കുഞ്ഞാമന്റെ ചിന്തകളെ സർക്കാർ പ്രയോജനപ്പെടുത്തണം'കേരളത്തിന്റെ വികസന മാതൃകകൾ ചർച്ച ചെയ്യപ്പെടണം' എന്ന ഡോ. എം. കുഞ്ഞാമന്റെ അഭിപ്രായങ്ങൾ കേരള സർക്കാർ മുഖവിലക്ക് എടുത്ത് നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ് (ലക്കം: 1276). രാഷ്ട്രീയ ഭേദമന്യേ ഏത് ഭരണകർത്താക്കൾക്കും സ്വീകരിക്കാവുന്ന കാലോചിത ചിന്തകളാണ് അദ്ദേഹം അവതരിപ്പിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് എട്ടൊമ്പത് ഉപദേഷ്ടാക്കൾ ഉള്ളതായിട്ടാണ് അറിയുന്നത്. ഡോ. എം....
കുഞ്ഞാമന്റെ ചിന്തകളെ സർക്കാർ പ്രയോജനപ്പെടുത്തണം
'കേരളത്തിന്റെ വികസന മാതൃകകൾ ചർച്ച ചെയ്യപ്പെടണം' എന്ന ഡോ. എം. കുഞ്ഞാമന്റെ അഭിപ്രായങ്ങൾ കേരള സർക്കാർ മുഖവിലക്ക് എടുത്ത് നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ് (ലക്കം: 1276). രാഷ്ട്രീയ ഭേദമന്യേ ഏത് ഭരണകർത്താക്കൾക്കും സ്വീകരിക്കാവുന്ന കാലോചിത ചിന്തകളാണ് അദ്ദേഹം അവതരിപ്പിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് എട്ടൊമ്പത് ഉപദേഷ്ടാക്കൾ ഉള്ളതായിട്ടാണ് അറിയുന്നത്. ഡോ. എം. കുഞ്ഞാമനെപ്പോലുള്ളവരെ ഉപദേഷ്ടാക്കളുടെ ഗണത്തിൽ സർക്കാർ ഉൾപ്പെടുത്തുമെങ്കിൽ നാടിന്റെ നന്മക്ക് ഏറെ പ്രയോജനകരമാകുമായിരുന്നു. കാരണം, കുഞ്ഞാമന്റെ ശബ്ദം 'ശബ്ദമില്ലാത്തവരുടെ ശബ്ദ'മാണ്.
കേരളത്തിൽ വിജ്ഞാനദാരിദ്ര്യം കൂടുകയാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം അച്ചട്ടാണ്. ഒരു ബിരുദധാരിയായ വ്യക്തി വിമർശനാത്മക ചിന്തകൻ, പ്രശ്നപരിഹാരകൻ, വഴികാട്ടി, സാമൂഹിക തർക്കങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന വ്യക്തിത്വം എന്നിങ്ങനെ പല ഗുണഗണങ്ങളുടെ ആൾരൂപമായി സമൂഹത്തിൽ കണക്കാക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മേൽപറഞ്ഞ വ്യക്തിത്വമുള്ള വിദ്യാസമ്പന്നരുടെ അഭാവം വിജ്ഞാനദാരിദ്ര്യം കൂടിയിരിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.
കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ ഫലപ്രദമായ രീതിയിൽ പരീക്ഷിക്കാനുള്ള ആർജവം സർക്കാർ പ്രകടിപ്പിച്ചാൽ, കെ.എസ്.ആർ.ടി.സിയെ പടുകുഴിയിൽനിന്ന് കരകയറ്റാൻ ഒരുപക്ഷേ, സാധ്യമാകും. മലയാളികളുടെ മനോനില കൃത്യമായി മനസ്സിലാക്കിയിട്ടാണ് 'പവർ വർഷിപ്പിങ് സൊസൈറ്റി' എന്ന് കേരളീയസമൂഹത്തെ അദ്ദേഹം വിലയിരുത്തിയത്. അധികാരത്തെ ആരാധിക്കുന്ന സമൂഹം എങ്ങനെ ഉന്നതി പ്രാപിക്കും?
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി
അവഗണിക്കാനാകാത്ത നിർദേശങ്ങളാണത്
കേരളത്തിന്റെ വികസനമാതൃകയെക്കുറിച്ചുള്ള ഗൗരവനിരീക്ഷണങ്ങളും ഉൾക്കാഴ്ചകളും നിറഞ്ഞതാണ് ഡോ.എം. കുഞ്ഞാമന്റെ മാധ്യമം ആഴ്ചപ്പതിപ്പിലെ ലേഖനം (ലക്കം: 1276). അദ്ദേഹം ഈ വിഷയത്തെക്കുറിച്ചുള്ള പല അന്വേഷണങ്ങളും മുമ്പും നടത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും വികസന പ്രതിസന്ധിയും ധനപ്രതിസന്ധിയും ഈ ലേഖനത്തിൽ വിശകലനത്തിന് വിധേയമാക്കുന്നു. ഇതിൽ ധന പ്രതിസന്ധിയുടെ ഉത്തരവാദി സ്വാഭാവികമായും സർക്കാറാണ്.
കേരള വികസനത്തിന്റെ പ്രധാന പ്രശ്നപരിസരങ്ങളിലൊന്ന് സമൂഹത്തിലെ ദുർബലരെ വികസന പ്രവർത്തനങ്ങളിൽനിന്ന് പുറന്തള്ളുകയും ക്ഷേമ പരിപാടികളിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ്. ഇത് മൂലം ഭക്ഷ്യദാരിദ്ര്യം അവർക്കനുഭവപ്പെടുന്നില്ല. അതേസമയം ഇവർക്കിടയിലെ ഇൻകം പോവർട്ടി, വിജ്ഞാന ദാരിദ്ര്യം എന്നിവ അഡ്രസ് ചെയ്യപ്പെടാതെ പോകുന്നു. തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ശക്തികളെ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ദുർബലവിഭാഗങ്ങൾക്ക് ഈ രംഗത്തേക്ക് കടന്നുവരാൻ സഹായകമായ നയങ്ങളും നിലപാടുകളും ആവശ്യമുണ്ട്.
കമ്പോള സൗഹൃദ സമീപനം, മൂലധന നിക്ഷേപ സൗഹൃദനയം തുടങ്ങിയവ മുന്നോട്ടുവെക്കുമ്പോൾ തന്നെ തൊഴിലാളി സൗഹൃദനയത്തെക്കുറിച്ച് കാര്യമായൊന്നും പറയുന്നില്ല. നിക്ഷേപകർക്കും സംരംഭകർക്കും എന്തു പ്രശ്നമുണ്ടായാലും പരിഹരിക്കാൻ ഇവിടെ കഴിയുന്നുണ്ട്. ലോക കേരള സഭയുടെ ഉള്ളടക്കം വേൾഡ് ഇക്കണോമിക് ഫോറത്തിന്റേതുപോലെ വൻകിടക്കാരുടെ താൽപര്യം സംരക്ഷിക്കാൻ മാത്രമുള്ള ഇടമാണെന്ന് കുഞ്ഞാമൻ വ്യക്തമാക്കുന്നു. അസന്തുലിതാവസ്ഥയും അസമത്വവും നാൾക്കു നാൾ വർധിച്ചുവരുകയാണ്. ഇത്തരം ചർച്ചകൾ ഗൗരവമായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാണുന്നില്ല.
കേരളത്തിൽ പുതിയ രണ്ടു വർഗങ്ങൾ പ്രബലമായിട്ടുണ്ട്. അണ്ടർ ക്ലാസും ആശ്രിതവർഗവും. ചേരികളിലും പുറമ്പോക്കിലും ജീവിക്കുന്ന മനുഷ്യർ, അവരുടെ ജീവൽപ്രശ്നങ്ങൾ ഗൗരവത്തിലെടുക്കുന്ന സമീപനം ആവശ്യമാണ്. രണ്ടാമത്തെ വർഗം ഭരണാധികാരികളുടെ കൂടെനിന്ന് അവർക്ക് അനുകൂലമായി അഭിപ്രായം പറയുകയും രൂപവത്കരിക്കുകയും ചെയ്യുന്ന ആശ്രിതവർഗം. പുറന്തള്ളപ്പെട്ട വിഭാഗങ്ങളിൽനിന്നും ആശ്രിത വർഗത്തിലേക്ക് ചിലർ എത്തപ്പെട്ടിട്ടുണ്ട്. എന്നാൽ, അവരിലൂടെയാണ് പലപ്പോഴും മർദിതർക്ക് പ്രതികൂലമായ നയങ്ങൾ നടപ്പാക്കുന്നതെന്നതാണ് യാഥാർഥ്യം.
അധികാരത്തെ ആരാധിക്കുന്ന സമൂഹമായി നാം മാറിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ അത്ര ചെറുതല്ല. ദുർബല വിഭാഗങ്ങൾ അധികാരത്തെ ചോദ്യം ചെയ്യുന്നവരല്ല. അവർ അധികാരത്തെ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, അവർക്ക് പ്രാമുഖ്യം കിട്ടുന്നില്ല. പ്രാതിനിധ്യവും പങ്കാളിത്തവും മാത്രം. ഊർജം, അസമത്വം, പരിസ്ഥിതി ഈ മൂന്ന് ഘടകങ്ങളെ മുൻനിർത്തിയുള്ള വികസന സങ്കൽപങ്ങൾ ഇന്ന് പ്രത്യേകിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടന്നുവരുന്നുണ്ട്. ക്ഷേമ പരിപാടികളിൽ പങ്കാളിയാക്കുമ്പോഴും ദുർബല വിഭാഗങ്ങൾക്ക് വികസന പ്രവർത്തനത്തിൽ പങ്കാളിത്തമില്ല. ഡോ. എം. കുഞ്ഞാമന്റെ ലേഖനം സൂക്ഷ്മമായ പഠനവും കൂട്ടിച്ചേർക്കലുകളും ആവശ്യപ്പെടുന്നുണ്ട്.
കെ.എസ്.ആർ.ടി.സി പ്രതിസന്ധി അതിലെ സാധാരണ തൊഴിലാളികൾ സൃഷ്ടിച്ചതല്ല. പക്ഷേ, അങ്ങനെയൊരു തോന്നൽ സൃഷ്ടിക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്. നയരൂപവത്കരണത്തിൽ സാധാരണ തൊഴിലാളിക്ക് ഒരു പങ്കാളിത്തവുമില്ലെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. നമ്മുടെ ഭരണ സംവിധാനത്തിലെ ധൂർത്തിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ചില വകുപ്പുകൾതന്നെ നിർത്തലാക്കണം. ചില വകുപ്പുകളുടെ ഏകോപനം ആവശ്യമുണ്ട്. പല വകുപ്പുകളും സെക്രട്ടേറിയറ്റിൽനിന്നും മാറ്റേണ്ടതുണ്ട്. അധികാര കേന്ദ്രീകരണമല്ല വികേന്ദ്രീകരണമാണ് വേണ്ടത്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന ആർക്കും ഡോ. എം. കുഞ്ഞാമന്റെ നിരീക്ഷണങ്ങളെ അവഗണിക്കാനാവില്ല. സ്വതന്ത്രമായ ചർച്ചകൾ നടക്കേണ്ടതുണ്ട്.
മാധവൻ പുറച്ചേരി
ഓരോ പൗരനും വായിക്കേണ്ട ലേഖനം
കെ.ഇ.എൻ എഴുതിയ 'സ്വാതന്ത്ര്യത്തിന് എന്നുമൊരേ പ്രായം' ശ്രദ്ധയോടെ വായിച്ചു (ലക്കം: 1277). സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്നത്തെ ഇന്ത്യയെക്കുറിച്ചും ആഴത്തിലും അർഥത്തിലും യഥാർഥത്തിലും കെ.ഇ.എന്നിനോളം പറഞ്ഞുതരാൻ കഴിയുന്ന മറ്റൊരാളില്ല. നാല് താളുകളിലായി കുറിച്ച ലേഖനം വായിച്ചാൽ ആർക്കും അങ്ങനെ തോന്നും. ചർക്കക്ക് ചിറക് നൽകിയും ഉപ്പിന് ഉയിര് കൊടുത്തും ആത്മത്യാഗത്തിന്റെ കൊടുമുടികളിൽ നൃത്തം വെച്ചൊരു മഹാസമരത്തെ മലിനമാക്കാനുള്ള ശ്രമങ്ങളാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ നവ ഫാഷിസ്റ്റുകളുടെ നേതൃത്വത്തിൽ മുന്നോട്ടുപോകുന്നതെന്ന വാചകം മതി ലേഖനത്തിന്റെ കാമ്പും കരുത്തും ബോധ്യപ്പെടാൻ. ലേഖനത്തിലെ മർമപ്രധാനമായ പല ഉദ്ധരണികളും എഴുതിയാൽ കുറിപ്പ് നീളുമെന്നതുകൊണ്ട് അതിന് മുതിരുന്നില്ല.
എന്റെ അറിവിലും വായനയിലും കെ.ഇ.എന്നിന് പകരം മറ്റൊരു കെ.ഇ.എൻ ഇല്ലെന്ന് തന്നെ പറയാം. ഇന്ത്യയിൽ നടക്കുന്ന യാഥാർഥ്യങ്ങൾ ഇത്ര ധീരതയോടെ അക്കമിട്ട് പറയാൻ മറ്റൊരു സാംസ്കാരിക പ്രവർത്തകനും മുന്നോട്ടുവരാനുമിടയില്ല. 'അമൃത് മഹോത്സവ'കാലത്ത് ഓരോ പൗരനും ഈ ലേഖനം ഒരാവർത്തി വായിക്കുന്നത് രാജ്യത്തിനുതന്നെ മുതൽകൂട്ടാവുമെന്നാണ് എന്റെ അഭിപ്രായം. കെ.ഇ.എന്നിനും മാധ്യമത്തിനും അഭിനന്ദനം.
മമ്മൂട്ടി കവിയൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.