മൂന്നു കവിതകൾ, മൂന്നു അനുഭവങ്ങൾഅർഥവത്തായ കവിതകളാൽ ലക്കം: 1274 സമ്പന്നമായി. വൈധവ്യം സമ്മാനിക്കുന്ന ഏകാന്തതയിൽ സ്ത്രീ നേരിടുന്ന പ്രതിസന്ധികളുടെ ആഴം ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ 'കെട്ട്യോൻ ചത്തവളുടെ കട്ടിൽ' വരച്ചുകാട്ടി. ഭർത്താവിന്റെ മരണത്തോടെ സ്ത്രീ പലരാലും പിന്തുടരപ്പെടുന്നുവെന്നും പ്രായഭേദമില്ലാത്ത കാമക്കണ്ണുകൾ അവളെ തുറിച്ചുനോക്കുന്നുവെന്നുമുള്ള യാഥാർഥ്യം കവി അനാവരണംചെയ്യുന്നു. കോളജിൽ പഠിക്കുന്ന മകളുടെ കൂട്ടുകാർപോലും വിധവയായ...
മൂന്നു കവിതകൾ, മൂന്നു അനുഭവങ്ങൾ
അർഥവത്തായ കവിതകളാൽ ലക്കം: 1274 സമ്പന്നമായി. വൈധവ്യം സമ്മാനിക്കുന്ന ഏകാന്തതയിൽ സ്ത്രീ നേരിടുന്ന പ്രതിസന്ധികളുടെ ആഴം ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ 'കെട്ട്യോൻ ചത്തവളുടെ കട്ടിൽ' വരച്ചുകാട്ടി. ഭർത്താവിന്റെ മരണത്തോടെ സ്ത്രീ പലരാലും പിന്തുടരപ്പെടുന്നുവെന്നും പ്രായഭേദമില്ലാത്ത കാമക്കണ്ണുകൾ അവളെ തുറിച്ചുനോക്കുന്നുവെന്നുമുള്ള യാഥാർഥ്യം കവി അനാവരണംചെയ്യുന്നു. കോളജിൽ പഠിക്കുന്ന മകളുടെ കൂട്ടുകാർപോലും വിധവയായ അമ്മയിൽ കാമം തിരയുന്ന ദുരവസ്ഥ കവി പറഞ്ഞുവെക്കുന്നുണ്ട്. ചേർന്നിരിക്കലുകളിലും ചേർത്തിരുത്തലുകളിലും കാമം മാത്രം കാണാൻ ശ്രമിക്കുന്ന യുവതയെ കവിതയിൽ കാണാം.
സാഹചര്യങ്ങളോടും ജീവിതപരിസരങ്ങളോടും ഇണങ്ങിച്ചേരുന്നതിന്റെ മനഃശാസ്ത്രമാണ് ഇണക്കമെന്ന കവിതയിലൂടെ സുജീഷ് ചിത്രീകരിക്കുന്നത്. പ്രതീകാത്മകമായ അവതരണം വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു.
കഥ പറഞ്ഞും താരാട്ടു പാടിയും പലഹാരങ്ങൾ വീതംവെച്ചും വീടകങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വല്യമ്മയെ രഗില സജിയുടെ കവിതയിൽ കാണാം. 64ാം വയസ്സിലും പൊക്കിൾക്കൊടി വീഴാത്ത കുഞ്ഞായി ജീവിച്ച വല്യമ്മയുടെ ചിത്രം വായനക്കാർക്ക് അനുഭവവേദ്യമാകുന്നു. ''വല്ല്യമ്മ മരിച്ചപ്പോ കുട്ടികളോ മുതിർന്നവരോ കരഞ്ഞില്ല'' എന്ന വരിയിൽ പ്രായംചെന്നവരോട് സമൂഹം കാണിക്കുന്ന അവഗണനയുടെ ആഴം പ്രകടമാണ്.
വരികളിലെ ലാളിത്യവും ആശയ വൈപുല്യവുംകൊണ്ട് ശ്രദ്ധേയമായ കവിതകൾ വായനക്കാർക്ക് സമ്മാനിച്ച ആഴ്ചപ്പതിപ്പിനും എഴുത്തുകാർക്കും ഭാവുകങ്ങൾ നേരുന്നു.
റുമൈസ് ഗസ്സാലി, കെല്ലൂർ
ആദിവാസികളെ കാട്ടിലേക്ക് തന്നെ വിടണമെന്നാണോ?
ഡോ. രമേഷ് കെ, രാജഗോപാൽ കെ എന്നിവർ ചേർന്നെഴുതിയ 'ആഘോഷങ്ങൾക്കിടയിൽ ആദിവാസിക്ക് അക്ഷരം നിഷേധിക്കുമ്പോൾ' (ലക്കം: 1273) എന്ന ലേഖനം വായിച്ചു. വായുവും വെള്ളവുംപോലെ മനുഷ്യന് ജീവിക്കാനാവശ്യമായ മൂലധനമാണ് വിദ്യാഭ്യാസം. മനുഷ്യന് അത്യന്താപേക്ഷിതമായ ഈ അവകാശം തടയുന്നതിലൂടെ അവന് ജീവിക്കാനുള്ള അവകാശംതന്നെയാണ് സർക്കാർ നിഷേധിക്കുന്നത്. ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും വിൽപനച്ചരക്കാക്കുന്ന കോർപറേറ്റ് കമ്പനി പാർശ്വവത്കൃത വിഭാഗങ്ങളെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. പാവപ്പെട്ട ജനങ്ങൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തുന്ന സർക്കാർ ഇതിന് കൂട്ടുനിൽക്കുന്നു എന്നതാണ് കൂടുതൽ ഖേദകരം. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ആദിവാസി വിഭാഗങ്ങളെ മുൻനിർത്തി വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടി പുതിയ സമരമാർഗങ്ങൾ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഈ ലേഖനത്തിലുള്ള വസ്തുതാവിരുദ്ധമായ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതെ വയ്യ. വിദ്യാഭ്യാസം ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള മോചനമാണ്. സാംസ്കാരിക ചൈതന്യം തേടലാണ് വിദ്യാഭ്യാസത്തിലൂടെ നടക്കുന്നത്. അതൊരു പരിഷ്കരണം കൂടിയാണ്. ആദിവാസികളെ കാട്ടിലേക്കുതന്നെ വിടണം, അവർക്ക് കാട്ടുജീവിതംതന്നെ അനുവദിക്കണമെന്ന അഭിപ്രായത്തോട് യോജിക്കാൻ വയ്യ. ഔദ്യോഗിക രംഗത്തും രാഷ്ട്രീയ രംഗത്തും ആദിവാസികൾ വരുന്നതിനോട് അസഹിഷ്ണുത കാണിക്കുന്ന ഒരു വിഭാഗം ഇന്നും നമുക്കിടയിലുണ്ട്. ആദിവാസി സമൂഹത്തെ സമുദ്ധരിക്കാൻ പറ്റുന്ന ആളുകളെ അവരിൽനിന്ന് തന്നെ വളർത്തിക്കൊണ്ടുവരലാണ് അവരുടെ പ്രയാസങ്ങൾ തീർക്കുന്നതിനുള്ള ഏറ്റവും ഉചിതമായ നടപടി. എല്ലാ മനുഷ്യരും ആദ്യം കാട്ടിലായിരുന്നു ജീവിച്ചിരുന്നതെന്നല്ലേ സത്യം. വിദ്യാഭ്യാസം അവരെ സാംസ്കാരിക സമ്പന്നരാക്കി മാറ്റുകയായിരുന്നു.
ആദിവാസിക്ക് അവന്റെ ഭാഷയിൽ തന്നെ വിദ്യാഭ്യാസം നൽകണമെന്നത് ശരിതന്നെ. അധ്യാപകരായി അവരിൽനിന്നുതന്നെ യോഗ്യതയുള്ളവരെ നിയമിക്കലാണ് കൂടുതൽ നല്ലത്. ആദിവാസി കുട്ടികളുടെ വികാര വിചാരങ്ങളെ മനസ്സിലാക്കാൻ അവരിൽതന്നെയുള്ള അധ്യാപകർക്ക് അനായാസം സാധിക്കും. ഇന്ന് പല അധ്യാപകരും കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടി വന്യമൃഗങ്ങളെ പേടിച്ച് നടന്നെത്തി ഏകാധ്യാപക വിദ്യാലയത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നത് അവരോടുള്ള സ്നേഹമോ സേവന താൽപര്യമോ ഒന്നും കൊണ്ടല്ല. അവരുടെ ജോലിയായതുകൊണ്ട് മാത്രമാണ്.
കെ.എ. റഹീം കുളത്തൂർ
തെറ്റിയത് എനിക്കായിരുന്നു!
'പൂക്കാരൻ' എന്ന കഥയാണ് സലീം ഷെരീഫ് എന്ന പേര് കേൾക്കാൻ ഇടയാക്കിയത്. വെട്ടിച്ചെറുതാക്കാവുന്ന കഥ പരന്നുപോയി എന്നൊരു ദൂഷ്യം അത് വായിച്ചപ്പോൾ തോന്നിയിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പിൽ സലീമിന്റെ പുതിയ കഥ 'ഒരു മഹാവൃക്ഷത്തിന്റെ ഹൃദയത്തിൽ ധ്യാനംപോലൊരു കോഴി' വായിച്ചപ്പോൾ സലീമിന്റെ കഥയെഴുത്തിനെക്കുറിച്ചുള്ള എന്റെ വ്യാകരണം തെറ്റായിരുന്നുവെന്ന് തോന്നി. കാടറിയുന്ന ഒരാൾ കുറുക്കുവഴി ഒഴിവാക്കിപ്പോകുന്ന ഒരു പോക്കാണത്. വായനക്കാരനുവേണ്ടി തേച്ചുമിനുക്കി ആറ്റിക്കുറുക്കുക എന്നതിനപ്പുറം എഴുത്തുകാരന്റെ തൃപ്തി കൂടി എഴുത്തിന്റെ ഭാഗമാണ്. ഓർഹാൻ പാമുക് ചുരുക്കിയെഴുതിയാൽ വായനക്കാരന് ഒന്നും കിട്ടില്ല. അതൊരു നിലതെറ്റിയുള്ള പോക്കാണ്. സമൃദ്ധമായ കാഴ്ചകളാലും സലീമിന്റെ കഥ അനുഭവമാകുന്നു. ഒരു സിനിമകൂടിയാണത്. ആ തലക്കെട്ടിൽപോലും അതുണ്ട്.
അജിത് നീലാഞ്ജനം (ഫേസ്ബുക്ക്)
ഇൗ കഥ വായനക്കാരെ ചൂഴ്ന്നെടുക്കുന്നു
''എല്ലാ മനുഷ്യർക്കും രഹസ്യങ്ങളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ രഹസ്യങ്ങളാണ് മനുഷ്യരുടെ വ്യക്തിത്വത്തെ സൃഷ്ടിക്കുന്നതുപോലും. അതിലേക്ക് നുഴഞ്ഞുകയറാൻ ആരെയും അനുവദിക്കേണ്ടതില്ല. അതിപ്പോൾ സ്വന്തം ഭാര്യയാണെങ്കിലും''! സലീം ഷെരീഫ് മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1274) എഴുതിയ 'ഒരു മഹാവൃക്ഷത്തിന്റെ ഹൃദയത്തിൽ ധ്യാനം പോലൊരു കോഴി' എന്ന കഥ വായിച്ചു. ഒരു ഉമ്മയും അലി എന്ന മകനും തമ്മിലുള്ള രഹസ്യങ്ങളിലേക്കു കൊണ്ടുപോയി വായനക്കാരുടെ ഹൃദയത്തിൽ കനൽ വാരിയെറിഞ്ഞിരിക്കുന്നു.
എത്ര മനോഹരമായാണ് ഉമ്മയുടെയും മകന്റെയും ജീവിതം സലീം നൊമ്പരമൊതുക്കി എഴുതിയിരിക്കുന്നത്. ജീവിതത്തിന് നിറവും സുഗന്ധവും പകരുന്നത് ഓർമയാണ്. അത് നഷ്ടപ്പെട്ടാലോ? ഓർമ നഷ്ടപ്പെട്ട ഉമ്മ മകൻ ചെയ്ത തെറ്റ് വിളിച്ചു പറയുമോ?
മൊറാലിറ്റി ഇല്ലായിരുന്നെങ്കിൽ രഹസ്യങ്ങൾ ഉണ്ടാകുമായിരുന്നോ? മൊറാലിറ്റിയാണ് രഹസ്യങ്ങളുടെ ഫാക്ടറി. സ്വപ്നങ്ങൾ നമ്മുടെതന്നെ സമാന്തര ജീവിതങ്ങളാണല്ലോ... കണ്ണടച്ചാൽ യാഥാർഥ്യത്തിലേക്കും കണ്ണുതുറന്നാൽ സാധാരണതയിലേക്കും നമ്മൾ കണ്ണു തുറക്കുന്നു എന്ന് സലീം പറയുമ്പോൾ കഥ വായനക്കാരുടെ ഉള്ളത്തിലേക്ക് നോക്കുന്നു. വളഞ്ഞും തിരിഞ്ഞുമാണ് ഈ കഥയുടെ വഴി. പക്ഷേ, കയറി നടന്നാൽ വേദനയോടെയേ ഇറങ്ങാൻ കഴിയൂ. അഭിനന്ദനങ്ങൾ, പ്രിയ സലീം ഷെരീഫ്. മനോഹര ചിത്രീകരണത്തിന് അഞ്ജു പുന്നത്തിനും അഭിനന്ദനങ്ങൾ.
സന്തോഷ് ഇലന്തൂർ (ഫേസ്ബുക്ക്)
സമൂഹത്തോട് കലഹിക്കുന്ന ചൂണ്ടുവിരൽ
നിലനിൽപിനായുള്ള തീക്ഷ്ണ സമരങ്ങളുടെ നേർസാക്ഷ്യങ്ങൾ വരച്ചിടുന്നതായിരുന്നു ലക്കം 1273 ആഴ്ചപ്പതിപ്പ് എന്ന് ഏതൊരു വായനക്കാരനും ബോധ്യപ്പെടും. തിരുവനന്തപുരം കിളിമാനൂർ തോപ്പിൽ കോളനി, കോഴിക്കോട് ആവിക്കൽ തോട്, വയനാട് മരിയനാട് -ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ എല്ലാം നിലനിൽപിന്റെ പ്രശ്നംതന്നെയാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 'വിരൽ ചൂണ്ടുന്ന സമരങ്ങൾ' എന്ന മുഖചിത്രംതന്നെ തീക്ഷ്ണമായ സമരങ്ങളുടെ ചൂടും ചൂരും പ്രഥമദൃഷ്ട്യാ വായനക്കാരിൽ സന്നിവേശിപ്പിക്കുന്നു. ജീവിക്കാൻ അനുവദിക്കില്ലെന്ന് വാശിപിടിക്കുന്നവരെ വരച്ചവരയിൽ നിർത്തുമെന്ന ഉറച്ച പ്രഖ്യാപനമാണ് മുഖചിത്രത്തിലെ സമരപോരാളിയുടെ ചൂണ്ടുവിരൽ സമൂഹത്തോട് വിളിച്ചുപറയുന്നത്.
പോരാട്ടത്തിന്റെ പലവിധ മാതൃകകൾ സൃഷ്ടിച്ച് സ്വന്തം പേരിനൊപ്പം 'സമരവും' വിളക്കിച്ചേർത്ത് പോരാട്ടനായകൻ സേതു 'സേതുസമര'മായതിന്റെ പടവുകൾ വായിച്ചെടുക്കാം. കിളിമാനൂർ തോപ്പിൽ കോളനിയിലെ ചെറുത്തുനിൽപിന്റെ സമരഭൂമിയിൽനിന്നും എക്കാലവും മേലാളനാൽ പലായനം ചെയ്യപ്പെട്ട ദലിത് ജനതയെ കാലമേറെ കടന്നുപോയിട്ടും മനുഷ്യരായി കാണാൻപോലും ഭരണാധികാരികൾ തയാറാകുന്നില്ല എന്നു പറയുന്നിടത്താണ് സേതുസമരത്തിന്റെയും കൂട്ടരുടെയും സമരം എത്രകണ്ട് നിലനിൽപിനുവേണ്ടിയാകുന്നുവെന്ന് ചിന്തിക്കേണ്ടിവരുന്നത്.
സമാധാനത്തോടെ ശുദ്ധവായു ശ്വസിച്ച് ജീവിച്ചുപോന്ന കോഴിക്കോട് ആവിക്കൽ തോട്ടിലെ ജനങ്ങളുടെ സ്വൈരജീവിതത്തിൽ കനൽ കോരിയിടാൻ വന്നവരോട് പോരാടാൻ തുടങ്ങിയപ്പോഴാണ് 'തീവ്രവാദി'കളായി മുദ്രകുത്തപ്പെടുന്നത്. അതും ഉത്തരവാദിത്തപ്പെട്ടവരിൽനിന്നുതന്നെയാണെന്ന് അറിയുമ്പോഴാണ് അത്ഭുതം തോന്നുന്നത്. രക്ഷിക്കേണ്ടവർതന്നെ ശിക്ഷിക്കുകയാണോ എന്ന് ചോദിച്ചുപോകേണ്ടിവരുന്നു. അതുകൊണ്ടുതന്നെയാണ് സർക്കാർ സംവിധാനങ്ങളേക്കാൾ കരുണ കാണിക്കുന്ന കടലിനെയാണ് തങ്ങൾക്ക് വിശ്വാസമെന്ന് ആവിക്കൽതോട് നിവാസികൾക്ക് പറയേണ്ടിവരുന്നത്.
വയനാട് മരിയനാട്ടിലെ ആദിവാസി ജനത കിടക്കാൻ ഭൂമിയില്ലാതെയാണ് സമരമുഖത്ത് 'നിൽക്കുന്നതെന്ന' വലിയ യാഥാർഥ്യം നമ്മെ തുറിച്ചുനോക്കുന്നു. കേറിക്കിടക്കാൻ ഒരുതുണ്ടു ഭൂമിക്കുവേണ്ടി മുത്തങ്ങ, ചെങ്ങറ പോലുള്ള നിരവധി സമരങ്ങൾ കണ്ട നാടാണിത്. വയനാട്ടിലെ മരിയനാട് എത്തുമ്പോഴും സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്ന വാസ്തവമാണ് നാം തിരിച്ചറിയുന്നത്. സമരത്തെ പകർത്തിയ എഴുത്തുകാർക്കും അതിന് തട്ടകമൊരുക്കിയ മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
സമൂഹത്തെ ഒപ്പിയെടുത്ത കവിത
ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ പതിവുശൈലികളിൽനിന്നും ആശയങ്ങളിൽനിന്നും തീർത്തും വിഭിന്നമായ കവിതയാണ് 'കെട്ട്യോൻ ചത്തവളുടെ കട്ടിൽ' (ലക്കം: 1274). ഒരു വിധവയുടെ ജീവിതത്തിലേക്കുള്ള സമൂഹത്തിന്റെ ഒളിഞ്ഞുനോട്ടം വളരെ കൃത്യമായി ഈ കവിത പറഞ്ഞുവെക്കുന്നു.
അന്യന്റെ ജീവിതത്തിലേക്കുള്ള ഈ ഒളിഞ്ഞുനോട്ടം മലയാളിയുടെ മാത്രം പൊതുസ്വഭാവമാണോ? ആയിരിക്കാം, അല്ലായിരിക്കാം. എന്തുതന്നെയായാലും ഈ ശീലം മലയാളികൾ അനുവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ബാലഗോപാലൻ അത് വളരെ കൃത്യമായി നിരീക്ഷിച്ചിരിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ ഈ ആധുനികയുഗത്തിലും എത്രമാത്രം അരക്ഷിതരാണ് അവർ എന്നതോർക്കുമ്പോൾ പരിതപിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക. സമൂഹമാധ്യമങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും കൊട്ടിഗ്ഘോഷിച്ച് രാത്രിനടത്തങ്ങളും മറ്റും സംഘടിപ്പിക്കുന്നുണ്ടെങ്കിലും എത്ര സ്ത്രീകൾക്ക് രാത്രിയിൽ സുരക്ഷിതമായി യാത്ര ചെയ്യാനാകുന്നുണ്ട്? സൗമ്യയുടെ അനുഭവം ആരും മറന്നിരിക്കാൻ ഇടയില്ല. ഇരകൾ ഇപ്പോഴും ബലിയാടുകളായി അഭയകേന്ദ്രങ്ങളിൽ ഒറ്റപ്പെട്ടു ജീവിക്കുന്നു. പീഡകർ നിയമത്തിൻ കീഴിൽ സുരക്ഷിതമായി സമൂഹമധ്യത്തിൽ വിലസുന്നു. സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്ചകൾക്ക് എന്നാണ് മാറ്റം വരുക. തനിച്ചാക്കപ്പെടുന്ന സ്ത്രീകളുടെ ജീവിതത്തെയും അവരുടെ വീടുകളിലേക്കുള്ള വരവുപോക്കുകളെയും ആയിരം കണ്ണുകളോടെയാണ് സമൂഹം കാത്തിരിക്കുന്നതും കഥകൾ മെനയുന്നതും. അവളോട് കൂട്ടുകൂടാനുള്ള പുരുഷ കേസരികളുടെ മത്സരങ്ങൾ. അവളെക്കുറിച്ച് കഥകൾ മെനയാനുള്ള അയൽക്കാരികളുടെ/കൂട്ടുകാരികളുടെ വ്യഗ്രത, ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാനുള്ള യുവാക്കളുടെ ബദ്ധപ്പാടുകൾ എല്ലാം ഈ കവിതയിൽ നമുക്ക് വായിച്ചെടുക്കാനാകും. കാലമെത്ര കഴിഞ്ഞാലും മാറുകയില്ല മനുഷ്യമനസ്സിലെ ഈ അപഥസഞ്ചാരങ്ങൾ. അവളുടെ സ്വത്വത്തെ അവർ മനസ്സിലാക്കുന്നതേയില്ല. അവളെ സംബന്ധിക്കുന്ന എന്തും അവർക്ക് ഊർജസരണികളാണ്. അവളുടെ ആസക്തികൾ അവരെ സംബന്ധിച്ചിടത്തോളം ഒഴുക്കു മുറിഞ്ഞ ഒരു പുഴപോലെയത്രേ! സ്വപ്നങ്ങൾക്ക് ഇരുമ്പ് താഴിട്ട ഇടങ്ങളിൽ 'കെട്ട്യോൻ ചത്തവളുടെ കട്ടിൽ എന്ത് ചെയ്യാനാണ്' എന്ന് അർഥവത്തായി കവി പറഞ്ഞവസാനിപ്പിക്കുന്നു.
എക്കാലത്തും വിധവകൾ അനുഭവിച്ച ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ കവിത. നഗരത്തിലായാലും ഗ്രാമത്തിലായാലും ഒരുപോലെയാണ് അവരുടെ അവസ്ഥ.
ദർശന, വെങ്ങിണിശ്ശേരി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.