എ.ഐ ലക്കം ഒരു ചരിത്രരേഖനിർമിതബുദ്ധി ടൂളാക്കി തയാറാക്കിയ മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം :1307) അതുല്യമായ പതിപ്പുതന്നെ. മലയാളത്തിലെ ഒരു പ്രസിദ്ധീകരണവും നടത്താത്ത ധീരമായ ഈ കാൽവെപ്പിന് ആയിരം പൂച്ചെണ്ടുകൾ. കാലത്തിന്റെ തുടിപ്പുകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് വ്യത്യസ്ത വീക്ഷണകോണിലൂടെ സാമൂഹിക പ്രതിബദ്ധതയോടെ പുത്തൻവിഭവങ്ങൾ തയാറാക്കിയ ‘എ.ഐ നിർമിത ലക്കം’ ഒരു ചരിത്രരേഖതന്നെയാണ്. വരും തലമുറക്ക് പഠിക്കാനും സൂക്ഷിച്ചുവെക്കാനും ഈ ലക്കം കരസ്ഥമാക്കുകതന്നെ വേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിജയപരാജയങ്ങളും നിർമിതബുദ്ധിയുമായുള്ള തുറന്ന സംഭാഷണവും ഭാവിയിൽ നിർമിതബുദ്ധി നമ്മുടെ തൊഴിൽമേഖലയിലും...
എ.ഐ ലക്കം ഒരു ചരിത്രരേഖ
നിർമിതബുദ്ധി ടൂളാക്കി തയാറാക്കിയ മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം :1307) അതുല്യമായ പതിപ്പുതന്നെ. മലയാളത്തിലെ ഒരു പ്രസിദ്ധീകരണവും നടത്താത്ത ധീരമായ ഈ കാൽവെപ്പിന് ആയിരം പൂച്ചെണ്ടുകൾ. കാലത്തിന്റെ തുടിപ്പുകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് വ്യത്യസ്ത വീക്ഷണകോണിലൂടെ സാമൂഹിക പ്രതിബദ്ധതയോടെ പുത്തൻവിഭവങ്ങൾ തയാറാക്കിയ ‘എ.ഐ നിർമിത ലക്കം’ ഒരു ചരിത്രരേഖതന്നെയാണ്. വരും തലമുറക്ക് പഠിക്കാനും സൂക്ഷിച്ചുവെക്കാനും ഈ ലക്കം കരസ്ഥമാക്കുകതന്നെ വേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിജയപരാജയങ്ങളും നിർമിതബുദ്ധിയുമായുള്ള തുറന്ന സംഭാഷണവും ഭാവിയിൽ നിർമിതബുദ്ധി നമ്മുടെ തൊഴിൽമേഖലയിലും മനുഷ്യവിജ്ഞാന വികസനത്തിലും വരുത്താൻ സാധ്യതയുള്ള ദൂരവ്യാപകമായ ഭാവനകളും തുടങ്ങി എല്ലാ പഠനവും അക്കാദമികമൂല്യങ്ങൾ ഉള്ളവയാണ്. എതിരൻ കതിരവനും വി.എം. ദേവദാസും വളരെ വ്യക്തമായി ആശയങ്ങൾ ആവിഷ്കരിച്ചു. ഇതിന്റെ പഠനങ്ങളും ലേഖനങ്ങളും തുടർന്നും പ്രതീക്ഷിക്കുകയാണ്.
മാറിവരുന്ന ശാസ്ത്ര സാങ്കേതിക ജ്ഞാനവിജ്ഞാനങ്ങൾ മനുഷ്യന്റെ സർഗാത്മകതയെവരെ എങ്ങനെയൊക്കെ കീഴടക്കാമെന്ന ആശങ്ക വലിയ ചോദ്യംതന്നെയാണ്. ചാറ്റ്ജിപിടിയെക്കുറിച്ചുള്ള വിസ്മയക്കാഴ്ചകൾ അതിശയിപ്പിക്കുമ്പോഴും ഏക ആശ്വാസം അനുഭവിക്കുന്നത് മനുഷ്യൻ എന്ന മസ്തിഷ്കജീവിയുടെ മാനസിക അപഗ്രഥനം മനഃശാസ്ത്ര ചിന്തകർക്ക് അനാവരണം ചെയ്യാൻ കഴിയാത്തവിധം വേറിട്ടതും അതുല്യവുമാണ് എന്നതാണ്. നമുക്ക് കാത്തിരിക്കാം. എല്ലാം നല്ലതായിത്തീരുന്ന ഒരു അവസ്ഥയെ.
റഷീദ് പാലേരി
ചാറ്റ്ജിപിടിയുടെ പൊള്ളത്തരം വെളിവായി
നിർമിതബുദ്ധികൊണ്ട് നിർമിച്ച മാധ്യമം ആഴ്ചപ്പതിപ്പ് കാത്തിരിക്കുകയായിരുന്നു (ആദ്യത്തെ റോബോട്ട് സിറ്റിസൺ ആയ സോഫിയയുമായുള്ള അഭിമുഖം നൽകിയ മാധ്യമം പുതുവർഷപ്പതിപ്പ് ഓർമയുണ്ട്). വായിച്ചു കഴിഞ്ഞപ്പോൾ നിർമിതബുദ്ധിയുടെ സർഗാത്മകതയുടെ പൊള്ളത്തരവും കഴമ്പില്ലായ്മയും കൂടുതൽ വെളിച്ചപ്പെട്ടു. മലയാള ഭാഷാസൗന്ദര്യത്തെപ്പറ്റി ചാറ്റ്ജിപിടിക്ക് ഒരു ധാരണയുമില്ല. ‘മഹേഷിന്റെ പ്രതികാരം’ സിനിമയിൽ ‘‘ചേട്ടനിതിനെ പറ്റി വല്യ ധാരണ ഇല്ല അല്ലേ’’ എന്ന് അപർണ ബാലമുരളിയുടെ ഒരു കഥാപാത്രം സൗബിനോട് ചോദിക്കുന്ന ട്രോളാണ് ആദ്യം മനസ്സിൽ വന്നത്. പൂവിനെപ്പറ്റി കവിതയെഴുതാൻ ചാറ്റ്ജിപിടിയോട് ചോദിച്ച ഒരു പോസ്റ്റ് കണ്ടിരുന്നു. ഒരു പൂവ് കാർ പിടിച്ചുപോയി എന്നൊക്കെ കവിത എഴുതി തടി ‘കയിച്ചിലാക്കുകയായിരുന്നു’ ജിപിടി. ബഷീർ എന്ന കഥാപാത്രത്തെ നായകനായി ഒരു കഥ എഴുതി തരാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് പറഞ്ഞ് എന്നെ പൊട്ടനാക്കി.
നിർമിതബുദ്ധിയുമായി ചേർത്തുവെക്കാവുന്ന ഒരു കഥയുണ്ട്. ’80കളിൽ കമ്പ്യൂട്ടർ ഭാഷ പഠിപ്പിക്കുമ്പോൾ പറഞ്ഞു തരാറുള്ള കഥ. ഒരു യജമാനൻ തന്റെ ജോലിക്കാരനോട് അഞ്ചുരൂപയുടെ 10 സ്റ്റാമ്പ് വാങ്ങാൻ പറഞ്ഞു. പോസ്റ്റ് ഓഫിസിൽ പോയ ജോലിക്കാരൻ വൈകുന്നേരമായിട്ടും തിരിച്ചുവരാതിരുന്നപ്പോൾ യജമാനൻ അന്വേഷിച്ചിറങ്ങി. അയാൾ സ്റ്റാമ്പ് വാങ്ങി അവിടെതന്നെ നിൽക്കുകയാണ്. അയാളോട് ചോദിച്ചപ്പോൾ പറഞ്ഞത് സ്റ്റാമ്പ് വാങ്ങാനേ പറഞ്ഞുള്ളൂ, വാങ്ങി തിരിച്ചുവരാൻ പറഞ്ഞില്ല എന്നാണ്! കമ്പ്യൂട്ടർ കമാൻഡുകളെക്കുറിച്ച് പഠിപ്പിക്കുമ്പോൾ പറയാറുള്ള ഈ സൂചിതകഥ ചാറ്റ്ജിപിടിക്കും ചേരുമെന്ന് തോന്നുന്നു. 1985 മുതൽ കമ്പ്യൂട്ടറിന്റെ പരിണാമത്തിനൊപ്പം സഞ്ചരിക്കുന്ന എന്റെ അനുഭവത്തിൽ മനുഷ്യന്റെ സർഗാത്മകതക്ക് പകരംവെക്കാൻ ടെക്നോളജിക്ക് അത്രയെളുപ്പം സാധിക്കില്ല. നിർമിതബുദ്ധിയിലും വലുതാണ് മനുഷ്യ മസ്തിഷ്കങ്ങളിൽ വിരിയുന്ന വിസ്മയം. താൻ വിക്കറ്റെടുത്ത ഏറുകളെല്ലാം നോബോളുകളായിരുന്നു എന്ന് അവസാനം പറയേണ്ട സ്ഥിതി ചാറ്റ്ജിപിടിക്ക് വരാതിരിക്കട്ടെ.
ആർ. രാധാകൃഷ്ണൻ, പാലക്കാട്
സൂക്ഷിച്ചുവെക്കേണ്ട ലക്കം
നിർമിതബുദ്ധിയാൽ തയാറാക്കിയ മലയാളത്തിലെ ആദ്യ പതിപ്പ് ആവേശത്തോടെ വായിച്ചു. ഇതിനെക്കുറിച്ചുള്ള വാർത്ത ഏതാനും ദിവസം മുമ്പുള്ള മാധ്യമം പത്രത്തിൽ (കൊച്ചി എഡിഷൻ) നിന്നും അറിഞ്ഞത് മുതൽ കാത്തിരിപ്പായിരുന്നു. തുടക്കം പംക്തിയിൽ മനുഷ്യന് തുല്യമാവില്ല ഒന്നും എന്ന് പറഞ്ഞത് ശരിയാണ്. ഇതിൽ പറഞ്ഞപോലെ നിർമിതബുദ്ധിക്ക് ഒരിക്കലും മനുഷ്യന്റെ ചിന്തക്കോ യുക്തിക്കോ ഭാവനക്കോ കൂട്ടായ അധ്വാനത്തിനോ പകരമാകാൻ കഴിയില്ല. ലോകത്ത് അനേകം സൃഷ്ടികൾ ഉണ്ടെങ്കിലും മനുഷ്യൻ അതിൽ നിന്ന് വിഭിന്നമാണ്. സാം ആൾട്ട്മാനുമായുള്ള അഭിമുഖം,യന്ത്രഭാവനയുടെ അതിരുകൾ (പ്രവീൺ ചന്ദ്രൻ), എ.ഐ എന്ന നിർമിതബുദ്ധിയുടെ വിജയങ്ങൾ; പരാജയങ്ങളും (എതിരൻ കതിരവൻ) തുടങ്ങിയവയെല്ലാം മികച്ചതായി. ധാരാളം പ്രത്യേകതകളുള്ള ഈ ലക്കം സൂക്ഷിച്ചുവെക്കേണ്ട ഒന്നാണ്.
ആർ. ദിലീപ്, മുതുകുളം
ഇന്ത്യ-പാക് വെർച്വൽ പ്രണയം...
നൈനിതാൾ ജയിലിൽനിന്ന് നെഹ്‌റു മകൾ ഇന്ദിരക്ക് അയച്ച കത്തുകൾ, കാല-ദേശാതിർത്തികൾക്കപ്പുറമിരുന്ന് വിരഹ പ്രണയ നൊമ്പരങ്ങളുടെ ആർദ്രത വേദനയായി പകർന്ന കൃതികൾ, ഓർഹൻ പാമുകിന്റെ ‘സ്നോ’യിലെ നായികാ നായകൻമാർ, ബഷീറിന്റെ മതിലുകൾ, അടൂരിന്റെ സിനിമാവിഷ്കാരം...
ജിംഷാറിന്റെ Slowly എന്ന കഥ വായിക്കുമ്പോൾ കഥാകൃത്ത് പറഞ്ഞുവെക്കുന്ന ആധുനിക കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുകൾക്കൊപ്പം വായനക്കാരനു മുന്നിൽ തുറന്നിടുന്ന സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും അച്ചടിമഷി ഇങ്ങനെ നീളാം.
വര്‍ത്തമാനകാലത്തൂന്നി ഭാവിയിലേക്ക് നീണ്ട് പര്യവസാനിക്കുന്ന വെർച്വൽ പ്രണയകഥയിൽ മഹാരാജ്യത്തിന്റെ രാഷ്ട്രീയ ഭരണ നേതൃത്വമാറ്റവും സമീപഭാവിയിൽതന്നെ സ്വപ്‌നം കാണുകയാണ് കഥാകൃത്ത്. ദീർഘകാലം ഒരു ജനതയുടെ കണ്ണുകെട്ടാൻ ഒരു മതാന്ധതക്കും കപടാവതാരങ്ങൾക്കും കഴിയില്ലല്ലോ... വിശിഷ്യാ ജനാധിപത്യത്തിന് അടിവേരുള്ള ഗാന്ധിയുടെ, നെഹ്റുവിന്റെ, അംബേദ്കറുടെ ഇന്ത്യയിൽ.
ഭരണകൂടങ്ങൾ കെട്ടിയുയർത്തി പൗരൻമാരെ വേർതിരിക്കുന്ന മതിലുകൾ രാജ്യത്തിനകത്തും പുറത്തും പൊളിച്ചെഴുതും. ഹേമന്ദുമാർ സ്വതന്ത്രരാവും. ജാതിക്കും ദേശങ്ങൾക്കുമപ്പുറവും അരൂജമാരുടെ പ്രണയം സാർഥകമാകും. പുതുതലമുറ വെർച്വൽ സോഫ്റ്റ്വെയറുകളെ യാഥാർഥ്യങ്ങളിലേക്കുള്ള ചവിട്ടുപടികളാക്കി ഭരണകൂടം തങ്ങൾക്കുചുറ്റും സൃഷ്ടിക്കുന്ന മതിലുകൾ പൊളിച്ച് മുന്നോട്ടു കുതിക്കും. നാരായണിമാരും ബഷീറും കൈകോർക്കും!
ലോകത്ത് സാധ്യമാകുന്ന കമ്യൂണിക്കേഷൻ വിപ്ലവങ്ങൾ മനുഷ്യരെ കൂടുതൽ അടുപ്പിക്കട്ടെ, വ്യക്തികളെ പ്രണയാതുരരാക്കട്ടെ. പ്രണയികൾ ഒന്നായി കൈകോർക്കട്ടെ. വെറുപ്പിന്റെ മതിലുകൾ പൊളിഞ്ഞുവീഴട്ടെ; slowly ആണെങ്കിലും!
നസിറുദ്ദീൻ മുളവൻകോട്
ഞാൻ അയാളെ കുറ്റമുക്തനാക്കുന്നു
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1299) പ്രസിദ്ധീകരിച്ച സെബാസ്റ്റ്യന്റെ ‘കാതിലോല’ എന്ന കവിതയുടെ ഒരു വായന മാധ്യമം ആഴ്ചപ്പതിപ്പിന്റെ ‘എഴുത്തുകുത്ത്’ പംക്തിയിൽ കൊടുത്തിട്ടുണ്ട് (ലക്കം: 1308). ലോകം എന്തു കൊണ്ട് കവിതക്കായി ഒരു ദിനം ആചരിക്കുന്നു എന്ന ആലോചനക്കുള്ള മറുപടി. കവിതയുടെ അതീതമായ സഞ്ചാരങ്ങൾ, അത് ചെന്നെത്തുന്ന ഇടങ്ങൾ, അവ്യാഖ്യേയവും അപ്രതീക്ഷിതവുമായ അതിന്റെ ഇടപെടലുകൾ സർവോപരി മനുഷ്യമനസ്സിനെ സാന്ത്വനിപ്പിക്കാനുള്ള അതിന്റെ കഴിവ് - എല്ലാത്തിനെയും കുറിച്ച് ഈ കത്ത് നമ്മോട് ചിലതെല്ലാം പറയുന്നു.
വിയ്യൂർ അതിസുരക്ഷാ ജയിലിൽനിന്നാണീ കത്ത്. തടവറക്കകത്തിരുന്ന് മൻസീദ് അതിസൂക്ഷ്മമായി കവിത വായിച്ചിട്ടുണ്ട്. മനോഹരമാണ് ആസ്വാദനം. ചെവി കേൾക്കാത്ത ഉമ്മയുടെ ഓർമകളിലെത്തി കണ്ണീർ വീണ് കവിത നനയുന്നുമുണ്ട്. എന്താവാം ഇയാൾ ചെയ്ത കുറ്റം. ഇയാൾക്കെങ്ങനെ കുറ്റംചെയ്യാനാവും എന്നെല്ലാം അതിശയിച്ചു പോകുന്നു. ഈ ഒരു കത്തിനെ സാക്ഷിയാക്കി ഞാൻ അയാളെ കുറ്റമുക്തനാക്കുന്നു.
പ്രിയ സെബാസ്റ്റ്യാ... ഇതിലും വലുതായി ഒന്നും കവിതയിൽനിന്ന് കിട്ടാനില്ല. ലോകത്തെ വാക്കിനാൽ സ്നേഹിച്ചുകൊണ്ടിരിക്കുക.
മൻസീദ്, സ്നേഹം.
സുബൈദ വി.കെ, ഫേസ്ബുക്ക്
ധീരവും നൂതനവുമായ കഥ
പി. ജിംഷാറിന്റെ Slowly എന്ന കഥ വായിച്ചതിന്റെ പിരിമുറുക്കത്തിലാണ് ഇതെഴുതുന്നത് (ലക്കം: 1306). ഹേമന്ദും അരൂജയും ബഷീറും നാരായണിയുമൊക്കെച്ചേർന്ന് ‘അതിർത്തികൾ’ എന്ന അശ്ലീലത്തെ മായ്ക്കുവാൻ ശ്രമിക്കുന്ന കഥയാണത്. രാജ്യങ്ങളുടെയും അധികാരങ്ങളുടെയും മതങ്ങളുടെയും പൗരോഹിത്യങ്ങളുടെയും വ്യവഹാരങ്ങളിൽ മാത്രം നിർമിച്ചെടുത്ത അതിർത്തികൾ മായ്ക്കുന്നവിധം എന്തായിരിക്കുമെന്ന് പി. ജിംഷാർ നല്ല തെളിച്ചത്തോടെ കാണിച്ചുതരുന്നു. അതിർത്തികൾ ഇല്ലാതാക്കുക ഇക്കാലത്തെ സാങ്കേതികവിദ്യ പ്രവാഹമായിരിക്കും.
വി.എസ്. അനിൽകുമാർ, കണ്ണപുരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.