ആ കത്ത് മറുപടി അർഹിക്കുന്നില്ല
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1311) ഞാൻ എഴുതിയ ‘തിരുവിതാംകൂറിലെ പഞ്ചമ തമ്പിരാൻ’ എന്ന ലേഖനത്തെപ്പറ്റി കുന്നുകുഴി എസ്. മണി എഴുതിയ കത്ത് കണ്ടു (ലക്കം: 1313). ആ കത്ത് മറുപടിയേ അർഹിക്കുന്നില്ല. കാരണം, സംശയങ്ങളായി കത്തിൽ ഉന്നയിക്കുന്നതിനെല്ലാം അതിവിശദമായ മറുപടി എന്റെ ലേഖനത്തിൽതന്നെയുണ്ട്. അതുകൊണ്ട് അതാവർത്തിച്ച് ഞാൻ വാരികയുടെ സ്ഥലം പാഴാക്കുന്നില്ല. മറ്റൊന്ന് പറയാനുള്ളത്, മണിയുടെ ഇത്തരം ഇടപെടൽ എനിക്ക് ഒട്ടും പുതിയതല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദലിത് ചരിത്രവുമായി ബന്ധപ്പെട്ട് ഞാൻ എപ്പോഴൊക്കെ എഴുതിയിട്ടുണ്ടോ, അവിടെയെല്ലാം അദ്ദേഹം ഇത്തരം എതിർപ്പുമായി വരുന്നുണ്ട്. വിശദീകരണത്തിനായി ആദ്യമൊക്കെ ഞാൻ വിശദ മറുപടിയും എഴുതുമായിരുന്നു. പിന്നീടാണ് ഒരു രഹസ്യം എനിക്ക് പിടികിട്ടിയത്. ഞാൻ ദലിത് ചരിത്രമെഴുത്തിലെ ഒരധികാരിയാണെന്ന വിശ്വാസംകൊണ്ട് ആ മായാവ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ അദ്ദേഹം നടത്തുന്ന വൃഥാ വ്യായാമമാണിത്. അതാണ് ഓരോ തവണയും എന്റെ മറുപടി വന്ന ശേഷം ഒന്നും മിണ്ടാനാകാതെ അദ്ദേഹം മുങ്ങുന്നത്. എന്റെ അറിവിൽ, ദലിത് ചരിത്രവുമായി ബന്ധപ്പെട്ട് കഴമ്പുള്ള ഒരു വാചകമെങ്കിലും അദ്ദേഹത്തിന്റേതായി വന്നിട്ടില്ല. മറ്റുള്ളവർ എഴുതിയതു പകർത്തി സ്വന്തം പൊടിപ്പും തൊങ്ങലും വെച്ച് രംഗത്തു വരുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. രേഖാപരമോ വസ്തുനിഷ്ഠമോ ആയതൊന്നും അദ്ദേഹത്തിന്റേതായി ഞാൻ കണ്ടിട്ടില്ല. എങ്കിലും, എന്റെ എഴുത്തുകളെ അദ്ദേഹം ഇങ്ങനെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കും. ഇവിടെയും ആ ‘വ്യക്തിത്വ വിളംബര’ ഇടപെടൽ മാത്രമാണ് കാണുന്നത്. അതു പരിചയമില്ലാത്ത വായനക്കാർ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് ഈ മറുപടി.
ചെറായി രാമദാസ്, കിഴക്കമ്പലം
അയ്യൻകാളി ചിത്രം സവർണത പേറരുത്
മാധ്യമം ആഴ്ചപ്പതിപ്പിന്റെ മുഖചിത്രം മഹാത്മാ അയ്യൻകാളിയുടേതാക്കിയത് വളരെ ഉചിതം (ലക്കം: 1311). വീടുകളിൽ സൂക്ഷിച്ചുവെക്കാവുന്ന തരത്തിൽ നല്ലതാണ് ചിത്രം. ആ ലക്കത്തിൽ ചരിത്രത്തെ തിരുത്താൻ ചെറായി രാമദാസ് നടത്തിയ ശ്രമവും ഉചിതം. എന്നാൽ, ഈ കുറിപ്പ് എഴുതുന്നത് മറ്റൊരു കാര്യം ശ്രദ്ധയിൽപെടുത്താനാണ്. അയ്യൻകാളിയെ സംഘ്പരിവാർ അടക്കം ഹിന്ദുത്വവത്കരിക്കാൻ ശ്രമിക്കുന്നുണ്ട്. ഹിന്ദു രാജ്യമായ തിരുവിതാംകൂറിലാണ് അയ്യൻകാളി സവർണരെ വെല്ലുവിളിച്ചത്. അദ്ദേഹം എതിരിട്ടത് ബ്രാഹ്മണിക്കൽ ഹിന്ദുത്വയെയാണ്. പക്ഷേ, ഇപ്പോൾ പലരും അയ്യൻകാളിയെ കാവിവത്കരിക്കാനും സവർണ ഹിന്ദു ചിഹ്നങ്ങൾ അണിയിക്കാനും ശ്രമിക്കുന്നുണ്ട്. പൊട്ട് തൊടീച്ചും കസവുമുണ്ട് ഉടുപ്പിച്ചുമാണ് ആ നീക്കം. അതിന് വളംവെക്കുന്നതാണ് ആഴ്ചപ്പതിപ്പിന്റെ കവറിലെ ചില സൂചനകൾ. കസവ് നേര്യത് തലപ്പാവാക്കിയത് അത്തരം ചിന്ത അബോധപൂർവം ചിത്രകാരന്റെ മനസ്സിൽ കടന്നുവന്നതുമാകാം. മറ്റു പലരിലും ഇതേ പ്രതിഭാസം മുമ്പും കണ്ടിട്ടുണ്ട്. ഇനിയെങ്കിലും ഇക്കാര്യം പത്രാധിപസമിതി ശ്രദ്ധിക്കുമല്ലോ.
സുനിൽ വി.ടി, കഴക്കൂട്ടം, തിരുവനന്തപുരം
സത്യത്തെ സ്വർണപാത്രംകൊണ്ട് മൂടിവെക്കാനാവില്ല
ആഴ്ചപ്പതിപ്പിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനം വായിച്ചപ്പോൾ ഉണ്ടായ വികാരം ഞാൻ ഇവിടെ വാക്കുകളായി മാറ്റുന്നു (ലക്കം: 1312). രാജാവ് നഗ്നനായിട്ടും താൻ നഗ്നനാണെന്ന് പറയാൻ പാടില്ലയെന്ന് തിട്ടൂരം പുറപ്പെടുവിക്കുന്ന രാജാവിനോളം പരിഹാസ്യൻ വേറെ ആരാണുള്ളത്. ജനാധിപത്യം എന്നു പറഞ്ഞാൽ അത് സൂചിപ്പിക്കുന്നത് ഭരണത്തിൽ ജനങ്ങൾക്കുള്ള ആധിപത്യത്തെയാണ്. അവിടെ അവരുടെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും വിലയുണ്ടെന്ന് സാരം. എന്നാൽ, ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണകർത്താക്കളിൽ മാത്രം അത് നിക്ഷിപ്തമല്ല.
ഈ നൂറ്റാണ്ടിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് വീമ്പിളക്കുന്നവർ പിന്നെ എന്തിന് തിരുവായ്ക്ക് എതിർവായ് പാടില്ല എന്ന നിയമം കൊണ്ടുവരണം? സത്യം പറഞ്ഞതിനാണ് യേശുവും സോക്രട്ടീസും കൊല്ലപ്പെട്ടത്! അന്നത്തെ ഭരണകർത്താക്കൾപോലും സത്യത്തെ അത്രമാത്രം ഭയപ്പെടുമ്പോൾ ഇന്നത്തെ ഭരണസാരഥികൾ സത്യത്തെ ഭയപ്പെടുന്നതിൽ തെല്ലും അത്ഭുതമില്ല. അവർ സത്യത്തെ ഭയപ്പെടുന്നുവെന്നതിന്റെ പ്രഥമ ദൃഷ്ടാന്തമാണ് മീഡിയവൺ നിരോധനം!
ഭരിക്കുന്നവർക്ക് അനുകൂലമായേ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും പ്രതികരിക്കാൻ പാടുള്ളൂ എന്ന് പറയുമ്പോൾ ഇവിടെ ജനാധിപത്യം തച്ചുടക്കപ്പെടുന്നു! രാജ്യസുരക്ഷയെന്ന പുകമറ സൃഷ്ടിച്ച് അരക്ഷിതാവസ്ഥ തീർക്കുന്ന വിസ്മയകരമായ ഇന്ദ്രജാലം!
കോടതികൾ സത്യങ്ങൾ മാത്രം മനസ്സിലാക്കി പ്രവർത്തിക്കുന്ന മാതൃകാ സ്ഥാപനമാണ്. അവിടെ രാഷ്ട്രീയക്കാർ തങ്ങളുടെ ആധിപത്യം സ്ഥാപിക്കപ്പെടുന്ന ദുഷിച്ച പ്രവണതയാണ് ആദ്യം തടയപ്പെടേണ്ടത്. എങ്കിൽ എന്നും എപ്പോഴും ജനങ്ങൾക്ക് അനുകൂലമായേ കോടതിവിധികൾ ഉണ്ടാവുകയുള്ളൂ. സത്യത്തെ സ്വർണപാത്രംകൊണ്ട് മൂടിയാലും ആ മൂടി തുറക്കപ്പെടുമെന്ന് ഒരു മഹർഷി പറഞ്ഞിട്ടുണ്ട്. അത്, ഇവിടെ ഈ സമയത്ത് നമ്മൾ ഓർക്കപ്പെടേണ്ടതാണ്. തമസ്സിന്റെ കന്ദരത്തിലടച്ചാലും പൂട്ട് തകർത്ത് സത്യം പുറത്തു വരും!
മീഡിയവണിന്റെ വിജയവും സത്യമായ, ആ സത്യത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു!
ഇ.പി. മുഹമ്മദ്, പട്ടിക്കര
എ.കെ. ബാലൻ സംസാരിക്കുമ്പോൾ
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1313) കവര്‍സ്റ്റോറി മുന്നോട്ടുവെച്ച ആശയം ഏറ്റെടുക്കാന്‍ കക്ഷി രാഷ്ട്രീയഭേദമന്യേ ദലിത് സംഘങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഏറ്റവും ഒടുവില്‍ പിണറായി ഒന്നാം മന്ത്രിസഭയിലെ നിയമ വകുപ്പുകൂടി കൈകാര്യം ചെയ്തിരുന്ന നിയമ ബിരുദമുള്ള മുന്‍ മന്ത്രി എ.കെ. ബാലന് പറഞ്ഞുതുടങ്ങിയത് രാജ്യത്തിന്റെ പൊതുകാര്യമാണ്. കേരളത്തിന്റെ കൊച്ചു‘ഫ്രെയിമി’ലാണ് അതിന്റെ അവതരണമെങ്കിലും 1947ല്‍ ബ്രിട്ടന് വിട്ടുപോയത് കേരളം മാത്രമല്ല; കേരളം ഉള്‍ക്കൊള്ളുന്ന ഇന്ത്യാമഹാരാജ്യത്തിലാണ്.
എന്നിട്ടും സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം ആഘോഷിക്കുന്ന രാജ്യത്തെ ഭൂരഹിതരുടെ അവസ്ഥ രാജ്യത്ത് ചര്‍ച്ചയാകുന്നില്ല. പ്രതിമകള്‍ പണിയുന്നതിലും പരിണാമസിദ്ധാന്തം മാറ്റിയെഴുതുന്നതിനും മതപരമായ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നതിലുമാണ് ചിലര്‍ക്ക് താൽപര്യം. എന്നാല്‍, കേരളത്തിന്റെ ചിത്രം മറ്റൊന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെട്ട 1956നുശേഷം ഐക്യകേരളത്തില്‍ പിറവികൊണ്ട സര്‍ക്കാര്‍ ഭൂപ്രശ്നത്തില്‍ ഇടപെട്ടതും 1957-59 കാലത്ത് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളും 1959ല്‍ നടന്ന വിമോചന സമരവും തുടര്‍ന്ന് 10 കൊല്ലത്തിനിടയില്‍ ഭൂപരിഷ്കരണ നയത്തെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും എ.കെ. ബാലന് ഈ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്.
എന്തുകൊണ്ട് കേരളത്തില്‍പോലും ദലിത് സംഘങ്ങള്‍ ഇക്കാര്യത്തെ ശാസ്ത്രീയമായി സമീപിക്കുന്നില്ല? ദലിത് നേതാക്കളില്‍ പലരും ഉന്നതരുടെ കൈവെള്ളയിലെ പാവകളായതാകാം കാരണം. എ.കെ. ബാലന് എന്ന മന്ത്രിയെ എനിക്ക് നേരിട്ടറിയാം. അദ്ദേഹം നിയമ വകുപ്പിനൊപ്പം 2016-21 കാലഘട്ടത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമി സെക്രട്ടറി എന്ന നിലയില്‍ നിരന്തരം ബന്ധപ്പെടാറുള്ളതില്നിന്നും അദ്ദേഹത്തിന്റെ സത്യസന്ധതയും കർമോത്സുകതയും ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നാദാപുരം എന്ന അദ്ദേഹത്തിന്റെ ജന്മദേശത്ത് മാപ്പിളകല അക്കാദമിക്ക് ഉപകേന്ദ്രം സ്ഥാപിക്കാന്‍ നാദാപുരം നഗരമധ്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ് നാട്ടുകാര്‍ 20 സെന്റ് ഭൂമി അക്കാദമിയുടെ പേരില്‍ സൗജന്യമായി വിട്ടുതന്നതും അവിടെ സാംസ്കാരിക വകുപ്പ് ഒരു കോടി രൂപ ചെലവില്‍ ഇരുനിലകെട്ടിടം പണിത് അക്കാദമി പ്രവര്‍ത്തനം യാഥാർഥ്യമാക്കിയതും.
ആസൂത്രണത്തോടെ, ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ നിവർത്തിക്കുന്നതില്‍ അനുഭവജ്ഞാനമുള്ള ജനപ്രതിനിധിയാണ് എ.കെ. ബാലന്. അതിനാലാണ് ഈ അഭിമുഖത്തിന്റെ ആദ്യഭാഗം ആഴ്ചപ്പതിപ്പില്‍ വായിച്ചപ്പോള്‍തന്നെ എനിക്ക് പ്രതികരിക്കണമെന്ന് തോന്നിയത്.
ഭൂരഹിതരില്ലാത്ത കേരളം, ഭവനരഹിതരില്ലാത്ത കേരളം ഇനിയും സ്വപ്നമായി അവശേഷിക്കുന്നത് ഇന്ന് നമ്മോടൊപ്പമില്ലാത്ത ഇ.എം.എസിനോടും മന്ത്രിമാരായിരുന്ന വി.ആർ. കൃഷ്ണയ്യരോടും കെ.ആർ. ഗൗരിയമ്മ അടക്കമുള്ളവരോടും ചെയ്യുന്ന നീതികേടാണ്. കുടികിടപ്പവകാശം നിഷേധിക്കപ്പെട്ടതു മുതല്‍ തോട്ടം മേഖലയിലെ കൃത്രിമരേഖകള്‍ ചമക്കല്‍ വരെ കണ്ടെത്തിയിട്ടും അവ സിവില്‍ കേസുകളായി ഒരായുസ്സില്‍ പൂര്ത്തീകരിക്കാനാവാത്തവിധം നീട്ടിെവച്ച് നീട്ടിെവച്ച് അനന്തമായ കാത്തിരിപ്പിനും അവസാനം കാത്തിരിപ്പുകാരന്റെ തന്നെ അടുക്കളപൊളിച്ച് ആ ഭൗതികശരീരം അടക്കം ചെയ്യേണ്ടിയും വരുന്ന ദുരവസ്ഥ കേരളത്തില്‍ ഇനിയുമെത്ര തലമുറ അനുഭവിക്കണം. കക്ഷിരാഷ്ട്രീയം, പാര്‍ട്ടി, മുന്നണികള്‍ എന്നിവകളെ പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ പൊതുസ്ഥിതി എന്നുപറയുന്നതില്‍ പലതും ആവര്‍ത്തനവിരസങ്ങളാണ്.
അഞ്ച് വര്‍ഷത്തിലൊരിക്കലാണ് പൊതു തെരഞ്ഞെടുപ്പുകള്‍ എന്നതിനാല്‍ ഓരോ അഞ്ചാണ്ടിലും മൂന്ന് തവണ ആവര്ത്തിക്കപ്പെടുന്നതാണിത് (ഇനിയിപ്പോള്‍ 2024 -പാര്‍ലമെന്റ്, 2025 - തദ്ദേശ സ്വയംഭരണം, 2026 - നിയമസഭ). പൊതുതെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കപ്പെടുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാറേയില്ല.
92,232 കേസുകള്‍ ലാൻഡ് ട്രൈബ്യൂണലില്‍, 1432 കേസുകള്‍ താലൂക്ക് ബോര്‍ഡില്‍, മൂന്ന് അപ്പലറ്റ് അതോറിറ്റികളിലായി 1420 കേസുകള്‍, 297 കേസുകള്‍ ഹൈകോടതിയില്‍, ഏതാണ്ട് 95,000ത്തോളം കേസുകളാണ് ലാന്ഡ്ബോര്ഡിന്റെയും ലാന്‍ഡ് ട്രൈബ്യൂണലിന്റെയും മുന്നിലുള്ളതെന്ന് മുന്‍ നിയമമന്ത്രി എ.കെ. ബാലന് തന്നെ തുറന്നു സമ്മതിക്കുമ്പോള്‍ ഈ കേസുകളില്‍ തീര്‍പ്പായി ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാകാന്‍ അതിലൊരു കൂരയുയരാന് ഇനിയുമെത്ര ജന്മങ്ങള് കാത്തിരിക്കേണ്ടിവരുമെന്ന ചിന്തയുയരാന് ഈ തുറന്നുപറച്ചില്‍ ഉപകരിക്കും.
കേരളത്തില്‍പോലും നൂറിലധികം ദലിത് സംഘടനകള്‍ വിഘടിച്ചുനില്ക്കുന്നത് വ്യക്തിപരമായ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരിലാണെങ്കില്‍ അവ മറന്ന് ഒന്നായി ലക്ഷ്യത്തിലേക്കടുക്കാന്‍, ‘‘ഭൂമിയുണ്ട്; ഏറ്റെടുക്കാന്‍ സര്‍ക്കാറിന് ഇച്ഛാശക്തിവേണം’’ എന്നത് യാഥാർഥ്യമാക്കാന്‍ സംസ്ഥാനത്ത് നിയമനിർമാണമാണ് അനിവാര്യമെങ്കില്‍ (നിയമനിർമാണം, ചട്ടങ്ങള്‍ കാലവിളംബം തീര്‍ച്ച) അത്, ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതികളാണ് എളുപ്പത്തില്‍ സാധ്യമാകുക എങ്കില്‍ അത്തരത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഓർമപ്പെടുത്തുന്നതും സമൂഹത്തെ ഉണര്‍ത്തുന്നതുമാണ് ‘കേരളത്തിലെ ഭൂ അവസ്ഥകളെക്കുറിച്ച്’ എ.കെ. ബാലന് സംസാരിക്കാന്‍ തയാറായ ആഴ്ചപ്പതിപ്പിന്റെ ഈ ഉദ്യമം എന്നുതന്നെ പറയട്ടെ.
റസാഖ് പയമ്പ്രോട്ട്, കൊട്ടപ്പുറം
പ്രണയം ടാറ്റൂ ചെയ്യുമ്പോൾ: കവിതക്കൊരു വായന
നിർവചനങ്ങൾ ഇല്ലാതെയും തിരിച്ചറിയപ്പെടാനാകുക എന്നത് കവിതയുടെ പ്രത്യേകതയാണ്. ഭാഷയുടെ വാല്മീകം ഉടഞ്ഞ് ഉണരുന്നതാണ് കവിത എന്നതുകൊണ്ടായിരിക്കാം ആദികവി എന്ന പട്ടം ഒരു വനവാസിക്ക് ചാർത്തിക്കൊടുത്തത്. ഭാഷ എപ്പോഴും പാട്ടക്കാലം കഴിഞ്ഞ ഉടമ്പടിയാണ്. അത് പുതുക്കി എഴുതുമ്പോൾ തദ്വാരാ മറ്റ് ഉടമ്പടികൾ തനിയേ മാറിക്കൊള്ളും. വാക്കുകളുടെ സൂക്ഷ്മവും എന്നാൽ, സ്വാഭാവികവുമായ പ്രയോഗത്തിലൂടെ പൗർണമി ഈ കവിതയുടെ പുറംപാളിയിലും അകംപാളിയിലും കോറിയിടുന്നത് ടാറ്റൂ മാത്രമല്ല, ശബ്ദിക്കുന്ന ചുവരെഴുത്തുകൾ കൂടിയാണ്.
പൗർണമി വിനോദ് ആഴ്ചപ്പതിപ്പിൽ എഴുതിയ ‘പ്രണയം ടാറ്റൂ ചെയ്യുമ്പോൾ’ എന്ന കവിത ഒരിക്കൽ എം.എൻ. വിജയൻ പറഞ്ഞതുപോലെ കാറ്റിനെ മേയാൻ വിടുന്നത് പോലുള്ള രചനയാണ്. പ്രണയം എന്ന സാർവകാലീനതക്ക് ടാറ്റൂ എന്ന കാലികപ്രസക്തിയുമായുണ്ടായ ബാന്ധവത്തിലാണ് കവിത പിറക്കുന്നത് എന്നത് തലക്കെട്ടിലെ മൂന്നാമത്തെ വാക്ക് കൊണ്ട് തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു. കവിതയിൽ ഉടനീളം ഈ ദ്വന്ദം തെളിഞ്ഞുനിൽക്കുന്നു.
ഉടലും അതിലെ ചിത്രമെഴുത്തും സ്വാഭാവികതയെയും അസ്വാഭാവികതയെയും പ്രതിനിധാനംചെയ്യുന്നു എന്ന് കാണാൻ കഴിഞ്ഞാൽ ടാറ്റൂ എന്നത് നിലവിലുള്ളതിനെ മറ്റൊന്നാക്കുവാനുള്ള മനുഷ്യന്റെ അഭിവാഞ്ഛയുടെ പ്രതീകമാവുന്നു. വൈദ്യുതവിളക്കിന്റെ പ്രഭ നിലാവ് ‘പോലെ’ തോന്നുകയല്ല, അത് നിലാവെന്ന് തോന്നുകയാണ്. ഈ ചുവടുമാറ്റം കവിതയിൽ ഉടനീളം കാണാം. പാമ്പുകളുടെ രതിക്രീഡ പ്രസിദ്ധമാണ്. പറക്കുക എന്ന രതിസുഖത്തിന്റെ സ്വപ്നരൂപമായി പൊതുവെ വ്യാഖ്യാനിക്കപ്പെടുന്നു. മാർബിളിൽ മാലാഖ പുറത്തുവരുന്നത് വരെ ഞാൻ അതിൽ ഉളികൊണ്ടു കൊത്തിക്കൊണ്ടിരുന്നു എന്ന മൈക്കൽ ആഞ്ജലോയുടെ പ്രസിദ്ധവാചകംവെച്ച് അളന്നാൽ രണ്ടു സ്ത്രീകളുടെയും ഉള്ളിലുള്ളത് ടാറ്റൂ ചെയ്യുന്നയാൾ പുറത്തു കൊണ്ടുവരുന്നു എന്നും കാണാം.
ആർക്കും കാണാനായി തുറന്നു വെച്ചിരിക്കുന്നു, വിടർത്തിയിട്ടിരിക്കുന്നു എന്നീ പ്രയോഗങ്ങളിലൂടെ ഭാഷയിലെ സദാചാര മുഖംമൂടി ഉരിയപ്പെടുന്നു. സ്വാതന്ത്ര്യത്തോടെ ആധുനികതയിലേക്കുള്ള യാത്ര വന്യതയിൽ തിരികെ പോയി അവിടെനിന്നും പുതിയൊരു ദിശാബോധം കൈക്കൊള്ളേണ്ടതുണ്ട് എന്നും കവിതയിൽ വ്യക്തമായി പറയുന്നു. പൂമ്പാറ്റയുടെ പറക്കലും സർപ്പക്കാവും ഇത് ഭംഗിയായി നിർവഹിക്കുന്നു.
അതൊക്കെ മറ്റുള്ളവരുടെ കാര്യം. കവിതയിലെ ആഖ്യാതാവിനോ? അതുകൊണ്ടാണ് ഇനി നിന്റെ ഊഴം എന്ന പ്രയോഗത്തിന്റെ അടയാളപ്പെടുത്തൽ. ഉടലിൽ ചിത്രം വരക്കുന്നത് ഉടലിനെ മറ്റൊന്നാക്കാനാണ്. പ്രണയത്തിൽ ചിത്രമെഴുതുമ്പോൾ പ്രണയവും മറ്റൊന്നാകുന്നു. പ്രണയത്തിന്റെ സാമ്പ്രദായിക സൂചിതം മനസ്സിൽ കുടുങ്ങിക്കിടന്നിരുന്നു. മാംസനിബദ്ധമല്ല രാഗം എന്നു പറഞ്ഞ് കവികൾ സദാചാര സഭയുടെ കൈയടി നേടിയിരുന്നു. ചട്ടങ്ങൾ മാറ്റേണ്ടതുണ്ട് എന്നും അവർ പറഞ്ഞിരുന്നല്ലോ. അത് ചെയ്യാതിരുന്നതുകൊണ്ട് നമ്മൾതന്നെ മാറേണ്ടിവന്നു. അത്തരം ഒരു അപനിർമാണത്തിൽ കവിത അവസാനിക്കുന്നു. ഒരു രാവും രണ്ടു പകലുമാണ് രതിക്രീഡയുടെ നീളമെന്ന് പറയുമ്പോൾ നേരത്തേ കണ്ട ഇണചേരുന്ന സർപ്പങ്ങളെന്ന ബിംബം അർഥവത്താകുന്നു.
ശ്രീകുമാർ കെ
ആത്മാവിൽ നീറ്റലുണ്ടാക്കുന്നതാണ് കവിത
പൗർണമി വിനോദിന്റെ പ്രണയം ടാറ്റൂ ചെയ്യുമ്പോൾ (മാധ്യമം ആഴ്ചപ്പതിപ്പ് ഏപ്രിൽ 24). പരിചിതമായ പ്രണയത്തിന്റെ ദ്വന്ദത്തെ നിരാകരിക്കുകയും പ്രണയം എന്ന സ്വകാര്യതയെ കവിതയിലേക്ക് പച്ചകുത്തുകയും ചെയ്യുന്നു കവി. അവനവനോടുള്ള/ അവളവളോടുള്ള തീവ്രമായ അഭിവാഞ്ഛയാണ് പ്രണയത്തിന്റെ/ സ്നേഹത്തിന്റെ അടിസ്ഥാനമെന്നു പ്രഖ്യാപിക്കുന്ന കവി ആത്മനിരാസത്തിന്റെയും ഉടൽരാഹിത്യത്തിന്റെയും ക്ലാസിക് പ്രണയ സങ്കൽപങ്ങളെ കീഴ്മേൽ മറിക്കുന്നു. മുലച്ചിറക് വീശി പറന്നു പോകുന്നവളും നാഭിയിലെ സർപ്പക്കാവിൽ ഇഴഞ്ഞു നടക്കുന്നവളും നിർമിച്ചെടുക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനം അത്ര ലളിതമല്ല. ഞാൻ നിനക്കു വേണ്ടിയാണ് / ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന പഴയ പ്രണയത്തെ ഞാൻ എനിക്കു വേണ്ടിയാണ് / ഞാൻ എന്നെ സ്നേഹിക്കുന്നു എന്ന പുതിയ ഭാവുകത്വത്തിലേക്ക് മാറ്റിപ്പണിയുന്നു ഈ കവിത. ആത്മാവിലല്ല ഉടലിൽ നീറ്റലുണ്ടാക്കുന്നതാണ് പ്രണയം.. ഉടലിലല്ല ആത്മാവിൽ നീറ്റലുണ്ടാക്കുന്നതാണ് കവിത.
മനോജ് വീട്ടിക്കാട്, ഫേസ്ബുക്ക്
അറിയിപ്പ്
ഇ.എം.എസ് ഭവന് എജുക്കേഷന്‍ ട്രസ്റ്റ് അവാർഡ്
പ്രഥമ പാണ്ടിയാട്ടുപുറം ഇ.എം.എസ് ഭവന് എജുക്കേഷന്‍ ട്രസ്റ്റ് അവാര്‍ഡിന് പുസ്തകങ്ങള്‍ ക്ഷണിച്ചു. ഇതുവരെ പ്രസിദ്ധീകരിച്ചതും 2023 മേയ് 31 വരെ പ്രസിദ്ധീകരിക്കുന്നതുമായ പുസ്തകങ്ങള്‍ക്ക് വിഷയക്രമത്തില്‍ അമ്പതോളം അവാര്‍ഡുകളാണ് നല്‍കുന്നത്. അവസാന തീയതി ജൂണ്‍ അഞ്ച്.
എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും പുസ്തകങ്ങള്‍ അയക്കാം. 123 രൂപ പണക്കിഴിയും പ്രശംസാപത്രവുമാണ് അവാര്‍ഡ്. ഇ.എം.എസ് ജന്മദിനമായ ജൂണ്‍ 13ന് ഇ.എം.എസ് ഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ വിതരണംചെയ്യും. പുസ്തകത്തിന്റെ ഒരു കോപ്പിയാണ് ഗ്രന്ഥകാരന്റെ ലഘുജീവചരിത്രം സഹിതം അയക്കേണ്ടത്. വിലാസം: റസാഖ് പയമ്പ്രോട്ട്, സെക്രട്ടറി, പാണ്ടിയാട്ടുപുറം ഇ.എം.എസ് ഭവന് എജുക്കേഷന്‍ ട്രസ്റ്റ്, കൊട്ടപ്പുറം- കാക്കഞ്ചേരി റോഡ്, ആന്തിയൂര്‍കുന്ന് പി.ഒ, പുളിക്കല്‍, മലപ്പുറം ജില്ല, 673637. (ഫോണ്‍: 9847173451).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.