എഴുത്തുകുത്ത്

അശോകൻ ചരുവിൽ എഴുതട്ടെ

അശോകൻ ചരുവിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ കഥ ‘ഡൊബെറാനിലെ പള്ളി’ വായിച്ചു (ലക്കം: 1324). എല്ലാവരെയും തൃപ്തിപ്പെടുത്തി കഥയെഴുതാൻ ആകില്ലല്ലോ... എഴുത്തുകാർ അവരുടെ ഉള്ളിലുള്ളത് എഴുതട്ടെ. കഥയുടെ സാഹിത്യമൂല്യത്തെക്കുറിച്ചും ഔന്നിത്യത്തെക്കുറിച്ചും ഗൗരവമായ ചർച്ചകൾ ഉയരട്ടെ. അത്തരം ചർച്ചകൾ ഉയരുമ്പോൾതന്നെയാണ് ആ രചന പൂർണമാകുന്നത്.

എന്നാൽ, അതിനിടയിൽ മറ്റു ചിലർ അശോകൻ ചരുവിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയതിനെ വിമർശിക്കുന്നതും കണ്ടു. മാധ്യമമടക്കമുള്ള മലയാളത്തിലെ മുൻനിര പ്രസിദ്ധീകരണങ്ങളെല്ലാംതന്നെ വ്യത്യസ്തങ്ങളായ മാധ്യമ ഉടമകൾക്ക് കീഴിൽനിന്നുമാണ് പുറത്തിറങ്ങുന്നത്. പത്രവും ചാനലും ഓൺലൈൻ പോർട്ടലും എല്ലാം അടങ്ങിയ ഒരു വലിയ നെറ്റ്‍വർക്കിന് കീഴിലാണ് മലയാളത്തിലെ ഏറിയപങ്ക് പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ ഈ സ്ഥാപനങ്ങളെല്ലാംതന്നെ പലവിധ വിമർശനങ്ങൾ പല കാലങ്ങളായി ഏറ്റിട്ടുണ്ട്. അല്ലെങ്കിൽ ഇപ്പോഴും ഏറ്റുകൊണ്ടേയിരിക്കുന്നു. അതെല്ലാം ഒരു ജനാധിപത്യ രാജ്യത്ത് സാധാരണവുമാണ്. അശോകൻ ചരുവിൽ എന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയമുണ്ട്. അത് അദ്ദേഹം ഒളിച്ചുവെക്കുന്നതുമല്ല. അദ്ദേഹം പല മാധ്യമസ്ഥാപനങ്ങൾക്കെതിരെയും അദ്ദേഹത്തിന്റെ രാഷ്ട്രീയബോധ്യങ്ങളാൽ വിമർശനങ്ങൾ തൊടുക്കാറുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം ശരിയായാലും തെറ്റായാലും ഒരു എഴുത്തുകാരൻ എന്ന നിലയിലും പൗരൻ എന്ന നിലയിലും അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്. അതിന്റെ പേരിൽ അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതാൻ പാടില്ല എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണ്.

അധിക്ഷേപങ്ങളും വിദ്വേഷവും വെറുപ്പും അല്ലാത്ത ഏതുതരം ചിന്തകൾക്കും എഴുത്തുകൾക്കും മാധ്യമത്തിൽ ഇടമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാധ്യമത്തിന്റെ താളുകൾ എല്ലാവരുടേതുമാണ്. ഒരു ദീർഘകാല വായനക്കാരൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. അതുകൊണ്ട് തന്നെ അനാവശ്യ വിവാദങ്ങളെ പുറത്തു നിർത്തണം.

ജെ.​കെ കോഴിക്കോട്

രേഖയുടെ എം.ടി

എം.ടിയുടെ നവതിയാഘോഷങ്ങളുടെ തിമിർപ്പ് അടങ്ങുമ്പോൾ കഥാകാരി കെ. രേഖ ആഘോഷങ്ങളുടെ ശുഭപര്യവസാനമെന്നതുപോലെ എഴുതിയ ലേഖനം മാധ്യമം ആഴ്ചപ്പതിപ്പിൽ വായിച്ചു. ഒരു നൊസ്റ്റാൾജിയപോലെ ആ രൂപത്തെ അടയാളപ്പെടുത്തുന്ന ഈ ലേഖനം ഹൃദ്യമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. ലേഖനത്തിൽ എം.ടിയുടെ ഭാഷയെ ചങ്ങമ്പുഴയുടെ ഭാഷാനിപുണതയുമായി താരതമ്യംചെയ്യുമ്പോൾ അക്ഷരങ്ങൾ എന്ന സിനിമ ഓർമവരുന്നു. വള്ളുവനാടൻ ഭാഷയുടെ മനോഹാരിതയും അദ്ദേഹത്തിലൂടെ പുറത്തുവന്ന കഥാപാത്രങ്ങളും അവരുടെ കേരളീയമാനങ്ങളുമെല്ലാം അത്ര വലുതല്ലാത്ത ഈ എഴുത്ത് ഉൾക്കൊള്ളുന്നു.

രേഖയുടെ ജീവിതവുമായി ബന്ധപ്പെട്ട കഥാസന്ദർഭങ്ങൾ, കഥാകാരിയുടെ ആത്മനിയന്ത്രക ചാലകങ്ങളായി വർത്തിക്കുന്ന സുകൃതം സിനിമയിലെ പ്രാധാന്യമേറിയ വാചകവും ലേഖനത്തിലുണ്ട്. എം.ടിയുടെ തിരക്കഥ അത് സംവിധാനം ചെയ്യുന്നവർക്കെത്ര മാത്രം അനായാസമാണെന്നും ലേഖനം ഓർമിപ്പിക്കുന്നു.

ശിഹാബ് തങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള എം.ടിയുടെ പ്രസംഗത്തെ എഴുത്തിൽ സൂചിപ്പിക്കുന്നുണ്ട്. ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കേരളത്തെ മതേതരമായ വേരുകളിലേക്ക് തങ്ങൾ ചേർത്തുകെട്ടിയത് എങ്ങനെ എന്നുപറയാൻ ലോകത്തെ അധികാരിവർഗത്തിന്റെ കഥ മുഴുവൻ പറയുന്നുണ്ടെന്ന് രേഖ ഓർമിപ്പിക്കുന്നു.

ആ പ്രസംഗം കേരളത്തിലെ സർവകലാശാലകളിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തത്തക്കവിധം പ്രസക്തവും മനോഹരവുമാണെന്ന് പറയുമ്പോൾ അതിൽ വലിയൊരു രാഷ്ട്രീയ സന്ദർഭം സന്നിഹിതമായിട്ടുണ്ട്, ഒരുപക്ഷേ ഇത്ര വ്യക്തമായും സൂക്ഷ്മമായും ഒരു വരി രേഖ മുമ്പെഴുതിയിട്ടുണ്ടോ എന്ന് സംശയമുണർത്തുംവിധം ആഴമേറിയതാണ്. രേഖയുടെ വാചകങ്ങൾക്കുള്ളിൽ ഒരു കൊടുങ്കാറ്റ് അടക്കംചെയ്യപ്പെട്ടിട്ടുണ്ട്.

ഷുക്കൂർ പി.എം

ആ കഥ തിരിച്ചയക്കണമായിരുന്നു

കഥകളുടെ വ്യത്യസ്തതകളെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ഇതെങ്ങനെ എഴുതുന്നു എന്ന് കണ്ണുമിഴിച്ചു വായിച്ചിട്ടുണ്ട്. ആഴ്ചപ്പതിപ്പുകൾ എഴുത്തുകൾക്കും വായനക്കും നൽകിയ ഇടം അവിസ്മരണീയമാണ്. പ​േക്ഷ, ഇടക്ക് ചില കല്ലുകടികൾ.

പറയാൻ വന്നത് മാധ്യമം ആഴ്ചപ്പതിപ്പിലെ ഒരു കഥയെ കുറിച്ചാണ്, അശോകൻ ചരുവിലിന്റെ ‘ഡൊ​െബറാനിലെ പള്ളി’ (ലക്കം: 1324).

ഈ കഥ വളരെയധികം നിരാശയാണ് സമ്മാനിച്ചത്. ഇത് കഥ എന്നതിനു പകരം യാത്രാവിവരണമെന്നോ മറ്റോ ടൈറ്റിൽ കൊടുക്കുന്നതാണ് നല്ലത്. യാത്രാവിവരണവുമല്ല. മടുത്തിരുന്നപ്പോൾ ഓർമയിൽ നിന്ന് തട്ടിക്കൂട്ടി എഴുതിയെടുത്തതെന്ന് തോന്നിപ്പിക്കുന്ന ഒരു എഴുത്ത്. സന്തോഷ് ജോർജ് കുളങ്ങരയുടെ യൂറോപ്യൻ സഞ്ചാരത്തിൽ കേട്ട ഗ്രാമ ചന്തയുടെ വോയിസ് ഓവറിന്റെ സ്ക്രിപ്റ്റിന്റെ പൈലറ്റുപോലെ തോന്നിപ്പിക്കുന്ന ഒന്ന്. അത്ര നല്ലത് എന്നല്ല. അതുപോലത്തേത്.

പുതിയ പരീക്ഷണാടിസ്ഥാനത്തിലുള്ള എഴുത്തുകൾ ഏറെ പ്രസിദ്ധീകരിക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ സാഹിത്യമൂപ്പന്മാരുടെ നിലവാരമറ്റ എഴുത്തുകൾ വരുന്നത് ആദ്യത്തേതല്ല. സ്കൂളിൽനിന്നും ലൈബ്രറിയിൽ നിന്നും ഏറെ ആവേശത്തോടെ വായിച്ച കവികളുടെ വീര്യമറ്റ ചവറുകൾ ഇതേ ആഴ്ചപ്പതിപ്പിൽ വായിച്ച് നെടുവീർപ്പിട്ടിട്ടുണ്ട്. കിളി പറത്തുന്ന എഴുത്തുരീതികൾ അച്ചടിമഷിയിൽ പുരളുന്നതുകൊണ്ട് എന്റെ സ്ഥിരം വായനാ ഉപകരണമായി മാറിയ, ഏറെ പ്രിയമായ ഈ ആഴ്ചപ്പതിപ്പിൽ വായനക്കാരനെ പുളകം കൊള്ളിച്ച എഴുത്തുകാരുടെ ചാപിള്ളകളെ ഏറ്റെടുത്ത് വായനക്കാരെ നിരാശരാക്കരുതെന്നും നിലവാരമില്ലാത്തത് സ്നേഹപൂർവം തിരിച്ചയച്ച് മികച്ച കഥകളും കവിതകളും അയക്കാൻ ആവശ്യപ്പെടണമെന്നും ഉത്തരവാദിത്തപ്പെട്ടവരോട് വിനീതമായി അപേക്ഷിക്കുന്നു.

സാൻ മാവില (ഫേസ്ബുക്ക്)

രണ്ടു പിഴവുകൾ

1325ാം ലക്കം മാധ്യമം ആഴ്ചപ്പതിപ്പിലെ ശ്രീകുമാരന്‍ തമ്പിയുടെ സംഗീതയാത്രകളിലെ ചില പിഴവുകള്‍ കുറിക്കുകയാണ്.

അതില്‍ ‘വിവാഹിത’ എന്ന ചിത്രത്തിലെ ഒരു ഫോട്ടോ കൊടുത്തതില്‍ രണ്ടു തെറ്റുകള്‍ പറയട്ടെ. ആ ചിത്രം ‘വിവാഹിത’യിലേതല്ല. എ.എല്‍.എസിന്റെതന്നെ ‘സരസ്വതി’ എന്നചിത്രത്തിലേതാണ്. അതില്‍ പ്രേംനസീറിന്റെ കൂടെയുള്ളത്, പത്മിനി അല്ല അവരുടെ സഹോദരികൂടിയായ ‘സരസ്വതി’യിലെ നായിക രാഗിണിയാണ്. ഇതേ തെറ്റ് മറ്റുപലരും ആവർത്തിക്കുന്നത് കാണാറുണ്ട്. പഴയ മലയാള ഗാനങ്ങളുടെ കനത്ത ശേഖരമുള്ള പ്രമുഖ മ്യൂസിക് സൈറ്റും ഇതേ ചിത്രംതന്നെയാണ് ‘വിവാഹിത’യുടേതെന്ന പേരിൽ ഉപ​യോഗിക്കുന്നത്.

മറ്റൊരു പിഴവുകൂടി ചൂണ്ടിക്കാണിക്കുന്നു. ശ്രീകുമാരൻ തമ്പി സൂചിപ്പിച്ച ‘വിവാഹിത’യുടെ മൂലചിത്രമായ 'ഗുംറ’യുടെ സംഗീതസംവിധായകന്‍ സിതാര്‍വാദകന്‍ പണ്ഡിറ്റ് ശങ്കര്‍ (രവീന്ദ്രശങ്കര്‍ ചൗധരി) അല്ല, രവിയാണ്. ബോംബെ രവി എന്ന് മലയാളികള്‍ വിശേഷിപ്പിക്കുന്ന ദില്ലിക്കാരന്‍ രവിശങ്കര്‍ ശര്‍മ എന്ന രവി. സിതാറിസ്റ്റ് പണ്ഡിറ്റ് രവിശങ്കറും ചേതന്‍ ആനന്ദ്, കെ.എ. അബ്ബാസ്, സത്യജിത്റായ്, മൃണാള്‍സെന്‍ തുടങ്ങിയവരടക്കമുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

കരീംലാല, കൈപമംഗലം

ഓർമകളിലേക്ക് കൊണ്ടുപോയ കവിത

മാധ്യമം ആഴ്ചപ്പതിപ്പിൽ ഡോ. ഒ. രാജേഷ് എഴുതിയ കവിത ‘മുത്തണ്ണൻ’ വളരെ ശ്രദ്ധേയമാണ്. പ്രാന്തവത്കരിക്കപ്പെട്ടവരുടെ ജീവിതവും അതിലെ അർഥവും നന്മകളും കവി തുറന്നു കാണിക്കുന്നു.

കവിതയിൽ പറയുന്ന കടിച്ചാപ്പൊട്ടിയും അച്ചാറെരിയും രുചിക്കൂട്ടുകളും ഒളിമങ്ങാത്ത ഓർമകളിലുണ്ട്. അത് നാവില് കിനിഞ്ഞിറങ്ങി. മുഷ്ടിരതിയും മടക്കു പുസ്തകങ്ങളും എന്റെ കൗമാരത്തിന്റെ സ്വകാര്യതകളിലുണ്ട്. എല്ലാത്തിനും സാക്ഷിയായ കാലവും ദേശവുമായി കവിതയിലെ ‘മുത്തണ്ണൻ’ മാറുന്നു. നിത്യജീവനിലേക്കുള്ള ‘മുത്തണ്ണ’ന്റെ വേർപാട് പ്രകൃതിയോടുള്ള ചേർച്ച തന്നെയാണ്. ധന്യമായ ആ ജീവിതത്തെ തനിമയോടെ ചേതോഹരമായി അടയാളപ്പെടുത്തിയ കവിക്കും വാരികക്കും അനുമോദനങ്ങൾ.

നവീൻ ജോസ്, കോട്ടയം

വിഭവസമൃദ്ധമായ സാഹിത്യ പതിപ്പ്

മലയാളത്തിന്റെ വായനസംസ്കാരത്തിന് പുത്തൻ ദിശാബോധം സമ്മാനിച്ച കേരളീയന്റെ സ്വകാര്യ അഹങ്കാരം എം.ടി. വാസുദേവൻ നായർ നവതിയുടെ നിറവിലെത്തിയ വേളയിൽ ആഴ്ചപ്പതിപ്പ് നടത്തിയ അക്ഷരദക്ഷിണ (ലക്കം: 1326) വളരെയധികം സാർഥകമായി. ഒപ്പംതന്നെ ആ മഹാമനീഷിയുടെ എഴുത്തുജീവിതത്തിലെ ഇരുളും വെളിച്ചവും ചെറിയ തോതിലെങ്കിലും അടയാളപ്പെടുത്തിയ പ്രേംചന്ദിന്റെ ലേഖനവും അതി വിശിഷ്ടമായ ഒന്നായി അനുഭവപ്പെട്ടു. ചുരുക്കത്തിൽ നാനാർഥങ്ങളിൽ എഴുത്തിന്റെ കലാപങ്ങൾ ചുഴിഞ്ഞന്വേഷിച്ച പതിപ്പ് വിഭവസമൃദ്ധമായ ഒന്നുതന്നെയായിരുന്നു.

ഇസ്മായിൽ പതിയാരക്കര, ബഹ്‌റൈൻ

അവർക്കെന്റെ പ്രണാമം

മിലന്‍ കുന്ദേര, നമ്പൂതിരി, ദേവകി നിലയങ്ങോട്, സലാം പള്ളിത്തോട്ടം, നളിനി ശ്രീധരന്‍, കെ. ജയരാമന്‍, പിന്നെ ഉമ്മൻ ചാണ്ടിയും –അങ്ങനെ സാംസ്കാരിക-രാഷ്ട്രീയ ഭൂമികയിൽനിന്നും ഒരാഴ്ചക്കുള്ളിൽ കാലയവനികയുടെ പിന്നാമ്പുറത്തേക്ക് മറഞ്ഞ ഏഴുപേരെ സ്മരിച്ചുകൊണ്ട് പത്രാധിപർ എഴുതിയ 'മരണം തീര്‍ക്കുന്ന ശൂന്യത; എന്ന 'തുടക്കം' ചിന്തനീയമായി (ലക്കം: 1326). ദിനംപ്രതിയെന്നോണം നമുക്കിടയിൽനിന്ന് മറഞ്ഞുപോകുന്നവർ നിരവധിയാണ്. ഓർക്കുക ‘‘ഇന്നു ഞാൻ നാളെ നീ’’ എന്നാണ് ചൊല്ല്. നാളെ കാണാമെന്നും പറഞ്ഞ് ദിനാന്ത്യത്തില്‍ യാത്രപറഞ്ഞു പോകുന്നവരില്‍ എത്രപേരെ പിന്നീട് കണ്ടുമുട്ടുമെന്ന് ഒരു ഗാരന്റിയുമില്ല. ക്ഷണഭംഗുരമാണ് ജീവിതമെന്ന് ഇതൊക്കെ പറഞ്ഞുതരുന്നു.

മരണങ്ങളെല്ലാം ശൂന്യത തന്നെയാണ് സൃഷ്ടിക്കുന്നതെങ്കിലും കഴിഞ്ഞാഴ്ചയിലെ മരണങ്ങളില്‍ ഉമ്മൻ ചാണ്ടിയുടേത് നികത്താനാവാത്ത ശൂന്യതതന്നെ. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവരിൽ എത്രയോ പേർ അഴിമതിയും സ്വജനപക്ഷപാതവും അധാർമികതയും ജീവിതചര്യയായി കൊണ്ടുനടക്കുമ്പോൾ അ​മ്പതോളം വർഷം ജനപ്രതിനിധിയായും, അതിനിടയിൽ മുഖ്യമന്ത്രിയായും ആഭ്യന്തരമന്ത്രിയായും സ്തുത്യർഹ സേവനം ചെയ്ത ഉമ്മൻ ചാണ്ടിക്ക് ജനം നൽകിയ യാത്രാമൊഴി നമ്മൾ കണ്ടു. ഏതു നിമിഷവും നീരാളിയെപ്പോലെ കടന്നുവരാവുന്ന മരണമെന്ന സത്യത്തെ ഉൾക്കൊണ്ടുകൊണ്ട് നമ്മൾ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും സഹജീവികളെ സ്നേഹിക്കണമെന്ന് പറഞ്ഞുതന്നവരാണ് 'തുടക്ക'ത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏഴുപേരും. അവര്‍ക്കെന്‍റെ പ്രണാമം.

സണ്ണിജോസഫ്‌, മാള

ഈ കഥക്ക് നന്ദി

ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘വരാഹമിഹിരന്റെ മുതല’ വായിച്ചു (ലക്കം: 1323). കഥ എന്നെ ചില ഓർമകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

വർഷങ്ങൾക്കുമുമ്പ്‌ ഒരുദിവസം ഈ കഥാകാരനൊപ്പം ജയേട്ടനെ സന്ദർശിച്ചു –എ. ജയകുമാറിനെ. ഒരുകാലത്ത്‌ മലയാളി വായനക്കാരെ അത്ഭുതപ്പെടുത്തിയിരുന്ന കഥകളെഴുതിയ എ. ജയകുമാർ. ലളിതമായ ഭാഷയിൽ ആഴമേറിയ ജീവിതങ്ങൾ കോറിയിട്ട കഥാകൃത്തിനെ.

വരാഹമൂർത്തി ക്ഷേത്രത്തിനോരം ചേർന്ന്‌ എട്ട്‌ ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രക്കുളത്തിനരികിലായിരുന്നു അന്ന്‌ ജയേട്ടൻ താമസിച്ചിരുന്നത്‌. ഒരു ചെറിയ വാടകവീട്ടിൽ. സ്വീകരണമുറിയും എഴുത്തുമുറിയും ഭക്ഷണമുറിയും എല്ലാമായിരുന്ന ഒരു മുറിയിലിരുന്ന്‌ ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു. ആ മുറിയിൽതന്നെയായിരുന്നു ജയേട്ടൻ വളർത്തിയിരുന്ന സ്വർണമത്സ്യങ്ങളും.

സ്വയം വിൽക്കാനറിയാത്ത കുറേയേറെ എഴുത്തുകാരെ പരിചയപ്പെടാനായിട്ടുണ്ട്‌. എഴുപതുകളിലും എൺപതുകളിലും അവർ കൂടിയായിരുന്നു മലയാള ചെറുകഥയുടെ മുഖം. അവരിൽ പലരെയും ഇന്ന് പ്രസാധകരും മാധ്യമങ്ങളും മറന്നിരിക്കുന്നു. ജയേട്ടൻ അതിലൊരാൾ മാത്രം. നിങ്ങളൊക്കെ പിൻവലിഞ്ഞ്‌ നിൽക്കുന്നതാണ്‌ ഇന്നത്തെ മലയാള ചെറുകഥാ സാഹിത്യത്തിൽ ഉപരിപ്ലവമായ വാചാ​ടോപം മാത്രമായ കഥകൾ പെരുകുന്നതിനും അതാണ്‌ കഥ എന്ന്‌ വായനക്കാരെ വിശ്വസിപ്പിക്കുന്നതിനും കാരണമെന്ന്‌ പലപ്പോഴും ഇവരോട് തന്നെ പറയേണ്ടിവന്നിട്ടുണ്ട്‌.

‘‘നിങ്ങൾ തന്നെ നിങ്ങളെ ഒന്നാം നമ്പർ എന്ന്‌ വിളിക്കുന്നില്ലെങ്കിൽ പിന്നെയാരു വിളിക്കും’’ എന്ന്‌ ഒരു പരസ്യ നിർമാതാവൊരിക്കൽ തന്നോട്‌ ചോദിച്ചതായി (അദ്ദേഹത്തിന്റെ രംഗത്ത്‌) ലോകമറിയുന്ന ഒരു മലയാളി സംരംഭകൻ പറഞ്ഞത്‌ ഓർമയിലെത്തുന്നു. അതിനാലായിരിക്കണം ഇന്ന്‌ എല്ലാ കഥാകൃത്തുക്കളും താനെഴുതിയ കഥയുടെ മഹത്ത്വമാഘോഷിക്കുന്നത്‌.

‘വരാഹമിഹിരന്റെ മുതല’യിലൂടെ കഥാകാരൻ ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞു​െവച്ചിരിക്കുന്നു. പിൻവലിഞ്ഞവന്റെ കഥ. അവൻ ‘വായും പിളർന്ന്‌ നരച്ച അസ്തമയവും നോക്കിനിൽക്കുന്ന കാലബോധങ്ങളൊന്നുമില്ലാത്ത വരാഹമിഹിരന്റെ മുതല’യാകുന്നത്‌. അതെ, ‘നരച്ച അസ്തമയ’മാണ്‌. തുടുപ്പില്ലാത്തത്‌. ജീവനില്ലാത്തത്‌.

ഒരുകാലത്ത്‌ ഇയാളുടെ അനുവാദമില്ലാതെ ഈ നഗരത്തിലെ ഒരു സാഹിത്യപരിപാടിയും അനങ്ങില്ലായിരുന്നു. അതേ വ്യക്തി തനിക്കിപ്പോൾ സന്ദർശകർപോലും വിരളമെന്ന്‌ സൂചിപ്പിക്കുന്നു.

‘‘ഈ കസേരകൾ എന്നും പുതിയവയാണ്. അധികമാരും ഇരിക്കാറി​െല്ലന്നേയുള്ളൂ, ആരും ഇരിക്കാതെയാണ് നാം പലതിനെയും പഴയതെന്ന് പറയുന്നത്. നിരന്തരം വേണ്ട, വല്ലപ്പോഴും ഒന്നിരുന്നാൽ എല്ലാം പുതിയതാണ്. എല്ലാം...’’ കഥയിലെ ഈ വാചകത്തെ ഞാനൊന്ന് പുനർവായിക്കുന്നു. പഴയതെന്ന്‌ നമ്മൾ പറയുന്ന കഥകൾ വായിക്കൂ.

അതും പുതിയതാണ്‌. പുതിയതിനേക്കാൾ പുതിയത്‌. അവരെ വായിക്കാത്തതുകൊണ്ടു മാത്രമാണിന്നത്തെ കഥകൾ പുതിയതെന്ന ചിന്തയുണ്ടാകുന്നത്.

അതെ കഥാകാരാ... ‘‘ഈ പ്രതിഭയെന്നും സർഗാത്മകതയെന്നുമെല്ലാം പറയുന്നത്‌ ഒരുതരം രോഗാവസ്ഥയാണ്‌. കുറേനാൾ ചികിത്സ ചെയ്യാതിരുന്നാലും താനേ ഒഴിഞ്ഞുപോകാറുള്ള ചില ഉന്മാദങ്ങളില്ലേ..? താനേ വിട്ടൊഴിഞ്ഞുപോകുന്ന...’’ അതുപോലെയാണ്‌ മനുഷ്യരും. ചിലരെല്ലാം താനെ നമ്മളിൽനിന്ന്‌ വിട്ടൊഴിഞ്ഞുപോകും. ഒരു തിരിഞ്ഞുനോട്ടത്തിന്‌ വായനക്കാരെ പ്രേരിപ്പിക്കുന്ന ഈ കഥക്ക് നന്ദി.

സുരേഷ് എം.ജി

ഒരു അനുഭവമായി മാറിയ കഥ

പ്രിയപ്പെട്ട ചിത്രകാരൻ തോലിൽ സുരേഷിന്റെ ‘വിവേകമുള്ള പക്ഷിയുടെ ദിശ’ വായിച്ചു (ലക്കം:1325). കാലത്തിന്റെ ഉള്ളറകളിൽനിന്നും പെറുക്കിയെടുത്ത് അർഥവത്തായി എഴുതിയ കഥ.

ഐസഫ് മാഷ്, ഇമാനു, യോസഫ് എന്നിവരുടെ ജീവനൊമ്പരങ്ങളിലൂടെ നെയ്തെടുത്ത കഥ മർക്കോസ് എഴുതിയ സുവിശേഷത്തിലെ 4:3-8 വാക്യം വായനക്കാരെ ഓർമപ്പെടുത്തിയാണ് തുടങ്ങിയത്. പറങ്കിമാങ്ങയുടെ മണം പരത്തി എഴുതിയ കഥ സാങ്കൽപികമല്ല.

അന്നത്തെ ദിവസം ഐസഫ് മാഷ് ക്ലാസിൽ എത്തിയത് ഹാജർ പട്ടികക്കൊപ്പം വാൻഗോഗ് വരച്ച ‘ഗോതമ്പ് പാട’ത്തിന്റെ ഒരു കലണ്ടർ ചിത്രവുമായിട്ടായിരുന്നു എന്ന് പറഞ്ഞാണ് കഥയിലേക്ക് വായനക്കാരെ സ്വാഗതംചെയ്യുന്നത്.

ഇളംമഞ്ഞ കുമ്മായം പൂശിയ ഓടിട്ട മൺനിലമുള്ള യു.പി സ്കൂളിലൂടെ കഥ വളരുന്നു. ഇടവഴിയിലൂടെ നടന്നതും സ്കൂൾജീവിതവുമെല്ലാം വായനക്കാരെ ബാല്യകാല ഓർമകളിലേക്ക് കൊണ്ടുപോകുന്നു.

കനോലി കനാലിലെ വേലിയേറ്റത്തിലൂടെ പറങ്കിപ്പൂക്കളുടെ തീക്ഷ്ണഗന്ധം പേജുകളിൽ നിറയുന്നു. ഒരു കൂട്ടം കാക്കകൾ കഥയുടെ താളിൽ ഇരുന്നത് കഥാവസാനം വായനക്കാരുടെ ഹൃദയത്തിലേക്കാണ് പറന്നു കയറുന്നത്. നല്ല ഭാഷക്കൊപ്പം അ​ജയ് കെ.പിയുടെ മനോഹര ചിത്രങ്ങളും ചേർന്നപ്പോൾ കഥ അനുഭവമായി.

സന്തോഷ് ഇലന്തൂർ

ഒ.വി. വിജയൻ സ്മാരക സമിതി പുരസ്കാരം

നോവൽ, ചെറുകഥ സമാഹാരം, യുവകഥ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. മികച്ച നോവലിനും കഥാസമാഹാരത്തിനും 25,000 രൂപയും പുരസ്കാര ഫലകവും പ്രശസ്തിപത്രവും മികച്ച യുവകഥക്ക് 10,000 രൂപയും പുരസ്കാരഫലകവും പ്രശസ്തിപത്രവും ലഭിക്കും. രചനകൾ 2023 സെപ്റ്റംബർ 30നകം കിട്ടത്തക്ക വിധം തപാലിലോ കൊറിയറിലോ അയക്കേണ്ടതാണ്.

വിലാസം: സെക്രട്ടറി, ഒ.വി. വിജയൻ സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരി പോസ്റ്റ്, പാലക്കാട് 678701. ഫോൺ: 9447360097, 9447319967.

Tags:    
News Summary - madhyamam weekly letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.