സംഗീതയാത്രകൾക്ക് രണ്ട് കൂട്ടിച്ചേർക്കലുകൾസംഗീത യാത്രകളെഴുതുന്ന ശ്രീകുമാരൻ തമ്പിക്ക് രണ്ടുകൂട്ടിച്ചേർക്കലുകളുണ്ട്. 'ഇന്ദുലേഖ' എന്ന സിനിമയിൽ ''പൂത്താലിയുണ്ടോ കിനാവേ/പൂപ്പന്തലുണ്ടോ നിലാവേ'' എന്ന ഗാനം പാടിയത് പി.ലീലയും കമുകറ പുരുഷോത്തമനും ചേർന്നാണെന്നാണ് ശ്രീകുമാരൻ തമ്പി എഴുതുന്നത് (ലക്കം: 1279). എന്നാൽ ഇതേ ഗാനം കൊച്ചിൻ അമ്മിണിയും പാടിയിട്ടുണ്ടെന്ന് കാണുന്നു. ഈ ഗാനം ശ്രദ്ധിച്ചാൽ ശബ്ദത്തിലെ വ്യതിരിക്തത അറിയാം.''ഭൂമിക്കു ബർമ്മവയ്ക്കും പൊന്നളിയന്മാരേ -ഇത് / ഭൂലോക രംഭയുടെ സൈക്കിൾ മഹായജ്ഞം''...
സംഗീതയാത്രകൾക്ക് രണ്ട് കൂട്ടിച്ചേർക്കലുകൾ
സംഗീത യാത്രകളെഴുതുന്ന ശ്രീകുമാരൻ തമ്പിക്ക് രണ്ടുകൂട്ടിച്ചേർക്കലുകളുണ്ട്. 'ഇന്ദുലേഖ' എന്ന സിനിമയിൽ ''പൂത്താലിയുണ്ടോ കിനാവേ/പൂപ്പന്തലുണ്ടോ നിലാവേ'' എന്ന ഗാനം പാടിയത് പി.ലീലയും കമുകറ പുരുഷോത്തമനും ചേർന്നാണെന്നാണ് ശ്രീകുമാരൻ തമ്പി എഴുതുന്നത് (ലക്കം: 1279). എന്നാൽ ഇതേ ഗാനം കൊച്ചിൻ അമ്മിണിയും പാടിയിട്ടുണ്ടെന്ന് കാണുന്നു. ഈ ഗാനം ശ്രദ്ധിച്ചാൽ ശബ്ദത്തിലെ വ്യതിരിക്തത അറിയാം.
''ഭൂമിക്കു ബർമ്മവയ്ക്കും പൊന്നളിയന്മാരേ -ഇത് / ഭൂലോക രംഭയുടെ സൈക്കിൾ മഹായജ്ഞം'' എന്ന ഹാസ്യഗാനം 'സഹധർമിണി' എന്ന ചിത്രത്തിലേതാണ് എന്നാണ് തമ്പി എഴുതിയത്. എന്നാൽ, ഈ ഗാനം 1976ൽ പുറത്തിറങ്ങിയ പിക്പോക്കറ്റ് എന്ന പ്രേം നസീർ ചിത്രത്തിലേതാണെന്നാണ് ഓർമ. അതോ അതേ ഗാനം തന്നെ 'സഹധർമിണിയിലും' ഉപയോഗിച്ചിട്ടുണ്ടായിരുന്നോ?.
റഷീദ് പി.സി പാലം, നരിക്കുനി
'ഉളിയാടുംകുന്ന്' -മികച്ച ആവിഷ്കരണം
കാലത്തിന്റെ വൈകൃതങ്ങളെക്കുറിച്ച് ആശങ്കപ്പെടാത്ത എഴുത്തുകാർ വിരളമല്ല. മുമ്പെങ്ങുമില്ലാത്ത വിധം പൊള്ളയും പൊള്ളത്തരങ്ങളും ചേരിതിരിവുകളും മനുഷ്യനെ നയിക്കുമ്പോൾ അവയെ അതിജീവിക്കുന്ന ചിലരുടെ ഗാഢസ്നേഹം തേടി നമ്മൾ പുറപ്പെടാറുണ്ട്. അത്തരത്തിലുള്ള ഒരാവിഷ്കരണമാണ് മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച യാസർ അറഫാത്തിന്റെ 'ഉളിയാടും കുന്ന്' (ലക്കം: 1283). കഥാകാരൻ സൃഷ്ടിച്ചെടുത്ത ഭാവനാപരിസരത്ത് ഇന്നിന്റെ കാഴ്ചകളുണ്ട്, വേരില്ലാതെ വായുവിൽ നിൽക്കുന്ന മരവും രുചിയില്ലാത്ത ഭക്ഷണത്തിനുവേണ്ടി വരിയിൽ കാത്തുകിടക്കുന്ന മനുഷ്യരും ഉളിയുടെ മൂർച്ചയിൽ അലർച്ചയോടെ നിൽക്കുന്ന പ്രകൃതിയുമുണ്ട്.
മതങ്ങൾക്കപ്പുറത്തെ സൗഹൃദങ്ങളും ഞരമ്പിലോടുന്ന തീക്ഷ്ണമായ ഓർമകളും കഥയുടെ മർമം രൂപപ്പെടുത്തുന്നു. മാധ്യമവത്കരിക്കപ്പെട്ട ലോകത്ത് നമ്മുടെ ഇഷ്ടങ്ങളെ, മിഥ്യകളെ ആശ്രയിച്ച് കാലം കഴിക്കേണ്ട അവസ്ഥയിലേക്ക് 'ഉളിയാടുംകുന്ന്' എന്ന ശീർഷകം പതിച്ചു നിൽക്കുന്നു.
അബ്ദുൽ വാഹിദ് തവളേങ്ങൽ, അങ്ങാടിപ്പുറം
ഈ കഥ ഹൃദയത്തിൽ സൂക്ഷിക്കാം
"വസന്തത്തിന്റെ ഗീതങ്ങൾ എവിടെപ്പോയ്; ഏയ്, എവിടെപ്പോയ്? അവയെക്കുറിച്ചോർത്ത് വ്യാകുലപ്പെടരുതേ, നിനക്ക് നിന്റേതായ സംഗീതം കൂടെയുണ്ടല്ലോ?'' അനശ്വരനായ പ്രണയകവി ജോൺ കീറ്റ്സിന്റെ വരികൾ റിട്ടയേഡ് ഇംഗ്ലീഷ് പ്രഫസർ പദ്മിനി പദ്മനാഭൻ ചൊല്ലുന്നത് കേൾപ്പിച്ചുകൊണ്ടാണ് പ്രിയ സുനിൽ മാധ്യമം ആഴ്ച്ചപ്പതിപ്പിലെ കഥ 'റെവല്യൂഷണറി ഇറ'യുടെ വായനയിലേക്ക് ക്ഷണിക്കുന്നത്. പദ്മിനി പദ്മനാഭന്റെ റിട്ടയർമെന്റ് ജീവിതമാണ് പ്രിയ വായനക്കാരെ ചേർത്തുനിർത്തി കാണിച്ചു തരുന്നത്.
മരുമകളായ ഹൃദ്യ പദ്മിനിയുടെ മൊബൈലിൽ സമൂഹമാധ്യമങ്ങളിലെ പുതിയ താരമായ ക്ലബ് ഹൗസ് അപ്ഡേറ്റ് ചെയ്തു കൊടുക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. പദ്മിനി ക്ലബ് ഹൗസിലൂടെ കറങ്ങിനടക്കുമ്പോൾ മുപ്പതിൽ എത്തിനിൽക്കുന്ന സുന്ദരി മദാമ്മ കഥയിലേക്ക് കടന്നു കയറുന്നു. റിട്ടയർമെന്റ് ജീവിതം സോഷ്യൽ മീഡിയയിലൂടെ ആസ്വദിക്കുന്നവരുടെ കഥ ഇംഗ്ലീഷ് കവിതകളിലൂടെയാണ് വളരുന്നത്. ക്ലൈമാക്സിലുള്ള ''സാഹിത്യം ഉള്ളിൽ ചുമക്കുന്ന ഒരുവന് മരണം വരെ കാൽപനികനാവാതെ തരമില്ല'' എന്ന വാചകം ഹൃദയത്തിൽ സൂക്ഷിക്കാം.
ഉള്ളിലേക്ക് നോക്കുന്ന നല്ല വായനാനുഭവം പകർന്നു തന്ന മികച്ച കഥ. ഭാഷാശൈലിയും മികച്ചുനിൽക്കുന്നു. അഭിനന്ദനം പ്രിയ സുനിൽ.
സന്തോഷ് ഇലന്തൂർ
മീ ടൂ-സംവാദ സാധ്യതയുടെ തുറസ്സുകളെപ്പറ്റി
ഉമ്മുൽ ഫായിസ എഴുതിയ മീ ടൂവിനെക്കുറിച്ചുള്ള കുറിപ്പ് വായിച്ചു (ലക്കം: 1283). അനുബന്ധമായി ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു. മീ ടൂവിനെക്കുറിച്ചുള്ള സംവാദങ്ങൾ പിന്നാമ്പുറങ്ങളിൽനിന്ന് ആൺ-പെൺ ഭിന്ന ലിംഗ ഇടങ്ങളിലേക്ക് അത് ഇറങ്ങിവരേണ്ടതുണ്ട്. ''ഞാനും ഒരു ഇരയാണ്" എന്ന വിളിച്ചുപറയലിലൂടെ, അല്ലെങ്കിൽ നിർഭാഗ്യവശാൽ വിളിച്ചു പറഞ്ഞവളെ സംശയനിഴലിൽ നിർത്തുന്ന പൊതുവികാരം മാറാൻ ഇത്തരം ചർച്ചകൾ വഴിതുറക്കണം. ഒപ്പം വരുംകാലങ്ങളിൽ ഒരു ഉദ്ഘോഷമായി അഥവാ ഒരു വെളിപ്പെടുത്തലായി ഈ വാക്ക് മാറണം. ഞാനും ഒരു ഇരയാണ് എന്നതിന് പകരം 'അയാൾ ശരിയല്ല' എന്ന ചൂണ്ടലിലേക്കുള്ള വഴി.
ശരീരം എന്നാൽ, മീ ടൂ വിൽ പെൺ ശരീരം മാത്രമാണ്. അതിന് പല കാരണങ്ങളുണ്ട്. ബലം, അധികാരം എന്നീ വാക്കുകൾ കൂട്ടി ഘടിപ്പിക്കുന്ന കൊളുത്തായി ആൺസ്വരൂപം മാറുന്നതാണ് പ്രധാന കാരണം. കാമനകളിൽ ക്രൗര്യം കലരുമ്പോൾ അതിക്രമം സംജാതമാകുന്നു. പെണ്ണുടലുകൾ അപമാനിക്കപ്പെടുന്നു. കൺസന്റ് ഇല്ലാത്ത നോട്ടം പോലും ഞങ്ങൾക്ക് ഇഷ്ടമില്ലെന്ന തിരിച്ചറിവ് മാത്രം ഇതിന് ബദൽ അല്ല. മീ ടൂ ആരോപണങ്ങൾ ഉയരുമ്പോൾ ''ഇത്രയും കാലം എന്തേ മറച്ചുവെച്ചു'' എന്ന ചോദ്യത്തിന്റെ വരവിനെ പറ്റി ചിന്തിക്കേണ്ടതാണ്. ഉടുപ്പും നടപ്പും പ്രകോപനം ആവുന്നുവെന്ന നീതിപീഠത്തിന്റെ കണ്ടെത്തലിൽ അന്തംവിട്ടു പോയ പെൺസമൂഹം ഉണരേണ്ടത് ഉടുപ്പൂരി എറിയുന്ന മാനസികാവസ്ഥയിലേക്ക് അല്ല. പ്രകോപനം എന്ന വാക്ക് അപ്പുറത്തുള്ളവന്റെ കാര്യമാണ്. അത് നിലക്കുനിർത്തേണ്ടത് അവന്റെ ജോലിയാണെന്ന താക്കീതിലേക്കാണ് പോവേണ്ടത്. അവനവനിസത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന സമകാലികസമൂഹം പ്രത്യേകിച്ച് ഒന്നിനോടും പരിധിക്കപ്പുറം പങ്കുപറ്റാൻ വരാറില്ല. ഇവിടെ ''നിനക്ക് ഉണ്ടായതിന് നീതന്നെ കാരണം അതിനാൽ പോംവഴിയും നിന്റെ കാര്യം'' എന്ന കൈയൊഴിയല്‍ നയം ഒരുപാട് ഇടങ്ങളിൽ പ്രകടമാണ്. ഇവിടെ ഫെമിനിസംപോലും 'മീ ടൂ' വിന് ചെന്നു കയറാൻ ഇനിയും ഇടംകൊടുക്കാതിരിക്കെ ഇതൊരു ഒറ്റപ്പെട്ട വേദനയായി അരികുവത്കരിക്കാനാണ് മിക്കവാറും സാധ്യത. ഇസ്ലാം സ്ത്രീ സ്വാതന്ത്ര്യ വിചാരങ്ങൾക്കും കോർപറേറ്റ് പിന്തുണകൾക്കും അപ്പുറത്തേക്ക് ഇത് നീളണം. മീ ടൂ പെൺപക്ഷങ്ങളിൽ മാത്രം ഒതുക്കേണ്ട പ്രശ്നവും അല്ല. മനുഷ്യപക്ഷത്തേക്ക് നീക്കി നിർത്തി കൃത്യമായ വിലയിരുത്തൽ നടത്തേണ്ട കാലം കൂടിയാണിത്. ഇനിയും വൈകിക്കേണ്ട.
സുഭദ്ര സതീശൻ, പാലക്കാട്
അസ്വസ്ഥതകളുണ്ടാക്കുന്ന കഥ
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രമോദ് കൂവേരി എഴുതിയ 'ഒറ്റയാൻ' എന്ന കഥ അവസാനിക്കുന്നത് ജയിൽമോചിതനാകുന്ന കുറ്റവാളി അവന്റെ വിലാസം ഒറ്റയാൻ, പട്ടിണിത്തറ, ഭൂമിപ്പുറം എന്നെഴുതി ഒപ്പിടുന്നിടത്താണ്. ഒരു 'സാധാരണ' രാഷ്ട്രീയ കൊലപാതകത്തിൽ തുടങ്ങി അതിന്റെ പതിവു വഴികളിലൂടെ സഞ്ചരിച്ച് വായനക്കാരനിൽ അസ്വസ്ഥതകളുണ്ടാക്കിയാണ് കഥ തീരുന്നത്. രാഷ്ട്രീയ/പ്രതികാരക്കൊലകളുടെ ഇരയും പ്രതിയും വെറും ബലിയാടുകളാണെന്നും അതിന്റെ ഫലഭോക്താക്കൾ മറ്റൊരു സമാന്തര പരമ്പരയായി തുടരുന്നുണ്ടെന്നുമുള്ള നേരാഖ്യാനം കഥയിലുണ്ട്. പട്ടിണിത്തറയിൽനിന്ന് ബൂർഷ്വാ രോഗങ്ങളുടെ ലോകത്തേക്ക് സ്ഥാനക്കയറ്റം കിട്ടാത്തവരുടേത് കൂടിയാണ് പാർട്ടിയും പ്രസ്ഥാനവുമെന്നുള്ള മറുപാഠവും കഥപറയുന്നു. കൊന്നിട്ടും ഒളിച്ചോടുന്നതാണ് യഥാർഥ പക എന്നും ഏതു കൊലക്കും/പ്രവൃത്തിക്കും ഒരുത്തരവാദി വേണമെന്നും കരുതുന്ന സത്യസന്ധതയുള്ളവരിലൂടെയാണ് പ്രസ്ഥാനം തുടരുക എന്നും കഥ ഓർമിപ്പിക്കുന്നു. സത്യസന്ധരാവുക എന്നത് ധീരൻമാർക്ക് മാത്രം പറ്റുന്ന കാര്യമാണ്. പ്രമോദ് കൂവേരിക്ക് അഭിവാദ്യങ്ങൾ.
മനോജ് വീട്ടികാട്
മാധ്യമത്തിന്റെ കഥാസദ്യ
അനുവാചക മനസ്സുകളില്‍ ചന്ദനമഴ വര്‍ഷിച്ച മാധ്യമം കഥാപതിപ്പിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച പത്രാധിപസമിതിക്കും എഴുത്തുകാര്‍ക്കും ചിത്രമെഴുത്തുകാർക്കും എന്റെ അനുമോദനങ്ങള്‍. ''ഉള്‍ക്കൊള്ളാവുന്നതിലധികം മികച്ച കഥകളാണ് ആഴ്ചപ്പതിപ്പിന് നിത്യവും ലഭിക്കുന്നത്. പലതും അത്യുജ്ജലം എന്ന് വിശേഷിപ്പിക്കാം'' -തുടക്കത്തില്‍ കുറിച്ചിരിക്കുന്ന പത്രാധിപരുടെ ഈ വാക്കുകള്‍ ഇതിലെ 12 കഥകളും അക്ഷരംപ്രതി ശരിവെക്കുന്നു. സത്യത്തില്‍ ഇത് 12 ഇനം പായസങ്ങളാല് സ്വാദിഷ്ഠമാക്കിയ അത്യുജ്ജ്വല സദ്യയാണ്. എങ്കിലും ഇവയില്‍ എനിക്കേറ്റവും ഇഷ്ടമായ പായസം ഏതാണെന്ന് ചോദിച്ചാല്‍ 'ജന്നത്തുല്‍ ഫിര്‍ദൗസെ'ന്ന അത്തറിന്റെ സുഗന്ധം പ്രസരിപ്പിക്കുന്ന പി.എസ്. റഫീഖിന്റെ 'കൂര്‍ക്ക'യും, ജേക്കബ് എബ്രഹാമിന്റെ 'മിണ്ടാമഠ'വും ആണ്. മറ്റുള്ളവ മോശമാണെന്നാരും തെറ്റിദ്ധരിക്കരുതേ...
ഈ കഥാപതിപ്പിലൂടെ കടന്നുപോയപ്പോള്‍ മയില്‍പ്പീലിയും മഞ്ചാടിക്കുരുക്കളും വളപ്പൊട്ടുകളും വാര്‍മഴവില്ലും കണികണ്ട പ്രതീതി എന്നിലുളവായി. പുതിയ പുതിയ ആഖ്യാന ശൈലികളിലൂടെ നമ്മുടെ കഥാസാഹിത്യം വിലോഭനീയമാകട്ടെ.
സണ്ണിജോസഫ്, മാള
വായനക്കാരനെ പൊതിയുന്ന അനുഭവം
"മിണ്ടാമഠത്തിലെ ഏകാന്തതയിൽ സിസ്റ്ററമ്മ മരിച്ചു.'' മാധ്യമം കഥാപതിപ്പിൽ വന്ന ജേക്കബ് എബ്രഹാമിന്റെ 'മിണ്ടാമഠം' എന്ന കഥ ആരംഭിക്കുന്നത് ഈ വാക്കുകളോടെയാണ്. ഈസ്റ്റർ ലില്ലി എന്ന കുസൃതിയായ, വായാടിയായ പെണ്ണിൽനിന്നും ഓർമയുടെ ഓരത്ത് സിസ്റ്ററമ്മയുടെ കഥ ഇതൾവിരിയുന്നു. ലളിത ആഖ്യാനത്തിലൂടെ സിസ്റ്ററമ്മയുടെ ജീവിതത്തിന്റെ കയറ്റിറക്കങ്ങൾ ജേക്കബ് എബ്രഹാം വരയുകയാണ്. ഏകാന്തതയും മരണവും ഭക്തിയും കഥയുടെ ഒഴുക്കിൽ വായനക്കാരനെ തഴുകുന്ന അനുഭവം.
വായന നഷ്ടക്കച്ചവടമാകാത്ത ജേക്കബിന്റെ മറ്റൊരു കഥ. വാക്കൊഴുക്കിന്റെ ആർദ്രതയും മനുഷ്യബന്ധത്തിന്റെ നേർമയും നന്മയും. ഒരു പുണ്യവതിയുടെ ചിത്രം മൂടുപടംപോലെ വായനക്കാരനെ പൊതിയുന്ന അനുഭവം. ജേക്കബ് എബ്രഹാമിനും വരയിലൂടെ കഥയെ വർണംപൂശിയ സന്തോഷ് ആർ.വിക്കും ആശംസകൾ.
ജോയ് ഡാനിയേൽ, ഫേസ്ബുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.