എഴുത്തുകുത്ത്

​പ്രതിപക്ഷമേ നിങ്ങൾ എവിടെയാണ്മാധ്യമം ആഴ്ചപ്പതിപ്പ് കർണാടക തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രസിദ്ധീകരിച്ച നിരീക്ഷണങ്ങൾ വായിച്ചു (ലക്കം: 1317). കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തോടെ അതിലേറെ ബി​.ജെ.പിയുടെ പരാജയത്തോടെ 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിയും കൂട്ടരും വീഴും എന്നുറപ്പിച്ച മട്ടിലാണ് കേരളത്തിൽ നടക്കുന്ന ആഘോഷങ്ങൾ. എന്നാൽ, ഈ പ്രചാരണങ്ങളിൽ എത്രമാത്രം വിശ്വാസ്യതയുണ്ട്? കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് മാത്രമാണ് രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബി.ജെ.പിയെ നേരിട്ടുവീഴ്ത്തി കോൺഗ്രസ് കരുത്തുകാണിച്ചത്. അതോടെ, എല്ലാവരും വലിയ പ്രതീക്ഷയിലുമായി. എന്നാൽ,...

​പ്രതിപക്ഷമേ നിങ്ങൾ എവിടെയാണ്

മാധ്യമം ആഴ്ചപ്പതിപ്പ് കർണാടക തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രസിദ്ധീകരിച്ച നിരീക്ഷണങ്ങൾ വായിച്ചു (ലക്കം: 1317). കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തോടെ അതിലേറെ ബി​.ജെ.പിയുടെ പരാജയത്തോടെ 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിയും കൂട്ടരും വീഴും എന്നുറപ്പിച്ച മട്ടിലാണ് കേരളത്തിൽ നടക്കുന്ന ആഘോഷങ്ങൾ. എന്നാൽ, ഈ പ്രചാരണങ്ങളിൽ എത്രമാത്രം വിശ്വാസ്യതയുണ്ട്? കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് മാത്രമാണ് രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബി.ജെ.പിയെ നേരിട്ടുവീഴ്ത്തി കോൺഗ്രസ് കരുത്തുകാണിച്ചത്. അതോടെ, എല്ലാവരും വലിയ പ്രതീക്ഷയിലുമായി. എന്നാൽ, സംഭവിച്ചതോ? ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇവിടങ്ങളിലടക്കം തുന്നംപാടി.

എന്താണ് ഇങ്ങനൊരു വൈരുധ്യത്തിന് കാരണം? സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾക്ക് കൃത്യമായ ഏകോപനവും ശക്തമായ പ്രാദേശിക നേതാക്കളുമുണ്ട്. ജനം അവരിലുള്ള വിശ്വാസത്താൽ വോട്ട് രേഖപ്പെടുത്തുന്നു. ഇങ്ങനെ കൃത്യമായ പ്രവർത്തനമുള്ള സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി വീണിട്ടുമുണ്ട്. ബംഗാളിലും കർണാടകയിലും ഹിമാചലിലും ഡൽഹിയിലുമെല്ലാം കണ്ടത് അതാണ്. എന്നാൽ, ദേശീയതലത്തിലേക്ക് വരുമ്പോൾ ജനങ്ങൾക്ക് വിശ്വസിക്കാവുന്ന ഒരു ബദൽ ഇല്ലാത്ത തോന്നലാണുള്ളത്.

കൃത്യമായ ഒരു പദ്ധതിയോ ഏകോപനമോ രാഷ്ട്രീയതന്ത്രങ്ങളോ ഇല്ലാതെ ലാഘവത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. പണവും അധികാരവും വർഗീയതയെന്ന ഇരുതലമൂർച്ചയുള്ള ആയുധവുമുള്ള ബി.ജെ.പിയെ പ്രതിപക്ഷ പാർട്ടികൾ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നു. തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുന്നേയുള്ള ​പ്രതിപക്ഷ പാർട്ടികളുടെ കൂട്ടിച്ചേർക്കലുകളും കൈയുയർത്തിയുള്ള ഫോട്ടോയെടുപ്പും കണ്ടാൽ ജനം വോട്ട് ചെയ്യു​മെന്നാണോ ഇവർ കരുതുന്നത്?

ബി.ജെ.പിയെ വീഴ്ത്തണമെങ്കിൽ മുന്നിൽനിന്ന് നയിക്കേണ്ടത് കോൺഗ്രസ് തന്നെയാണ്. കാരണം ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, അസം, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയും കോൺഗ്രസും നേരിട്ടാണ് പോരാട്ടം. ഇവിടെ കോൺഗ്രസ് വിജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് ബി.ജെ.പിയുടേത് കുറയുകയും ചെയ്യും. മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ കോൺഗ്രസ് അടക്കമുള്ള സഖ്യകക്ഷികൾ ഒരുമിച്ച് ആ ജോലി ചെയ്യണം. കൂടുതൽ സീറ്റുകളുള്ള ഉത്തർപ്രദേശിൽ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചുനിന്ന് പരമാവധി ​േപാരാടണം. കോൺഗ്രസ് തങ്ങളുടെ വലുപ്പമില്ലായ്മ മനസ്സിലാക്കി അവിടെ അവരെ പിന്തുണക്കണം.

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളി​ലൊന്നും ബി.ജെ.പിക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലതാനും. അതുകൊണ്ടുതന്നെ ഒന്നിച്ചുനിന്നാൽ ബി.ജെ.പിയുടെ സീറ്റെണ്ണം കുത്തനെ കുറക്കാനും ഒറ്റക്ക് അധികാരത്തിൽ എത്തുന്നത് തടയാനുമാകും.

തെരഞ്ഞെടുപ്പിന് ഇനിയും ഒരുവർഷം ബാക്കിയുണ്ട്. ഇപ്പോൾ മുതലേ പടലപ്പിണക്കങ്ങളും താൽക്കാലിക അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിച്ചുനിന്ന് കൃത്യമായി പോരാടണം. മോദിയുടെ മൂന്നാമൂഴം എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ? പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ ചുമതല ഇനിയും വൃത്തിയായി ചെയ്തില്ലെങ്കിൽ ചരിത്രം അവരോട് കണക്കുചോദിക്കുകതന്നെ ചെയ്യും.

അബ്ദുറഹ്മാൻ, മലപ്പുറം

കണ്ടറിയാത്തവർ,കൊണ്ടറിയും

ഡോ. എം.പി. മത്തായി എഴുതിയ ക്രിസ്ത്യൻ പ്രീണന ശ്രമത്തിന്റെ രാഷ്ട്രീയം കാലികപ്രസക്തമാണ്. ക്രിസ്ത്യൻ വർഗീയതയുടെ തലങ്ങളും സംഘ്പരിവാറിന്റെ കുതന്ത്രങ്ങളും ലേഖകൻ അടിവരയിടുന്നു. ക്രിസ്ത്യൻ വർഗീയത കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ടുണ്ടായ പ്രതിഭാസമല്ല. ലേഖകൻ പറയുന്നപോലെ, സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ഈ പ്രതിഭാസം നേരത്തേയുണ്ട്. സെന്റ് തോമസ് കേരളത്തിൽ ജ്ഞാനസ്നാനം നൽകി ക്രിസ്ത്യാനിയാക്കിയത് ബ്രാഹ്മണരെയാണെന്ന ആ ബോധത്തിലാണ് ക്രിസ്ത്യൻ വർഗീയത കുടികൊള്ളുന്നത്. പക്ഷേ, ആ സവർണ ബോധം ഹിന്ദുത്വത്തിലേക്കും അതുവഴി മുസ്‍ലിം, കമ്യൂണിസ്റ്റ് വിരോധത്തിലേക്കും നീളുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും നാളുകളായി കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ ഇരുപതാം നൂറ്റാണ്ട് മുതൽ പ്രത്യക്ഷമായ ഹിന്ദു-മുസ്‍ലിം ദ്വന്ദ്വങ്ങളിൽ വർഗീയതയെക്കുറിച്ചുള്ള ചർച്ചകൾ ഒതുങ്ങിപ്പോയതിനാൽ തന്നെ ക്രിസ്ത്യൻ വർഗീയത പോയ കാലങ്ങളിൽ അഭിമുഖീകരിക്കാതെ പോയി എന്നതാണ് യാഥാർഥ്യം. വിമോചനസമരത്തിൽ, മാറിവരുന്ന സർക്കാറുകൾക്കെതിരായ ഭീഷണികളിൽ സ്ഥാനമാനം നേടുന്നതിൽ എല്ലാം ​​ക്രൈസ്തവ വർഗീയത ഉണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയ നേതാക്കളോ സാംസ്കാരിക നേതൃത്വമോ അത് കാണാതെ പോയി.

പൊതു​െവ കോൺഗ്രസി​ന്റെയും അല്ലെങ്കിൽ കൂടെയുള്ള ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെയും കീഴിൽ ഈ വിഭാഗം സുരക്ഷിതമായി നിലകൊള്ളുകയായിരുന്നു. കേരളത്തിൽ ദീർഘകാലമായി നിലനിന്നിരുന്നത് കോൺ​ഗ്രസ്-മുസ്‍ലിംലീഗ്-കേരള കോൺഗ്രസ് സഖ്യം ആയതുകൊണ്ടു​തന്നെ പ്രത്യേക സമവാക്യങ്ങളും കച്ചവട-വിദ്യാഭ്യാസ താൽപര്യങ്ങളും മുൻനിർത്തി അടക്കിപ്പിടിച്ച വർഗീയതയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോൺഗ്രസിനുണ്ടായ ദൗർബല്യവും കേരള കോൺഗ്രസിന്റെ യു.ഡി.എഫ് വിടലുമെല്ലാം ഇതിന് ആക്കംകൂട്ടി.

സംഘ്പരിവാറിനെ നാണിപ്പിക്കുന്നതരത്തിലുള്ള വി​ദ്വേഷമാണ് ഒരുപറ്റം ക്രൈസ്തവ പുരോഹിതൻമാർ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ലവ്ജിഹാദും ലാൻഡ് ജിഹാദും മുതൽ നാർകോട്ടിക് ജിഹാദ് വരെ എത്തിയിരിക്കുന്നു ഇപ്പോൾ. ബി.ജെ.പി നേതാക്കൾ വരെ മൈക്കിന് മുന്നിൽ വെച്ച് പുലമ്പാത്ത വിദ്വേഷമാണ് ഒരുവിഭാഗം പുലമ്പിക്കൊണ്ടിരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുംതന്നെ ഇതിനെതിരെയുള്ള പ്രതിരോധങ്ങൾ കാണാതെയല്ല, ഈ പറയുന്നത്.

ഇവിടത്തെ പ്രത്യേക സാഹചര്യത്തിൽ ക്രൈസ്തവ പിന്തുണ അനിവാര്യമായതിനാൽ മാത്രമാണ് ബി.ജെ.പി അരമനകൾ കയറിയിറങ്ങുന്നത്.

എന്നാൽ, ​കേരളത്തിന്റെ വടക്കേ അതിർത്തി പിന്നിട്ട് കർണാടകയിലെത്തിയാൽതന്നെ സാഹചര്യം മാറി. കർണാടകയിൽനിന്ന് ക്രൈസ്തവ വിഭാഗത്തിനെതിരായ ആക്രമണങ്ങൾ പതിവ് കഥയാണ്. ബംഗളൂരു ആർച്ച് ബിഷപ് പീറ്റർ മക്കാഡോ അടക്കമുള്ളവർ സംഘ്പരിവാർ ആക്രമണങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല, ആക്രമണത്തിന് വിധേയരാകുന്ന മുസ്‍ലിം വിഭാഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ബി.ജെ.പി ഭരണത്തിൻ കീഴിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾ എത്രയോ മടങ്ങ് വർധിച്ചെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ വരെ ചൂണ്ടിക്കാണിച്ചിരുന്നു. ഏറ്റവുമൊടുവിൽ മണിപ്പൂരിൽനിന്നും വരുന്ന വാർത്തകളും ദുഃഖിപ്പിക്കുന്നതാണ്. നൂറിലേറെ ചർച്ചുകൾ ആക്രമിക്കപ്പെട്ടെന്നു വരെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിന് സമാനമായി ഇന്റർനെറ്റ് നിരോധനത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.

അപ്പോഴും കേരളത്തിലെ ചെറിയ വിഭാഗം, മുസ്‍ലിംകൾക്കെതിരെ വിഷം വമിപ്പിക്കുന്ന തിരക്കിലാണ്. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും ഒന്നിച്ചുനിന്നതാണ് കേരളത്തിന്റെ പാരമ്പര്യം. അതുതന്നെയാണ് നമ്മെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കിയതും. വിഷം വമിപ്പിച്ച് സംഘ്പരിവാറിന് പായവിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: ‘‘കണ്ടറിയാത്തവർ, കൊണ്ടറിയും.’’

ദിനേശൻ, കോഴിക്കോട്

ജുഡീഷ്യൽ അന്വേഷണം വെറും പ്രഹസനം

മനുഷ്യ മനഃസാക്ഷിയെ ശോകമൂകമാക്കിയ താനൂരിലെ ബോട്ടപകടത്തെക്കുറിച്ചുള്ള ‘തുടക്കം’ ജുഡീഷ്യൽ അ​ന്വേഷണത്തിന്റെ പ്രഹസനത്തെക്കുറിച്ച് സൂചിപ്പിച്ചത് അർഥവത്തായി (ലക്കം: 1316). റിട്ട. ജസ്റ്റിസുമാർക്ക് ഉദരപൂരണത്തിനുള്ള ഒരു മാർഗം മാത്രമാണ് ഇത്തരം അന്വേഷണങ്ങളെന്ന് മുൻകാല അനുഭവങ്ങൾ വെളിവാക്കുന്നു. പൊതുജനത്തിന്റെ കണ്ണിൽപൊടിയിടാനുള്ള ഒരുതരം അടവുനയം. ഈ പ്രഹസനം ഇനിയെങ്കിലും സർക്കാർ നിർത്തണം.

2013 മുതൽ നാളിതുവരെയുള്ള 10 കമീഷനുകൾക്കായി സർക്കാർ ദുർവ്യയം ചെയ്തത് 8.55 കോടി രൂപയത്രേ! ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് രണ്ടു കമീഷനെയാണ് നിയമിച്ചതെങ്കിൽ ഒന്നാം പിണറായി സർക്കാർ ഏഴു കമീഷനുകളെ നിയമിച്ച് റെക്കോഡിട്ടു. കമീഷനെ നിയമിക്കലും പൊലീസുകാ​രുടെ സസ്​പെൻഷനും മറ്റും വിവിധ സർക്കാറുകൾ നടത്തുന്ന തമാശകളാണ്.

മത്സ്യബന്ധനയാനത്തിന് രൂപമാറ്റം വരുത്തി ഒരു കുടുംബത്തിലെ 11 പേരുൾപ്പെടെ 22 മനുഷ്യജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയില്ല. കാരണം, അഴിമതിയും അനീതിയും തൊഴിലായി സ്വീകരിച്ചിരിക്കുന്ന ജലഗതാഗത വകുപ്പിന്റെ ഒത്താശയും പിന്തുണയും ഇല്ലാതെ മത്സ്യബന്ധനയാനത്തിന് രൂപമാറ്റം വരുത്താൻ കഴിയുമോ? അല്ലെങ്കിലും രണ്ടാം പിണറായി സർക്കാറിന് ആര് ചത്താലെന്ത്; ജീവിച്ചാലെന്ത് എന്ന സമീപനമാണ്.

ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി

എല്ലാ സിനിമകളുടെയും പോസ്റ്റർ വേണം

ശ്രീകുമാരൻ തമ്പി എഴുതുന്ന ‘ഗാനചരിത്രം’ അമരത്വമുള്ള ഗാനങ്ങളുടെ സ്വർണഖനിതന്നെയാണ് തുറന്നുതരുന്നത്. ഒപ്പം അനശ്വര സിനിമകളിലൂടെയുള്ള ഒരു ദ്രുതപ്രയാണവും. അനശ്വര നടീനടന്മാരായ സത്യൻ, നസീർ, ഷീല, മധു, ശാരദ, അംബിക, അടൂർ ഭാസി, ബഹദൂർ, എസ്.പി. പിള്ള... എത്ര മനോഹരമായ ഒരു കാലഘട്ടമായിരുന്നു അത്. നസീറും ഷീലയും പാടി അഭിനയിച്ചിരുന്ന ഗാനങ്ങൾ... ചേതോഹരങ്ങളായ പ്രണയരംഗങ്ങൾ... പക്ഷേ, ഒരുകാര്യം വ്യക്തം. പ്രണയം, അനുരാഗം, പ്രേമം, ആത്മാർഥ പ്രണയം, തീവ്ര പ്രണയമെന്നൊക്കെ പറയാം. മാദകത്വമോ, കാമമോ ഒന്നുമായിരുന്നില്ല. കാമുകന്റെ നിഴൽ കണ്ടാൽ മയങ്ങിവീഴുന്ന മദാലസയായ കാമിനികൾ പിന്നീട് വന്നതാണ് എന്ന കാര്യം എടുത്തുപറയണം.

പഴയ സിനിമകളെക്കുറിച്ച പരാമർശങ്ങൾ അമൂല്യങ്ങളാണ്. മികച്ച ഒരു ദൗത്യമാണിത്. ശ്രീകുമാരൻ തമ്പി അത് അതീവ ചാരുതയോടെ കൈകാര്യംചെയ്യുന്നുണ്ട്. എന്നാൽ, എല്ലാ ചിത്രങ്ങളുടെയും പോസ്റ്റർ പ്രസിദ്ധീകരിക്കാത്തതിൽ വിഷമം. ‘ആൽമരം’, ‘ജ്വാല’ തുടങ്ങിയ പോസ്റ്റർ അപൂർവങ്ങളിൽ അപൂർവങ്ങളാണ്. ‘പൂജാപുഷ്പം’, ‘കണ്ണൂർ ഡീലക്സ്’, ‘വിദ്യാർത്ഥി’, ‘തോക്കുകൾ കഥപറയുന്നു’ തുടങ്ങിയവയുടെ പോസ്റ്ററുകൾ കാണാത്തതിൽ ഖേദമുണ്ട്. ഏറ്റവും പാരമ്പര്യമുള്ള പ്രസിദ്ധീകരണ ശൃംഖലകളിൽനിന്ന് പോസ്റ്ററുകൾ കിട്ടിയില്ലെങ്കിൽ പിന്നെ എവിടുന്നാണ് പഠിതാക്കൾക്ക് അത് കിട്ടുക. ഈ ഗാനസംഗീതയാന സഞ്ചാരത്തിലൂടെ പഴയ സിനിമയെക്കുറിച്ചുള്ള ഒരു പഠനം കൂടിയാണ്. ഇനിയും നല്ല പോസ്റ്ററുകൾകൂടി ഉൾപ്പെടുത്തുക. എല്ലാ വിജയങ്ങളും ആശംസിക്കുന്നു.

എം.എസ്. ശ്രീജേഷ്,  മരുതൻപറമ്പ്, മാപ്രാണം

തൃശൂർ മതംമാറ്റത്തിന് കാരണം സവർണത

മേയ് അഞ്ചാം തീയതി റിലീസ് ചെയ്ത ‘ദ കേരള സ്റ്റോറി’ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണല്ലോ... ഈ പശ്ചാത്തലത്തിൽ വിനോദ് കൃഷ്ണ എഴുതിയ ലേഖനം വായിച്ചു. മതസൗഹാർദം തകർക്കുന്ന ‘കേരള ​േസ്റ്റാറി’ കേരളത്തിലെ പല തിയറ്റർ ഉടമകളും റിലീസ് ചെയ്യാൻ തയാറായില്ല. എറണാകുളം ഷേണായീസ് തിയറ്ററിൽപോലും വലിയ പൊലീസ് കാവലിലാണ് പ്രദർശനം നടത്തിയത്. കേരളത്തിൽ എല്ലാ സെന്ററുകളിലും കുറച്ചുപേർ മാത്രമാണ് സിനിമ കാണാനെത്തിയത്. കഴിഞ്ഞ 10 വർഷംകൊണ്ട് 32,000 ​പേർ മതംമാറി സിറിയക്ക് പോയി എന്നൊക്കെയാണ് സിനിമ പറയുന്നത്. എന്നാൽ, ഇതിന് കണക്ക് കൊടുക്കാൻ അധികാരികൾക്ക് കഴിയുന്നില്ല.

ഡോ. അംബേദ്കറടക്കം ലക്ഷക്കണക്കിനു പേർ ഹിന്ദുമതം വിട്ടത് എന്തുകൊണ്ടാ​ണെന്ന് നമുക്കറിയാം. ഇവിടെ മതംമാറുന്നത് 99 ശതമാനം ദലിതരടക്കമുള്ള അവർണ ഹിന്ദുക്കളാണ്. സവർണ പീഡനങ്ങളിൽനിന്ന് രക്ഷനേടാനായിരുന്നു മതം മാറ്റങ്ങളിൽ ഏറിയപങ്കും. ഈവക കാര്യങ്ങൾ ഇവിടത്തെ സവർണ ഹിന്ദുക്കൾ മറച്ചുവെക്കുകയാണ്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികവേളയിലാണല്ലോ നാം ഉള്ളത്. അന്ന് വൈക്കം ക്ഷേത്രപരിസരത്ത് അവർണരെ റോഡിലൂടെ വഴിനടക്കാൻപോലും സവർണർ അനുവദിച്ചില്ല. ആ വഴിയിൽ കൂടി പട്ടി, പൂച്ച, മുതൽ വിഷപ്പാമ്പുകൾക്കു വരെ യാത്രചെയ്യാം. പക്ഷേ, അവർണർക്ക് പറ്റില്ല. ഇത് എന്ത് ഭീകരമായ ആചാരം? ഇത്തരം സത്യങ്ങൾക്ക് നേരെ കണ്ണടച്ചിട്ട് കാര്യമില്ല.

ആർ. ദിലീപ്, മുതുകുളം

ശബ്ദങ്ങൾ മികച്ച വായനാനുഭൂതി

ഈയടുത്ത് വായിച്ച കഥകളിൽ ഇഷ്ടപ്പെട്ട ഒന്നാണ് ഡിന്നു ജോർജിന്റെ ‘ശബ്ദങ്ങൾ’ (ലക്കം: 1316). കഥാപരിസരം, കഥാപാത്രങ്ങൾ, ഭാഷ, പ്രമേയം എന്നിവയിലെല്ലാം വല്ലാത്ത കൗതുകവും പുതുമയും തോന്നി. മക്കൊണ്ട ദേശംപോലെ, റ്റ്‌ലോൺ ദേശം പോലെ... കൗതുകകരമായ കഥാപരിസരം. സൂചകങ്ങൾ ഭംഗിയായി വിന്യസിക്കപ്പെട്ടിരിക്കുന്നു...

കാലത്തെ കുറിച്ചും ഓർമകളെക്കുറിച്ചുമുള്ള തത്ത്വചിന്തകൾ... നല്ല വായനാനുഭൂതി.

ലിജിഷ എ.ടി, ഫേസ്ബുക്ക്

സിനിമയെ താളുകളിൽ തി​രികെയെത്തിക്കണം

സാഹിത്യചർച്ചകൾക്കും വായനകൾക്കും അപ്പുറത്ത് ഗൗരവമായ പഠനങ്ങൾക്കുകൂടി മാധ്യമം ആഴ്ചപ്പതിപ്പ് ഇടം നൽകുന്നു എന്നതിൽ സന്തോഷമുണ്ട്. പ്രത്യേകിച്ചും ചരിത്രവിഷയങ്ങളിൽ ആഴ്ചപ്പതിപ്പ് മികച്ച ലേഖനങ്ങളും കണ്ടെത്തലുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. അതിൽതന്നെ പലതും പുതിയ വിവരങ്ങളുമാണ്.

അതേസമയം തന്നെ മലയാള സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിവരണങ്ങൾക്കും വലിയ ഇടം നൽകിയിരുന്ന മാധ്യമം ആഴ്ചപ്പതിപ്പ് അടുത്തകാലത്തായി അൽപം പിറ​കോട്ടുപോയോ? ശക്തിയോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ...

ജയപ്രകാശ്, കണ്ണൂർ

‘പറക്കും വാക്ക്’ ഹൃദയത്തിൽ തൊട്ടു

വെല്‍ഷ് കവിയായ പോള്‍ ഹെൻറിയുടെ മൊഴിമാറ്റം ചെയ്ത ഏഴു കവിതകളോടൊപ്പം പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ ‘‘എഴുതുമ്പോള്‍ കണ്ണീരില്ലെങ്കില്‍ വായിക്കുമ്പോഴെങ്ങനെ അത് വരും’’ എന്ന ‘പറക്കും വാക്ക്’ എന്നെ ഗാഢമായി സ്പര്‍ശിച്ചു (ലക്കം: 1316).

കവികളുടെ ഗദ്യരചനകള്‍ ഭാവഗീതങ്ങള്‍ക്ക് സമാനമാണ്. അവരുടെ വാക്കുകള്‍ തൂലികയില്‍നിന്നല്ല ഹൃദയത്തില്‍നിന്നാണ് വരുന്നതെന്ന് അനിത തമ്പിയുടെ ഈ ലേഖനം വായിച്ചപ്പോള്‍ എനിക്കു തോന്നി.

വെയില്‍സില്‍ പോയ ലേഖിക പോള്‍ ഹെൻറിയെ കണ്ടപ്പോൾ അദ്ദേഹത്തിന്‍റെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള തന്റെ സുഹൃത്തായ അന്‍വര്‍ അലിയുടെ ആഗ്രഹം അറിയിക്കുന്നു. അദ്ദേഹത്തിന് പൂർണസമ്മതം. അന്‍വര്‍ അലി ഇപ്പോള്‍ അതിന്റെ മിനുക്കുപണികളിലാണ്. ഹൃദയസ്പര്‍ശിയായ ഈ ലേഖനത്തിലൂടെ കടന്നുപോയപ്പോള്‍ ലേഖികയെപ്പോലെ എനിക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോയി കവികളെയും എഴുത്തുകാരെയും കണ്ട്‌ പാട്ടുകിളിയായി പറന്നു നടക്കാന്‍ തോന്നുന്നു. പക്ഷേ, എല്ലാവർക്കും പറഞ്ഞിട്ടുള്ള കാര്യമല്ലല്ലോ അത്. ആയാസരഹിതമായി വായിച്ചുപോകാൻ കഴിയുന്നൊരു എഴുത്താണ് കവിയുടേത്.

സണ്ണി ജോസഫ്‌, മാള


Tags:    
News Summary - madhyamam weekly letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.