വർത്തമാനകാല ഇന്ത്യയിൽ ഇത്രയും കോൺഗ്രസ് വിരോധം വേണോ?ലക്കം 1270ൽ വിജു വി. നായർ എഴുതിയ 'മർക്കടക്കൂട്ടങ്ങളുടെ പൂമാലസംവാദം' എന്ന ലേഖനം അടിമുടി കോൺഗ്രസ് വിരോധം മാത്രം വിളമ്പുന്നതായി. കോൺഗ്രസിന്റെ യുവമുഖം രാഹുൽ മാങ്കൂട്ടത്തിൽ മുതൽ സോണിയ ഗാന്ധി വരെയുള്ള മുഴുവൻപേരെയും നിശിതവിമർശനത്തിന് വിധേയമാക്കിയ ലേഖനം പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഇപ്പോഴേ മുൻതൂക്കം പ്രവചിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ നടന്ന...
വർത്തമാനകാല ഇന്ത്യയിൽ ഇത്രയും കോൺഗ്രസ് വിരോധം വേണോ?
ലക്കം 1270ൽ വിജു വി. നായർ എഴുതിയ 'മർക്കടക്കൂട്ടങ്ങളുടെ പൂമാലസംവാദം' എന്ന ലേഖനം അടിമുടി കോൺഗ്രസ് വിരോധം മാത്രം വിളമ്പുന്നതായി. കോൺഗ്രസിന്റെ യുവമുഖം രാഹുൽ മാങ്കൂട്ടത്തിൽ മുതൽ സോണിയ ഗാന്ധി വരെയുള്ള മുഴുവൻപേരെയും നിശിതവിമർശനത്തിന് വിധേയമാക്കിയ ലേഖനം പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഇപ്പോഴേ മുൻതൂക്കം പ്രവചിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ നടന്ന കോൺഗ്രസ് പ്രതിഷേധങ്ങളെയെല്ലാം രൂക്ഷഭാഷയിൽ വിമർശിക്കുന്ന ലേഖകൻ സരിത എസ്. നായരെയും ആരോപണങ്ങളെയും മുൻനിർത്തി കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സി.പി.എം കാട്ടിക്കൂട്ടിയവയെ ഒന്നും പരാമർശിക്കുന്നുപോലുമില്ല. മാത്രമല്ല, വിമാനത്തിൽ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസുകാരെ ഇ.പി. ജയരാജൻ തള്ളിമാറ്റിയതിനെയെല്ലാം ലേഖകൻ വിശദീകരിക്കുന്നത് കാണുമ്പോൾ ചിരിക്കാൻ മാത്രമേ തോന്നുന്നുള്ളൂ. ''77 കഴിഞ്ഞ വൃദ്ധനായ ഒരു മനുഷ്യനു നേർക്ക് പ്രതിഷേധിച്ചടുക്കുന്നവരെ കണ്ടുനിൽക്കുന്നവർ തള്ളിമാറ്റും. അസ്ഥാനത്ത് കയറി എടങ്ങേറുണ്ടാക്കുന്നവർക്കിട്ട് രണ്ട് പൊട്ടിച്ചെന്നുമിരിക്കും'' എന്നെല്ലാമാണ് ടിയാൻ ന്യായീകരിക്കുന്നതും. എന്തൊക്കെയായാലും വർത്തമാനകാല ഇന്ത്യയിൽ ഇത്രയും കോൺഗ്രസ് വിരോധമൊക്കെ വേണോ എന്നാണ് ലേഖകനോട് ചോദിക്കാനുള്ളത്.
അമീർ സുഹൈൽ, തിരൂർ
കോൺഗ്രസ് ഇങ്ങനെ പണിയെടുത്തത് ഇതാദ്യം
തൃക്കാക്കരയിൽ സി.പി.എമ്മിന്റെ തോൽവിയെക്കുറിച്ച് ലക്കം 1268ൽ എം.കെ.എം. ജാഫർ കണക്കുകൾ നിരത്തി എഴുതിയ അവലോകനം അക്ഷരാർഥത്തിൽ ശരിയാണ്. കെ.വി. തോമസ്, പി.സി. ജോർജ് എന്നിവർ കാലഹരണപ്പെട്ട കഥാപാത്രങ്ങളാണെന്നും അവരുടെ പിന്നിൽ അണികളില്ലെന്നും ഉമാ തോമസിന്റെ വിജയം തെളിയിച്ചു. ഉത്തരേന്ത്യയിലെ 'ആയാറാം ഗയാറാം' ശൈലി കേരളത്തിൽ അസ്ഥാനത്താണെന്ന് വോട്ടർമാർ വിധിയെഴുതിയതും പ്രബുദ്ധ കേരളത്തിന് തിലകക്കുറിയായി. തൃക്കാക്കരയിലെ കനത്ത തോൽവി സി.പി.എം വിലക്കുവാങ്ങിയതാണ്. ഒപ്പം, ഉമക്ക് ലഭിച്ച സഹതാപവും കെ-റെയിൽ പദ്ധതിയോടുള്ള ജനരോഷവും സി.പി.എമ്മിന് വിനയായി.
എല്ലാ മന്ത്രിമാരെയും എഴുപതോളം എം.എൽ.എമാരെയും പാർട്ടിയുടെ സർവതന്ത്രങ്ങളും പയറ്റി കളത്തിലിറക്കിയിട്ടും സി.പി.എം തോറ്റു. എറണാകുളം ജില്ലക്കാരനായ എനിക്ക് മനസ്സിലായ മറ്റൊരു സുപ്രധാന കാര്യമുണ്ട്. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ഇങ്ങനെ ഒരേ മനസ്സോടെ പണിയെടുത്തത് ആദ്യമായാണ്. ഗ്രൂപ്പിനതീതമായി പ്രവർത്തിച്ചാൽ, വിജയം സുനിശ്ചിതമാണെന്ന് കോൺഗ്രസും തെളിയിച്ചിരിക്കുന്നു. വിവാദഭൂമി ഇടപാട് മുതൽ കുർബാന ക്രമം വരെയുള്ള പ്രശ്നങ്ങളിൽ സഭാവിശ്വാസികൾ ഭൂരിഭാഗവും സഭക്കും കർദിനാൾ ആലഞ്ചേരിക്കുമെതിരായി നിലപാടെടുത്തിട്ടുള്ള ജില്ലയാണ് എറണാകുളം എന്നത് ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയ സി.പി.എം മറന്നുവെന്നതും യാഥാർഥ്യമാണ്.
തൃക്കാക്കരയിൽ താമസക്കാരനായിട്ടും ബി.ജെ.പി സ്ഥാനാർഥി എം.എൻ. രാധാകൃഷ്ണന് ലഭിച്ചത് കേവലം 12,957 വോട്ടുകൾ മാത്രമാണ്. വേലിയിൽ കിടന്ന പാമ്പായ പി.സി. ജോർജിനെ എടുത്ത് കഴുത്തിലിട്ടതിലൂടെ ബി.ജെ.പിക്ക് കെട്ടിവെച്ച പണവും നഷ്ടപ്പെട്ടു. കെ.എസ്. അരുൺകുമാറിനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിലും സി.പി.എമ്മിന് ഇത്രമാത്രം ദയനീയ പരാജയം ഉണ്ടാകുമായിരുന്നില്ല. വിനാശകാലേ വിപരീതബുദ്ധി.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി
ജീവിക്കാനുള്ള അവകാശം അംഗീകരിച്ചേ മതിയാകൂ
ലക്കം 1267 മുഖചിത്രത്തോടെ പ്രസിദ്ധീകരിച്ച എസ്. നേഹ എന്ന ട്രാൻസ് വുമണുമായുള്ള അഭിമുഖം സമൂഹത്തിന് ഈ വിഭാഗത്തെക്കുറിച്ച് കൃത്യമായ ബോധ്യം വരുത്താൻ പര്യാപ്തമാണ്. ഇവരെ സമൂഹത്തിന്റെ ഭാഗമായി സ്വീകരിക്കാൻ ഒട്ടും അമാന്തിച്ചുകൂടാ എന്ന താക്കീതും ഈ സംഭാഷണം നൽകുന്നുണ്ട്. ഈ വിഭാഗത്തിൽപെട്ടവർ സമൂഹത്തിന്റെയും കുടുംബത്തിന്റെയും അവഗണനയും പരിഹാസവും ഏറ്റുവാങ്ങിക്കൊണ്ട് നരകയാതന അനുഭവിക്കുന്നവരാണ് എന്ന് നേഹ തുറന്നുപറയുന്നത് സത്യമാണ്. ഈ വിഭാഗത്തിലുള്ള പലരും വിദ്യസമ്പന്നരും കലാവാസനയുള്ളവരുമാണ്. ജനനം ഒരുകുറ്റമല്ല എന്നതുകൊണ്ടുതന്നെ ട്രാൻസ് ആയി ജനിച്ചത് അവരുടെ കുറ്റമല്ല. പ്രകൃതിയുടെ അനിഷേധ്യ തീരുമാനങ്ങളാണ് ഇവരുടെ ജനിതകരഹസ്യം. കുടുംബമായി ജീവിക്കാൻ അവർക്കും അർഹതയുണ്ട്. സമൂഹം ഇവരെ അംഗീകരിക്കാതെ വരുകയും ക്രൂരമായ പരിഹാസവും കല്ലേറുകളും നേരിടേണ്ടിവരുകയും ചെയ്യുമ്പോഴാണ് ഇവർ ലൈംഗിക തൊഴിലാളികളും ഭിക്ഷാംദേഹികളുമായി മാറുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹയെ പോലുള്ളവർ സ്വന്തം പരിശ്രമംകൊണ്ടും അഭിനയവാസനകൊണ്ടും ഉയരങ്ങളിൽ എത്തിയവരാണ്. വീട്ടിൽ സ്വന്തം അച്ഛനിൽനിന്ന് നേരിടേണ്ടിവന്ന ക്രൂരമായ വാക്കുകളും പുറംതള്ളലുകളും നേരിടേണ്ടിവന്ന നേഹമാർ അനേകരുണ്ട്. അവർക്ക് നിലനിൽപുണ്ടാവണമെങ്കിൽ ഇവർ പ്രകൃതിയുടെ തിരഞ്ഞെടുപ്പുകളാണെന്ന സത്യം സമൂഹം അംഗീകരിക്കേണ്ടതുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ വലിയ ചെലവും ക്ലേശങ്ങളുമുള്ള സങ്കീർണമായ സംഗതിയാണ്. ഇതിന് ഈ വിഭാഗം സന്നദ്ധരാകുന്നത് തന്നെ അവർക്ക് ജീവിതത്തിലുള്ള പ്രത്യാശയും അതിജീവിക്കുന്നതിനുള്ള പ്രേരണയുമാണ് വ്യക്തമാക്കുന്നത്. അവരുടെ ദുരിതജീവിതത്തിന് അന്ത്യമുണ്ടാകണമെങ്കിൽ സമൂഹത്തിൽ മാന്യമായി ജോലിചെയ്ത് ജീവിക്കുന്നതിനുള്ള സാഹചര്യമുണ്ടായേ തീരൂ. ജീവിക്കാനുള്ള അവരുടെ അവകാശം നമ്മൾ അംഗീകരിച്ചേ മതിയാകൂ. ട്രാൻസ് കമ്യൂണിറ്റി നേരിടുന്ന ദുരിതങ്ങളെക്കുറിച്ചാണ് നേഹ തുറന്നുപറഞ്ഞത്. ഒരു കലാകാരിയുടെ വാക്കുകൾ കൂടിയാണിതെന്ന സത്യം അംഗീകരിച്ച് സമൂഹം അവർക്ക് അംഗീകാരം നൽകുകയാണ് വേണ്ടത്. നേഹ ആവശ്യപ്പെടുന്നതും അതുതന്നെയാണ്.
സദാശിവൻ നായർ, ആലപ്പുഴ
മനുഷ്യനെ മൃതപ്രായരാക്കുന്ന മോദി ഭരണകൂടം
'ശവപ്പെട്ടിക്കുള്ളിൽ ജീവിക്കുന്ന മനുഷ്യൻ' എന്ന സച്ചിദാനന്ദന്റെ കവിത (മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം: 1267) സമകാലിക ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണത്തിൻകീഴിൽ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന അവസ്ഥയുടെ പ്രതീകമാണ്. കവിതയുടെ ചിത്രീകരണവും അനുയോജ്യമായി. നാളിതുവരെ കണ്ട മോശം ഭരണമാണ് മോദി സർക്കാറിന്റെ എട്ടുവർഷങ്ങൾ. ഇന്ത്യൻ മതേതരത്വത്തിന്റെ മലർക്കാവിന് തീകൊളുത്തിയ പൈശാചിക ഫാഷിസ്റ്റ് ഭരണം. ഈ കർക്കടക പ്രാരബ്ധങ്ങൾ കടന്ന് ഒരു ജനാധിപത്യ സാമൂഹിക ഭരണത്തിന്റെ ശരത്കാലം വന്നണയാതിരിക്കില്ല. എല്ലാ ഫാഷിസ്റ്റ് ഭരണങ്ങളും തിരോഭവിച്ചതിന്റെ ചരിത്രമാണ് മാനവചരിത്രം.
കെ.ടി. രാധാകൃഷ്ണൻ കൂടാളി
ചെറുപ്പക്കാരുടെ ലക്കം
ചെറുപ്പം എഴുതിയ രചനകൾ എന്ന പ്രത്യേക പതിപ്പ് (ലക്കം: 1269) സമ്മാനിച്ച വായനാനുഭവം വാക്കുകൾക്കതീതമാണ്. പക്വമായ രചനകളുടെ സമാഹാരം വളർന്നുവരുന്ന മലയാള സാഹിത്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് വിളിച്ചുപറയുന്നു. രാഹുൽ രാധാകൃഷ്ണന്റെ 'ലോകത്തെ എഴുതുന്ന ചെറുപ്പം' എന്ന ലേഖനം പുതിയ ഒരുപാട് പുസ്തകങ്ങളെ പരിചയപ്പെടുത്തിയതിലുപരി ലോകത്ത് എഴുത്തും വായനയുമെല്ലാം സജീവമായി തന്നെ നിലനിൽക്കുകയും കാര്യക്ഷമമായ വിലയിരുത്തലിന് വിധേയമാകുകയും ചെയ്യുന്നുണ്ടെന്നും അറിയാനിടയാക്കി. യുദ്ധവും കുടിയേറ്റവും മരണവും പ്രണയവുമെല്ലാം ഇതിവൃത്തമായ പുസ്തകങ്ങൾ വായനയുടെ വിശാല ലോകത്തേക്കുള്ള വാതായനങ്ങൾ മലർക്കെ തുറന്നിടുന്നു. വലെരിയ ലൂയിസെല്ലിയുടെ 'ദി സ്റ്റോറി ഓഫ് മൈ ടീത്' എന്ന പുസ്തകം വായിച്ചുതീർന്ന ഉടനെയാണ് ഈ ലേഖനം വായിക്കാനിടയായത് എന്നതും സന്തോഷജനകമായി. പുണ്യ സി.ആറിന്റെ 'ബ്രേക്ക് അപ് പാർട്ടി' ഗംഭീരമായിരുന്നു. സ്ത്രീത്വവും പ്രണയവും വിരഹവുമെല്ലാം പറയാൻ കാഥിക തിരഞ്ഞെടുത്ത കഥാബീജം വായനക്കാരനെ പിടിച്ചിരുത്തി. കഥയുടെ അവസാനഭാഗം പുരുഷാധികാരത്തിന്റെ തലയിൽ കറിച്ചട്ടി ഉടക്കുന്നതായിരുന്നു. തസ്ലിം കൂടരഞ്ഞിയുടെ 'പെറ്റിക്കോട്ടും പാവക്കുട്ടിയും' പൊള്ളുന്ന സ്ത്രീയനുഭവങ്ങളുടെ നേർചിത്രമായി മാറി.
അഫ്നാൻ കിടങ്ങയം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.