശപ്പെട്ട ഭൂമിയാണ് വിദേശ കമ്പനികളും വ്യക്തികളും ഇന്നും കൈവശംവെച്ച് പോരുന്നത്. കമ്പനികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിർലജ്ജം തലകുനിച്ചുകൊണ്ടിരിക്കുന്ന ഭരണ - രാഷ്ട്രീയ അപചയമാണ് ഇത് തുറന്നുകാണിക്കുന്നത്.
ഇപ്പോൾ തോട്ടം ഭൂമിയുടെ അവസ്ഥയെക്കുറിച്ച് രോഷാകുലനാകുന്ന എ.കെ. ബാലന് 1970കളിൽ തന്നെ ഭൂമി അട്ടിമറിയെക്കുറിച്ചറിയാമായിരുന്നു. അതിനാലാണ് പ്രതിപക്ഷത്തിരുന്നപ്പോൾ സുതാര്യവും കനപ്പെട്ടതുമായ രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. അദ്ദേഹം നിയമമന്ത്രിയായിരിക്കെ 2016 സെപ്റ്റംബർ എട്ടിന് ഹാരിസൺ അനധികൃതമായി കൈവശംവെച്ചുപോരുന്ന ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പിന് കത്ത് നൽകിയിരുന്നു. തോട്ടം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലുമായോ എന്ന 2017 ആഗസ്റ്റ് 18ലെ പി. അബ്ദുൽ ഹമീദിന്റെ നിയമസഭാ ചോദ്യത്തിന് അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞ മറുപടി ഇല്ല എന്നാണ്. ഇക്കാര്യത്തിൽ നിയമ വകുപ്പ് വിഘാതം സൃഷ്ടിക്കുകയാണെന്ന് റവന്യൂ മന്ത്രി ആവർത്തിച്ച് പറഞ്ഞപ്പോൾ മന്ത്രി എ.കെ. ബാലൻ നിശ്ശബ്ദനായി നിലകൊണ്ടു.
(‘ഹാരിസൺസ് രേഖയില്ലാത്ത ജന്മി’ -ആർ. സുനിൽ -കേരളീയ പുസ്തകശാല, പേജ്: 154).
കേരള ഹൈകോടതിയുടെ നിർദേശപ്രകാരം 24.04.2013നാണ് ഡോ. എം.ജി. രാജമാണിക്യത്തെ തോട്ടം മേഖലയിലെ മുഴുവൻ അനധികൃത ഭൂമിയും ഏറ്റെടുക്കാനുള്ള ചുമതല ഏൽപിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ അധികാരപ്പെടുത്തിയത്. കേരളത്തിന്റെ ചരിത്രഭൂമികയിൽ ഏറെ ദൂരം പിറകോട്ട് സഞ്ചരിച്ച് സത്യത്തെ മറനീക്കി കൊണ്ടുവരാനാണ് രാജമാണിക്യം ആത്മാർഥമായി ശ്രമിച്ചത്. കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട് ഗവൺമെന്റ് പ്ലീഡർ അഡ്വക്കറ്റ് സുശീല ആർ. ഭട്ട് കോടതിയിൽ നടത്തിയ വാദങ്ങളാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്പെഷൽ ഓഫിസറെ നിയമിക്കുന്നതിൽ കൊണ്ടുചെന്നെത്തിച്ചത്. എന്നാൽ, 2018 ഡിസംബർ ഏഴിന് നിയമസഭ സെക്രട്ടറി നൽകിയ കത്തിൽ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിന്യായത്തിൽ സ്പെഷൽ ഓഫിസർ രാജ്യമാണിക്യം പുറപ്പെടുവിച്ച ഉത്തരവുകളും നടപടിക്രമങ്ങളും റദ്ദാക്കിയതായും അത് നിലനിൽക്കുന്നതല്ലെന്നും കേരള ലാൻഡ് ടാക്സ് നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം ഭൂനികുതി സ്വീകരിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. 2016ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ തന്നെ രാജമാണിക്യത്തെ മാറ്റണമെന്ന് തോട്ടം ഉടമകൾ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ജനരോഷവും പ്രതിഷേധവും ഭയന്ന് തൽക്കാലം സർക്കാർ അത് ചെയ്തില്ല. പിന്നീട് ഒന്നര വർഷം ഉപരിപഠനത്തിനായി വിദേശത്ത് പോയി തിരിച്ചു വന്നപ്പോഴാണ് സ്പെഷൽ ഓഫിസർ തസ്തിക സ്ഥിരം നൽകാതെ രാജമാണിക്യത്തെ മാറ്റിയത്. സർക്കാറിന്റെ റവന്യൂ - വനം ഭൂമിയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകൾ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കെട്ടിക്കിടക്കുമ്പോഴാണ് ഏറെ പരിചയസമ്പന്നനും ആത്മാർഥതയുടെ നിറകുടവുമായ രാജമാണിക്യത്തെ സർക്കാർ ചുമതലയിൽനിന്നും മാറ്റിനിർത്തിയത് എന്നോർക്കുക. ഇക്കാര്യമൊന്നും ബാലൻ തന്റെ സംഭാഷണത്തിൽ പറയുന്നതേയില്ല.
അനധികൃത ഭൂമി കൈവശംവെക്കലുമായി ബന്ധപ്പെട്ട് ഹാരിസൺസ് ഹാജരാക്കിയ 1923ലെ പ്രമാണരേഖയിൽ 63 തിരുത്തലുകൾ കണ്ടെത്തിയതായി 2018 ജൂൺ 12ന് ഫോറൻസിക് ലാബിലെ അസിസ്റ്റന്റ് ഡയറക്ടർ വിജിലൻസിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് വിജിലൻസ് ഡിപ്പാർട്മെന്റ്/ ഭരണകൂട ഉദ്യോഗസ്ഥർ മൂന്നുവർഷത്തോളം പൂഴ്ത്തിവെച്ചതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അനധികൃത കൈയേറ്റവും കൈവശംവെക്കലും സംബന്ധിച്ച കേസുകൾ നിർബാധം നടക്കുമ്പോൾ കേരളജനത ഏറെ നന്ദിയോടെ ഓർത്തിരിക്കേണ്ട പേരാണ് അഡ്വ. സുശീല ആർ. ഭട്ടിന്റേത്. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ‘‘കേരളത്തിൽ ഇന്നും ഒരു ബ്രിട്ടീഷ് കോളനി നിലനിൽക്കുന്നു’’ എന്ന് പറഞ്ഞത് അവരായിരുന്നു. 2004ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിതയായ സുശീല ഭട്ട് പിന്നീട് ഗവൺമെന്റ് പ്ലീഡറായി നിയമിതയായി. എന്നാൽ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഹാരിസൺസ് കേസിൽ ആദ്യം സ്വീകരിച്ച നടപടി സുശീല ഭട്ടിനെ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തുനിന്ന് നീക്കുക എന്നതായിരുന്നു. എൽ.ഡി.എഫ് സർക്കാറിലെ ചില മന്ത്രിമാർ, ഇവർക്ക് സ്വയം രാജിെവച്ചൂടെ എന്നുവരെ ചോദിച്ചതായി അറിയുന്നു. 2016 ആഗസ്റ്റിൽ മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ അവർ ഇപ്രകാരം പറഞ്ഞു: ‘‘കേരളത്തിലെ ജനങ്ങളെ ഉണർത്താൻ വലിയ പ്രയാസമാണ്. സർക്കാർ വക്കീൽ കോടതിയിൽ ഗൗരവമായി ഇടപെട്ടിരുന്നുവെങ്കിൽ വളരെ നേരേത്ത തന്നെ ഹാരിസൺസ് അടക്കമുള്ള കേസുകളിൽ അനുകൂല വിധി ലഭിക്കുമായിരുന്നു. ലക്ഷക്കണക്കിന് ഏക്കർ ഭൂമി മലയാളികളുടെ സ്വന്തമാകുമായിരുന്നു.’’
കേരളത്തിലെ ഭൂമാഫിയകളുടെ സർക്കാർ ഭൂമിയിലുള്ള അധാർമികമായ കൈവശപ്പെടുത്തലിനെതിരെ 2022 ഒക്ടോബർ 27ന് കേരള ഹൈകോടതി കേരള സർക്കാറിനോട് വിശദമായ പഠനം നടത്തി റിപ്പോർട്ട് ആറുമാസത്തിനുള്ളിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് ഇത്തരത്തിലുള്ള പശ്ചാത്തലത്തിലാണെന്നോർക്കുക. സർക്കാറിന്റെയും പൊതുജനങ്ങളുടെയും നിഷ്ക്രിയത്വത്തിന്റെ ഫലമായിട്ടാണ് ലക്ഷക്കണക്കിന് വരുന്ന സർക്കാർ ഭൂമി കേരളത്തിലെ മതസ്ഥാപനങ്ങളും സംഘടനകളും അനധികൃതമായി കൈവശംവെച്ചു പോരുന്നത്. മാറിമാറി വരുന്ന സർക്കാറുകൾ ഇത് മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുകയും അവരുടേതല്ലാത്ത ഭൂമി അവർ പതിറ്റാണ്ടുകളായി കൈവശംവെച്ചു പോരുകയും ചെയ്യുന്നു –കോടതി പറഞ്ഞു.
ആദിവാസികളെ കബളിപ്പിച്ച 1999 ലെ നിയമഭേദഗതി കേരള നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, കെ.ആർ. ഗൗരിയമ്മ ഒഴികെ കേരളത്തിലെ ഇടത്, വലത് എം.എൽ.എമാർ മുഴുവൻ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നും (അതിൽ കേരളത്തിലെ മുഴുവൻ പട്ടികജാതി-വർഗ എം.എൽ.എമാരും ഉൾപ്പെട്ടു എന്നതാണ് ഏറെ സങ്കടകരം) ഗൗരിയമ്മയായിരുന്നു ശരി എന്നും ഇപ്പോൾ പറയുന്ന എ. കെ. ബാലൻ വീണ്ടും പ്രായശ്ചിത്തത്തിന് മുതിരുന്നു. അദ്ദേഹം പട്ടികജാതി-വർഗ വകുപ്പ് മന്ത്രിയായി ഇരിക്കുമ്പോഴാണ് 2019ൽ അട്ടപ്പാടിയിൽ 2730 ഏക്കർ ആദിവാസിഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറി എഗ്രിമെന്റ് ഒപ്പുവെച്ചത്. പട്ടികജാതി-വർഗ വകുപ്പിന്റെ ഇടപെടലുകളും പണ്ടേ കാര്യക്ഷമമല്ല. കാര്യക്ഷമമായിരുന്നെങ്കിൽ എന്നേ ഇവിടത്തെ പട്ടികജാതി-വർഗക്കാർ സമൂഹത്തിന്റെ മുൻനിരയിൽ എത്തുമായിരുന്നു! ഗോത്രവർഗ വിദ്യാർഥികളെ വിദ്യാലയത്തിൽ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതി നിലച്ചുപോയി. അതുപോലെതന്നെയാണ് പട്ടികവിഭാഗ വകുപ്പിന്റെ ഒരു ലോകോത്തര സാമൂഹികക്ഷേമ പദ്ധതിയായ വാത്സല്യനിധിയും ഒരു വർഷം മുമ്പേ നിലച്ചുപോയത്. നിരന്തരമായ അവബോധം കൊടുക്കാത്തതിനാൽ മറ്റ് സ്കീമുകളുടെ ഗുണഫലവും ഈ വിഭാഗത്തിന് ലഭിക്കുന്നില്ല. കേരളത്തിലെ 10 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒരു ആദിവാസി പോലുമില്ല!
പാർട്ടിയിലെ ഉയർന്ന കമ്മിറ്റികളിലേക്ക് കയറിപ്പോകാൻ തടസ്സങ്ങൾ നേരിട്ടിരുന്നോ എന്നും എസ്.സി/ എസ്.ടി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും പാർശ്വവത്കരണവും തിരിച്ചറിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി അവരെ ബോധപൂർവം നേതൃത്വത്തിലേക്ക് വളർത്തിയെടുക്കാൻ ശ്രമിച്ചിട്ടില്ല എന്ന വാദം ശരിയാണോ എന്നുമുള്ള ചോദ്യത്തിനുള്ള ബാലന്റെ മറുപടി ഇന്ത്യയിലെ സാമൂഹിക യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണ്. സാമ്രാജ്യത്വ വിരുദ്ധവാദവും ജന്മിത്ത വിരുദ്ധ വാദവും സോഷ്യലിസവും ഏതാണ്ട് എല്ലാ പാർട്ടി കോൺഗ്രസു കളിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ മുഖ്യ അജണ്ട ആയിരുന്നുവെങ്കിലും, ഇവിടെ നിലനിന്ന അതിക്രൂരമായ ജാതിവ്യവസ്ഥയെ കുറിച്ച് അവർ പഠിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്തില്ല.
കമ്യൂണിസ്റ്റ് പാർട്ടികളിൽ നേതാവാകാൻ പട്ടികവിഭാഗങ്ങൾക്ക് സംവരണം വേണമെന്ന് ആരും പറയുന്നില്ല. എന്നാൽ കഴിവുറ്റ, കരുത്തരായ നിരവധി അധഃസ്ഥിത നേതാക്കളെ പാർട്ടി വേണ്ടവിധം പരിഗണിച്ചില്ല എന്നുള്ളത് തള്ളിക്കളയാനാവാത്ത ചരിത്ര സത്യമാണ്. ഭരണഘടനയുടെ 332ാം വകുപ്പ് ഇന്നും നിലനിൽക്കുന്നതുകൊണ്ടാണ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭകളിൽ പട്ടികജാതി-വർഗ എം.എൽ.എമാർ കടന്നുചെല്ലുന്നത്. എന്നാൽ ഇതിന് മറ്റൊരു വൈരുധ്യമുണ്ട്. സ്വന്തം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായി കയറിച്ചെല്ലുന്ന ഇവർ സ്വന്തം ജനതയുടെ വികാസത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നാവനക്കാറില്ല!
പി.ടി. വേലായുധൻ ഇരിങ്ങത്ത്, പയ്യോളി
ആദ്യം വായിക്കുന്നത് മീഡിയസ്കാൻ
മാധ്യമം ആഴ്ചപ്പതിപ്പിൽ യാസീൻ അശ്റഫ് എഴുതുന്ന മീഡിയസ്കാൻ വർഷങ്ങളായി ഞാൻ മുടങ്ങരുതെന്ന് വാശിയോടെ വായിച്ചുപോരുന്ന പംക്തിയാണ്.
ആഴ്ചപ്പതിപ്പ് തുടങ്ങിയതു മുതൽ അത് വായിച്ചുവരുന്നു. ആഴ്ചപ്പതിപ്പ് കിട്ടിയാൽ ആദ്യം വായിക്കുന്നതും മീഡിയസ്കാൻ ആണ്.
അതിൽ നിരന്തരമായി കേരളത്തിലും പുറത്തുമുള്ള മാധ്യമങ്ങൾ വരുത്തുന്ന ബോധപൂർവവും പ്രത്യേക അജണ്ടയുടെ ഭാഗമായും വരുന്ന വസ്തുതാവിരുദ്ധമായ വാർത്തകളെയും നിരീക്ഷണങ്ങളെയും വിശകലനം ചെയ്യാറുണ്ട്. വസ്തുനിഷ്ഠവും ആധികാരികവുമായ വിലയിരുത്തൽ.
മാതൃഭൂമി, മനോരമ, ദേശാഭിമാനി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ എങ്ങനെയാണ് നട്ടാൽ മുളക്കാത്ത നുണകളെ പ്ലാന്റ് ചെയ്ത് പിടിപ്പിക്കുന്നതെന്ന് മീഡിയസ്കാൻ പരിശോധിക്കുന്നു. തലക്കെട്ടിൽപോലും അടങ്ങിയിരിക്കുന്ന നിക്ഷിപ്ത താൽപര്യങ്ങൾ തുറന്നുകാട്ടാറുണ്ട്. ഹിമാലയ സമാനമായ അബദ്ധങ്ങൾ, പെരും നുണകൾ, ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജാതി വിഭാഗങ്ങളെയും പൈശാചികവത്കരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ, വാർത്തകളെ പരസ്യമായി മാനഭംഗപ്പെടുത്താനുള്ള ശ്രമങ്ങൾ, ധൈഷണിക വ്യഭിചാരങ്ങൾ, വളച്ചൊടിക്കലുകൾ, ആടിനെ പിടിച്ച് പേപ്പട്ടിയാക്കി ചിത്രീകരിച്ച് തല്ലിക്കൊല്ലൽ... അങ്ങനെയെന്തൊെക്ക.
പക്ഷേ, അതിൽ ഒന്നുപോലും പിന്നീട് മാധ്യമങ്ങൾ തിരുത്തിയതായി അനുഭവമില്ല. അതിന് സാധ്യതയുമില്ല. കാരണം തെറ്റിദ്ധാരണ പരത്താനും വികൃതവത്കരിക്കാനുമാണ് പ്രസ്തുത വാർത്തകളും വിശകലനങ്ങളും മെനഞ്ഞുണ്ടാക്കുന്നതെന്ന് വ്യക്തം.
ഒ. സഫറുല്ല (ഫേസ്ബുക്ക്)
മാമുക്കോയ മനസ്സിൽ എന്നുമുണ്ടാകും
മലയാളികൾക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളിലൂടെ ചിരിയൊലികൾ തീർത്തു ബാക്കിയാക്കി വിടപറഞ്ഞ മാമുക്കോയയെക്കുറിച്ച് വി. മുസഫർ അഹമ്മദ് എഴുതിയ ലേഖനം വായിച്ചു (മാമുക്കോയച്ചിരിയിലെ, കരച്ചിലിലെ ലോക മലയാളി). ‘നാടോടിക്കാറ്റ്’, ‘പെരുമഴക്കാലം’, ‘ഗുരുശിഷ്യൻ’, ‘ദുബായ്’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പഠനവിധേയമാക്കുന്നു. ചിലതു പറയാനും ചിരിപ്പിച്ചു കാര്യം പറയാനും നിയോഗിക്കപ്പെട്ടു. അവ തന്നിൽമാത്രം ഭദ്രം എന്ന് തെളിയിക്കുകയുംചെയ്തു.
ശൈലികൊണ്ടും മറ്റും മലയാളികളുടെ മനസ്സിനെ കുറച്ചൊന്നുമല്ല മാമുക്കോയ ആസ്വദിപ്പിച്ചതും സ്വാധീനിച്ചതും. ക്രൂരനർമങ്ങളല്ല, മനസ്സുകളിൽ ആഴത്തിൽ സ്പർശിക്കുന്നവയായിരുന്നു അത്. നർമത്തിന് ഇങ്ങനെയും ഒരു ഭാവമുെണ്ടന്ന് ആ കഥാപാത്രങ്ങൾ നമ്മോട് പറഞ്ഞു. ഗൾഫിലേക്ക് പോകാനുള്ള മോഹത്തെ ചൂഷണംചെയ്യുന്ന ഒരുപാട് ജീവിതങ്ങളെ വഴിയാധാരമാക്കിയ വിസാ തട്ടിപ്പുകാരുടെ പ്രതിനിധിയാണ് ‘നാടോടിക്കാറ്റി’ലെ ഗഫൂർക്ക. ആ ചിത്രത്തിന്റെ ആദ്യ പരസ്യം വന്ന പത്രത്തിൽ 140 പേരെ ഒരു ഏജന്റ് വിസ തട്ടിപ്പിനിരയാക്കിയ വാർത്തയും ഉണ്ടായിരുന്നുവെന്ന് ലേഖകൻ പറയുന്നു.
ഇങ്ങനെ നിത്യജീവിതവുമായി ഏെതങ്കിലും വിധേന സാമ്യമുള്ള, നാം കണ്ടുമുട്ടാൻ സാധ്യതയുള്ള കേട്ടറിവുള്ള കഥാപാത്രങ്ങളാണ് മാമുക്കോയ പകർന്നാടിയത്. സാധാരണക്കാരിൽ സാധാരണക്കാരുമായും മഹാ പ്രതിഭകളുമായുമുള്ള (വൈക്കം മുഹമ്മദ് ബഷീർ, കെ.ടി. മുഹമ്മദ്, തിക്കോടിയൻ) സഹവാസം ആ ജീവിതത്തിന് എന്നും പ്രചോദനമായിട്ടുണ്ട്.
മാമുക്കോയയെ ആദ്യമായി നേരിട്ടു കണ്ടത് ഇന്നും ഓർക്കുന്നു. അഞ്ചച്ചവിടി എന്ന ഗ്രാമത്തിലെ ഒരു സ്റ്റുഡിയോ ഉദ്ഘാടനത്തിന് വന്നത് അദ്ദേഹം കത്തിനിൽക്കുന്ന സമയത്താണ്. വലിയ നടൻ എന്ന ഭാവമേതുമില്ലാതെ വെള്ളത്തുണിയും വെള്ളമുറിക്കൈയൻ ഷർട്ടുമണിഞ്ഞ് കാറിൽ വന്നിറങ്ങി. ആർപ്പുവിളിച്ചും വലിയ കൈയടികളോടെയും ആ ജനക്കൂട്ടം വരവേറ്റു. സിനിമയിൽ മാത്രം കണ്ട ആ മുഖം കൺകുളിക്കെ കണ്ടു.
മലയാളിമനസ്സിൽ മാമുക്കോയ എന്നുമുണ്ടാകും.
ഫൈസൽ ടി.പി
ഉഷയോട് സഹതാപം തോന്നുന്നു
ഗോദയിലെ പെൺപ്രതിഷേധത്തെക്കുറിച്ച് സനിൽ പി. േതാമസ് എഴുതിയ വസ്തുനിഷ്ഠമായ കാര്യങ്ങൾ കായികരംഗത്തെ പുഴുക്കുത്തലുകൾ വായനക്കാർക്ക് ഗ്രഹിക്കാൻ സഹായകരമായി. രാഷ്ട്രീയത്തിലും ആത്മീയമേഖലയിലും ജീവിതത്തിലെ സമസ്ത തലങ്ങളിലും നോമിനേറ്റ് ചെയ്യപ്പെട്ട് വിവിധ പദവികളിൽ എത്തുന്നവർ നിയമനദാതാവിന്റെ ഇംഗിതത്തിന് വശംവദയായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടിവരിക സ്വാഭാവികമാണ്. വനിതാഗുസ്തി താരങ്ങൾക്ക് എതിരായി പി.ടി. ഉഷ നടത്തിയ പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധവും അപഹാസ്യവുമാണ്.
ഉഷ വനിത ഗുസ്തി താരങ്ങളുടെ സ്ത്രീത്വത്തെക്കൂടിയാണ് അപമാനിച്ചത്. ഉഷയുടെ ജൽപനം മലർന്ന് കിടന്ന് തുപ്പുന്നതിന് സമാനമായി. മനുഷ്യന് ദൈവം ബുദ്ധി നൽകി. മൃഗങ്ങളേക്കാൾ ശക്തി െകാടുത്തു. പക്ഷേ മറ്റൊരു ഹൃദയം കാണാൻ ശക്തികൊടുത്തില്ല എന്ന പഴയ ഒരു സിനിമാഗാനമാണ് ഉഷയുടെ പ്രവൃത്തി കണ്ടപ്പോൾ ഒാർത്തത്. ലൈംഗിക അതിക്രമം കാണിച്ച ബ്രിജ് ഭൂഷണെതിരെ ശബ്ദം ഉയർത്തുവാനുള്ള ധാർമികബോധംപോലും ഉഷക്ക് ഇല്ലാതെപോയി. മലയാളികളുടെ അഭിമാനമായിരുന്ന ഉഷയുടെ ഈ പതനത്തിൽ സഹതാപം തോന്നുന്നു. നിലപാടുകൾ പണയംവെച്ച ഉഷ സ്വന്തം അന്തസ്സ് കളയുകയാണ്.
ഫാദർ ഡാർലി എടപ്പങ്ങാട്ടിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.