ആവിക്കൽ തോട്ടുകാരേ... മാതൃകയായി തിരുവനന്തപുരമുണ്ട്
സെപ്റ്റേജ് മാലിന്യസംസ്കരണ പ്ലാന്റിനെതിരെ കോഴിക്കോട് ആവിക്കലില്‍ നടക്കുന്ന സമരത്തെപ്പറ്റി മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1273) കെ.എ. സൈഫുദ്ദീന് തയാറാക്കിയ റിപ്പോർട്ടില്‍ പറയുന്ന പല കാര്യങ്ങളും നാട്ടുകാരുടെ തെറ്റിദ്ധാരണയില്നിന്നോ മുൻവിധികളിൽനിന്നോ ഉണ്ടായതാണെന്നു കരുതേണ്ടിയിരിക്കുന്നു.
പത്തുമുപ്പത് വർഷം മുന്‍പുവരെ കേരളത്തിലെ വീടുകളില്‍ വ്യാപകമായി ശുചിമുറികളുണ്ടായിരുന്നില്ല. അന്ന് മലമൂത്ര വിസർജനവും കുളിയുമൊക്കെ വീടിനു പുറത്തായിരുന്നു. വെളിയിടങ്ങളില്‍ മലവിസർജനം നടത്തിയിരുന്ന ഒരു സമൂഹത്തില്‍നിന്ന് നാം ഏറെ മാറി. എല്ലാ വീടുകളിലും കക്കൂസുകള്‍ വന്നു. ചിലയിടത്തെങ്കിലും വീടുകൾക്കുള്ളില്‍ രണ്ടും മൂന്നും കക്കൂസുകള്‍ സ്ഥാപിച്ചു. ഈ കക്കൂസുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന വിസർജ്യം എവിടെയെങ്കിലും നശിപ്പിച്ചേ പറ്റൂ. അതിനുള്ള മാർഗങ്ങൾ വീടുകളോടനുബന്ധിച്ചില്ല. വിസർജ്യം (സമരക്കാരുടെ ഭാഷയില്‍ തീട്ടം) വീടുകളോടനുബന്ധിച്ച് ശേഖരിക്കാനല്ലാതെ ശാസ്ത്രീയമായി സംസ്കരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച്, വളരെ കുറച്ചുസ്ഥലം മാത്രമുള്ളിടങ്ങളില്.
ഇന്ന് കേരളത്തില്‍ സ്ഥലസൗകര്യം കുറഞ്ഞ മിക്കയിടങ്ങളിലും കക്കൂസ് മാലിന്യം വലിയൊരു ഭീഷണിയാണ്. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവര്‍ ചോദിക്കുന്ന പണം കൊടുക്കാന്‍ നഗരങ്ങളില്‍ ആളുകള്‍ തയാറാണ്. രാത്രിയുടെ മറവില്‍ വീടുകളിലെ സെപ്റ്റിക് ടാങ്കുകളില്‍നിന്ന് ടാങ്കറില്‍ ശുചിമുറി മാലിന്യം ശേഖരിച്ച് തുറസ്സായ സ്ഥലങ്ങളിലോ ജലസ്രോതസ്സുകളിലോ തള്ളുകയാണ് അവര്‍ ചെയ്യുന്നത്. പുഴയും കടലും കായലുമൊക്കെ മലിനമാകുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. അത് തടയണമെങ്കില്‍ കേരളത്തിലുടനീളം ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റുകള്‍ വന്നേ പറ്റൂ. അവരവരുടെ തീട്ടം വീടിനുള്ളിലെ ശുചിമുറിയില്‍ നിക്ഷേപിച്ച് വീട്ടുപരിസരത്തെ സെപ്റ്റിക് ടാങ്കില്‍ ശേഖരിച്ചു സൂക്ഷിക്കുന്നവർതന്നെയാണ് പ്ലാന്റിനെ തീട്ടപ്ലാന്റെന്ന് പുച്ഛിച്ച് ഇതിനെതിരെ സംസാരിക്കുന്നത്.
അവർക്കുമുന്നിൽ ധൈര്യപൂർവം ഉയർത്തിക്കാട്ടാവുന്ന ഉദാഹരണമാണ് തിരുവനന്തപുരത്തേത്. ആളുകള്‍ തിങ്ങിപ്പാർക്കുന്ന മുട്ടത്തറയില്‍ 32ഏക്കര്‍ സ്ഥലത്തായി 2013ലാണ് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കമീഷന് ചെയ്തത്. ജലവിഭവ വകുപ്പിനു കീഴിലെ സ്വീവേജ് വിഭാഗവും തിരുവനന്തപുരം നഗരസഭയും ചേർന്ന് പരിപാലിക്കുന്ന ഈ പ്ലാന്റിന് ദിവസവും 107 ദശലക്ഷം ലിറ്റര്‍ ശുചിമുറി മാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വീവേജ് ലൈനുകള്‍ വഴി ശേഖരിക്കുന്ന മാലിന്യവും ടാങ്കറുകളില്‍ എത്തിക്കുന്ന മാലിന്യവും ഇവിടെ സംസ്കരിക്കുന്നു. നിലവില്‍ ഇത് പ്രതിദിനം 50 ദശലക്ഷത്തോളം ലിറ്റര്മാത്രമാണ്. 'സ്മാർട്ട് ട്രിവാൻഡ്രം' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങൾക്ക് തങ്ങളുടെ വീടുകളിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യാനുള്ള സേവനം നിശ്ചിത ഫീസ് അടച്ച് ബുക്ക് ചെയ്യാം.
മുഴുവന്‍ ടാങ്കറുകളെയും ജി.പി.എസ് ഉപയോഗിച്ച് കോള്‍സെന്ററില്‍ നിരീക്ഷിച്ചും ഇടപാടുകാരുമായും ടാങ്കര്‍ ലോറിക്കാരുമായും നിരന്തരം ബന്ധപ്പെട്ടും പരാതികളില്ലാതെയും ചെറിയ പരാതികളൊക്കെ കൃത്യമായി പരിഹരിച്ചുമാണ് ഈ സംവിധാനം മുന്നോട്ടുപോകുന്നത്. മാലിന്യം നീക്കുന്നതിനായി പൊതുജനങ്ങള്‍ ഓൺലൈനായി അടക്കുന്ന തുകയിൽനിന്ന് കോർപറേഷൻ ചെറിയൊരു ഫീസ് ഈടാക്കിയശേഷം ബാക്കി മുഴുവനും ടാങ്കര്‍ ഉടമകൾക്ക് ഓരോ ആഴ്ചയും ബാങ്ക് അക്കൗണ്ട് വഴി നല്‍കും. മൂന്നു വർഷംകൊണ്ട് 40,000ത്തോളം ലോഡ് ശുചിമുറിമാലിന്യം മുട്ടത്തറ പ്ലാന്റില്‍ സംസ്കരിച്ചുകഴിഞ്ഞു. ഇതുമാത്രം ഏകദേശം 18 ദശലക്ഷം ലിറ്റര്‍ വരും. ടാങ്കര്‍ ലോറിയില്‍ ശുചിമുറിമാലിന്യം മുട്ടത്തറയിലേക്കു കൊണ്ടുപോകുന്നത് നഗരത്തിലൂടെയും ജനവാസകേന്ദ്രങ്ങളിലൂടെയുമാണ്. ഇത്തരത്തില്‍ കൊണ്ടുപോകുന്നതുമൂലം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇതുവരെ ഉണ്ടായതായി റിപ്പോർട്ടില്ല.
പക്ഷേ, കോഴിക്കോട് പ്ലാന്റ് വരുംമുമ്പുതന്നെ കക്കൂസ് മാലിന്യങ്ങള്‍ ഒരിടത്തേക്ക് എത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും എത്രമാത്രം രൂക്ഷമായിരിക്കുമെന്ന് സമരക്കാർക്ക് നല്ല ബോധ്യമുണ്ടെന്നാണ് ലേഖനം പറയുന്നത്. പ്ലാന്റ് വന്നാല്‍ പരിസരത്ത് ജനങ്ങൾക്ക് താമസിക്കാൻ കഴിയില്ലെന്നും ഭീകരമായ നാറ്റമായിരിക്കുമെന്നും പലവിധ രോഗങ്ങള്‍ വേട്ടയാടുമെന്നും സാമൂഹിക ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടിവരുമെന്നും ഒക്കെ ലേഖനത്തില്‍ ചിലരെ ഉദ്ധരിച്ചു പറയുന്നു. പക്ഷേ, കോഴിക്കോടുനിന്ന് 400 കിലോമീറ്റർ മാത്രം ഇപ്പുറത്ത് തിരുവനന്തപുരത്ത് ഇത്തരത്തിലുള്ള ഒരു പ്രശ്നവുമില്ലാതെ സെപ്റ്റേജ് സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്ന കാര്യം ബോധപൂർവം മറക്കുന്നു.
മാലിന്യം സംസ്കരിച്ചുണ്ടാകുന്ന സ്ലറി വളമായി ഉപയോഗിക്കുകയാണ് ചെയ്യുക. വെള്ളം ശുദ്ധമാക്കി മാത്രമേ ജലസ്രോതസ്സുകളിലേക്ക് തുറന്നുവിടൂ. ശുചിമുറിമാലിന്യം സംസ്കരിച്ചശേഷം പുറത്തേക്കുവരുന്ന വെള്ളം നിർമാണപ്രവർത്തനങ്ങൾക്ക് ഉൾപ്പെടെഉപയോഗിക്കാവുന്നതാണെങ്കിലും നിലവില്‍ അത് പാർവതി പുത്തനാറിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഹാർബറിൽ മാലിന്യം കെട്ടിക്കിടന്ന് മത്സ്യബന്ധനം തടസ്സപ്പെടുമെന്നൊക്കെയുള്ള കോഴിക്കോട്ടെ വാദങ്ങള്‍ തെറ്റിദ്ധാരണമൂലമാകാനേ വഴിയുള്ളൂ. നാമോരോരുത്തരും വീട്ടുമുറ്റത്ത് സ്ഥാപിച്ച തീട്ടസംഭരണികളില്നിന്നുള്ള മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയെന്ന നല്ലകാര്യമാണ് പ്ലാന്റില്‍ ചെയ്യുക. അതിനെ മുളയിലേ നുള്ളാതിരിക്കുക, അത്തരം ശ്രമങ്ങൾക്ക് കൂട്ടുനിൽക്കാതിരിക്കുക.
ടി.സി. രാജേഷ് സിന്ധു
കനലെരിയുന്ന ജീവിതങ്ങളുടെ കഥ
സ്വപ്ന അലക്സിസ് എഴുതിയ കഥ 'മാസ്റ്റർപീസ്' വായിച്ചു (ലക്കം: 1276). വേദനകളിൽനിന്ന് ഊർജം സംഭരിച്ച് സോയൊന്തൻ എന്ന ചിത്രകാരൻ ആഴത്തിൽ വരച്ചിട്ട മൂന്ന് ചിത്രങ്ങൾ! അതാണ് ഈ കഥയുടെ ഹൈലൈറ്റ്. ഈ കുഞ്ഞുകഥ പറഞ്ഞതത്രയും കനലെരിയുന്ന ജീവിതത്തെപ്പറ്റി മാത്രം. നിഴൽപോലും കൊടും ദാരിദ്ര്യത്തിനെ പറ്റി സംസാരിക്കുന്നു. ''വയറുനിറയെ കഴിക്കാൻ അൽപം റൊട്ടി ലഭിച്ചിരുന്നെങ്കിൽ അവരെത്ര സുന്ദരിയായിരുന്നേനെ..!'' കണ്ണുകളിൽ ആഴത്തിൽ കത്തിനിൽക്കുന്ന പട്ടിണിയെന്ന വികാരം, അതിന്റെ തീവ്രത... മുഴുവൻ ഉൾക്കൊള്ളുന്നുണ്ട് ആ ചിത്രത്തിലൂടെ ഈ കഥയിൽ.
തുപ്പലിറ്റിച്ച് ഇഴഞ്ഞുവരുന്ന മനുഷ്യ ചെന്നായ്ക്കളുടെ നടുവിൽ കരിമണിമാല തീർത്ത ചങ്ങലകൊണ്ട് വരിഞ്ഞുമുറുക്കി ചോരയിറ്റിച്ച്... ഇരിക്കുന്നൊരുവൾ... സോയൊന്തന്റെ മാസ്റ്റർപീസ് ആയ ''പാതിവ്രത്യച്ചങ്ങലകൾ'' (Semi-flexible chains) എന്ന ചിത്രത്തിനും പറയാനുള്ളത് ഒരു സ്ത്രീയുടെ ആത്മാവിന്റെ ഉറക്കെയുള്ള കരച്ചിലാണ്.
ഏറ്റവും ഉദാത്തമായ കല അത്രയധികം ആഴമുള്ള വേദനയിൽനിന്നാണ് ഉടലെടുക്കുന്നതെന്ന തിരിച്ചറിവിൽനിന്നും പിറന്ന, ഹൃദയത്തെ പൊള്ളിക്കാൻ ശക്തിയുള്ള മൂന്നാമത്തെ ചിത്രം അയാളുടെ അവസാനത്തെ ചിത്രമാവരുതേയെന്ന നീറ്റലുള്ള പ്രാർഥനയാണ് നമ്മുടെ മനസ്സിൽ വായനയുടെ അവസാനം വന്നു നിറയുന്നത്.
ഗുരുവിന്റെയും ശിഷ്യന്റെയും സ്നേഹ സംഭാഷണങ്ങളിലൂടെ നമ്മിലേക്ക് വന്നുനിറയുന്ന ജീവിതഗന്ധങ്ങളെ, അതിന്റെ കാഠിന്യത്തെ ചിത്രങ്ങളിലൂടെ പറയാനുള്ള സ്വപ്നയുടെ ശ്രമത്തിന് അഭിനന്ദനങ്ങൾ.
മർഷ നൗഫൽ
നല്ല കഥക്ക് നന്ദി
സുരേഷ് കുമാർ വിയുടെ 'ഇരുട്ടിന്റെ വീട്' (ലക്കം: 1275) ഈയിടെ വായിച്ച കഥകളിൽ വളരെ ശ്രദ്ധേയമായി തോന്നി. വികസനത്തിനായി കുറ്റിയറ്റുപോകേണ്ടി വരുന്ന ജീവിതങ്ങളെ ഓർമിപ്പിച്ചു തുടങ്ങുന്ന കഥയിൽ, കഥാനായികയായ ചന്ദ്രികയും അത്തരമൊരിടത്താണ് എത്തപ്പെടുന്നത്. അച്ഛനമ്മമാരുടെ പരിലാളനയേൽക്കേണ്ട ബാല്യകൗമാരം, അയൽപക്കത്തെ അനപത്യത്തിന്റെ താപത്തിലും ഇരുളിന്റെ മറവിലുമാണ് ആശ്വാസം കണ്ടെത്തുന്നത്. സൂര്യൻ തലകീഴായാൽ പിന്നെ ഇരുട്ടു തന്നെയാണവൾക്ക് വെളിച്ചവും തണലും.
പാഷൻ ഫ്രൂട്ട് ഇലയിലെ നിറപച്ചയിലേക്ക് നിറക്കൂട്ട് വാരിവിതറി അതൊരു മയിൽപീലിയാക്കി, സൂര്യനെ മറച്ച് അടുക്കിപ്പിടിക്കുന്ന അവളുടെ മനസ്സിന്റെ സ്നേഹവും കണ്ണീരും അനുവാചകന്റെ മനസ്സിലേക്ക് പകർന്നു നൽകാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. നല്ല കഥ സമ്മാനിച്ച കഥാകാരനും വാരികക്കും നന്ദി.
ബി. ഉണ്ണികൃഷ്ണൻ കോവളം
വായനയുടെ വിപ്ലവം
മലയാളി പൊതുബോധത്തിന്റെ ചിന്താമണ്ഡലത്തിൽനിന്നും കാതങ്ങൾ അകലെ നിൽക്കുന്ന മത്സ്യമേഖലയിലെ പ്രശ്നങ്ങൾ വിശദമായിതന്നെ ചർച്ചചെയ്യാൻ ഒരു ലക്കംതന്നെ മാറ്റിവെച്ച (1275) മാധ്യമം ആഴ്ചപ്പതിപ്പ് വായനയിൽ വസന്തമല്ല, വിപ്ലവംതന്നെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തീൻമേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് മത്സ്യമെങ്കിലും അതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചൂഷണങ്ങളും പ്രതിസന്ധികളും പ്രയാസങ്ങളും വിശദമായി മനസ്സിലാക്കാൻ ഈ പതിപ്പുകൊണ്ട് കഴിഞ്ഞു. പക്ഷേ, കോടികൾ കൈക്കൂലി വാങ്ങി കുത്തകകൾക്കായി വിശാലമായ കടലും കടൽതീരങ്ങളിലെ ധാതുസമ്പത്തും തീറെഴുതി കൊടുക്കാൻ ഭരണകൂടങ്ങൾ തയാറാവുമ്പോൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കൊപ്പം കേരളം മുഴുവൻ സമര മുഖത്തേക്കിറങ്ങുക എന്നത് കാലത്തിന്റെ തേട്ടമാണ്.
അമിതമായ ലാഭക്കൊതിയാൽ ആഴക്കടലിനെപ്പോലും വെറുതെ വിടാതെ കച്ചവടക്കണ്ണുകൾ വട്ടമിട്ടു പറക്കുമ്പോൾ അനുദിനം നമ്മുടെ മത്സ്യ സമ്പത്ത് ഇല്ലാതായിപ്പോവുന്നു എന്ന കാര്യവും പ്രത്യേകം പ്രാധാന്യമുള്ള ഒന്നത്രെ.
മീനില്ലാത്ത ഭക്ഷണക്രമം അചിന്ത്യമായ മലയാളി പുറംനാടുകളിൽനിന്നു വരുന്ന വിഷമടിച്ച മത്സ്യം കഴിക്കേണ്ട ഗതികേടാണ് ഇത്തരം സമീപനങ്ങൾമൂലമുണ്ടാവുന്നത്.
എന്തായാലും മീൻ എന്ന രണ്ടക്ഷരം വരുംനാളുകളിൽ വലിയൊരു ചർച്ചയാക്കാൻ മാധ്യമത്തിന്റെ അക്ഷരക്കൂട്ടുകൾക്ക് കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു.
ഇസ്മായിൽ പതിയാരക്കര
ബിഗ് ബോസ്: കഷ്ടം തോന്നുന്നു
മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കി (Voyeurism) രസിക്കുന്ന സ്വഭാവക്കാരെ തൃപ്തിപ്പെടുത്തുന്ന ബിഗ് ബോസ് ചാനല്‍ റിയാലിറ്റി ഷോയെക്കുറിച്ച് പഠനമനനങ്ങള് നടത്തി സജിത്ത് എം.എസ് തയാറാക്കിയ 'മലയാളിയുടെ ബിഗ് ബോസ് ജീവിതം' വായിച്ചപ്പോള്‍ 'ബലേ ഭേഷ്' എന്ന് മനസ്സ് പറഞ്ഞു (ലക്കം: 1276). ചാനല്‍ തമ്പുരാക്കന്മാര് മുന്‍കൂട്ടി എഴുതിവെച്ചിരിക്കുന്ന തിരക്കഥയനുസരിച്ച് തയാറാക്കുന്ന ഈ ഷോ മലയാളത്തിലെ മെഗാസ്റ്റാറായ മോഹന്‍ലാലിന്റെ പ്രകടനത്താല്‍ വമ്പിച്ച സാമ്പത്തിക നേട്ടവും പ്രശസ്തിയും കൈവരിച്ചെങ്കില്‍ അത്ഭുതപ്പെടാനില്ല.
Survival of the fittest എന്നു പറയുന്നതുപോലെ ശാരീരിക ആക്രമണമൊഴിച്ച് മറ്റെന്തും അനുവദനീയമായ ഈ ഷോയില്‍ അസഭ്യവര്ഷങ്ങള്ക്കൊരു ക്ഷാമവുമില്ല. അനുവദിക്കില്ലെന്ന് പറഞ്ഞാലും അതാണ് കൂടുതലും. നേരിട്ടും കട്ടെടുത്തും തിന്നുന്നവരെയും, ശരീരം കാണിക്കാന്‍ വേഷം കെട്ടി നില്‍ക്കുന്നവരെയും ഇതില്‍ കണ്ടു. സീസണ് 4ലെ മത്സരാർഥിയായ വിദേശവനിത ഇടയ്ക്കിടെ ''എന്റെ ഭാര്യയെ കണ്ടു'', ''എന്റെ ഭാര്യക്ക് ഫോണ്‍ ചെയ്തു'' എന്നൊക്കെ പറയുന്നതു കേട്ടപ്പോള്‍ പലരും പരസ്പരം നോക്കുന്നതും കണ്ടു. അവര്‍ക്ക് പരിചിതമായ സമൂഹത്തില്‍ ഇങ്ങനെയല്ലല്ലോ? വൃത്തിയില്ലാത്ത അലങ്കോലപ്പെട്ടു കിടക്കുന്ന വീടിനെ ഇംഗ്ലീഷില്‍ Dog House എന്ന് വിളിക്കുന്നതുപോലെ സദാസമയവും സംഘര്‍ഷഭരിതമായ ഒരു വീടിനെ Big Boss House എന്ന് പേര് വീണാലും തെറ്റില്ല. അതിനിടയില്‍ ഒരു മത്സരാർഥിയുടെ അടിവസ്ത്രം പബ്ലിക്കായി പ്രദര്‍ശിപ്പിക്കുന്നതും കണ്ടു. മലയാളം മീഡിയത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്ത്തിയാക്കിയവര്പോലും 'ബിഗ് ബോസ് മലയാള'ത്തില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതു കേട്ടപ്പോള്‍ 'കഷ്ടം' തോന്നി. എന്നാല്‍, ഇവരില്‍ പലരും സ്പെല്ലിങ് ടാസ്കില് പരാജയപ്പെടുന്നതും കണ്ടു. അടുത്ത സീസണ് മുതല്‍ മാന്യതക്കും സഭ്യതക്കും ഊന്നല്‍ നല്കി അവതരിപ്പിച്ചില്ലെങ്കില്‍ പ്രേക്ഷകര്‍ ഈ ഷോ പിന്തള്ളാന് സാധ്യതയുണ്ട്.
സണ്ണി ജോസഫ്, മാള
സ്വാശ്രയത്വം പണയപ്പെടുത്തുന്ന സർക്കാറുകൾ
തൊണ്ണൂറുകളിൽ ഇന്ത്യയിലാരംഭിച്ച ആഗോളീകരണവും സ്വകാര്യവത്കരണവും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങൾ, നമ്മുടെ പ്രകൃതിസമ്പത്തുകളെയും രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയ നയങ്ങളെയും തകരാറിലാക്കുന്നതാണ്. ഇത് സാമ്പത്തിക ശാസ്ത്രജ്ഞരും രാഷ്ട്രീയ നയവിശാരദരും അന്നേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതിന്റെ അനുസ്യൂതിയുടെ ഫലങ്ങൾ നമ്മുടെ രാജ്യത്തിന്റെ സമസ്ത മേഖലകളെയും അന്യാധീനപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഇന്ത്യാ രാജ്യത്തിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഏറെ വിഭവ സമ്പത്തുകളുണ്ട്. അതു കണ്ട് ആകൃഷ്ടരായാണ് പണ്ട് വിദേശികൾ ഇന്ത്യയിലേക്ക് കടന്നുവന്നത്.
ഇതിനെതിരെയുള്ള കടുത്ത പോരാട്ടങ്ങളുടെ ഫലമായാണ് ഇന്ത്യ സ്വതന്ത്രമായത്. പക്ഷേ, സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭരിച്ച കക്ഷികൾ സ്വാശ്രയത്വത്തിലൂന്നിയ സ്വദേശ നയങ്ങൾക്ക് പകരം, വൈദേശിക സാമ്പത്തിക നയങ്ങൾക്ക് കീഴടങ്ങി ഭരിക്കാൻ തുടങ്ങി. ഗാട്ടിന്റെ കാണാച്ചരടുകളും വിദേശ സാമ്പത്തിക ശക്തികളുടെ ഇവിടത്തെ കടന്നുവരവും നമ്മളെ പല കാണാച്ചരടുകളാലും ബന്ധനസ്ഥരാക്കി. ആഗോള മൂലധന ശക്തിയുടെ കടൽക്കൊള്ളയുടെ ദുരന്തഫലങ്ങളാണ് നമ്മുടെ തീരദേശത്തെ ഇന്ന് അസ്വസ്ഥമാക്കുന്നത്. ഇതിന്റെ വർത്തമാന ദുരന്തങ്ങളെ മാധ്യമം ആഴ്ചപ്പതിപ്പിലെ (ലക്കം: 1275)തദ്സംബന്ധിയായ വിഷയങ്ങളെ കുറിച്ച് ചാൾസ് ജോർജ്, ടി.സി. സുബ്രഹ്മണ്യൻ, മേബിൾ, കെ.സി. ശ്രീകുമാർ, ജിഷ എലിസബത്ത് എന്നിവർ നന്നായി പ്രതിപാദിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യ 1990കളിലാണ് പൂർണമായും വഴിമാറി നടക്കാൻ തുടങ്ങിയത്. സാമ്രാജ്യത്വത്തിന് കീഴടങ്ങിക്കൊണ്ടുള്ള പുത്തൻ സാമ്പത്തിക നയങ്ങൾ പിന്തുടർന്നു. അതിന്റെ അനാശാസ്യ പിന്തുടർച്ച ഇന്ന് മോദി സർക്കാറിലൂടെ പ്രബലപ്പെട്ടിരിക്കുന്നു. ഇടതുപക്ഷ സർക്കാറെന്ന് അവകാശപ്പെടുന്ന പിണറായി സർക്കാറും ഇതിൽനിന്നും ഒട്ടും ഭിന്നമല്ല. ഈ ലേഖന വിഷയ സംബന്ധിയായി ലേഖകർ പ്രത്യേകം ഊന്നൽ കൊടുത്ത് എഴുതിയത് നമ്മുടെ 'മീൻ' സംബന്ധിയായാണ്.
നമ്മുടെ പുരോഗമന വായാടിത്തം നടത്തുന്ന മൂലധനമൂടുതാങ്ങികളായ ജേണലുകൾക്കൊന്നും സാധ്യമാവാത്തൊരു വിഷയം ഏറെ പ്രാധാന്യത്തോടെ അതിന്റെ അടിസ്ഥാന പ്രശ്നസംബന്ധിയായിതന്നെ എടുത്തെഴുതിയതിൽ ആഴ്ചപ്പതിപ്പിനും ലേഖകർക്കും അഭിവാദ്യങ്ങൾ. 'മീൻ' എന്ന തലക്കെട്ടിലുള്ള 'തുടക്കം' ആ ലക്കം ലേഖനങ്ങൾക്ക് നല്ലൊരു ആമുഖം കുറിച്ചു. ഈ തുടക്കം പ്രാരംഭകുറിപ്പ് നമ്മുടെ ഭരണകർത്താക്കൾ അവരുടെ ഓഫിസിൽ ഫ്രയിം ചെയ്ത് സൂക്ഷിക്കണം. മത്സ്യമേഖലയെ സംരക്ഷിക്കാനുള്ളൊരു വിജ്ഞാപനമാണിത്.
ഒരുകാലത്ത് സാധാരണക്കാരന്റെ ആരോഗ്യദായകവും രുചികരവുമായ, ചെലവ് കുറഞ്ഞ ആ ഭക്ഷണവിഭവം ഇന്നധികം കാണാനില്ല. കപ്പയും മീനും ദരിദ്രനായ മനുഷ്യന്റെ പോഷകാഹാരമായിരുന്നു. ആ രത്നാകരമായ കടലും അതിലെ ജീവകങ്ങളടങ്ങിയ മത്സ്യങ്ങളും ഇന്ന് ദരിദ്രന് കിട്ടാക്കനിയായിത്തീർന്നിരിക്കുന്നു. മീൻപിടിത്തക്കാരുടെ അവസ്ഥക്കും മാറ്റമില്ല. മത്സ്യത്തിന്റെ ലഭ്യതയില്ലായ്മയും വിലകൂടുതലും മീൻപിടിത്തക്കാരുടെ, വ്യാപാരികളുടെ കുറ്റമല്ല.
ആഗോള സമ്പദ് വ്യവസ്ഥ നമ്മുടെ കടലുകളെയും കാടുകളെയും കീഴ്പ്പെടുത്തിയിരിക്കുന്നു. കാടും കടലും ഒരുമിച്ചൊരു സമരജ്വാല തെളിയിച്ചാൽ അതിനെ തടുക്കാൻ ആർക്കുമാകില്ല.
കെ.ടി. രാധാകൃഷ്ണൻ, കൂടാളി
അതുകൊണ്ടുതന്നെയാണ് ആദിവാസികൾക്ക് അക്ഷരം നിഷേധിക്കുന്നത്
വീണ്ടും ആദിവാസി ജനവിഭാഗങ്ങളിലേക്ക് എത്തുമ്പോൾ നാം കാണുന്നത് അവിടത്തെ അക്ഷരനിഷേധത്തിന്റെ പ്രശ്നമാണ്. ഡോ. രമേഷ് കെ, രാജഗോപാൽ കെ എന്നിവർ ചേർന്നെഴുതിയ 'ആഘോഷങ്ങൾക്കിടയിൽ ആദിവാസികൾക്ക് അക്ഷരം നിഷേധിക്കുമ്പോൾ' എന്ന ലേഖനത്തിന്റെ തുടക്കത്തിൽ ലാപ്ടോപ് തുറന്നുവെച്ച് ആരെയോ, എന്തിനെയോ പ്രതീക്ഷിച്ചിരിക്കുന്ന പാണപ്പുഴയിലെ ശിൽപ എന്ന കൊച്ചുകുട്ടിയുടെ ചിത്രം പ്രതീക്ഷ നൽകുന്നതിനൊപ്പം ആശങ്കയും പങ്കുവെക്കുന്നുണ്ടെന്ന് പറയാതെവയ്യ. അത് കേവലം വൈദ്യുതി എത്താത്ത പ്രശ്നം മാത്രമാകാൻ വഴിയില്ല; തങ്ങൾക്ക് അക്ഷരം നഷ്ടപ്പെടുന്നതിന്റെ വേദനയും ആ 'കുരുന്ന്' മുഖത്തുനിന്ന് വായിച്ചെടുക്കാം. ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നു, പകരം ഗോത്രസമൂഹത്തിന് അവരുടെ വാസസ്ഥലികളിൽ സംവിധാനമില്ല; അവരുടെ പരിസരം വിട്ട് ദൂരസ്ഥലങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നു. അതോടെ, അപരിചിതമായ ചുറ്റുപാടിലേക്ക് മാറേണ്ടിവരുന്നു. അത് അവരുടെ ജീവസന്ധാരണത്തെയും മറ്റു സാഹചര്യങ്ങളെയും ബാധിക്കുന്നു. ഒന്നാംക്ലാസിലെ കുട്ടികളെപ്പോലും അവർക്ക് ഉൾക്കൊള്ളാനാകാത്ത തികച്ചും അനാകർഷകമായ അവസ്ഥയിലേക്ക് മാറ്റപ്പെടുമ്പോൾ അവരുടെ ജീവിതത്തിന്റെ താളം തെറ്റുന്നു. ഇങ്ങനെ ആദിവാസി സമൂഹം നേരിടുന്ന വിദ്യാഭ്യാസ സംബന്ധിയായ പ്രശ്നങ്ങൾ എല്ലാംതന്നെ ലേഖനത്തിൽ ഗൗരവ ചർച്ചക്ക് വിധേയമാക്കുന്നു. മാത്രമല്ല, ഇത്തരം പ്രശ്നങ്ങൾ മറികടക്കാനുള്ള മാർഗങ്ങൾ അക്കമിട്ട് എന്നപോലെ ലേഖനത്തിൽ അവതരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇത് കാണേണ്ടവർ കാണുന്നില്ല, നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ നടപ്പാക്കുന്നുമില്ല. അതുകൊണ്ടുതന്നെയാണ് പൊതുവിദ്യാഭ്യാസരംഗം ആഘോഷ തിമിർപ്പിലായിരിക്കുമ്പോഴും പാർശ്വവത്കരിക്കപ്പെട്ട ആദിവാസികൾക്ക് അക്ഷരം നിഷേധിക്കപ്പെടുന്നത്.
ദിലീപ് വി. മുഹമ്മദ്
നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ ശിക്ഷാ നിയമക്കുരുക്കുകൾ
ഇന്ത്യയിൽ ജയിലുകളിൽ മൊത്തം വിചാരണ തടവുകാർ 1,25,788 പേരാണ് എന്നറിയുന്നു. കേരളത്തിൽനിന്ന് 2696 പേരാണ്. 'സംഘർഷങ്ങളുടെ കണ്ണിലൂടെ തടവുകാർ' എന്ന ലേഖനം (ലക്കം: 1274) വായിച്ചപ്പോൾ തോന്നിയ കാര്യങ്ങളാണിത്. അതേ ലക്കത്തിൽതന്നെ എഡിറ്റോറിയൽ പേജിൽ 24 പേരുടെ ഫോട്ടോയുമുണ്ട്. 'തടവറയിൽ മരിക്കണോ ഇവർ' എന്ന് ഒരു ചോദ്യവുമുണ്ട്. പേരറിവാളൻ എന്ന വ്യക്തി തന്റെ യൗവനം മുഴുവൻ ജയിലിൽ ഹോമിച്ചശേഷം ഈ അടുത്ത അവസരത്തിലാണ് ജയിൽമുക്തനായത്. 2016-2021 കാലത്ത് രാജ്യദ്രോഹക്കുറ്റങ്ങളുടെ വർധന 190 ശതമാനമാണ്.
ഇന്ത്യൻ പീനൽ കോഡിന്റെ ഉപജ്ഞാതാവ് ചരിത്രകാരനും രാഷ്ട്രീയക്കാരനുമായ തോമസ് ബാബിങ്ട്ടൻ മെക്കാളെയെന്ന ബ്രിട്ടീഷുകാരനാണ്. ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യൻ ജനതയുടെ മേൽ പ്രയോഗിക്കാൻ ഉണ്ടാക്കിയ ശിക്ഷാനിയമങ്ങളാണത്.
സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും കാലമായിട്ടും നമ്മുടെ സർക്കാറുകൾ സാരമായ ഭേദഗതികളൊന്നുമില്ലാതെ ഈ നിയമങ്ങൾ നമ്മുടെമേൽ പ്രയോഗിക്കുന്നു. ബ്രിട്ടന്റെ ഭരണഘടനാ വിശദാംശങ്ങളാണ് നമ്മുടെ ഭരണഘടനയിൽ ബഹുഭൂരിഭാഗവും. പക്ഷേ, ബ്രിട്ടനിൽ ഇത്തരം ജനദ്രോഹ നിയമങ്ങളില്ല.
1950ൽ രണ്ടു ഹൈകോടതികൾ 124 എ വകുപ്പ് കർശനമായി റദ്ദാക്കാൻ ഉത്തരവിടുകയുണ്ടായി. എന്നാൽ, 1962 മുതൽ ഈ വകുപ്പിന് പിന്നെയും ജീവൻവെച്ചു. 1973 കാലഘട്ടത്തിൽ കൂടുതൽ പ്രാബല്യത്തിലായി. കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കാലത്ത് 124 എ വകുപ്പ് ബ്രിട്ടീഷ് ഭരണം പ്രയോഗിച്ചതിനേക്കാൾ കൂടുതൽ ജനാധിപത്യ ഇന്ത്യയിലെ ഗവൺമെന്റുകൾ ജനതയുടെമേൽ പ്രയോഗിച്ചിട്ടുണ്ട്. അതിേപ്പാൾ കൂടുതൽ ശക്തമായി തുടരുന്നു. ഈ സാഹചര്യത്തിൽ ആഴ്ചപ്പതിപ്പിൽ വന്ന ജെനി റൊവിനയുടെ ലേഖനത്തിൽ വന്ന തടവുകാരുടെ വിമോചനം എത്ര അകലെയാണ്. ഉദ്ബുദ്ധരും സത്യസന്ധരും പ്രാപ്തരുമായ ഒരു വിഭാഗം ഇന്ത്യൻ ജനതയാണ് ഇന്ന് ആവശ്യം.
വി.എം. ഹംസ മരേക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.