അയ്യൻകാളി മാറിനിന്നിട്ടില്ലവൈക്കം സത്യഗ്രഹത്തെ മുൻനിർത്തി കെ.എം. സലിംകുമാർ എഴുതിയ ലേഖനത്തിൽ (ലക്കം: 1328) അയ്യൻകാളി ‘മാറിനിന്നു’ എന്നു പറയുന്നുണ്ട്. സത്യഗ്രഹത്തോട് അയ്യൻകാളിക്ക് യോജിപ്പില്ലായിരുന്നു എന്നാണ് ലേഖകൻ ഉദ്ദേശിക്കുന്നത് എന്ന് ഞാൻ കരുതുന്നു. എന്നാൽ, ആ നിഗമനത്തിന് ചരിത്രവസ്തുതകളുടെ പിൻബലമില്ലെന്നാണ് കണ്ടിട്ടുള്ളത്. പുലയരും ഈഴവരും മറ്റും ഉൾപ്പെടെ 2000ത്തോളം പേർ (500ഓളം പുലയരും എന്ന് മറ്റൊരു മേഖലയിൽ) പങ്കെടുത്ത സത്യഗ്രഹ ആശ്രമ സമ്മേളനത്തിൽ ഗാന്ധിജി പ്രസംഗിക്കുന്നതിന്റെയും സത്യഗ്രഹ വളന്റിയറായ ആമചാടി തേവൻ ജയിൽമോചിതനായ ശേഷം, അയ്യൻകാളി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടത്തിയ...
അയ്യൻകാളി മാറിനിന്നിട്ടില്ല
വൈക്കം സത്യഗ്രഹത്തെ മുൻനിർത്തി കെ.എം. സലിംകുമാർ എഴുതിയ ലേഖനത്തിൽ (ലക്കം: 1328) അയ്യൻകാളി ‘മാറിനിന്നു’ എന്നു പറയുന്നുണ്ട്. സത്യഗ്രഹത്തോട് അയ്യൻകാളിക്ക് യോജിപ്പില്ലായിരുന്നു എന്നാണ് ലേഖകൻ ഉദ്ദേശിക്കുന്നത് എന്ന് ഞാൻ കരുതുന്നു. എന്നാൽ, ആ നിഗമനത്തിന് ചരിത്രവസ്തുതകളുടെ പിൻബലമില്ലെന്നാണ് കണ്ടിട്ടുള്ളത്. പുലയരും ഈഴവരും മറ്റും ഉൾപ്പെടെ 2000ത്തോളം പേർ (500ഓളം പുലയരും എന്ന് മറ്റൊരു മേഖലയിൽ) പങ്കെടുത്ത സത്യഗ്രഹ ആശ്രമ സമ്മേളനത്തിൽ ഗാന്ധിജി പ്രസംഗിക്കുന്നതിന്റെയും സത്യഗ്രഹ വളന്റിയറായ ആമചാടി തേവൻ ജയിൽമോചിതനായ ശേഷം, അയ്യൻകാളി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടത്തിയ പുലയസമ്മേളനത്തിൽ പ്രസംഗിക്കുന്നതിന്റെയും മറ്റും രേഖകൾ ഞാൻ കണ്ടിട്ടുണ്ട്.
വൈക്കം സത്യഗ്രഹത്തിന് മൂന്നുകൊല്ലം മുമ്പേ, ക്ഷേത്രപ്രവേശനത്തിനുതന്നെ യത്നിക്കാൻ രൂപവത്കരിച്ച ശിവഗിരി കമ്മിറ്റിയിൽ അംഗമാകുന്ന അയ്യൻകാളിയെയും ക്ഷേത്രപ്രവേശനാഘോഷ കമ്മിറ്റിയിലും ആഘോഷത്തിലും പങ്കെടുക്കുന്ന അയ്യൻകാളിയെയും പഴയ രേഖകളിൽ കാണുന്നുണ്ട്. തന്റെ സമുദായത്തിന് ക്ഷേത്രനിർമാണ സഹായം ചോദിച്ച് പ്രജാസഭയിൽ പ്രസംഗിക്കുന്ന അയ്യൻകാളിയുമുണ്ട് രേഖകളിൽ. അതായത്, പൗരസ്വാതന്ത്ര്യപരമായ എല്ലാ സമാരംഭങ്ങളെയും അദ്ദേഹം അനുകൂലിച്ചു. സഞ്ചാരസ്വാതന്ത്ര്യം, മാറുമറയ്ക്കൽ അവകാശം, വിദ്യാഭ്യാസ അവകാശം, ഭൂമിയവകാശം എന്നിവക്കായുള്ള യത്നങ്ങൾ തന്റെ മുഖ്യ പ്രവർത്തനരംഗങ്ങളായിരിക്കുമ്പോൾ തന്നെ അദ്ദേഹം മറ്റു പൗരസ്വാതന്ത്ര്യ കാര്യങ്ങളിലും ഇടപെട്ടിരുന്നു (ഇത്തരം കാര്യങ്ങൾ രേഖാപരമായിത്തന്നെ വിശദമാക്കുന്ന രണ്ടാമത്തെ പുസ്തകമെഴുത്തിൽ മുഴുകിയിരിക്കുന്നതിനാൽ തൽക്കാലം കൂടുതൽ വിവരിക്കാൻ സമയമില്ല. മാത്രമല്ല, സലിംകുമാറിന്റെ ലേഖനത്തിലെ മറ്റ് ഒരു കാര്യത്തിലേക്കും ഞാൻ കടക്കുന്നില്ല).
ഇപ്പറഞ്ഞതെല്ലാം ചേർത്താലും അയ്യൻകാളി പ്രസ്ഥാനത്തിന് മഹത്ത്വക്കുറവൊന്നും വരാനില്ല. മറിച്ച്, വസ്തുതകൾ മുഴുവൻ മുന്നിൽവെച്ചുവേണം ആ വലിയ ജനകീയ മുന്നേറ്റത്തെ പഠിക്കാൻ എന്ന മഹത്ത്വപൂർണമായ ചുമതല നാം അനുസരിക്കുന്നു എന്നേ വരൂ. മറ്റു പലരും അച്ചടിയിലും ഫേസ്ബുക്കിലും മറ്റും പ്രചരിപ്പിക്കുന്ന അയ്യൻകാളി പ്രസ്ഥാന സംബന്ധമായ ഊഹാപോഹങ്ങൾ, വസ്തുനിഷ്ഠ ചരിത്രരചനക്കുള്ള വലിയ തടസ്സങ്ങളാണ്. ഇന്ന് നമുക്ക് ഇഷ്ടക്കേട് തോന്നുന്നതരം ചുവടുവെപ്പുകളാണ് പഴയ ജനകീയ പ്രസ്ഥാനങ്ങൾക്ക് പലപ്പോഴും നിർവഹിക്കേണ്ടിവന്നിട്ടുള്ളത്. അന്നത്തെ ഭൗതിക സാഹചര്യത്തിൽ പ്രായോഗികമായതെന്തോ അതാണ് അവർ ചെയ്തത്. അതിൽ മിക്ക ചുവടും അയിത്തത്തിനെതിരായ അന്നത്തെ അടിയന്തര സമരമായിരുന്നു എന്ന് തിരിച്ചറിയണമെങ്കിൽ, ആ ചരിത്രകാലത്തിന്റെ വിപുലമായ അറിവുകൾ തേടേണ്ടതുണ്ട്. നിർഭാഗ്യവശാൽ, വളരെ ഉപരിപ്ലവമായ വിവരങ്ങളും കുറച്ച് വസ്തുതകളും തമ്മിൽ മത്സരിക്കുന്നതരം രചനകളാണ് അവർണ മുന്നേറ്റങ്ങളെപ്പറ്റി നമുക്ക് കിട്ടിയിട്ടുള്ളത്. ഉത്തരവാദപ്പെട്ട അക്കാദമിക് പഠനകേന്ദ്രങ്ങൾ പ്രഭാഷണ സംഘാടകരായി ചുരുങ്ങുന്നതിന്റെ ഫലമാണിത് (ചരിത്രകാര്യങ്ങൾ എഴുതുന്നിടത്ത് അതിന്റെ വിവര ഉറവിടങ്ങൾ സൂചിപ്പിക്കുകയെങ്കിലും ചെയ്യണമെന്ന് തോന്നുന്നവർ ചുരുക്കമാണ്).
അയിത്താധിഷ്ഠിത ബ്രാഹ്മണ്യം നിലനിൽക്കുന്ന കാലത്തോളം, എവിടെയും അതിനെതിരായ പോരാട്ടത്തിന്റെ ആദ്യ ഉന്നങ്ങളിൽ ഒന്ന്, ക്ഷേത്രാധിഷ്ഠിത പൗരസ്വാതന്ത്ര്യ നിഷേധത്തെ തകർക്കുക എന്നതായിരിക്കും. ക്ഷേത്രമാണ് ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയ തലസ്ഥാനം. മൂന്ന് നൂറ്റാണ്ട് മുമ്പ് മധുരയിൽ ക്ഷേത്രരഥച്ചരട് പിടിക്കാൻ അവകാശം ചോദിച്ച് സമരംചെയ്ത അയിത്തജാതിക്കാരെപ്പറ്റിയും ഞാൻ കേട്ടിട്ടുണ്ട്.
ചെറായി രാമദാസ്, കിഴക്കമ്പലം
ആരാണ് വി. ദേവൻ?
ശ്രീകുമാരൻ തമ്പി എഴുതുന്ന ‘സംഗീത യാത്രകൾ’ സ്ഥിരമായി വായിക്കാറുണ്ട്. മലയാള ഗാനചരിത്രമാണെങ്കിലും വരികൾക്കിടയിൽ കാണികളായ ഞങ്ങൾക്ക് മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ പല വിശേഷങ്ങളും അറിയാൻ കഴിയുന്നുണ്ട്. പല സന്ദർഭങ്ങളിലും പാട്ടുകൾക്കപ്പുറത്തുള്ള അനുബന്ധ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്.
‘പടങ്ങൾ നാം മറക്കും, പാട്ടുകൾ ഓർമിക്കും’ എന്ന പേരിൽ വന്ന 68ാം അധ്യായത്തിൽ (ലക്കം: 1328) ‘ആ ചിത്രശലഭം പറന്നോട്ടെ’ എന്ന സിനിമയുടെ അണിയറ രഹസ്യങ്ങൾ പലതും പങ്കുവെക്കുന്നുണ്ടല്ലോ! ഇതേ അധ്യായത്തിൽ ‘ലോട്ടറി ടിക്കറ്റ്’ എന്ന സൂപ്പർഹിറ്റ് സിനിമയെക്കുറിച്ച് പറയുമ്പോൾ കഥയെഴുതിയ വി. ദേവനെ പരാമർശിക്കുന്നുണ്ട്. ആരാണത് എന്ന് ലേഖകന് പറയാനാകുമോ? മലയാള സിനിമ നിർമാണ-വിതരണ രംഗത്ത് വലിയ ആധിപത്യം സ്ഥാപിച്ചിരുന്ന ടി.ഇ. വാസുദേവൻതന്നെയാണ് വി. ദേവൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. നിർമിച്ചിരുന്ന പല സിനിമകളുടെയും കഥ അദ്ദേഹം സ്വന്തം പേരിലാക്കി, ചിലതിന്റെ തിരക്കഥയും! ജനപ്രിയ നോവലിസ്റ്റ് ആയിരുന്ന മൊയ്തു പടിയത്ത് വരെ അക്കൂട്ടത്തിൽപെടും.
എഴുത്തുകാർക്ക് നാമമാത്രമായ പ്രതിഫലമോ പലർക്കും കിട്ടാതാകുകയോ ചെയ്യുന്ന അവസ്ഥയിൽ പ്രതിഫലം കൊടുത്ത് കഥ വാങ്ങുമ്പോൾ രചയിതാവിനും സന്തോഷം! യഥാർഥ കഥാകൃത്ത് അപ്പോഴും കർട്ടന് പിന്നിൽതന്നെയാവും. പിൽക്കാലത്ത് സിനിമയുടെ അവകാശം മറ്റ് ഭാഷകളിലേക്ക് വിൽപന നടക്കുകയാണെങ്കിൽ കഥാകൃത്ത് പരാതിയോ പരിഭവമോ പറയരുത് എന്ന ഉദ്ദേശ്യത്തിലുള്ള ബിസിനസ് തന്ത്രമറിയുന്ന ഈ നിർമാതാവിന്റെ ദീർഘവീക്ഷണവുമാവാം. ഗാനചരിത്രം തുടരുമ്പോൾ ഇനിയും മേൽ പരാമർശിച്ച ഈ ചലച്ചിത്രകാരന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ ധാരാളം അവസരങ്ങൾ വരും. അപ്പോഴെങ്കിലും ആരാണ് ഈ വി. ദേവൻ എന്ന് ആദരണീയനായ ശ്രീകുമാരൻ തമ്പി വ്യക്തമാക്കുമെന്ന് കരുതുന്നു.
കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്
സ്നേഹത്തിന് മാനം നൽകുന്ന കഥ
പ്രിയ കഥാകൃത്ത് പ്രമോദ് കൂവേരിയുടെ കഥ ‘അടിമക്കടുവ’ മാധ്യമം ആഴ്ചപ്പതിപ്പിൽ വായിച്ചു (ലക്കം: 1327). ‘‘രാമകൃഷ്ണനെയൊന്ന് വയനാട് കാണിക്ക്യോ?
തന്നെക്കാണാൻ വരുന്ന ആരോടും ഇതുവരെ ചോദിക്കാത്ത ഒരു കാര്യം പ്രശാന്തനോട് കുറുപ്പ് സാർ ആവശ്യപ്പെട്ടു’’ എന്ന് പറയുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്.
ഒരുകാലത്ത് പ്രതാപിയായിരുന്ന കുറുപ്പ് സാറിന്റെയും സഹായി രാമകൃഷ്ണന്റെയും ജീവിതം പറഞ്ഞ് ലളിതവും മനോഹരവുമായ ഭാഷയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
കഥയുടെ ഒത്തനടുക്കാണ് ഫോട്ടോഗ്രാഫറായ പ്രശാന്തൻ രാമകൃഷ്ണനോടൊപ്പം വായനക്കാരെ കൂട്ടി വയനാട്ടിലേക്കുള്ള യാത്രയിൽ ചുരം കയറുന്നത്.പ്രകൃതിഭംഗി നിറച്ച കഥയിൽ രഘുസാറും കടന്നുകയറുന്നു. പുറമെയുള്ള തലയെടുപ്പും പ്രതാപവുമെല്ലാം അകമേ ഇല്ലാത്ത മനുഷ്യരുടെ ഉള്ളത്തിലേക്ക് നോക്കുന്ന കഥ സ്നേഹത്തിന് പുതിയ മാനം നൽകുന്നു.
മനുഷ്യബന്ധങ്ങളുടെ വൈവിധ്യങ്ങളെ വൈഭവത്തോടെ കണ്ടെടുത്ത് ചിത്രീകരിക്കുന്ന പ്രമോദ് മലയാള കഥാസാഹിത്യത്തിൽ വ്യത്യസ്തമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ചുറ്റുപാടുകളിൽനിന്ന് കണ്ടെടുക്കുന്ന കഥ ജീവിതത്തിന്റെ സത്യസന്ധമായ മുഖം പ്രദർശിപ്പിക്കുന്നു. മികച്ച കഥ, മികച്ച എഡിറ്റിങ്.
സന്തോഷ് ഇലന്തൂർ (ഫേസ്ബുക്ക്)
ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ
മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച വി.എം. സുധീരന്റെ ഉമ്മൻ ചാണ്ടി സ്മൃതി വായിച്ചു. വി.എം. സുധീരന്റെ ലേഖനം വായിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വത്തിലെ ഔന്നത്യവും സുധീരൻ എന്ന സഹപ്രവർത്തകന്റെ സ്നേഹാദരങ്ങളും നമ്മുടെ മനസ്സിൽ പതിയുന്നു.
ഉമ്മൻ ചാണ്ടിയുടെ പ്രവിശാലമായ ജനകീയതയെ കുറിച്ച് വാമൊഴിയായി പ്രചരിച്ച ഒരു തമാശക്കഥയുണ്ട്. ഒരിക്കൽ ഒരാൾ ഉമ്മൻ ചാണ്ടിയെ സമീപിച്ചു. അമേരിക്കയിൽ ഒരു ചെറിയ കാര്യമുണ്ട്; സഹായിക്കണം. ഉടനെ ഉമ്മൻ ചാണ്ടി അമേരിക്കൻ പ്രസിഡന്റ് കെന്നഡിക്ക് ഒരു കത്തെഴുതി. ഈ കഥയിൽ സത്യത്തിന്റെ അംശം ഇല്ലെന്ന് നമുക്കറിയാം. പക്ഷേ, ഈ കഥയിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയതയെ കുറിച്ചുള്ള സൂചനയുണ്ട്. ആരെയും സഹായിക്കാൻ ഉമ്മൻ ചാണ്ടി സദാ സന്നദ്ധനായിരുന്നു. സഹായം തേടിയെത്തുന്നവരെ മാത്രമല്ല, അങ്ങോട്ടു ചെന്നും സഹായിക്കുന്ന രീതിയായിരുന്നു ഈ രാഷ്ട്രീയക്കാരന്റേത്.
എന്റെ ഒരു ചെറിയ അനുഭവം എഴുതട്ടെ. വർഷങ്ങൾക്കു മുമ്പാണ്. ഉമ്മൻ ചാണ്ടി അന്ന് പ്രതിപക്ഷ എം.എൽ.എയാണ് എന്നാണ് ഓർമ. ഞാൻ വ്യക്തിപരമായ കാര്യത്തിനുവേണ്ടി സെക്രേട്ടറിയറ്റിൽ ചെന്നിരിക്കുന്നു. എന്റെ കാര്യം ശരിയാകാൻ അൽപം താമസമുണ്ട്. ഞാൻ വരാന്തയിൽ കാത്തുനിൽക്കുകയാണ്. അപ്പോഴാണ് ഉമ്മൻ ചാണ്ടി അതിലേ വരുന്നത്. വരാന്തയിൽ നിൽക്കുന്ന എന്നെ കണ്ട് ചിരപരിചിതനെപ്പോലെ ൈക ഉയർത്തി അഭിവാദ്യംചെയ്ത് അദ്ദേഹം കടന്നുപോയി. ആരോടും പരിചയം നടിക്കുന്ന രാഷ്ട്രീയക്കാരന്റെ സാധാരണ ചടങ്ങ് എന്നാണ് ഞാൻ കരുതിയത്.
സമയം കുറെ കഴിഞ്ഞു. ഞാൻ വരാന്തയിൽ കാത്തുനിൽപ് തുടരുകയാണ്. ഉമ്മൻ ചാണ്ടി വീണ്ടും അതിലേ വന്നു. എന്നെ കണ്ട് പഴയപടി കൈകളുയർത്തി അഭിവാദ്യംചെയ്തു. എന്റെ അടുത്തുവന്ന് സ്നേഹപൂർവം അന്വേഷിക്കുന്നു. കുറച്ചു മുമ്പ് ഞാൻ പോകുമ്പോഴും നിങ്ങൾ ഇവിടെത്തന്നെയുണ്ടല്ലോ, എന്താ കാര്യം നടന്നില്ലേ? എന്റെ സഹായം വല്ലതും ആവശ്യമുണ്ടോ? എന്റെ കാര്യം ഉടനെ ശരിയാകുമെന്ന് ഉറപ്പുള്ളതിനാൽ ഞാനക്കാര്യം അദ്ദേഹത്തോടു പറഞ്ഞു. അപ്പോൾ അറിയാതെ എന്റെ മനസ്സിൽ ഒരു സംശയം മുളപൊട്ടി. ഞാൻ പുതുപ്പള്ളിക്കാരനോ മറ്റോ ആണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുവോ? ഞാൻ വളരെ വിനയാന്വിതനായി അദ്ദേഹത്തോടു പറഞ്ഞു, ഞാൻ കൊടുങ്ങല്ലൂരുകാരനാണ്. എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ഉടനെ വന്നു, ഉമ്മൻ ചാണ്ടിയുടെ മറുപടി: “ഞാൻ കേരളീയനാണ്.’’
തുറന്ന ചിരിയോടെ എന്റെ കൈപിടിച്ചു കുലുക്കി മുന്നോട്ടു നടക്കുന്ന ആ മനുഷ്യനെ ഞാൻ അത്ഭുതാദരങ്ങളോടെ നോക്കിനിന്നു. കേരളത്തിന്റെ വീരപുത്രനെ കുറിച്ച് ബഷീർ പറയുന്ന ഒരു സത്യകഥയുണ്ടല്ലോ. കണ്ടപാടെ, “ഊണു കഴിച്ചോ?’’ എന്നു ചോദിക്കുന്ന അബ്ദുറഹ്മാനാണ് എന്റെ അബ്ദുറഹ്മാൻ എന്ന്. അതുപോലെ ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ അപരിചിതനായ എന്നോട് ഇങ്ങോട്ടുവന്ന് സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ച സ്നേഹനിധിയായ, ജനകീയനായ നേതാവാണ് എന്റെ മനസ്സിൽ ഉയരുന്നത്.
കാതിയാളം അബൂബക്കർ, കൊടുങ്ങല്ലൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.