കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1263 ലെ 'തുപ്പൽ കോളാമ്പികൾ' എന്ന ആമുഖക്കുറിപ്പ് അവസരോചിതമായി. ചാനൽ റേറ്റിങ് കൂട്ടാൻ വേണ്ടിയും അനാവശ്യ ബഹളങ്ങൾ സൃഷ്ടിക്കുന്നതിനായും കടുത്ത വർഗീയവാദികളായ പി.സി. ജോർജിനെയും രാഹുൽ ഈശ്വറിനെയും പോലെയുള്ളവരെ ചാനൽ സ്റ്റുഡിയോയിൽ കൊണ്ടുവന്ന് അവർ വിളമ്പുന്ന വൃത്തികേടുകൾ സാമാന്യജനങ്ങളുടെ സ്വീകരണ മുറിയിലേക്ക് വിസർജിക്കുന്നവർ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഒരു നിലവാരവുമില്ലാത്ത ഇത്തരം ആളുകളുടെ സംഭാഷണങ്ങളുടെയും കോമാളിത്തം നിറഞ്ഞ ശരീരഭാഷയുടെയും അസഹനീയതകൊണ്ട് മാത്രം ചാനൽ മാറ്റുന്ന വലിയ വിഭാഗം പ്രേക്ഷകരുണ്ട് എന്ന കാര്യം ചാനലുകളിലിരിക്കുന്നവർ ഓർക്കേണ്ടതാണ്. സമൂഹത്തിൽ എന്തെങ്കിലും രീതിയിലുള്ള സാമൂഹിക പ്രവർത്തനങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിലോ മതസംഘടനകളിലോ സ്ഥാനം വഹിക്കാത്തവരോ ആയ രാഹുൽ ഈശ്വറിനെ പോലെയുള്ളവരെ ദിലീപ് അനുകൂലി, സ്ത്രീവിരോധി എന്നൊക്കെ ഓമനേപ്പരുകൾ നൽകി ചാനലുകളിലേക്ക് ആനയിക്കുന്നവർ നാളെ ഗോവിന്ദച്ചാമി അനുകൂലി എന്നും കിരൺകുമാർ അനുകൂലി എന്നെല്ലാം പറഞ്ഞു പലരെയും കൊണ്ടുവന്നേക്കാം. രാഹുൽ ഈശ്വറിനെയും ശ്രീജിത്ത് പണിക്കരെയും പോലുള്ള വർഗീയവാദികൾക്ക് ഇത്രയും പോപുലാരിറ്റി നേടിക്കൊടുത്തതിൽ ഇത്തരം ചാനലുകൾക്കും പങ്കുണ്ട് എന്ന കാര്യം വിസ്മരിക്കാനാവില്ല. അതുകൊണ്ട് സമൂഹത്തിന് ഒരു പ്രയോജനവുമില്ലാത്ത ഇത്തരം ആളുകളെ ചാനലുകൾ ഒഴിവാക്കിയേ തീരൂ. അല്ലെങ്കിൽ ഇത്തരം ചാനലുകൾ ഒഴിവാക്കുക എന്ന നിലപാടിലേക്ക് സാമാന്യ ജനങ്ങളും മാറേണ്ടിവരും.
നജീബ് കാഞ്ഞിരോട്
സാധാരണക്കാർക്ക് മനസ്സിലായില്ലെങ്കിൽ പിന്നെന്തിനാണ് കോടതികൾ?
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1254ൽ സുബൈർ അരിക്കുളം എഴുതിയ 'കോടതികൾ എന്തിനാണ് മലയാളത്തെ പേടിക്കുന്നത്' എന്ന ലേഖനം വായിച്ചു. അനുബന്ധമായി ചില കാര്യങ്ങൾകൂടി പറയണമെന്ന് ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യം പ്രാപിച്ച് ഒരു പരമാധികാര രാഷ്ട്രമായിട്ട് 70 വർഷം കഴിഞ്ഞ ഒരു മഹാരാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ദുർബലരും പട്ടിണിപ്പാവങ്ങളും ഭാഷയുടെ പേരിൽ കോടതി വ്യവഹാരങ്ങളും നിയമനടപടികളും സ്വയമേ ബോധ്യംവരാതെ അഴിയെണ്ണുന്ന കാലഘട്ടത്തിലാണ് നാം. ജനാധിപത്യത്തിന്റെ നെടുംതൂണായ ജുഡീഷ്യറിയും ഗ്രാമീണ ജനങ്ങളും തമ്മിൽ ബഹുദൂരത്തിലാണെന്നർഥം. കോടതിഭാഷ ഇന്ത്യൻ ഭാഷയിലാകണമെന്നതിന് ഇന്ത്യൻ ഭരണഘടനതന്നെ പഴുതുകൾ വെച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് രണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർ തന്നെ ഈ വിഷയത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇംഗ്ലീഷ് ആധിപത്യംമൂലം ഇന്ത്യൻ കോടതികളിലേക്ക് ഇന്ത്യൻ ഗ്രാമീണജനത കയറിവരാൻ മടിക്കുന്നു എന്ന ശ്രദ്ധേയ നിരീക്ഷണമായിരുന്നു അത്. കൂടാതെ നിയമവിദ്യാഭ്യാസം, പ്രവേശന പരീക്ഷകൾ, കോടതി വ്യവഹാരങ്ങൾ എന്നിവകളിലെ ഭാഷാപ്രശ്നങ്ങളും അവർ ജനത്തെ ഓർമപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരനായ ഒരു വ്യവഹാരിക്ക് ഇരുമ്പുമറയാകുന്ന ഇംഗ്ലീഷ് ഭാഷ മാറ്റി കോടതി നടപടികൾ ലളിതവും സജീവവുമാക്കേണ്ടതാണെന്ന് 1987ലെ ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ വെളിപ്പെടുത്തിയിട്ടുണ്ട്. കൊളോണിയൽ രാജ്യങ്ങളിലൊഴികെ മറ്റു ജനാധിപത്യ രാജ്യങ്ങളിലെല്ലാം അവരുടെ മാതൃഭാഷയിലാണ് കോടതി വ്യവഹാരങ്ങൾ നടക്കുന്നത്. ഇന്ത്യയിലെ മൊത്തം ജയിലറകളിലുള്ളത് 3,68,998 പേരാണ്. ഇവരിൽ ബഹുഭൂരിപക്ഷത്തിന്റെയും വിദ്യാഭ്യാസം പരമാവധി എസ്.എസ്.എൽ.സിയോ അതിനു താഴെയോ ആണ് എന്നോർക്കണം. അവരെ സംബന്ധിച്ച കുറ്റവിചാരണയും കോടതി വിധിപ്പകർപ്പും സ്വയം വായിച്ച് ബോധ്യം വന്നിട്ടല്ല അവർ അഴികളെണ്ണുന്നത്. ഭാഷതന്നെയാണ് അതിനും തടസ്സം.
ഇംഗ്ലീഷ് ലോകഭാഷയാണ്. മേൽക്കോയ്മ ഭാഷയാണ്. അത് കൈകാര്യം ചെയ്യുന്നവർക്കെല്ലാം ആ മനോഗതി ഉണ്ടാകുന്നതിൽ അത്ഭുതമില്ല. പോരെങ്കിൽ ബ്രിട്ടീഷ് രാജിന്റെ പിന്തുടർച്ചയാണല്ലോ നാം എല്ലാ മേഖലകളിലും തുടരുന്നത്. ഭരണനിർവഹണരംഗത്ത് ബ്രിട്ടീഷ് സമ്പ്രദായം മാറ്റണമെന്ന് അഭിപ്രായമുണ്ടായി എങ്കിലും അത് അതേപടി തുടരുകയാണുണ്ടായത്. ഏതായാലും ഈ ലേഖനം നമ്മുടെ വക്കീൽമാരും ജഡ്ജിമാരും ഉദ്യോഗസ്ഥരും എം.എൽ.എമാരും എം.പിമാരുമൊക്കെ ഒന്ന് വായിക്കുന്നത് നന്ന്. ജനമാണ് നമ്മുടെ പ്രധാന സമ്പത്ത്. അവരോട് നീതിപൂർവമായ സമീപനമാണ് വേണ്ടത്.
വി.കെ. ഹംസ മരേക്കാട്
'ജലസേചനത്തിന്റെ കവിതകൾ' എന്ന തലക്കെട്ടിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1264) വൈലോപ്പിള്ളി കവിതയെയും പരിസ്ഥിതിയെയും മുൻനിർത്തിക്കൊണ്ട് വാസുദേവൻ കുപ്പാട്ട് എഴുതിയ കവിതാപഠനം നന്നായി. വാർമുടി ചിക്കി സ്വപ്നലോലയായി ചരിക്കുന്ന കാളിന്ദി നദിയെ മനുഷ്യോപകാരപ്രദമാക്കുന്നൊരു ആശയമാണീ കവിതയിൽ. ഇതിന്റെ സാമൂഹിക പശ്ചാത്തലം കവിതയുടെ സോദ്ദേശ്യപരതയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.
സ്വപ്നലോലയായി സഞ്ചരിക്കുന്ന കാളിന്ദി നദി കാൽപനിക കവിതയുടെ പ്രതീകമാണ്. വൈലോപ്പിള്ളി ഈ കവിത എഴുതുന്നത് സാഹിത്യത്തിന്റെ സോദ്ദേശ്യപരതയെ സംബന്ധിച്ചുള്ള ചർച്ചകൾ സാഹിത്യരംഗത്ത് ഉയർന്നുതുടങ്ങിയ കാലത്താണ്.
പുരോഗമന പരിപ്രേക്ഷ്യമുള്ള മഹാകവിയെ സംബന്ധിച്ചിടത്തോളം ഇതിന്റെ മിത്തിക്കൽ വശത്തിനൊരു പുരോഗമന കാഴ്ചപ്പാടേകേണ്ടതൊരു അനിവാര്യതയായിരുന്നു. കമ്യൂണിസത്തിൽ ആകൃഷ്ടനായ കവിയായിരുന്നില്ല വൈലോപ്പിള്ളി. അതിന്റെ കാരണങ്ങൾ അതിലെ ഹിംസാത്മകത- ആശയപരമായ ഫാഷിസം ഇതൊന്നും കവിക്ക് അഭികാമ്യമായിരുന്നില്ല.
'കുടിയൊഴിക്കൽ' എന്ന ഖണ്ഡകാവ്യത്തിൽ ശ്രീധരമേനോൻ ഇക്കാര്യം സുവ്യക്തമാക്കിയിട്ടുള്ളതാണ്. വൈലോപ്പിള്ളിയുടെ ഇടതുപക്ഷാശയം നെഹ്റുവിയൻ സോഷ്യലിസത്തിന്റേതാണ്, ജനാധിപത്യത്തിന്റേതാണ്. ഇത്രയും എഴുതാൻ കാരണം ഒരിടതുപക്ഷ സഹയാത്രികൻ എന്ന നിലയിൽ വൈലോപ്പിള്ളിയെ കമ്യൂണിസ്റ്റ് ആധിപത്യമുള്ള പുരോഗമനകലാ സാഹിത്യസംഘത്തിന്റെ അധ്യക്ഷനാക്കിയതാണ്. സാധാരണ സി.പി.എം അനുഭാവികളാണ് അതിന്റെ അധ്യക്ഷരായി വരാറുള്ളത്. കുടിയൊഴിപ്പിക്കലിൽ സാമൂഹിക വിപ്ലവം ഹിംസാത്മകമായിത്തീരുന്നത് കണ്ടപ്പോൾ കവി പാടി: ''വഴി മറ്റൊരു വിധമായിരുന്നെങ്കിൽ'' എന്ന്. എങ്കിലും കവി ഇടതുപക്ഷ സഹയാത്രികനായിരുന്നുവെന്നതിൽ സന്ദേഹമില്ല. അത് ജനാധിപത്യ മതേതരത്വ സോഷ്യലിസമായിരുന്നു. നെഹ്റുവിയൻ സോഷ്യലിസം. ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് കൊണ്ടുവന്നത് നെഹ്റുവാണ്. ഭക്രാനംഗൽ അണക്കെട്ട്. 'ജലസേചന'മെന്ന കവിത എഴുതുമ്പോൾ ഇതുകൂടെ മഹാകവിയുടെ മനസ്സിലുണ്ടായിരിക്കാം.
കെ.ടി. രാധാകൃഷ്ണൻ, കൂടാളി
വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ കടന്നുവന്ന നടന് ബാബു ആന്റണിയുടെ മുഖചിത്രത്തോടെ കൈയില്‍ കിട്ടിയ മാധ്യമം ആഴ്ചപ്പതിപ്പ് താഴെ വെക്കാന്‍ കുറച്ചു സമയമെടുത്തു. മുടി നീട്ടിവളര്‍ത്തിയ ബാബു ആന്റണി 90കളിലെ വ്യത്യസ്തനായ വില്ലനായിരുന്നു. 'പൊന്‍കുന്നത്തു നിന്നും ഇതാ ഒരു യേശുക്രിസ്തു' എന്ന് അദ്ദേഹത്തിന്റെ വാള്‍പോസ്റ്റ് ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. ക്രിക്കറ്റില്‍ മഹേന്ദ്രസിങ് ധോണിയും സിനിമയില്‍ ബാബു ആന്റണിയുമായിരുന്നു മുടി നീട്ടി വളര്ത്തിയെത്തി ശ്രദ്ധേയരായ ഹീറോകള്‍.
വൈശാലി, സായാഹ്നം, അപരാഹ്നം, കോട്ടയം കുഞ്ഞച്ചന്, കാസര്‍കോഡ് കാദര്‍ ഭായ്, പൂവിനു പുതിയ പൂന്തെന്നല്‍ എന്നിവ ബാബു ആന്റണിയുടെ വില്ലന്‍ വേഷംകൊണ്ട് ബോക്സ് ഓഫിസ് വിജയം നേടിയ ചിത്രങ്ങളാണ്. കരാട്ടേയില്‍ 5th ഡാന്‍ ബ്ലാക്ക് ബെൽറ്റുള്ള ഈ നടന് ആകാരംകൊണ്ടും പാടവംകൊണ്ടും, വിനയംകൊണ്ടും മറ്റുള്ള വില്ലന്‍ നടന്മാരില്നിന്നും വ്യത്യസ്തനായി അറിയപ്പെട്ടു. ഭരതനും ഫാസിലുമാണ് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയത്.
ബാബു ആന്റണിയുമായി രൂപേഷ് കുമാര്‍ നടത്തിയ അഭിമുഖം 'ഹീറോ പിരമിഡിന്റെ മുകളിലുള്ള കല്ലു മാത്രമാണ്; പക്ഷേ, ഇപ്പോള്‍ അതല്ല സിനിമ' എന്ന സംഭാഷണം വായനയെ സമ്പുഷ്ടമാക്കുന്നു. ഈ ലക്കത്തില്‍ തീരാത്ത അഭിമുഖ വിവരണത്തിന്റെ അടുത്ത അധ്യായത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
സണ്ണി ജോസഫ്, മാള
മലയാള സിനിമ മറക്കുന്ന കാര്യങ്ങൾ, മുഖങ്ങൾ എന്ന ശീർഷകത്തിൽ വന്ന സിനിമ വിചാരങ്ങൾ ചർച്ച ചെയ്ത പതിപ്പ് (ലക്കം: 1266) വായിച്ചപ്പോൾ തോന്നിയ ചില വിചിന്തനങ്ങളാണ് ഈ കുറിപ്പിനാധാരം. ആസ്വാദനശീലങ്ങളെ പുഷ്കലമാക്കി നിർത്തിയ ഒരുപാട് കലാരൂപങ്ങളെ മലർത്തിയടിച്ചുകൊണ്ട് കാഴ്ചയുടെ വിസ്മയങ്ങൾ ഒരേസമയം ഒരുപാട് മനുഷ്യരിലേക്ക് പകർന്നു നൽകി വളരെ പെട്ടെന്നു തന്നെ മനുഷ്യസമൂഹത്തിന്റെ വിനോദ ഭൂപടത്തിൽ പ്രഥമ സ്ഥാനം നേടിയ സിനിമ എന്ന കലാരൂപം വലിയ മുതൽമുടക്കുള്ള ഒരു സാംസ്കാരിക ഉൽപന്നം കൂടിയാണ്. ഇന്നലെകളിൽനിന്നും അമ്പേ വ്യത്യസ്തമായി അരങ്ങത്തും അണിയറയിലും അംഗനമാരുടെ സാന്നിധ്യം കൂടിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി പുരുഷകേന്ദ്രീകൃതമായി ചലിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് മലയാള ചലച്ചിത്ര ലോകം. സവർണ കഥാപാത്രമായി അഭിനയിച്ചതിന്റെ പേരിൽ വരേണ്യവർഗം വേട്ടയാടിയ കീഴ്ജാതിക്കാരിയായ ആദ്യ നായിക പി.കെ. റോസിയിൽനിന്നും തുടങ്ങുന്ന പീഡനപർവം ഒളിഞ്ഞും തെളിഞ്ഞും ഏറിയും കുറഞ്ഞും ഇന്നും തുടരുന്നു എന്നതുതന്നെയാണ് വേദനിപ്പിക്കുന്ന യാഥാർഥ്യം. മുൻകാലത്തിൽനിന്നും വ്യതിരിക്തമായി പൊതുസമൂഹവും മാധ്യമങ്ങളും ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗരൂകമായി ഇടപെടുന്നു എന്നതാണ് ഏക ആശ്വാസം.
ഇസ്മായിൽ പതിയാരക്കര
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1266)ൽ നടൻ ബാബു ആന്റണിയുമായി രൂപേഷ് കുമാർ (ഹീറോ പിരമിഡിന്റെ മുകളിലുള്ള കല്ല് മാത്രമാണ് ), സുരേഷ് ഉണ്ണിത്താനുമായി സന്ദീപ് കെ. രാജ് (സിനിമക്കുവേണ്ടി ജീവിതം ഹോമിച്ചു; ജീവിതം തന്നത് സീരിയലുകൾ), കൃഷ്ണേന്ദു കലേഷുമായി പി.കെ. സുരേന്ദ്രൻ (എടുത്തുമുറിച്ച രീതിയിലുള്ള ആഖ്യാനങ്ങൾ) എന്നീ അഭിമുഖങ്ങൾ വായിച്ചു.
ബാബു ആന്റണി എന്ന നടന്റെ ചിത്രങ്ങൾ മനസ്സിൽ അത്ര വലിയസ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷേ, പലരിലൂടെ ആ നടനോടുള്ള ആക്ഷൻ രംഗങ്ങളോടുള്ള ഇഷ്ടം അറിയാൻ സാധിച്ചിട്ടുണ്ട്. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ബാബു ആന്റണിയെ പോലെ മുടി നീട്ടിവളർത്തുന്നത് ഒരു ട്രെൻഡ് തന്നെയായിരുന്നു. ആ കാലത്ത് യുവതയുടെ ഹരമായിരുന്നു അദ്ദേഹം. ആ കാലത്തൊരിക്കൽ കാളികാവ് അങ്ങാടിയിലേക്ക് ഒരാവശ്യത്തിനായി പോയപ്പോൾ പ്രതീക്ഷിക്കാതെയുള്ള ട്രാഫിക്. കുറച്ച് ദൂരെയായി നിർത്തിയ ബസിൽനിന്നും ഇറങ്ങി എന്താണ് സംഭവമെന്ന് ഒരാളോട് അന്വേഷിച്ചു. 'ചന്ത' എന്ന സിനിമയിൽ ഒരു ചെറുവേഷം ചെയ്ത കരുവാരക്കുണ്ട് സ്വദേശിയെ കാണാനുള്ള തിരക്കായിരുന്നുവത്രെ അത്!. ബാബു ആന്റണിക്കൊപ്പം അഭിനയിച്ച നടൻ എന്നതുകൊണ്ടുകൂടിയാണ് ആളുകൾ കൂടിയത്.
ഭരതൻ ചിത്രമായ ചിലമ്പിലൂടെ അരങ്ങേറിയ ബാബു ആന്റണി പൂവിനു പുതിയ പൂെന്തന്നൽ, ദൗത്യം, മാഫിയ, കാർണിവൽ, നാടോടി, മൂന്നാംമുറ, വൈശാലി, കഴകം, കുറ്റപത്രം, കൂടിക്കാഴ്ച, അന്തർജ്ജനം തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായി. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു.
നായകനായി ചുവടുമാറിയശേഷം ഇറങ്ങിയ ചിത്രങ്ങളിലേറെയും ഹിറ്റുകളായിരുന്നു. ഉപ്പുകണ്ടം ബ്രദേഴ്സ്, ദാദ, ഭരണകൂടം, കടൽ, രാജധാനി, നെപ്പോളിയൻ, ബോക്സർ, അറേബ്യ തുടങ്ങിയ നിരവധി ബാബു ആന്റണി ട്രേഡ്മാർക്ക് ചിത്രങ്ങൾ പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചു.
കണ്ടുമടുത്ത ആക്ഷൻ രംഗങ്ങളിൽനിന്നു വ്യത്യസ്തമായ ചടുലമായ മെഴ് വഴക്കംകൊണ്ട് തിയറ്ററുകളെ ഇളക്കിമറിക്കാൻ അദ്ദേഹത്തിനായി. ആ യുഗം പൊടുന്നനെ അവസാനിക്കുകയായിരുന്നു. താരമായി നിലകൊണ്ട സമയത്തുള്ള പിൻമാറ്റം പെെട്ടന്നാർക്കും ഉൾക്കൊള്ളാനായില്ലെങ്കിലും പതിയെ പ്രേക്ഷകർ പുതിയ അഭിരുചികളിലേക്ക് മാറി. അങ്ങനെ പെട്ടെന്ന് വിസ്മൃതിയിലേക്ക് തള്ളെപ്പടേണ്ടയാളല്ല അദ്ദേഹമെന്ന് മാധ്യമം ഈ സംഭാഷണത്തിലൂടെ ഓർമപ്പെടുത്തുന്നു.
ഫൈസൽ ടി.പി
മാധ്യമം ആഴ്ചപ്പതിപ്പ് മുടങ്ങാതെ വായിക്കാറുണ്ട്. സിനിമയും സ്പോർട്സും ഇഷ്ടവിഷയങ്ങളായ എനിക്ക് ആ വിഷയങ്ങളിലുള്ള ലേഖനങ്ങളും പഠനങ്ങളും അഭിമുഖങ്ങളുമെല്ലാം വായിക്കുന്നത് ഏറെ ഇഷ്ടമാണ്. സിനിമ മേഖലയിലെ നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും മാധ്യമം നിരന്തരമായി പ്രസിദ്ധീകരിക്കാറുണ്ട്. ഒരുപക്ഷേ മലയാള സാംസ്കാരിക വാരികകളിൽ മുൻപന്തിയിൽ എന്നുതന്നെ പറയാം. നടൻമാർക്ക് പുറമെ സംവിധായകർ, തിരക്കഥാകൃത്തുക്കൾ, കാമറമാൻമാർ, സംഗീതജ്ഞർ, ഗായകർ എന്നിവരെല്ലാം മാധ്യമത്തിന്റെ താളുകളെ വർണാഭമാക്കിയിട്ടുണ്ട്.
സിനിമയോളമില്ലെങ്കിലും സ്പോർട്സ് സംബന്ധിയായ ലേഖനങ്ങളും മാധ്യമത്തിൽ ധാരാളം വായിച്ചിട്ടുണ്ട്. സനിൽ പി. തോമസ് എഴുതിയ കായികയാത്രകൾ അടുത്തിടെ സമാപിച്ചതേയുള്ളൂ. അത്ലറ്റിക്സ്, ഫുട്ബാൾ, ബാഡ്മിന്റൺ, കായികമേളകൾ എന്നിവയെല്ലാം വിവിധങ്ങളായ രൂപങ്ങളിൽ താളുകളിൽ കടന്നുവരുന്നുണ്ട്.
പക്ഷേ, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായികവിനോദമായ ക്രിക്കറ്റിനെ നന്നായി തഴയുന്നതായി കാണുന്നു. ക്രിക്കറ്റിനെതിരെയുള്ള പ്രധാനവിമർശനങ്ങളിലൊന്ന് അതിലെ കച്ചവടവും സമയദൈർഘ്യവുമാണല്ലോ? എന്നാൽ, നിലവിൽ ഫുട്ബാൾ അടക്കമുള്ള കായിക ഇനങ്ങളെല്ലാം തീർത്തും കച്ചവടകേന്ദ്രീകൃതമായിത്തന്നെയാണ് നടക്കുന്നത്. ട്വന്റി20 അടക്കമുള്ളവയുടെ വരവോടെ സമയദൈർഘ്യത്തെക്കുറിച്ചുള്ള ആക്ഷേപത്തിനും പരിഹാരമായി.
ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കം മുതൽതന്നെ ക്രിക്കറ്റിനെക്കുറിച്ച് വിവിധ വശങ്ങളിലുള്ള ലേഖനങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. ശ്രദ്ധേയ സംഭവവികാസങ്ങളെയും കളികളിലെ ചലനത്തെയും രാഷ്ട്രീയത്തെയും വിവാദത്തെയുമെല്ലാം താളുകൾ അടയാളപ്പെടുത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ആ കളിയിലുണ്ടാകുന്ന, അതല്ലെങ്കിൽ അനുബന്ധമായി ഉണ്ടാകുന്ന 'ഭൂകമ്പങ്ങളെപ്പോലും' അടയാളപ്പെടുത്തുന്നില്ല. ഗുണപരമായതല്ലെങ്കിൽ വിമർശനാത്മകമായെങ്കിലും ഉൾപ്പെടുത്താമല്ലോ? എന്തായാലും അവഗണിക്കുന്നത് നന്നല്ല. വരും ലക്കങ്ങളിൽ ക്രിക്കറ്റ് വിശേഷങ്ങൾകൂടി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അജ്മൽ ഇബ്രാഹീം കണ്ണൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.