ഭൂതകാലക്കുളിരിൽ മുങ്ങിയത് മതിമാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1264ൽ സനിൽ പി. തോമസ് എഴുതിയ 'കേരളത്തിന്റെ ഫുട്ബാൾ സന്തോഷം' വലിയ ആവേശത്തോടെയാണ് വായിക്കാനെടുത്തത്. കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയത്തിന്റെ ആരവങ്ങൾ ഉൾക്കൊള്ളുന്നതാകും ലേഖനമെന്ന് വിശ്വസിച്ചാണ് തുറന്നത്. മുതിർന്ന പത്രപ്രവർത്തകനും സ്പോർട്സ് ജേണലിസ്റ്റുമായ സനിൽ പി. തോമസിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ലേഖനം വെറും നൊസ്റ്റാൾജിയ മാത്രമായി...
ഭൂതകാലക്കുളിരിൽ മുങ്ങിയത് മതി
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1264ൽ സനിൽ പി. തോമസ് എഴുതിയ 'കേരളത്തിന്റെ ഫുട്ബാൾ സന്തോഷം' വലിയ ആവേശത്തോടെയാണ് വായിക്കാനെടുത്തത്. കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയത്തിന്റെ ആരവങ്ങൾ ഉൾക്കൊള്ളുന്നതാകും ലേഖനമെന്ന് വിശ്വസിച്ചാണ് തുറന്നത്. മുതിർന്ന പത്രപ്രവർത്തകനും സ്പോർട്സ് ജേണലിസ്റ്റുമായ സനിൽ പി. തോമസിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ലേഖനം വെറും നൊസ്റ്റാൾജിയ മാത്രമായി ഒതുങ്ങി.
എന്തുകൊണ്ടാണ് മലപ്പുറം കാൽപന്തിന്റെ മെക്കയായി അറിയപ്പെടുന്നതെന്ന് രാജ്യത്തിന് ഒന്നാകെ കാണിച്ചുകൊടുത്ത ജനകീയമായ സന്തോഷ് ട്രോഫി ടൂർണമെന്റിനാണ് തിരശ്ശീല വീണത്. പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെയും അവരുടെ പിന്തുണയെയും ലേഖനം പരാമർശിച്ചുപോലുമില്ല. ഇത്രയധികം കാണികൾക്ക് മുന്നിൽ പന്ത് തട്ടുന്നത് ജീവിതത്തിലാദ്യമെന്നാണ് കേരളത്തിനെതിരെ മത്സരിച്ച ടീമുകളിലെ കളിക്കാരെല്ലാം ഒന്നടങ്കം പറഞ്ഞത്. റമദാൻ മാസമായതിനാൽതന്നെ സ്റ്റേഡിയത്തിൽ നോമ്പുതുറക്കുന്നവർവരെയുണ്ടായിരുന്നു. വലിയ പരസ്യങ്ങളോ ബോളിവുഡ്-ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യമോ ഒന്നുമില്ലാതെ കാൽപന്തിനെ സ്നേഹിച്ച് മാത്രം എത്തിയ കാൽപന്താരാധകരുടെ ഓർമകളിലാകും ഈ സന്തോഷ് ട്രോഫി അറിയപ്പെടുക.
പണക്കൊഴുപ്പിന്റെയും താരമൂല്യത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമല്ലല്ലോ, ഫുട്ബാളിനെ അളക്കേണ്ടത്?. 'മൂന്നാം നിര' ടൂർണമെന്റെന്ന് വിളിക്കുന്ന സന്തോഷ് ട്രോഫിയിൽ പല മത്സരങ്ങളും ഉയർന്ന നിലവാരം പുലർത്തിയിരുന്നു. ഇന്ത്യൻ ഫുട്ബാളിനും ഐ.എസ്.എല്ലിനുമെല്ലാം ഒരുപിടി താരങ്ങളെക്കൂടി ടൂർണമെന്റ് സംഭാവന നൽകി. അവിസ്മരണീയ മത്സരങ്ങളും തിരിച്ചുവരവുകളും പോരാട്ടവീര്യങ്ങളുമെല്ലാം കണ്ട ജനകീയ ടൂർണമെന്റിനെയും കേരളം മുഴുവൻ ആഘോഷമാക്കിയ വിജയത്തിന് ചുക്കാൻ പിടിച്ചവരെയും വായനക്കാർക്കായി തുറന്നിടണമായിരുന്നു.
അഫ്താബ്, മഞ്ചേരി
മനസ്സിൽ തറയ്ക്കുന്ന കവിത
സമകാലികമായ സർഗാത്മക ജാഗ്രത കൈക്കൊള്ളുന്ന രചനകൾ ഇന്ന് പുതിയ കവികളുടേതായി വരുന്നുണ്ട്. രാഷ്ട്രീയ ജാഗ്രതയും അവയിൽ നിഴലിക്കുന്നുണ്ട്. സുഹൃത്തും പൊതുപ്രവർത്തകനുമായ വ്യക്തിക്ക് ബിനു പി.ടി നടത്തുന്ന അനുസ്മരണ കവിത 'സി.കെ. അബ്ദുൽ നൂർ' (ലക്കം: 1262) ഈ സവിശേഷതകളുള്ളതാണ്.
അബ്ദുൽ നൂർ നടത്തിയ അവിശ്രമമായ പ്രവൃത്തികൾ നമ്മുടെ മനസ്സിൽ ഓടിവരും. പഠിച്ച സ്കൂളിനെ വൃക്ഷത്തലപ്പുകളാൽ അലങ്കൃതമാക്കിയതും 'പുസ്തകത്തിലില്ലാത്ത പാഠങ്ങളും' 'കിളികളിൽനിന്നെല്ലാം വായിച്ച പാഠങ്ങളും' മാലോകർക്കെല്ലാം എത്തിച്ചുകൊടുക്കാൻ 'കൈവെള്ളയിൽ വിതച്ചു മുളപ്പിച്ച വിത്തു'കളുമായി നടന്ന ഒരുവനെകുറിച്ച് പി.ടി വല്ലാതെ പാടുന്നു; പറയുന്നു. ആസ്വദിച്ചാണ് അത് വായിച്ചത്.
എം.എം. ശംസുദ്ദീൻ
സമീപനം മാറാതെ രക്ഷയില്ല
''പുലർച്ചെ കോയമ്പത്തൂർ ആശുപത്രിക്കുമുന്നിൽ കൈയിൽ ഒരു സഞ്ചിയുമായി ആദിവാസി യുവതി നിലവിട്ട് കരയുന്നു. ആളുകൾ ഓടിക്കൂടി നോക്കുമ്പോൾ ആ സഞ്ചിയിൽ അവരുടെ സ്വന്തം കുഞ്ഞിന്റെ മൃതശരീരമാണ്. അട്ടപ്പാടിയിൽനിന്ന് വന്നതായിരുന്നു അവർ...'' 'വംശഹത്യ മുനമ്പിൽനിന്ന് ഒരു സങ്കടഹരജി' എന്ന സുൽഹഫിന്റെ ലേഖനത്തിലെ (ലക്കം: 1262) ഏറ്റവും ഹൃദയസ്പർശിയായ ഭാഗമാണിത്. ഇവിടെ ഒന്നേ ചോദിക്കാനുള്ളൂ. അട്ടപ്പാടിയിൽനിന്നും കേൾക്കുന്നത് നിസ്സഹായതയുടെ നിലവിളിയോ?
ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി കൊണ്ടുവരുന്ന പദ്ധതികൾ എല്ലാം പരാജയപ്പെടുന്നു. നിരവധി ഉദാഹരണങ്ങൾ ലേഖനം പറയുന്നുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജനനി ജന്മരക്ഷാ പദ്ധതി, ഫുഡ് സപ്പോർട്ട് പദ്ധതി, മില്ലറ്റ് വില്ലേജ് പദ്ധതി, കമ്യൂണിറ്റി കിച്ചൻ തുടങ്ങിയവയെല്ലാംതന്നെ അവതാളത്തിലാണ്.
ഇതൊന്നും കേവലം അട്ടപ്പാടിയിലെ മാത്രം പ്രശ്നമല്ല, ഭൂമിയുടെ യഥാർഥ അവകാശികളായ ആദിവാസി സമൂഹത്തിന്റെ ആകെ പ്രശ്നം തന്നെയാണ്. ഈ പ്രശ്നപരിഹാരത്തിന് ആദ്യം ചെയ്യേണ്ടത് താഴെതലം മുതൽ ആദിവാസി സമൂഹത്തോടുള്ള സമീപനം മാറ്റുകയാണ്. അല്ലാതെ രക്ഷയില്ല.
ദിലീപ് വി. മുഹമ്മദ് മൂവാറ്റുപുഴ
പട്ടികജാതി/വർഗ ക്ഷേമ മന്ത്രി വായിക്കേണ്ട ലേഖനം
ഒ.ആർ. കേളു അധ്യക്ഷനായ നിയമസഭാ സമിതിയും കേരളത്തിൽ ഈയടുത്ത് രൂപംകൊണ്ട ദലിത് സമുദായ മുന്നണിയും അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് തയാറാക്കി പുറത്തിറക്കിയ അന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽനിന്നുകൊണ്ടും, അട്ടപ്പാടിയിലെയും മറ്റ് ആദിവാസിമേഖലകളിലെയും ആദിവാസികൾ വർഷങ്ങളായി അനുഭവിച്ചുപോരുന്ന യാതനകൾ വസ്തുനിഷ്ഠമായി തുറന്നുകാണിച്ചുകൊണ്ടും സുൽഹഫ് എഴുതിയ ലേഖനം (ലക്കം: 1262) കേരളത്തിലെ പട്ടികജാതി/ വർഗ ക്ഷേമ മന്ത്രിയും മന്ത്രിസഭയും മുഴുവൻ എം.എൽ.എമാരും നിശ്ചയമായും വായിച്ചിരിക്കേണ്ടതാണ്.
സ്ഥായിത്വം, സഹജീവനം, സമത്വം എന്നീ ഉന്നത ജീവിത മൂല്യങ്ങൾ ജീവിതചര്യയായി സൂക്ഷിക്കുന്നവരും പാരിസ്ഥിതിക വിവേകം തലമുറകളായി കരുതുന്നവരുമായ നമ്മുടെ മണ്ണിന്റെ മക്കൾ ഇന്ന് അവശേഷിക്കുന്ന മണ്ണിൽ അതിജീവനത്തിനായി പൊരുതുകയാണ്. കൊളോണിയലിസം ഗോത്രസമൂഹങ്ങളുടെ ജീവിതം അപ്പാടെ മാറ്റിമറിച്ചുവെങ്കിലും, കോളനിയനന്തരകാലത്തെ ഇന്ത്യയിൽ അവർ വംശനാശത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ദയനീയ ചിത്രമാണ് ദൃശ്യമാകുന്നത്. ആദിവാസിയെ പ്രാകൃതനായി കാണുന്ന 'പരിഷ്കൃത' മനുഷ്യന് അവനോട് തോന്നിയ അവഗണനയും നിന്ദയുമാണ് അവനെ, അവന്റെ നിവാസമേഖല, തൊഴിൽ, വിശ്വാസം, സംസ്കാരം, ആചാരം, എന്നിവയിൽനിന്ന് അകറ്റാൻ കാരണമായി ഭവിച്ചത്.
കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരള വികസന മോഡലിന്റെ ഒരു ഗുണവും ആദിവാസിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മറിച്ച് അവർ അതിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. അണക്കെട്ടുകൾ, ടൂറിസം, വന്യമൃഗ സംരക്ഷണം, കാട് സംരക്ഷണം എന്നിവയിൽ സർക്കാർ വൻ നിക്ഷേപമിറക്കി അവ വികസനത്തിന്റെ പര്യായമാണ് എന്ന് പൊതുജനസമക്ഷം വീമ്പു പറയുമ്പോൾ, ഇക്കാരണത്താൽ കുടിയിറക്കപ്പെടുകയും അന്യരാക്കപ്പെടുകയും ചെയ്യുന്ന ആദിവാസികളുടെ വേദനയാർന്ന കഥകൾ ആരും കേൾക്കുകയോ മനുഷ്യത്വപരമായ രീതിയിൽ അതിനെ കാണുകയോ ചെയ്യാറില്ല. പട്ടികജാതി-വർഗ ക്ഷേമ രംഗത്ത് നേട്ടങ്ങൾ ഉണ്ടെന്ന് കൊട്ടിഗ്ഘോഷിക്കുകയും കോട്ടങ്ങൾ മറച്ചുപിടിക്കുകയും ചെയ്യുക എന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമായി മാത്രമേ എ.കെ. ബാലനെപോലെയുള്ളവരുടെ വാക്കുകളെ കാണാൻ കഴിയുകയുള്ളൂ. മുൻ സർക്കാറിന്റെ കാലത്തെ അപേക്ഷിച്ച് അട്ടപ്പാടി മേഖലയിലെ ശിശുമരണ നിരക്ക് കുറച്ചു കൊണ്ടുവരാനായി എന്ന അദ്ദേഹത്തിന്റെ അവകാശവാദം ഇതാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ പട്ടികജാതി/ വർഗ ക്ഷേമ വകുപ്പുകൾ അഴിമതിയുടെ കൂടാരങ്ങളാണ്. ദലിത് സമുദായ മുന്നണി സാരഥികൾ പറഞ്ഞതുപോലെ കാക്കത്തൊള്ളായിരം പദ്ധതികൾ ആവിഷ്കരിക്കുകയും കോടിക്കണക്കിന് രൂപ ആദിവാസി വികസനമെന്ന പേരിൽ ഒഴുക്കുകയും ചെയ്തിട്ടും ഈ വിഭാഗത്തിന് ഗുണമൊന്നും ഉണ്ടാകുന്നില്ല എന്നത് പോകട്ടെ, വംശഹത്യയിലേക്കാണ് നമ്മുടെ ഗോത്രവർഗം പോകുന്നത് എന്നറിഞ്ഞിട്ടും നമ്മുടെ ഭരണകൂടങ്ങൾ പാലിക്കുന്ന നിശ്ശബ്ദതയുടെ അർഥമെന്താണ്? ഭരണകർത്താക്കളുടെ ഭരണ കർത്തൃത്വ (governance) മികവുകൾ ഇവിടെ മാത്രം ആവിയായി പോകുന്നത് എന്തുകൊണ്ടാണ്?
ഇതിനു മുമ്പും പല സർക്കാർ കമ്മിറ്റികളും ആദിവാസി വിഭാഗങ്ങളിലേക്ക് 'ഇറങ്ങിച്ചെന്ന് ' പഠന ഗവേഷണങ്ങൾ നടത്തുകയും അവയുടെ കണ്ടെത്തലുകൾ സർക്കാറിന് സമയോചിതമായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ നടന്ന അട്ടപ്പാടി സന്ദർശനവും പഠനവും കണ്ടെത്തലുകളും റിപ്പോർട്ട് സമർപ്പണവും അത്തരത്തിലൊരു 'കാട്ടിക്കൂട്ടൽ' റിപ്പോർട്ടായി മാത്രമേ കാണാൻ കഴിയൂ. എന്നാൽ ദലിത് സമുദായ മുന്നണിയുടെ റിപ്പോർട്ട് അട്ടപ്പാടിയെ ഗൗരവപൂർവം നിരീക്ഷിക്കുന്നു, വസ്തുതകൾ കണ്ടെത്തുന്നു, കണ്ടെത്തലുകൾ ഗൗരവപൂർവം അവർ റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരിക്കുന്നു.
പി.ടി. വേലായുധൻ പയ്യോളി
വേറിട്ട ക്രാഫ്റ്റ്, വേറിട്ട അനുഭവം
''കഥകളൊന്നും വെറും കഥകളല്ലല്ലോ സർ. അതൊക്കെ ജീവിതമാ. ജീവിതങ്ങളൊക്കെ കഥകളും. ഓരോ വ്യക്തിയും ഓരോ ലോകവും.'' മാധ്യമം ആഴ്ചപ്പതിപ്പിൽ ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതിയ ദൈവത്തിന്റെ ഏകാന്തത എന്ന കഥയിലെ (ലക്കം-1263) ഒരു കഥാപാത്രം പറയുന്നതാണിത്.
ഈ കഥ വായനയെ വേറൊരു തലത്തിലേക്ക് ഉയർത്തുന്നു. കഥകൾപോലെ അതിശയിപ്പിക്കുന്ന, ജീവിതം നയിക്കുന്ന ചില മനുഷ്യരെ കാണാം. ഒരു ചലച്ചിത്ര സംവിധായകന് മുന്നിൽ സിനിമക്ക് യോജിച്ച കഥ പറയാൻ വന്നയാളാണ് കഥയിലെ ആഖ്യാതാവ്. അയാൾക്ക് പറയാനുള്ളതാകട്ടെ, കഥയേത്, ജീവിതമേത് എന്ന് േവർതിരിച്ചു പറയാനാവാത്ത ഒരു കഥയും.
ഈ കഥ വായിച്ചുപോകേ ഓരോ മനുഷ്യനും തങ്ങളുടെ മനസ്സിനുള്ളിൽ എന്തൊക്കെ രഹസ്യങ്ങളാണ് ഒളിപ്പിക്കുന്നത് എന്നു കണ്ട് നാം അത്ഭുതംകൂറും. ആധുനിക കാലത്ത് ദമ്പതികൾക്കിടയിൽ പ്രണയം വറ്റുന്നതും പുതിയ പ്രണയങ്ങളിലേക്കവർ ചേക്കേറുന്നതും ഇഷ്ടങ്ങൾ വെറും ശരീരകാമനകൾക്ക് വേണ്ടിയായി മാറുന്നതും നമുക്ക് ഈ കഥയിൽ കാണാം.
വാക്കുകളിൽ ഒളിപ്പിച്ചുവെച്ച കാപട്യം, ചിരിച്ചു കാട്ടുമ്പോഴും ഉള്ളിൽ നിറയുന്ന വെറുപ്പ്, കാര്യസാധ്യത്തിനായി കണ്ടെത്തുന്ന പുതിയ വഴികൾ...അങ്ങനെ എത്രമേൽ നിഗൂഢമാണ് മനുഷ്യമനസ്സ് എന്ന് ഈ കഥ കാട്ടിത്തരുന്നു. രസകരമായ കാര്യം, ഈ കഥയിൽ കഥാകൃത്ത് പ്രത്യക്ഷപ്പെടുന്നേയില്ല എന്നതാണ്. രണ്ട് കഥാപാത്രങ്ങൾ. അവരുടെ സംഭാഷണം. അതിലൂടെയാണ് കഥ ഉരുത്തിരിയുന്നത്, അവർ പറയുന്ന കഥയിലേക്ക് വന്ന് ചേരുകയാണ് മറ്റു കഥാപാത്രങ്ങൾ.
കഥയുടെ അന്ത്യത്തിൽ, കഥ പറയുന്നവർതന്നെയാണ് അതിലെ കഥാപാത്രങ്ങൾ എന്ന ഞെട്ടിക്കുന്ന തിരിച്ചറിവ് വായനക്കാരിലുണ്ടാകും.സാമ്പ്രദായിക രീതിയിൽനിന്ന് മാറി രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ മാത്രം പുരോഗമിക്കുന്ന കഥ നവ്യാനുഭവം പകരും.
മനോഹരമായൊരു പ്രമേയം. അത് പറഞ്ഞ് ഫലിപ്പിച്ചതിലെ കൈയടക്കം. കാച്ചിക്കുറുക്കിയ പദപ്രയോഗങ്ങൾ. എല്ലാറ്റിനും പുറമെ കഥപറച്ചിലിൽ പരീക്ഷിച്ച പുതിയ ക്രാഫ്റ്റും. എല്ലാം ചേരുമ്പോൾ അത് ഒരു അതിമനോഹരമായ കഥയായി മാറുന്നു.
ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.