എഴുത്തുകുത്ത്

ആരോപണങ്ങൾക്ക് മറുപടിയുണ്ട്‘ധൂർത്തും ദുർവ്യയവും വൈദ്യുതി ഉപഭോക്താക്കളുടെ ചുമലിലോ?’ എന്ന എന്റെ ലേഖനത്തിന് (ലക്കം: 1322) അനുഗ്രഹ് എം.സി. ചോറോട് എഴുതിയ പ്രതികരണം വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകൾക്ക് വിരുദ്ധവുമാണ് (ലക്കം: 1324). 2021-22ലെ ബോർഡിലെ ശമ്പളത്തിന്റെ അമിതവർധന സംബന്ധിച്ച് സി.എ.ജി പോലും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും അത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. 22 വർഷം സർവിസുള്ള ഒരു സബ് എൻജിനീയർക്ക് (ഗ്രേഡ്-എ. എക്സി.) 2021-22ലെ ശമ്പളപരിഷ്കരണം വഴി കിട്ടുന്ന തുക 1,61,220 രൂപയാണെന്നാണ് ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചത്. ബോർഡിലെ ഒരു ഇടതുപക്ഷ യൂനിയൻ നേതാവായ എസ്. സുരേഷ് കുമാർ...

ആരോപണങ്ങൾക്ക് മറുപടിയുണ്ട്

‘ധൂർത്തും ദുർവ്യയവും വൈദ്യുതി ഉപഭോക്താക്കളുടെ ചുമലിലോ?’ എന്ന എന്റെ ലേഖനത്തിന് (ലക്കം: 1322) അനുഗ്രഹ് എം.സി. ചോറോട് എഴുതിയ പ്രതികരണം വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകൾക്ക് വിരുദ്ധവുമാണ് (ലക്കം: 1324). 2021-22ലെ ബോർഡിലെ ശമ്പളത്തിന്റെ അമിതവർധന സംബന്ധിച്ച് സി.എ.ജി പോലും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും അത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. 22 വർഷം സർവിസുള്ള ഒരു സബ് എൻജിനീയർക്ക് (ഗ്രേഡ്-എ. എക്സി.) 2021-22ലെ ശമ്പളപരിഷ്കരണം വഴി കിട്ടുന്ന തുക 1,61,220 രൂപയാണെന്നാണ് ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചത്. ബോർഡിലെ ഒരു ഇടതുപക്ഷ യൂനിയൻ നേതാവായ എസ്. സുരേഷ് കുമാർ തന്റെ എഫ്.ബി പോസ്റ്റിലൂടെ വെളിപ്പെടുത്തിയതാണ് ഈ വിവരം. 22 വർഷം മുമ്പ് 1640 രൂപ അടിസ്ഥാന ശമ്പളത്തിൽ കയറിയ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശമ്പളമാണ് അതിൽ പറഞ്ഞിരിക്കുന്നത്. വായനക്കാരൻ സൂചിപ്പിച്ചതുപോലെ ഒരു സബ് എൻജിനീയറുടെ തുടക്കശമ്പളം 65,000 രൂപ ആയിരിക്കാം. അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന ശമ്പളപരിഷ്കരണവും വൻതോതിലുള്ള വാർഷിക ഇൻക്രിമെന്റും ലഭിക്കുമ്പോൾ അധികം താമസിയാതെതന്നെ സബ് എൻജിനീയറുടെ ശമ്പളം ഒരു ലക്ഷം കവിയും.

ബോർഡിൽ ഇപ്പോഴുള്ള ജീവനക്കാർ 31,371 പേരാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 4371 ജീവനക്കാർ അധികമാണെന്നാണ് ബന്ധപ്പെട്ടവർ തന്നെ പറയുന്നത്. ജീവനക്കാരുടെ എണ്ണം അധികമായിട്ടും വീണ്ടും 500 ലൈൻമാൻമാരെ പുതുതായി നിയമിക്കുന്നതിനുള്ള നീക്കമാണ് ബോർഡ് നടത്തുന്നത്. പത്താം ക്ലാസുപോലും പാസാകാത്ത ഈ ലൈൻമാൻമാർ ആണ് ഓവർസിയറായി പ്രമോഷൻ ആയി വരുന്നത്. സാങ്കേതിക പരിജ്ഞാനം വേണ്ട ഈ തസ്തികയിൽ ഇരിക്കുന്നത് ഭൂരിഭാഗവും ഏഴാം ക്ലാസ് യോഗ്യതയുള്ളവരാണ്. ഇപ്പോൾ ബോർഡിലുള്ള 2984 ഓവർസിയർമാരിൽ പത്ത് ശതമാനംപോലും പത്താം ക്ലാസ് യോഗ്യതയില്ലാത്തവരാണ്. ഇവരിൽ അധികപേരും ലക്ഷത്തിൽപരം ശമ്പളം പറ്റുന്നു!

കെ.എസ്.ഇ.ബിയിൽ ‘റിസ്കുള്ള’ പണി എടുക്കുന്നതിനാണ് ഓവർസിയർ മുതൽ ചീഫ് എൻജിനീയർക്കു വരെ ശമ്പളം വാരിക്കോരി നൽകുന്നത്. എന്നാൽ, റിസ്കുള്ള പണികൾ മുഴുവൻ ചെയ്യുന്നത് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നവരാണ്.

6 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ ശമ്പളംപറ്റുന്ന 22 ചീഫ് എൻജിനീയർമാർ ബോർഡിലുണ്ട്. നേരത്തേ ഇത് നാലുപേരായിരുന്നു. അത​ുപോലെ കാര്യമായ ഒരു സിവിൽ വർക്കും ഇപ്പോൾ ബോർഡിൽ നടക്കുന്നില്ല. എന്നാൽ, ഈ വിഭാഗത്തിലും ആറു ലക്ഷം മുതൽ എട്ടു ലക്ഷം രൂപ വരെ ശമ്പളം പറ്റുന്ന മൂന്നു ചീഫ് എൻജിനീയർമാർ ബോർഡിലുണ്ട്. സിവിൽ വിഭാഗത്തിൽ കാര്യമായ ഒരു പണിയുമില്ലാതെ കോടിക്കണക്കിന് രൂപയാണ് ഇവർ മാസം തോറും ശമ്പള ഇനത്തിൽ മാത്രം കൈപ്പറ്റുന്നത്. ആയിരക്കണക്കിന് തദ്ദേശസ്ഥാപനങ്ങളിൽ സിവിൽ വർക്കുകൾ നടത്തുന്ന എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗത്തിന് ഒരു ചീഫ് എൻജിനീയർ മാത്രമാണുള്ള​െതന്ന് പ്രത്യേകം ശ്രദ്ധിക്കണം.

2019-20 കാലഘട്ടത്തിൽ ശമ്പളത്തിന് ബോർഡ് ചെലവാക്കിയിരുന്നത് 3354.06 കോടി രൂപയായിരുന്നു. 2021-22 വർഷത്തിൽ ശമ്പള പരിഷ്കരണം വന്നപ്പോൾ ശമ്പളം 5639.06 കോടിയായി മാറി. വർധന 2131 കോടി രൂപ. ബോർഡ് 1800 കോടി രൂപ നഷ്ടത്തിലാണെന്ന് പറയുന്ന ഘട്ടത്തിലാണ് ജീവനക്കാർക്ക് വാരിക്കോരി നൽകിയ വകയിൽ 2131 കോടി ചെലവഴിക്കുന്നത്. ഇതെല്ലാം വിവിധ ചാർജുകളിലൂടെ ഗുണഭോക്താക്കളുടെ ചുമലിൽ വന്നുചേരുകയാണ്.

കെ.എസ്.ഇ.ബിയും തമിഴ്നാട് ബോർഡും വൈദ്യുതി ചാർജ് വാങ്ങുന്നത് താരതമ്യം ചെയ്തതിനെ വസ്തുതകൾക്ക് വിരുദ്ധമായ കണക്കുകൾ നിരത്തി വായനക്കാരൻ ഖണ്ഡിക്കുന്നത് കണ്ടു. താഴെ കൊടുക്കുന്ന രണ്ട് ബില്ലുകൾ ഒന്ന് താരതമ്യം ചെയ്യുക:

870 യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചതിന് തമിഴ്നാട് വൈദ്യുതി ബോർഡ് 28.4.2023ന് വി. ഇളവരസൻ എന്ന ഗുണഭോക്താവിന് നൽകിയ 28.2.2023 മുതൽ 28.4.2023 വരെ ഉപയോഗിച്ചതിന് ഗവ. സബ്സിഡി 450 രൂപ കഴിച്ച് 5250 രൂപയാണ് ചാർജ് ഇട്ടിരിക്കുന്നത് (ഒരു അധിക ചാർജും ഈ ബില്ലിൽ ഈടാക്കുന്നില്ല).

കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിൽ 870 യൂനിറ്റിന് വൈദ്യുതി ചാർജ് കണക്കാക്കിയപ്പോൾ 7847 രൂപയാണ്. അതായത് 2624 രൂപ കേരളത്തിലെ ഗുണഭോക്താവ് അധികം അടക്കണം (ഇതിൽ സബ്സിഡി ഇ​െല്ലന്ന് മാത്രമല്ല, ആറ് ഇനത്തിൽ ചാർജായി 1261.9 രൂപ അധികം വാങ്ങുന്നു).

കേരളത്തിൽ ഉപയോഗിക്കുന്ന 28-31 ശതമാനം വൈദ്യുതിയും ജലവൈദ്യുതി പദ്ധതികളിൽനിന്നാണ്. 95 ലക്ഷത്തോളം വരുന്ന സിംഗ്ൾ ഫേസ് ഗുണഭോക്താക്കൾ ഇത്രയും വൈദ്യുതി മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളത് വ്യവസായ/ വ്യാപാര മേഖലകളിലുള്ളവരാണ് ഉപയോഗിക്കുന്നത്. ഈ ഗാർഹിക ഗുണഭോക്താക്കളിൽനിന്നും ഫ്യൂവൽ ചാർജ് എന്ന പേരിൽ നല്ല സംഖ്യ കെ.എസ്.ഇ.ബി ഈടാക്കുന്നുണ്ട്. വാസ്തവത്തിൽ ഇവർ ഉപയോഗിക്കുന്ന വൈദ്യുതി ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്നതാണ്. പിന്നെ ഇവരുടെ ബില്ലിൽ എന്തിന് ഈ ഫ്യൂവൽ ചാർജുകൾ ചുമത്തണം? കെ.എസ്.ഇ.ബിയുടെ ധൂർത്തും ദുർവ്യയവും ഉപഭോക്താകളുടെ ചുമലിലിട്ട് ന്യായീകരണങ്ങൾ ചമക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.

അബ്ദുൾ ലത്തീഫ് മാറഞ്ചേരി

ഇന്ത്യക്കും വേണം ലോകത്തിന് മുന്നിൽ ഒരിടം

മോഹൻബഗാന്റെയും സാൽഗോക്കർ ഗോവയുടെയും സമീപകാല അവസ്ഥകൾ വിവരിച്ചുകൊണ്ട് സനിൽ പി. തോമസ് എഴുതിയ ‘ഓർമാരവങ്ങളിൽ, മോഹൻബഗാൻ സാൽഗോക്കർ’ എന്ന കളിയെഴുത്ത് ഇന്ത്യൻ ഫുട്ബാളിന്റെ ഉയർച്ചയും നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലുള്ള സജീവ ചർച്ചകൾക്ക് വഴിയൊരുക്കുന്നു.

അവസാനം മത്സരിച്ച രണ്ട് ചാമ്പ്യൻഷിപ്പുകളിലും (സാഫ് കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്) കിരീടം മുത്തമിട്ടുകൊണ്ട് ഇന്ത്യൻ ഫുട്ബാൾ ടീം ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഇന്ത്യ ഏഷ്യൻതലത്തിൽ പോട്ട് രണ്ടിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കളിയിൽ അഭേദ്യമായ മാറ്റങ്ങളും നേട്ടങ്ങളും ഇന്ത്യ കൈവരിച്ചിരിക്കുന്നു. എങ്കിലും ആശങ്കകളും ദുഃഖങ്ങളും ഏറെയാണ്. ഇത്രയേറെ ജനപിന്തുണയുണ്ടായിട്ടും ഇന്ത്യൻ ഫുട്ബാളിനെ രാഷ്ട്രീയക്കാരും കായിക ഭരണകൂടങ്ങളും അവഗണിക്കുന്നു. പരിശീലകൻ തന്നോട് നിർദേശിച്ച പരിശീലനത്തിന് അനുയോജ്യമായ ഒരു ഗ്രൗണ്ട് ഞങ്ങളുടെ നാട്ടിൽ ഇല്ലെന്ന് ഫുട്ബാളിന്റെ മണ്ണായ മലപ്പുറത്തുനിന്നുള്ള ഇന്ത്യൻ താരം ആഷിഖ് കുരുണിയൻ മാധ്യമങ്ങൾക്ക് മുന്നിൽ പറയുമ്പോൾ ഒരുപാട് ചോദ്യങ്ങളും ആശങ്കകളും നിറയുന്നുണ്ട്.

അനുഭവസമ്പത്തും കളിമികവുമുള്ള കളിക്കാരെ വാർത്തെടുക്കുക എന്നുള്ളത് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെയും ഐ.എസ്.എൽ ടീമുകളുടെയും കായിക ഭരണകൂടങ്ങളുടെയും ബാധ്യതയാണ്. സുനിൽ ഛേത്രിക്കുശേഷം ഇനി ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട ബാധ്യതയും ഇവർക്കുണ്ട്. ഐ.എസ്.എല്ലിലെ ഏതാണ്ടെല്ലാ ക്ലബുകളും തങ്ങളുടെ മുഖ്യ സ്ട്രൈക്കർ ആയി വിദേശ താരങ്ങളെയാണ് അണിനിരത്തുന്നത്. ഇതുമൂലം മികച്ചവരാകേണ്ട പല ഇന്ത്യൻ താരങ്ങളുടെയും സ്ഥാനം സൈഡ് ബെഞ്ചിൽ ഒതുങ്ങിപ്പോകുന്നു.

നമ്മെക്കാൾ സാമ്പത്തിക സാഹചര്യങ്ങളും ജനസംഖ്യയും കുറഞ്ഞ എത്രയോ രാജ്യങ്ങൾ ലോകവേദികളിൽ ഉജ്ജ്വലമായി പന്തുതട്ടുന്നുണ്ട്.

140 കോടി ജനങ്ങൾക്കിടയിൽനിന്ന് മികവുറ്റ 11 പേരെ തിരഞ്ഞെടുക്കൽ ശ്രമകരമായ ദൗത്യം അല്ല. ഇന്ത്യയിലെ ഫുട്ബാൾ തൽപരരായവരുള്ള സ്ഥലങ്ങളിൽ അവർക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും പരിശീലനവും ഒരുക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണം.

ഇ. അബ്ദുറഹ്മാൻ പുകയൂർ

തമ്പി ആന്റണിയുടേത് നല്ല കഥ

മാധ്യമം ആഴ്ചപ്പതിപ്പിൽ തമ്പി ആന്റണി എഴുതിയ കഥ ‘നയൻ/ ഇലവൻ’ വായിച്ചു (ലക്കം: 1322). വളരെ നല്ല കഥ ഒതുക്കത്തോടെ തമ്പി ആന്റണി പറഞ്ഞിരിക്കുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആദം എന്ന വൃദ്ധന്റെ കഥയും ഒപ്പം ഇറാനിൽനിന്നുള്ള കുടിയേറ്റക്കാരനായ ബാബക്കിന്റെ കഥയും പരസ്പരം സമ്മേളിപ്പിച്ച് നന്നായി എഴുതിയിരിക്കുന്നു. വാർധക്യം നേരിടുന്ന ഒറ്റപ്പെടൽ, അതിന്റെ വേദനകൾ എല്ലാം ഇതിൽ അടയാളപ്പെടുത്തുന്നു. നല്ല കൈയടക്കത്തോടെ വായിച്ചുപോകാവുന്ന രീതിയിൽ തന്നെ കഥ തമ്പി ആന്റണി അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ.

സുരേഷ് പൊൻകുന്നം (ഫേസ്ബുക്ക്)

അറിയിപ്പ്

മണിമല്ലിക സ്മാരക പുരസ്കാരം

ബ്രണ്ണൻ മലയാളം സമിതിയുടെ മൂന്നാമത് ‘മണിമല്ലിക സ്മാരക പുരസ്കാര’ത്തിന് എഴുത്തുകാർ, പ്രസാധകർ എന്നിവരിൽനിന്നും കൃതികൾ ക്ഷണിച്ചു. ഇത്തവണ നോവലിനാണ് പുരസ്കാരം. 2022ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച വിവർത്തനങ്ങളല്ലാത്ത കൃതികളാണ് അയക്കേണ്ടത്. 15,000 രൂപയും പ്രശസ്ത ചിത്രകാരൻ ഹരീന്ദ്രൻ ചാലാട് രൂപകൽപന ചെയ്ത ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. പുസ്തകത്തിന്റെ മൂന്നു കോപ്പികൾ ഡോ. ആർ. രാജശ്രീ, അസോസിയറ്റ് പ്രഫസർ, മലയാള വിഭാഗം, ഗവ. ബ്രണ്ണൻ കോളജ്, ധർമടം പി.ഒ. തലശ്ശേരി 670106 എന്ന മേൽവിലാസത്തിൽ 2023 ആഗസ്റ്റ് 14നു മുമ്പായി ഇന്ത്യൻ തപാലിൽ മാത്രം അയച്ചുതരുക.

ആശാൻ @ 150 നിരൂപണ പുരസ്കാരം

മഹാകവി കുമാരനാശാന്റെ നൂറ്റമ്പതാം ജന്മവാർഷികം പ്രമാണിച്ച് 2023ലെ പ്രഫ. പി. മീരാക്കുട്ടി സ്മാരക യുവസാഹിത്യ പുരസ്കാരം ആശാൻ കവിതാപഠനത്തിനു നൽകുന്നു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ആശാൻ കവിതയെ അധികരിച്ചുള്ള പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ പഠനലേഖനങ്ങൾ ടൈപ്പ് ചെയ്ത് profmeerakuttyaward@gmail.com എന്ന ഇ-മെയിലിലോ 8848481652 എന്ന വാട്സ്ആപ് നമ്പറിലോ അയക്കുക. തപാലിൽ അയക്കുന്നവർ 2023 ആഗസ്റ്റ് 31ന് മുമ്പ് എം. ഷൈറജ് IRS, 5C, ആഷ്ട്രീ മാനർ, വഴുതക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. 35ൽ താഴെ പ്രായമുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. പ്രായം തെളിയിക്കുന്ന രേഖയും സമർപ്പിക്കേണ്ടതാണ്.

Tags:    
News Summary - madhyamam weekly letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.