നേർവിപരീതങ്ങളും കാണാതെ പോകരുത് ജനപ്രിയ സാഹിത്യത്തെയും മലയാള സിനിമയെയും ഉൾച്ചേർത്തുകൊണ്ടുള്ള െബ്ലയ്സ് ജോണിയുടെ ലേഖനം ശ്രദ്ധേയമാണ് (ലക്കം: 1322). ജനപ്രിയ സാഹിത്യേത്താടുള്ള അവഗണനയെക്കുറിച്ചും അതിന്റെ വീണ്ടെടുപ്പിനെക്കുറിച്ചുമുള്ള ചർച്ചകൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ വളരെ വ്യാപകമായി സംഭവിച്ചിട്ടുണ്ട്. സാഹിത്യചർച്ചകളിലും ഗവേഷണങ്ങളിലുമെല്ലാം ഇതൊരു വിഷയവുമാണ്.സാഹിത്യത്തിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം ഒരു ദ്വന്ദ്വം കാണാനാകും. ജനപ്രിയ സിനിമകളും ആർട്സ് സിനിമകളും, ജനകീയ ഗാനങ്ങളും ശാസ്ത്രീയ സംഗീതവും, ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക് ഡാൻസും എന്നിവയിലെല്ലാം ഇത്തരം ഒരു വ്യത്യാസവും വിവേചനവും...
നേർവിപരീതങ്ങളും കാണാതെ പോകരുത്
ജനപ്രിയ സാഹിത്യത്തെയും മലയാള സിനിമയെയും ഉൾച്ചേർത്തുകൊണ്ടുള്ള െബ്ലയ്സ് ജോണിയുടെ ലേഖനം ശ്രദ്ധേയമാണ് (ലക്കം: 1322). ജനപ്രിയ സാഹിത്യേത്താടുള്ള അവഗണനയെക്കുറിച്ചും അതിന്റെ വീണ്ടെടുപ്പിനെക്കുറിച്ചുമുള്ള ചർച്ചകൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ വളരെ വ്യാപകമായി സംഭവിച്ചിട്ടുണ്ട്. സാഹിത്യചർച്ചകളിലും ഗവേഷണങ്ങളിലുമെല്ലാം ഇതൊരു വിഷയവുമാണ്.
സാഹിത്യത്തിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം ഒരു ദ്വന്ദ്വം കാണാനാകും. ജനപ്രിയ സിനിമകളും ആർട്സ് സിനിമകളും, ജനകീയ ഗാനങ്ങളും ശാസ്ത്രീയ സംഗീതവും, ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക് ഡാൻസും എന്നിവയിലെല്ലാം ഇത്തരം ഒരു വ്യത്യാസവും വിവേചനവും കാണാം. എന്തിന് ക്രിക്കറ്റിൽ വരെ ഇൗ പ്രവണതയുണ്ട്. പരമ്പരാഗത രൂപമായ ടെസ്റ്റ് ക്രിക്കറ്റിന്റെ ആരാധകർ കൂടുതൽ ജനപ്രിയമായ ട്വന്റി 20 ക്രിക്കറ്റിനെ ഒരു അശുദ്ധ രൂപമായി കാണുന്നു.
ലേഖനത്തിൽ സമകാലിക ജനപ്രിയ ചിത്രങ്ങളില്‍ ഫ്രീക്കന്മാരെ അവതരിപ്പിക്കുന്ന വിധവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന പ്രസ്താവനയുണ്ട്. ‘ആക്ഷൻ ഹീറോ ബിജു’പോലെയുള്ള ചിത്രങ്ങൾ ഫ്രീക്കൻമാരെ പരിഹാസരൂപത്തിൽ അവതരിപ്പിക്കുമ്പോൾ ചില പുതിയ ചിത്രങ്ങൾ അതിനെ അട്ടിമറിക്കുന്നുണ്ട്.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2022ൽ പുറത്തിറങ്ങിയ ‘തല്ലുമാല’ സിനിമയിൽനിന്നുള്ള ഒരു രംഗം. ഒരു കോളജിലെ ചടങ്ങിന് ഒരേസമയംതന്നെ ഒരു സോഷ്യൽ മീഡിയ സ്റ്റാറും ഒരു സാംസ്കാരിക പ്രഭാഷകനും ക്ഷണിക്കപ്പെടുന്നു. സാംസ്കാരിക പ്രഭാഷകനായ ജെ.പി. കോടൂർ യുവതലമുറയുടെ മൂല്യച്യുതിയെക്കുറിച്ചും സോഷ്യൽ മീഡിയ സ്റ്റാറിനെ അതിഥിയാക്കിയതിലുള്ള യുക്തിരാഹിത്യവും പറഞ്ഞ് കത്തിക്കയറുന്നതിനിടെ സോഷ്യൽ മീഡിയ സ്റ്റാർ (ടൊവിനോ തോമസ്) മൈക്ക് കൈയിലെടുക്കുന്നു. പിന്നീടങ്ങോട്ട് സാംസ്കാരിക പ്രഭാഷകനെ നിർത്തിപ്പൊരിക്കുന്ന രംഗങ്ങളാണ്. സാംസ്കാരിക പ്രഭാഷകന്റെ പുസ്തകങ്ങളെ പുച്ഛിച്ചുകൊണ്ടുള്ള നായകന്റെ പ്രസംഗത്തിന് വലിയ കരഘോഷമാണ് ലഭിക്കുന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്ര നിരൂപകൻ ഈ രംഗത്തോടുള്ള തന്റെ അതൃപ്തി ഫേസ്ബുക്കിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
സാംസ്കാരിക പ്രവർത്തകരെയും സാഹിത്യകാരൻമാരെയുമെല്ലാം തമാശയാക്കുന്ന ധാരാളം രംഗങ്ങളും സിനിമകളിലുണ്ട്.
‘‘മേലിൽ നീ വായനശാലയിൽ പുസ്തകോം വായിച്ചിരുന്നാൽ നിന്റെ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും’’ എന്ന ദശമൂലം ദാമുവിന്റെ ഡയലോഗും (ചട്ടമ്പിനാട്), വാതിൽ ചവിട്ടിത്തുറക്കാൻ ശേഷിയുള്ള ഏത് ബുദ്ധിജീവിയാ കേരളത്തിലുള്ളത് (സ്പിരിറ്റ്) തുടങ്ങിയ ഡയലോഗുകളും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു.
ഫവാസ് മുഹമ്മദ്
ചോദ്യം രാഷ്ട്രീയമാണ് ജീവിതമെന്ന് കരുതുന്നവരോടാണ്
രാഷ്ട്രീയമാണ് ജീവിതം എന്ന് കരുതുന്നവർക്ക് ചോദ്യചിഹ്നമായാണ് ബാബു ജോസഫ് ‘ഡയലറ്റിക്സ്’ എന്ന കവിത എഴുതിയത് (ലക്കം: 1320). സമരങ്ങളിൽ പോരാടി കാലൊടിഞ്ഞിട്ടും ആശുപത്രിയിൽ അഡ്മിറ്റായിട്ടും തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയ നേതാക്കൾ വാഴുന്ന കാലഘട്ടത്തെ കവിത അഡ്രസ് ചെയ്യുന്നു.
സ്വത്വം മറന്ന് മരണപ്പണി എടുത്ത് നേതാക്കളെ സന്തോഷിപ്പിക്കാൻ മാത്രം ജീവിതം ഉഴിഞ്ഞുവെക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായാൽ ലഭിക്കുന്ന ഗുണം വട്ടപ്പൂജ്യമാണെന്ന് ഈ കവിതയിലൂടെ ബാബു ജോസഫ് എഴുതിക്കാണിക്കുന്നു. നേതാക്കൾ അഭിവാദ്യം ചെയ്തിട്ടുണ്ട്, രാപ്പകൽ വ്യത്യാസമില്ലാതെ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്, തൊണ്ട കീറി മുദ്രാവാക്യം വിളിച്ചിട്ടുമുണ്ട്. ശേഷം ലഭിക്കുന്ന ഗുണത്തെക്കുറിച്ചുകൂടി ഓർക്കുന്നത് നല്ലതാണെന്ന് കവിത പരിഹസിക്കുന്നു. രാഷ്ട്രനിർമിതിക്കുവേണ്ടിയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരോടല്ല; എന്റെ ചോദ്യം രാഷ്ട്രീയമാണ് ജീവിതം എന്ന് കരുതുന്നവരോടാണെന്ന് കവി.
സജാദ് കുറ്റ്യാടി
മിഷൻ അരിക്കൊമ്പൻ
ശക്തമായ സ്ത്രീ കഥാപാത്രങ്ങളാൽ സമ്പന്നമാണ് മിനി പി.സിയുടെ കഥാ ഭൂമിക. ‘ഫ്രഞ്ച് കിസ്സി’ലും, ‘കനകദുർഗയി’ലും, ക്രൈം ത്രില്ലറായ ‘ഡെവിൾ ടാറ്റൂ’വിലും തന്റെ സ്ത്രീ കഥാപാത്രങ്ങളെയെല്ലാം തന്റേടത്തിന്റെ പ്രതിരൂപങ്ങളായി വാർത്തെടുക്കാൻ മിനി പി.സിക്ക് കഴിഞ്ഞു. ‘ആഴ്ചപ്പതിപ്പി’ൽ പ്രസിദ്ധീകരിച്ച ‘കൊമ്പത്തി’ എന്ന നോവെലറ്റും വിഷയവൈവിധ്യംകൊണ്ടും ശക്തമായ കഥാപാത്ര സാന്നിധ്യംകൊണ്ടും സമ്പന്നമാണ്. തികച്ചും കാലികപ്രസക്തമായ ഒരു വിഷയത്തെ ഭാഷയുടെ മനോഹര അലകുകൾ ചാർത്തി അണിയിച്ചൊരുക്കിയിട്ടുണ്ട്.
കേരളവും തമിഴ്നാടും ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു മിഷൻ അരിക്കൊമ്പൻ. കാനനവാസിയായ ഒരു ആന, കാട്ടിൽനിന്ന് നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ഉറക്കംകെടുത്തിയ കാഴ്ച എല്ലാവരും ഉറ്റുനോക്കിയതാണ്. അരിക്കൊമ്പൻ, അത് ആനയോ മറ്റു ഏതൊരു മൃഗമോ ആവട്ടെ അവൻ പരിചയിച്ച അടരുകളിൽനിന്നെല്ലാം അവനെ അടർത്തിമാറ്റുമ്പോൾ, പുതിയൊരു പരിസ്ഥിതിയിലേക്ക് പറിച്ചുനടുമ്പോൾ അവൻ അനുഭവിക്കുന്ന സംഘർഷങ്ങളും മാനസികവ്യഥകളും മനുഷ്യർ ഓർക്കാറില്ല. കൈയൂക്കുകൊണ്ട് കാട് കൈയേറി, കാടിനെ ശോഷിപ്പിക്കുന്ന മനുഷ്യർ ചെയ്യാൻ കഴിയുന്ന ഉപദ്രവങ്ങളെല്ലാം മൃഗങ്ങൾക്കുമേൽ അടിച്ചേൽപിച്ച്, അവരെക്കൊണ്ട് പ്ലാസ്റ്റിക് വരെ തീറ്റിക്കുന്ന നെറികേട് ചെയ്തിട്ടും, കാട് കടന്നു നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങളെ പടക്കം പൊട്ടിച്ചും, മയക്കുവെടി വെച്ചും വീണ്ടും തുരത്തുന്നവരാണ് മനുഷ്യർ.
‘കൊമ്പത്തി’ എന്ന കഥയും ചർച്ച ചെയ്യുന്നത് മൃഗങ്ങളുടെ സ്വൈരവിഹാരങ്ങൾ നഷ്ടപ്പെടുത്തുന്നതും പ്രകൃതിയെയും മണ്ണിനെയും ഒരുപോലെ നശിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരെ കുറിച്ചും, അവരുടെ പ്രവൃത്തികൾക്ക് ഇരകളാകുന്ന നിസ്സഹായരായ മിണ്ടാപ്രാണികളെ കുറിച്ചുമാണ്.
കഥയിലെ ശക്തമായ കഥാപാത്രമായി മാറുന്നുണ്ട് വിനായകി എന്ന പെൺ പാപ്പാൻ. കരികാലൻ എന്ന അക്രമിയായ ആനയെ കാട്ടിൽനിന്ന് ഉൾക്കാട്ടിലേക്ക് തുരത്തിയോടിക്കാൻ അഴകൻ എന്ന ആനയോടൊപ്പമാണ് വിനായകി കൊമ്പൻ മലയിൽ എത്തുന്നത്. ആനകളെ സ്നേഹിക്കുകയും, അവർക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്ന വിനായകി ജീവിതത്തിൽ പലതവണ ദുരന്തങ്ങൾ അതിജീവിച്ചവളാണ്.
ഒരുപാട് ജീവിതങ്ങളെ നോവെലറ്റിൽ എഴുത്തുകാരി സൂചിപ്പിക്കുന്നുണ്ട്. കഥാനായിക വിനായകിയുടെയും കാട്ടിലെ വാച്ചറായ സേവ്യറിന്റെയും മാത്രമല്ല, സേവ്യർ കുഞ്ഞാപ്പി എന്ന് സ്നേഹപൂർവം വിളിക്കുന്ന കരികാലന്റെയും വിനായകിയുടെ ആനയായ അഴകന്റെയും കാടിനും മൃഗങ്ങൾക്കും ഭീഷണിയായിരുന്ന സേനന്റെയും മഹാരാഷ്ട്രയിലെ നാട്ടുപ്രമാണിമാരുടെയും ജീവിതരേഖകൾകൂടി നോവലെറ്റിൽ വ്യക്തമാക്കിയിരിക്കുന്നു.
കാടിന് ഭീഷണിയായിത്തീരുന്ന അധിനിവേശ ചെടികളെ നോവെലറ്റിൽ പരാമർശിക്കുന്നുണ്ട്. ഗോതമ്പിന്റെ കൂടെ അന്യനാട്ടിൽനിന്ന് എത്തിപ്പെടുന്ന അക്രമകാരികളായ വിത്തുകൾ പൊട്ടിമുളച്ച് മറ്റു സസ്യങ്ങളുടെ സ്വാഭാവിക വളർച്ചക്കുതന്നെ ഭീഷണിയായി മാറുന്നു. ചില മനുഷ്യരും അങ്ങനെയാണ്. പതിയെ പതിയെ കാടിനെ ആക്രമിച്ച് അതിലെ സമ്പത്ത് മുഴുവൻ ഊറ്റിയെടുത്ത് കാടിനെ നശിപ്പിച്ച് ഇല്ലാതാക്കുന്ന അധിനിവേശക്കാരാണ് മനുഷ്യർ. നാട്ടുകാർ അക്രമിയെന്ന് മുദ്രകുത്തിയ കരികാലനെക്കുറിച്ച് സേവ്യർ പറയുന്ന കുറച്ചു കാര്യങ്ങളുണ്ട്. ‘‘ദേഷ്യം വന്നാൽ കണ്ണ് കാണാതായി ചുറ്റിലുമുള്ളതൊക്കെ നശിപ്പിക്കുന്ന ചില മനുഷ്യരില്ലേ... അതേപോലെയാണ് അവനും... പാവമാ, അവെന്റ ചിലനേരത്തെ പ്രകടനങ്ങളാണ് അവനെ അക്രമി എന്ന് മുദ്രകുത്തിപ്പിക്കുന്നത്.’’
കാടും പെൺപാപ്പാനും ആനയെ മെരുക്കി കാടിന്റെ ഉള്ളിലേക്ക് കടത്തിവിടുന്ന കഥയോടൊപ്പം മനോഹരമായ ഭാഷയുടെയും പ്രകൃതിവർണനകളുടെയും നിറവ് കഥയിൽ കാണാം. എവിടെയും അൽപം പോലും ഇഴമുറിയാത്ത വിധത്തിൽ സൂക്ഷ്മമായി തയാറാക്കിയ നോവെലറ്റ്. പ്രകൃതിയോടും മൃഗങ്ങളോടുമുള്ള മാനുഷികഭാവത്തെ (സ്നേഹത്തെ) ഒരു എഴുത്തുകാരൻ/ എഴുത്തുകാരി തന്റെ സൃഷ്ടികളിൽകൂടി തെളിയിക്കുന്ന അപൂർവ സന്ദർഭങ്ങളിലൊന്നായാകും ‘കൊമ്പത്തി’യെ വർത്തമാനകാലം അടയാളപ്പെടുത്തുക.
രശ്മി പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.